
അരവിയുടെ `കൊളാഷ്` പുസ്തകമാകുന്നു. അന്ന് മിനി മാഗസിനുമായും, മിനി മാഗസിന്റെ സാഹിത്യ സംഗമവുമായും സഹകരിച്ച അരവിയുടെ ഒട്ടനവധി സുഹൃത്തുക്കളുടെ, ഇന്ന് മലയാള സാഹിത്യലോകത്തെ ഒന്നാം നിരയിലുള്ള ഒട്ടനവധി സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ക്കൊപ്പമാണ് `കൊളാഷ്` പുസ്തക രൂപത്തിലെത്തുക. അവരെല്ലാം ഇന്ന് മലയാള സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ മുന്‍നിരയിലുള്ളവരാണ്. അതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ് അരവിയേട്ടനും സുഹൃത്തുക്കളും പ്രസാധകരായ ലോഗോസ് ബുക്സും. ഇങ്ങനെയാണ് 2025 സപ്തംബര്‍ ഇരുപത്തി മൂന്നാം തിയതി `മിനി മാഗസിന് കാലം അഥവാ അരവിക്കാലം` എന്ന എന്റെ ചെണ്ടയിലെ കുറിപ്പു ഞാന്‍ അവസാനിപ്പിച്ചത്.

കൊളാഷ് പുസ്തകരൂപത്തിലായി. വേറിട്ടൊരു പുസ്തകത്തിനു വേറിട്ടൊരു പ്രകാശനവുമുണ്ടായി. അതൊരു പതിവ് പുസ്തകപ്രകാശന ചടങ്ങേ അല്ലായിരുന്നു. `ചടങ്ങ്` എന്ന് ബോധപൂര്‍വ്വം ഉപയോഗിച്ചതാണ്. പലപ്പോഴും പ്രകാശനങ്ങള്‍ `ചടങ്ങു`മാത്രമകാറുണ്ടല്ലോ. ഇവിടെ പക്ഷേ സൗഹൃദമുണ്ടായിരുന്നു. പഴയ ഓര്‍മ്മകളും. രണ്ടു പതിറ്റാണ്ടോളം ബാംഗ്ളൂരിലെത്തുന്ന മലയാള കലാ സാഹിത്യ തത്പരരോടെല്ലാം ഒരു പോലെ സ്നേഹം പങ്കിട്ട അരവിയേട്ടനൊപ്പം, അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം, ഇത്തിരി സമയം ചിലവിടാനാണ് അവിടെ കൂടിയവരെല്ലാമെത്തിയത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അരവിയേട്ടനൊപ്പം ബാംഗ്ളൂരിലുണ്ടായിരുന്നവര്. ബോംബെയിലാണെങ്കിലും ഇന്നും സൗഹൃദച്ചരടില്‍ ഒരു നൂലിഴ പോലും ഘനക്കുറവു സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നവര്‍. അങ്ങനെയങ്ങനെ സൗഹൃദത്താല്‍, സ്നേഹത്താല്‍, സമൃദ്ധമായിരുന്നു സദസ്സ്. അവിടെ അതിഥികളുണ്ടായിരുന്നില്ല. വേദിയും സദസ്സുമുണ്ടായിരുന്നില്ല. പരസ്പരം സൗഹൃദം പങ്കിടുമ്പോള്‍ പിന്നെ ഇതിനെല്ലാം എന്തു പ്രസക്തി?

2026 ജനുവരി ഇരുപത്തിനാലിനായിരുന്നു ഈ മിനി സുഹൃത് സംഗമം. തൃശൂരിലെ സാഹിത്യ അക്കാദമിയില്‍. അതിലേക്കെത്തുന്നതിനു മുമ്പ് ‘കൊളാഷ്’ എന്ന പുസ്തകത്തെക്കുറിച്ചു പറയാം.
