Skip to main content

GUSTAV KLIMT – വ്യവസ്ഥാപിത ലൈംഗികതയോട് പൊരുതിയ കാൻവാസുകൾ

എല്ലാ കാലഘട്ടത്തിലും ആഖ്യാനപുതുമകളിലൂടെ കലാ ലോകത്തെ അമ്പരപ്പിച്ചവരാണ് ഓസ്ട്രിയൻ ചിത്രകാരന്മാർ. വെത്യസ്തമായ ശൈലീ പ്രയോഗങ്ങളുടെ കൂട്ടായ്മകളുണ്ടാക്കി അതാതുകാലങ്ങളിൽ നിലപാട് പറഞ്ഞവർ., വെനീഷ്യൻ , ഫ്രഞ്ച് രീതികളിൽ നിന്ന് വെത്യസ്ഥമായി ചിത്രകലയോടൊപ്പം തന്നെ മറ്റു കലകളെയും ഉൾകൊണ്ടുള്ള സംഘങ്ങളുണ്ടാക്കി ആഘോഷിച്ചവർ.

ഗുസ്താവ് ക്ലിമ്റ്റിനേ കുറിച്ചുള്ള വർത്തമാനം വ്യതിരിക്തമാകുന്നത് ഒരുപക്ഷെ റിയലിസ്റ്റിക് രീതികളിൽ അദ്ദേഹമുണ്ടാക്കിയെടുത്ത അവഗാഹങ്ങളുടെ നിറവ് ആധുനികചിത്രങ്ങളിൽ സമന്വയിപ്പിച്ച രീതികളുടെ പ്രത്യേകതകൾ കൊണ്ടാണ്.

വിയന്ന സെസഷൻ എന്ന സംഘടന ഉണ്ടാക്കിയെടുക്കുന്നതും അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതമായ ക്ലിംമ്റ്റി ന്റെ ഇരുപതിലേറെ വർഷങ്ങളുടെ സമൃദ്ധമായ നൈതികോർജ്ജവും ഓസ്ട്രിയൻ കലാചരിത്രത്തിന്റെ ദിശാസൂചകങ്ങളാണ്. അതുവരെയുണ്ടായ മറ്റേത് ചിത്രകലാ പ്രസ്ഥാനങ്ങളെക്കാൾ വെത്യസ്തമായി ഗ്രാഫിക് ആർട്ടിസ്റ്റുകളും ആർക്കിടെക്ട്കളും ഉൾപ്പെട്ട ഈ സംഘടനയിൽ ആധുനികതയെ കുറിച്ചുള്ള ആസ്വസ്ഥചിന്തകൾ പല തലങ്ങളിലും കനലുകളായി ഘനീഭവിച്ചുകൊണ്ടിരുന്നു.

അവാന്റ് ഗാർഡ് സങ്കൽപ്പങ്ങൾ യൂറോപ്യൻ സംസ്കാരങ്ങളിലേക്ക് ഇരമ്പികയറാൻ തുടങ്ങിയ ആ കാലത്തെ വീക്ഷണങ്ങളുടെ പ്രായോഗികതയെക്കുറിച്ചുള്ള ആശയ സംഘർഷങ്ങൾ ഈ ആസ്വസ്ഥതകളുടെ സ്വാഭാവിക ബഹിർസ്ഫുരണങ്ങളായി. എല്ലാ ഗ്രൂപ്പംഗങ്ങളും ഒത്തുകൂടാറുള്ള വിയന്ന കോഫി ഷോപ്പിലെ നിരന്തരമായ വാഗ്വാദങ്ങൾക്കും കലഹങ്ങൾക്കും ഒടുവിൽ ക്ലിംറ്റ് 1905 ൽ താൻ തന്നെ സൃഷ്ടിച്ചെടുത്ത വിയന്ന സെസഷനിൽ നിന്ന് രാജി വെച്ചു.

