
സ്വകാര്യസ്വത്തിന്റെ വര്‍ദ്ധനയോടെ പുരുഷാധിപത്യം ശക്തമാകുകയും സ്ത്രീകള്‍ തായ് അധികാരങ്ങളില്‍ നിന്നും നിഷ്‌കാസിതരാകുകയും ചെയ്യുന്നു. ഇതോടെ സ്ത്രീയുടെ ലൈംഗികതയുടെ മേലും കുരുക്കുകള്‍ മുറുകുന്നു. പുരുഷന്റെ ചാരിത്ര്യത്തെ കുറിച്ച് നിശബ്ദത പുലര്‍ത്തിക്കൊണ്ട് സ്ത്രീയുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടേണ്ടതായി കാണുന്നത് ഇതിനു തെളിവു നല്‍കുന്നുണ്ടല്ലോ? സ്ത്രീയുടെ ചാരിത്ര്യം വര്‍ണ്ണശുദ്ധിയുടെയും ജാതിമാഹാത്മ്യത്തിന്റെയും തറവാടുകളുടെ അന്തസ്സിന്റെയും കുടുംബത്തിന്റെ അഭിമാനത്തിന്റെയും പ്രശ്‌നവും ലക്ഷ്യവും ആയി മാറിത്തീരുന്നു. പാതിവ്രത്യത്തെയും ചാരിത്ര്യത്തെയും കുറിച്ച് നിരവധി മിത്തുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ചാരിത്ര്യസംരക്ഷണത്തിന് ലിഖിതവും അലിഖിതവുമായ നിരവധി കാവല്‍നിയമങ്ങളും കാവലാളുകളും ഉണ്ടാകുന്നു. അവളുടെ ശരീരത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പല രൂപങ്ങളില്‍ പ്രത്യക്ഷമാകുന്നു. സ്ത്രീയുടെ സ്വതന്ത്രമായ ശരീരഭാഷയും സൗന്ദര്യവും പുരുഷന്റെ സ്വത്വത്തെ ആകര്‍ഷിക്കുന്നുവെങ്കിലും അവന്റെ അധികാരഘടനയെ അത് ഭീതിപ്പെടുത്തുന്നതായി മാറിത്തീരുന്നു. പുരുഷാധികാരത്തിന്റെ സ്‌ത്രൈണഭീതി പല തലങ്ങളില്‍ പല രൂപങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. സാറാജോസഫിന്റെ കഥയിലെ നായികയായ ലളിതയുടെ അഴിച്ചിട്ട മുടി അച്ഛനെയും ഏട്ടനെയും സനാതനനെയും ഒരുപോലെ അസ്വസ്ഥമാക്കുന്നത് സമൂഹത്തിലെ സദാചാരസ്വാധീനങ്ങളോടൊപ്പം പുരുഷന്റെ അബോധത്തിലെ ഭീതിയുടെ പ്രത്യക്ഷപ്രകടനവുമാണ്. കഥയില്‍ ”മുടി കെട്ടിവയ്ക്ക്” എന്ന ആജ്ഞ നിരന്തരം പല രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അഴിച്ചിട്ട മുടി അനുസരണക്കേടിന്റെയും കാമമോഹങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും സൂചനയായിട്ടാണ് പൊതുബോധം വായിക്കുന്നത്. ലളിതയുടെ തലമുടി അച്ഛനും ഏട്ടനും സനാതനനും ഉള്‍പ്പെടെ പുരുഷന്മാരുടെ കണ്ണുകളില്‍ നിയന്ത്രണാതീതമായ സ്ത്രീരതിയുടെ സാന്നിദ്ധ്യമാണ്. സനാതനന്‍ ലളിതയുടെ ചിരിയെയും മുടിയെയും ഭയക്കുന്നത് അവളുടെ സ്വതന്ത്രമായ ലൈംഗിക-ആത്മബോധത്തോടുള്ള അയാളുടെ ഭയത്തെ സൂചിപ്പിക്കുന്നു. ഇവിടെ, സ്ത്രീയുടെ കാമം പുരുഷസുഖത്തിനായുള്ള അനുകൂലശക്തിയല്ല; മറിച്ച് പുരുഷാധികാരത്തെ വെല്ലുവിളിക്കുന്ന സ്വതന്ത്രശക്തിയാണ്. സ്ത്രീയുടെ കാമം പുരുഷന്റെ സ്വത്തല്ലെന്നും അത് സ്വയംഭരണശേഷിയുള്ള ശക്തിയാണെന്നും കഥ പ്രഖ്യാപിക്കുന്നു. സനാതനന്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് സ്ത്രീയുടെ സ്വതന്ത്രമായ ആത്മസാന്നിദ്ധ്യത്തെയാണ്. ഭക്ഷണത്തിലെ മുടിനാരായും കാല്‍വിരലില്‍ ചുറ്റിപ്പിടിക്കുന്ന ചുരുളായും അത് അയാളുടെ മനസ്സില്‍ ഭയത്തിന്റെ രൂപം കൈക്കൊള്ളുന്നു. സനാതനന്‍ എന്ന പുരുഷനാമത്തിന്റെ വ്യംഗ്യാര്‍ത്ഥങ്ങളും ശ്രദ്ധിക്കണം.
