Skip to main content

ആധുനിക പലഹാരം

ഈ കഥ അല്ല, പ്രശ്‌നം നടക്കുന്നത് കുറെ മുന്‍പ് ആണ്. കുറെ മുന്‍പെന്നു പറഞ്ഞാല്‍ ദോശയും ഇഡ്ഡലിയും പ്രതാപത്തില്‍ വാണിരുന്ന നമ്മുടെ അടുക്കളയില്‍ ചപ്പാത്തി വന്ന ആ കാലം. പള്ളിക്കൂടത്തില്‍ നിന്നും അമ്മുക്കുട്ടി ഒരു ആഭ്യന്തര പ്രശ്‌നമായിട്ടാണ് വന്നത്. എന്താണെന്നോ, ഒപ്പം പഠിക്കുന്ന ലൈലയുടെ ഉമ്മ അവള്‍ക്ക് ചപ്പാത്തി ഉണ്ടാക്കി കൊടുത്തു. അതും അമ്പിളി മാമനെ പോലെ വട്ടത്തില്‍, നല്ല സ്വര്‍ണകളറില്‍… പിന്നെ ഒരു പ്രേത്യേകത കൂടിയുണ്ട്, കഴിഞ്ഞ വേലയ്ക്ക് പോയപ്പോള്‍ കണ്ട മത്തങ്ങ ബലൂണ്‍ പോലെ വീര്‍ത്ത്.

വന്നപ്പോള്‍ മുതല്‍ മുഖം വാടിയിരുന്ന അമ്മുവിനോട് അമ്മ ചോദിച്ചപ്പോഴാണ് അറിയുന്നത്, ചപ്പാത്തി കാരണം അമ്മു കൂടെ പഠിക്കുന്ന കുട്ടികളുടെ മുന്നില്‍ അപമാനിതയായിരിക്കുകയാണ്. എന്നാല്‍ പിന്നെ അത് ഒന്നു ഉണ്ടാക്കി നോക്കിയിട്ടു തന്നെ കാര്യം – അമ്മയും വിചാരിച്ചു. വയലില്‍ പണി കഴിഞ്ഞു വന്ന അച്ഛനോട് അമ്മ വിശദമായി തന്നെ നടന്ന സംഭവങ്ങള്‍ പറഞ്ഞു. സിലോണില്‍ പോയ മജീദിന്റെ മകളാണ് ലൈല. അതുകൊണ്ടുതന്നെ അതൊന്നും നമ്മള്‍ ഇന്ത്യക്കാര്‍ കഴിക്കാന്‍ പാടില്ല പോലും… ഇതു പറഞ്ഞതും കോണ്‍ഗ്രസുകാരനും അമ്മുവിന്റെ ചെറിയച്ഛനുമായ രവി പറഞ്ഞു, “മഹാത്മാഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ ചപ്പാത്തിയാണ് കഴിച്ചത്, അവര്‍ അതിന് റൊട്ടി എന്നാണ് പറയുക.” ഇനി അച്ഛന്‍ എന്തു പറയും കഴിഞ്ഞ ദിവസം ലളിത ടീച്ചര്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണെന്നു പഠിപ്പിച്ചിരുന്നു. അങ്ങനെ ഒരാള്‍ ചപ്പാത്തി കഴിക്കുമ്പോള്‍ ഇനി അച്ഛന്‍ എന്തു പറയും. അടുത്ത കാരണം അച്ഛന്‍ കണ്ടുപിടിക്കുന്നതിനു മുന്നേ അമ്മ പറഞ്ഞു. “ഈ ചപ്പാത്തി മാവിനു വില കുറവാണ് , പിന്നെ വളരെ ഗുണവുമുണ്ട് ഇല്ലെങ്കില്‍ ഈ മഹാന്മാരൊക്കെ ചപ്പാത്തി കഴിക്കുമോ?”
അതില്‍ അച്ഛന്‍ കുടുങ്ങി.

