നമ്മുടെ കാലത്തെ കുറിച്ച് ഞാൻ വായിച്ച
നിരാശയുടേതായ ഒരു വാചകമുണ്ട്-
Everything is permitted, but nothing is possible.
എല്ലാം അനുവദനീയമാണെങ്കിലും
ഒന്നും സാദ്ധ്യമല്ലാതായിരിക്കുന്നു.
ഇന്നലത്തെ ദിവസം ആ വാചകം റദ്ദായിപ്പോകുന്നത് ഞാൻ കണ്ടു.
NOTHING IS PERMITTED
BUT EVERYTHING IS POSSIBLE
ഒന്നും അനുവദിക്കപ്പെട്ടിട്ടില്ല
എങ്കിലും സകലതും സാദ്ധ്യമാണ് എന്ന്
ദില്ലിയിലെ ജന്തർമന്ദറിൽ
കുട്ടികൾ ആ വാചകം തിരുത്തിയെഴുതുന്നത്.
നിങ്ങളുടെ സ്വപ്നങ്ങൾ അനുവദിക്കപ്പെട്ടിട്ടില്ല
നിങ്ങളുടെ സ്വാതന്ത്ര്യം
അനുവദിക്കപ്പെട്ടിട്ടില്ല
നിങ്ങളുടെ അവകാശങ്ങൾ
അനുവദിക്കപ്പെട്ടിട്ടില്ല
ഈ സ്ഥലം നിങ്ങൾക്ക്
അനുവദിക്കപ്പെട്ടിട്ടില്ല
നിങ്ങളുടെ ജീവൻ പോലും
അനുവദിക്കപ്പെട്ടിട്ടില്ല
എന്നു പ്രഖ്യാപിച്ചു കൊണ്ട്
പോലീസും പട്ടാളവും കോടതിയും
ലാത്തിയും തോക്കും ടിയർ ഗ്യാസും
ബാരിക്കേഡുകളും കൊണ്ട്
വളഞ്ഞു വെച്ച തെരുവുകളിൽ നിന്ന്
നിങ്ങൾ അനുവദിക്കാത്തതെല്ലാം
ഞങ്ങൾക്ക് സാദ്ധ്യമാണ് എന്ന് പ്രഖ്യാപിച്ച സമരയുവത്വം
ആ തെരുവിലെ ആനന്ദ നൃത്തങ്ങൾ
കുനിഞ്ഞ ശിരസ്സുമായി നിൽക്കുന്ന
മന്ത്രിമാർ, മടങ്ങിപ്പോകുന്ന മർദ്ദകർ.
ചരിത്രത്തിൽ ഇത്തരം നിമിഷങ്ങൾ,
കാഴ്ചകൾ അപൂർവ്വമാണ്.
ഇത്തരം ചില നിമിഷങ്ങളുടെ ഓർമ്മ
എത്രയോ കാലത്തേക്ക്
ഒരു ജനത കാത്തുവെക്കും,
വരാനിരിക്കുന്ന ആപത്തിൻ്റെ കാലങ്ങളിൽ ഓർമ്മിക്കാനായി.
ആപത്തിൻ്റെ നിമിഷങ്ങളിൽ നാം എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഭൂതകാലത്തിൻ്റെ മിന്നി മറയുന്ന ഓർമ്മകൾ എന്ന് വാൾട്ടർ ബെഞ്ചമിൻ ചരിത്രത്തെ കുറിച്ചെഴുതിയത് ഇത്തരം നിമിഷങ്ങളെ കുറിച്ചാണ്.
നന്ദി , യുവത്വമേ,
എല്ലാം അവസാനിച്ചിട്ടില്ല
എല്ലാം ഇനിയും സാദ്ധ്യമാണ് എന്ന്
ഈ രാജ്യത്തെ ഓർമ്മിപ്പിച്ചതിന്.
“റാഞ്ചുന്ന കഴുകൻ,
പത്തി വിടർത്തിയ പാമ്പ്,
രണ്ട് കാലുകളിൽ പൊന്തി
മുള്ളുകൾക്കിടയിലെ തളിരിലകൾ
കരളുന്ന ആട്,
മരക്കൊമ്പിൽ തലകീഴായ് കിടന്ന്
പഴങ്ങൾ കാർന്നു തിന്നും തത്ത,
അല്ലെങ്കിൽ
ഇവരുടെ സ്ഥാനത്ത്
ഒരു മനുഷ്യനാണെങ്കിലും ,
അനീതിക്കെതിരെ പൊരുതാൻ
എപ്പോഴെങ്കിലും
ആരെങ്കിലും നിവർന്ന് നിൽക്കുന്നത്
കാണാൻ എന്തു ചന്തം !”
***







No Comments yet!