Skip to main content

NOT ISRAEL ; ISRAHELL ഇസ്രയേലല്ല; ഇസ്രഹെല്‍

പ്രശസ്ത എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ലോക സഞ്ചാരിയുമായ അനില്‍കുമാര്‍ എ വിയുടെ തിങ്കള്‍ പംക്തി തുടരുന്നു…

നുറുങ്ങുകള്‍: 17

അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ വാസസ്ഥലങ്ങളില്‍നിന്ന് തുരത്താന്‍ ഇസ്രയേലി സൈനികരും കുടിയേറ്റക്കാരും ലൈംഗികാതിക്രമവും പീഡനവും അവലംബിക്കുന്നുണ്ടെന്ന മനുഷ്യാവകാശ നിയമ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും നേരിടുന്ന ആക്രമണങ്ങള്‍, നിര്‍ബന്ധിത നഗ്‌നത, അതിക്രമിച്ച് കയറുന്നതും വേദനാജനകവുമായ ഉടല്‍ പരിശോധനകള്‍, ജനനേന്ദ്രിയങ്ങള്‍ തുറന്നുകാട്ടല്‍ തുടങ്ങിയവയാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. വെസ്റ്റ് ബാങ്ക് പ്രൊട്ടക്ഷന്‍ കണ്‍സോര്‍ഷ്യത്തിനുവേണ്ടി ഗവേഷകര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട 16 ലൈംഗികാതിക്രമ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 83 അഭിമുഖങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അതില്‍ സഞ്ചാര നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നു. അവ കേസുകളില്‍ ഒരു ശതമാനം മാത്രമാണ്. അതിജീവിതര്‍ നേരിടുന്ന നാണക്കേടും അപമാനവും കാരണം കണക്ക് പൂര്‍ണമായും പുറത്തുവന്നിട്ടില്ല. അതിനാല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രാദേശിക സമൂഹങ്ങളില്‍ ധാരാളം ഗവേഷണം നടത്തേണ്ടിവന്നു. ലൈംഗികാക്രമം സമൂഹങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും വീടുകളും ഭൂമിയും ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ രൂപപ്പെടുത്താനും ദൈനംദിന ജീവിതരീതികളില്‍ മാറ്റം വരുത്താനും ദുരുപയോഗിക്കുന്നു. വെസ്റ്റ് ബാങ്കിലെ ലൈംഗികാതിക്രമവും നിര്‍ബന്ധിത കൈമാറ്റവും എന്ന പഠനം 2023 മുതല്‍ പലസ്തീനിയന്‍ സമൂഹങ്ങളിലും വീടുകളിലും ഏറിവരുന്ന ലൈംഗികാക്രമണങ്ങളുടെയും അപമാനത്തിന്റെയും വിവരണങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പലസ്തീനികളുടെ മേല്‍ മൂത്രമൊഴിക്കുക, ബന്ധിക്കപ്പെട്ട വ്യക്തികളുടെ അപമാനകരമായ ഫോട്ടോകള്‍ വിതരണം ചെയ്യുക, കക്കൂസ് ഉപയോഗിക്കുന്ന സ്ത്രീകളെ പിന്തുടരുക, സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ ഭീഷണി, അവരുടെ മുന്നില്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, പലായനത്തിന് ആക്കം കൂട്ടുന്ന മറ്റ് രീതികള്‍. ഒരു സ്ത്രീയെ രണ്ട് വനിതാ സൈനികര്‍ വേദനാജനകമായ ആന്തരിക പരിശോധനയ്ക്ക് വിധേയമാക്കി, കുടിയേറ്റക്കാര്‍ക്കൊപ്പം വീട്ടില്‍ കയറി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഇസ്രയേലി കുടിയേറ്റക്കാര്‍ വടക്കന്‍ ജോര്‍ദാന്‍ താഴ്വരയിലെ ഖിര്‍ബെറ്റ് ഹംസ സമൂഹത്തില്‍ നിന്നുള്ള 29 വയസുകാരന്‍ ഖുസായ് അബു അല്‍-കെബാഷിനെ നഗ്‌നനാക്കി, ജനനേന്ദ്രിയത്തില്‍ സിപ്പ് ടൈ ഇട്ടു, അന്താരാഷ്ട്ര പ്രവര്‍ത്തകരുടെ മുന്നില്‍ മര്‍ദിക്കുകയും ചെയ്തു. വാദി അസ്-സീഖ് ഗ്രാമത്തിലെ പലസ്തീനികളെ കൈകള്‍ വിലങ്ങിട്ട്, മര്‍ദ്ദിച്ചു, ശരീരത്തില്‍ മൂത്രമൊഴിക്കുകയുമുണ്ടായി. ചൂല് പിടി ലൈംഗികാവയവത്തില്‍ കയറ്റിയ ശേഷം ബലാത്സംഗത്തിന് ശ്രമിച്ചു. നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി പ്രചരിപ്പിക്കാനും മടിച്ചില്ല. ആര്‍ത്തവമുള്ള പെണ്‍കുട്ടികളെ പരിഹസിക്കുന്നത് പതിവാണ്. അക്രമ സാധ്യത പരിമിതപ്പെടുത്താന്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ ഉപേക്ഷിക്കുകയും സ്ത്രീകള്‍ ജോലി നിര്‍ത്തുകയും നേരത്തെയുള്ള നിര്‍ബന്ധിത വിവാഹങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യുന്നു.

സൈനിക നായയെ അഴിച്ചുവിട്ടുള്ള അതിക്രമം

ജൂത ഭീകരരുടെ പ്രവൃത്തികളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിര്‍ബന്ധമായും ഇടപെടണം

പലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാതിരിക്കുന്നതിനാലാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്നതെന്ന് ഇസ്രയേലി ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിലെ അധിനിവേശ പലസ്തീന്‍ പ്രദേശ വകുപ്പ് മേധാവി മിലേന അന്‍സാരി പറഞ്ഞു. സ്‌ഡെ ടീമാന്‍ സെന്ററിലെ തടവുകാരിയെ ബലാത്സംഗംചെയ്തത് വീഡിയോയില്‍ പകര്‍ത്തിയതിന്റെയും സദെ തെയ്മാന്‍ തടങ്കല്‍ പാലയത്തില്‍ തടവുകാരനെ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്തതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികള്‍ക്കെതിരായ കുറ്റപത്രം പിന്‍വലിച്ചത് അതിന് തെളിവാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ സംസ്‌കാരം വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അക്രമങ്ങള്‍ നടത്താന്‍ പ്രചോദനമാകുന്നു. സൈനികര്‍ക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം വ്യക്തമായ സന്ദേശം നല്‍കി. ഏറ്റവും പ്രധാന കേസ് വിചാരണ ചെയ്യേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ ലൈംഗികാതിക്രമത്തിന് ഉദ്യോഗസ്ഥര്‍ പച്ചക്കൊടി കാണിക്കുകയാണ്. പലസ്തീനികളെ ബലാത്സംഗം ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നതിനെക്കുറിച്ച് നെസെറ്റില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുപോലും ഒന്നും മിണ്ടിയില്ല. എന്നാല്‍ മുന്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ജൂത ഭീകരരുടെ പ്രവൃത്തികളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിര്‍ബന്ധമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പലസ്തീനികളെ ബലാത്സംഗം ചെയ്യാന്‍ സൈനിക നായ്ക്കളെ ഉപയോഗിക്കുന്നുണ്ടെന്ന് കുപ്രസിദ്ധമായ സ്‌ഡെ ടൈമാന്‍ പീഡന ക്യാമ്പിലെ രണ്ട് ഗാര്‍ഡുകള്‍ സമ്മതിച്ചതായി ഗാസയിലെ വംശഹത്യയെ എതിര്‍ക്കുന്ന ജിയോപൊളിറ്റിക്കല്‍ വിദഗ്ദ്ധന്‍ ഷൈല്‍ ബെന്‍-എഫ്രയിം പറഞ്ഞു. ക്രൂര പീഡനത്തിന്റെ തെളിവുകള്‍ അതിശയിപ്പിക്കുന്നതാണ്. നായയെയോ വടിയോ ഉപയോഗിച്ചുള്ള ലൈംഗികോപദ്രവമേറ്റവര്‍ക്ക് ജോലികള്‍ ചെയ്യാനോ സാധാരണ ജീവിതം നയിക്കാനോ കഴിയില്ലെന്നാണ് പിസിഎച്ച്ആറിലെ അന്താരാഷ്ട്ര അഭിഭാഷക ഓഫീസര്‍ ബാസല്‍ അല്‍സുറാനി നൊവാര മീഡിയയോട് പ്രതികരിച്ചത്. പലസ്തീനികളെ] നശിപ്പിക്കുക വംശഹത്യ ലക്ഷ്യത്തിന്റെ ഭാഗമാണ്.

സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്ത സ്‌കൂൾ

തെക്കന്‍ ലെബനണിലെ നിലംപരിശലാക്കലുകള്‍

2026 ഏപ്രില്‍ 20 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മൂന്ന് മിനിറ്റ് മുമ്പ് ലെബനണനിലെ ടയറില്‍ ആറ് കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലി വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്നുണ്ടായ നാശം അതിഭീകരമായിരുന്നു. തെക്കന്‍ ലെബനണിലെ ബിന്റ് ജ്‌ബെയില്‍ ജില്ലയിലെ കുനിന്‍ പട്ടണത്തിന് സമീപം പീരങ്കികള്‍ പ്രയോഗിച്ചതായി എന്‍എന്‍എ മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. തെക്കന്‍ മേഖലയില്‍ വീടുകള്‍, കെട്ടിടങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ബെയ്റ്റ് ലിഫ്, ഷാമ, ബിയ്യാദ, നഖൗറ ഗ്രാമങ്ങളിലെ ഒട്ടേറെ വീടുകള്‍ ബോബി ട്രാപ്പില്‍ പിടിച്ചെടുക്കുകയും നിരപ്പാക്കുകയും ചെയ്തു. തെക്കന്‍ ലെബനണിലെ സിവിലിയന്‍ കെട്ടിടങ്ങള്‍ വ്യവസ്ഥാപിതമായി നിരപ്പാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ഓരോ മേഖലയിലും പൊളിച്ചുമാറ്റപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം ട്രാക്ക് ചെയ്യുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് നാശത്തിന്റെ വ്യാപ്തി വിലയിരുത്തുന്നത്. ഖനന യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍ജിനീയറിങ് ഉപകരണങ്ങള്‍ പ്രദേശത്തേക്ക് എത്തിച്ചിരിക്കയാണ്. അവ പ്രവര്‍ത്തിപ്പിക്കുന്നത് പ്രതിഫലം പറ്റുന്ന ഇസ്രയേലി കരാറുകാരും. ഗാസയിലെ റാഫ, ബീറ്റ് ഹനൂന്‍ മാതൃകകള്‍ക്കനുസൃതമായി ലെബനണ്‍ അതിര്‍ത്തിക്കടുത്ത ഗ്രാമങ്ങളിലെ എല്ലാ വീടുകളും പൊളിച്ചുമാറ്റുമെന്ന് സൈനികകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പ്രഖ്യാപിച്ചു കഴിഞ്ഞു. ആക്രമണം അവസാനിച്ചുകഴിഞ്ഞാല്‍ ലിറ്റാനി വരെയുള്ള മുഴുവന്‍ പ്രദേശത്തും സൈന്യം നിയന്ത്രണം നിലനിര്‍ത്തുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തെക്കന്‍ ലെബനണ്‍ നഗരമായ ഖിയാമിലെ സര്‍ക്കാര്‍ സ്‌കൂളും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സൈന്യം തകര്‍ത്തു. ഒരു രാത്രി മുഴുവന്‍ പൊട്ടിത്തെറിയുണ്ടായി. കെട്ടിടം പൂര്‍ണമായും നിലംപരിശാവുകയും ചെയ്തു.

Bad optics? Israel jails soldiers who smashed Jesus statue in Lebanon
ഇസ്രയേലി സൈനികൻ തകർത്ത യേശുപ്രതിമ

