Skip to main content

പൂജ്യം അഥവാ അന്വേഷണത്തിന്റെ ആരംഭം

​”ജാനിബാപ്പ മരിച്ചു”. “ഞെട്ടിപ്പിക്കുന്നതോ തീരാനഷ്ടമെന്ന് വിളിച്ച് വിലപിക്കേണ്ടതോ ആയ ഒന്നുമില്ല, ജാനിബാപ്പയുടെ മരണത്തിൽ. പ്രത്യേകിച്ച് യാതൊന്നും അവകാശപ്പെടാനില്ലാത്ത ഒരു വെറും സാധാരണ മനുഷ്യൻ”.

മരണത്തെക്കുറിച്ചും അതിലുപരി ജീവിതത്തെക്കുറിച്ചും ഉള്ള ഒരു വലിയ ധ്യാനത്തിന്റെ തുടക്കമാണ് ആനന്ദിന്റെ ഈ ആദ്യ കഥയിൽ പൂജ്യം (1960) നമുക്ക് ദർശിക്കാൻ സാധിക്കുന്നത്. ആനന്ദിന്റെ പിൽക്കാല രചനകളിൽ ആവർത്തിച്ചു വരുന്ന ഒരു കഥന രീതി – ഓർമ്മകൾ, ഉപാഖ്യാനങ്ങൾ, വസ്തുതകൾ, വാദങ്ങൾ, കഥാപാത്രചിത്രീകരണ രീതി – എല്ലാം തന്നെ നമുക്ക് ‘പൂജ്യ’ത്തിൽ കാണാം എന്ന് കെ.സി. നാരായണൻ നിരീക്ഷിച്ചിട്ടുണ്ട്.
​1958-ൽ സിവിൽ എൻജിനീയറിങ് ബിരുദധാരിയായി ആനന്ദ് ആദ്യം ബോംബേയിലേക്കാണ് പോകുന്നത്.
​ഇന്റർവ്യൂ സമയത്ത് ജോലി എത്രയും ദൂരെയാകുന്നുവോ അത്രയും നല്ലതെന്നാണ് അദ്ദേഹം പറയുന്നത്.
​അങ്ങനെ രാജ്യത്തിന്റെ പടിഞ്ഞാറേ അറ്റത്ത്, പോർബന്ദറിൽ, ഒരു വലിയ തെർമൽ പ്ലാന്റിന്റെ പണി സ്ഥലത്ത് കേവലം രണ്ടു ദിവസത്തിനകം, ഒരു ഓഗസ്റ്റ് മാസം ചേരുവാൻ അദ്ദേഹം യാത്രയാകുന്നു.
​’പൂജ്യം’ എന്ന കഥയുടെ പശ്ചാത്തലം ഇതാകുന്നു.

Chhatrapati Shivaji Terminus (CST) Mumbai: A timeless beauty, Mumbai - TimesTravel
Chhatrapati Shivaji Terminus (CST) Mumbai

​പൂജ്യത്തിന്റെ കഥ

​കാത്തിയാവാഡിലെ ജോലിസ്ഥലത്ത് കൂടെ ജോലി ചെയ്തിരുന്ന ജാനിബാപ്പയുടെ മരണം അറിയിക്കുന്ന സുഹൃത്തിന്റെ കത്ത് കിട്ടുന്നതാണ് കഥയുടെ തുടക്കം. ഇതുതന്നെയാകുന്നു ‘പൂജ്യം ‘എന്ന കഥയുടെ ‘കഥ’യും. ഇത്രമാത്രം. ​നമുക്ക് സാധാരണ പരിചയമുള്ള കഥകളിൽ വരുന്ന കഥാപാത്രങ്ങൾ, അവരുടെ വികാരവിചാരങ്ങൾ, പ്ലോട്ടുകൾ, അപ്രതീക്ഷിത സംഭവങ്ങൾ, ഉദ്വേഗങ്ങൾ ഒന്നും ‘പൂജ്യ’ത്തിൽ ഇല്ല. എന്നിട്ടും സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലർ പോലെ നാം ഈ കഥ വായിക്കുന്നു, ആഴ്ന്നിറങ്ങുന്നു. അതിനു നമ്മെ പ്രാപ്തരാക്കുന്ന ഘടകം കഥയുടെ ആശയ അടിത്തറ തന്നെയാണ്. ആശയങ്ങളില്ലാതെ വെറും കഥകളായി എന്തെങ്കിലും എഴുതണമെന്ന് ഒരിക്കൽ പോലും തോന്നാത്ത ഒരു എഴുത്തുകാരന്റെ അടിയുറച്ച വിശ്വാസം നമ്മിലേക്ക് ശക്തിയായി പ്രവഹിക്കുന്നതിന്റെ ആദ്യ ഉദാഹരണമാണ് ഈ കഥ.

