
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാന്‍ അത് നേടുക തന്നെ ചെയ്യുമെന്നത് ലോകമാന്യ എന്നറിയപ്പെടുന്ന ബാലഗംഗാധര തിലകന്‍ 1917 ഏപ്രിലില്‍ പ്രഖ്യാപിച്ച വാചകമാണ്. കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും സ്വാതന്ത്ര്യ പ്രസ്ഥാനത്തെ രൂപപ്പെടുത്താനും ശക്തമായി വര്‍ത്തിച്ച ഈ ആഹ്വാനത്തിലൂടെ വിമോചന സന്ദേശം പ്രചരിപ്പിക്കാന്‍ കേസരി പോലുള്ള പത്രങ്ങളും സമൂഹോത്സവങ്ങളും ഉപയോഗിക്കുകയും ചെയ്തു അദ്ദേഹം. മഹാത്മാ ഗാന്ധിയുടെ ആത്മകഥ ‘ദി സ്റ്റോറി ഓഫ് മൈ എക്‌സ്പിരിമെന്റ്‌സ് വിത്ത് ട്രൂത്ത്’ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ കഥ ഗുജറാത്തിയില്‍ സത്യനാ പ്രയോഗോ ആത്മകഥ)ആഴ്ചതോറും ഖണ്ഡഃശയായി നവജീവനിലാണ് പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് പരിഭാഷയാവട്ടെ യങ് ഇന്ത്യ പരമ്പരയായി നല്‍കി.

ബാല്യം മുതല്‍ 1921 വരെയുള്ള ജീവിതമാണ് ഉള്ളടക്കം. ഒരു യഥാര്‍ഥ ആത്മകഥ എഴുതുക ഉദ്ദേശ്യമല്ല. സത്യവുമായുള്ള എന്റെ പരീക്ഷണങ്ങളുടെ കഥ പറയാന്‍ ആഗ്രഹിക്കുന്നു. കാരണം എന്റെ ജീവിതത്തില്‍ ആ പരീക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ ആമുഖം. അങ്ങനെ അത് ആത്മീയവും ധാര്‍മികവുമായ സ്വന്തം വികാസം അടയാളപ്പെടുത്തി. എളിമ, സത്യാന്വേഷണം, ഹൃദയശുദ്ധി, സേവനശക്തി.സത്യം, വിനയം തുടങ്ങിയ സ്വഭാവസവിശേഷതകള്‍ ഊന്നി. സത്യാന്വേഷകന്‍ പൊടിയെക്കാള്‍ വിനീതനായിരിക്കണം. സത്യമല്ലാതെ മറ്റൊരു ദൈവവുമില്ല.അത് വിശാലമായ വൃക്ഷം പോലെയാണ്, കൂടുതല്‍ പരിപോഷിപ്പിക്കുന്തോറും അധികമധികം ഫലങ്ങള്‍ നല്‍കും. പക്ഷേ എനിക്ക് സത്യം പരമാധികാര തത്വമാണ്, അതില്‍ മറ്റ് നിരവധി തത്വങ്ങളും ഉള്‍പ്പെടുന്നു. യഥാര്‍ഥ സൗന്ദര്യം എല്ലാത്തിനുമുപരി ഹൃദയശുദ്ധിയിലാണ് അടങ്ങിയിരിക്കുന്നത്. സന്തോഷമില്ലാതെ ചെയ്യുന്നതൊന്നും സേവിക്കപ്പെടുന്നവനെ സഹായിക്കില്ല. എന്നിരുന്നാലും സഹിഷ്ണുതയും ദാനധര്‍മവും സത്യവും ഉള്ളിടത്ത് വ്യത്യാസങ്ങള്‍പോലും സഹായകരമാണെന്ന് തെളിയിക്കപ്പെടുന്നു. വിനയമില്ലാത്ത സേവനം സ്വാര്‍ത്ഥതയും അഹങ്കാരവുമാണ്. സഹജീവികളുടെ അപമാനം കാണുമ്പോള്‍ മനുഷ്യര്‍ക്ക് എങ്ങനെ ബഹുമാനം തോന്നുമെന്നത് എനിക്ക് എപ്പോഴും രഹസ്യവും. ഇനിയൊരിക്കലും പാപം ചെയ്യില്ലെന്ന വാഗ്ദാനം ശുദ്ധമായ കുമ്പസാരമാണ്. പശ്ചാത്താപത്തിന്റെ ഏറ്റവും ശുദ്ധമായ രൂപം. ഒരിക്കല്‍ ആരംഭിച്ച ഒരു കാര്യവും ധാര്‍മികമായി തെറ്റാണെന്ന് തെളിയിക്കപ്പെടുംവരെ ഉപേക്ഷിക്കരുത്. അനുഭവം കാണിച്ചുതന്നിട്ടുള്ളത് അപരന് നീതി ലഭ്യമാക്കുന്നതിലൂടെ നമുക്ക് ഏറ്റവും വേഗം നീതി നേടാനാകുമെന്നാണ്. പൂര്‍ണമായി സ്ഥിരീകരിക്കാത്ത ഒരു കാര്യം വിശ്വസിക്കാന്‍ ഒരാളെ അനുവദിക്കുന്നത് സത്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതിന് തുല്യവും. ഞാന്‍ ദൈവത്തെ സത്യമായി മാത്രമേ ആരാധിക്കുന്നുള്ളൂ. എനിക്ക് ഇതുവരെ അവനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, പക്ഷേ അന്വേഷിക്കുകയാണ്. എന്നെത്തന്നെ വിലയിരുത്തുമ്പോള്‍ മറ്റുള്ളവരും എങ്ങനെയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ സത്യം പോലെ പരുഷനായിരിക്കാന്‍ ശ്രമിക്കും തുടങ്ങിയ ഭാഗങ്ങളില്‍ മനുഷ്യത്വത്തിന്റെ മഹാസമുദ്രമാണ് അലയടിച്ചത്. അതുപോലെ ഗാന്ധിജിയുടെ വ്യക്തി പ്രക്ഷോഭ മാതൃകകളുടെ നിര്‍വചനവും.

ഇന്ത്യയെ കണ്ടെത്തല്‍
ആധുനിക ചരിത്രം, മതനിരപേക്ഷത, ദേശീയത എന്നിവ മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന ഗ്രന്ഥമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ഫോര്‍ട്ട് ജയിലില്‍ തടവിലായിരുന്നപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു രചിച്ച് 1946 ല്‍ പ്രസിദ്ധീകരിച്ച ‘ദി ഡിസ്‌കവറി ഓഫ് ഇന്ത്യ’ (ഇന്ത്യയെ കണ്ടെത്തല്‍). സിന്ധു നദീതട നാഗരികത, വിദേശീയാക്രമണങ്ങള്‍, ബ്രിട്ടീഷ് ഭരണം തുടങ്ങിയ സൂചകങ്ങളിലൂട ഇന്ത്യന്‍ ചരിത്രം വരച്ചുവെക്കുകയായിരുന്നു. രാജ്യത്തിന്റെ സാംസ്‌കാരികവും ദാര്‍ശനികവുമായ വേരുകളെയാണ് പ്രതിഫലിപ്പിച്ചതും. 1944 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ആറ് മാസംകൊണ്ട് പൂര്‍ത്തിയാക്കിയ കൃതി സമര്‍പ്പിച്ചതാകട്ടെ ബൗദ്ധിക ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കും സഹായിച്ച സഹതടവുകാര്‍ക്ക് . ആദ്യ പ്രധാനമന്ത്രി രാജ്യത്തിന്റെ ദീര്‍ഘവും സമ്പന്നവുമായ നാഗരിക സ്വത്വം ആഴത്തില്‍ മനസ്സിലാക്കി. പുരാതന പൈതൃകങ്ങളും വേദങ്ങളും ഉപനിഷത്തുകളും ഉള്‍പ്പെടെ ആദ്യകാല ദാര്‍ശനിക ഗ്രന്ഥങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുമുണ്ട്. സഹസ്രാബ്ദങ്ങളായി ഇന്ത്യ അതിന്റെ കാതലായ സ്വത്വം നഷ്ടപ്പെടാതെ വൈവിധ്യമാര്‍ന്ന ബാഹ്യ സ്വാധീനങ്ങളെ എങ്ങനെ സ്വാംശീകരിച്ചുവെന്നും അന്വേഷിക്കുകയുമുണ്ടായി. ബ്രിട്ടീഷ് ഭരണം കാരണമുണ്ടായ തടസ്സങ്ങളെയും സാമ്പത്തിക ചൂഷണത്തെയും വിശകലനം ചെയ്തു. ആധുനിക സ്വാതന്ത്ര്യ പ്രസ്ഥാനത്തെ രൂപപ്പെടുത്തിയ ശക്തികളെയും ഗാന്ധിജിയെപ്പോലുള്ള നേതാക്കളെയും കുറിച്ചുള്ള ചര്‍ച്ചകളുമുണ്ട്. ഇന്ത്യ ബാല്യത്തിന്റെ നിഷ്‌കളങ്കതയും മന്ദതയും അറിഞ്ഞിട്ടുണ്ട്, അവള്‍ വീണ്ടും വീണ്ടും സ്വന്തം ബാല്യത്തെയും യൗവനത്തെയും പ്രായത്തെയും പുതുക്കി. മനുഷ്യരാശിയുടെ ഏറ്റവും മികച്ചതും ശ്രേഷ്ഠവുമായ സമ്മാനങ്ങള്‍ പ്രത്യേക വംശത്തിന്റെയോ രാജ്യത്തിന്റെയോ കുത്തകയാവാന്‍ കഴിയില്ല. സമാധാനം അവിഭാജ്യമാണെന്ന് പറയപ്പെടുന്നു; സ്വാതന്ത്ര്യവും അതുപോലെ; ഇപ്പോള്‍ സമൃദ്ധിയും സമാനം. ലോകത്തിലെ ദുരന്തവും അങ്ങനെതന്നെ. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചോരയും കണ്ണീരും നമ്മുടെ വിധിയായിരിക്കും. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ നല്ല പൂവുകള്‍ വീണ്ടും വിരിയട്ടേ. മനുഷ്യന്റെ ആത്മാവ് എത്ര അത്ഭുതകരമാണ്. അവനില്‍ പ്രതീക്ഷ നഷ്ടപ്പെടുത്തുക അസാധ്യവും. ജീവിതത്തിന്റെ വക്കില്‍ പലപ്പോഴും നില്‍ക്കുന്നവര്‍ക്കേ ജീവിതം മനസ്സിലാക്കാന്‍ സാധിക്കൂ. മരണഭയത്താല്‍ ജീവിതം നയിക്കപ്പെടാത്തവര്‍ക്ക് മാത്രമേ അതിന് കഴിയൂ തുടങ്ങിയ വിശദാംശങ്ങള്‍ കാവ്യാത്മകങ്ങളാണ്.