തെക്കന്‍ ലെബനണില്‍ ഡെബെലിന്റെ സമീപം സ്ഥാപിച്ചിരുന്ന യേശുക്രിസ്തുവിന്റെ പ്രതിമ ഇസ്രയേലി സൈനികന്‍ ചുറ്റിക കൊണ്ട് അടിച്ചു തകര്‍ക്കുകയും അതിക്രമ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പങ്കുവെച്ചതും സ്ഥിതിഗതികളുടെ യഥാര്‍ഥ രൂപം വെളിപ്പെടുത്തുന്നതായി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം യഥാര്‍ഥമാണെന്ന് സൈന്യം സ്ഥിരീകരിച്ചു. ഡെബലിന്‍ സഭാ തലവന്‍ ഫാദര്‍ ഫാഡി ഫ്ളൈഫെല്‍ ബിബിസിയോട് പറഞ്ഞത്, നമ്മുടെ പവിത്രമായ കുരിശിനെയും എല്ലാ മതചിഹ്നങ്ങളെയും അപമാനിക്കുന്നത് ഞങ്ങള്‍ പൂര്‍ണമായും നിരസിക്കുന്നു. ഇത് മനുഷ്യാവകാശ പ്രഖ്യാപനത്തിന് എതിരാണ്, മാത്രമല്ല അത് നാഗരികതയെ പ്രതിഫലിപ്പിക്കുന്നില്ലെന്നുമാണ്. കഴിഞ്ഞ മാസം പാം ഞായറാഴ്ചയിലെ സ്വകാര്യ കുര്‍ബാനയ്ക്ക് ജറുസലേമിലെ ഉന്നത റോമന്‍ കത്തോലിക്കാ നേതാവിനെ ഹോളി സെപല്‍ച്ചര്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നിരുന്നു. ജറുസലേം ആസ്ഥാനമായ റോസിങ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ വിശുദ്ധ നാട്ടില്‍ ക്രിസ്തുമതത്തോടുള്ള പ്രത്യക്ഷമായ ശത്രുതയുടെ സമീപകാല വര്‍ധന വിവരിക്കുന്നുണ്ട്. അത് ധ്രുവീകരണത്തിന്റെയും തീവ്രദേശീയവാദ രാഷ്ട്രീയ പ്രവണതകളുടെയും തുടര്‍ച്ചയായ ആഴം ചിത്രീകരിക്കുന്നുവെന്നാണ് നിഗമനം.

Ahead of Easter this year, I mourn Father Pierre al-Rahi, the Maronite Catholic parish priest of Qlayaa in Marjayoun (South Lebanon) who stayed behind to support his parishioners only to be killed
ഫാദര്‍ പിയറി എല്‍ റായി

തെക്കന്‍ ലെബനീസ് ഗ്രാമമായ ക്ലായയിലെ ടയര്‍ രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന മരോണൈറ്റ് കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ പിയറി എല്‍ റായിയുടെ മരണം വേദനാജനകമായിരുന്നു. ഇടവകയ്ക്ക് സമീപം നടന്ന ആദ്യ ആക്രമണത്തില്‍ മുവിവേറ്റ സാധാരണക്കാരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്ക് ഓടിച്ചുകയറ്റിയതില്‍ അദ്ദേഹത്തിന് മാരകമായി പരിക്കേറ്റതെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. അതേ സ്ഥലത്ത് രണ്ടാമത്തെ ആക്രമണവും നടത്തി, അതില്‍ സ്ഥിതി ഗുരുതരമായി; സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പൗരോഹിത്യ ദൗത്യത്തോടുള്ള സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും സാക്ഷ്യപത്രമായിട്ടാണ് ഫാ. എല്‍ റായി തന്റെ ജീവിതം സമര്‍പ്പിച്ചതെന്ന്’ പാത്രിയാര്‍ക്കീസ് ബെച്ചാര ബൂട്രോസ് റായ് പറഞ്ഞു. ദൈവത്തിന്റെയും തന്റെ ജനതയുടെയും സേവനത്തില്‍ മുഴുകിയ പുരോഹിതന്റെ രക്തസാക്ഷിത്വം പ്രയാസകരമായ സമയങ്ങളില്‍ വിശ്വാസികളോടൊപ്പം തന്റെ അജപാലന ദൗത്യത്തില്‍ ഉറച്ചുനില്‍ക്കുന്നത് സഭയുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവാണ്. അക്രമത്തിന്റെയും യുദ്ധങ്ങളുടെയും ചക്രത്തില്‍ നിരപരാധികള്‍ വില കൊടുക്കേണ്ടിവരുന്ന ദുരന്തത്തെ ഇത് വീണ്ടും വെളിപ്പെടുത്തുന്നു, അതിനെതിരെ ഞങ്ങള്‍ വളരെക്കാലമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, രാജ്യത്തെ അതിന്റെ ദുരന്തങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനും ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍, നയതന്ത്രം എന്നിവ സ്വീകരിക്കാനും എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ജനജീവിതത്തിനും രാജ്യത്തിന്റെ ഭാവിക്കും ഭീഷണിയായ അര്‍ഥശൂന്യമായ യുദ്ധം 

കത്തോലിക്കാ ചാരിറ്റിയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ (എസിഎന്‍) പ്രോജക്ട് പങ്കാളിയായിരുന്ന ഫാദര്‍ എല്‍ റായ് 3000 ഇടവകക്കാര്‍ക്ക് സേവനം നല്‍കുന്നു. തെക്കന്‍ ലെബനണില്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയ്ക്കിടയിലും ഒട്ടേറെ പുരോഹിതന്മാരും സന്യാസിമാരും അവരുടെ സമൂഹങ്ങളില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായി കാണാം. നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വീടും ഭൂമിയും ഉപജീവനമാര്‍ഗവും ഉപേക്ഷിക്കാന്‍ തയ്യാറാകാതെ ഗ്രാമങ്ങളില്‍ തന്നെ തുടര്‍ന്നു. അതിര്‍ത്തിക്കടുത്ത ക്രിസ്ത്യന്‍ ഗ്രാമമായ ആല്‍മ എല്‍ ചാബിലെ വീടിന്റെ പൂന്തോട്ടത്തില്‍ മറ്റൊരു ലെബനീസ് പുരോഹിതന്റെ സഹോദരന്‍ സാമി ഗഫാരിയും കൊല്ലപ്പെട്ടു. സിവിലിയന്മാര്‍, മതനേതാക്കള്‍, ആരാധനാലയങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍, മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും ലക്ഷ്യമിട്ടുള്ള എല്ലാ ആക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും പാത്രിയാര്‍ക്കീസ് റായ് കൂട്ടിച്ചേര്‍ത്തു. മനുഷ്യാന്തസ്സിനും ജീവിതത്തിന്റെ പവിത്രതയ്ക്കും നേരെയുള്ള നഗ്‌നമായ ആക്രമണമായിട്ടാണ് ദാരുണ സംഭവത്തെ കാണുന്നത്. യുദ്ധത്തിന്റെയും ആയുധങ്ങളുടെയും യുക്തിയുടെ തുടര്‍ച്ച ലെബനണിലേക്കും മേഖലയിലേക്കും കൂടുതല്‍ കൊലപാതകങ്ങളും നാശവും കുടിയിറക്കവും മാത്രമേ കൊണ്ടുവരൂവെന്നും വിശദീകരിക്കുകയുണ്ടായി.