കഥയിലേക്ക് മടങ്ങാം – ആഖ്യാതാവിന്റെ കാത്തിയാവാഡിലെ ജാനിബാപ്പയോടൊത്ത ഓർമ്മകളും ഇപ്പോൾ ജോലി ചെയ്യുന്ന ഹിമാലയൻ താഴ്വരയിലെ അനുഭവങ്ങളുമാണ് കഥാപരിസരം. ആറടി ഉയരവും ചുരുളുവാൻ ആരംഭിച്ച തൊലിയും, മുഴുവനായി നരച്ച താടിയും മുടിയും, ഇസ്തിരിയിടാത്ത വെളുത്ത ഹാഫ് ഷർട്ടും, കാക്കി പാന്റ്സും, അപൂർവ്വമായി കഴുകുന്ന ഗാന്ധി തൊപ്പിയും. തേങ്ങിയും തപ്പിയുമുള്ള നടത്തം. ഏകാന്തമായ താമസം – ഇതൊക്കെയാണ് ജാനിബാപ്പ. എല്ലാംകൊണ്ടും ജീവിതത്തിന്റെ സാധാരണത്വം പ്രതിനിധീകരിക്കുന്ന ഒരു സാധാ മനുഷ്യൻ. എന്നാൽ അതുകൊണ്ടുതന്നെയാണ് ആഖ്യാതാവ് അയാളെപ്പറ്റി ആലോചിച്ചു പോകുന്നത്.
​ജീവിതത്തിന്റെ ഈ സാധാരണത്വം ആഖ്യാതാവിന് പക്ഷേ ഗ്രാഹ്യമാകുന്നത് കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ പോയതിനുശേഷമാണ്. ​വിദ്യാർത്ഥിയായിരുന്നപ്പോൾ ജീവിതത്തിന്റെ ഗഹന സത്യം ആരാഞ്ഞ ആ മനസ്സ് ഇന്ന് വിഭിന്നങ്ങളായ ജീവിതാനുഭവങ്ങളിലൂടെ മനസ്സിലാക്കിയത് നാടകീയമായ ഒന്നും കാഴ്ചവെക്കാനില്ലാത്ത ജാനിബാപ്പമാരെ തന്റെ ചുറ്റുമുള്ളൂ എന്നതാണ്.

