നവോത്ഥാനം പാശ്ചാത്യ ചിത്രകലയിൽ രൂപപ്പെടുത്തിയ പുതിയ ഭാവുകത്വത്തെ അവിടെനിന്നും മുന്നോട്ടുനയിച്ച് കലയിലും ജീവിതത്തിലും ഒരുപോലെ തന്റേതായ പുതിയ വഴി വെട്ടിത്തെളിച്ചു ജീവിച്ച് കേവലം മുപ്പത്തിയെട്ടാമത്തെ വയസ്സിൽ നിര്യാതനായ പ്രതിഭാശാലിയാണ് കരവാജിയോ (Caravaggio). നടപ്പുസമ്പ്രദായങ്ങളെ എതിർത്തുനിൽക്കുന്ന ‘ക്ഷുഭിതനും കലഹപ്രിയനും നിഷേധിയുമായ കലാകാരൻ’ എന്ന സങ്കൽപ്പത്തിന്റെ പാശ്ചാത്യലോകത്തെ ആദിമമാതൃകകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ജീവിതം.
ചരിത്രത്തിൽ നവോത്ഥാനത്തിനുശേഷം കടന്നുവരുന്ന ബാരോക് (Baroque) പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ പ്രതിനിധി ആയിട്ടാണ് കരവാജിയോയെപ്പറ്റി സാധാരണ പറയാറുള്ളത്. നവോത്ഥാനകാലത്തെ കലാകാരന്മാർ അവതരിപ്പിച്ച ആദർശാത്മക (Idealized) രൂപങ്ങൾക്ക് സാധാരണ മനുഷ്യന്റെ പരുക്കൻ രൂപഭാവങ്ങൾ നൽകി അവരെ മണ്ണിലേക്ക് ഇറക്കിക്കൊണ്ടുവരാൻ ശ്രമിച്ച ആദ്യത്തെ ആളുകളിൽ ഒരാൾ കരവാജിയോ ആയിരുന്നു.
1571 -ൽ ഇറ്റലിയിലെ മിലാൻ പ്രവിശ്യയിലാണ് കരവാജിയോ ജനിക്കുന്നത്. മൈക്കലാഞ്ചലോ മെറീസി (Michelangelo Merisi) എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥത്തിലുള്ള പേര്. കരവാജിയോ എന്ന പേര് അദ്ദേഹം ജനിച്ചുവളർന്ന ഗ്രാമത്തിന്റെ പേരിൽനിന്നും ചിത്രകാരൻ പിന്നീട് സ്വീകരിച്ചിട്ടുള്ളതാണ്.
പന്ത്രണ്ടാമത്തെ വയസ്സിൽ കരവാജിയോ മിലാനിലെ ഒരു മുതിർന്ന പ്രാദേശികചിത്രകാരന്റെ പണിശാലയിൽ അഥവാ സ്റ്റുഡിയോയിൽ പരിശീലനത്തിനായി ചേർന്നു. ഈ പരിശീലന കാലഘട്ടത്തെപ്പറ്റിയും അതിനുശേഷം ഏതാണ്ട് 1599 വരെയുള്ള സംഭവവികാസങ്ങളെപ്പറ്റിയും കൂടുതൽ ആധികാരികമായ വിവരങ്ങൾ നമുക്ക് ലഭ്യമല്ല.
മതനവീകരണത്തിനു ബദലായി കത്തോലിക്കാസഭ നേതൃത്വം കൊടുത്ത പ്രതിനവീകരണത്തിന്റെ (Counter Reformation) കാലഘട്ടമായിരുന്നു അത്. റോം കേന്ദ്രമാക്കി സഭ നിരവധി പുതിയ പള്ളികൾ നിർമ്മിക്കുകയോ നിലവിലുള്ളവ നവീകരിക്കുകയോ ചെയ്തുകൊണ്ടിരുന്ന കാലഘട്ടം. ഈ പള്ളികൾ ചിത്ര ശിൽപ്പ കലാകാരന്മാർക്ക് ധാരാളം അവസരങ്ങൾ നൽകിയിരുന്നു. ഈ അവസരങ്ങൾ അക്കാലത്ത് ചിത്രകാരന്മാരുടെ പ്രശസ്തിയെ നിർണ്ണയിക്കുകയും ചെയ്തിരുന്നു.
പരിശീലനം കഴിഞ്ഞ് കരവാജിയോ അവസരങ്ങൾ തേടി റോമിലേക്കുപോയി. അവിടെ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ആദ്യത്തെ ഒരാൾ ധനികനും കാലാഭിജ്ഞനുമായ കർദിനാൾ Del Monte ആയിരുന്നു. നിശ്ചല ദൃശ്യങ്ങളും ബാലന്മാരുടെയും മാലാഖാമാരുടെയും ചിത്രീകരണങ്ങളും ബൈബിൾ സംബന്ധിയായ വിഷയങ്ങളും മറ്റുമാണ് ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ചും കർദിനാളിന്റെ ആവശ്യപ്രകാരം, അദ്ദേഹം വരച്ചിരുന്നത്.
1599 -ൽ കരവാജിയോ ആദ്യമായി റോമിൽ ഒരു പള്ളിക്കുവേണ്ടി ചിത്രങ്ങൾ വരയ്ക്കാൻ നിയോഗിതനായി. ഏറെ അധ്വാനിച്ചുവരച്ച ആ ചിത്രങ്ങൾ അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. തുടർന്ന് സമാനമായ ധാരാളം അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.

1600 -1601 കാലഘട്ടത്തിൽ കരവാജിയോ വരച്ച സുപ്രസിദ്ധമായ ചിത്രമാണ് ‘The Supper at Emmaus’. പാശ്ചാത്യ ചിത്രകലയുടെ ചരിത്രത്തിൽ ബാരോക് എന്ന് വിളിക്കപ്പെടുന്ന കാലഘട്ടത്തിന്റെ അഥവാ പ്രവണതകളുടെ ഉത്തമോദാഹരണമാണ് ഈ ചിത്രം. ഉയിർത്തെഴുന്നേൽപ്പിനുശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട ക്രിസ്തു അവരോടൊപ്പം ഒരു സത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നതാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്ന സന്ദർഭം.
യഥാർത്ഥപ്രതീതി, അഥവാ കലാചരിത്ര സംബന്ധിയായി പറഞ്ഞാൽ ‘Realist’ പ്രതീതി, ജനിപ്പിക്കുന്ന അവതരണം, വെളിച്ചത്തിന്റെയും നിഴലിന്റെയും നാടകീയമായ വിന്യാസം, സ്ത്രൈണഭാവമുള്ള വ്യത്യസ്തമായ ക്രിസ്തുരൂപം, സാധാരണക്കാരായ തൊഴിലാളികളുടെയോ കർഷകരുടെയോ പ്രതീതി ജനിപ്പിക്കുന്ന മറ്റുള്ള കഥാപാത്രങ്ങൾ, കാണികളെ ഒരുതരം ഉദ്വേഗത്തിലേയ്ക്ക് കൊണ്ടുപോകുന്നതരത്തിലുള്ള അവരുടെ ശാരീരികനിലകൾ എന്നിങ്ങനെ നവോത്ഥാനകാലത്തെ മാതൃകകളിൽനിന്നും എടുത്തുപറയാവുന്ന പല പ്രത്യേകതകളും ഈ ചിത്രം ഉൾക്കൊള്ളുന്നുണ്ട്.

കരവാജിയോ
ജനനം: 1571
മരണം: 1610







No Comments yet!