2025 നവംബര്‍ 16 മുതല്‍ 22 വരെ കൊച്ചിയിലെ ഡര്‍ബാര്‍ഹാളില്‍ നടക്കാന്‍ പോകുന്നത് ‘കാപ്റ്റ്ച്ച’ എന്ന് നാമകരണം ചെയ്ത നാല് കലാകാരന്മാരും രണ്ട് ചിത്രകാരികളും ഒരു ശില്പിയും ചേര്‍ന്നുള്ള ചിത്രശില്പ പ്രദര്‍ശനമാണ്. ഏഴു ഭാഷകളുടെ നിശബ്ദമായ വിവര്‍ത്തനങ്ങളായാണ് അവ പരിണമിക്കുക.
പ്രണയം, രാഷ്ട്രീയം, പ്രകൃതി, ജൈവവ്യതിയാനങ്ങള്‍ തുടങ്ങി വിവിധ മാനങ്ങളില്‍ നിറങ്ങളും വിന്യാസങ്ങളും തൃമാനതകളും ചേര്‍ന്നുള്ള സാങ്കേതികതകളെക്കാള്‍ വിഷയ മേന്മയോടെ നമ്മളിലേക്ക് പ്രവഹിക്കാന്‍ ശേഷിയുള്ള വിവിധങ്ങളായ ചിത്രശില്പ ഭാഷകള്‍..!
ബെന്നി പോള്‍, റാഫി പ്രചര, പിബി രവീന്ദ്രന്‍, ലതാദേവി, ജോമി വര്‍ഗീസ്, മുരളി, സെലസ്ബാബു എന്നിവരെ സൂക്ഷ്മ വായനയ്ക്കു വിധേയമാക്കി നമ്മള്‍ നടന്നുനീങ്ങുന്നത് ഏഴ് സൃഷ്ടീഭാവങ്ങളെ ആവാഹിച്ചെടുത്ത അദൃശ്യമായൊരു പരവതാനിയിലൂടെയാണ്.

ബെന്നിപോളിന്റെ ചിട്ടയായ പറച്ചിലുകളിലൂടെ നമ്മള്‍ നടന്നുകയറുന്ന കരുത്തുറ്റ പാലം റോമാന്റ്റിസിസത്തിലെ നിറശീലങ്ങളില്‍ നിന്ന് ആധുനികതയിലെ രൂപസവിശേഷതകളിലേക്ക് വളര്‍ന്നു നീണ്ടുകിടക്കുന്നതാണ്. ആ യാത്രയില്‍ നമുക്ക് കാണാനാകുന്നത് വൃത്തിയോടെയും റിയലിസ്റ്റിക് രീതികളിലും ബെന്നി പറയുന്ന ചില വിഭ്രമങ്ങളുടെ യാഥാര്‍ഥ്യങ്ങളാണ്. ഇത്തരത്തിലുള്ള വിവിധഭാവങ്ങളുടെ ഏഴ് കലാവഴികളിലൂടെ സമാന്തരമായി യാത്ര ചെയ്യുക എന്നത് ഒരാസ്വാദകനെ സംബന്ധിച്ചിടത്തോളം വളരെയേറെ ആഹ്ലാദകരമാണ്.

ഇവിടെ രവീന്ദ്രന്‍ സൃഷ്ടിച്ചെടുക്കുന്ന പുതിയ പ്രകൃതി, ആത്മീയതയുടെ പ്രകടമായ സംവേദനങ്ങളെ മറികടന്നുള്ള ഇടപെടലുകളായി കാല്പനികമായ ഭിംബകല്പനകളിലൂടെ യാണ് വളര്‍ച്ച പ്രാപിക്കുന്നത്. പലപ്പോഴും പ്രകൃതിയില്‍ രവീന്ദ്രന്‍ നിറക്കുന്നത് കലുഷ നിറങ്ങളോടെയുള്ള ഉല്‍കണ്ഠ നിറഞ്ഞ വിചാരങ്ങളും ആതുരമായ പ്രണയഭാവങ്ങളുമാണ്.