“എന്നാ പിന്നെ അങ്ങനെയായിക്കോട്ടെ”. അച്ഛനും തീരുമാനിച്ചു.

വര്‍ക്കി മാപ്പിളയുടെ കടയില്‍ നിന്നും ഒരു കിലോ ആട്ടപ്പൊടി വാങ്ങി. കടലാസ് കുമ്പിള്‍ കുത്തി വര്‍ക്കി മാപ്പിള ആട്ട പൊടി കൊടുത്തു വിട്ടു. അതുമായി പോകുന്ന വഴിയില്‍ കാണുന്നവരോടൊക്കെ മഹാത്മാഗാന്ധി ചപ്പാത്തി കഴിക്കുന്നത്തിന്റെ വിശേഷം പറഞ്ഞു.

ഇനി ആണ് പ്രധാന പ്രശ്‌നം, അമ്മ ഈ ചപ്പാത്തി കണ്ടിട്ടില്ല. അമ്മുവിനോട് ലൈല പറഞ്ഞ വിവരണം മാത്രമേ ഉള്ളൂ. അമ്പിളി മാമനെ പോലെ വട്ടത്തില്‍ അമ്മയ്ക്ക് ആദ്യത്തെ സംശയം ദോശയും വട്ടത്തിലാണ് അതുപോലെ ആണോ?

ആ സംശയം അമ്മു തീര്‍ത്തു കൊടുത്തു. അല്ല ബലൂണ്‍ പോലെ വീര്‍ക്കണം ദോശ വീര്‍ക്കില്ലലോ. ആകെ ആശയക്കുഴപ്പത്തിലായി.

ആട്ട പൊടിയും മുന്നില്‍ വെച്ച് അച്ഛനും അമ്മയും അമ്മുവും താടിയ്ക്ക് കൈയ്യും കൊടുത്ത് നിന്നു. ഇനി എന്ത് ചെയ്യും. ഒടുക്കം ഒരു പോംവഴി കണ്ടെത്തി ചപ്പാത്തി ഉണ്ടാകാന്‍ പഠിക്കുക. അതും ലൈലയുടെ ഉമ്മ മുനീറയുടെ അടുത്ത് നിന്നും.

പിന്നെ ഒരു തേരോട്ടമായിരുന്നു. പൊടിയും അമ്മയും അമ്മുവും ലൈലയുടെ വീട്ടില്‍ അവര്‍ സന്തോഷത്തോടെ സ്വീകരിച്ചു അടുക്കളയില്‍ കൊണ്ടു പോയി. ഒരു സ്റ്റീലിന്റെ ഉരുളി എടുത്തു, അമ്മു അതു സൂക്ഷിച്ചു നോക്കി. നല്ല വെള്ളിയുടെ തിളക്കം, എന്റെ വീട്ടില്‍ ഉള്ള പത്രം നിറം മങ്ങിയ മഞ്ഞ നിറത്തില്‍ ഉള്ളതാണ് അതും മുത്തശ്ശിയുടെ ആണെന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. മുനീറ ആ ആട്ട പൊടി പാത്രത്തില്‍ ഇട്ടു. ശേഷം ആവിശ്യത്തിനുള്ള ഉപ്പ് എന്നും പറഞ്ഞു കൊണ്ടു ചുവന്ന അടപ്പുള്ള ഒരു ടപ്പയില്‍ നിന്നും ഒരു പൊടി എടുത്തു.

ഇതാണോ ഉപ്പ് അമ്മു മനസ്സില്‍ ഓര്‍ത്തു. എന്റെ വീട്ടില്‍ ഭരണിയില്‍ ഉപ്പുണ്ട് അത് ഇങ്ങനെയല്ല ഇങ്ങനെ ഉള്ളത്. എന്റെ വീട്ടില്‍ അച്ഛനും കൊച്ചച്ചനും പാല്‍ ചായ കൊടുക്കുമ്പോള്‍ അമ്മ ഇടുന്ന മധുരമാണ്.