ലെബനണിലെയും മേഖലയിലെയും അന്താരാഷ്ട്ര സമൂഹത്തിലെയും എല്ലാ ഉദ്യോഗസ്ഥരോടും ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും ജനജീവിതത്തിനും രാജ്യത്തിന്റെ ഭാവിക്കും ഭീഷണിയായ അര്‍ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാന്‍ ഉടനടി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും വിവിധ പുരോഹിതര്‍ ആഹ്വാനംചെയ്തു. യുദ്ധങ്ങള്‍ക്കുള്ള വേദിയാകാനല്ല ലെബനണ്‍ സൃഷ്ടിക്കപ്പെട്ടത്, മറിച്ച് സഹവര്‍ത്തിത്വത്തിനുള്ള മാതൃരാജ്യവും സ്വാതന്ത്ര്യത്തിന്റെയും മാനുഷികാന്തസ്സിന്റെയും ദീപസ്തംഭവുമാകാനായിരുവെന്നും പ്രസ്താവിക്കുകയുമുണ്ടായി. പുരോഹിതന്റെ വധത്തിലും ഏറിവരുന്ന സിവിലിയന്‍ മരണങ്ങളിലും അഗാധ ദുഃഖം രേഖപ്പെടുത്തിയ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ മധ്യപൂര്‍വ ദേശത്തെ ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അപകടങ്ങള്‍ക്കിടയിലും തന്റെ സമൂഹത്തോടൊപ്പം തുടരാനും തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ ബാധിച്ച പ്രദേശത്തെ കുടുംബങ്ങളെ പിന്തുണയ്ക്കാനും തീരുമാനിച്ച സമര്‍പ്പിത പാസ്റ്ററായിട്ടാണ് പ്രാദേശിക പുരോഹിതര്‍ ഫാദര്‍ പിയറി എല്‍ റായിയെ വിശേഷിപ്പിച്ചത്.

നെതന്യാഹുവിനെതിരായി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ ഒപ്പിട്ട 124 രാജ്യങ്ങള്‍

ഗാസ വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി 2024 നവംബറില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായി പുറപ്പെടുവിച്ച – അറസ്റ്റ് വാറണ്ടില്‍ ഒപ്പിട്ട 124 രാജ്യങ്ങള്‍ക്ക് അവരുടെ മണ്ണില്‍ കാലുകുത്തുന്ന നിമിഷം ഇരുവരെയും തടങ്കലില്‍ വയ്ക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങളും നിയമപരമായ അനുസരണത്തെക്കാള്‍ സ്ഥാപനപരമായ നിശബ്ദതയാണ് തെരഞ്ഞെടുത്തത്. അഞ്ച് നോര്‍ഡിക് രാജ്യങ്ങള്‍ നട്ടെല്ലോടെ നിന്നു. ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍ എന്നിവ നെതന്യാഹു തങ്ങളുടെ പ്രദേശത്തോ വ്യോമാതിര്‍ത്തിയിലോ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ – യൂറോപ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ ദൈര്‍ഘ്യമേറിയ മെഡിറ്ററേനിയന്‍ ഇടനാഴികളിലൂടെ അന്താരാഷ്ട്ര യാത്ര വഴിതിരിച്ചുവിടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. സ്വിറ്റ്സര്‍ലന്‍ഡ് റോം സ്റ്റാറ്റിയൂട്ടില്‍ ഒപ്പുവച്ചതിനാല്‍ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അഞ്ച് നോര്‍ഡിക് രാജ്യങ്ങളുമായി സമാന കരാറില്‍ ഒപ്പുവച്ച 119 രാജ്യങ്ങള്‍ തങ്ങളുടെ നിയമപരമായ ബാധ്യതകളെ ആവശ്യകതകളായിട്ടല്ല, നിര്‍ദ്ദേശങ്ങളായി കണക്കാക്കാന്‍ ദിവസേന കാരണങ്ങള്‍ കണ്ടെത്തുന്നു.

പലസ്തീനികള്‍ക്കെതിരായ ഇസ്രയേലി അധിനിവേശ നീക്കങ്ങള്‍ നാസി ജര്‍മനിയുടെ ജൂതവിരുദ്ധ നടപടികള്‍ക്ക് സമാനമാണെന്ന് മധ്യ, കിഴക്കന്‍ യൂറോപ്പിലെ വലിയ വിഭാഗം ആളുകള്‍ വിശ്വസിക്കുന്നതായി വാര്‍സോ സര്‍വകലാശാലയുടെ ആന്റിസെമിറ്റിസത്തെക്കുറിച്ചുള്ള ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണത്തിനായുള്ള യുനെസ്‌കോ ചെയര്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി. പോളണ്ടാണ് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വിമര്‍ശനം രേഖപ്പെടുത്തിയത്45 ശതമാനം. കിഴക്കന്‍ യൂറോപ്പിലുടനീളമുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള ഹോളോകോസ്റ്റ് പഠനങ്ങളിലെ വിദഗ്ദ്ധ ഗവേഷണത്തില്‍ മറ്റ് രാജ്യങ്ങളും സമാന പ്രവണതകള്‍ കാണിച്ചു. സ്ലോവാക്യയില്‍ 42.7 ശതമാനം പേരും ഓസ്ട്രിയയില്‍ 41.3 ശതമാനവും താരതമ്യത്തോട് യോജിച്ചു. ജര്‍മനിയില്‍ പ്രതികരിച്ചവരില്‍ 40.5 ശതമാനം അതേ നിലപാട് പുലര്‍ത്തി. പോളിഷ് പാര്‍ലമെന്റില്‍ തീവ്ര വലതുപക്ഷ എംപി കോണ്‍റാഡ് ബെര്‍കോവിച്ച് നാസിസവുമായി ബന്ധപ്പെട്ട പ്രതീകമായ സ്വസ്തിക കൊണ്ട് അടയാളപ്പെടുത്തിയ ഇസ്രയേലി പതാക ഉയര്‍ത്തിയ വിവാദ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പഠനം പുറത്തുവന്നത്. ലെബനണില്‍ ഇസ്രയേല്‍ ഗാസ തന്ത്രം തന്നെയാണ് പ്രയോഗിക്കുന്നതെന്നാണ് സ്പാനിഷ് വിദേശ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് അഭിപ്രായപ്പെട്ടത്. 2026 ഫെബ്രുവരി 10 ന് സ്‌പെയിനിലെ മാഡ്രിഡിലുള്ള അറബ് ഹൗസില്‍ നടന്ന പരിപാടിയില്‍ പലസ്തീന്‍ അംബാസഡര്‍ ഹുസ്‌നി അബ്ദുല്‍ വാഹിദില്‍ നിന്ന് സ്റ്റേറ്റ് മെറിറ്റ് മെഡല്‍ സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി സാധാരണ ബന്ധം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചതായും അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാരുടെ സാധാരണ ജീവിതം തടയല്‍, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളുടെ നാശം, അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനം, ജനങ്ങളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള ഉത്തരവുകള്‍, യുഎന്‍ സേനയ്ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയുടെ മാതൃകയാണ് ലെബനണിലെ സാഹചര്യം പ്രതിഫലിപ്പിക്കുന്നതെന്ന് ആര്‍ടിവിഇയോട് ജോസ് മാനുവല്‍ അല്‍ബാരെസ് പറഞ്ഞു. അത് മധ്യപൂര്‍വ ദേശത്തെിന്റെ സ്ഥിരതയ്ക്കും ഇസ്രയേലിന്റെ സുരക്ഷയ്ക്കും വളരെ ഗുരുതരമായിരിക്കും.

