Skip to main content

പ്രതീക്ഷകള്‍ കടുംചോപ്പായ് വിറയ്ക്കുന്നു

”ആളുകളൊഴിഞ്ഞുപോയ് ആരവമൊടുങ്ങവേ
നീയുമീഞാനും മാത്രം; നീയെനിക്കാരാണാവോ!”
(‘ആത്മഗതം’ – ജി. കുമാരപിള്ള)

ജി കുമാരപിള്ള - G Kumarapillai | M3DB
ജി. കുമാരപിള്ള

”എന്‍റെ വൈദ്യുതവീചി വിറച്ചു പിന്മാറുന്നു
എന്‍റെ കണ്ണീരിൽശ്ശോണബിന്ദുക്കളുടയുന്നു.
എന്‍റെ  വാനത്തിൽ തെല്ലു മങ്ങി മിന്നിയ പുത്ത-
നമ്പിളി കടുംചോപ്പായ് കറുപ്പായ് വിറയ്ക്കുന്നു.”
(‘രാജലക്ഷ്മിയോട്’ – സുഗതകുമാരി)

Sugathakumari — The poet of silent valleys and silenced voices - The Hindu
സുഗതകുമാരി

രാജലക്ഷ്മിയുടെ ആത്മഹത്യ മലയാളത്തിലെ സർഗാത്മക എഴുത്തുകാരിൽ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. ജി കുമാരപിള്ളയും സുഗതകുമാരിയും എഴുതിയ കവിതകളിൽ അവരുടെ ഞെട്ടല്‍ നമുക്കു വായിക്കാം. പെരുമ്പടവം ശ്രീധരന്‍റെ ‘അഭയം’ എന്ന നോവലിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ പ്രാഗ്‌രൂപം രാജലക്ഷ്മിയാണെന്ന് കരുതപ്പെടുന്നുണ്ട്. രാമുകാര്യാട്ടിന്‍റെ അതേ പേരിലുള്ള ചലച്ചിത്രത്തിന്‍റെ ആധാരം ഈ നോവലായിരുന്നു. സി രാധാകൃഷ്ണന്‍റെ ‘നിലാവ്’ എന്ന നോവലും രാജലക്ഷ്മിയെയാണ് കഥാപാത്രമാക്കിയതെന്ന് കരുതപ്പെടുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് ആദ്യമായി (1969) കലാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യമത്സരങ്ങളിൽ കഥാവിഭാഗത്തിൽ ഒന്നാം സമ്മാനാര്‍ഹമായ കെ.എ. മോഹൻദാസിന്‍റെ ‘ആർദ്ര’ എന്ന കഥയിലെ പ്രധാന കഥാപാത്രം ഒരു രാജലക്ഷ്മി ടീച്ചറാണ്.

രാജലക്ഷ്മി


രാജലക്ഷ്മിയുടെ ‘മാപ്പ്’ എന്ന കഥയിൽ നിന്നുള്ള ചില ഭാഗങ്ങൾ വായിക്കുക.
”  ” So the most disgusting of pronouns is ” അവള്‍ നിര്‍ത്തി.
”She”
പുറകിലെ ബഞ്ചില്‍ നിന്നാണ്.
ക്ലാസ്സ് നിശബ്ദമായീ
ആ ചെറുപ്പക്കാരിയായ അദ്ധ്യാപിക വിളര്‍ത്തു.
ഭാഷയിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍വ്വനാമശബ്ദമാണ് ”അവള്‍”
………………….
ആ കുട്ടികളുടെ മുമ്പില്‍ കടലാസ്സുപോലെ വെളുത്ത മുഖവുമായി അവള്‍ ഒരു നിമിഷം നിന്നു. എന്നിട്ട് മേശപ്പുറത്തു കിടന്ന പുസ്തകം എടുക്കുക കൂടി ചെയ്യാതെ ക്ലാസ്സില്‍ നിന്നു പുറത്തേക്കു കടന്നു.
…………………

അവള്‍ക്കു സഹിക്കാന്‍ വയ്യാതായി. മേശമേല്‍ തലവെച്ച് അവള്‍ തേങ്ങാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അടക്കാന്‍ കഴിയാത്ത തേങ്ങലുകള്‍.”

