Skip to main content

ഗാന്ധി

രണ്ടക്ഷരത്തില്‍ ഒരു മനുഷ്യനെ,
അത്രയും കരുണയാല്‍ കൊത്തിവെച്ചിരിക്കുന്നു.

ഒറ്റമുണ്ടും വടിയുംകുത്തി അയാള്‍
സര്‍വോദയത്തിന് കാവലിരിക്കുന്നു.

മനുഷ്യരാശിയെയാകെ
സ്നേഹാര്‍ദ്രമായി കെട്ടിപ്പിടിക്കുന്നു.

സ്വാശ്രയത്തിലേക്കുള്ള യാത്രയ്ക്ക്
ഊടും പാവും നെയ്യുന്നു.

അഹംഭാവത്തിന്റെ മനുഷ്യ മുറിവുകള്‍
വേരോടെ പിഴുതെറിയുന്നു.

ലോകത്തിന്റെ യന്ത്രക്കൊതിക്ക് മുന്നിലും
മനുഷ്യധ്വാനത്തെ പ്രകീർത്തിക്കുന്നു.

വെടിയുണ്ടയിലും ഒരു ജീവിതം
അസ്തമിക്കാതെ പുലർന്നുകൊണ്ടേയിരിക്കുന്നു.

അല്ലെങ്കിലും,
സത്യത്തിലേക്കുള്ള
അഹിംസയുടെ യാത്രയെ
ആർക്കാണ് തടയാനാവുക?

***

No Comments yet!

Your Email address will not be published.