മേഖലയെ ശാശ്വത യുദ്ധത്തിലേക്ക് നയിക്കുന്ന ഇസ്രയേലുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദ്ദം ശക്തമാക്കും. മനുഷ്യാവകാശങ്ങള്‍ നഗ്‌നമായി ലംഘിക്കപ്പെടുമ്പോള്‍ സാധാരണ ബന്ധം പുലര്‍ത്താന്‍ കഴിയില്ലെന്ന് ഇസ്രയേല്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനും യുഎസും ഇസ്രയേലും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായിട്ടും സംഘര്‍ഷം നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഒരു സൈനിക നടപടിയിലും സ്‌പെയിന്‍ പങ്കെടുക്കില്ലെന്നും അല്‍ബാരസ് വ്യക്തമാക്കി. നയതന്ത്ര പരിഹാരങ്ങളെ മാത്രമേ അനുകൂലിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ കപ്പലുകള്‍ക്കും വിവേചനമില്ലാതെ സ്വതന്ത്രവും സുരക്ഷിതവും തുറന്നതുമായ പാതയായി അത് തിരികെ വരണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ഭാവിയിലെ ഏത് സ്ഥിരീകരണ സംവിധാനവും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാനുമേല്‍ അനാവശ്യ യുദ്ധം അഴിച്ചുവിട്ടതിലൂടെ അമേരിക്കയും ഇസ്രയേലും ലോകം ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും മോശമായ ഊര്‍ജ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഫാത്തിഹ് ബിറോള്‍ 2026 മാര്‍ച്ച് 12 ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് പ്രവാഹത്തിന്റെ ചാലകമായ ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതത്തെ സ്തംഭിപ്പിച്ചു. ഉക്രെയ്‌നുമായുള്ള റഷ്യന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് പുറമേയാണിത്. കാരണം ഉക്രെയ്ന്‍ യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക വിതരണം ഇതിനകം വിച്ഛേദിച്ചിരുന്നു. 1973, 1979, 2022 വര്‍ഷങ്ങളിലെ മൊത്തം പ്രതിസന്ധികളെക്കാള്‍ സങ്കീര്‍ണമാണ് ആഗോള ഊര്‍ജ വിപണിയിലെ നിലവിലെ സ്ഥിതിയെന്നും ബിറോള്‍ ആദ്യം പറഞ്ഞിരുന്നു.

Orbán steps back after a landslide loss, vowing to rebuild Hungary's 'national side' :: WRAL.com
Viktor Orbán

ലോകമെമ്പാടും ഞെട്ടലുണ്ടാക്കിയ വിക്ടര്‍ ഓര്‍ബന്റെ കനത്ത പരാജയം

സ്വന്തം ഫിഡെസ് പാര്‍ടി മുന്‍ നേതാവ് പീറ്റര്‍ മാഗ്യാര്‍ എന്ന മറ്റൊരു വലതുപക്ഷ രാഷ്ട്രീയക്കാരനോടുള്ള ഹംഗറിയിലെ വിക്ടര്‍ ഓര്‍ബന്റെ കനത്ത പരാജയം ലോകമെമ്പാടും ഞെട്ടലുണ്ടാക്കി; എന്നാല്‍ ഇസ്രയേലിലും അമേരിക്കയിലുമാണ് കനത്ത ആഘാതമുണ്ടാക്കിയത്. യൂറോപ്പില്‍ നെതന്യാഹുവിന്റെ ഏറ്റവും അടുപ്പക്കാരനായിരുന്ന അദ്ദേഹം അമേരിക്കന്‍ വലതുപക്ഷത്തിനും സ്വീകാര്യന്‍. പാശ്ചാത്യ രാഷ്ട്രീയത്തിലെ ദേശീയ പോപ്പുലിസത്തിന്റെ മുന്നണിപ്പോരാളികളായ ഇരുവരും ജുഡീഷ്യല്‍ കീഴ്വഴക്കങ്ങള്‍ ഏറ്റെടുക്കുകയും മാധ്യമങ്ങളെ നേരിട്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നെതന്യാഹുവിനെ പോലെ ഓര്‍ബനും ആധിപത്യം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കൃത്രിമത്വവും ഉപയോഗിച്ചു. ഹംഗേറിയന്‍ വോട്ടര്‍മാര്‍ക്ക് പ്രേരണയായ സാമ്പത്തിക, രാഷ്ട്രീയ പരാതികള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രംപിനെയും വലയ്ക്കാനിടയുണ്ട്. ഓര്‍ബന്റെ

