സഹോദരാ, എനിക്ക് അറിയില്ല
നിങ്ങള്‍ എന്തിനാണ് വീട്ടിലേക്കുള്ള എല്ലാ വാതിലുകളും
അടച്ചിരിക്കുന്നതെന്ന്.
നിങ്ങള്‍ക്ക് പുറത്തേക്ക് നോക്കണ്ട എന്നത് കൊണ്ടാണോ?
അതോ ആരും അകത്തേക്ക് വരണ്ട എന്നത് കൊണ്ടാണോ
ഞാന്‍ ഊഹിക്കുന്നു നിങ്ങള്‍ കവിതകള്‍ കേള്‍ക്കുന്നത്
മതിയാക്കിയെന്ന്.
ഞാന്‍ കേട്ടിട്ടുണ്ട്
കൊടുമുടികള്‍ക്ക് നമ്മുടെ ദുഃഖങ്ങളോളം
ഉയരമുണ്ടെന്ന്.
പുഴകള്‍ പ്രണയം പോലെ
ഒഴുകുമെന്നും.
രണ്ടും ഇവിടെ തന്നെയുണ്ട്.
പക്ഷെ നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്കുള്ള വാതിലുകള്‍ അടച്ചിരിക്കുന്നു.
എന്തു കൊണ്ടെന്ന് എനിക്കറിയില്ല.
നിങ്ങള്‍ക്ക് പുറത്തേക്ക് നോക്കണ്ട എന്നത് കൊണ്ടാണോ
അതോ ആരും അകത്തേക്ക് വരണ്ട എന്നത് കൊണ്ടാണോ.
എനിക്ക് തോന്നുന്നു നിങ്ങള്‍ കവിതകള്‍ കേള്‍ക്കുന്നത്
മതിയാക്കിയെന്ന്.
ഓ സഹോദരാ!
നിങ്ങളുടെ കണ്ണുകള്‍ ഒരു മത്സ്യത്തിന്റേത് പോലെ തുറന്നു പിടിക്കൂ
നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കാണാന്‍ വേണ്ടിയാണത്.
ഒരു മൂങ്ങയെ പോലെ തലകീഴായി കിടക്കുന്നു.
ആകാശത്തിലെ നീല പൂര്‍ണ ചന്ദ്രനെ കാണുമ്പോള്‍
അസ്വസ്ഥമായി ഇളകിക്കൊണ്ടിരുന്ന ഒരു സമുദ്രം
ഉള്ളിലുള്ളത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
തടാകങ്ങള്‍ നിങ്ങളുടെ കണ്ണില്‍ വരണ്ടു കഴിഞ്ഞിരുന്നു.
പക്ഷെ സഹോദരാ,
നിങ്ങള്‍ ഒരു കല്ലാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല.
എങ്ങനെ പറയാന്‍?
കല്ലിനുള്ളിലും ഒളിച്ചിരിക്കുന്ന അഗ്‌നിയുണ്ട്.
നിങ്ങള്‍ കല്‍ക്കരി പോലെയാണ്
ഞാന്‍ പറഞ്ഞത് ശരിയാണോ അല്ലയോ?
എവിടെ നിന്നെങ്കിലും വരുന്ന ഒരു പഴയ
തീ നാളത്തിന് നിങ്ങളെ കത്തിക്കാനാവും.
പക്ഷെ സഹോദരാ,
നിങ്ങള്‍ വീട്ടിലേക്കുള്ള എല്ലാ വാതിലുകളും അടച്ചിരിക്കുന്നു.
എന്ത് കൊണ്ടെന്ന് എനിക്കറിയില്ല.
നിങ്ങള്‍ക്ക് പുറത്തേക്ക് നോക്കണ്ട എന്നത് കൊണ്ടാണോ
അതോ ആരും അകത്തേക്ക് വരണ്ട എന്നത് കൊണ്ടാണോ
എനിക്ക് തോന്നുന്നു
നിങ്ങള്‍ കവിതകള്‍ കേള്‍ക്കുന്നത് മതിയാക്കിയെന്ന്.
ആകാശത്ത് ഉരുണ്ടു കൂടുന്ന ഇരുട്ട് നോക്കൂ,
കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കൂ
അവര്‍ അന്ധകാരത്തെ ഭയക്കുന്നില്ല.
അവര്‍ അതിനെ എതിരിടുന്നുമില്ല.
അവര്‍ ചുറ്റുമുള്ള ലോകത്തിന് വേണ്ടി
സ്വയം പ്രകാശിക്കുകയാണ് ചെയുന്നത്.
സൂര്യനാണ് ശക്തിയുള്ളവന്‍
അവന്റെ കരുത്താണ്
ഈ ലോകത്തെ ചേര്‍ത്തു നിര്‍ത്തുന്നത്.
എന്റെ മുത്തശ്ശി എപ്പോഴും അവരുടെ
തെളിച്ചമില്ലാത്ത ദുര്‍ബലമായ കണ്ണുകള്‍ കൊണ്ട് ഒരു പൊട്ടിയ മാലയിലെ മുത്തുകള്‍ കോര്‍ക്കുന്നു.
എന്റെ അമ്മ കീറ തുണികള്‍ കൊണ്ട്
ഞങ്ങള്‍ക്കായി ഒരു കമ്പളം നെയ്യുന്നു.
നിങ്ങള്‍ അത് കാണാന്‍ വരുന്നോ.
ഓ, ക്ഷമിക്കൂ, ഞാന്‍ മറന്നു പോയി
നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്കുള്ള വാതിലുകള്‍ അടച്ചിരിക്കുന്നു.
എന്ത് കൊണ്ടെന്ന് എനിക്കറിയില്ല
നിങ്ങള്‍ക്ക് പുറത്തേക്ക് നോക്കണ്ടാത്തത് കൊണ്ടാണോ
അതോ ആരും അകത്തേക്ക് വരണ്ട എന്നത് കൊണ്ടാണോ
എനിക്ക് തോന്നുന്നു നിങ്ങള്‍ കവിതകള്‍ കേള്‍ക്കുന്നത് മതിയാക്കിയെന്ന്.
***

വിവര്‍ത്തനം : ബിന്ദു ജഗദീഷ്







No Comments yet!