കെ എ മോഹന്‍ദാസ് എഴുതിയ ‘ആര്‍ദ്ര’ എന്ന കഥയിലും ക്ലാസില്‍ നിന്നും പുറത്തിറങ്ങിപ്പോരുന്ന ടീച്ചറുണ്ട്.
”രാജലക്ഷ്മി ടീച്ചർ മേശപ്പുറത്തു തലവച്ച് തളർന്നിരുന്നു. ബെല്ലടിക്കാൻ ഇനിയും പത്തു പതിനഞ്ചു മിനിട്ടോളമുണ്ട്.
……… അല്ലെങ്കിൽ അവർ അത്ഭുതപ്പെടുമായിരുന്നു. രാജലക്ഷ്മി ടീച്ചർ കൃത്യസമയത്തിന് ഒരു മിനിറ്റ് മുമ്പോ പിമ്പോ ക്ലാസിൽ നിന്ന് പോരാറില്ല. എന്തേ, ഇങ്ങനെ ആവാൻ. ടീച്ചർക്കു തന്നെ അത്ഭുതം തോന്നി. എന്തേ
ആ സമയത്ത് തനിക്കങ്ങനെ തോന്നാൻ.
………………
പുസ്തകത്തിൽ കണ്ണു മാത്രമേയുള്ളൂ എന്നോർത്തത് സ്റ്റുഡന്‍റ്സിന്‍റെ ബഹളം കേട്ടിട്ടാണ്. കുട്ടികളൊക്കെ അത്ഭുതത്തോടെ തന്നെ തുറിച്ചുനോക്കുന്നു. എന്തു ചെയ്യേണ്ടൂ എന്ന് അല്‍പ്പം ശങ്കിച്ചു. ക്ലാസ് എടുക്കാനുള്ള തന്‍റെ ‘മൂഡ്’ നഷ്ടപ്പെട്ടിരിക്കുന്നു. സുഖമില്ലെന്നും പറഞ്ഞ് ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോന്നു. വരുമ്പോൾ ആകെ തളർന്നിരുന്നു. ഫ്ലാസ്കിൽ നിന്നും കാപ്പി എടുത്തു കുടിച്ച് മേശപ്പുറത്ത് കൈപ്പത്തിയില്‍ മുഖം ചേർത്തു കിടന്നു.”

‘ആര്‍ദ്ര’യുടെയും ‘മാപ്പി’ന്‍റെയും തുടക്കങ്ങളില്‍ ചില സാദൃശ്യങ്ങള്‍ കാണാനാകുന്നത് രാജലക്ഷ്മിയുടെ കഥയും ജീവിതവും മോഹൻദാസിന്‍റെ കഥയുടെ പ്രേരണയായി വരുന്നുണ്ടെന്നു പറയുന്നതിനു കാരണമാകണമെന്നില്ല. എന്നാല്‍,  ‘ആർദ്ര’യിലെ പ്രധാന കഥാപാത്രം രാജലക്ഷ്മിടീച്ചറാകുന്നതും രാജലക്ഷ്മിയുടെ കഥകളിൽ അവരുടെ ആത്മാംശം നിഴലിച്ചിരുന്നുവെന്നു പൊതുവിൽ കരുതപ്പെടുന്നതും അങ്ങനെയൊരു നിഗമനത്തിലേക്കു നീങ്ങാൻ
വായനക്കാരനെ പ്രേരിപ്പിച്ചേക്കാം. ‘ആര്‍ദ്ര’ എഴുതപ്പെടുന്ന കാലത്ത് രാജലക്ഷ്മിയുടെ സ്വയംഹത്യയുടെ ഓര്‍മ്മകള്‍ സാഹിതീയസമൂഹമനസ്സില്‍ നിറഞ്ഞുനിന്നിരുന്ന കാലമായിരുന്നു.