Gustav Klimt and the Secession

Klimt Gruppe എന്ന പുതിയ സംഘടനക്ക് പിന്നീട് അദ്ദേഹം രൂപം കൊടുത്തത് ഗംഭീര പ്രവർത്തനങ്ങൾ കാഴ്ചവെക്കുക എന്നതിലുപരി ഒരു പ്രതിഷേധം രേഖപ്പെടുത്തുക എന്ന രീതിയിലായിയുന്നു.
അക്കാലത്തു സംഘടിപ്പിച്ച ചരിത്രപരമായ വിയന്ന എക്സിബിഷനിൽ നാല്പതോളം ചിത്രകാരന്മാർ പങ്കെടുത്തു.,
ആ പ്രദർശനത്തിൽ യൂറോപ്യൻ കലാനിരൂപകർ ക്ലിംറ്റി ന്റെ ചിത്രങ്ങളെ വിലയിരുത്തിയത്  ‘Powerful Eroticism and Powerful Psychological Approaches‘ എന്നായിരുന്നു .

പോസ്റ്റ്‌ ഇമ്പ്രെഷണിസ്റ്റ് കാലഘട്ടത്തിലെ മറ്റേതൊരു ചിത്രകാരനും ഇടപെട്ടിട്ടില്ലാത്ത ലൈംഗികതയും മന:ശാസ്ത്രവും സംഗീതവും ഇഴ പിരിച്ചുണ്ടാക്കിയ വിഷയങ്ങളാൽ സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ വിഷയ സമാഹരണങ്ങൾ. ജർമൻ തീയേറ്ററുകളുമായി ബന്ധപ്പെട്ട് 1899 ൽ ‘Schlimm’ എന്ന നാടകത്തിനു വേണ്ടി അദ്ദേഹം തെയ്യാറാക്കിയ ‘നേക്കഡ് ട്രൂത്‘ എന്ന ചിത്രത്തിലെ ഗുഹ്യരോമങ്ങളോടുകൂടിയ സ്ത്രീ കഥാപാത്രത്തെ വല്ലാത്ത ഞെട്ടലോടെയാണ് കലാസമൂഹം ഏറ്റെടുത്തത്. അന്നുവരെയുള്ള കലാകാരന്മാർക്കുണ്ടാവാതിരുന്ന ചങ്കൂറ്റത്തിന്റെ ഉന്നതികളിലായിരുന്നു പിന്നീടുള്ള ക്ലിംറ്റിന്റെ സപര്യകൾ.

Gold Fish

1901 ൽ വരച്ച സ്ത്രീയുടെ നഗ്ന നിതംബം നിറഞ്ഞുനിൽക്കുന്ന, ഗോൾഡ് ഫിഷ്‘ തന്റെ വിമർശകർക്ക് സമർപ്പിക്കുകയാണെന്ന ക്ലിംറ്റിന്റെ പ്രസ്താവന Decorative artist, Pornographic painter, Erotic artist തുടങ്ങിയ പല വിലയിരുത്തലുകളിലും അഭിരമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ വിമർശകർക് കൂടുതൽ കരുത്തു പ്രാപിച്ച വിമർശനോർജ്ജമാണ് ഉണ്ടാക്കിയത്.

ക്ലിംറ്റ് ആകട്ടെ സ്വയം സൃഷ്ടിച്ചു നിലനിർത്തിപ്പോന്ന ശ്രേണികളിൽ കടുകിട സമരസപ്പെടാതെ ആഖ്യാനങ്ങളുടെ പ്രത്യയശാസ്ത്ര വിജയം മാത്രം ലക്ഷ്യമാക്കി നടന്നു നീങ്ങി. സമകാലീനനായിരുന്ന സിഗ്മണ്ട് ഫ്രോയ്ഡ് പല മന: ശാസ്ത്ര പരീക്ഷണങ്ങളും അനുബന്ധങ്ങളും ക്ലിംറ്റിന്റെ ചിത്രങ്ങളുമായി ചേർത്തുവെക്കാൻ തുടങ്ങിയതും ആ കാലങ്ങളിലാണ്. വിയെന്ന സെസഷനിലെ വ്യവസ്ഥാനീരസങ്ങളുടെ പ്രതിഫലനമായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പാരീസ് യാത്ര.

 Schubert at the Piano

ഇമ്പ്രെഷനിസത്തിൽ ആകൃഷ്ടനായിട്ടാണെന്ന മറുവാദം നിലനിൽക്കുന്നുണ്ടെങ്കിൽ പോലും. 1900ത്തിൽ അദ്ദേഹം വരച്ച ‘Schubert at the piano‘ എന്ന ഇമ്പ്രെഷനിസ്റ്റ് ചിത്ര രീതികളിൽ നിന്ന് വ്യത്യസ്തമായ ചിത്രങ്ങൾ
പാരീസിലെ അന്തരീക്ഷങ്ങളിലുണ്ടാവുകയും ചെയ്തു.