അരവിയേട്ടന്റെ മിനിമാഗസിന്‍ കാല ഓര്‍മ്മകളാണ് കൊളാഷ്. എം. മുകുന്ദന്റെ ആമുഖം. മിനി മാഗസിന് കാലത്തെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്ക്കുന്നത് സൗഹൃദങ്ങളും സ്നേഹവുമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സേതുവിന്റെ ആത്മകഥയിലൊരിടത്ത് മിനി മാഗസിനെക്കുറിച്ചും അരവിയേട്ടനെക്കുറിച്ചും പരാമര്‍ശമുണ്ടായി. അതു കണ്ടപ്പോഴാണ് തന്റെ ഓര്‍മ്മകള്‍ക്ക് മീതെയുള്ള പൊടിപടലം നീക്കി, അവയെല്ലാം എഴുതാന്‍ അരവിയേട്ടനും തോന്നുന്നത്. അതാണ് കൊളാഷിന്റെ ആരംഭം. ഒട്ടും അടുക്കും ചിട്ടയുമില്ലാത്ത ഓര്‍മ്മകള്‍ എന്നാണ് അരവിയേട്ടന്‍ പറയുന്നത്. ആ ചിട്ടയില്ലായ്മായണദ്ദേഹത്തിന്റെ എഴുത്തിനു ചന്തം ചാര്‍ത്തിയത്.
മിനിമാഗസിന്റെ സൗഹൃദവലയം വളരെ വിപുലമായിരുന്നു. പലതരമാളുകള്. പല സ്വഭാവക്കാര്‍. പല രീതികള്‍. ഇതെല്ലാം ആസ്വദിക്കുന്ന, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു ചെയ്യുന്ന അരവിയും കുടുംബവും. ബാംഗ്ളൂരിലെത്തുന്ന സാഹിത്യ, കലാ പ്രവര്‍ത്തകര്‍ക്ക് അക്കാലത്തെ അത്താണിയായിരുന്നു അരവിയേട്ടന്റെ വീട്. അത് പ്രത്യേകം ഓര്‍ത്തെടുക്കുന്നുണ്ട് കൊളാഷിനനുബന്ധക്കുറിപ്പുകളെഴുതിയവരെല്ലാം. തന്റെ എം.ഫില്‍ പഠനകാലത്ത് ബാംഗ്ളൂരിലുണ്ടായ ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തെക്കുറിച്ചും ആ ദിവസങ്ങളില്‍ തനിക്കു രക്ഷകനായി നിന്ന അരവിയേട്ടനെക്കുറിച്ചും ഹാഫിസ് മുഹമ്മദ് എഴുതിയിരിക്കുന്നു.

വാതില്‍ തുറന്നു. അരവിയേട്ടന്‍ മേലോടടക്കി മെല്ലെ പറഞ്ഞു.
”നിനക്ക് ഞാനുണ്ട് ഹാഫിസേ.”
ആ വാക്കുകളില്‍ സൗഹൃദമല്ല കാണാനാകുക. സാഹോദര്യമാണ്. രക്ഷബന്ധങ്ങള്ക്ക് പോലും നല്‍കാനാകാത്ത തികഞ്ഞ സാഹോദര്യം.
”ഓര്‍മ്മയില്‍ ഒറ്റമരങ്ങളെപ്പോലെ കാണപ്പെടുന്ന ചിലരുണ്ട്. അങ്ങനെയൊരാളാണ് എനിക്ക് അരവി. അരവിയെ പരിചയപ്പെടുന്നതിനു മുന്‍പോ അതിനു ശേഷമോ അരവിയെപ്പോലെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല”
എന്നാണ് അയ്മനം ജോണ്‍ തന്റെ കുറിപ്പു തുടങ്ങിയിരിക്കുന്നത്. ആ വാക്കുകളില്‍ എല്ലാമുണ്ട്. തീര്‍ത്തും വ്യത്യസ്തനായിരുന്നു അരവി എന്നടിവരയിടുന്നുണ്ട്.