കെ എ മോഹൻദാസ് ഒരു കഥ മാത്രം എഴുതി കഥയെഴുത്തിൽ നിന്ന് പിൻവാങ്ങിയ കഥാകാരനാണ്.* ഒന്നോ രണ്ടോ കഥകളെഴുതി കഥയെഴുത്ത് അവസാനിപ്പിച്ച ധാരാളം എഴുത്തുകാർ മലയാളത്തിൽ തന്നെയുണ്ടാകും. എന്നാൽ, ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കലാലയവിദ്യാർത്ഥികൾക്കുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് അയാളുടെ ഏകമാത്രമായ കഥ   പ്രസിദ്ധീകൃതമാകുന്നതെന്ന കാര്യം മോഹൻദാസിനെ അവരിൽ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. പിൽക്കാലത്ത് മാതൃഭൂമി നടത്തിയ മത്സരങ്ങളിലൂടെ സാഹിത്യരംഗത്തുവന്ന പലരും മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരായി മാറിയതിനെ ഇതിനോടു ചേര്‍ത്തുവയ്ക്കുമ്പോള്‍ മോഹൻദാസിന്‍റെ പിൻവാങ്ങലിന് ചില സവിശേഷമായ മാനങ്ങളുണ്ടെന്നു തോന്നാം. മോഹൻദാസ് വീണ്ടും കഥകള്‍ എഴുതിയില്ലല്ലോയെന്ന്  അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ എഡിറ്ററായിരുന്ന എം ടി ആവർത്തിച്ച് പലയിടങ്ങളില്‍ പറഞ്ഞിട്ടുള്ളതു കൂടി ശ്രദ്ധിക്കണം. മോഹന്‍ദാസിന്‍റെ പിന്‍വാങ്ങലിന് ഒരു ബലിമനുഷ്യന്‍റെ രൂപസാദൃശ്യങ്ങളുണ്ട്. ഈ ബലിമനുഷ്യനെ മോഹന്‍ദാസിന്‍റെ പില്‍ക്കാലത്തെ ധൈഷണികജീവിതത്തിലും കാണാം.

‘ആർദ്ര’ എന്ന കഥയുടെ ഭാഷയ്ക്കും ശൈലിക്കും കൂടി രാജലക്ഷ്മിയുടെ രചനകളോട് ചില സാദൃശ്യങ്ങൾ കൽപ്പിക്കാൻ കഴിയുമെന്നു തോന്നുന്നു. നവോത്ഥാനകാലകഥാസാഹിത്യത്തിനും ആധുനികതാവാദം ശക്തമാകുന്നതിനും ഇടയിൽ എഴുതിത്തുടങ്ങിയ രാജലക്ഷ്മിയുടെ കഥാരചനാശൈലി ഒരു പരിവര്‍ത്തനഘട്ടത്തിന്‍റേതാണ്. ഇതിനോടാണ് മോഹന്‍ദാസിന്‍റെ കഥനശൈലിക്കു സാദൃശ്യമെന്നു പറയുമ്പോള്‍ മറ്റൊരു കാര്യം കൂട്ടിച്ചേര്‍ക്കണം.  മോഹൻദാസ് പുരസ്കൃതനായതിനു തൊട്ടടുത്ത വർഷം കലാലയവിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ കഥയ്ക്കുള്ള പുരസ്കാരം നേടുന്ന എന്‍ എസ് മാധവന്‍റെ ‘ശിശു’ എന്ന കഥ ഏറെയും ആധുനികതാവാദത്തിന്‍റെ ശൈലിയില്‍ എഴുതപ്പെട്ടതാണെന്ന കാര്യമാണത്. എന്നാല്‍, ഈ ശൈലീവ്യത്യാസങ്ങള്‍ക്കിടയിലും മോഹന്‍ദാസിന്‍റെയും മാധവന്‍റെയും കഥാപ്രമേയങ്ങള്‍ക്കിടയില്‍ ചില സാദൃശ്യങ്ങള്‍ കണ്ടെത്താനാകും.