അമ്മു പതുക്കെ അമ്മയുടെ ചെവില്‍ പറഞ്ഞു, ലൈലയുടെ അമ്മയ്ക്ക് തെറ്റു പറ്റി. അത് ഉപ്പല്ല.

ഇതു കേട്ട മുനീറ കുറച്ച് ഉപ്പ് എടുത്ത് അമ്മുവിന്റെ ചുണ്ടില്‍ മുട്ടിച്ചു. ഉപ്പിന്റെ രുചി അമ്മു മുഖം ചുളിച്ചു.

അടുത്തതായി ചെറു ചൂടു വെള്ളത്തില്‍ കുഴക്കണം. പുകയടുപ്പില്‍ വെച്ച ചെറിയ കാലത്തില്‍ നിന്നും വെള്ളം മുനീറ ആട്ട മാവില്‍ ഒഴിച്ചു . പതുക്കെ കുഴച്ചു തുടങ്ങി. പുതിയ കാര്യം പഠിക്കുന്ന ഗൗരവത്തില്‍ അമ്മയും അമ്മുവും നോക്കി നിന്നു. കുഴച്ച മാവില്‍ നിന്നും ഒരല്പം എടുത്ത് പരനൊരു തടിയില്‍ വെച്ച് മുനീറ അടുപ്പുത്തുന്ന കുഴലു പോലെയുള്ള ഒരു കുഴല്‍ കൊണ്ടു അതു പരത്തി.

ഇപ്പോള്‍ കണ്ടാല്‍ അമ്മു പറഞ്ഞ അമ്പിളി മാമന്റെ വട്ടമായി. അടുത്ത ഘട്ടം ദോശ കല്ലില്‍ വെച്ചു തിരിച്ചും മറിച്ചും ഇട്ട് അത് വേവിച്ചു. വെന്ത ചപ്പാത്തി മുനീറ ഒരു പാത്രത്തില്‍ വെച്ച് അമ്മുവിന് കൊടുത്തു അമ്മു ആദ്യമായി ചപ്പാത്തി കഴിച്ചു.

“ദോശയുടെ പോലെ മുറിക്കാന്‍ പറ്റുന്നില്ല.” അമ്മു പരാതി പറഞ്ഞു.

അങ്ങനെ ചപ്പാത്തിയുമായി അവര്‍ വീട്ടിലേക്ക് പോയി സാമ്പാറും ചേര്‍ത്ത് എല്ലാരും കഴിച്ചു. പിറ്റേന്ന് അമ്മു പള്ളിക്കൂടത്തില്‍ പോയി. വൈകിട്ട് വന്ന അമ്മുവിനോട് അമ്മ കൈയ്യും കാലും കഴുകി വരാന്‍ പറഞ്ഞു. ചായയോടൊപ്പം നല്ല ചൂട് ചപ്പാത്തിയും കോഴി കറിയും കൊടുത്തു. അമ്മുവിന്റെ കണ്ണില്‍ സന്തോഷം കൊണ്ടു ആയിരം നക്ഷത്രങ്ങള്‍ വിരിഞ്ഞു. അമ്മു സന്തോഷത്തോടെ അതു കഴിച്ചു. അമ്മ അതു നോക്കിയിരുന്നു. അടുക്കളയില്‍ ഉണ്ടായിരുന്ന പരന്ന പാത്രത്തിലും പുട്ടിന്റെ കുറ്റിയിലും ആട്ട മാവിന്റെ അവശിഷ്ട്ടം കാണപ്പെട്ടു. മുട്ടായിടാത്ത പിട കോഴിയെ നോക്കി വന്ന പാവം കൗസല്യ വല്യമ്മയുടെ നായ കുറച്ചു നേരത്തെ അന്വേഷണത്തിനു ശേഷം മടങ്ങി.

One Reply to “ആധുനിക പലഹാരം”

Leave a Reply to Sree Cancel reply

Your Email address will not be published.