Skip to main content

അത്തറുമണമുള്ള അമ്മായി 

നോമ്പ് കാലം തൊടങ്യാ
പുള്ളി തട്ടമിട്ട, പാലക്കാമാലയിട്ട
വെള്ളി അലിക്കത്തിട്ട,
അകന്ന ബന്ധത്തിലുള്ള
അമ്മായി പ്രത്യക്ഷപ്പെടും.

സ്വന്തോം ബന്ധോല്ല്യാതെ
അനാഥയായ് പോയോള്‍,
കെട്ടി എട്ട് കൊല്ലം തികയും
മുന്നേ കെട്ട്യോന്‍ മരിച്ചോള്‍,

പതിനാലാം രാവിന്റെ
ചിരിയാണമ്മായിക്ക്,
കൂനി കൂടി കയ്യിലൊരു
ഭാണ്ഡവുമായ് ദൂരങ്ങള്‍
തുഴഞ്ഞുവരുന്ന അമ്മായി
ഞങ്ങള്‍ക്കെന്നും കൗതുക
കാഴ്ചയാണ്.

അത്തറിന്റെ
മണാണ് അമ്മായിക്ക്,
കോന്തലയില്‍
നിറച്ച് വച്ച ചില്ലറ തുട്ടുകള്‍ക്കും

മക്കളില്ലാതെ വറ്റി
പോയോള്‍ക്ക് ഞങ്ങളെന്ന്
വച്ചാ ജീവനാണ്.
ഞങ്ങള്‍ക്കുമതേ,
‘മച്ചികണ്ണ് തട്ടിയാ മക്കള്
മുരടിക്കൂന്ന്’ മൂത്തുമ്മ കെറുവിക്കും.

മൂത്തുമ്മാന്റെ കണ്ണ് തെറ്റുമ്പോ
ഞാള് അമ്മായിക്കൊപ്പം കൂടും.
കുഞ്ഞി പത്തലും ഇറച്ചിചാറും
കുഴച്ചു ഓര് വായില്‍ വച്ചുതന്നാ
കഴിച്ചാലും കഴിച്ചാലും പൂതി തീരില്ല്യാ.

തറാവീഹ് കഴിഞ്ഞ്
വെറ്റില ചെല്ലത്തിനരികെ
അമ്മായി കൂനിക്കൂടിയിരിക്കും,
ചുറ്റും ഞങ്ങളും!
നാടായനാടൊക്കെ നടന്നു കണ്ട
കഥയ്‌ക്കൊപ്പം, ഒറ്റയാവുമ്പോ
ഒപ്പംകൂടണ ജിന്നോളേ കുറിച്ചും
പറയും മൂപ്പത്തി.

തിരിച്ചു പോകുമ്പോ
കോന്തലയ്ക്കല്‍
പൂഴ്ത്തിവച്ച ചില്ലറകള്‍
സക്കാത്ത് തരും, ഒറ്റയ്ക്ക്
പോണ്ടെന്ന് ഒച്ചതാഴ്ത്തുമ്പോ
‘പടച്ചോന്‍ കൂടെണ്ട്’ ന്നൊരു
നുണക്കുഴിചിരി വിരിയും.

മൂത്തുമ്മയത് ഒറ്റയടിക്ക്
ഊതി കെടുത്തും,
‘തെണ്ടിച്ചി നീ അവറ്റകളെ
ചീത്തയാക്കൂന്ന് ‘ അട്ടഹസിക്കും,
കെട്ട്യോനെ കൊന്നോള്‍ ന്ന്
കര്‍ക്കിച്ചു തുപ്പും,മച്ചീന്ന് മുരളും.

അമ്മായി കണ്ണ് താഴ്ത്തി
നടന്നു പോവുമ്പോ
വീടിനോടൊപ്പം ഞങ്ങടെ കണ്ണിലേം
റംസാന്‍ നിലാവ് അസ്തമിക്കും
അകവും പുറവും ഒരുപോലെ കറുക്കും.

അപ്പോള്‍,
മാലിക്കുദീനാര്‍ കിസ്സകള്‍ക്കൊപ്പം
‘ഒറ്റക്കായോര്‍ക്ക് പടച്ചോന്‍ കൂട്ടുണ്ടാവൂല്ലോന്ന്’ തിരിയിട്ട്
വച്ച വിളക്ക് ഉള്ളില്‍
ആളികത്തും, ജിന്നുകള്‍
ചുറ്റിനുമിരിക്കും,
അമ്മായി ഒന്ന് തീരുമ്പോ ഒന്നെന്ന
പോലെ കഥകള്‍ ഇറുത്തിടും.

***

3 Replies to “അത്തറുമണമുള്ള അമ്മായി ”

Leave a Reply to Suja M R Cancel reply

Your Email address will not be published.