പ്രത്യക്ഷത്തിൽ ഒരു പ്രണയപരാജിതയുടെ കഥയെന്നു  വായിച്ചെടുക്കാവുന്ന ആഖ്യാനമാണ് മോഹന്‍ദാസ് എഴുതിയത്. എന്നാൽ അതിനപ്പുറത്തെ ചില മാനങ്ങൾ ഈ കഥയിൽ നിന്നും നിര്‍മ്മിച്ചെടുക്കാൻ കഴിയേണ്ടതാണ്. മാധവന്‍റെ രചനയുമായി മോഹന്‍ദാസിന്‍റെ ആഖ്യാനത്തെ ചേര്‍ത്തുനിര്‍ത്തുന്ന  പ്രകരണവും അതാണ്. ഇവ എഴുതപ്പെടുന്ന കാലത്തിന്‍റെ ബാഹ്യയാഥാര്‍ത്ഥ്യവും യുവതയുടെ ജീവിതവും ഇവരുടെ കഥകളുടെ പ്രമേയങ്ങളുമായി ഒരുമിച്ചുവയ്ക്കുമ്പോള്‍ ലഭിക്കുന്ന ചില നോട്ടങ്ങളും കാഴ്ചകളുമാണത്. ആ കാലത്തെ യുവാക്കള്‍ അഭിമുഖീകരിച്ച പ്രശ്നലോകങ്ങളിൽ നിന്നാണ് ഈ രണ്ടുകഥകളും ഉയിർകൊണ്ടതെന്ന് കരുതുന്നത് വലിയ പുതുമയുള്ള കാര്യമായിരിക്കില്ലെങ്കിലും ഇവിടെ വിശകലനത്തിന് സഹായകമാകുന്ന കാര്യമാണത്.

1969ലാണ് മോഹന്‍ദാസിന്‍റെ കഥ പ്രസിദ്ധീകരിക്കുന്നത്.  ഇന്ത്യക്കു പുറത്ത് വിയറ്റ്നാം യുദ്ധവും പാരീസിലെ വസന്തകലാപവും സോവിയറ്റ് യൂണിയനിലെ മുതലാളിത്തപാതക്കാരും ബൊളീവിയയില്‍
ചെ ഗുവേരയുടെ പ്രസ്ഥാനവും അമേരിക്കയുടെ കമ്മ്യൂണിസ്റ്റ് വേട്ടയും ശീതസമരവും… എല്ലാം ചേര്‍ന്ന് കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ അധികാരക്കൈമാറ്റത്തിനു ശേഷം
രണ്ടു വ്യാഴവട്ടം പിന്നിടുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധപ്രക്ഷോഭം സൃഷ്ടിച്ച മൂല്യപരമായ അന്തരീക്ഷം പതുക്കെ നിഷ്ക്രമിക്കുകയായിരുന്നു. രാഷ്ട്രീയസ്വാതന്ത്ര്യം നല്‍കിയ പ്രതീക്ഷകള്‍ കെട്ടടങ്ങിത്തുടങ്ങുന്നു. രാജ്യം വലിയൊരു സാമ്പത്തികപ്രതിസന്ധിയിലേക്കു നീങ്ങുന്നു.