എല്ല് കിട്ടിയ പട്ടി കരുതും ഗ്രാമത്തില്‍ വിശപ്പ് അവസാനിച്ചുവെന്ന പഴഞ്ചൊല്ല് പഠിപ്പിക്കുന്നത് ആളുകള്‍ പലപ്പോഴും സ്വന്തം സുഖസൗകര്യങ്ങളെ മറ്റുള്ളവരുടെ യാഥാര്‍ഥ്യമായി തെറ്റിദ്ധരിക്കുന്നുവെന്നാണ്. അസ്ഥി കണ്ടെത്തിയ അത് സംതൃപ്തിയടയുകയും മറ്റുള്ളവ ഇപ്പോഴും തിരയുന്നുണ്ടെന്ന് മറക്കുകയും ചെയ്യുന്നു. അതുപോലെ ചിലരുടെ അനുമാനം അവര്‍ ജയിച്ചതിനാല്‍ മറ്റെല്ലാവരും നന്നായി ജീവിക്കുന്നുണ്ടെന്നാണ്. വ്യക്തിപരമായ അഭിവൃദ്ധി കൂട്ടായ പ്രശ്‌നങ്ങള്‍ ഇനി നിലവിലില്ലെന്ന മിഥ്യാധാരണ സൃഷ്ടിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യം മോദാനിമാരുടെയും സഹസ്ര കോടുശ്വരന്മാരുടെയും പ്രത്യേകാവകാശം മാത്രമായി ചുരുങ്ങിയിരിക്കയാണ്. കാല്‍ നൂറ്റാണ്ടിനടുത്തായി വന്‍തോതിലുള്ള വിഭവങ്ങളുടെ പിന്തുണയോടെ നിര്‍മിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു പ്രതിച്ഛായ കോക്രോച്ച് ജനതാ പാര്‍ടി(സിജെപി)യുടെ തുടര്‍ച്ചയായ പ്രതിഷേധങ്ങളില്‍ തകര്‍ന്നുവീണുവെന്ന് എഴുത്തുകാരി അരുന്ധതി റോയ് പ്രസ്താവിക്കുകയുണ്ടായി. കൂട്ടായ പൊതുജന പ്രവര്‍ത്തനങ്ങള്‍ ദേശീയ രാഷ്ട്രീയ സംഭാഷണത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ പ്രസ്ഥാനം കാണിച്ചുതന്നതായും അവര്‍ വിശദീകരിച്ചു. ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ ഊന്നിയ സിജെപി പ്രതിഷേധങ്ങള്‍ വിദ്യാഭ്യാസ പ്രതിസന്ധിയാകെ ഇപ്പോള്‍ ചര്‍ച്ചയാക്കുകയാണ്. നീതി ആയോഗിന്റെ ‘ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം’ എന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2014-15 മുതല്‍ 2024-25 വരെയുള്ള ഒരു പതിറ്റാണ്ടില്‍ 94000 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ദിവസം 25 എണ്ണത്തിനുവീതം താഴിടുന്ന സ്ഥിതി. തദ്ഫലമായി സര്‍ക്കാര്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം 71 ശതമാനത്തില്‍ നിന്ന് 49.24 ആയി ഇടിഞ്ഞു. പൊതുവിദ്യാലയങ്ങളുടെ എണ്ണം 11.07 ലക്ഷത്തില്‍ നിന്ന് 10.13 ലക്ഷമായി, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി പ്രവേശനം 2.26 കോടി കുറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ സ്വകാര്യ അണ്‍എയ്ഡഡ് ഓപ്ഷനുകള്‍ 2.88 ലക്ഷത്തില്‍ നിന്ന് 3.39 ലക്ഷമായി വളര്‍ന്നു. സെക്കന്‍ഡറി വിദ്യാഭ്യാസ തലങ്ങളില്‍ ഏറിവരുന്ന കൊഴിഞ്ഞുപോകല്‍ നിരക്ക് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ പരിതാപകരമായ സ്ഥിതി
സ്വതന്ത്ര ചിന്തകള്‍ക്കും ശാസ്ത്ര മനോഭാവത്തിനും മികച്ച സാമൂഹ്യ ഉള്ളടക്കമുള്ള ഗവേഷണങ്ങള്‍ക്കും വേദിയാവുകയാണ് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ മുഖ്യ സംഭാവന. നിര്‍ഭയമായി ചോദ്യങ്ങള്‍ ഉന്നയിക്കാനും അഭിപ്രായഭേദങ്ങള്‍ വെളിപ്പെടുത്താനുമുള്ള അക്കാദമിക് സ്വാതന്ത്ര്യമാണ് ആധുനിക സമൂഹങ്ങളുടെ ഹൃദയം. പക്ഷേ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അത്തരം വിശാല ചിന്തകള്‍ക്കും തുറന്ന കാഴ്ചപ്പാടുകള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇറക്കിവെച്ചിരിക്കയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ നമ്മുടെ സര്‍വകലാശാലകള്‍ ദയനീയാവസ്ഥകളിലേക്ക് മറിഞ്ഞുവീഴുന്നത് മാനദണ്ഡങ്ങളുടെ പ്രശ്നങ്ങളാളല്ല. സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും ബോധപൂര്‍വം തകര്‍ക്കുന്നതിനാലാണെന്ന് പല പുതിയ പഠനങ്ങളും നിരീക്ഷിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും അക്കാദമിക്- ഗവേഷണ സ്വാതന്ത്ര്യം ഒരിക്കലും കാണാത്ത നിലയില്‍ പരിതാപകരമായി. 1900-ന് ശേഷമുള്ള ഏറ്റവും ഇടിഞ്ഞ തോതിലാണ് അക്കാദമിക സ്വാതന്ത്ര്യമെന്നും അടിയന്തരാവസ്ഥ കാലയളവായ 1975-77 വര്‍ഷങ്ങളെക്കാള്‍ മോശം നിലവാരമാണെന്നുമാണ് ആഗോള സര്‍വകലാശാലകളിലെ വിചക്ഷണരും പ്രൊഫസര്‍മാരും അവതരിപ്പിച്ച അക്കാദമിക് ഫ്രീഡം ഇന്‍ഡക്സില്‍ (എഎഫ്ഐ)ഉള്ളത്. ലോകമെമ്പാടുമുള്ള 2357 വിദഗ്ധരുടെ വിലയിരുത്തലുകള്‍, ചോദ്യാവലികള്‍, സുസ്ഥാപിത സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് എ എഫ് ഐ പ്രവര്‍ത്തനം. 2017-ല്‍ ജര്‍മന്‍ നഗരമായ കൊളോണില്‍ നടന്ന വിദഗ്ദ്ധ കണ്‍സള്‍ട്ടേഷനോടെയാണ് പദ്ധതി ആരംഭിച്ചത്, ഫ്രിറ്റ്‌സ് തൈസെന്‍ ഫൗണ്ടേഷന്റെ ധനസഹായത്തോടെ. 2019-ല്‍ ഫ്രെഡറിക്- അലക്‌സാണ്ടര്‍- യൂണിവേഴ്‌സിറ്റി എര്‍ലാംഗന്‍-നൂര്‍ന്‍ബര്‍ഗ്, വി ഡെം ഇന്‍സ്റ്റിറ്റ്യൂട്ട്, സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് നെറ്റ്വര്‍ക്ക് , ഗ്ലോബല്‍ പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ ഗവേഷകര്‍ ചേര്‍ന്ന് 2020-ല്‍ ആദ്യ പതിപ്പ് പുറത്തിറക്കി. കഴിഞ്ഞ പതിറ്റാണ്ടില്‍ അക്കാദമിക് സ്വാതന്ത്ര്യത്തില്‍ ആഗോളതലത്തില്‍ ദൃശ്യമായ വ്യാപകമായ ഇടിവാണ് എഎഫ്‌ഐ അപ്ഡേറ്റ് 2026 എടുത്തുകാണിക്കുന്നത്. 