അപ്പോൾ ആഖ്യാതാവ് മനസ്സിലാക്കുന്ന ആത്യന്തിക യാഥാർത്ഥ്യം ഇതാണ്. “ഒരേ ധാതുക്കൾ കൊണ്ട് ഒരേ രീതിയിൽ സൃഷ്ടിക്കപ്പെടുന്ന നാം എല്ലാം ഒരേ മട്ടിൽ ഈ ലോകത്തിലേക്ക് കടന്നുവരുന്നു. ഒരേ വിധത്തിൽ നാം പുഷ്ടിക്കപ്പെടുന്നു. ഒരേ കാരണങ്ങളാൽ ചിന്തിക്കുന്നു, കരയുന്നു, പ്രത്യുത്പാദനം ചെയ്യുന്നു, മരിക്കുന്നു. നാമെല്ലാം ഒരേ അണിയിലാണ്; മണ്ണിനടിയിലേക്ക് നീങ്ങുന്ന ആ നീണ്ട അണിയിൽ. ലക്ഷ്യവും മാർഗ്ഗവും ഒന്ന് തന്നെ. ഒരേ ഗ്രഹത്തിൽ പ്രത്യക്ഷപ്പെടുകയും ഒരേ ആകൃതിയും ലക്ഷ്യവുമായി ജീവിക്കുകയും ചെയ്യുമ്പോൾ നമ്മുടെയെല്ലാം കഥ ഒന്നാകുന്നു” ജാനിബാപ്പയുടെ ജീവിതത്തിന്റെ അടരുകൾ കഥയിൽ ഹൃദയസ്പൃക്കായി പറഞ്ഞുവെക്കുന്നു. കാത്തിയാവാഡിലെ ഒരു ഉൾഗ്രാമത്തിൽ ഗോട്ടിയും പമ്പരവും കളിച്ചു വളർന്ന ബാലൻ കാലക്രമേണ ഒരു യുവാവും വിവാഹിതനും രക്ഷിതാവും ആകുന്നു. ഇരുട്ടും വെളിച്ചവും കലർന്ന ദിവസങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കെ ജാനിബാപ്പ വീണ്ടും ഏകനായി. എന്നാൽ ഗോട്ടി കളിച്ചിരുന്ന ആ ചെറുപ്പക്കാരന്റെ രൂപത്തിൽ നിന്നും വൃദ്ധനായ രൂപത്തിലേക്കുള്ള ആ മാറ്റം അയാളുടെ പ്രയത്നത്തിന്റെ പരിണിതഫലമായിരുന്നില്ല, വെറും കാലത്തിന്റെ കൈവിരുത് മാത്രമായിരുന്നു.

തെർമൽ സ്റ്റേഷനിലെ ജോലി രാജിവെച്ച് ആഖ്യാതാവ് മടങ്ങുന്ന വേളയിൽ വിടപറയാൻ സ്റ്റേഷനിലെത്തിയ ജാനിബാപ്പ നമുക്കൊരു നൊമ്പരവുമാകുന്നു. ഏകാന്തവും വൈചിത്ര്യരഹിതവുമായ ഒരു പാതയിൽ ജാനിബാപ്പയ്ക്ക് കഥാകാരൻ ഒരു കൂട്ടുകാരനായി തോന്നിയിരിക്കണം. അങ്ങനെ ജാനിബാപ്പയുടെ ജീവിതം അവസാനിക്കുകയാണ്. ബെഞ്ച് മാർക്ക് മുതൽ ബെഞ്ച് മാർക്ക് വരെ ലെവലിങ് ചെയ്തുകൊണ്ട് അവസാനം ഫോർസൈറ്റും ബാക്സൈറ്റും കൂട്ടി ഒടുവിലത്തെ പേജിൽ ഉത്തരം എഴുതപ്പെട്ടു: പൂജ്യം.

ജാനിബാപ്പയെക്കുറിച്ച് കഥാകാരൻ അറിയുന്നത്, ഓർമ്മിക്കുന്നത് ഹിമാലയൻ താഴ്വരയിലെ തന്റെ പുതിയ ജോലി സ്ഥലത്തുവെച്ചാണ്. എണ്ണയെ തേടിയുള്ള യാത്രയിലാണ് അയാൾ. ലക്ഷക്കണക്കിന് കൊല്ലങ്ങൾക്ക് മുമ്പ് മനുഷ്യൻ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതിനും മുമ്പ് മണലിന്റെ അട്ടികൾക്കിടയിൽപ്പെട്ട് കൂട്ടമായി ചത്തടിഞ്ഞ ചെറുജീവികൾ പലതരം ഓർഗാനിക് കോമ്പൗണ്ടുകളായി രൂപം കൊണ്ടു—എണ്ണയും ഗ്യാസും. പഴുതുകളുള്ള പാറകളുടെ അനുകൂലമായ ഘടനകൾ ഭൂഗർഭത്തിൽ കണ്ടെത്തുന്ന ഇടങ്ങളിൽ ഡ്രില്ലിംഗ് റിഗുകൾ ഉറപ്പിച്ച് കിണറുകൾ കുഴിച്ച് എണ്ണയോ ഗ്യാസോ തേടുന്നു. തന്റെ ഇപ്പോഴത്തെ ജോലിയും ജാനിബാപ്പയുടെ മരണവിവരവും കഥാകാരനെ മരണം എന്ന യാഥാർത്ഥ്യം തന്റെ ജോലിയുമായി എത്ര ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ചിന്തിപ്പിക്കുന്നു.