The Virgins

1913 ൽ വരച്ച ’വിർജിൻ’ സ്ത്രീ ലൈംഗിക തൃഷണകളുടെ വ്യവസ്ഥാപിക സങ്കൽപ്പങ്ങൾക്ക് നേരെയുള്ള വെല്ലുവിളികളായിരുന്നു. ഇത് പക്ഷെ ആധുനികതയിലെത്തി എന്ന് പ്രഖ്യാപിക്കപ്പെട്ട ഫ്രഞ്ച് പോസ്റ്റ്‌ ഇമ്പ്രെഷണിസ്റ്റ് മൃദു യാഥാസ്ഥിതികർക്കിടയിൽ രൂക്ഷ ലൈംഗികതയായാണ് പരിണമിച്ചത്. തുടർന്നുള്ള എതിർപ്പുകൾ നിസ്സംഗമായി നേരിടുന്ന പോസ്റ്റ്‌ ഇമ്പ്രെഷനിസ്റ്റുകൾക്കിടയിലുള്ള ശക്തനായ ക്ലിംറ്റിനെയും നമുക്ക് കാണാൻ സാധിക്കും.

ആരംഭ ദശയിൽ കമ്മീഷൻ ജോലികളിൽ പുലർത്തിയ റിയലിസ്റ്റിക് രീതികൾ അദ്ദേഹം തുടർച്ചയായി അഭ്യസിച്ചിരുന്ന ഡ്യുറർ ന്റെ ചിത്രങ്ങളെ പോലും കടത്തിവെട്ടുന്നതായിരുന്നു.
1890 ൽ വരച്ച പിയാനോ വിദ്വാനായിരുന്ന Joseph Pembauerന്റെ പോർട്രൈറ്റ്, റിയലിസത്തിന്റെ അത്യുന്നതങ്ങളിലാണെങ്കിലും അതിന്റെ പശ്ചാത്തലത്തിലുണ്ടാക്കിയെടുത്ത ആധുനികമായ സംഗീത ബിംബകല്പനകൾ ഇന്നും സജീവ ചർച്ചകൾക്കിടനൽകുന്നുണ്ട്. ഒരുപക്ഷെ അദ്ദേഹത്തിന്റെ റിയലിസ്റ്റിക് ധാരണകൾക്ക് ഉണ്ടായ മാറ്റം തുടങ്ങുന്നതിവിടെയാണെന്ന് പറയാം.

Beethoven Frieze

ബൈസാന്റിയൻ കാലഘട്ടങ്ങളിലെ മൊസൈക് രൂപങ്ങളും , Japanees folk രീതികളുടെയും നിരന്തരമായ അഭ്യസിക്കലുകൾ ക്ലിംറ്റിന്റെ സ്കെച്ചു ബുക്കുകളിൽ വ്യക്തമാണ്., ഈ പഠനങ്ങൾ ഫ്രഞ്ച് ചിത്രകാരന്മാരുടെ പരിശീലനങ്ങൾ നമ്മളെ ഓർമിപ്പിക്കുമെങ്കിലും ഓസ്ട്രിയൻ ചിത്രകാരന്മാർ അതിൽ നിന്ന് സ്വാശീകരിച്ചതിന്റെ
ആലേപനങ്ങൾ എത്ര വ്യത്യസ്തമായിരുന്നു എന്നതും അന്നത്തെ ഒരു തപസ്സ്യ പോലുള്ള സ്‌കെച്ചുകൾ സാക്ഷ്യപ്പെടുത്തുന്നു.

