Skip to main content

മാനക്കിള്‍

ഒരു വിലങ്ങഴിച്ചുലയിലെ-
വിപ്‌ളവക്കനലിലേക്കിട്ട്
പോകാനൊരുങ്ങവേ;
ഉയിരിനുള്ളിലേക്കമ്പെയ്ത്
നിഴല്‍വഴിക്കുഴികള്‍
ചക്രവ്യൂഹങ്ങള്‍, സമസ്യകള്‍

പലവിലങ്ങുണ്ട് ചുറ്റിലും-
വാക്കിന്റെ തരികളെ
ചുറ്റിവരിയുന്ന മുള്ളഴി
നിറുകയില്‍ ഒറ്റിനാണി-
വീഴും തുളയ്‌ക്കൊരു
കിരീടം പകര്‍ന്ന രക്തപ്പുഴ!

മൊഴികളില്‍ വന്ന് വീഴുന്ന-
കല്‍ച്ചീളിലുരസി നീറുന്ന-
മൂവന്തിമുറിവുകള്‍!
തിരികളില്‍ കരിന്തിരി
പടര്‍ന്നാധികള്‍ തിമിര-
മിറ്റിച്ച രാവിന്റെ ചങ്ങല

സഹനമൗനമുള്‍നോവിന്റെ
ഭാഷയെ ബലികൊടുക്കുന്ന
കാരാഗൃഹപ്പകല്‍
കലിപുരണ്ട നാല്‍ക്കവലകള്‍
ലഹരിപൂണ്ടിടറിവീഴുന്ന
സ്‌കൂളിന്‍ വരാന്തകള്‍

ലിപിയിടക്കിടെ തെറ്റി-
ക്കടുംകെട്ട് മുറുകി ശ്വാസം
നിലച്ച് പോകുന്നുവോ?
നിലവിളിക്കുന്ന നേരിന്റെ
പക്ഷിയെ ചിറകരിഞ്ഞ്
തീക്കുള്ളിലേക്കിട്ടുവോ?
കിലുകിലുങ്ങും
വിലങ്ങുമായ്
ഭ്രാന്തനാ മലകടന്ന്
മറഞ്ഞ് പോകുന്നുവോ?
തിരികെ വന്നുവോ
തീത്തെയ്യമൊന്ന്
വന്നടിമയെന്ന്
പറഞ്ഞ് പോകുന്നുവോ…?

നെടുകെ വെട്ടിപ്പിളര്‍ന്ന-
കാലത്തിന്റെ പകുതിയില്‍
നിന്ന് പൂക്കൈത പൂത്തുവോ?
കുരുതിമണ്ഡപക്കല്ലിലായ്
സൂക്ഷ്മാണുലിഖിതമുണ്ടെന്ന്
നമ്മള്‍ മറക്കവെ
പതിയെ നമ്മളെ ചുറ്റുന്നു-
വ്യാളികള്‍ ചിറകടിക്കുന്നു
നമ്മള്‍ക്ക് ചുറ്റുമായ്

പലവിലങ്ങിലോടാമ്പലില്‍
ഭൂമിയെ തഴുതിലിട്ട്
സാമ്രാജ്യങ്ങള്‍ തീര്‍ക്കവേ
ജലമൊഴുക്കിക്കളഞ്ഞ
വിലങ്ങുകള്‍
ഒഴുകിയെത്തുന്നു
കോരകപ്പുല്ല് പോല്‍.

***

 

No Comments yet!

Your Email address will not be published.