മൂന്നു വര്‍ഷക്കാലത്തോളം വികസനപദ്ധതികള്‍ക്ക് അവധി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യന്‍ രൂപ വലിയ അപമൂലനത്തിനു വിധേയമായി. 1964ലെ പിളര്‍പ്പിനു പോലും ഇന്ത്യന്‍ ഇടതുപക്ഷനേതൃത്വത്തിന്റെ അപചയത്തെ തടഞ്ഞു നിര്‍ത്താനായിരുന്നില്ല. വ്യവസ്ഥാപിതത്വത്തെ സ്വാംശീകരിക്കുന്ന അപചയത്തിന്റെ പാതയില്‍ നിന്നും ഇടതുപക്ഷപ്രസ്ഥാനത്തിലെ അസംതൃപ്തരായ വിപ്ലവകാരികള്‍ പുറത്തുവരികയും പ്രക്ഷോഭണങ്ങളുടെ പുതിയ ചാലുകള്‍ കീറാന്‍ തുടങ്ങുകയും ചെയ്തിരുന്നു. പ്രതീക്ഷകളുടെ അസ്തമയകാലചരിത്രത്തിന്റെ രേഖീകരണം നേരിട്ടുള്ള അനുഭവവിവരണങ്ങളായി മോഹന്‍ദാസിന്‍റെയും മാധവന്റെയും കഥകളില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയില്ല. എന്നാല്‍, അറുപതുകളുടെ അന്ത്യത്തിലെ /എഴുപതുകളുടെ തുടക്കത്തിലെ ചരിത്രം അബോധപരമായി ഈ കൃതികളില്‍ രേഖീകൃതമാകുന്നു.

ഭീതിദമായ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍, വ്യാമോഹത്തിന്റെ രോഗാണുക്കളെ സംക്രമിപ്പിക്കുന്ന കഥകളല്ല മോഹന്‍ദാസും മാധവനും എഴുതിയത്. മദ്യവും ചരസ്സും ഭാംഗും മരണകീര്‍ത്തനവും കൊണ്ട് സാമൂഹികയാഥാര്‍ത്ഥ്യത്തെ ആഘോഷിക്കുന്ന പ്രതിലോമപ്രവര്‍ത്തനങ്ങള്‍ക്ക് ആ തൂലികകള്‍ കീഴ്‌പ്പെടുകയുണ്ടായില്ല. മറിച്ച്, ഛിദ്രമായി തീരുന്ന പ്രതീക്ഷകളെ കുറിച്ചായിരുന്നു ‘ആര്‍ദ്ര’യും ‘ശിശു’വും  പറഞ്ഞത്. തന്നെ നരകത്തില്‍ നിന്നും രക്ഷിക്കാന്‍ പുത്രന്‍ പിറക്കുമെന്നു മോഹിക്കുന്ന ‘ശിശു’വിലെ ഹരി വിമലയുടെ ഗര്‍ഭത്തില്‍ വളരുന്നത് അര്‍ബുദത്തിന്റെ മാംസക്കട്ടയാണെന്ന് അറിയുന്നു. ‘ആര്‍ദ്ര’യിലെ രാജലക്ഷ്മിക്ക് തന്‍റെ വിമോചനമാകുമെന്നു ധരിച്ച പ്രണയം നഷ്ടപ്പെടുകയും അഭയത്തിനായി പഴയ സങ്കേതത്തിലേക്കു മടങ്ങേണ്ടിവരികയും ചെയ്യുന്നു. കലാലയങ്ങളില്‍ നിന്നുവന്ന രണ്ടു യുവാക്കളും രചിച്ച കഥകളില്‍ പ്രതീക്ഷകളെയും ശുഭാപ്തിവിശ്വാസത്തെയും മറികടക്കുന്ന ദുരന്തയാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് ആവിഷ്‌ക്കരിക്കപ്പെട്ടു.

ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിലേക്ക് പ്രവേശിക്കുന്ന ഒരു സ്ത്രീയുടെ ആത്മബോധത്തിനും അവളുടെ പ്രണയത്തെ കുറിച്ചുള്ള ഓർമ്മകള്‍ക്കും ഇടയിലെ ആത്മഭാഷണമാണ് ‘ആര്‍ദ്ര’യുടെ കേന്ദ്രഭാഗം. പുറംലോകത്തിലെ സംഭവങ്ങളേക്കാളധികം, കഥാപാത്രത്തിന്റെ അന്തർമനത്തിൽ നടക്കുന്ന വിഘടനമാണ് കഥയുടെ ഗതി നിര്‍ണ്ണയിക്കുന്നത്. ഒരിക്കൽ അവളെ പ്രകാശമാനമാക്കിയ പ്രതീക്ഷകള്‍ വേദനാജനകമായ തിരിച്ചറിവുകളായി മാറുന്നു. ഈ ഓർമ്മകൾ സമയരേഖയെ തകർക്കുകയും സമകാലവും കഴിഞ്ഞകാലവും തമ്മിലുള്ള അതിരുകളെ ധൂസരമാക്കുകയും ചെയ്യുന്നു. ഏറിയ പങ്കും ‘ആർദ്ര’  സ്മരണകളുടെ കഥയാണ്. രാജലക്ഷ്മിക്ക് ഓർമ്മകൾ ആശ്വാസമാകുന്നില്ല. അത് ആത്മാവിനെ കൂടുതൽ ശൂന്യമാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