”എന്നും നിഷ്കളങ്കമായ സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന അരവി എന്ന മനുഷ്യസ്നേഹിയെ സഹൃദയലോകം മറക്കില്ലെന്ന് ഉറപ്പിച്ചുപറയാം”
എന്ന് ദത്തന് പുനലൂര്‍ തന്റെ ഓര്‍മ്മക്കുറിപ്പ് അസാനിപ്പിക്കുമ്പോള് പറയുന്നു. അതിന്റെ തെളിവാണീ പുസ്തകം എന്നു ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ.
”അരവി എന്ന സ്നേഹം” എന്നാണ് അശോകന് ചരുവില്‍ തന്റെ ലേഖനത്തിനു പേരിട്ടത്. ആ തലക്കെട്ടില്‍ എല്ലാമുണ്ട്. എന്തായിരുന്നു അരവി എന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. മിനിമാഗസിനിലെ രാഗിണിയുടെ പംക്തിയെക്കുറിച്ച് വാചാലനാകുന്നു യു.കെ. കുമാരന്. ഇത്രയടുത്ത സൗഹൃദങ്ങളുണ്ടായിട്ടും ആര്‍ക്കും `രാഗിണി` ആരാണെന്നറിയുമായിരുന്നില്ല. അവിടെ ഒരു പത്രാധിപര്‍ തന്റെ മികവു കാണിച്ചു. നിശിതമായ സാഹിത്യവിമര്ശനമായിരുന്നു രാഗിണിയുടെ പംക്തി. മിനി മാഗസിന് അരങ്ങൊഴിഞ്ഞതിനു ശേഷമാണ് പല അടുത്ത സുഹൃത്തുക്കളും `രാഗിണി` എന്ന തൂലികാനാമത്തില്‍ അരവി തന്നെയാണതെഴുതിയിരുന്നത് എന്നറിയുന്നത്. അരവിയുടെ ഭാഷാചാതുര്യവും വായനയും, വിമര്‍ശന ദൃഷ്ടിയും വ്യക്തമാക്കുന്ന പംക്തിയായിരുന്നു അത്. വായിക്കുന്നത് നിങ്ങളെയല്ല, നിങ്ങളുടെ സൃഷ്ടികളെയാണെന്ന ഉറപ്പ് എഴുത്തുകാരനുണ്ടായിരുന്നു. സൗഹൃദങ്ങള്‍ അവിടെ വിമര്‍ശനത്തിനു തടസ്സമായില്ല.

”ജീവിതം സര്വവിഭൂഷിതമാക്കിയ, ജീവിതത്തിന്റെ സമസ്ത മേഖലകളും എടുത്ത് അമ്മാനമാടിയ ഒരു മഹാ ഭാഗ്യവാനാണ് അരവി” എന്ന് എം.ജി. രാധാകൃഷ്ണന്.
”അരവിയുടെ സന്നിധാനത്തില്‍ വന്നവരൊക്കെ സ്നേഹത്തോടെ ഓര്‍ക്കുന്ന എടുകുടുക്കെ ചോറും കറിയെ? (ലളിതാജി) സാഹിത്യത്തിലെ ഗുണ്ടകള്‍ പോലും ആദരിച്ചു”
എന്നദ്ദേഹം തുടരുന്നു. ഒരു പക്ഷെ മിനിമാഗസിന്റേയും അരവിയേട്ടന്റേയും കരുത്ത് ഈ സ്നേഹബന്ധമായിരുന്നിരിക്കണം. പിന്തുണയായിരുന്നിരിക്കണം. കെ.പി. രാമനുണ്ണി ഓര്‍മ്മിപ്പിക്കുന്നത് അതിസമൃദ്ധമായ അരവിയുടെ ”ലൗ ബാങ്ക് അക്കൗണ്ടി”നെക്കുറിച്ചാണ്. ”സ്വന്തം കാര്യം നോക്കാത്ത പത്രാധിപര്‍” എന്ന് എം.കെ. ഹരികുമാര്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഒരു പക്ഷേ വര്‍ത്തമാനകാല പത്രാധിപരുമായി അടുത്തിടപഴകിയതിന്റെ പിന്‍ബലത്തില്‍ കൂടിയാകാം അരവിക്ക് ഇങ്ങനെയൊരു വിശേഷണം അദ്ദേഹം ചാര്‍ത്തിയത്. തങ്ങളുടെ സൗഹൃദത്തിലെ രസകരമായ പല സന്ദര്‍ഭങ്ങളും ഓര്‍ത്തെടുക്കുന്നതിനിടയില്‍ ശത്രുഘ്നന്‍ ഒരു സന്നിഗ്ദ ഘട്ടത്തില്‍ അരവിയേട്ടന്‍ ചേര്ത്തുപിടിച്ചതെടുത്തെഴുതുന്നു. ”വൈ വറി വെന്‍ ഐ ആം ഹിയര്‍” എന്ന ചോദ്യം ഓര്‍ക്കുന്നു.
