മനുഷ്യരുടെ വിചാരങ്ങളെ കവരുന്ന
ഒഹീൻ എന്ന സ്ത്രീയുണ്ടായിരുന്നു.
നിങ്ങൾ നിരാശനോ
ആത്മവിശ്വാസക്കുറവുള്ളവനോ
ആരാലും സ്നേഹിക്കപ്പെടുന്നില്ലെന്ന്
ഉറച്ചു വിശ്വസിക്കുന്നവനോ ആകട്ടെ,
ഇവർക്കു മുന്നിലിരുന്നാൽ മതി.
ഒരു മേശയ്ക്കിരുപുറവുമുള്ള രണ്ടു കസേരകളിലോ
പുൽത്തകിടിക്കു കുറുകെയുള്ള ചാരുബെഞ്ചിലോ
എവിടെയുമാവാം.
കാപ്പിയോ ചുവന്ന വീഞ്ഞോ
അൽപം കൂടി വീര്യമുള്ളതെന്തോ
കുടിക്കാം.
നിങ്ങൾ സംസാരിക്കേണ്ടതില്ല.
കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ മതി.
നിങ്ങളുടെ മനസ്സിലേക്ക് വളരെ എളുപ്പത്തിൽ ഒഹീൻ ഇറങ്ങിപ്പോകും.
അലങ്കോലമായിക്കിടക്കുന്ന സ്വപ്നങ്ങളെ
അലമാരത്തട്ടിൽ അടുക്കി വെക്കും.
നിലത്തു കമിഴ്ന്നു വീണ ഒരു ചെറുപുഞ്ചിരിയെടുത്ത്
പെൻ സ്റ്റാൻഡിൽ കുത്തിവെക്കും.
തൂത്തും തുടച്ചും വെടിപ്പാക്കപ്പെട്ടും
നിങ്ങൾ തിളങ്ങും.
വിഹ്വലരരും ഭീതിതരുമായവർ
പെട്ടെന്നൊരു ദിവസം
തുള്ളിത്തുളുമ്പുന്നതു കണ്ട്
നിങ്ങൾ പ്രണയത്തിൽ പെട്ടു പോയെന്ന്
ആളുകൾ അടക്കം പറയും
ഒഹീൻ ഒഹീൻ എന്ന്
പുച്ഛച്ചിരി കൈമാറും.
പലയിടങ്ങളിൽ നിന്നു കൈപ്പറ്റിയ
സങ്കടങ്ങൾ ചേർത്ത്
ഒഹീൻ ഒരു കിരീടമുണ്ടാക്കും.
മുള്ളുകൾ കൊണ്ട് കിന്നരിവെച്ചത്.
പൊട്ടിച്ചിരിക്കുമ്പോൾ ചോര കിനിയുന്നത്.
അങ്ങനെയിരിക്കെ
അന്ത്യവിധിനാളിൽ
നിത്യകാമുകി എന്ന് ഒഹീൻ
വാഴ്ത്തപ്പെടും.
***







No Comments yet!