മിത്ത്
ഒരു മിത്ത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതില്‍ നമ്മള് മിത്ത്/കഥകള്‍ കേള്‍ക്കുന്ന ഇടത്തെ അടിസ്ഥാനമാക്കിക്കൂടി ആണെന്ന് തോന്നുന്നു. ചെറുപ്പത്തില്‍ ഞങ്ങളുടെ അമ്മയുടെ സ്വന്തം വീട്ടിലേക്ക് റോഡ് ഉണ്ടായിരുന്നില്ല. കാട് പിടിച്ച ഇടവഴിയായിരുന്നു. രാത്രി ആയാല്‍ ആ ജ്യോഗ്രഫിയില്‍ തൊട്ടടുത്ത കാട്ടിനുള്ളിലെ ശബ്ദങ്ങള്‍ മാത്രമേ കേള്ക്കാറുണ്ടായിരുന്നുള്ളു. ഇതായിരുന്നു അമ്മയുടെ വീടിന്റെ ജ്യോഗ്രഫി. അവിടെ അമ്മൂമ്മക്ക് കൂടെ കിടക്കാന്‍ വന്ന മേരി അമ്മൂമ്മ ഞങ്ങളോട് അനവധി യക്ഷികഥകള്‍ പറഞ്ഞു തരുമായിരുന്നു. മണ്ണെണ്ണവെളിച്ചത്തില് കേട്ട ആ യക്ഷികഥകളുടെ പശ്ചാത്തലം എന്നാല്‍ കാട്ടില്‍ നിന്നുള്ള ചീവീടുകളുടെ കരച്ചിലായിരുന്നു. മറുവശത്ത് അച്ഛന്റെ നാട്ടില്‍ കണ്ണെത്താ ദൂരത്തോളം പുഴയും വയലും ആയിരുന്നു. അവിടെ ചെമ്മീന്‍ കിണറ്റില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട ദളിത് സ്ത്രീയായ ഒരു നാരായണിയുടെ യക്ഷികഥകളാണ് ഞങ്ങള്‍ കേട്ടത്. പിന്നീട് ഇടുക്കിയിലെ പീരുമേട് എന്ന സ്ഥലത്തെ ഒരു കുന്നിന് പുറത്തെ ഒറ്റപ്പെട്ട വീട്ടില്‍ താമസിച്ചപ്പോഴും ഞങ്ങള്‍ ധാരാളം യക്ഷികഥകള്‍ കേട്ടിട്ടുണ്ട്.

ഇത്തരം യക്ഷികഥകളും പൊതുവെന്ന ഇടത്തിനു പുറത്തുള്ള അനവധി മിത്തുകളും എണ്‍പതുകളില്‍ ഞങ്ങള്‍ കേട്ടിരുന്നു. പക്ഷേ ഈ കഥകളിലെ മാടന്, മറുത, ചാത്തന്, യക്ഷി തുടങ്ങിയവ ഒന്നും ഞങ്ങളുടെ ഇമാജിനേഷനില്‍ ഉണ്ടായിരുന്നതുപോലെ പിന്നീടുള്ള ഞങ്ങളുടെ ദൃശ്യതയിലും ദൃശ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഞങ്ങള്‍ കണ്ട സിനിമകളില്‍ ഭൂരിഭാഗവും ശ്രീകൃഷ്ണപരുന്ത് മുതല്‍ മണിചിത്രത്താഴ് വരെ യക്ഷികളെ കുറിച്ചുള്ള പലതരം ദൃശ്യഭാവനകള്‍ (വായനകള്‍ക്കു പുറമെ) ഉള്‍ക്കൊണ്ടിരുന്നെങ്കിലും, ആ ദൃശ്യങ്ങളില്‍ മേരി അമ്മൂമ്മ പറഞ്ഞു തന്ന കഥകളിലെ ജ്യോഗ്രഫികളും ജീവിതങ്ങളും ചാത്തനും മറുതയും പോലുള്ളവ ഒന്നും ഉണ്ടായിരുന്നില്ല. അത് ഞങ്ങളുടെ ദൃശ്യഭാവനയുടെ പരിമിതിയായിരിക്കും എന്നു കരുതിയിരുന്നു. പക്ഷേ, അത് ഞങ്ങളുടെ തന്നെ ഒരു സ്വകാര്യ ലോകമായിരുന്നു.

