Skip to main content

തീട്ടപ്പോച്ച

പറിച്ച ‘തീട്ടപ്പോച്ച’
ഒഴുക്കുവെള്ളത്തിലൊലുമ്പി
കടും പൊടിച്ചൂടില്‍ വെയര്‍ത്ത്
തലച്ചുമടേറ്റി നടന്ന്,
പരവു ചന്തയില്‍ കൊടുത്ത്
അരിയു,മുപ്പും മുളകും,
പരലും കപ്പയും വാങ്ങി,
കലം നിറച്ചവള്‍ വേവിച്ചു.

ചുമട്ടു വെള്ളം കോരി,
മറപ്പുരയില്‍ നീരാടി
വാസന സോപ്പില്‍ കൈയ്യുരച്ച്,
കുളിച്ചവളും തെളിഞ്ഞു!

ചാണകച്ചുവരില്‍ ചാരി
തിണ്ണയില്‍ കാലും നീട്ടി
വഴിക്കണ്ണങ്ങനെ,യെറിഞ്ഞ്
കനവും കണ്ടവളിരിപ്പു.

കഴിക്കേണ്ടവര്‍ വന്നിരിക്കെ,
വക്കുടഞ്ഞ പാത്രങ്ങള്‍ കലമ്പി!..
കടക്കാന്‍ മുനകളുടക്കെ,
വിളമ്പി ചട്ടിയില്‍ വെച്ചത്
ഒതുക്കി മൂലയില്‍ കമഴ്ത്തി,
ഒരു വാക്കും ചലമ്പാതെ,
മഴക്കാര്‍ പോലെ കറുത്ത്,
ഇരുപ്പന്‍ കൊരണ്ടിയൊഴിച്ച്,
പരിയമ്പറത്തു ചെന്നവള്‍
വിതുമ്പി വിളറി വീണ്ടും
വിരല്‍ മണത്തു നോക്കുന്നു.

No Comments yet!

Your Email address will not be published.