പരാജയം നെതന്യാഹുവിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട നഷ്ടമാണ്.
ഹംഗറിയില്‍ പല കാര്യങ്ങളും മാറില്ല. ഇസ്രയേലിനോടുള്ള സമീപനത്തെ സമതുലിതവും പ്രായോഗികവുമെന്ന് വിശേഷിപ്പിച്ച മഗ്യാര്‍ മധ്യപൂര്‍വ ദേശത്തെ നയം മാറാന്‍ സാധ്യതയുണ്ടെന്നാണ് സൂചന നല്‍കിയത്. 2024 ന്റെ ആരംഭത്തില്‍ ഗാസയിലെ ഇസ്രയേല്‍ വംശഹത്യയെക്കുറിച്ചുള്ള രണ്ട് ഇയു പ്രസ്താവനകള്‍ ഹംഗറി തടയുകയുണ്ടായി. പലസ്തീനിനെതിരായ യൂറോപ്യന്‍ യൂണിയന്‍ നടപടി ഹംഗറി എങ്ങനെ തടഞ്ഞുവെന്നതിന്റെ സാധാരണ ഉദാഹരണമാണത്. വിക്ടര്‍ ഓര്‍ബന്‍ ഇസ്രയേല്‍ അനുകൂല സെമിറ്റിസത്തിന്റെ പ്രതീകം കൂടിയായിരുന്നു. അത് ട്രംപിന്റെ ആന്റിസെമിറ്റിക്, സെനോഫോബിക്, ഇസ്ലാമോഫോബിക് അമേരിക്കന്‍ വലതുപക്ഷം ഉപയോഗപ്രദമായ ഉപകരണമാക്കി മാറ്റി. സര്‍വകലാശാകളെ ആക്രമിച്ചും അനുയായികളിലൂടെ മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം ഉറപ്പിക്കാന്‍ ശ്രമിച്ചും ട്രംപ് ഓര്‍ബന്‍ മാതൃക പിന്തുടരുകയായിരുന്നു. 2017-ല്‍ ഓര്‍ബന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആളുകളെ ഭയപ്പെടുത്താന്‍ ആന്റിസെമിറ്റിക് ഇമേജറി ഉപയോഗിച്ചു.
ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റര്‍ മഗ്യാര്‍ തന്റെ സര്‍ക്കാര്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യുടെ എല്ലാ അറസ്റ്റ് വാറണ്ടുകളും പാലിക്കുമെന്ന് പറഞ്ഞത് നെതന്യാഹുവിന്റെ ബുഡാപെസ്റ്റ് സന്ദര്‍ശനത്തിന് നിയമപരമായ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം. ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവെ ഹംഗറി ഐസിസിയില്‍ വീണ്ടും ചേരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അന്താരാഷ്ട്ര നിയമ ബാധ്യതകള്‍ നടപ്പിലാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വിശദീകരിക്കുകയുണ്ടായി. ഐസിസി അംഗമാണെങ്കില്‍ അന്വേഷിക്കപ്പെടുന്ന ഒരാള്‍ രാജ്യത്ത് പ്രവേശിച്ചാല്‍ കസ്റ്റഡിയിലെടുക്കണം. എല്ലാ സര്‍ക്കാര്‍ തലവന്മാര്‍ക്കും ഈ നിയമങ്ങളെക്കുറിച്ച് അറിയാം 1956-ലെ ഹംഗേറിയന്‍ വിപ്ലവത്തിന്റെ 70-ാം വാര്‍ഷിക അനുസ്മരണത്തിന് 2026 ഒക്ടോബറില്‍ നെതന്യാഹു നടത്തുന്ന സന്ദര്‍ശനത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യങ്ങള്‍ക്കിടയിലാണ് ഈ അഭിപ്രായങ്ങള്‍. വാര്‍ഷിക പരിപാടികള്‍ക്ക് ലോക നേതാക്കള്‍ക്ക് പൊതുവായ ക്ഷണം നല്‍കിയതായി സമ്മതിച്ച മഗ്യാര്‍ പക്ഷേ ഹംഗറി നിയമപരമായ ഉത്തരവാദിത്തങ്ങള്‍ മറികടക്കില്ലെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര ബാധ്യതകള്‍ അവഗണിക്കില്ലെന്നും സൂചിപ്പിച്ചു.

Reform UK - Wikipedia

നാടുകടത്തല്‍ പ്രഖ്യാപനവുമായി റിഫോം യുകെ നേതാവ് ഫരാജി

അധികാരത്തിലെത്തിയാല്‍ ആദ്യ ഭരണ കാലയളവില്‍തന്നെ 10 ലക്ഷത്തോളം വിദേശികളെ നാടുകടത്തുമെന്ന പ്രമുഖ ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും റിഫോം യുകെയുടെ നേതാവുമായ നെയ്ജല്‍ ഫരാജിന്റെ ഭീഷണി നിസാരമല്ല. ബ്രിട്ടനില്‍ അനധികൃതമായി പ്രവേശിച്ചവരെ പുറത്താക്കാനുള്ള കര്‍ക്കശ നടപടികളായിരിക്കും കൈക്കൊള്ളുക. അതുവഴി ലക്ഷക്കണക്കിന് പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്ന് മാത്രമല്ല ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികള്‍ വലിയ പരിധിവരെ ഒഴിവാക്കാനുമാവും. രാജ്യത്ത് അനധികൃതമായി എത്തിയവരുടെ ഭാരം ജീവിതകാലം മുഴുവന്‍ ചുമക്കേണ്ട ബാധ്യത ബ്രിട്ടീഷുകാര്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. തൊട്ടു മുമ്പത്തെ അഞ്ച് വര്‍ഷക്കാലത്തിനിടെ അഭയം ലഭിച്ച നാല് ലക്ഷം പേരുടെ കാര്യം പുനപരിശോധിക്കും. അക്കൂട്ടത്തില്‍പ്പെട്ട അനധികൃതമായി എത്തിയവരുടെയും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരുടെയും തുടരാനുള്ള അനുമതി റദ്ദാക്കുകയും ചെയ്യും. അതിനുപുറമെ ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അനധികൃതമായി എത്തിയ ആറ് ലക്ഷം പേരെയും നാടുകടത്തും. അവരില്‍ ഓരോരുത്തര്‍ക്കും സൗജന്യ വിമാന ടിക്കറ്റും 1000 പൗണ്ടും വീതം നല്‍കേണ്ടി വന്നാലും അതുവഴി അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഖജനാവിന് 1430 കോടി പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നും ഫരാജ് കണക്കുകൂട്ടുന്നു. അത്തരത്തില്‍ നാടുവിടാനുള്ള ഉത്തരവ് ലഭിക്കുന്നവരില്‍ മഹാഭൂരിപക്ഷവും സമാധാനത്തോടെ അനുസരിക്കും. താലിബാനുമായി ഡീലുണ്ടാക്കിയിട്ടുണ്ട്.

അതിനാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ക്കും തിരിച്ചു പോകാം. അമേരിക്കയില്‍ ട്രംപ് നടപ്പാക്കിയതു പോലൊരു കൂട്ട നാടുകടത്തല്‍ ബ്രിട്ടീഷ് ജനത ഇഷ്ടപ്പെടുമോയെന്ന ചോദ്യത്തിന് അവര്‍ സുതാര്യതയും നീതിയും ഇഷ്ടപ്പെടുന്നവരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. എന്നാല്‍ ഇത് ഗൗരവകരമായതോ പ്രായോഗികമായതോ ആയ പദ്ധതിയല്ല എന്നാണ് അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റെഫ്യൂജി കൗണ്‍സില്‍ വിദേശകാര്യ വിഭാഗം ഡയരക്ടര്‍ ഇംറാന്‍ ഹുസ്സൈന്റെ അഭിപ്രായം. ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ ഒത്തുതീര്‍പ്പായ ഫയലുകളും രേഖകളും പുനപരിശോധിക്കുന്നത് ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ക്കും. കോടതി വ്യവഹാരങ്ങള്‍ക്കും മറ്റും പൊതുഖജനാവില്‍ നിന്നും ഏറെ കാശ് പാഴാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാന നിലപാടാണ് ലിബറല്‍ ഡെമോക്രാറ്റുകളുടേതും. 2024 മുതല്‍ ക്ലാക്റ്റണ്‍-ഓണ്‍-സീയുടെ എംപിയായ നെയ്ജല്‍ ഫരാജ് ബ്രെക്‌സിറ്റ് പ്രസ്ഥാനത്തിലും കുടിയേറ്റം തടയുന്നതിനുള്ള പ്രചാരണങ്ങളിലും പ്രധാന പങ്കുവഹിക്കുന്നു. കര്‍ശന നാടുകടത്തല്‍ നയങ്ങള്‍ക്കുവേണ്ടി വാദിച്ചു വരികയുമാണ്. ബ്രെക്‌സിറ്റ് പാര്‍ടി നേതാവായിരുന്ന അദ്ദേഹം വെസ്റ്റ്മിന്‍സ്റ്ററില്‍ സീറ്റ് നേടാനുള്ള ഏഴ് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് പാര്‍ലമെന്റിലെത്തിയത്.