മിത്ത് എന്നതും യക്ഷികഥകള്‍ എന്നതും ഒരുമിച്ച്, ഒരു മനുഷ്യന്റെ ഭാവനയെ, ചിന്തകളെയും പേടികളെയും ഉയര്‍ത്തിവിടുന്നത് – ആ കഥകളിലെ ജ്യോഗ്രഫികളുമായി ജീവിതങ്ങള്‍ താദാത്മ്യം പ്രാപിക്കുമ്പോഴാണ്. ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്ന സിനിമയില്‍ മിത്ത് സൃഷ്ടിക്കുന്ന ജ്യോഗ്രഫിയില്‍ ഞങ്ങള്‍ ചെറുപ്പകാലത്ത് കേട്ട കഥകളുമായി ചില ചെറിയ സാമ്യതകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട്, ഈ സിനിമയിലെ സൂപ്പര്‍നാച്ചുറല്‍ പവര്‍, യക്ഷി, നീലി, മറുത തുടങ്ങിയ സംഭവങ്ങള്‍, ഇന്ത്യന്‍ സമൂഹത്തിന്റെ ജാതിശ്രേണിയിലെ അടിത്തട്ടില്‍ ബാല്യം കഴിച്ചവരുടെ അന്ന് കേട്ട കഥകളുമായി റിലേറ്റ് ചെയ്യാനാവുന്നത് തന്നെ ഈ സിനിമയുടെ ഒരു വിജയം കൂടിയാണ്. അതേസമയം പഴയ തലമുറയില്‍ രൂപപ്പെട്ട അപാരമായ മിത്തുകളെ പുതിയ ടെക്നിക്കല്‍ അന്തരീക്ഷത്തിലൂടെ പുതുതലമുറയിലേക്ക് ആവേശകരമായി എത്തിക്കുകയും അതിന്റെ സൗന്ദര്യശാസ്ത്രം രൂപപ്പെടുത്തുകയും ചെയ്തതാണ്, ഈ സിനിമയിലെ ജനങ്ങളെ ഇത്രയധികം ആകര്‍ഷിക്കുന്നതിന്റെ വിജയം . എന്റെ തൊട്ടടുത്ത് തിയേറ്ററില്‍ ഇരുന്ന ഒരു പത്ത് വയസ്സുള്ള പെണ്‍കുട്ടി അത്യാഹ്ലാദത്തോടെ ഈ സിനിമ കാണുമ്പോള്‍ എനിക്കും അതുപോലെ തന്നെ തോന്നി.

റോളിന് പോഗിയും ജോനാഥന് വിനലും ചേര്‍ന്ന് സംവിധാനം ചെയ്ത, 2024-ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലര്‍ ചിത്രമാണ് ഈറ്റ് ദി നൈറ്റ്. ഡാര്ക്നൂണ് എന്ന ഓണ്‍ലൈന്‍ വീഡിയോ ഗെയിമിന്റെ ആവേശകരമായ ആരാധകരായ ലെ ഹാവ്രെയിലെ സഹോദരസഹോദരികളായ അപ്പോളിന്‍, പാബ്ലോ എന്നിവരുടെ ബന്ധത്തെയാണ് സിനിമ കേന്ദ്രീകരിക്കുന്നത്. പോസ്റ്റ്-കോവിഡ് കാലത്തെ സൗന്ദര്യശാസ്ത്രം ബാഡ് ലക്ക് ബാങ്കിങ് ക്ലൂണി പോണ് (റൊമാനിയ), ദി എക്സാം (ജര്‍മനി, ഇറാഖ്, ഖത്തര്‍) പോലുള്ള നിരവധി സിനിമകളിലും, മലയാളത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച സി യു സൂണ്‍ പോലുള്ള ചിത്രങ്ങളിലും, ടെക്നിക്കല്‍ ഇടപെടലുകളുമായി ബന്ധപ്പെട്ടു പലവിധത്തിലുള്ള അട്ടിമറികള്‍ നടത്തിയിട്ടുണ്ട്. കോവിഡ് സമയത്ത് രൂപപ്പെട്ടതോ, അല്ലെങ്കില്‍ മനുഷ്യര്‍ക്ക് എക്സ്പോസ് ചെയ്യപ്പെട്ടതോ ആയ ടെക്നിക്കല്‍, ഡിജിറ്റല്‍, ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട സൗന്ദര്യശാസ്ത്രങ്ങളുടെ ഭാഗമായിത്തന്നെ ഇവയെ കാണാം. ഈറ്റ് ദി നൈറ്റ് , വീഡിയോ ഗെയിമുകളുടെ ലോകത്ത് വളരുന്ന പുതിയ തലമുറയുടെ അത്തരം എക്സ്പോഷറുകളെക്കുറിച്ചുള്ള ഒരു സിനിമ കൂടിയാണ്. വീഡിയോ ഗെയിം തന്നെ സിനിമയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി മാറുന്നു. സ്ക്വിഡ് ഗെയിം പോലെയുള്ള സീരീസുകള്‍ പോലും കോവിഡ് കാലത്ത് വ്യാപകമായി മനുഷ്യര്‍ ആസ്വദിച്ച് തീര്‍ത്തുവെന്നത് ഓര്‍മ്മിക്കാവുന്നതാണ്.

