
കൃശമായ പാദങ്ങളാണു നിൻ്റെ,
മെലിവാർന്ന കൊച്ചു കരങ്ങൾപോലെ.
നിന്നരക്കെട്ടോ തടിച്ചു ചന്തം
വായ്ച്ചത്, മേദസ്സിയന്ന വെള്ള-
ക്കാരി തൻ ഘനജഘനത്തിനെക്കാൾ!
മോഹനം നിന്നുടൽ, ദുഃഖിയാകും
ചിത്രകാരന്നുമാനന്ദപ്രദം!
പട്ടിളം കരിനീലക്കണ്ണഴകോ
വശ്യമാണാ ശ്യാമമേനിയേക്കാൾ.
ദൈവനിയോഗത്താൽ നീലനീലം,
ഉഷ്ണരാജ്യത്തു പിറന്നവളേ,
നിൻ തൊഴിൽ നിത്യമാ ധൂമപാന-
സക്തനാം പ്രഭുവിന്നു തീ പകരൽ,
തണ്ണീർക്കുടങ്ങളിൽ
നീർനിറയ്ക്കൽ,
ചേലിൽക്കുറിക്കൂട്ടൊരുക്കിവയ്ക്കൽ, പിന്നെ-
ക്കൊതുവിനെയാട്ടലും
മർമ്മരത്താൽ
മുഖരമാം പുലരിയി,
ലാപണത്തിൽ
പോകലും കൈതപ്പഴത്തിനൊപ്പം
കദളിത്തേൻ
കനികളുംവാങ്ങി മന്ദം
നിജഗേഹമെത്തലും
മാത്രമല്ലോ.
പകൽ നീളെയേതോ
പഴമ്പാട്ടുകൾ
ചൊടിയിൽത്തിരുകി നീ
സ്വച്ഛരമ്യം,
മൃദുനഗ്‌നപാദയാ-
യങ്ങുമിങ്ങും
മൃദുലേ,നടന്നുകഴിക്കുമല്ലോ.
ഒടുവിലശ്ശോണ സായാഹ്‌നസൂര്യൻ
കടലിൻ പടവിറങ്ങുന്ന നേരം
പടിയുമേ പുൽപ്പായിൽ ച്ചെന്നു നീയും,
കളകളം സ്വപ്നങ്ങൾ കണ്ടുറങ്ങാൻ.
ഹതഭാഗ്യ, യെന്തിന്നു വന്നു നീയി-
ക്കടൽ താണ്ടിയന്യമാം ദേശമൊന്നിൽ,
ജനസാന്ദ്രമാകും നഗരി തന്നിൽ?
എന്തിന്നു നമ്പി നീ കപ്പലോട്ടും
കൈകളെ, പ്പുളിമരം
വായ്ക്കുമാ നിൻ
നാടിനോടോതീ വിയോഗവാക്യം?
ഇറുകും പരന്ത്രീസുകഞ്ചുകം നീ
അണിയവേ
പരിതാപം പകരുകില്ലേ
പ്രിയദേ, നീ കൈവിട്ട നാടു നിന്നിൽ?
ചെളി പൂണ്ട തെരുവിൽ, മലിനമാകും
മഞ്ഞാർന്ന വീഥിയിൽ കൊറ്റിനായി
വിറ്റുതുലയ്ക്കെ നീ, നിന്നുടലിൻ
പരദേശിയറിയാത്ത രതിസുഗന്ധം,
ഖേദമുണർത്തില്ലേ
കേരനാടിൻ
കേവലലോലസ്മൃതികൾ നിന്നിൽ?
***







കാവ്യഭാഷ നന്നായി
ഒറിജിനൽ ഏതു ഭാഷയിലാണ്?