Skip to main content

യാചകബാല

ആളൊഴിഞ്ഞൊരീ
വീട്ടിൽ കയറണോ?
ദാഹമുണ്ട്
വിളിച്ചൊന്നു നോക്കിടാം
ഭാഗ്യമുണ്ടെങ്കിൽ
ചോറും കറികളും
ആർത്തിയോടെ
കഴിക്കാം. പശിയുണ്ട്…

ആരുമില്ലാത്ത
ചാരുകസേരയും
ആളൊഴിഞ്ഞ
കുഞ്ഞൂഞ്ഞാലും
കാണവേ,
നൂറുവട്ടം നുണഞൊരെന്നോർമകൾ

ജീവൻ വെച്ചു
വിരിഞ്ഞതോ തോന്നലോ?

ഉമ്മറത്തെ നിറമുള്ള ചിത്രത്തിലൊന്നു
നോക്കിയെൻ
കുഞ്ഞു രൂപത്തിനെ
അന്നൊരോണത്തിനിട്ടതല്ലേ
മഞ്ഞ പട്ടു പാവാട
ഇക്കുഞ്ഞു ഞാനെന്നോ!

പിച്ചവെച്ചൊരീ
മുറ്റത്തു വീണ്ടുമിന്നെത്തിയോ
പിച്ചതെണ്ടുവാനായി ഞാൻ?

മൂടിവയ്ക്കാനരുതാത്തൊരോർമ്മകൾ
മൂളലായെൻ
ചെവിയടപ്പിക്കുന്നു!

പണ്ടൊരന്തിയ്ക്കണഞ്ഞതാണീ
വീടിൻ
ചന്തമൊക്കെയും
കുഞ്ഞിനെ കാണായ്‌കിൽ
ഗാഢമാഴിയിലാഴ്ന്നുവെന്നാകിലും
ജീവനുണ്ട് മനുഷ്യർക്കതദ്ഭുതം!

കാറ്റിനോടും
കിളിയോടുമാമഴ-
ക്കാറിനോടും തിരഞ്ഞൂ
കരഞ്ഞമ്മ
ഭ്രാന്തിപോൽ
അലഞ്ഞൊടുവിൽ തൻ പുത്രിയെ
കാളാമുണ്ടമായി കാണുന്നതെങ്ങനെ?

പല്ലിരുണ്ടു കൊഴിഞ്ഞു
വികൃതമായ്
ചുണ്ടുകൾ കോട്ടി
വെറ്റകറയുമായ്
സ്നേഹമോ ലേശമേശാത്ത കൂന്തലും
പ്രകൃതവേഷ ധാരിയാണിന്നവൾ!

കൂരിരുട്ടിലും
കൂടാര നിഴലിലും
പാത്തു പാത്തു
വരുന്ന കഴുകന്മാർ
ആർത്തിതീർക്കാനൊരുമ്പെട്ട രാത്രികൾ
കാടിളക്കിയ
കാളിയാണിന്നവൾ!

പണ്ടു സീതയ്ക്ക്
വാല്മീകിയാശ്രമം
ഇന്നു സീതയ്ക്ക്
വല്മീകമാശ്രയം!

പുറ്റിളക്കാൻ വരുന്ന കൈത്തണ്ടകൾ
കൊതിയാട്ടുന്ന സർപ്പമാണിന്നവൾ!

കൂരിരുട്ടിനാൽ
രൂപങ്ങൾ നെയ്യാതെ
കൂടെ അന്തിയ്ക്കു
കാവലാകീടു നീ
കാലമെത്ര കഴിഞ്ഞിട്ടും
കാഴ്ചകൾ കൂടുകെട്ടി
കുരുക്കും
ചിലന്തികൾ

പാതി പാതി എന്നാർക്കും വനിതകൾ!
പാതിമെയ്യെന്നു പ്രേമികൾ, പൊയ്മൊഴി!
പാതിമാനം തരികെങ്കിൽ
ഞങ്ങളീ പാതയോരത്തു ജീവിച്ചിരുന്നിടും

ഉമ്മറത്തെ നിറമുള്ള ചിത്രത്തിലൊന്നു
നോക്കിയെൻ കുഞ്ഞു രൂപത്തിനെ
അന്നൊരോണത്തിനിട്ടതല്ലേ
മഞ്ഞ പട്ടു പാവാട ഇക്കുഞ്ഞു ഞാനെന്നോ !!

കാണ്കിൽ ഈ കോലം അമ്മയ്ക്കൊരുമാത്ര
വേദനിക്കില്ലേ?
തന്മണിക്കുഞ്ഞിനെ
ഓടിവന്നു നൂറുമ്മകൾ തന്നെന്നെ
കോരിയെടുത്തങ്ങു കൊണ്ടുപോയീടില്ലേ?

ഓർത്തു കണ്ണു നിറഞ്ഞും
ചിരിച്ചുമാങാർത്തിയോടെ

ഞാൻ നോക്കിയാ വാതിലിൽ
ശ്വാസമൊക്കെ നിലച്ചുപോയ്
കാൺകിലോ കോലം കെട്ടൊരു
ഭ്രാന്തിപോലെന്നമ്മ!

എന്നെ നോക്കി,
നിസ്സംഗയായി,
നാക്കില തന്നിൽ നീട്ടിയ
ചോറതു കാണവേ
ഓടി വന്നങ്ങു
വായ തുറക്കുമ്പോൾ
ഊട്ടുമെന്നെ
എന്നോർത്തു നിന്നപ്പോൾ ഞാൻ.

ഭാരമേറും മിഴിപോള പൊക്കി
കൈയാട്ടി എന്നമ്മ, വന്നു കഴിച്ചിടാൻ…

നെഞ്ചലിഞ്ഞു
കരയുമവളെ കണ്ടന്തിച്ചപ്പോൾ
മരവിച്ചു നിന്നുപോയ്.

ഒന്നും മിണ്ടാതെ പിന്തിരിഞ്ഞോടുമാ
കുഞ്ഞിനെ ചോദ്യ ഭാവേന നോക്കവേ
മാറുവിങ്ങിയൊലിച്ചപ്പോൾ
അമ്മയ്ക്കു
യാചകബാല തൻ മണിക്കുട്ടിയോ?

***

3 Replies to “യാചകബാല”

  1. നഷ്ട ബാല്യത്തിന്റെകൂർത്തു വലിക്കുന്ന ഓർമ്മകളെല്ലാം നെഞ്ചിൽകോറിയിട്ടിരിക്കുന്ന വാക്കുകൾ

Leave a Reply to kanakkoor Cancel reply

Your Email address will not be published.