കോളേജില്‍ അദ്ധ്യാപനസമയത്ത് താന്‍ ഉച്ചരിച്ച ഒഥല്ലോയുടെ വാക്കുകള്‍ – ഞാന്‍ വര്‍ഷങ്ങളുടെ താഴ് വരയിലേക്കു താണുപോകുന്നു – രാജലക്ഷ്മി ടീച്ചര്‍ക്ക് തന്നെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരണയാകുന്നു.
ഇത് കഥയുടെ സാങ്കേതികസവിശേഷതയാണ്. സാഹിത്യവും ജീവിതവും തമ്മിലുള്ള ചേർച്ച വായനക്കാരനെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്കു നയിക്കുന്ന സുതാര്യമായ വഴിയായി പ്രവർത്തിക്കുന്നു. അദ്ധ്യാപിക എന്ന നിലയിൽ സാഹിത്യത്തിലെ ഒരു ദുരന്തനാടകം പഠിപ്പിച്ചിരുന്നവൾ സ്വജീവിതം ഒരു ദുഃഖനാടകമായി തിരിച്ചറിയുകയാണ്. ഉണ്ണിയേട്ടനുണ്ടല്ലോ തനിക്കെന്ന വിശ്വാസത്തിലാണ് അവര്‍ ജീവിച്ചത്. എപ്പോഴും  കൂട്ടായിരുന്നവന്‍.  സാഹിത്യം പഠിക്കാന്‍ പ്രേരിപ്പിച്ചവന്‍. സാന്ധ്യരാഗത്തിന്‍റെ വെളിച്ചത്തിൽ പരസ്പരം നോക്കി നിന്ന നാളുകള്‍ രാജലക്ഷ്മി ടീച്ചർ ഓർക്കുന്നു. എന്നും പരസ്പരം നോക്കി നിൽക്കാൻ കഴിഞ്ഞെങ്കിലെന്ന് ആശിച്ചിരുന്നു. ആത്മാവിൽ വർണ്ണശലഭങ്ങൾ പാറി നടന്ന നാളുകൾ. ഒരിക്കൽ ജീവിതത്തിലെ ശക്തസാന്നിദ്ധ്യമായിരുന്ന ഉണ്ണിയേട്ടന്‍ ഇപ്പോള്‍ അഭാവത്തിന്റെ ശക്തസാന്നിദ്ധ്യമായി മാറിയിരിക്കുന്നു. നഷ്ടപ്പെട്ടതിന്റെ ഓർമ്മയായി മാത്രം പ്രണയം നിലനിൽക്കുന്നു. അജ്ഞാതനായ ശില്പി കൊത്തിവെച്ച അനശ്വരകാമുകശില്പങ്ങളുടെ വിധിയെന്നപോലെ നിത്യമായ പ്രേമത്തിന്‍റെ പ്രതീകമായി നിൽക്കാനാണ് തന്‍റെയും വിധിയെന്ന് അവൾ അന്നു കരുതിയിരുന്നില്ല. അര്‍ദ്ധഷഷ്ടിപൂർത്തി കഴിഞ്ഞ നിത്യകന്യക. വിശ്വാസങ്ങൾ പലതും തെറ്റിപ്പോയെന്ന് വൈകിയാണ് മനസ്സിലാക്കുന്നത്. ‘ആര്‍ദ്ര’യില്‍ നിത്യകന്യകയെന്നോ ഇനി വന്ധ്യമായ ഗര്‍ഭപാത്രം പേറേണ്ടവളെന്നോ സ്വയം മനസ്സിലാക്കുന്ന പ്രണയപരാജിതയുടെ വിശ്വാസനഷ്ടം തന്നെയാണ് ഇതരരൂപങ്ങളില്‍ കൂടുതല്‍ ഭീതിദമായി  വിമലയുടെ ഗര്‍ഭത്തില്‍ വളരുന്ന മാംസപിണ്ഡത്തിന്‍റെ രൂപത്തില്‍ പ്രതീക്ഷാനഷ്ടമായി ‘ശിശു’വിലും പ്രത്യക്ഷപ്പെടുന്നത്.