മരണമാണ് തനിക്ക് പണി തരുന്നത്. മാത്രമല്ല, ഈ മരണത്തിന്റെ അനന്തരഫലങ്ങളാണ് ആധുനികരായ നമ്മുടെയെല്ലാം നിത്യജീവിതത്തെ ചലിപ്പിക്കുന്ന ഊർജ്ജത്തിലും രൂപത്തിലും താപത്തിലും പ്രധാന സ്രോതസ്സ് എന്നുകൂടി അയാൾ ഓർക്കുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആഖ്യാതാവിന്റെ ചിന്തകൾ കോളേജ് കാലത്തിലേക്ക് നീളുകയാണ്. തന്റെ ജിയോളജി പ്രൊഫസർ ജീവിതത്തിന് കൊടുത്ത ഒരു നിർവ്വചനമാണത്: “ജനിക്കുകയും ഭക്ഷിക്കുകയും വളരുകയും പ്രത്യുത്പാദനം ചെയ്യുകയും ഒടുവിൽ മരിക്കുകയും ചെയ്യുന്ന ഒരു വസ്തുവിനെ ജീവനുള്ള ഒന്നായി കണക്കാക്കാം.” അങ്ങനെ വരുമ്പോൾ ജാനിബാപ്പയും ഇതാ ആ കൺഫർമേറ്ററി ടെസ്റ്റ് പാസ്സായി, താൻ ജീവനുള്ള ഒരു വസ്തുവായിരുന്നു എന്ന് തെളിയിച്ചിരിക്കുന്നു.

Anand: Alone in the Crowd | Sahapedia

പ്രസക്തമായ തുടർച്ചകൾ

1960-ൽ, തന്റെ 24 വയസ്സില്‍ എഴുതപ്പെട്ട ഈ കഥയിലൂടെ ആനന്ദ് തന്റെ വരുംകാല സമ്പന്ന സാഹിത്യ ജീവിതത്തിന് വ്യക്തമായ ചില തുടക്കങ്ങൾ ഇടുന്നുണ്ട്. അതിന്റെ തുടർച്ചകളാകട്ടെ ആ ഗഹന സാഹിത്യ ജീവിതത്തിലുടനീളം നമുക്ക് ദർശിക്കാനാവും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആശയങ്ങളോടുള്ള അദ്ദേഹത്തിന്റെ മമത.
​’പൂജ്യ’വും വ്യത്യസ്തമല്ല. ജീവിതത്തെയും മരണത്തെയും കുറിച്ച്, മനുഷ്യരെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് എല്ലാം ആഴത്തിൽ ആലോചിക്കപ്പെടുന്നു. ഭാരതീയ തത്ത്വചിന്താ പാരമ്പര്യത്തിലെ ഭൗതികവാദ ചിന്താ പരിസരത്തെ ആനന്ദ് ഈ കഥയിൽ തന്നെ കണ്ടെത്തുന്നത് നമുക്ക് കാണാനാകും. ഈ ഭൗതികവാദവും പിന്നെ നാസ്തികവാദവും ഇന്നും ആനന്ദ് പിന്തുടരുന്നു.