2015 25 കാലയളവില്‍ 50 രാജ്യങ്ങള്‍ അതില്‍ ഗണ്യമായ ഇടിവ് അനുഭവിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് രാജ്യ സ്വാതന്ത്ര്യത്തിന്മേല്‍ ഉരുക്കുമുഷ്ടി അമര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ സ്ഥിതിയെക്കാള്‍ ഭേദമായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ അധ്യാപന സ്വാതന്ത്ര്യം, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം, വിദഗ്ദ്ധര്‍ക്ക് നേരെ ചുഴറ്റുന്ന രാഷ്ട്രീയ തടസ്സങ്ങള്‍ , അക്കാദമിക് കൈമാറ്റത്തിന്റെയും വ്യാപനത്തിന്റെയും സ്വാതന്ത്ര്യം, സ്ഥാപന സ്വയംഭരണം, കാമ്പസ് സമഗ്രത. സാംസ്‌കാരികാവിഷ്‌കാരത്തിന്റെ അനുവാദം തുടങ്ങിയ വശങ്ങള്‍ പരിശോധിച്ചാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. സര്‍വകലാശാലകളുടെ ദൈംനദിന ഭരണനിര്‍വഹണത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും അനാവശ്യ ഇടപെടലുകള്‍ ഏറി. അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തോടെ നിലപാടുകള്‍ പറയാനുള്ള കാലാവസ്ഥ ഇടുങ്ങിവരികയുമാണ്. ഇന്ത്യന്‍ അക്കാദമിക് സ്വാതന്ത്ര്യം ലോകതലത്തില്‍ ഏറ്റവും പിന്നിലുള്ള രാഷ്ട്രങ്ങളുടെ ശ്രേണിയിലായി. 1900 2025 വരെയുള്ള ഒന്നേകാല്‍ നൂറ്റാണ്ട് കേന്ദ്രീകരിച്ച പഠനത്തില്‍ ഇന്നത്തെ അക്കാദമിക്-ഗവേഷണ സ്വാതന്ത്ര്യം രേഖപ്പെടുത്തിയതില്‍ ഏറ്റവും താഴെയാണ്. 179 രാജ്യങ്ങളെ വിലയിരുത്തിയതില്‍ ഇന്ത്യ 156-ാം സ്ഥാനമെന്ന ഞെട്ടിപ്പിക്കുന്ന പതനത്തിലാണ്.
വിജ്ഞാന വിരോധികള്‍
അതിന്റെ ഉറവിടം വിജ്ഞാന വിരോധികളായ ആര്‍എസ്എസാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും സൂപ്പര്‍ താരവുമായ പുനീതിന്റെ പുതിയ പ്രസ്താവന ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നു. സമൂഹത്തിലെ ജാതിവ്യവസ്ഥയെയും മതധ്രുവീകരണത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ മുസ്ലിങ്ങള്‍ ഉള്ളിടത്തോളം കാലം മാത്രമാണ് നമ്മള്‍ എല്ലാവരും ഹിന്ദുക്കള്‍ എന്ന ഒറ്റ അടയാളത്തില്‍ നിലനില്‍ക്കുന്നത്. അവരില്ലാത്ത സാഹചര്യം വന്നാല്‍ നമ്മള്‍ വീണ്ടും പഴയതുപോലെ ബ്രാഹ്‌മണനും ക്ഷത്രിയനും അയിത്തജാതിക്കാരനുമായി വിഭജിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഉടലെടുത്തതുതൊട്ട് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ഭാഗഭാക്കാവാതെ നിലകൊണ്ട ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയാണ് ആര്‍എസ്എസ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാഷ്ട്രീയ സംഘടനകളില്‍നിന്ന് അകന്നുനില്‍ക്കാന്‍ സ്ഥാപകന്‍ ഹെഡ്ഗേവാര്‍ നിര്‍ദേശിച്ചു. മുസ്ലിങ്ങളുമായി കൈകകോര്‍ക്കാനുള്ള ഗാന്ധിജിയുടെ നിര്‍ദേശത്തെ ചെവിക്കൊണ്ടതുമില്ല. ബ്രിട്ടീഷ് വിരുദ്ധമായി തോന്നിയേക്കാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഹെഡ്ഗേവാറിന്റെ ആഗ്രഹത്തിന് യോജിക്കുംവിധം വിട്ടുനിന്നു. 1930 ജനുവരി 26 ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ‘സ്വാതന്ത്ര്യദിനം’അക്കൊല്ലം ആര്‍എസ്എസ് കൊണ്ടാടിയെങ്കിലും പിന്നീട് നിലപാട് മാറ്റി. മൂവര്‍ണക്കൊടിയോടും അകല്‍ച്ച കാണിച്ചു. ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ ‘ദേശീയ പതാക’ എന്ന മുഖപ്രസംഗത്തില്‍ ഭഗവദ് ധ്വജത്തെ ദേശീയ പതാകയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 1947 ജൂലൈ 22 ന് ഭരണഘടനാ അസംബ്ലി ത്രിവര്‍ണക്കൊടി ദേശീയ പതാകയായി അംഗീകരിച്ചതിനെയും ആക്രമിച്ചു. ‘ഭഗവദ് ധ്വജിനു പിന്നിലെ രഹസ്യം’ലേഖനത്തില്‍ ഓര്‍ഗനൈസര്‍ ഇങ്ങനെ വിശദമാക്കി: വിധിയുടെ പ്രഹരത്താല്‍ അധികാരത്തിലെത്തിയവര്‍ നമ്മുടെ കൈകളില്‍ ത്രിവര്‍ണ പതാക നല്‍കിയേക്കാം. ഹിന്ദുക്കള്‍ ബഹുമാനിക്കുകയോ സ്വന്തമാക്കുകയോ ഇല്ല. മൂന്ന് എന്ന വാക്ക് തിന്മയാണ്, മൂന്ന് നിറമുള്ള പതാക മോശപ്പെട്ട മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന് ദോഷം വരുത്തുകയും ചെയ്യും. ത്രിവര്‍ണ പതാക തെരഞ്ഞെടുത്തതില്‍ ‘വിചാരധാര’യിലെ ഒരു ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ ഖേദം പ്രകടിപ്പിക്കുകയും ബൗദ്ധിക ശൂന്യതയായി വിലയിരുത്തുകയുമുണ്ടായി. നേതാക്കള്‍ പുതിയ പതാക സ്വീകരിച്ചു. മഹത്തായ ഭൂതകാലമുള്ള രാഷ്ട്രത്തിന് സ്വന്തം പതാകയില്ലായിരുന്നോ? ആയിരക്കണക്കിന് വര്‍ഷങ്ങളായി ദേശീയ ചിഹ്നമില്ലായിരുന്നോ? ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് പൂര്‍ണ ശൂന്യത. ഭരണഘടനയെ ആര്‍എസ്എസ് അംഗീകരിച്ചില്ല. ‘മനുവിന്റെ നിയമങ്ങള്‍’ പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനവുമുയര്‍ത്തി. സ്വാതന്ത്ര്യാനന്തരവും എതിര്‍പ്പ് തുടര്‍ന്നു. 1966-ല്‍ ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യില്‍ കുറിച്ചു: ഭരണഘടന പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഭരണഘടനകളില്‍ നിന്നുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത സങ്കീര്‍ണവും വൈവിധ്യപൂര്‍ണവുമായ ഘടന മാത്രം. നമ്മുടേതെന്ന് വിളിക്കാവുന്ന ഒന്നുമില്ല. ദേശീയ ദൗത്യം എന്താണെന്നും ജീവിതത്തിലെ മുഖ്യ ആകര്‍ഷണം ഏതാണെന്നും മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഒരു വാക്ക് പരാമര്‍ശിക്കുന്നുണ്ടോ? ഇല്ല.