അനാട്ടമിയുടെ നീട്ടിച്ചുരുക്കലുകൾ ഭ്രമാത്മകമാകുന്നത് മോഡി ഗ്ലിയാനിയിലൂടെയും ഹെൻറി മാറ്റിസ് ലൂടെയുമൊക്കെ നമ്മൾ അനുഭവിച്ചറിഞ്ഞവരാണെങ്കിലും ക്ലിംറ്റിന്റെ അനാട്ടമിയുടെ ധാരണാലംഘനങ്ങൾ അത്യപൂര്‍വമായ വേറിട്ട് നിൽക്കുന്ന ഒരു യാഥാർഥ്യമാണ് . ബിഥൊവനും ഷേക്‌സ്‌പിയറുമൊക്കെ കഥാപാത്രങ്ങളാവുകയും അവരുടെ ദർശനങ്ങളും തിയേറ്റർ സംസ്കാരങ്ങളും ക്ലിംറ്റുമായി കൂടിച്ചേരുമ്പൊഴുണ്ടായ മാന്ത്രികതയും അവസാനവര്ഷങ്ങളിലെ അഭൂതപൂര്ണമായ ഒരു ദൃശ്യാപാരതയായിരുന്നു .
ചുമരിൽ നേരിട്ട് വരച്ച ‘ബീഥോവനൻ ഫ്രിസ്’ എന്ന ചിത്രം വിഷയാധിക്യവും
ഗോൾഡ് ലീഫുകളടക്കം ഉപയോഗിച്ചുള്ള അന്നുവരെയുള്ള ശീലങ്ങൾക്ക് വിപരീതമായ നിറക്കൂട്ടുകളും ഗ്രീക്ക് പുരാണങ്ങളിലെ മെഡിയൂസ പോലുള്ള ബിംബങ്ങളുടെ കൂടിച്ചേരലുകളുമുണ്ടാക്കിയ അനുഭൂതികൾ ചെറുതായിരുന്നില്ല.

The Kiss

‘ദ മ്യൂസിക് ’, ‘ഡെത്ത് ആൻഡ് ലൈഫ്‘, ’ദ കിസ്സ്‘ തുടങ്ങി പിന്നീടുണ്ടായത് അന്നുവരെ കലാലോകം കണ്ടിട്ടില്ലാത്ത രൂപനിറവൈവിദ്യങ്ങളുടെ മായാജാലങ്ങളായിരുന്നു.

യൂറോപ്പ്യൻ കലാചരിത്രത്തിൽ സിംബലിസം എന്ന ഒരു രീതീവൈഭവത്തിന് തുടക്കമിടാനും ഇതിലൂടെ ക്ലിംറ്റിന് കഴിഞ്ഞു. പാരമ്പര്യ തൊഴിലായ ഗോൾഡ് ഇംഗ്രവിങ് ക്യാൻവാസിലേക്കും ചുമരുകളിലേക്കും ഗോൾഡ് ലീഫ് കളായി തന്റെ തനത് ശൈലീ വൽകൃതമായി വ്യാപിപ്പിക്കാനായത് പിതാവിന്റെയും സഹോദരന്റെയും മരണങ്ങൾക്ക് ശേഷമായിരുന്നു. ഓസ്ട്രിയൻ കലാചരിത്രത്തിലെ സുവർണയുഗമായി ക്ലിംറ്റിന്റെ ഈ കാലഘട്ടം അറിയപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ നശിച്ചുപോയ ക്ലിംറ്റിന്റെ പെയിന്റിങ്ങുകൾ പലതും ഇന്നും പുനരാവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. മറ്റേത് കലാകാരനെക്കാൾ ശൈലീ നിബന്ധനകളുടെ അച്ചടക്കത്തിലൂടെ സഞ്ചരിച്ച കലാകാരനായിരുന്നു ക്ലിംറ്റ്. സെൽഫ് പോർട്രൈറ്റ് ഉണ്ടാക്കാതിരുന്നതിലുള്ള അദ്ദേഹത്തിന്റെ വിശദീകരണങ്ങളും അവസാന നാളുകളിലെ തകൃതിയായ ലാൻഡ്സ്‌കേപ്പ് ചിത്രനിർമാണങ്ങളുടെ കാരണങ്ങളും ആവിഷ്കാരങ്ങളിലെ അസാമാന്യ ധൈര്യവും ഇനിയും കണ്ടെത്തി വിശദീകരിക്കപ്പെടേണ്ടതുണ്ട്.

2 Replies to “GUSTAV KLIMT – വ്യവസ്ഥാപിത ലൈംഗികതയോട് പൊരുതിയ കാൻവാസുകൾ”

Your Email address will not be published.