ലോക എന്ന സിനിമയിലെ കല്യാണി പ്രിയദര്‍ശന്റെ വിവിധ ആക്ഷന്‍ സീക്വന്‍സുകളുടെ മൂവ്മെന്റുകളില്‍, വീഡിയോ ഗെയിമുകളിലെ ചലനവേഗതയും ചലനസാധ്യതകളും കാണാന്‍ കഴിയും. സിനിമയിലെ ടൈറ്റില്‍ ഗ്രാഫിക്സിലെ ചിത്രങ്ങളും, മറ്റ് പല ഇടങ്ങളിലും രൂപപ്പെടുന്ന ദൃശ്യരൂപങ്ങളും, എന്നെ സംബന്ധിച്ചിടത്തോളം വീഡിയോ ഗെയിമുകളുടെ മൂവ്മെന്റിലേക്ക് തന്നെ എത്തിച്ചു.ഒരു വീഡിയോ ഗെയിം കളിക്കുന്ന സ്പേസ് എങ്ങനെയായിരിക്കും? ചിലപ്പോള്‍ അടഞ്ഞ മുറിയിലായിരിക്കും, ചിലപ്പോള്‍ വെളിച്ചത്തിലായിരിക്കും. പക്ഷേ കളിക്കുന്ന ആളിന്റെ മുഴുവന്‍ ശ്രദ്ധ പതിക്കുന്നത് മൊബൈല്‍, ഐപാഡ്, അല്ലെങ്കില്‍ അത്തരം ഏതെങ്കിലും ഉപകരണത്തിലായിരിക്കും. ഗെയിമുകള്‍ക്കു സ്വതന്ത്രമായ നിറങ്ങളും ലൈറ്റിംഗും പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ടാകും. ഒരു വീഡിയോ ഗെയിം കാണുന്നത് പോലെ സിനിമ എന്ന ടൂളിലേക്ക് ഈ സിനിമ അതിന്റെ ഇരുട്ടിലേക്ക് വലിക്കുകയും ചെയ്യുന്നുണ്ട്. ഈ സിനിമയിലെ ബാംഗ്ലൂര്‍ നഗരം, അതിലെ പലതരം ഇന്‍ഡോര്‍ ലൊക്കേഷനുകളും നഗരങ്ങളിലെ രാത്രികളിലെ ലൈറ്റ് പാറ്റേണുകളും, കല്യാണി പ്രിയദര്‍ശന്റെ ”ചന്ദ്ര” എന്ന കഥാപാത്രത്തിന്റെ മൂവ്മെന്റുകളും ചേര്‍ന്ന്, ഒരു വീഡിയോ ഗെയിമിന്റെ പ്ലാറ്റ്ഫോമിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നതുപോലെ തോന്നിക്കുന്നു. ഈ സിനിമയെ അത്തരത്തില്‍ വായിച്ചെടുക്കാനും കഴിയും.
മിത്ത് പ്ലസ് പോസ്റ്റ് മോഡേണ്‍ ലോകം
ഇന്ത്യന്‍ സമൂഹത്തില്‍ ഏറെ സവര്‍ണ്ണമായ ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങള്‍ പേറുന്ന പുരാണങ്ങളും മിത്തുകളും കഥകളും നിലനില്‍ക്കുന്ന ഒരു പശ്ചാത്തലത്തില്‍, മിത്തുകളുടെ സൗന്ദര്യശാസ്ത്രത്തെ അട്ടിമറിച്ചുകൊണ്ടാണ് ഈ സിനിമ മുന്നോട്ടുപോകുന്നത്. ഒരു പള്ളിയുടെ മുകളിലുള്ള കോളാമ്പിയില്‍ ഇരിക്കുന്ന ജിന്നിനെ രൂപപ്പെടുത്തിയ, അത്ര പുതുമയുള്ള കെ എല്‍ പത്ത് പോലെയുള്ള സിനിമകളിലെ മിത്തിക്കല്‍ ഫിഗര്‍, ഒരു പോസ്റ്റ്മോഡേണ്‍ ഐഡന്റിറ്റിയാണ് ലോക എന്ന സിനിമയില്‍ വരുമ്പോള്‍, പ്രകൃതി/കാട്/മൃഗങ്ങള്‍/ആദിവാസി ജൈവിക ജീവിതം/ആദിവാസി ഗോത്രദൈവങ്ങള്‍/പ്രകൃതിയുമായി ബന്ധപ്പെട്ട ആരാധനകള്‍, അതുപോലെ അവയെ അട്ടിമറിക്കുന്ന ഹിന്ദുത്വ സമൂഹത്തിനെതിരെ ഉള്ള