സ്വകാര്യ സൈന്യത്തിന്റെ സ്വഭാവമുള്ള സംഘടന
ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സ്ഥാനമേറ്റതുമുതല്‍ ആര്‍എസ്എസിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഗാന്ധി വധശേഷം സംഘടനയുടെ നിരോധനം പിന്‍വലിക്കണമെന്ന് ഗോള്‍വാള്‍ക്കര്‍ എഴുതിയപ്പോള്‍, വര്‍ഗീയത കാരണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമാണെന്നതിന് തെളിവുണ്ടെന്നായിരുന്നു മറുപടി. 1947 ഡിസംബറില്‍ പ്രവിശ്യാ ഗവണ്‍മെന്റുകളുടെ തലവന്മാര്‍ക്ക് ആര്‍എസ്എസ് സ്വകാര്യ സൈന്യത്തിന്റെ സ്വഭാവമുള്ള സംഘടനയാണെന്നും നാസി വഴികളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും നെഹ്റു എഴുതി. 1948 ജനുവരി 30ന് ഗാന്ധിജിയെ വധിച്ചതിനെ തുടര്‍ന്ന് പ്രമുഖ നേതാക്കള്‍ അറസ്റ്റിലാവുകയും ഫെബ്രുവരി നാലിന് നിരോധിക്കപ്പെടുകയും ചെയ്തു. നേതാക്കളെ ഗൂഢാലോചനക്കേസില്‍നിന്ന് സുപ്രിംകോടതി കുറ്റവിമുക്തരാക്കി ആഗസ്തില്‍ വിട്ടയച്ചതിനെ തുടര്‍ന്ന് നിരോധനം നീക്കാന്‍ ഗോള്‍വാള്‍ക്കര്‍ നെഹ്റുവിന് കത്തെഴുതി. ആഭ്യന്തരമന്ത്രിയുടെ ഉത്തരവാദിത്തമാണതെന്നായിരുന്നു മറുപടി. ഗോള്‍വാള്‍ക്കര്‍ വല്ലഭായ് പട്ടേലുമായി കൂടിയാലോചന നടത്തി. അദ്ദേഹം ചില ഉപാധികള്‍വെച്ചു. ആ നിലപാടിനെതിരെ ഗോള്‍വാള്‍ക്കര്‍ പ്രക്ഷോഭം തുടങ്ങി. തുടര്‍ന്ന് വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധി വധശേഷം ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ പൊതുസുരക്ഷയ്ക്ക് അപകടമാണെന്ന് പട്ടേല്‍ കാണാന്‍ തുടങ്ങി. നിരോധനം നീക്കിയതുമായി ബന്ധപ്പെട്ട് 1948 സെപ്തംബര്‍ 11 ന് ഗോള്‍വാള്‍ക്കര്‍ക്ക് നല്‍കിയ മറുപടിയില്‍, വിഭജന വേളയില്‍ ഹിന്ദുക്കളെ സഹായിക്കുകയും സംരക്ഷിക്കുകയുംചെയ്ത് ആര്‍എസ്എസ് ഹിന്ദുസമൂഹത്തിന് സേവനം ചെയ്തുവെങ്കിലും പ്രതികാരത്തോടെ മുസ്ലിങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചുവെന്നും പറഞ്ഞു. ആര്‍എസ്എസിന്റെ പ്രസംഗങ്ങള്‍ വര്‍ഗീയ വിഷം നിറഞ്ഞതായിരുന്നുവെന്നും തദ്ഫലമായി ഇന്ത്യയ്ക്ക് ഗാന്ധിയെ നഷ്ടപ്പെടേണ്ടിവന്നുവെന്നും അഭിപ്രായപ്പെട്ടു. ആ വധം ആഘോഷിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കുള്ളില്‍ ആര്‍എസ്എസിന് സ്വന്തം സൈന്യമുണ്ടെന്ന് വിമര്‍ശിച്ചു. 1949 ജൂലൈ 11-ന് നിരോധനം നീക്കി. ഭരണഘടനയോടുള്ള വിശ്വസ്തതയും ദേശീയ പതാകയോടുള്ള സ്വീകാര്യതയും ബഹുമാനവും ആര്‍എസ്എസ് ഭരണഘടനയില്‍ കൂടുതല്‍ വ്യക്തമാക്കുമെന്ന് ഗോള്‍വാള്‍ക്കര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
സവര്‍ക്കറെ രാഷ്ട്രപിതാവാക്കുന്നവര്‍
നരേന്ദ്ര മോദി 2014 മെയ് 26ന് പ്രധാനമന്ത്രിയായതോടെ വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന വാദമുയര്‍ത്തി. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ സംശയാസ്പദമായ പങ്കിനെക്കുറിച്ച് രാജ്യവ്യാപക ചര്‍ച്ചകള്‍ നടന്നതിനെത്തുടര്‍ന്ന് തീരുമാനം മാറ്റി. ജയില്‍ ജീവിതത്തിന്റെ കാഠിന്യങ്ങള്‍ക്കിടയിലും സവര്‍ക്കറുടെ ശരീര ഭാരം 25 പൗണ്ട് കൂടിയത് മറക്കാനാവാത്തതാണ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആര്‍എസ്എസ് രേഖകളില്‍ ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, സുഖ്ദേവ്, രാജ്ഗുരു, അഷ്ഫാഖുള്ള ഖാന്‍ തുടങ്ങിയ രക്തസാക്ഷികളെയും ജീവന്‍ ബലിയര്‍പ്പിച്ച നൂറുകണക്കിന് വിപ്ലവകാരികളെയും സംബന്ധിച്ച് ഒരു വരിപോലുമില്ല. അക്കാലത്തേ ഇന്ത്യന്‍ ജനാധിപത്യത്തെ കൊല്ലാന്‍ അവര്‍ പദ്ധതിയിട്ടു. 1945 ലെ പൊലീസ് റിപ്പോര്‍ട്ട് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള അതിന്റെ രഹസ്യ ആഗ്രഹം കാണിക്കുന്നു. 1945 സെപ്തംബര്‍ ഒമ്പതിന് സ്വാതന്ത്ര്യത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതിന് പിന്നാലെ പ്രധാന നേതാക്കള്‍ നാഗ്പൂര്‍ ആസ്ഥാനത്തിരുന്ന് വരാനിരിക്കുന്ന ജനാധിപത്യം ഇല്ലാതാക്കാനുള്ള പദ്ധതിചര്‍ച്ച ചെയ്തു. ആ യോഗത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ പൊലീസ് റിപ്പോര്‍ടുണ്ട്. നാസിസവുമായുള്ള ആര്‍എസ്എസ് ബന്ധങ്ങളും വിട്ടുകളയാനാവില്ല. ഇറ്റലി സന്ദര്‍ശിക്കുകയും മുസോളിനിയെ കാണുകയും ഫാസിസ്റ്റ് സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുകയും അവയില്‍ വളരെയധികം മതിപ്പുളവാവുകയുംചെയ്ത ഹിന്ദു മഹാസഭാ നേതാവ് ബി എസ് മൂഞ്ചെയുടെ ഉറച്ച അനുയായിയാണ് ഹെഡ്ഗേവാര്‍. ഇന്ത്യ ഹിന്ദുക്കളുടെയും അവരുടെ വാക്കുകള്‍ കേള്‍ക്കുന്നവരുടെയും ഭൂമിയാണെന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിച്ചതാകട്ടെ സവര്‍ക്കറും.
