/https%3A%2F%2Fengelsbergideas.com%2Fwp-content%2Fuploads%2F2024%2F06%2FFirst-World-War.jpg)
ഒരിക്കലും അവസാനിക്കാത്ത
യുദ്ധത്തിന് ഉത്തരവിട്ടതിനുശേഷം,
യുദ്ധം ആരംഭിച്ചു എന്ന്
വീണ്ടും ഉറപ്പുവരുത്തിയതിനു ശേഷം,
വിശ്രമിക്കാനായി മുറിയിലേക്ക് ചെന്ന
അയാളെ തേടി അവനെത്തി.
അവന്റെ ഉടുപ്പുകള്‍ ചേറു പുരണ്ടിരുന്നു.
കീറിപ്പറിഞ്ഞിരുന്നു.
അവന്റെ ചെരുപ്പുകള്‍ തേഞ്ഞുപോയിരുന്നു.
കാഴ്ച്ചയില്‍ അവനൊരു കുട്ടിയായിരുന്നു
കഷ്ടിച്ച് പത്തുവയസ്സ് പ്രായം.
എന്നാല്‍
അവന്റെ ഹൃദയം കനംവെച്ചിരുന്നു.
അയാള്‍ ഹൃദയത്തിന്റെ ഭാഷ അറിയാത്തവനാണ്
അതിനാല്‍ അയാളത് മനസ്സിലാക്കിയില്ല.
അവന്റെ മേല്‍ നിറയെ
ചോരപ്പാടുകളുണ്ടായിരുന്നു.
അയാളുടെ പതുപതുത്ത,
വെള്ള പരവതാനി വിരിച്ച മുറിയില്‍
ചോരപുരണ്ടു
അവനെയാകമാനം ചോര മണത്തു.
അയാള്‍ക്ക് ഓക്കാനം വന്നു.
അവന്റെ കൈയ്യില്‍ ഒരു പൊട്ടിയ സ്ലേറ്റ്.
അവനത് അയാള്‍ക്ക് നീട്ടുന്നു.
അതില്‍
യുദ്ധം എന്ന്
അക്ഷരത്തെറ്റില്ലാതെ എഴുതിയിരിക്കുന്നു.
”യുദ്ധത്തെക്കുറിച്ച് ഒരു കുറിപ്പെഴുതാമോ?”
അവന് ചോദിക്കുന്നു.
സാധാരണ
അയാളെ കണ്ടാല്‍
അവനെപ്പോലുള്ള കുട്ടികള്‍
ഭയന്നോടുക പതിവായിരുന്നു.
പക്ഷേ അവന് ധൈര്യത്തോടെ,
ചോരപുരണ്ടൊരു പെന്‍സില്‍ തുണ്ട്
അയാള്‍ക്ക് നേരെ നീട്ടുകയാണ് ചെയ്തത്.
അവന് ആരാണെന്നയാള്‍ അമ്പരക്കുന്നു.
കാവല്ക്കാരുടെ കണ്ണുവെട്ടിച്ച്
എങ്ങിനെ, അയാളുടെ വെള്ള കൊട്ടാരത്തില്‍
കടന്നെന്നരിശം കൊള്ളുന്നു.
”പുറത്ത് കടക്കെടാ”യെന്ന്,
ഒരു യജമാനന് പട്ടിയോടെന്നവണ്ണം കുരയ്ക്കുന്നു.
അപ്പോള്‍,
വര്‍ഷങ്ങളായി അയാള്‍
തന്റെ മുടിക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച കൊമ്പുകള്‍
പുറത്തേക്ക് തെളിഞ്ഞു വരുന്നു.
അവനത് കാണുന്നുണ്ട്
പക്ഷേ അവന് കുലുക്കമൊന്നും സംഭവിക്കുന്നില്ല.
അവന്റെ കണ്ണുകളില്‍ രണ്ടു നക്ഷത്രങ്ങള്‍ മിന്നുന്നു.
അതിന്റെ പ്രഭയില്‍ അയാളുടെ കാഴ്ച്ച മങ്ങുന്നു.
അവന് ധൈര്യത്തോടെ
അയാളെ നോക്കുന്നു, ചിരിക്കുന്നു.
എന്നിട്ട്,
കുഞ്ഞു കൈകള്‍ നീട്ടി
വായുവില്‍
ഒരു മേഘം, പുല്‍ത്തകിടി,
മൈലുകള്‍ക്കപ്പുറമുള്ള
അവന്റെ ഒറ്റമുറി വീട്,
അച്ഛന്, അമ്മ, കുഞ്ഞു പെങ്ങള്,
അവന്റെ സ്വന്തമായ പൂച്ചക്കുട്ടി,
എന്നിങ്ങനെ വരച്ചിടുന്നു.
അതുകണ്ട് അയാളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു.
”ഞാന്‍ വരച്ചു
ഇനി നിങ്ങളുടെ ഊഴമാണ്
യുദ്ധത്തെക്കുറിച്ച് മതി
എന്തെങ്കിലും മതിയാവും..”