റാഫി പറയുന്ന രാഷ്ട്രീയം പക്ഷെ പാല്‍ നിറഞ്ഞ മാറിടങ്ങളില്‍ കേള്‍ക്കുന്ന വെടിയൊച്ചകളുടെ തീവ്രതയേറെയുള്ള തീനാളങ്ങളായാണ് നമ്മുടെ ശിരസ്സിലേക്ക് പടരുന്നത്. അദ്ദേഹത്തിന്റെ പല സൃഷ്ടികളിലും നമുക്കുചുറ്റുമുള്ള യാഥാര്‍ഥ്യങ്ങളായി അത് ഉരുണ്ടുകൂടി നമ്മുടെ കണ്ണുകള്‍ക്കിനിയൊരിക്കലും വരള്‍ച്ചയുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുന്നു. ചിതറിക്കിടക്കുന്ന കുഞ്ഞുടപ്പുകള്‍ മുലക്കുപ്പികള്‍ കളിപ്പാട്ടങ്ങള്‍ തൊട്ടിലുകള്‍ തുടങ്ങി ഇപ്പോഴും നമ്മളെ ആര്‍ദ്രമാക്കിക്കൊണ്ടിരിക്കുന്ന യുദ്ധാനന്തരബിംബങ്ങളേക്കാള്‍
അതിഭീതിതമാണത്. ആസ്വാദനദൈര്‍ഘ്യത്തിന് ഇന്ധനമേറെയുണ്ടാക്കുന്നതാണ് റാഫിയുടെ ഇന്‍സ്റ്റല്ലേഷന്‍ അടങ്ങുന്ന ശില്പങ്ങള്‍.

എന്നാല്‍ ലതാദേവി സംസ്‌കാരങ്ങളുടെ വിവിധങ്ങളായ ചരിത്രപാഠസമ്മിശ്രണങ്ങള്‍ രൂപങ്ങളും നിറങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നത് പ്രാകൃത കലകളുടെയും ജൈവപരതയുടെയും വ്യത്യസ്തമായ കലാപ്രയോഗങ്ങളാണ്. സൗന്ദര്യശാസ്ത്രത്തിന്റെ ദൃശ്യരൂപമായി ഇതെല്ലാം ആധുനികതയിലേക്ക് പറിച്ചുനടപ്പെടുമ്പോള്‍ നഷ്ടപ്പെട്ടാന്‍ സാധ്യതയുള്ള വേരുകള്‍ സൂക്ഷ്മമായി ഉള്‍ക്കൊള്ളുന്നതിലൂടെ ലതാദേവിയുടെ പ്രതലങ്ങള്‍ക്ക് ദൃഢമായ ഒരസ്ഥിവാരമുണ്ടാക്കാനാവുന്നതായും ഓരോ കാന്‍വാസിലെയും ആസ്വാദനസുഷിരങ്ങളില്‍ വെളിച്ചം നിറയ്ക്കാനാവുന്നതായും നമുക്ക് കാണാം!

മനുഷ്യ നിര്‍മ്മിതമാവുകയും എന്നാല്‍ മനുഷ്യസാനിദ്ധ്യമൊട്ടുമില്ലാതാവുകയും ചെയ്യുമ്പോഴുണ്ടാകുന്ന വിഭ്രമങ്ങളാണ് ജോമിയുടെ ചിത്രങ്ങളില്‍ നമുക്ക് അനുഭവപ്പെടുന്നത്. ദൂരങ്ങളുടെ അമ്പരപ്പിക്കുന്ന സങ്കീര്‍ണ്ണതകള്‍ വീക്ഷണകോണുകളുടെ കൃത്യമായ പ്രയോഗങ്ങളിലാണ് അനാവരണം ചെയ്യപ്പെടുന്നത്. ഫ്‌ലമിഷ് നവോഥാനകാലങ്ങളിലെ ചില വസ്തുവിശദീകരണരീതികളിലൂടെ ആധുനികതയില്‍ കാലങ്ങള്‍ക്കതീതമായി സഞ്ചരിക്കുക എന്ന നിയോഗവും ജോമിയില്‍ ഭദ്രമാവുന്നുണ്ട്. ആവിഷ്‌കരണരീതിയിലെ ബ്രഹ്‌മാത്മകത
, സര്‍റിയലിസ്റ്റിക് മാനങ്ങളിലേക്ക് ജോമിയെ നമുക്ക് സങ്കല്‍പ്പിക്കാമെങ്കിലും രൂപ പ്രയോഗങ്ങളിലെ അച്ചടക്കവും തന്മയത്വവും നമ്മളെ കൊണ്ടുപോകുന്നത് ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത അതിനുമപ്പുറത്തുള്ള മറ്റേതോ തലത്തിലേക്കാണ്.