തടവറയില്‍നിന്നുള്ള മോചനത്തിന് സവര്‍ക്കര്‍ ഏഴ് മാപ്പപേക്ഷകള്‍ നല്‍കി. 1920-ലെ ഹര്‍ജിയില്‍, ‘ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ ചേരാനും ദീര്‍ഘകാലത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുമുള്ള സന്നദ്ധത’ അറിയിച്ചു. ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ഗവര്‍ണര്‍ ജനറല്‍ കൗണ്‍സിലിലെ ആഭ്യന്തര അംഗമായ സര്‍ റെജിനാള്‍ഡ് ക്രാഡോക്കിന് വി ഡി സവര്‍ക്കര്‍ (കുറ്റവാളി നമ്പര്‍ 32778) സമര്‍പ്പിച്ച ദയാഹര്‍ജി പുനര്‍നിര്‍മിച്ചിച്ചത് ഞെട്ടിക്കുന്ന കാര്യമാണ്. ദയാ ഹര്‍ജി അയച്ചശേഷം ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന വ്യവസ്ഥയിലാണ് ആന്‍ഡമാനില്‍നിന്നും പിന്നീട് യെര്‍വാഡ ജയിലില്‍നിന്നും മോചിപ്പിച്ചതെന്നും ആ വാഗ്ദാനം പാലിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചുവെന്നും ഓര്‍മിക്കേണ്ടതാണ്. – 1906-07 ഘട്ടത്തിലെ ആവേശകരവും നിരാശാജനകവുമായ സാഹചര്യത്തില്‍ സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയില്‍നിന്ന് നമ്മെ വഞ്ചിച്ച മുള്ളുള്ള പാതകളില്‍ ഇനി ഇന്ത്യയുടെയും മനുഷ്യത്വത്തിന്റെയും നന്മയുള്ള ആരും അന്ധമായി കാലുകുത്തില്ല. അതിനാല്‍ ഗവണ്‍മെന്റ് മോചിപ്പിച്ചാല്‍ ആ പുരോഗതിയുടെ പ്രധാന വ്യവസ്ഥയായ ഇംഗ്ലീഷ് സര്‍ക്കാരിനോടുള്ള ഭരണഘടനാ പുരോഗതിയുടെയും വിശ്വസ്തതയുടെയും ഏറ്റവും ഉറച്ച വക്താവ് താന്‍ മാത്രമായിരിക്കും. ജയിലുകളിലായിരിക്കുന്നിടത്തോളം ഇന്ത്യയിലെ രാജാവിന്റെ വിശ്വസ്ത പ്രജകളുടെ ആയിരക്കണക്കിന് വീടുകളില്‍ യഥാര്‍ഥ സന്തോഷം ഉണ്ടാവില്ല. കാരണം ചോര വെള്ളത്തെക്കാള്‍ കട്ടിയുള്ളതാണ്. എന്നാല്‍ മോചിതമായാല്‍ ജനങ്ങള്‍ സഹജമായി സന്തോഷത്തിന്റെയും നന്ദിയുടെയും ആര്‍പ്പുവിളി ഉയര്‍ത്തുംക്ഷമിക്കാനും തിരുത്താനും അറിയുന്ന സര്‍ക്കാരിന്. കൂടാതെ ഭരണഘടനാ പാതയിലേക്കുള്ള തന്റെ പരിവര്‍ത്തനം ഇന്ത്യയിലും വിദേശത്തുമുള്ള വഴിതെറ്റിക്കപ്പെട്ട എല്ലാ യുവജനങ്ങളെയും തിരികെ കൊണ്ടുവരും. ഒരിക്കല്‍ തന്നെ വഴികാട്ടിയായി കണ്ടിരുന്നവരാണവര്‍. സര്‍ക്കാരിന് ഇഷ്ടമുള്ള ഏത് പദവിയിലും സേവിക്കാന്‍ തയ്യാറാണ്. ധൂര്‍ത്തനായ പുത്രന് സര്‍ക്കാരിന്റെ മാതാപിതാക്കളുടെ വാതിലുകളിലേക്കല്ലാതെ മറ്റെവിടെയ്ക്കാണ് മടങ്ങാന്‍ കഴിയുക? ഇക്കാര്യങ്ങള്‍ ദയാപൂര്‍വം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഓര്‍മകളും സംഭാവനകളും
ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാളായ ഷെഹ്നായി സുല്‍ത്താന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഓര്‍മകള്‍ അദ്ദേഹം താമസിച്ചിരുന്ന, പഠിച്ച, വായിച്ച ക്ഷേത്രനഗരമായ വാരണാസിയിലെ കോണുകളില്‍ തങ്ങിനില്‍ക്കുന്നുണ്ട്. തൊട്ടപ്പുറം ഗംഗ ഒഴുകുന്നു. യുവാവായിരിക്കെ ഖാന്‍ പുലര്‍ച്ചെ നാലു മണി തൊട്ട് സൂര്യന്‍ ഉദിക്കുംവരെയും ഉച്ചതിരിഞ്ഞ് അസ്തമിക്കുംവരെയും മണിക്കൂറുകള്‍ പരിശീലിച്ചതും അവിടെ. ബാലാജി, മംഗളഗൗരി ക്ഷേത്രങ്ങളുടെ കവലയിലുള്ള നൗബത്ത് ഖാനയില്‍ ഷെഹ്നായിയുടെ സംഗീതം നിശബ്ദമായിട്ട് ഏറെക്കാലമായെങ്കിലും അദ്ദേഹം അവിടെ പലമട്ടില്‍ ജീവിക്കുന്നു. 1947 ആഗസ്ത് 15-ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘നിയോഗവുമായുള്ള കൂടിക്കാഴ്ച’ പ്രസംഗത്തിന് മുമ്പ് ചെങ്കോട്ടയില്‍ രാഗകാഫി വായിച്ച് രാജ്യസ്വാതന്ത്ര്യം പ്രഖ്യാപിച്ച ശാസ്ത്രീയ സംഗീതജ്ഞനായ ബിസ്മില്ലാ ഖാന്‍, ഹിന്ദു-മുസ്ലിം സമന്വയ സംസ്‌കാരത്തിന്റെ ദീപസ്തംഭവുമായിരുന്നു. – വിദ്യാര്‍ഥിയായിരിക്കെ മൂന്ന് കൊല്ലത്തിലധികം അദ്ദേഹം പിന്തുടര്‍ന്നുവന്ന ഇരു മതങ്ങളിലെയും പതിവ് പ്രഭാത ആചാരങ്ങളുടെ വിചിത്രമായ മിശ്രിതം. ഗംഗയില്‍ മുങ്ങിക്കുളി, സമീപത്തെ ആലംഗീര്‍ മോസ്‌കില്‍ പ്രഭാത നിസ്‌കാരം, മണ്‍വിളക്ക് കത്തിച്ച ശേഷം നൗബത്ത് ഖാനയിലെ കളി എന്നിങ്ങനെയായിരുന്നു ദിനചര്യ. വൈഷ്ണവ് ജാന തോ, രഘുപതി രാഘവ് രാജാ റാം, ഗംഗാ ദ്വാരേ ബധൈയ്യ ബജെ എന്നീ ഗാനങ്ങളാണ് ഖാനെ ശ്രദ്ധേയ സംഗീതജ്ഞനായി ഉയര്‍ത്തിയതും. ‘ഞങ്ങള്‍ ഗംഗയില്‍ കുളിച്ച്, മസ്ജിദില്‍ നമസ്‌കരിച്ച്, ക്ഷേത്രത്തില്‍ സംഗീതം വായിച്ചാണ് ജീവിച്ചത്. ആ സാഹോദര്യമാണ് ഇന്ത്യ’യെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍പോലും ചിലരില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കാലമാണിത്. വെറും ഐതിഹ്യങ്ങളെയും കെട്ടുകഥകളെയും ചരിത്രമാക്കി വിശദീകരിക്കുന്ന ആര്‍എസ്എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കലാപങ്ങളുംആക്രമണങ്ങളും അഴിച്ചുവിടുകയാണ്. രാമനെ ചരിത്ര പുരുഷനാക്കി അവതരിപ്പിച്ച് വംശഹത്യ നടപ്പിലാക്കുന്നതിന് ഏറ്റവും മികച്ച ആയുധമായി രാമായണത്തെ ദുരുപയോഗം ചെയ്തുവരുന്നുമുണ്ട്. ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്നും ലോകത്തെ ആദ്യ ആകാശ വാഹനം പുഷ്പക വിമാനമാണെന്നും ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ അവകാശപ്പെടുകയുമുണ്ടായി.
ഏറിവരുന്നു മുസ്ലിം വധങ്ങള്‍
ഇന്ത്യയിലെമ്പാടും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും ഏറിവരുന്നതായി ചില റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2026 ഇതുവരെ 44 പേര്‍ വധിക്കപ്പെട്ടു. ഏറ്റവും മാരകമായ വര്‍ഷമാണ് വരാന്‍ പോകുന്നതെന്നാണ് നിരീക്ഷണം. മെയ് മുതല്‍ ജൂലൈ വരെമാത്രം സംഖ്യ 25 ആണെന്നാണ് സൗത്ത് ഏഷ്യ ജസ്റ്റിസ് കാംപെയ്നിന്റെ ഇന്ത്യ പെര്‍സിക്യൂഷന്‍ ട്രാക്കര്‍ രേഖപ്പെടുത്തിയത്. കൊലപാതകങ്ങള്‍ക്ക് പുറമേ അറസ്റ്റ്, സ്വത്ത് പൊളിച്ചുമാറ്റല്‍, കസ്റ്റഡി മരണങ്ങള്‍, ബംഗ്ലാദേശുമായുള്ള അതിര്‍ത്തിക്ക് സമീപം നിര്‍ബന്ധിത പുറത്താക്കല്‍ തുടങ്ങിയ ഭരണകൂട നടപടികളുടെ വിപുലമായ രീതിയും ആവര്‍ത്തിക്കുന്നു. ഈ വര്‍ഷം രാജ്യവ്യാപകമായി 3000- മുസ്ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും തകര്‍ത്തു. ആറ് സംസ്ഥാനങ്ങളിലായി രണ്ട് മാസത്തിനുള്ളില്‍ നശിപ്പിക്കപ്പെട്ടതാകട്ടെ 23 പള്ളികള്‍. രാത്രികാല ഓപ്പറേഷനുകള്‍ക്കിടെ അതിര്‍ത്തി വേലിയിലെ വിടവുകളിലൂടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കപ്പുറത്തേക്ക് ആട്ടിപ്പായിക്കുന്നു. ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്ന് മുദ്രയടിച്ചുള്ള ഔദ്യോഗിക പരാമര്‍ശങ്ങള്‍ മുസ്ലിങ്ങളെ വിദേശികളായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിവേചനത്തിന് പ്രേരിപ്പിക്കുന്നതാണെന്നുമുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധികളുടെ മുന്നറിയിപ്പുകളും റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട്. വ്യാപകമായ ദുരുപയോഗങ്ങള്‍ സംബന്ധിച്ച് ഒരു കോടതിയുടെ പ്രധാന വിധിന്യായത്തെ എടുത്തുകാണിക്കുകയുമുണ്ടായി. മുസ്ലിം യുവാവിനെ തല്ലിക്കൊന്നതിന് 14 ഹിന്ദു ഗോരക്ഷകര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച ജഡ്ജിക്ക് ഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിയുംവന്നു.
