Skip to main content

കെന്‍ സാരോ – വിവ – പരിസ്ഥിതി സ്‌നേഹികളുടെ പ്രചോദകന്‍

എഴുത്തുകാരനും അദ്ധ്യാപകനും ടെലിവിഷന്‍ നിര്‍മ്മാതാവും നൈജീരിയന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ പോരാടുകയും ഒഗോണി ജനതയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകനാണ് കെന്‍ സാരോ-വിവ.

നൈജര്‍ നദിയുടെ ഡെല്‍റ്റ പ്രദേശത്ത് അധിവസിക്കുന്ന ജനവിഭാഗമാണ് ഒഗോണികള്‍. പരമ്പരാഗതമായി മീന്‍പിടിത്തക്കാരും കര്‍ഷകരുമാണ്. 1958-ല്‍ യൂറോപ്യന്‍ കുത്തക കമ്പനിയായ റോയല്‍ ഡച്ച് ഷെല്‍ അവിടെ വന്‍തോതില്‍ എണ്ണ നിക്ഷേപം കണ്ടെത്തി. അന്നു മുതല്‍ തുടര്‍ച്ചയായി ഖനനം ആരംഭിക്കുകയും ചെയ്തു. അതോടെ ഒരിക്കല്‍ സമൃദ്ധമായിരുന്ന ഒഗോണി നിലങ്ങള്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞ അമ്ലമഴ വീഴുന്ന തരിശായി മാറി.
മീനുകളും ജീവജാലങ്ങളും അപ്രത്യക്ഷമായി. പട്ടിണിയായി ഒഗോണി ജീവിതത്തിന്റെ അടയാളം. ഈ ദുഃസ്ഥിതിയ്ക്കെതിരായി ഒഗോണി ജനതയുടെ മുന്നണിപ്പടയാളിയായിരുന്നു കെന്‍ സാരോ-വിവ.

Ken Saro-Wiwa addressing Ogoni Day demonstration, Nigeria

1941 ഒക്ടോബര്‍ 10-ന് നൈജീരിയയിലെ റിവേഴ്സ് സ്റ്റേറ്റിലെ ബോറിയില്‍ ജനനം. 1965-ല്‍, ഇബാദാന്‍ സര്‍വകലാശാലയില്‍നിന്ന് ബി.എ. ബിരുദം നേടി. 1967 മുതല്‍ 1973 വരെ ലാഗോസ് സര്‍വകലാശാലയില്‍ അദ്ധ്യാപകനായി. പല സര്‍ക്കാര്‍ വകുപ്പുകളിലും ജോലി നോക്കി. സാരോസ് എന്ന പുസ്തകപ്രസാധന കമ്പനി സ്ഥാപകനായി. കവിത, നോവല്‍, റേഡിയോ നാടകം തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നു സാരോ-വിവയുടെ സാഹിത്യ സംഭാവനകള്‍.

 

നൈജീരിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളും ഫലശൂന്യതയും അവതരിപ്പിക്കുന്ന ‘സോസ ബോയ്’ (1985) ആണ് സാരോ-വിവയുടെ ഏറ്റവും മികച്ച നോവലായി പരിഗണിക്കപ്പെടുന്നത്. പ്രസണേഴ്‌സ് ഓഫ് ജെബ്‌സ് (1988), എ ഫോറസ്റ്റ് ഓഫ് ഫ്‌ലവേഴ്‌സ് (1986), ഒഗോണി നാടോടിക്കഥകളുടെ സമാഹാരമായ ‘ദ സിങ്ങിങ് ആന്‍ഡ് ഹില്‍’ തുടങ്ങിയവയാണ് കഥാകൃതികള്‍.

‘ഓണ്‍ എ ഡാര്‍ക്ലിങ് പ്ലെയ്ന്‍ (1989), നൈജീരിയ: ദി ബ്രിങ്ക് ഓഫ് ഡിസാസ്റ്റര്‍, സിമിലിയ (1991) എന്നീ കൃതികള്‍ നൈജീരിയയിലെ ആഭ്യന്തരയുദ്ധം, ഒഗോണിജനതയുടെ പ്രശ്‌നം, ബഹുരാഷ്ട്രക്കുത്തകകളുടെ ചൂഷണം തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ലേഖനസമാഹാരങ്ങളാണ്. തടവറയിലെ അനുഭവങ്ങളെക്കുറിച്ച് എഴുതിയവ ‘എ മന്ത്, എ ഡേ (1995) എന്ന പേരില്‍ സാരോ- വിവയുടെ മരണാനന്തരം നൈജീരിയക്കു പുറത്ത് പ്രസിദ്ധീകരിച്ചു.

