Skip to main content

മാർച്ച് 6 മുതൽ സഹോദരൻ പത്രം ഓൺ ലൈനിൽ വീണ്ടും വരുന്നു

മാർച്ച് 6 ന് സഹോദരൻ സ്മൃതി ദിനത്തിൽ സഹോദരൻ പത്രത്തിൻറെ പഴയ ലഭ്യമായ പതിപ്പുകളും പുതിയ വാർത്തകളും ലേഖനങ്ങളുമൊക്കെയായി സഹോദരൻ പത്രം ഓൺ ലൈനിൽ വീണ്ടും വരുന്നു! Sahodaran.in എന്ന് സെർച്ച് ചെയ്താൽ മാർച്ച് ആറ് മുതൽ സഹോദരൻ നിങ്ങളുടെ വിരൽ തുമ്പിൽ എത്തും. എറണാകുളം കടവന്ത്ര കേന്ദ്രമായി പ്രവർത്തിക്കുന്ന സഹോദരൻ അയ്യപ്പൻ പ്രസിദ്ധീകരണ കേന്ദ്രമാണ് സഹോദരൻ ഓൺലൈനിൽ ലഭ്യമാക്കുന്നത്. കൂടാതെ കാലികപ്രാധാന്യമുള്ള സഹോദരനിലെ പഴയ ലേഖനങ്ങളും കുറിപ്പുകളുമൊക്കെ പ്രിന്റഡ് ആയും പുസ്തകരൂപത്തിൽ നിങ്ങളുടെ കൈകളിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സഹോദരൻ അയ്യപ്പൻ പ്രസിദ്ധീകരണ കേന്ദ്രം പ്രവർത്തകർ പറഞ്ഞു.

പഴയ സഹോദരൻ പത്രത്തിൽ സഹോദരൻ അയ്യപ്പൻ, എംസി ജോസഫ്, ഡോ, പിപി ആൻറണി, പി. കേശവദേവ്, സി. കൃഷ്ണൻ വക്കീൽ, സിവി കുഞ്ഞിരാമൻ, രാമവർമ്മ തമ്പാൻ, പനമ്പള്ളി ഗോവിന്ദമേനോൻ, ആർ സുഗതൻ,സി. കേശവൻ, പി കെ കോരുമാസ്റ്റർ, മൂർക്കോത്ത്കുമാരൻ, കെപി കറുപ്പൻ, പി.വേലു, എ.ഗോവിന്ദപ്പിള്ള, മുതുകുളം പാർവതിയമ്മ, കുറ്റിപ്പുഴ കൃഷ്‌ണപിള്ള, വിടി ഭട്ടതിരിപ്പാട്, പാർവ്വതി അയ്യപ്പൻ, വൈക്കം മുഹമ്മദ് ബഷീർ, പോഞ്ഞിക്കര റാഫി, കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയവർ എഴുതിയ വർത്തമാന കാലത്തും പ്രസക്തമായ ലേഖനങ്ങളും കുറിപ്പുകളും വാർത്തകളും വീണ്ടും വായിക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. ഒപ്പം പുതിയ വാർത്തകളും ലേഖനങ്ങളുമൊക്കെയായി മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നിഷേധി കെ അയ്യപ്പൻ എന്ന പുലയൻ അയ്യപ്പന് ‘സഹോദരൻ അയ്യപ്പൻ’ എന്ന പേര് നേടിക്കൊടുത്ത പഴയ ‘സഹോദരൻ’ ഇനിമുതൽ വിരൽത്തുമ്പിൽ ലഭ്യമാകും.

Sahodaran - Wikipedia

1919-ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ആണ് ‘സഹോദരൻ‘ പത്രം ആരംഭിച്ചത്. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം. 1917-ൽ (1093 കന്നിമാസത്തിൽ) മാസിക എന്ന നിലയിൽ ആയിരുന്നു സഹോദരന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത്. അയ്യപ്പൻ തന്നെയായിരുന്നു പത്രാധിപർ. പറവൂർ എസ്.പി. പ്രസ്സിൽ അച്ചടിച്ച് പള്ളിപ്പുറത്തു നിന്നുമാണ് ഈ മാസികയുടെ പ്രഥമ ലക്കങ്ങൾ പ്രസിദ്ധീകൃതമായത്. പിന്നീട് സ്വന്തമായി പ്രസ്സ്‌ തുടങ്ങി.