ആദിവാസി പോരാട്ടങ്ങള്‍ – ഇവയെല്ലാം ചേര്‍ത്ത് കൊണ്ട്, ഇന്ത്യയില്‍ ഫേക്ക് ആയി സൃഷ്ടിച്ചിട്ടുള്ള ഒരു ഹിന്ദുത്വ പൗരാണികതയെ അട്ടിമറിച്ചുകൊണ്ടാണ് ഈ സിനിമയിലെ ആദിവാസി മിത്ത് ഇത്തരം ചിന്തകളിലേക്ക് കടക്കാന്‍ ഒരുപക്ഷേ കോവിഡ് കാലത്ത് മനുഷ്യസമൂഹം എക്സ്പോസ് ചെയ്യപ്പെട്ട പലവിധ ദൃശ്യതകളിലേക്കായിരിക്കാം. ആ കാലത്ത് മനുഷ്യര്‍ പല ജ്യോഗ്രഫികളിലേക്കും, പല ശബ്ദങ്ങളിലേക്കും, പല സംസ്കാരങ്ങളിലേക്കും, പലതരം ജൈവിക ജീവിതങ്ങളിലേക്കും കടന്നുപോയി. നൂറുകണക്കിന് അന്താരാഷ്ട്ര വിഡിയോകള്‍ ആ കാലഘട്ടത്തില്‍ മനുഷ്യര്‍ കണ്ടു. അത്തരം ഒരു പുതിയ തലമുറയുടെ മുന്നില്‍, ഒരു മിത്തിക്കല്‍ സിനിമ സൃഷ്ടിക്കുമ്പോള്‍, ഏറ്റവും അപരമായ കഥകള്‍ കണ്ടെത്തുകയും, അതിനെ ഒരു ഐക്കണായി ഇന്ത്യന്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയും, ഒരു പുതിയ യൂണിവേഴ്സ് ക്രിയേറ്റ് ചെയ്യുകയും ചെയ്തതില്‍ ലോക എന്ന സിനിമ അതിഗംഭീരമായി വിജയിച്ചുവെന്ന് പറയേണ്ടി വരും. അതിനാലാണ്, സൗത്ത് ഇന്ത്യ മുഴുവന്‍, ‘മാസ്’ എന്ന പ്രതീതിയിലേക്കും ആള്ക്കൂട്ടാനുഭവത്തിലേക്കും പൊതുസമൂഹത്തെ ആവേശിപ്പിക്കുന്ന ഒരു സംസ്കാരമായി ഈ സിനിമ മാറുന്നത്.

സ്ത്രീ / ആക്ഷന്‍ / സൂപ്പര്‍നാച്ചുറല്‍ ഫിഗര്‍
1970-കളിലാണ് ഹോളിവുഡിനൊപ്പം ബ്രൂസ് ലീയുടെ അനവധി ആക്ഷന്‍ സിനിമകള്‍ ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ വ്യാപകമായി സ്വീകരിച്ചത്. ചൈനീസ് കുങ്ഫുവില്‍ രൂപപ്പെട്ട ഇത്തരം സിനിമകള്‍, ചൈനയും ഹോങ്കോങ്ങും ചേര്‍ന്ന സംസ്കാരങ്ങളെ ലോകത്തിനു മുന്നിലെത്തിക്കുകയും ചെയ്തു. ചൈനീസ് ആയോധനകലയുടെ പ്രത്യേക സീക്വന്‍സുകള്‍ ഈ സിനിമകളുടെ പ്രധാന ഭാഗമായിരുന്നു. പിന്നീട് ജാക്കി ചാനും, ജെറ്റ് ലീയും, സാമോ ഹാങ്ങും, ഇയാന്‍ ബോയും പോലുള്ള താരങ്ങള്‍ ഈ ആക്ഷന്‍ സിനിമകളെ വമ്പിച്ച വിജയങ്ങളാക്കി മാറ്റി. 1990-കളില്‍, കേരളത്തിലെ സി-ക്ലാസ് തിയേറ്ററുകളില്‍ പോലും, മൂന്നു ദിവസത്തെ ”ഫില്ലറുകളായി” ബ്രൂസ് ലീ, ജെറ്റ് ലീ, ജാക്കി ചാന് ചിത്രങ്ങള്‍ സ്ഥിരമായി പ്രദര്ശിപ്പിക്കാറുണ്ടായിരുന്നു. ഈ സിനിമകളിലെ കുങ്ഫു ആക്ഷന്‍ സീക്വന്‍സുകള്‍ കണ്ടു വളര്‍ന്ന തലമുറകള്‍, പിന്നീട് കരാട്ടെ പഠിക്കാന്‍ പ്രേരണയോടെ പോയ കാലഘട്ടം കേരളത്തില്‍ ഉണ്ടായി.