നിഷ്‌കളങ്കമായ ആലേഖനങ്ങളാണെന്ന് തോന്നിപ്പിക്കുന്ന മുരളിയുടെ ദ്വിമാനതകളാവട്ടെ പ്രകൃതിയും രൂപങ്ങളും നിറങ്ങളും കമ്പൊസിഷനും പ്രയോഗരീതികളും വിരുദ്ധസങ്കലനങ്ങളായി തീര്‍ക്കുന്ന ഇന്ദ്രജാലങ്ങളായി നമുക്ക് മുന്നില്‍ മാറിമറിയുന്നു. ശീതളിമ ഏറെയുണ്ടാക്കുന്നതാണെന്ന് പറയപ്പെടുന്ന നീലനിറം ക്യുബിസത്തിന് മുന്‍മ്പ് ഏകദേശം നാലുവര്‍ഷത്തോളം പിക്കാസ്സോ ഇടപെട്ട ബ്ലൂ പീരീഡ് ലെത്തുമ്പോള്‍ കലുഷമാവുന്നതും വേദനയനുഭവിക്കുന്നവരെ പ്രതിനിധീകരിക്കുന്നതുമാകുന്നുണ്ട്. പശ്ചാത്തലത്തിലെ മഞ്ഞനിറം കാന്റിന്‌സ്‌കി വിവക്ഷിച്ച ട്രംപറ്റിന്റെ ശബ്ദവുമായി ചേര്‍ത്തുവെച്ചു രാഷ്ട്രീമായി ആസ്വദിക്കാവുന്ന ഒരു പ്രതലാനുഭൂതിയാണ് മുരളിയുടെ ചിത്രങ്ങള്‍ പ്രദാനം ചെയ്യുന്നത്. വിഷയങ്ങളെ ഉദ്ധീപിപ്പിക്കുന്ന മുരളിയുടെ മേല്‍പ്പറഞ്ഞ നിറങ്ങള്‍ നമ്മുടെ ആസ്വാദനക്ഷമതയെ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

സെലസിന്റെ കാന്‍വാസുകളില്‍ പുനരുത്പാദിപ്പിക്കപ്പെടുന്നത് അമൂര്‍ത്തമായ പ്രകൃതിവ്യാഖ്യാനങ്ങളാണ്. പശ്ചാത്തലത്തിലുടനീളം സെലസ് സ്വീകരിക്കുന്ന ടെക്സ്റ്ററുകളും രൂപസ്ഥാനീകരണങ്ങളും മന:ശാസ്ത്രപരമായൊരു ആശയവിനിമയമാണ് ആസ്വാദകനുമായി ഇഴചേര്‍ക്കുന്നത്. പക്ഷി പിന്നിട്ട പാതയും ഇടയ്ക്കുവെച്ച് മുറിയുന്ന ആ സഞ്ചാരപാതക്കടിയിലെ ആഴങ്ങളില്‍ തീര്‍ത്ത നിറപ്രയോഗങ്ങളും സന്നിവേശങ്ങളും ആസ്വാദന ചരടുകളിലുണ്ടാവുന്നത് നേര്‍ത്തു നീളത്തിലിറങ്ങിവരുന്ന മിന്നല്‍പിണരുകളാണ്.
***







No Comments yet!