കഥയുടെ  ശ്രദ്ധേയമായ മറ്റൊരു ഘടകം രാജലക്ഷ്മിയുടെ സ്വയം തിരിച്ചറിവിന്റെ രൂപീകരണമാണ്. വിവാഹം, മാതൃത്വം തുടങ്ങിയ  സാമൂഹികമാനദണ്ഡങ്ങളുടെ പുറത്തു നിൽക്കുന്ന രാജലക്ഷ്മിയുടെ ജീവിതം അവൾക്ക് അപൂർണ്ണതയുടെ ബോധം നൽകുന്നു. സാമൂഹികമാനദണ്ഡങ്ങളുടെ സമ്മര്‍ദ്ദം നിര്‍മ്മിക്കുന്ന ബോധം മാത്രമല്ലിത്. വ്യക്തിയുടെ ഉള്ളിൽ പതിഞ്ഞിരിക്കുന്ന അബോധതാല്‍പ്പര്യങ്ങളുടെ സൂചനയുമാകാം. കഥയുടെ ഭാഷയും ഭാവവും നിശ്ശബ്ദതയുടെ സൗന്ദര്യത്തിലാണ് നിലകൊള്ളുന്നത്. വികാരങ്ങളുടെ പ്രക്ഷുബ്ധതയേക്കാൾ അടക്കിപ്പിടിച്ച വേദന കഥയെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു. ഓർമ്മകളുടെ പ്രകാശവും ഇന്നിന്‍റെ ശൂന്യതയും ഒന്നുചേര്‍ന്നു സൃഷടിക്കുന്ന മന്ദമായ വിഷാദമാണ് കഥയുടെ അന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നത്.

മനുഷ്യബന്ധങ്ങളെ നിര്‍വ്വചിക്കുന്ന പ്രണയത്തിന്‍റെ തകര്‍ച്ച ആധുനികമൂല്യങ്ങളുടെ അപചയത്തെയാണ് കാണിക്കുന്നത്. ആധുനികമൂല്യങ്ങളുടെ അപചയം മനുഷ്യരെ യാഥാസ്ഥികതയിലേക്കും പഴയ മുല്യങ്ങളിലേക്കും  വിശ്വാസങ്ങളിലേക്കും തിരിച്ചുകൊണ്ടുപോകുന്നു. രാജലക്ഷ്മിയുടെ പ്രണയനഷ്ടം അവളെ അമ്മയുടെ പ്രാർത്ഥനകളിലേക്കും ദേവഭജനങ്ങളിലേക്കും ശിവപ്രതിഷ്ഠക്കു പിന്നില്‍ വിളക്കു കത്തിക്കുകയും പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്ന ആചാരങ്ങളിലേക്കും തിരിച്ചെത്തിക്കുന്നു. സമകാല പ്രകരണത്തിലെ പ്രവണതകളെ നോക്കിയാൽ സമത്വവാദത്തിന്‍റെയും മതേതരമൂല്യങ്ങളുടെയും പരാജയസ്ഥാനങ്ങൾ മതരാഷ്ട്രവാദത്തിനും വര്‍ഗീയതയ്ക്കും കടന്നുവരാനുള്ള വഴികളായി മാറിത്തീരുന്നതു  കാണാം. വ്യക്തിജീവിതങ്ങളിലൂടെ പ്രകാശിതമാകുന്നത് സമൂഹികജീവിതത്തിന്‍റെ പ്രശ്നലോകങ്ങള്‍ തന്നെ, മറിച്ചും!