പാരാനോര്‍മല്‍ സമൂഹങ്ങള്‍
കോവിഡിന് ശേഷം വീട്ടിലിരുന്നുമടുത്ത ജീവിതത്തിന്റെ ആഫ്റ്റര്‍ എഫക്റ്റ് കൊണ്ടാകാം ലോകം പലവിധ പാരാനോര്‍മല്‍ ചിന്തകളിലേക്ക് മാറിയത്. സീക്രട്ട് സൊസൈറ്റികള്‍, ഇല്ലുമിനാറ്റി, അഫര്‍മേഷന്‍സ്, ഹിപ്നോട്ടിസം, മെന്റലിസം തുടങ്ങിയ ആശയങ്ങള്‍ പതുക്കെ വിവിധ സമൂഹങ്ങളില്‍ കടന്നു കൂടിത്തുടങ്ങി. അതേ സമയം, ഈ സമൂഹങ്ങളുടെ പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് ടെക്നോളജി. ടെക്നിക്കല്‍ ടൂളുകള്‍ അവരുടെ പ്രധാനപ്പെട്ട സഹയാത്രികരും ആശ്രയങ്ങളും ആയി മാറുന്നു. അത്തരം ഒരു സമൂഹത്തിലേക്കാണ് ഒരു ടെക്നോക്രാറ്റിക് ലോകത്തില്‍ ഒരു മിത്തിക്കല്‍ ഫിഗറെ പ്രതിഷ്ഠിക്കുന്നത്. ഒരു പക്ഷെ ഈ സിനിമയിലെ ഏറ്റവും പാരഡോക്സിക്കല്‍ ദൃശ്യങ്ങളില്‍ ഒന്നാണ്: ലോക എന്ന പാരാനോര്‍മല്‍ ഫിഗറെ കാണിക്കുമ്പോള്‍, അതിന്റെ പിന്നില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ചുമര്‍ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയില്‍ രക്തം കൊണ്ടുപോകുന്ന ഒരു ‘കാബിന്’, രക്തം സൂക്ഷിക്കുന്ന ഫ്രിഡ്ജ്, മറ്റനവധി ഉപകരണങ്ങള്‍ എന്നിവയിലൂടെ മിത്തിക്കല്‍ ഫിഗറുകളെ ഒരു പോസ്റ്റ്മോഡേണ്‍ ലോകത്തേക്ക് കേരളത്തില്‍ സ്പെയ്സ് ചെയ്തു വെച്ചിരിക്കുകയാണ്.
അപരത്വങ്ങളുടെ രാഷ്ട്രീയ സൂചനകള്‍
ഈ സിനിമയില്‍ ഏറ്റവും പ്രത്യേകതയായി തോന്നിയത്, അപരത്വങ്ങളുടെ മൂവ്മെന്റുകള്‍ക്ക് പോസ്റ്റ്-ഡിജിറ്റല്‍ ഇറയില് തുറക്കപ്പെടുന്ന രാഷ്ട്രീയ സാധ്യതകളാണ്. പോസ്റ്റ്-കോവിഡ്, പോസ്റ്റ്-ഡിജിറ്റല്‍ കാലത്ത് അനവധി സമൂഹങ്ങള്‍ക്കും കീഴാളര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും വിവിധ തുറവുകള്‍ സൃഷ്ടിക്കപ്പെടുകയാണ്. നിലനില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ രാഷ്ട്രീയ സമരങ്ങള്‍ രൂപപ്പെടുന്ന ബൈനറി പൊളിറ്റിക്സിന്റെ ലോകത്തിനു പുറത്തുള്ള ഒരു ഡിജിറ്റല്‍ ലോകത്തിലെ സാധ്യതകളെയാണ് ഈ സിനിമ സ്പര്‍ശിക്കുന്നത്. അത്തരം ഒരു എ.ഐ. കാലത്തോ അല്ലെങ്കില്‍ അതിലേക്കുള്ള വികാസങ്ങള്‍ നടക്കുന്നതായ ഒരു കാലഘട്ടത്തിലോ, ഭരണകൂടങ്ങളുടെ രൂപം പോലും പലവിധങ്ങളായിരിക്കാം. എന്നാല്‍ അതിനു തൊട്ടുമുമ്പുള്ള അള്‍ട്രാ പോസ്റ്റ്മോഡേണ്‍ കാലത്തിനു മുന്‍പുള്ള ലോകത്തിലേക്കാണ് ഈ മിത്തിക്കല്‍ ഫിഗറെ സിനിമ പ്ലേസ് ചെയ്തിരിക്കുന്നത്. കേബിള്‍ ടി.വി. കാണുന്ന, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന തലമുറയിലേക്കാണ് ലോക നിലവില്‍ നിര്‍ത്തിയിട്ടുള്ളത്. പക്ഷേ, അതിനപ്പുറം വരുന്ന കാലഘട്ടം – ആദിവാസികളെ ഉള്‍പ്പെടെ പലവിധ സമൂഹങ്ങള്‍ക്കും – വിപുലമായ തുറവുകള്‍ സൃഷ്ടിക്കാനിടയുണ്ടാകും. അതിന്റെ തുടക്കം എന്ന നിലയില്‍, ഒരു മിത്തിക്കല്‍ ഫിഗറെ പുതിയ കാലത്ത് സ്ഥാപിക്കുന്ന പ്രവൃത്തിയായി ഈ സിനിമയെ വായിച്ചെടുക്കാനാവും.