”ബാംഗ്ളൂര്‍ കാലത്തെ സാഹിത്യോത്സവങ്ങള്‍…..അതില്‍ പങ്കെടുത്ത എല്ലാവരുടേയും സുവര്‍ണ്ണ ദിനങ്ങളാണ്… ജീവിതം എന്നു പറയുന്നത് ഈ യാദൃശ്ചികതകളാണ്. ഋതുഭേദങ്ങള്‍ പോലെ അതിങ്ങനെ മാറിയും മറിഞ്ഞും സഞ്ചരിച്ചുകൊണ്ടിരിക്കും” എന്ന് ജെ.ആര്. പ്രസാദ്.

”മലയാള സാഹിത്യത്തിന്റെ ചരിത്രമെഴുതുമ്പോള്‍ അരവി നടത്തിയ മിനിമാഗസിന്റെയും ബാംഗ്ളൂരില്‍ അരവി നടത്തിയ സര്‍ഗ്ഗ സംഗമങ്ങളുടെയും ചരിത്രം കൂടി എഴുതിയാലേ പൂര്‍ണ്ണമാകൂ” എന്ന് പി.കെ. പാറക്കടവ്.
”മിനി മാഗസിന്റെ അക്കാലം സൗഹൃദങ്ങളുടെ ധാരാളിത്തമായിരുന്നു. ഒരു പക്ഷേ സംഗീതത്തില്‍ മുല്ലശ്ശേരി രാജുവിനെപ്പോലെ സാഹിത്യകൂട്ടായ്മയുടെ ആഘോഷക്കാലം” എന്നാണ് മനോജ് ജാതവേദര് ഓര്‍ത്തെടുക്കുന്നത്.
തന്റെ ”കൊളംബസ്, ഒരു ഓര്‍മ്മക്കുറിപ്പ്” എന്ന കഥ മിനിമാഗസിനില് അച്ചടിച്ചു വന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. തങ്ങളുടെ കുസൃതി നിറഞ്ഞ ബാംഗ്ളൂരിലെ സൗഹൃദക്കാലം ഓര്‍ത്തെടുത്ത കെ.എല്‍. ശ്രീകൃഷ്ണദാസ് പില്‍ക്കാലങ്ങള്‍ ജീവിതം എന്തൊക്കെ നഷ്ടം നല്‍കിയെങ്കിലും ”ഞാന്‍ നേടിയ വിലമതിക്കാനാവാത്ത സ്നേഹസൗഹൃദങ്ങള്‍ തിരിച്ചെടുക്കാന്‍ ദൈവത്തിന് പോലും കഴിയില്ലല്ലോ” എന്ന് അരവിക്കുറപ്പുണ്ടാകും എന്ന് വിശ്വസിക്കുന്നു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് വിശദമായി തന്നെ എഴുതിയ കെ.ആര് വിനയന് കുറിപ്പവസാനിപ്പിച്ചിരിക്കുന്നതിങ്ങനെ ”പഴയ ആനന്ദലഹരിയെ അയവിറക്കിക്കൊണ്ട് ഇപ്പോഴും ഇടയ്ക്കെല്ലാം അരവിയെ ഫോണില്‍ വിളിക്കുന്നു. ചെന്ത്രാപ്പിന്നി വഴി യാത്ര ചെയ്യുമ്പോള്‍ അവസരങ്ങളുണ്ടാക്കി അരവിയെ തേടിച്ചെല്ലുന്നു.”