അവന് ഉറക്കെ പറയുന്നു.
അയാളുടെ കണ്ണില്‍ ഇരുട്ട് കയറുന്നു
അയാള്‍ക്ക് ഒച്ച പൊങ്ങുന്നില്ല
അയാള്‍
ലജ്ജയോടെ,
അവന് കാണാതിരിക്കാന്‍ പണിപ്പെട്ട്,
മുഴച്ചു പൊന്തിയ കൊമ്പുകള്‍
മുടികള്‍ക്കിടയില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കവെ
പൊട്ടിപ്പോയ ഒരു വീട് വരയ്ക്കാമോ എന്ന്,
അവന് ചോദിക്കുന്നു.
അയാള്‍ വീണ്ടും സ്ലേറ്റിലേക്ക് തന്നെ നോക്കുന്നു
അതില്‍ യുദ്ധം എന്നുതന്നെ
അക്ഷര തെറ്റില്ലാതെ എഴുതിയിരിക്കുന്നു.
”ഇത് ഞാന്‍ സ്വന്തമായി എഴുതിയതാണ്.”
അവന് അഭിമാനത്തോടെ പറയുന്നു.
”നോക്കൂ,
എന്റെ അച്ഛന് ഒരുപാട് കഷ്ടപ്പെട്ട്
എന്നെ മുടങ്ങാതെ സ്കൂളില്‍ അയച്ചിരുന്നു
എന്റെ അമ്മ പട്ടിണിയായിരുന്നു
എന്നാല്‍ എന്റെ വയര്‍ നിറച്ചിരുന്നു
ഒരുപാട് സ്വപ്നങ്ങള്‍
കാണണമെന്ന് പറഞ്ഞ്
ഉമ്മകള്‍ നല്‍കിയിരുന്നു.
ഞാനെന്നും,
സ്കൂള്‍ എത്തും വരെ
എന്റെ അനിയത്തിയുടെ പുസ്തകങ്ങള്‍ ചുമന്നിരുന്നു.
ഇങ്ങനെയൊക്കെയാണ് ഞാന്‍ തെറ്റ് കൂടാതെ എഴുതുവാന്‍ പഠിച്ചത്.
നോക്കൂ, യുദ്ധം എന്നെഴുതിയതില്‍
എനിക്കെന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടോ?”
പൊടുന്നനെ
അയാളുടെ ശീതീകരിച്ച മുറിയുടെ
ഫാള്‍സ് സിലിംഗ് തുളച്ച്
വെള്ളപ്പരവതാനിയിലെ ചോരക്കറയിലേക്ക്,
ഒരു മിന്നല്പിണര് വന്നു പതിക്കുന്നു.
യുദ്ധം ഒരു ബാറ്റില്‍ ടാങ്കായി രൂപാന്തരപ്പെടുന്നു
അയാളെ
അതിന്റെ ചക്രങ്ങളിലേക്ക് വലിച്ചെടുക്കുന്നു.
**********
ഇപ്പോള്‍ അയാള്‍
വയലുകള്‍ക്ക് നടുവില്‍ നില്‍ക്കുകയാണ്.
അയാളുടെ ഉയരം കുറഞ്ഞും,
ആരെയും കൂസാത്ത കൈകള്‍
കുറുകി മൃദുവായും കാണപ്പെട്ടു.
അയാളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങുകയും,
മുടിക്കുള്ളില്‍ വളര്‍ന്നുനിന്നിരുന്ന
കൊമ്പുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.
അയാള്‍ക്ക് മുകളിലൂടെ,
വെളുത്ത പക്ഷികള്‍
ഭയപ്പെടാതെ
ചിറകുവിരിച്ച് വട്ടമിട്ട് പറക്കുന്നു.
അയാളുടെ ചുറ്റും
തോളൊപ്പം വളര്‍ന്നു നിന്ന
ഗോതമ്പ്ചെടികള് നൃത്തം ചവിട്ടുന്നു.
അയാള്‍
തന്റെ വീടിനുള്ളിലെ മേശയില്‍,
നിറമുള്ള പമ്പരങ്ങളും
കടലാസുതുണ്ടുകളും ശേഖരിച്ചുവെച്ച
ഭംഗിയുള്ള കുഞ്ഞുചെപ്പിനെ
ഓര്‍ത്തെടുക്കുന്നു.
തൊട്ടപ്പുറത്തായി
അയാളുടെ വീട്, പശുക്കള്‍,
സഹോദരങ്ങള്‍ എന്നിവരെ കാണുന്നു.
അയാള്‍ക്ക് വിശക്കുന്നു
അപ്പോള്‍ അയാള്‍ അമ്മയെ ഓര്‍ക്കുന്നു
പിന്നെ വിശപ്പോടെ
വീട്ടിലേക്ക് നോക്കി അമ്മേയെന്ന്
ഉച്ചത്തില്‍ വിളിക്കുന്നു.
***







No Comments yet!