*******************

*  കെ എ മോഹന്‍ദാസ് ‘ആര്‍ദ്ര’ എന്ന ഒരു കഥ മാത്രമേ എഴുതിയിട്ടുള്ളൂവെന്ന് കരുതുന്നു. അദ്ദേഹത്തോട് നേരിട്ടു ചോദിച്ചപ്പോള്‍ പരാമര്‍ശിക്കാവുന്നതായി മറ്റൊന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍, രണ്ടു ചലച്ചിത്രങ്ങളുടെ തിരക്കഥ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിലൊന്ന് പത്മരാജന്‍ പുരസ്കാരം നേടി. സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവ വിഷയങ്ങളായി വരുന്ന പ്രാധാന്യമുള്ള ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നും തന്നെ പുസ്തകരൂപത്തില്‍ പുറത്തുവന്നിട്ടില്ല. ജനകീയസാംസ്കാരികവേദിക്കു ശേഷം രൂപം കൊണ്ട ജനകീയകലാസാഹിത്യവേദിയുടെ തുടക്കകാലം മുതലേയുള്ള അദ്ധ്യക്ഷനാണ്.

** കെ എ മോഹന്‍ദാസ് മറ്റൊരു കഥ കൂടി എഴുതിയിട്ടുണ്ടെന്ന് സുഹൃത്തും സഹചാരിയുമായ വേണു ഇടക്കഴിയൂര്‍ പറയുന്നു. ”നീ ഒരു ബിന്ദു” എന്നാണ് ആ കഥയുടെ പേര്. അത് തൊട്ടടുത്ത വര്‍ഷം മാതൃഭൂമി ആഴ്ചപതിപ്പില്‍ തന്നെ പ്രസിദ്ധീകരിച്ചു. മോഹന്‍ദാസിന്‍റെ ‘ആര്‍ദ്ര’ എന്ന കഥ ഗുരുവായൂര്‍  ശ്രീകൃഷ്ണ കോളേജിലെ
ഗണിതശാസ്ത്രവകുപ്പിലെ ഒരു അദ്ധ്യാപികയെ കുറിച്ചാണെന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നെന്നും അവര്‍ പിന്നീട് വിവാഹിതയായെന്നും വേണു കൂട്ടിച്ചേര്‍ക്കുന്നു.

2 Replies to “പ്രതീക്ഷകള്‍ കടുംചോപ്പായ് വിറയ്ക്കുന്നു”

  1. മോഹൻദാസിൻ്റെ ആർദ്ര എന്ന കഥയും തിരക്കഥകളും അവിടവിടെയായി ചിതറിക്കിടക്കുന്ന ലേഖനങ്ങളും മറ്റ് കുറിപ്പുകളും(ജനകീയ സാംസ്കാരിക വേദിയുമായി ബന്ധപ്പെട്ടത്: വരവരറാവുവിൻ്റെ കവിതാ സമാഹാരമായ ‘ഭവിഷ്യത് ചിത്രപട’ത്തിൻ്റെ ആമുഖക്കുറിപ്പടക്കം) ഒരു സമാഹാരം പുറത്തിറക്കുന്നത് നല്ലതാണ്…… ഓർമ്മകളെ നിലനിർത്താനെങ്കിലും!

  2. കെ. എ. മോഹൻദാസ് *ബിന്ദു* എന്ന പേരിൽ രണ്ടാമതൊരു കഥ കൂടി എഴുതിയിട്ടുണ്ട്.. 1970 ൽ

Leave a Reply to Balan VP Cancel reply

Your Email address will not be published.