പുസ്തകത്തിൻ്റെ മുഖചിത്രം തയ്യാറാക്കിയത് കെ.ആർ.വിനയനും പുറകിലെ കവറിൽ കൊടുക്കാനുള്ള കാരിക്കേച്ചർ വരച്ചത് പോൾ കല്ലാനോടുമാണ്. രണ്ടു പേരും മിനിമാഗസിൻ കാലം തൊട്ടേ അരവിയുടെ അടുത്ത സുഹൃത്തുക്കൾ.

കൊളാഷിന്റെ ചന്തം അരവിയേട്ടന്‍ എന്ന അരവിയുടെ ഓര്‍മ്മകള്‍ മാത്രമല്ല, ഈ അനുബന്ധക്കുറിപ്പുകള്‍ കൂടിയാണ്. അവയാണ് അരവിക്കുള്ള ആദരമാകുന്നത്. മലയാള ആനുകാലികങ്ങളുടെ ചരിത്രത്തില്‍ വേറിട്ട കാഴ്ചയായിരുന്ന മിനിമാഗസിന്റെ പത്രാധിപര്‍ എന്നതിലുപരി തങ്ങളുടെ സുഹൃത്തിനുള്ള ആദരമാകുന്നത്.
ആ ആദരം പ്രകടമാക്കാന്‍ കൂട്ടുകാരെല്ലാവരും കൂടി തിരഞ്ഞെടുത്ത പുസ്തകപ്രകാശന മാര്‍ഗ്ഗവും വ്യത്യസ്തമായിരുന്നു. അതിനായി, കൊളാഷിന്റെ പ്രസാധകരായ ലോഗോസ് ബുക്സ് ഒരു പ്രത്യേകാല്‍ കോപ്പി തയ്യാറാക്കി. അതില്‍ അരവിയേട്ടനാശംസയര്പ്പിച്ചുകൊണ്ട് അന്നവിടെ വന്നവര്‍ക്കെല്ലാം എഴുതാനായി ചില താളുകള്‍ ഒഴിച്ചിട്ടിരുന്നു. അങ്ങനെ അവരുടെ ആശംസകളോടെ ആ കോപ്പി എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി കെ.എല്‍. ശ്രീകൃഷ്ണദാസ്, അയ്മനം ജോണ്‍ എന്നിവര്‍ ചേര്‍ന്ന് അരവിയേട്ടനു സമ്മാനിച്ചു. അതായിരുന്നു പുസ്തകപ്രകാശനം. ഞങ്ങള്‍ക്ക് തന്ന സ്നേഹസൗഹൃദങ്ങളുടെ ഒരു മൊമെന്റൊ എന്ന നിലയിലായിരുന്നു സുഹൃത്തുക്കളുടെ ഈ സമ്മാനം. ഈ സ്നേഹത്തിനും സൗഹൃദത്തിനും സാക്ഷ്യം വഹിക്കാനെത്തിയ സമാനമനസ്കരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇങ്ങനെയൊരു പ്രകാശനം. വേറിട്ട പ്രകാശനം. അതില്‍ എഴുതിയവര്‍ക്കെല്ലാം തന്റെ കയ്യൊപ്പോടുകൂടിയ കോപ്പി സമ്മാനമായി നല്‍കിയായിരുന്നു അരവിയേട്ടന്റെ പ്രതികരണം.
കൊളാഷ് (ഓര്‍മ്മക്കുറിപ്പുകള്‍)
രചന : അരവി
പ്രസാധനം : ലോഗോസ് ബുക്സ്
വില : 260 രൂപ







No Comments yet!