അലഹബാദ് ഹൈക്കോടതിയുടെ ചിന്തോദ്ദീപകമായ പരാമര്‍ശം
ഭൂരിപക്ഷ വികാരത്തിന് ഭരണഘടനാ അവകാശങ്ങളെ മറികടക്കാന്‍ കഴിയില്ല ഇസ്ലാം മതം സ്വീകരിച്ച സഹോദരിമാരെ തടവിലാക്കിയതിനെക്കുറിച്ച് അലഹബാദ് ഹൈക്കോടതി 2026 ആഗസ്ത് ആറിന് നടത്തിയ പരാമര്‍ശം ചിന്തോദ്ദീപകമാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് വിശ്വാസം, താമസസ്ഥലം, ബന്ധങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാനുള്ള അവകാശം മാതാപിതാക്കളുടെ അധികാരം, സാമൂഹിക യാഥാസ്ഥിതികത, ഭൂരിപക്ഷ വികാരം, ഭരണനിര്‍വഹണത്തിലെ നിഷ്‌ക്രിയത്വം എന്നിവയാല്‍ മറികടക്കാന്‍ കഴിയില്ലെന്നായിരുന്നു നിരീക്ഷണം. ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് സ്വമേധയാ മതം മാറിയതിനെ തുടര്‍ന്ന് അച്ഛന്‍ നിയമവിരുദ്ധമായി തടങ്കലില്‍ വച്ച രണ്ട് പ്രായപൂര്‍ത്തിയായ സഹോദരിമാര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ജസ്റ്റിസ് സന്ദീപ് ജെയിന്‍ ഉത്തരവിട്ടു. അവരുടെ മൗലികാവകാശങ്ങള്‍ ലംഘിച്ചതിന് അച്ഛനും ഉത്തര്‍പ്രദേശ് സര്‍ക്കാരും സംയുക്തമായി ബാധ്യസ്ഥമാണെന്നും വിധിക്കുകയുണ്ടായി. ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ സംസ്ഥാന സംവിധാനം പരാജയപ്പെട്ടെന്നും മൗലികാവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്നതിന് മൗന പിന്തുണ നല്‍കിയെന്നും സംശയാതീതമായി വെളിപ്പെടുത്തുന്നുവെന്നും വിശദീകരിച്ച കോടതി എക്‌സിക്യൂട്ടീവ് നിഷ്‌ക്രിയത്വത്തിനും ഭരണഘടനാപരമായ നിസ്സംഗതയ്ക്കും ജുഡീഷ്യല്‍ അംഗീകാരം ലഭിക്കില്ലെന്നും പറഞ്ഞു. ആത്മീയ സംതൃപ്തി, മനസഃമാധാനം, മനഃസാക്ഷി സ്വാതന്ത്ര്യം എന്നിവയാല്‍ പ്രചോദിതരായി സ്വമേധയാ ഇസ്ലാം സ്വീകരിച്ചതായി ഇരു സ്ത്രീകളും കോടതിയില്‍ നിരന്തരം പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. നിര്‍ബന്ധം, അനാവശ്യ സ്വാധീനം, വഞ്ചന, പ്രലോഭനം അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സാഹചര്യങ്ങള്‍ എന്നിവയ്ക്ക് കീഴിലാണ് പ്രവര്‍ത്തിച്ചതെന്ന് സൂചിപ്പിക്കുന്ന ഒരു രേഖയുമില്ല. കേസിലെ കേന്ദ്രബിന്ദു അവര്‍ക്ക് പ്രായപൂര്‍ത്തിയായ പദവിയാണെന്നും കോടതി വ്യക്തമാക്കി.
പശ്ചിമ ബംഗാളിലുടനീളമുള്ള പള്ളികള്‍, മദ്രസകള്‍, ഈദ്ഗാഹുകള്‍, മസാറുകള്‍ എന്നിവയുടെ കമ്മിറ്റികള്‍ക്കിടയില്‍ വിതരണം ചെയ്ത സര്‍വേ ഫോമുകള്‍ സംബന്ധിച്ച് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ (എപിസിആര്‍) സംസ്ഥാന സര്‍ക്കാരില്‍നിന്നും പൊലീസില്‍നിന്നും വിശദീകരണം തേടുകയുണ്ടായി. മതസ്ഥാപനങ്ങളുടെ മാനേജ്മെന്റിനെയും നിലയെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഫോമുകളില്‍ ഉള്‍പ്പെടുത്തണമെന്ന് എപിസിആര്‍ ആവശ്യപ്പെട്ടു. മതപരമായ ബന്ധം, ഭൂമിയുടെ ഉടമാവകാശം, ധന സ്രോതസ്സുകള്‍, വിദേശ സന്ദര്‍ശകരോ വിദ്യാര്‍ഥി കളോ, മുന്‍ കേസുകള്‍, എഫ്ഐആറുകള്‍, കുറ്റപത്രങ്ങള്‍, ചില രാഷ്ട്രീയ, സംഘടനാ വിശദാംശങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.ലഭ്യമായ ഫോമുകളുടെ പകര്‍പ്പുകളില്‍ വിജ്ഞാപനം, മെമ്മോ നമ്പര്‍, തീയതി, വിവരങ്ങള്‍ ശേഖരിക്കുന്നതിന് അംഗീകാരം നല്‍കുന്ന പ്രത്യേക നിയമ വ്യവസ്ഥ എന്നിവ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൗരാവകാശ സംഘടന ആ പ്രക്രിയയുടെ നിയമപരമായ അടിസ്ഥാനത്തെ ചോദ്യംചെയ്തു. മതസ്ഥാപനങ്ങളെക്കുറിച്ചുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ ഉള്‍പ്പെടുന്ന നടപടിക്രമം വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലും നിര്‍വചിക്കപ്പെട്ട നിയമ ചട്ടക്കൂടിനുള്ളിലും മാത്രമേ നടത്താവൂ എന്നാണ് സംഘടന ആവശ്യപ്പെട്ടത്.