‘സഹോദരൻ’ പത്രത്തിന്റെ പ്രചാരണത്തിൽ മുഖ്യ പങ്കാളിയായിരുന്ന പി കേശവ ദേവ് കേരളത്തിൽ ഇന്ന് കാണുന്ന രാഷ്ട്രീയക്കാരുടെ തട്ട് പ്രസംഗം ആരംഭിച്ച സഹോദരനെക്കുറിച്ച്:-

“ആലുവ പുഴയുടെ മണൽ പരപ്പിൽ ഒരു യുവാവ് ബഞ്ചിന്മേൽ കയറിനിന്നു. വെളുത്ത ഫുൾ ഷർട്ട് ധരിച്ച് കറുത്ത കരയൻ നേര്യത് കഴുത്തിൽ വളച്ചിട്ടിട്ടുണ്ട്. അയാൾ പ്രസംഗം ആരംഭിച്ചു. വിശാലമായ സമുദ്രത്തിൽ അങ്ങകലെ നിന്ന് ഒരു കാറ്റ് ഇളകി വരുന്നതുപോലെ, സാധാരണനെന്നു തോന്നുന്ന ആ യുവാവിൽനിന്ന് വാക്കുകൾ ഉതിരുവാൻ തുടങ്ങി. പ്രസംഗപീഠത്തിന്റെ ചുറ്റുമുള്ള മനുഷ്യസമുദ്രത്തിൻ്റെ ഹൃദയം ചലിച്ചു. ഒരു ചലനം ചെറുകല്ലോലങ്ങളായി. പിന്നീടത് ഓളങ്ങളായും ഗംഭീരമായ തിരമാലകളായും രൂപാന്തരപ്പെട്ടു. അയിത്തത്തിനും ജാതിക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായുള്ള അത്യുജ്ജ്വലമായ ഒരു സമരപ്രസംഗമായിരുന്നു അത്. ഓരോ വാക്കും ഓരോ സമരകാഹളമായിരുന്നു. ഓരോ ചലനവും ഓരോ വാൾ വീശലായിരുന്നു. വലതുകൈയുടെ ചൂണ്ടാണിവിരൽ ചൂണ്ടിക്കൊണ്ട് കാലുകളുടെ പെരുവിരലിൽ ഊന്നിയുയർന്നു നിന്നുകൊണ്ട് അജയ്യനായ ഒരു സമരനേതാവിനെപ്പോലെ ആ യുവാവ് സിംഹഗർജ്ജനം ചെയ്തു‌. ക്രമേണ ആ സിംഹഗർജ്ജനം ശോകഗാനമായി മാറി.

“എന്തിന്നു ഭാരതധരേ കരയുന്നു പാര- തന്ത്ര്യം നിനക്കു വിധികല്പ‌ിതമാണു തായേ! ” എന്ന കവിതാഭാഗം അദ്ദേഹം ചൊല്ലി, ജാതിയും ജാതിയിൽ ജാതിയും തമ്മിലടിച്ചു തലകീറുന്ന ഭാരതത്തെ ആ യുവപ്രസംഗകൻ അനുകരണസാദ്ധ്യമല്ലാത്ത ലളിതഭാഷയിൽ വരച്ചുകാണിച്ചു.

വീണ്ടും ആ പ്രസംഗകന്റെ ശബ്ദത്തിനും ഗാംഭീര്യമുണ്ടായി. വീണ്ടും അതൊരു സിംഹഗർജ്ജനമായി. തമ്മിലടിച്ചു തലകീറുന്ന മനുഷ്യനെ മനുഷ്യനാക്കുവാൻ വേണ്ടി അടിമഭാരതത്തെ സ്വതന്ത്രയാക്കുവാൻവേണ്ടി, ജാതിക്കോട്ട തകർത്തുതരിപ്പണമാക്കാനുള്ള ആഹ്വാനത്തോടുകൂടി ആ പ്രസംഗ ക്കൊടുംകാറ്റ് അവസാനിച്ചു.