കോവിഡ് കാലത്ത് ദി കൊഞ്ചുറിംഗ്, ദി നണ് പോലെയുള്ള ഹൊറര്‍ സിനിമകള്‍ക്ക് പ്രേക്ഷകശ്രദ്ധ ലഭിക്കുമ്പോള്‍, ആക്ഷനും ഹിംസയും വിപ്ലവവും ബ്ലേഡ്ഷെഡും പ്രതികാരവും നിറഞ്ഞ ടാറന്റീനോയുടെ സിനിമകള്‍ക്കും ലോകമെമ്പാടും വലിയ പ്രചാരം ഉണ്ടായി. അതില്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു കില്‍ ബില്‍ സീരീസ്. ഒരു അസാസിന് സ്ക്വാഡിലെ അംഗമായ ഉമാ തര്‍മന്‍ അവതരിപ്പിച്ച ദി ബ്രൈഡ് എന്ന കഥാപാത്രത്തിന്റെ പ്രതികാര ആക്ഷന്‍ സീക്വന്‍സുകള്‍, അവയിലെ ആയുധങ്ങള്‍ അടക്കം, പ്രേക്ഷകര്‍ വ്യാപകമായി സ്വീകരിച്ചു. അതിലെ ബ്ലേഡ്ഷെഡ് ദൃശ്യങ്ങള്‍ ആളുകള്‍ വലിയ ആകര്‍ഷണത്തോടെയാണ് കണ്ടത്. അതിനുമപ്പുറം, ഈ സീരീസിലെ ഉമാ തര്‍മന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഫെമിനിറ്റി എന്ന ആശയത്തെ തന്നെ അട്ടിമറിക്കുന്ന അവസ്ഥകള്‍ സൃഷ്ടിച്ചു.കടുത്ത കോണ്ട്രാസ്റ്റുള്ള ദൃശ്യങ്ങളിലൂടെയും, വ്യത്യസ്തമായ പോസ്റ്റര്‍ ഡിസൈന്സിലൂടെയും, സിനിമ തന്നെ വേറിട്ടു നിന്നു.
