Skip to main content

ഒരവധൂതന്റെ നിഴൽ

ഒരു ഗ്രാമത്തെയാകെ
തലയിൽ ചുമന്ന്
കുട്ടയിൽ താളവുമിട്ട്
നടവരമ്പിലൂടെ മൂളിപ്പാട്ടായ്
ചെല്ലയ്യ നടക്കുന്നുണ്ടിപ്പോഴും…

കാപ്പിപൂക്കും കാലത്ത്
എസ്റ്റേറ്റിലേക്ക് വന്ന്
കൂട്ടംതെറ്റി
കുടിയേറിപ്പാര്‍ത്തതായിരുന്നു…
വേരുകൾക്കൊപ്പം ചില്ലകളും
ആറടിയിലേക്കാഴ്ത്തി
മറഞ്ഞു നിൽക്കയാണിപ്പോൾ…

ചെല്ലയ്യ വരാതായതോടെ
പറമ്പുകളിൽ കാടുകയറി,
പാടത്ത് കളകൾ നിറഞ്ഞു,
പശുക്കൾക്ക് കറവ വറ്റി,
വൃദ്ധർക്ക് മരുന്നുകൾ കിട്ടാതായി..

എന്നിട്ടും ഗ്രാമമിടിപ്പിൽ
ചെല്ലയ്യ വിങ്ങുന്നുണ്ടിന്നും…
ഗ്രാമത്തിൻ ജീവൻ കുട്ടയിലാക്കി
തലയിൽവെച്ചെന്ന പോലെയാണ്
ചെല്ലയ്യ പകലിൽ നിന്നും
മാഞ്ഞുപോയത്…

നടവരമ്പുകളിലൂടെ
കുട്ടയിൽ താളവുമിട്ട്
രാക്കിനാക്കളിൽ
ചെല്ലയ്യ നടക്കുന്നുണ്ടിപ്പോഴും…
രാത്രിയുടെ ഇരുളിൽ നിന്നും
താരാട്ടായൊഴുകുന്നുണ്ട് ആ മൂളിപ്പാട്ട്…

***

No Comments yet!

Your Email address will not be published.