“അതാര്? അതാര്?’ സ്വയം മറന്ന് കേശവൻ (പി . കേശവദേവ്) അന്തരീക്ഷത്തിലേക്ക് പിറുപിറുത്തു.
‘പുലയൻ അയ്യപ്പൻ.’ ആരോ പതുക്കെ പറഞ്ഞു….” പി . കേശവദേവ് . എതിർപ്പ്

P. Kesavadev - Wikipedia
പി. കേശവദേവ്

എന്നാൽ കേൾക്കുന്ന സമയത്തുമാത്രമേ പ്രസംഗങ്ങൾക്ക് ആളുകളുടെ ഇടയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളുവെന്നും സാവധാനത്തിൽ അത് കെട്ടടങ്ങുമെന്നും അയ്യപ്പനറിയാമായിരുന്നു. വ്യക്തികളുടെ ചിന്തയിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് പ്രസിദ്ധീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് പത്രം തുടങ്ങാനായി അയ്യപ്പനെ പ്രേരിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആണ് ‘സഹോദരൻ’ പത്രം പ്രസിദ്ധീകരണം നിലച്ചത്. സഹോദരൻ അയ്യപ്പൻ മറ്റൊരാൾക്ക് വിറ്റ ആ പ്രസ്സ് പിന്നീട് ജോസഫ് ഇടമറുക് അയാളിൽനിന്നും വാങ്ങിയിരുന്നെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് ഇടമറുക് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പ്രസ്സ് കണ്ടുകെട്ടുകയുംചരിത്രസ്മാരകമായി സൂക്ഷിക്കേണ്ടിയിരുന്ന ആ പ്രസ്സും പോലീസ് ഇളക്കിക്കൊണ്ടുപോയി. മുവാറ്റുപുഴയിൽ ഏതോ ഗോഡൗണിൽ കൊണ്ടുപോയിട്ട് പീസ് പീസ് ആക്കി അവർ അത് നശിപ്പിച്ചുകളഞ്ഞു.

മട്ടാഞ്ചേരിയിൽ നിന്നിറങ്ങിയിരുന്ന സഹോദരൻ പത്രത്തോടും സഹോദരനോടുമുള്ള പക യാഥാസ്ഥിതികർ അദ്ദേഹത്തിൻറെ ജീവിതപങ്കാളി പാർവതിയോടും തീർത്തിരുന്നു. സഹോദരനെക്കുറിച്ച് അന്ന് സവർണ്ണരും ഈഴവരിലെ ഇന്നത്തെ കർമ്മ ശൂദ്രന്മാരായിട്ടുള്ള യാഥാസ്ഥിതിക ഈഴവരുടെ മുൻഗാമികളും ഇറക്കിയിരുന്ന നിരവധി പരിഹാസ കവിതകളിൽ പാർവതിയെയും അവർ വെറുതെ വിട്ടിരുന്നില്ല,

“മട്ടാഞ്ചേരിയിലെ മുട്ടസ്സാമി
തൊട്ടതിലൊക്കെ മഷി പുരട്ടും
സർവ്വ സമത്വം പറന്നു പോയി
പാർവ്വതിച്ചേച്ചിയെ കണ്ട നേരം
ഏകമത തത്വം ബലികഴിച്ചു
ചാകുന്ന ബുദ്ധമതമെടുത്തു….”

ഇതുപോലെ ധരാളം അധിക്ഷേപങ്ങളിൽ സഹോദരനെയും സഹോദരൻ പത്രത്തെയും പാർവതിയെയും ആക്രമിയ്ക്കുന്നത് കാണാം എന്നതിൽ നിന്നുതന്നെ ആ പത്രം നടത്തിയ ഇടപെടൽ ഊഹിക്കാവുന്നതല്ലേ?


Courtesy: newsgil.in

No Comments yet!

Your Email address will not be published.