Skip to main content

നിനക്ക് സ്വപ്നം കാണാനറിയില്ല

ഒറ്റയ്ക്കാവുന്നു…
ഭ്രാന്തമായ തോന്നലുകളിൽ
അത്രമേൽ ഒറ്റയ്ക്കാവുന്ന സന്ധ്യകളിൽ
കവിതകളോട് കോർത്ത വാക്കുകളെ
മരണം തൊട്ടു വിളിക്കുന്നു,
നീ ജനിക്കേണ്ടിയിരുന്നില്ല.

നിനക്ക് സ്വപ്നം കാണാനറിയില്ല
രാത്രിമഴയുടെ ഉന്മാദകേളികൾ
നിൻ്റെ കവിതകളെ മത്തുപിടിപ്പിക്കുന്നില്ല
നിറം ചോർന്നു പോയ അക്ഷരങ്ങളിൽ
വിഷാദം തളം കെട്ടിനിൽക്കുന്നു…

ആരോ വീണ്ടും…
കവിത എഴുതുവാൻ നിനക്കറിയില്ല
കാഴ്ചകളെല്ലാം അദൃശ്യതകളിൽ
പരുങ്ങി നിൽക്കുന്നു
വർത്തമാനങ്ങളിൽ മൗനം കനക്കുന്നു
നീ ജനിക്കുന്നതിനു മുൻപേ
നിൻെറ കവിത മരിച്ചു പോയിരിക്കുന്നു.

ഞാൻ വീണ്ടും ഒറ്റയ്ക്കാവുന്നു…
ജനിക്കേണ്ടിയിരുന്നില്ല,
കവിതയുടെ മരവിച്ച വിരൽത്തുമ്പ് തൊട്ട്
നിന്നിടത്തു തന്നെ നിൽക്കുകയാണ്.

ഇതെല്ലാം സൗമ്യമായ തോന്നലുകളാണ്
ആരോ എന്നെ ചേർത്തണയ്ക്കുന്നു
ചുണ്ടുകൾ ചുണ്ടുകളാൽ കോർത്തെടുക്കുന്നു
ഒരാൾ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു
കാതുകളിൽ കിന്നാരം പറയുന്നു.

നീയാണ് എൻ്റെ കവിത നീ തന്നെയാണ് കവിത
എൻ്റെ ഓരോ അണുവിലും കവിത പടരുന്നു
ഞാനന്ന് ആകാശം തൊടുന്നതായി സ്വപ്നം കണ്ടു.

***

One Reply to “നിനക്ക് സ്വപ്നം കാണാനറിയില്ല”

Leave a Reply to Jose Cancel reply

Your Email address will not be published.