മുന്‍ മുഴുവന്‍ സമയ പ്രചാരക് അമിത് ഷായ്ക്ക് അയച്ച കത്ത്
ആര്‍എസ്എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നിവയെ ഭീകര സംഘടനകളായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് മുന്‍ മുഴുവന്‍ സമയ പ്രചാരക് യശ്വന്ത് സഹ്ദേവ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്കും കത്തെഴുതി. 2000 കളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ പിടിച്ചുകുലുക്കിയ ബോംബ് സ്ഫോടന പരമ്പരകളില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മോഹന്‍ ഭഗവത്, ഇന്ദ്രേഷ് കുമാര്‍, വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ എന്നിവരെ അറസ്റ്റുചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. 1990 മുതല്‍ ഷിന്‍ഡെ മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി സേവനമനുഷ്ഠിച്ച ശേഷം സംഘടനയില്‍ നിന്ന് പുറത്തുപോയി. ബോംബ് തയ്യാറാക്കാനുള്ള പരിശീലന സംഘത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 2003- ല്‍ പരാന്ദെയുടെ നേതൃത്വത്തില്‍ 20 പേര്‍ക്കൊപ്പം തനിക്ക് ബോംബ് നിര്‍മാണ പരിശീലനം ലഭിച്ചതായും ഷിന്‍ഡെ വ്യക്തമാക്കി. 2006 ഏപ്രിലില്‍ നാന്ദേഡ് സ്‌ഫോടനവുമായി ബന്ധപ്പെട്ട വിചാരണയുടെ ഭാഗമായിരുന്നു സ്‌ഫോടനാത്മകമായ സാക്ഷ്യം. ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന ഒരാളുടെ വീട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അയാളുടെ മകനും വിഎച്ച്പി പ്രവര്‍ത്തകനായ മറ്റൊരാളും കൊല്ലപ്പെട്ടു. ഔറംഗാബാദിലെ പള്ളി ലക്ഷ്യം വച്ചുള്ള അസംബ്ലി ഓപ്പറേഷന്‍ എന്നാണ് സിബിഐ സംഭവത്തെ വിശേഷിപ്പിച്ചത്. വാഷിങ്ടണില്‍ ഒട്ടേറെ മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍ഗ്രസ് ബ്രീഫിങ് ഉള്‍പ്പെടെ വിവിധ വേദികളില്‍ സംസാരിക്കവെ ഷിന്‍ഡെ ഗൂഢാലോചനയുടെ ചിത്രം വരച്ചുകാട്ടി. 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബോംബാക്രമണങ്ങള്‍ നടത്താന്‍ പരാണ്ഡെ ബിജെപിയില്‍ നിന്ന് കരാര്‍ വാങ്ങിയെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. താന്‍ സമ്മതിച്ചിരുന്നെങ്കില്‍ രാജ്യത്തുടനീളം നൂറുകണക്കിന് ബോംബാക്രമണങ്ങള്‍ നടക്കുമായിരുന്നുവെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
/indian-express-malayalam/media/media_files/uploads/2019/10/Mahatma-Gandhi.jpg)
1930 ഏപ്രിലില്‍ ഗാന്ധിജി തുടങ്ങിയ സത്യഗ്രഹത്തില്‍ ഹെഡ്ഗേവാര്‍ അണിനിരന്നെങ്കിലും സംഘടനയെ ഉള്‍പ്പെടുത്താന്‍ നിന്നില്ല. 1940- ല്‍ ആര്‍എസ്എസില്‍ പ്രധാന നേതാവായി ഉയര്‍ന്ന ഗോള്‍വാള്‍ക്കര്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍നിന്നുള്ള വിടുതല്‍ നയം തുടര്‍ന്നു. ബ്രിട്ടീഷുകാരുമായി പോരാടാതെ, മതത്തെയും സംസ്‌കാരത്തെയും പ്രതിരോധിച്ച് സ്വാതന്ത്ര്യം സ്വായത്തമാക്കുമെന്ന് സംഘടന പ്രതിജ്ഞയെടുത്തു. ബ്രിട്ടീഷ് വിരുദ്ധ ദേശീയതയെ വിമര്‍ച്ച ഗോള്‍വാള്‍ക്കര്‍ വിമോചന പ്രക്ഷോഭത്തിന്റെ കൈവഴികളിലെല്ലാം അത് നശീകരണ സ്വഭാവമുള്ള പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയെന്ന് വാദിച്ചു. ആര്‍എസ്എസിനുമേല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് ഒരു കാരണം നല്‍കാന്‍ ആഗ്രഹിച്ചില്ലെന്നര്‍ഥം. രണ്ടാം ലോകയുദ്ധ വേളയില്‍ ഏര്‍പ്പെടുത്തിയ എല്ലാ കര്‍ശന നിര്‍ദേശങ്ങളും പാലിച്ച് അദ്ദേഹം ആര്‍എസ്എസ് സൈനിക വിഭാഗം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി. തങ്ങള്‍ക്കെതിരായ ഒരു സിവില്‍ അനുസരണക്കേടിനെയും തുണണയ്ക്കുന്നില്ലെന്നും അക്കാരണത്താല്‍ അവരുടെ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാമെന്നും ബ്രിട്ടീഷുകാര്‍ നിലപാടെടുത്തു. പ്രസംഗകര്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടത് ആഭ്യന്തര വകുപ്പ് ശ്രദ്ധിച്ചു. ക്രമസമാധാന പ്രശ്നമായി ആര്‍എസ്എസിനെ വിലയിരുത്തിയില്ലെന്നര്‍ഥം. 1942 ആഗസ്ത് എട്ടിന് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍നിന്ന് സംഘം വിട്ടുനിന്നു. അതിന് ബോംബെ ഭരണകേന്ദ്രത്തിന്റെ അഭിനന്ദനവും ലഭിച്ചു. ആ മുന്നേറ്റത്തില്‍ തങ്ങള്‍ പങ്കെടുത്തിരുന്നില്ലെന്ന് ഗോള്‍വാള്‍ക്കര്‍ പിന്നീട് സമ്മതിച്ചു. 1946- ലെ റോയല്‍ ഇന്ത്യന്‍ നേവി കലാപത്തെയും തുണച്ചില്ല.

ജാവേദ് അക്തറിന്റെ ശക്തമായ മറുപടി
‘നിന്റെ പൂര്‍വികര്‍ ബ്രിട്ടിഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ അപ്പനപ്പൂപ്പന്മാര്‍ ദേശീയ വിമോചനത്തിനായി പോരാടി’ എന്നാണ് 2025 സ്വാതന്ത്രദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ച് ആശംസ നേര്‍ന്നതിനെ വിമര്‍ശിച്ചയാള്‍ക്ക് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ മറുപടിനല്‍കിയത്. എല്ലാ സഹോദരി സഹോദരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. സ്വാതന്ത്ര്യം ആരും നമുക്ക് പാത്രത്തില്‍ വച്ചു നീട്ടിയതെല്ലെന്ന് ഓര്‍ക്കണം. അതിനായി പോരാടിയവരെയും തടവില്‍ കിടന്നവരെയും തടവുശിക്ഷ അനുഭവിച്ചവരെയും നാം മറക്കരുത്. ഈ അമൂല്യ സമ്മാനത്തെ ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ആ ആശംസയ്ക്ക് ചുവടെയാണ് യുവാവ് പരിഹാസവുമായി എത്തിയത്. താങ്കളുടെ സ്വാതന്ത്ര്യദിനം ആഗസ്ത് 14ന് അല്ലേ എന്നായിരുന്നു പ്രതികരണം പാക്കിസ്ഥാനിലെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചായിരുന്നു സൂചന. മകനേ നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ അച്ഛനും മുത്തച്ഛനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കാലാപാനിയില്‍ കിടന്ന് മരിക്കുകയായിരുന്നു വെന്നായിരുന്നു അക്തറിന്റെ തിരിച്ചടി. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ആഴത്തിലുള്ള വേരുണ്ട് അദ്ദേഹത്തിന്റെ കുടുംബ വൃക്ഷത്തിന്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി ആന്‍ഡമാന്‍ ജയിലില്‍ കഴിയേണ്ടിവന്ന മുതുമുത്തച്ഛന്‍ ഫസല്‍ ഇ ഹഖ് ഹൈറാബാദി മുതല്‍ തുടങ്ങുന്നു അത്.
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍നിന്നും ആര്‍എസ്എസ് വിട്ടുനില്‍ക്കുകയായിരുന്നു. സൂഷ്മയായി പറഞ്ഞാല്‍ ഒറ്റുകൊടുത്തു. അതിന്റെ ന്യായീകരണം ‘നമ്മുടെ രാഷ്ട്രസങ്കല്‍പ്പത്തിന്റെ അടിസ്ഥാനമായ പ്രാദേശിക ദേശീയതയുടെയും പൊതുഅപകടത്തിന്റെയും സിദ്ധാന്തങ്ങള്‍ യഥാര്‍ഥ ഹിന്ദു രാഷ്ട്രത്തിന്റെ പ്രചോദനാത്മക ഉള്ളടക്കം നമ്മില്‍നിന്ന് നഷ്ടപ്പെടുത്തി, പല ‘സ്വാതന്ത്ര്യ’ പ്രസ്ഥാനങ്ങളെയും ഫലത്തില്‍ ബ്രിട്ടീഷ് വിരുദ്ധമാക്കി. അതിനെ ദേശസ്നേഹവും ദേശീയതയുമായി തുലനംചെയ്തു. ഈ പിന്തിരിപ്പന്‍ വീക്ഷണം മുഴുവന്‍ ഗതിയിലും വിനാശകരമായ ഫലങ്ങള്‍ സൃഷ്ടിച്ചു’വെന്നാണ്. അതിനനുസൃതമായി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുകയും സംഘടനയോട് അതിന്റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ബ്രിട്ടീഷുകാരെ അസ്വസ്ഥരാക്കുന്ന ഒന്നും ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചു. ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യുടെഅനുബന്ധം കാണുക: ‘നമ്മള്‍ വിശ്വസിക്കുന്ന ഏതൊരു കാര്യത്തിലും മുസ്ലിം അതോട് പൂര്‍ണമായും ശത്രുത പുലര്‍ത്തുന്നു. നമ്മള്‍ ക്ഷേത്രത്തില്‍ ആരാധിച്ചാല്‍ അതിനെ അശുദ്ധമാക്കും. പശുവിനെ ആരാധിച്ചാല്‍, അത് ഭക്ഷിക്കാന്‍ ആഗ്രഹിക്കും. പവിത്രമായ മാതൃത്വത്തിന്റെ പ്രതീകമായി സ്ത്രീയെ മഹത്വപ്പെടുത്തിയാല്‍ അവളെ പീഡിപ്പിക്കാന്‍ ആഗ്രഹിക്കും’. മതപരവും സാംസ്‌കാരികവും സാമൂഹികവുമായ എല്ലാ വശങ്ങളിലെയും ജീവിതരീതിയെ അദ്ദേഹം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. എല്ലാ കാതലിലും ആ വിദ്വേഷം ഉള്‍ക്കൊള്ളുകയും ചെയ്തു. ഗോസംരക്ഷണ പ്രവര്‍ത്തകന്‍ തന്നെ സമീപിച്ച് സംഭാവന ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ച സ്വാമി വിവേകാനന്ദന്‍ വിനാശകരമായ ക്ഷാമകാലത്ത് വിശക്കുന്ന സഹജീവികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ടോയെന്ന് തിരക്കി. പശുക്കളെ മാത്രമേ സഹായിച്ചിട്ടുള്ളൂവെന്നും മനുഷ്യന്റെ കഷ്ടപ്പാടുകള്‍ക്ക് കാരണം കര്‍മമാണെന്നും മറുപടി നല്‍കിയപ്പോള്‍ മനുഷ്യജീവിതത്തെ അവഗണിച്ചതിന് സ്വാമി അയാളെ ശാസിച്ചു. വിശക്കുന്നവരെ അവഗണിക്കുന്ന സംഘങ്ങളോട് സഹതാപമില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. തനിക്ക് ലഭിക്കുന്ന ഏതൊരു പണവും ആദ്യം മനുഷ്യര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നതിനും സേവനം ചെയ്യുന്നതിനും മാത്രമേ ഉപയോഗിക്കൂവെന്നും പ്രഖ്യാപിച്ചു. പട്ടിണി കിടക്കുന്നവര്‍ മുന്‍കാല കര്‍മഫലം അനുഭവിക്കുകയാണെന്ന അവകാശവാദത്തിന് നല്‍കിയ ഉത്തരമാവട്ടെ ഗോക്കള്‍ കര്‍മഫലത്താലാണ് കശാപ്പുകാരന്റെ കൈകളിലെത്തുന്നതെന്നും. പശുവിനെ നമ്മുടെ അമ്മ എന്ന് വിളിക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ സ്വാമി രൂക്ഷമായ പരിഹാസത്തോടെ പ്രസിദ്ധമായി മറുപടിനല്‍കി: അതേ അമ്മയാണെന്ന് മനസ്സിലായി; ഇത്രയും സമര്‍ഥരായ മക്കള്‍ക്ക് ജന്മം നല്‍കാന്‍ മറ്റാര്‍ക്കാണ് കഴിയുക?.