Politics of social justice absent from electoral discourse: M.N. Karassery - The Hindu
എം.എൻ. കാരശ്ശേരി

എം.എൻ. കാരശ്ശേരിയുമായുള്ള ഒരു അഭിമുഖത്തിൽ (വര്‍ത്തമാനകാല വര്‍ത്തമാനങ്ങള്‍  (2019)) ആനന്ദ് തന്റെ ഇന്റർമീഡിയറ്റ് കാലം മുതൽ താനൊരു നാസ്തികനാണെന്നും ആ നിലപാടിൽ ഇന്നും മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ​തന്റെ ആഖ്യാനങ്ങളിൽ ശാസ്ത്രീയമായ വസ്തുതകൾ കൊണ്ടുവരുന്നതിന്റെ സൂചനയും ‘പൂജ്യം’ നൽകുന്നു. ഭൂമിശാസ്ത്രവും, ഭൗമശാസ്ത്രവും, ഭൂഗർഭശാസ്ത്രവും ഇവിടെ കഥയുടെ പശ്ചാത്തലമാകുന്നു. ഈ തുടർച്ച ആനന്ദിന്റെ പ്രധാനപ്പെട്ട നോവലായ “വിഭജനങ്ങളി’ (2006)ൽ വരെ തുടരുന്നു.

buy the book വര്‍ത്തമാനകാല വര്‍ത്തമാനങ്ങള്‍ written by എം എന്‍ കാരശ്ശേരി in  category ഉപന്യാസം, ISBN 9789389445510, Published by DC Books from Kerala  Book Store - Online Shopping Store to buy Malayalam ...

 

​അങ്ങനെ വരുമ്പോൾ നാം മനസ്സിലാക്കേണ്ടത് ചെറിയ ചെറിയ കഥകൾ എഴുതി മെല്ലെ മെല്ലെ വളർന്നുവരുന്ന ഒരു എഴുത്തുകാരനല്ല ആനന്ദിൽ കാണുക, മറിച്ച് തുടങ്ങുന്നത് തന്നെ വളർച്ചയെത്തിയ ഒരു എഴുത്തുകാരനായിട്ടാണ് എന്ന കെ.സി. നാരായണന്റെ നിരീക്ഷണത്തിലാണ്.

buy the book വിഭജനങ്ങള്‍ written by ആനന്ദ് (പി സചിദാനന്ദന്‍) in category നോവല്‍, ISBN 9788126411856, Published by DC Books from Kerala Book Store - Online Shopping Store to buy Malayalam Books, eBooks, Audio

ഇന്ന് 66 വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ എന്തുകൊണ്ടും ആനന്ദിന്റെ സാഹിത്യ സംഭാവനകളെ ഈ കഥ നാന്ദി കുറിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ‘പൂജ്യം’ എന്ന കഥ പൂജ്യത്തിൽ അവസാനിക്കുകയല്ല, പൂജ്യത്തിൽ നിന്നും തുടങ്ങുന്ന ഒരു യാത്രയായി പരിണമിക്കുകയാണ് ചെയ്തത്. “തുക” തേടിയുള്ള യാത്ര. ഇന്നും അദ്ദേഹം ആ യാത്ര തുടരുന്നു.

K C Narayanan
കെ.സി. നാരായണന്‍

​കൗതുകകരമായ ഒരു കാര്യം സൂചിപ്പിച്ച് ഈ ആസ്വാദനം ഞാൻ നിർത്തട്ടെ. ‘പൂജ്യം’ എന്ന പേര് കൊടുത്ത തന്റെ കഥ ആനന്ദ് എം. ഗോവിന്ദനെ ഏൽപ്പിച്ചിരുന്നു. ഗോവിന്ദൻ അതിന്റെ പേര് 1970-ൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിക്കാൻ കൊടുത്തപ്പോൾ ‘അന്വേഷണത്തിന്റെ ആരംഭം’ എന്നാക്കി മാറ്റി. ആ പേരിലാണ് ആ കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട് പുസ്തകരൂപത്തിൽ വന്നപ്പോൾ ആനന്ദ് അതിനെ വീണ്ടും ‘പൂജ്യം’ എന്ന് തന്നെയാക്കി.

No Comments yet!

Your Email address will not be published.