1993-ല്‍, ഒഗോണി പ്രശ്‌നം അവതരിപ്പിച്ചുക്കൊണ്ട് സാരോ-വിവ മൂന്നു ലക്ഷം പേര്‍ പങ്കെടുത്ത പ്രകടനം സംഘടിപ്പിച്ചു. ‘മൂവ്‌മെന്റ് ഫോര്‍ ദ സര്‍വൈവല്‍ ഓഫ് ഒഗോണി പീപ്പിള്‍ (എംഒഎസ്ഒപി) എന്ന സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അക്രമരാഹിത്യത്തിലൂടെയായിരുന്നു ഒഗോണി ജനതയുടെ ഓരോ സമരവും പരിസ്ഥിതി സംരക്ഷണത്തിനുള്ള അംഗീകാരമായി അദ്ദേഹത്തിന് ഗോള്‍ഡ്മാന്‍ എന്‍വിറോണ്മെന്റല്‍ പ്രൈസ് ലഭിച്ചു. 1994-ല്‍ കെട്ടിച്ചമച്ച ഒരു കൊലപാതകക്കേസില്‍ സാരോ-വിവയെയും എട്ടു സുഹൃത്തുക്കളെയും പട്ടാള കോടതി അറസ്റ്റ് ചെയ്തു.

1995 നവംബര്‍ 10 നൈജീരിയയിലെ സാമുഹികപ്രവര്‍ത്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായ കെന്‍ സാരോ-വിവയും എട്ടു സുഹൃത്തുക്കളും നിര്‍ഭയരായി തൂക്കുമരത്തിലേക്കു നടന്നു. അവര്‍ ചെയ്ത കുറ്റം ഇതു മാത്രമായിരുന്നു – പരിസ്ഥിതിയെ നശിപ്പിക്കരുത് എന്നും വന്‍തോതിലുള്ള എണ്ണ ഖനനത്താല്‍ നിരാശ്രയരായ ഒഗോണി ജനതയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ലോകമെങ്ങുനിന്നുമുള്ള അഭ്യര്‍ത്ഥനകള്‍ തിരസ്‌കരിച്ച് സര്‍വാധിപതിയായ ജനറല്‍ സാനി അബാച്ചയുടെ പട്ടാളഭരണകൂടം അവരെ തൂക്കിലേറ്റി. തനിക്കു വധശിക്ഷ വിധിച്ച പട്ടാള കോടതിക്ക് മുമ്പാകെ കെന്‍ സാരോ-വിവ നടത്തിയ അവസാനത്തെ പ്രഖ്യാപനം ഇതായിരുന്നു;

‘നാമെല്ലാം ചരിത്രത്തിനു മുമ്പാകെയാണു നില്‍ക്കുന്നത്. ഞാന്‍ ആശയങ്ങളുടെയും സമാധാനത്തിന്റെയും മനുഷ്യനാണ്. ഫലഭൂയിഷ്ഠമായ ഒരു പ്രദേശത്തു ജീവിക്കുന്ന എന്റെ ജനതയുടെ ഭയാനകമായ പട്ടിണി കണ്ടു ഞെട്ടി, അവരുടെ സാമ്പത്തികമായ അടിച്ചമര്‍ത്തലും രാഷ്ട്രീയമായ പ്രാന്തവത്കരണവും കണ്ട് അസ്വസ്ഥനായി, അവരുടെ ഭൂമിയുടെയും പൈതൃകത്തിന്റെയും നശീകരണം കണ്ട് രോഷാകുലനായി, ജീവിക്കാനുള്ള അവകാശവും മാന്യമായ ജീവിതവും സംരക്ഷിക്കുന്നതില്‍ ഉദ്വേഗം പൂണ്ട്, എന്റെ ബൗദ്ധികവും ഭൗതികവുമായ സമ്പത്തുകളും എന്റെ ജീവിതവും എനിക്കു പൂര്‍ണവിശ്വാസമുള്ള ഒരു കാരണത്തിനായി ഞാന്‍ സമര്‍പ്പിച്ചു. എന്റെ ലക്ഷ്യത്തിന്റെ അന്തിമവിജയത്തില്‍ എനിക്കു സംശയമില്ല. തടങ്കലിനോ മരണത്തിനോ ഞങ്ങളുടെ അന്തിമജയത്തെ തടയാനുമാവില്ല…’

കെന്‍ സാരോ-വിവയുടെ ഒരു കവിതയില്‍ നിന്ന്;

‘നിര്‍ഭയമായും സമാധാനപരമായും മുന്നേറുക…
ചരിത്രം നമ്മുടെ ഭാഗത്താണ്…
പ്രിയപ്പെട്ടവരെ ആ ദിവസം വരികത്തന്നെയാണ്…
സ്വന്തം മണ്ണിനായുള്ള ഈ അന്തിമയുദ്ധത്തില്‍
നമുക്ക് ജയിച്ചേ തീരൂ….
അല്ലെങ്കില്‍ നാം
ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടും….
നമുക്ക് മറ്റെവിടെയും പോകാനില്ല …..

***

One Reply to “കെന്‍ സാരോ – വിവ – പരിസ്ഥിതി സ്‌നേഹികളുടെ പ്രചോദകന്‍”

Leave a Reply to Rafi Cancel reply

Your Email address will not be published.