Skip to main content

ദൃശ്യനിശ്ചലനെപ്പറ്റി

ഈര്‍പ്പമുള്ള മുറിയ്ക്കുള്ളില്‍
കാറ്റ് കയറാന്‍ മാത്രം വിടവുള്ള അലമാരയില്‍
പ്ലാസ്റ്റിക് പൊതിഞ്ഞ ആല്‍ബത്തിലെ ഫോട്ടോകള്‍
എത്രനാള്‍ ജീര്‍ണതയെ തടഞ്ഞുവയ്ക്കും.

നിശ്ചലമാക്കി പ്രതിഷ്ഠിച്ച
ഓര്‍മ്മകളുടെ നിറങ്ങള്‍
ഫിലിം വിരിയിച്ച പ്രതലത്തില്‍ നിന്നും
പടര്‍ന്ന് മാറും.
നിയോണ്‍ നിറങ്ങളുടെ വ്യാപനം
നിങ്ങളിലെ വ്യസനങ്ങളെ
അടവച്ച് വിരിയിക്കും.

മരിച്ചുപോയ ഫോട്ടോഗ്രാഫര്‍മാരുടെ പിന്നാലെ
നിങ്ങളുടെ ആഗ്രഹം
മറ്റൊരു പ്രിന്റിനുവേണ്ടി
യാചിച്ചു നടക്കും.
പഴയ എത്ര ഫോട്ടോകളില്‍
നിങ്ങള്‍ പതിഞ്ഞുവെന്ന് എണ്ണമെടുക്കാന്‍
ഓര്‍മ്മകള്‍ക്ക് ബലം കുറയും.

വെറുമൊരു ഫ്ളാഷിനാല്‍
ഉപ്പുകല്ലായി പതിപ്പിക്കും
പിന്നോട്ട് ആഞ്ഞേക്കാവുന്ന
ഭാവി ജീവിത നോട്ടങ്ങളെ
ദൃശ്യനിശ്ചലന്‍.

എല്ലാവരും മരിച്ചാലും
ഫോട്ടോ മരിക്കാതിരിക്കുന്നു.
ഫ്ളാഷില്‍ നിന്ന് ഫിലിമിലേയ്ക്ക്
ഫിലിമില്‍ നിന്ന് ഫോട്ടോയിലേക്ക്
ലാബില്‍ നിന്ന് ആല്‍ബത്തിലേയ്ക്ക്
ആല്‍ബത്തില്‍ നിന്ന് പഴക്കത്തിലേയ്ക്ക്
പഴമയില്‍ നിന്ന് തോരും നിറങ്ങളിലേയ്ക്ക്
നിറങ്ങളില്‍ നിന്നും
ഓര്‍മ്മയിലേക്ക് അത് മരിക്കാതിരിക്കുന്നു
ഒരിക്കലും..

ഒരു ദൃശ്യനിശ്ചലന്‍ വെളിപ്പെടുത്തുന്ന
ആത്മകഥയാണ് ഫോട്ടോഗ്രഫി.

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

2 Replies to “ദൃശ്യനിശ്ചലനെപ്പറ്റി”

Your Email address will not be published.