പരാജിതര്‍ പരാജിതര്‍ക്കായി രൂപകല്‍പ്പനചെയ്ത വിദേശനയത്തിന്റെ ഭ്രാന്തന്‍ സിദ്ധാന്തം

രാഷ്ട്രീയം, കല, സാഹിത്യം, ചരിത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ദി അറ്റ്‌ലാന്റിക്കില്‍ പംക്തി കൈകാര്യം ചെയ്തുവരുന്ന, ദി ഡേവിഡ് ഫ്രം ഷോ പോഡ്കാസ്റ്റിന്റെ അവതാരകനും ട്രംപോക്രസി (2018), ട്രംപോകാലിപ്സ് (2020) തുടങ്ങി 10 പുസ്തകങ്ങളുടെ രചയിതാവുമായ ഡേവിഡ് ഫ്രം എഴുതിയ ‘ഓണ്‍ലി ലൂസേഴ്സ് പ്ലേ ദി മാഡ്മാന്‍: ഡസ് ട്രംപ് സീം ക്രേസി? ഷുവര്‍. ക്രെഡിബിള്‍, നോട്ട് സോമച്ച്’ ( പരാജിതര്‍ മാത്രം ഭ്രാന്തന്‍ കളിക്കുന്നു: ട്രംപ് ഭ്രാന്തനാണെന്ന് തോന്നുന്നുണ്ടോ? തീര്‍ച്ചയായും. വിശ്വസനീയമാണ്, അത്രയല്ല’ എന്ന പഠനം ശ്രദ്ധേയമാണ്. വിദേശനയത്തിന്റെ ഭ്രാന്തന്‍ സിദ്ധാന്തം സംബന്ധിച്ച് മനസിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം അത് പരാജിതര്‍ പരാജിതര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് എന്നതാണ്. 1978-ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് എച്ച് ആര്‍ ഹാല്‍ഡെമാന്റെ ഓര്‍മക്കുറിപ്പില്‍ നിന്നാണ് ലോകം ആദ്യമായി ഭ്രാന്തന്‍ സിദ്ധാന്തത്തെക്കുറിച്ച് കേള്‍ക്കുന്നത്. നിക്‌സണ്‍ പറഞ്ഞു: അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ യുദ്ധം നിര്‍ത്താന്‍ എനിക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് വടക്കന്‍ വിയറ്റ്‌നാമീസ് ജനത വിശ്വസിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവിടെ പ്രതീക്ഷയില്ലാത്ത യുദ്ധം നേരിടുമ്പോള്‍ നിക്‌സണ്‍ ഭ്രാന്തനാണെന്ന് നടിച്ച് വടക്കന്‍ വിയറ്റ്‌നാമുകാരെ ഭീഷണിപ്പെടുത്തി മുഖം രക്ഷിക്കാന്‍ അനുവദിക്കുമായിരുന്നു. ജയിക്കുന്നുവെന്ന് തോന്നുമ്പോള്‍ ആരും ഭ്രാന്തന്‍ തന്ത്രം പ്രയോഗിക്കില്ല. ശക്തരും വിജയകരവുമായ ശക്തികള്‍ സ്ഥിരതയ്ക്കും പ്രവചനാതീതതയ്ക്കും പ്രാധാന്യം നല്‍കുന്നു. ശക്തരും വിജയകരവുമായി കാണപ്പെടാന്‍ ആഗ്രഹിക്കുന്ന ശക്തികളും അങ്ങനെ തന്നെ. ചൈനീസ് വിദേശമന്ത്രി ലോകത്തോട് സംസാരിക്കുമ്പോള്‍, ചൈന സ്ഥിരതയ്ക്കായി വിശ്വസനീയമായ ശക്തിയായിരിക്കുമെന്നും അനിശ്ചിത ലോകത്ത് ചൈന ഏറ്റവും വലിയ ഉറപ്പ് നല്‍കുന്നുവെന്നുമുമുള്ള ഭാഷ ഉപയോഗിക്കുന്നു.