മലയാള സിനിമ പൊളിക്കുന്ന ജിയോഗ്രഫികള്‍
ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് പോലുള്ള മലയാള സിനിമകള്‍ കേരളം എന്ന ജിയോഗ്രഫിക്ക് പുറത്ത് നില്ക്കുന്നവ കൂടിയാണ്. പ്രേമം എന്ന സിനിമയില്‍ തൊഴിലിലൂടെ ഡിസ്പ്ലേസ് ചെയ്യുന്ന മില്ലേനിയം ജനറേഷന് ഹൈദരാബാദ് പോലുള്ള ഒരു ഹൈടെക് സിറ്റിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന കഥയാണ് രൂപപ്പെടുത്തുന്നത്. ആവേശത്തിലും സംഭവിക്കുന്നത് കഴിഞ്ഞ ഒന്നോ രണ്ടോ ദശകങ്ങളായി നടക്കുന്ന പുതിയ തലമുറകളുടെ ആഭ്യന്തര പ്രവാസങ്ങളുടെ പ്ലോട്ട് കൂടെയാണ്. മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റ് കോവിഡ് കാലത്ത് പുതിയ തലമുറ/പഴയ തലമുറകളും ധാരാളമായി തുടങ്ങി വെച്ച കേരളത്തിന് പുറത്തുള്ള യാത്രകളെ റിലേറ്റ് ചെയ്തു കൊണ്ടുകൂടി സൃഷ്ടിക്കപ്പെടുന്നതും കൂടെയാണ്. കേരളം എന്ന ജിയോഗ്രഫിക്കപ്പുറം ഡിസ്പ്ലേസ് ചെയ്യുന്ന പുതിയ തലമുറകളോട് അടിസ്ഥാനപരമായി സംവദിക്കുന്നതാണ് ഇത്തരം സിനിമകള്‍. ഈ സിനിമകള്‍ എല്ലാം തന്നെ കേരളത്തിന് പുറത്ത് ഒരു സൗത്ത് ഇന്ത്യന്‍/പാന്‍ ഇന്ത്യന്‍ ലെവലില്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചു കൊണ്ട് വലിയ സാമ്പത്തിക വിജയങ്ങളും ആയിട്ടുണ്ട്. ലോകം എന്ന സിനിമയിലും അത്തരം ഒരു കേരളത്തെ തകര്‍ത്തുകൊണ്ട് ബാംഗ്ലൂര്‍, തമിഴ്നാട് എന്നിവയൊക്കെ ഉള്‍കൊള്ളുന്ന മള്‍ട്ടി കള്‍ച്ചറല്‍ സ്പേസിലേക്ക് വളരുന്നുണ്ട്. ഒരു മലയാളിയായ അഭിനേതാവ് കന്നഡ ഭാഷ പറഞ്ഞു കൊണ്ടു ഈ സിനിമയില്‍ തകര്‍ക്കുന്നതും തമിഴ് കള്‍ച്ചര്‍ ഈ സിനിമയിലേക്ക് കടന്നു വരുന്നതും പ്യൂര്‍ മലയാളിത്തം ഇല്ലാതാകുന്നതും ഈ സിനിമ കള്‍ച്ചറല്‍ ജിയോഗ്രഫിയെ മെറ്റമോര്‍ഫോസൈസ് ചെയ്തു പുതിയൊരു സിനിമാറ്റിക് സൗന്ദര്യശാസ്ത്രം സൃഷ്ടിക്കുന്നു. ബാംഗ്ലൂരിലെ പബ് ലൈഫ്, പാര്‍ട്ടിയിംഗ്, ഫ്ലാറ്റ് ലൈഫ്, ഫ്ലാറ്റ് ലൈഫുകളുടെ സാമൂഹികത, അവിടത്തെ പാര്‍ട്ട് ടൈം തൊഴില്‍ രൂപങ്ങള്‍, പ്രണയങ്ങള്‍, ലൈംഗികത തുടങ്ങിയവ ഒക്കെ ഈ സിനിമയുടെ വിഷയങ്ങള്‍ ആകുന്നു. അത്തരം മലയാളിത്തത്തിനു പുറത്ത് നില്ക്കുന്ന ഒരു മിത്തിക്കല്‍ സ്പേസിലാണ് ഈ സിനിമ മോഡേണിറ്റിയുടെ ഒരു കള്‍ച്ചറല്‍ ജിയോഗ്രഫിയില്‍ നില്‍ക്കുന്നത്.

ടാറന്റീനോയുടെ പള്‍പ് ഫിക്ഷന്‍ മുതല്‍ ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്സ് വരെ നിരവധി വയലന്റ് ആക്ഷന്‍ സിനിമകളുടെ നിരയില്‍, രക്തം ചീറ്റുന്ന ദൃശ്യങ്ങളാല്‍ വളരെ വ്യത്യസ്തമായി, കോവിഡ് കാലത്ത് ഒരു ”ലേഡി ആക്ഷന്‍ സിനിമ” എന്ന നിലയില്‍ കില്‍ ബില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു. ഉമാ തര്‍മന്‍ എന്ന നടിയും, ആ സിനിമകളിലെ ആക്ഷന്‍ സീക്വന്‍സുകളും, കുങ്ഫു സിനിമകളിലെ ആക്ഷന്‍ സീക്വന്‍സുകളും-ചേര്ന്ന്ലോകസിനിമയില് കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ കൊറിയോഗ്രാഫി ചെയ്യുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം. സൌന്ദര്യ ശാസ്ത്രപരമായി ഇത്തരം അട്ടിമറികള്‍ ലോകയിലൂടെ മലയാളത്തിലും നടക്കുന്നു
