Skip to main content

റിയാക്ഷന്‍ ഇമോജികളിലെ സലിംകുമാര്‍

സലിം കുമാറിനെ പോലുള്ള സാംസ്കാരിക സാന്നിധ്യങ്ങൾ കടന്നുപോകുമ്പോൾ ഞാൻ നോക്കുന്നത് അദ്ദേഹത്തിന് ശേഷമുള്ള ഒരു തലമുറ ഉത്പാദിപ്പിക്കുന്ന ഈസ്തെറ്റിക്സ് ഏത് രീതിയിലായിരിക്കും മുന്നോട്ടുപോകുക എന്നതാണ്. സലിം കുമാർ എന്ന നടൻ ഏറ്റവും കൂടുതൽ പുതിയ തലമുറയുമായി സംവദിച്ചതും അവരുടെ ഇടയിൽ ഒരു ഐക്കണായി മാറിയതും സിനിമാ തീയേറ്ററുകളിലോ ടെലിവിഷൻ സ്ക്രീനുകളിലോ മാത്രം ആയിരുന്നില്ല; റീലുകളിലും മീമുകളിലും റിയാക്ഷൻ വീഡിയോകളിലും ഡിജിറ്റൽ സംഭാഷണങ്ങളിലുമായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, പോസ്റ്റ്-സ്ട്രക്ചറൽ കാലഘട്ടത്തിലെ ഏറ്റവും ഡിജിറ്റലൈസ്ഡ് കേരളത്തിന്റെ സാംസ്കാരിക ലോകത്ത്, ഒരു നടൻ റിയാക്ഷൻ ഇമോജികളുടെയും മീം ടെംപ്ലേറ്റുകളുടെയും ഭാഷയിലൂടെ വീണ്ടും ജന്മമെടുക്കുന്ന അപൂർവ പ്രതിഭാസത്തിന്റെ പേരാണ് സലിം കുമാർ. ഒരു സിനിമാ നടൻ എന്നതിലുപരി, ഡിജിറ്റൽ യുഗത്തിന്റെ ദൈനംദിന ആശയവിനിമയങ്ങളിൽ ജീവിച്ചിരിക്കുന്ന ഒരു സാംസ്കാരിക ചിഹ്നമായി അദ്ദേഹം മാറുകയായിരുന്നു.

Salim Kumar' Part Of Kerala Vocabulary: Dialogues That Entered Everyday  Speech | TimelineDaily

മനുഷ്യരുടെ ഹാസ്യരൂപങ്ങളിൽ സലിം കുമാറിനും ഹരിശ്രീ അശോകനും ശേഷമുള്ള കേരളത്തിൽ വലിയ അട്ടിമറികൾ നടന്നിട്ടുണ്ട്. അതിൽ പുതിയ മാധ്യമരൂപങ്ങൾ നിർണായക പങ്കുവഹിക്കുകയും ചെയ്തു. ആഗോളവൽക്കരണത്തിന് ശേഷമുള്ള സാറ്റലൈറ്റ് ടെലിവിഷൻ സംസ്കാരത്തിലൂടെ ജനപ്രിയത നേടിയ സലിം കുമാർ, പിന്നീട് സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും പുതിയ വ്യാകരണങ്ങളിലേക്ക് അത്ഭുതകരമായി കുടിയേറുകയായിരുന്നു. ഒരു കാലത്ത് സിനിമയിലെ കഥാപാത്രമായിരുന്ന അദ്ദേഹം പിന്നീട് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലെ പ്രതികരണമായി, ഫേസ്ബുക്ക് കമന്റുകളിലെ പരിഹാസമായി, ഇൻസ്റ്റഗ്രാം റീലുകളിലെ മീമായി, യൂട്യൂബ് റിയാക്ഷൻ വീഡിയോകളിലെ റഫറൻസായി മാറി. ഒരു കലാകാരന്റെ വളർച്ചയും മാധ്യമഭാഷകളുടെ മെറ്റമോർഫോസിസും ഇത്ര സ്വാഭാവികമായി ഒന്നിച്ചുചേരുന്ന ഉദാഹരണങ്ങൾ വളരെ വിരളമാണ്.

