ബാപ്പുട്ടിയുടെ അരയന്നങ്ങൾ
നീന്താറുള്ള
കടാമ്പുളിപ്പാടവും,
പാടത്തിനക്കരെ
കൊടമ്പുളിത്തൊടിയും,
മഴയിൽ നിറഞ്ഞു
കുതിരമ്പോഴാണ്
ഞങ്ങടെ സ്കൂൾ തുറക്കുന്നത്.
സ്കൂൾ തുറന്ന് കുറച്ചു കഴിഞ്ഞാൽ,
പുതുതായി വന്ന
മലയാളം മാഷും,
“ശന്തൂപേ…” എന്ന് ഇന്നും
സ്നേഹത്തോടെ വിളിക്കുന്ന
അറബി മാഷും,
അധിക ദിവസവും ലീവായിരിക്കും.
പിന്നെ,
കറുത്ത കണ്ണട വച്ച
രാധാമണിട്ടീച്ചറുടെ
കണക്കുകൾ കൊണ്ടും,
‘തറ തല പറ’ എന്ന്
ഞങ്ങളെ ആദ്യം പഠിപ്പിച്ച
ഹെഡ്മാഷ്ടെ
കേട്ടെഴുത്തുകൊണ്ടും,
ഞങ്ങളുടെ നോട്ടുബുക്കുകളൊക്കെ
നിറയും…
അങ്ങനെ കഴിയുമ്പോൾ
പെട്ടെന്നൊരുച്ചയ്ക്ക്
വിളിച്ചു കൂട്ടിയൊരസംബ്ലിയിൽ
അറബിക്കിന്റെ ഖാദറ് മാഷ്
അക്ഷരം തട്ടിച്ച്,
ഉറക്കെ ഒരു കാര്യം പറയും…
പിറ്റേന്ന് എല്ലാ കുട്ടികളും
വരുന്ന ദിവസമാണ്.
എന്നാലും,
കുടുക്കു പൊട്ടിയ ട്രൗസറിൽ
പിന്ന് കുത്തിത്തന്ന്
അമ്മ ഉന്തി വിടുമ്പോൾ,
അന്ന് മാത്രം കാണാറുള്ള
ഭവൻസ് സ്കൂളിൽ പഠിക്കുന്ന
കല്യാണിക്കുട്ടി ടീച്ചറുടെ മകൾ
ദേവികയേയും
പേരറിയാത്ത
ഒരു സ്കൂളിൽ നിന്നും വരാറുള്ള
സിറാജുദ്ദീൻ മാഷ്ടെ
മകൻ
അറാഫത്തിനേയും കാണാൻ
വഴുതലുള്ള വരമ്പിലൂടെയും
തെന്നി വീഴാതെ
ഓടാൻ പഠിക്കുകയായിരിക്കും
ഞാനും പ്രകാശനും…
******
🥰🥰🥰
സ്കൂൾ കാലം ഓർമ്മയിൽ ….
ഉസ്കൂൾ കാലം