അപരത്വങ്ങളുടെ നായകത്വങ്ങള്‍
ലോക സിനിമയിലെ യൂറോപ്യന്‍, ഹോളിവുഡ്, ലാറ്റിന്‍ അമേരിക്കന്‍ മേഖലകളില്‍ അനേകം ബ്ലാക്ക് സ്റ്റോറികള്‍ പലവിധത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും വംശീയതയ്ക്കെതിരെ നിന്ന രാഷ്ട്രീയ ഡോക്യുമെന്റേഷനുകളായിരുന്നുവെങ്കിലും, പ്രണയം, കുടുംബം, കോമഡി, ലൈംഗികത തുടങ്ങിയ പല ഫ്രെയിമുകളിലും ബ്ലാക്ക് ജീവിതത്തിന്റെ വൈവിധ്യങ്ങളെയും അവ സിനിമയില്‍ പകര്‍ത്തി. ബ്ലാക്ക് സിനിമകളില്‍ അത്തരം നിരവധി ഹീറോഷിപ്പുകളും ഹെറോയിന്ഷിപ്പുകളും, മറ്റുപക്ഷം ”അപര നായകത്വങ്ങള്‍” മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ആദിവാസി സമൂഹത്തില്‍ നിന്നുള്ള മിത്തുകളുടെ പുനര്‍രൂപീകരണത്തിലൂടെ, ലോക എന്ന സിനിമ ഒരു കൊച്ചു കുട്ടിയെ ”പുതിയ നായകത്വത്തിന്റെ പ്രതീകം” ആക്കി മാറ്റുന്നു. അതിലൂടെ വലിയൊരു ടെക്സ്ച്വല്‍ വിജയം സിനിമ കൈവരിച്ചു. ഇതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ സിനിമയെ ലക്ഷ്യമാക്കി തിരിഞ്ഞത്. കാരണം, ഒരു സമൂഹത്തെ അട്ടിമറിക്കണമെങ്കില്‍ ആദ്യം അട്ടിമറിക്കപ്പെടേണ്ടത് ആ സമൂഹത്തിന്റെ മിത്തുകളാണ്. അതാണ് ലോക വളരെ വ്യക്തമായി ചെയ്തിരിക്കുന്നത്. അത് സംഘപരിവാര്‍ ഹിന്ദുത്വ ശക്തികള്‍ക്ക് നന്നായി മനസ്സിലായിരിക്കണം.
മലയാള സിനിമയില്‍ പല കാലഘട്ടങ്ങളിലും വിവിധ തരത്തിലുള്ള യൂണിവേഴ്സുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന നടന് എണ്‍പതുകള്‍ മുതല്‍ മലയാള സിനിമയുടെ സമൂഹിക ഇടത്തിലേക്ക് ചേര്‍ന്ന് നിലകൊള്ളാന്‍ വളരെയധികം പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.പുതിയ നൂറ്റാണ്ടില്‍, കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ, ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചിരുന്ന ചില നടന്മാരും മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. അതില്‍ ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ഇവിടെ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷെ ഈ സീരീസിലൂടെ, അത്തരം തലമുറകളുടെ ഒരു പുതിയ യൂണിവേഴ്സ് രൂപപ്പെട്ടേക്കാം. ശാന്തി ബാലചന്ദ്രന് ഉള്‍പ്പെടെ പുതിയ തലമുറയിലെ എക്സ്പോസ്ഡ് തിരക്കഥാകൃത്തുക്കള്‍ സൗന്ദര്യശാസ്ത്രത്തിന്റെ പുതിയ എസ്തറ്റിക്സ് ഇന്ത്യയിലെ കീഴാളമായ പരിസരങ്ങളില്‍ നിന്ന് ഖനനം ചെയ്ത് എടുക്കുന്നത് കാണുമ്പോള്‍, സിനിമ എന്ന പോപ്പുലര്‍ കള്‍ച്ചറല്‍ മീഡിയം വഴി നടക്കുന്ന ഒരു സാംസ്കാരിക പ്രതിപ്രവര്‍ത്തനം തന്നെയാണെന്ന് പറയാം.
അവസാനമായി –
ഈ സിനിമയിലെ ”കിളിയെ കിളിയെ” എന്ന ഗാനം ശ്രദ്ധേയമാണ്. കിളികളാണ് ഇവിടെ സൂപ്പര്നാച്ചുറാലിറ്റി പോലും സജീവമാക്കുന്നത്. ഈ ലോകവും അതിലെ ജീവജാലങ്ങളും അത്ഭുതകരമാണ് എന്ന് സിനിമ രസകരമായി പറയുന്നു. ഈ സിനിമയിലെ ചാത്തന്മാര് വരും എന്നത് പുതിയ കാലത്തേക്കുള്ള ഒരു രാഷ്ട്രീയ സൂചന കൂടെ ആണ്.








No Comments yet!