യഥാര്‍ത്ഥ ശക്തിക്ക് വീമ്പിളക്കുകയോ അലറുകയോ ആവശ്യമില്ലെന്ന് അദ്ദേഹം മനസിലാക്കുന്നു. എന്നാല്‍ തങ്ങളുടെ ശക്തി ക്ഷയിച്ചുവരുന്നതായി തോന്നുന്നവര്‍ പൊട്ടിച്ചിരിച്ചേക്കാം. ഇറാനെതിരായ എട്ടാഴ്ചത്തെ യുദ്ധത്തില്‍ ട്രംപ് കണ്ടെത്തിയത് തന്റെ കൈവശമുള്ള ഒരു ശക്തിയും ലോക ഊര്‍ജ വിപണികളെ ശാന്തമാക്കാനോ തന്റെ വോട്ടെടുപ്പ് എണ്ണം കുറയ്ക്കാനോ കഴിയില്ലെന്നാണ്. ആസന്ന മുന്നേറ്റങ്ങള്‍ വാഗ്ദാനം ചെയ്യുകയെന്ന ഇരട്ട തന്ത്രമാണ് അദ്ദേഹം പരീക്ഷിച്ചത്, അതേസമയം ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തുന്നതിന് സമൂഹ മാധ്യമത്തില്‍ കൂടുതല്‍ അക്രമാസക്ത ഭീഷണികള്‍ പോസ്റ്റ് ചെയ്തു. അത് ഭ്രാന്തന്‍ തന്ത്രമാണെങ്കില്‍ ആഗ്രഹിച്ച നേട്ടം നേടുന്നതില്‍ പരാജയപ്പെട്ടു. ട്രംപ് ഇറാനിയന്‍ എതിരാളിയെക്കാള്‍ കൂടുതല്‍ കരാറുകള്‍ ആഗ്രഹിച്ചിരുന്നുവെന്ന് കാണാം. നല്ല നിയമം, കരാര്‍ കൂടുതല്‍ ആഗ്രഹിക്കുക നഷ്ടപ്പെടുന്ന പക്ഷമാണ്. പ്രതികൂല സാഹചര്യങ്ങളില്‍ അകപ്പെട്ടിരിക്കുന്ന ഭ്രാന്തന്മാരല്ലാത്ത നേതാക്കള്‍ക്കുള്ളതാണ് ഭ്രാന്തന്‍ തന്ത്രം. അത് വഞ്ചനയുടേതാണ്. ഭ്രാന്തന്‍ തന്ത്രജ്ഞന്‍ താന്‍ യഥാര്‍ഥത്തില്‍ ചെയ്യാന്‍ തയ്യാറാകാത്ത കാര്യങ്ങള്‍ക്ക് സജ്ജമാണെന്ന് നടിക്കുന്നു. ഈ സമീപനം വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു: എതിരാളികള്‍ക്ക് അങ്ങേയറ്റത്തെ നടപടിയുടെ ഭീഷണി ഗൗരവമായി എടുക്കാന്‍ കഴിയണം.ഈ തന്ത്രത്തില്‍ ട്രംപിന്റെ പ്രശ്‌നങ്ങള്‍ വിരോധാഭാസമാണ്. യാഥാര്‍ഥ്യത്തില്‍നിന്ന് അകന്നു നില്‍ക്കുന്നതിനാല്‍ അദ്ദേഹം ഭ്രാന്തനാണെന്ന് വിശ്വസിക്കാന്‍ വിദേശ നേതാക്കള്‍ തീര്‍ച്ചയായും തയ്യാറാണ്. അപകടസാധ്യതകള്‍ തെറ്റായി കണക്കാക്കുകയും എല്ലാത്തരം പദ്ധതികളും അട്ടിമറിക്കുകയും ചെയ്യുന്നത് അവര്‍ കണ്ടിട്ടുണ്ട്, ഉദാഹരണത്തിന് ചൈനയുമായുള്ള വ്യാപാര യുദ്ധങ്ങള്‍, 2021 ജനുവരി ആറിന് നടത്തിയ അട്ടിമറി ശ്രമം. എന്നാല്‍ സമ്മര്‍ദ്ദം ശരിക്കും വരുമ്പോള്‍ ട്രംപ് പിന്മാറുമെന്നും അവര്‍ക്കറിയാം. നാറ്റോയെപ്പോലെ ടാകോ (TACO) എന്നത് വളരെ പരിചിതമായ ചുരുക്കപ്പേരാണ്; ഇനിയത് ഉച്ചരിക്കേണ്ടതില്ല.

2025 മെയ് മാസത്തില്‍ വാള്‍സ്ട്രീറ്റില്‍ വൈറലായ TACO രാജ്യങ്ങളുടെ യൂണിയനല്ല മറിച്ച് ട്രംപ് ആവര്‍ത്തിക്കുന്ന ചിക്കന്‍സ് ഔട്ട് എന്നതിന്റെ സാമ്പത്തിക ചുരുക്കെഴുത്താണ്. ഫിനാന്‍ഷ്യല്‍ ടൈംസ് കോളമിസ്റ്റ് റോബര്‍ട്ട് ആംസ്‌ട്രോംഗ് ഉപയോഗിച്ച ആ പ്രയോഗം പ്രസിഡന്റായിരിക്കെ ട്രംപ് കാലത്ത് നിരീക്ഷിക്കപ്പെട്ട വിപണി രീതി വിവരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അത് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാവുകയും ചെയ്തു, പക്ഷേ പിന്നീട് ആ തീരുവകള്‍ പിന്‍വലിക്കുകയോ കുറയ്ക്കുകയോ ചെയ്തു. ചരിത്രത്തിലെ ഏറ്റവും നാടകീയമായ ടാകോ സംഭവം ഇറാനികള്‍ നടപ്പിലാക്കി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അവരുടെ മുഴുവന്‍ നാഗരികതയെയും ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇറാന് മുന്നില്‍ അത് വിലപ്പോയില്ല. – ഏറ്റവും കൂടുതല്‍ ഭയപ്പെടുത്താന്‍ ശ്രമിച്ച ഘട്ടത്തില്‍, അദ്ദേഹം കള്ളം പറയുകയാണെന്ന് ഇറാനികള്‍ ഊഹിച്ചു. വേദനയോടുള്ള നിസംഗത ഒഴികെ ഭ്രാന്തന്റെ എല്ലാ ഗുണങ്ങളും തനിക്കുണ്ടെന്ന് ട്രംപ് ലോകത്തെ പഠിപ്പിച്ചു. ഏകപക്ഷീയവും വേഗത്തിലുള്ളതും വിലകുറഞ്ഞതുമായ യുദ്ധങ്ങളാണ് അദ്ദേഹത്തിന് ഇഷ്ടം. കോണ്‍ഗ്രസിന്റെ സമ്മതം തേടില്ല; പൊതുജനാഭിപ്രായത്തെ ആകര്‍ഷിക്കാന്‍ കഴിയില്ല. തന്റെ സ്വാധീനം വളരെ ആഴത്തില്‍ താഴും മുമ്പ് യുദ്ധം അവസാനിക്കുമെന്ന് ചൂതാട്ടം നടത്തുന്നു. പുതിയ യുദ്ധം ദുഷ്‌കരമായപ്പോള്‍ പരിഭ്രാന്തനായി. ഇറാനികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അത് കാണാന്‍ കഴിഞ്ഞു. രക്തം കട്ടപിടിക്കുന്ന സോഷ്യല്‍ പോസ്റ്റുകളിലെ സത്യം – ഞെട്ടിപ്പിക്കുന്നവയായിരുന്നു. – നിരാശ പരിഹാരമല്ല. അതാണ് ഭ്രാന്തന്‍ തന്ത്രത്തിന്റെ ട്രംപ് പതിപ്പ്: തെരുവില്‍ ആളുകളോട് ജാമ്യത്തിനായി യാചിക്കുമ്പോള്‍. കുറുക്കനെപ്പോലെ ഭ്രാന്തന്‍ എന്ന പ്രയോഗത്തിന്റെ വിപരീതം എന്താണെന്നും ഡേവിഡ് ഫ്രം തെല്ലു ഫലിതം പുരട്ടി തിരക്കുന്നുണ്ട്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.