ധിധക്കെ എന്ത്?' ട്രോളിനും മുന്‍പേ പറന്ന സലിംകുമാര്‍ | The Enduring Legacy  of Salim Kumar Memes

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ അനേകം മഹാനടന്മാർ ഉണ്ടായിട്ടുണ്ടെങ്കിലും, കഥാപാത്രങ്ങൾ ഡിജിറ്റൽ സംസ്കാരത്തിന്റെ മീം-ഭാഷയായി മാറിയത് ഏറ്റവും കൂടുതൽ സലീം കുമാറിന്റേത് ആയിരുന്നു എന്നു വേണം പറയാൻ . സലിം കുമാറിന്റെ പ്രകടനങ്ങളിൽ ഉണ്ടായിരുന്ന അതിശയോക്തി, ശരീരഭാഷയിലെ വിചിത്രത, മുഖഭാവങ്ങളിലെ അസാധാരണമായ ഇലാസ്റ്റിസിറ്റി, ഭാഷയിലെ അബ്സർഡിറ്റി, സാഹചര്യങ്ങളെ തലകീഴാക്കുന്ന ഹാസ്യബോധം എന്നിവ ഡിജിറ്റൽ യുഗത്തിന്റെ ഫ്രാഗ്മെന്റഡ് കമ്മ്യൂണിക്കേഷനുമായി അസാധാരണമായ രീതിയിൽ പൊരുത്തപ്പെട്ടു. അതുകൊണ്ടുതന്നെ സിനിമയിലെ ഒരു രംഗം സെക്കൻഡുകൾക്കുള്ളിൽ ഒരു റിയാക്ഷൻ മീമായും ഒരു സാമൂഹിക പരാമർശമായും മാറാൻ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് കഴിഞ്ഞു. ഒരർത്ഥത്തിൽ, മലയാളിയുടെ ഡിജിറ്റൽ ഹാസ്യസംസ്കാരത്തിന്റെ പ്രധാന ആർക്കിടെക്റ്റുമാരിൽ ഒരാളാണ് സലിം കുമാർ.

Salim Kumar | ട്രോളുകളുടേയും മീമുകളുടേയും മണവാളൻ | The Comedian Who Became  a Part of Every Malayali's Life | kairali news

കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ വലിയ രീതിയിൽ അട്ടിമറിച്ച നടനായിരുന്നു സലിം കുമാർ. മിമിക്രി വേദികളിൽ നിന്ന് സിനിമയിലേക്കും അവിടെ നിന്ന് ഡിജിറ്റൽ സംസ്കാരത്തിന്റെ അനന്തമായ റീസൈക്ലിംഗ് മെഷീനുകളിലേക്കും അദ്ദേഹം നടത്തിയ യാത്ര, ഒരു കലാകാരന്റെ വിജയകഥ മാത്രമല്ല; കേരളത്തിലെ ഹാസ്യരൂപങ്ങളുടെ, മാധ്യമരൂപങ്ങളുടെ, സാംസ്കാരിക ഉപഭോഗരീതികളുടെ ചരിത്രം കൂടിയാണ്.

അതുകൊണ്ടുതന്നെയാണ് മണവാളന്റെ ടാക്സിയും എടുത്ത് മറ്റൊരു ലോകത്തിലേക്ക് പോയി “ഇതൊക്കെ എന്ത്?” എന്ന് ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന സലിം കുമാറിന് ശേഷം പുതിയ തലമുറ എങ്ങനെ ആയിരിക്കും മലയാളിയുടെ ജീവിതത്തെ രൂപീകരിക്കുക എന്ന് ഞാൻ കാണുവാൻ ആഗ്രഹിക്കുന്നത്. കാരണം ചില മനുഷ്യർ മരിക്കുന്നില്ല; അവർ ഭാഷയായി മാറുന്നു, തമാശയായി മാറുന്നു, മുഖഭാവമായി മാറുന്നു, മീമായി മാറുന്നു. സലിം കുമാർ അത്തരമൊരു സാംസ്കാരിക സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന് ശേഷവും മലയാളി ചിരിക്കുമ്പോൾ, പലപ്പോഴും ആ ചിരിയുടെ അടിയിൽ എവിടെയോ സലിം കുമാർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും.

No Comments yet!

Your Email address will not be published.