അന്വേഷിക്കുന്നത് പുതിയ വംശാവലി
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഒരു വംശാവലി ആര്‍എസ്എസ് ഇപ്പോഴും അന്വേഷിക്കുകയാണെന്നാണ് മോഹന്‍ ഗുരുസ്വാമി എഴുതിയത്. നേതാക്കളുടെ രചനകളും പ്രസംഗങ്ങളും തെളിയിക്കുന്നതാകട്ടെ വ്യത്യസ്ത കഥ. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ അവര്‍ വലിയ ആവേശമൊന്നും കാണിച്ചിരുന്നില്ല. ഗോള്‍വാള്‍ക്കറുടെ വാക്കുകളില്‍, എപ്പോഴും പതിവ് ജോലികളില്‍ മുഴുകേണ്ടതിന്റെ ആവശ്യകതയ്ക്ക് മറ്റൊരു കാരണവുമുണ്ട്. രാജ്യത്ത് കാലാകാലങ്ങളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കാരണം മനസ്സില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകുമായിരുന്നു. 1942-ല്‍ അത്തരമൊന്ന് ഉടലെടുത്തു. അതിനുമുമ്പ് 1930-31- ല്‍ പ്രസ്ഥാനം ഉണ്ടായിരുന്നു. ആ സമയത്ത് മറ്റ് പലരും ഡോക്ടര്‍ജി(ഹെഡ്ഗേവാര്‍)യുടെ അടുത്തേക്ക് പോയി. പ്രസ്ഥാനം സ്വാതന്ത്ര്യം നല്‍കുമെന്നും സംഘം പിന്നോട്ട് പോകരുതെന്നും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ആ സമയം ഒരാള്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് അറിയിച്ചപ്പോള്‍ ശരി, എന്നാല്‍ താങ്കളുടെ കുടുംബം ആര് പരിപാലിക്കുമെന്ന് തിരക്കിയപ്പോള്‍ രണ്ട് കൊല്ലത്തേക്ക് കുടുംബ ചെലവുകള്‍ നടത്താന്‍ മാത്രമല്ല, ആവശ്യകതകള്‍ക്കനുസരിച്ച് പിഴ അടയ്ക്കാനും മതിയായ വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നായി മറുപടി.വിഭവങ്ങള്‍ പൂര്‍ണമായും ഒരുക്കിയിട്ടുണ്ടെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് സംഘത്തിനായി പ്രവര്‍ത്തിക്കാന്‍ പുറത്തുവരൂവെന്നായിരുന്നു ഡോക്ടര്‍ജിയുടെ ഉപദേശം. വീട്ടില്‍ തിരിച്ചെത്തിയ അയാള്‍ ജയിലിലേക്ക് പോയില്ല, സംഘത്തിനായി പ്രവര്‍ത്തിച്ചതുമില്ലെന്നത് പ്രധാനം.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൈതൃകം കവരാന്‍ ശ്രമം
ഇപ്പോള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൈതൃകം കവരാന്‍ പരിശ്രമിക്കുകയാണ് ചില ശക്തികള്‍. ഗാന്ധിജിയെ വധിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ മധുരം വിതരണംചെയ്തത് അറിഞ്ഞപ്പോള്‍ ആര്‍ എസ്എസിനെ നിരോധിച്ചത് അദ്ദേഹമാണെന്ന് അവര്‍ ബോധപൂര്‍വം വിസ്മരിക്കുന്നു. പട്ടേലിനെ ആദ്യ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചുവെന്ന് ആരോപിച്ച് ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ വളച്ചൊടിക്കാനുള്ള സന്നദ്ധതയോ പ്രകടിപ്പിക്കുകയാണ് മോദി. കോണ്‍ഗ്രസ് അനൗപചാരികമായി പിന്തുടര്‍ന്ന ഭ്രമണ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ മൗലാന അബുള്‍ കലാം ആസാദ് പിന്മാറിയതിനെ തുടര്‍ന്ന് 1946- ജൂലൈ ആറിന് ജവഹര്‍ലാല്‍ നെഹ്റു പാര്‍ടി അധ്യക്ഷനായി എന്നതാണ് വാസ്തവം. പട്ടേല്‍ രംഗത്തുണ്ടായില്ല. മത്സരിച്ചിരുന്നെങ്കില്‍ നെഹ്റുവിനോട് തോല്‍ക്കുമായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഘടകമായി ആര്‍എസ്എസിനെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നേതൃത്വം വളരെയധികം ഉത്സാഹിക്കുന്നുണ്ട്. കൂടുതല്‍ ആദരവും വിശാല സ്വീകാര്യതയും നേടാനുള്ള ശ്രമമാണത്. ദേശസ്നേഹത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്നതായി ഊറ്റംകൊള്ളുന്ന ആ പാര്‍ടിക്ക് അത് അനിവാര്യവും ഉന്നത നേതൃത്വവും ബിജെപി കേഡറിലെ ബഹുഭൂരിപക്ഷവും ഉള്‍പ്പെടുന്ന ആര്‍എസ്എസ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമല്ലായിരുന്നുവെന്നത് ബിജെപിയെ ലജ്ജിപ്പിക്കുന്നു. കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ പാരമ്പര്യം ഇല്ലാത്തതിനാല്‍ മഹത്തായ ഭൂതകാലം നിരന്തരം പരാമര്‍ശിക്കുന്ന സംഘടനയ്ക്ക് രാഷ്ട്രീയമായി അസൗകര്യകരമാണത്. 1942 ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ പങ്കിനെ ആര്‍എസ്എസ് ഗംഭീരമായി അവതരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കഥയും കുപ്രസിദ്ധം. ജന്മനാടായ ബടേശ്വറില്‍ നടന്ന പരിപാടിയില്‍നിന്ന് അദ്ദേഹം സ്വയം പിന്മാറി കുമ്പസാര പ്രസ്താവന നടത്തിയതായി കണ്ടെത്തിയതോടെ അത് വലിയൊരു പരാജയത്തില്‍ കലാശിച്ചു. എനിക്ക് ഇഷ്ടികകള്‍ വീഴുംപോലെ തോന്നി. ആരാണ് മതില്‍ ഇടിച്ചുനിരത്തുന്നതെന്ന് അറിയില്ല, എന്നാല്‍ അതിന്റെ ഇഷ്ടികകള്‍ തീര്‍ച്ചയായും വീഴുകയായിരുന്നു. ഞാനും സഹോദരനും മൈപുരയിലേക്ക് പോകാന്‍ തുടങ്ങി, ഞങ്ങളുടെ പിന്നില്‍ ജനക്കൂട്ടം. അവര്‍ കന്നുകാലിക്കൂട്ടത്തില്‍നിന്ന് ആടുകളെ ബലമായി പുറത്താക്കി ബിച്ച്‌കോളിയിലേക്ക് നീങ്ങി. പത്തോ പന്ത്രണ്ടോ പേര്‍ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്നു. ഞാന്‍ 100 യാര്‍ഡ് അകലെ. സര്‍ക്കാര്‍ കെട്ടിടം പൊളിക്കുന്നതിന് ഞാന്‍ ഒരു സഹായവും നല്‍കിയില്ല. ശേഷം ഞങ്ങള്‍ വീടുകളിലേക്ക് പോയെന്നാണ് ആ കുറിപ്പില്‍.







No Comments yet!