ചാള്‍സ് ബെര്‍ഗ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാനതലം തലമുടിയെ അധികാരവും ശിക്ഷയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ്. ചരിത്രത്തിലുടനീളം മുടിമുറിക്കല്‍ അപമാനത്തിന്റെയും ശിക്ഷയുടെയും നിയന്ത്രണത്തിന്റെയും മാര്‍ഗ്ഗമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ തലമുടി മുറിക്കുന്നത് സ്ത്രീകളുടെ വ്യക്തിത്വവും ആകര്‍ഷണശക്തിയും സാമൂഹികാവകാശവും ഇല്ലാതാക്കാനുള്ള പ്രതീകാത്മകപ്രവര്ത്തനമായിരുന്
കഥയിലെ മതപരമായ സൂചനകളും ബെര്‍ഗിന്റെ ആശയങ്ങളുമായി ബന്ധിപ്പിക്കാവുന്നതാണ്. കന്യാസ്ത്രീയാകാന്‍ നിര്‍ബന്ധിതയാകുന്ന കൂട്ടുകാരിയുടെ മുടിമുറിക്കല്‍ മതസ്ഥാപനങ്ങള്‍ സ്ത്രീശരീരത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിന്റെ പ്രതീകമായി മാറുന്നു. മഠങ്ങളില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ മുടി മുറിക്കുകയോ മറയ്ക്കുകയോ ചെയ്യേണ്ടിവരുന്നത് ശരീരവിമുക്തിയെന്നതിലുപരി സ്ത്രീത്വത്തെ അടക്കിനിര്‍ത്താനുള്ള സാംസ്‌കാരികതന്ത്രം തന്നെ! ചാള്‍സ് ബെര്‍ഗിന്റെ നിരീക്ഷണത്തില്‍ മതവും സാമൂഹികക്രമവും തലമുടിയെ നിയന്ത്രണത്തിന്റെ കേന്ദ്രചിഹ്നമാക്കാറുണ്ട്. തലമുടി മറയ്ക്കല്‍, മുറിക്കല്‍, കെട്ടിവെയ്ക്കല്‍ തുടങ്ങിയവ ശരീരത്തെ ക്രമപ്പെടുത്തുന്ന അധികാരശാസനങ്ങളാണ്. കഥയില്‍ മതവും പുരുഷാധിപത്യവും ഒരേ നിയന്ത്രണയന്ത്രത്തിന്റെ രണ്ടു രൂപങ്ങളായി പ്രവര്‍ത്തിക്കുന്നു.

സ്വത്വം, രതി, ആത്മാഭിമാനം, ദൈവികത, സാമൂഹികപദവി, സ്വാതന്ത്ര്യബോധം എന്നിവയെ അടയാളപ്പെടുത്തുന്ന സാംസ്‌കാരികപ്രതീകമായി കേരളീയ സാംസ്‌കാരികബോധത്തില്‍ സ്ത്രീയുടെ തലമുടി പ്രത്യക്ഷമാകുന്നുണ്ട്. കേരളീയ നാടോടിപ്പാട്ടുകളില്‍ സ്ത്രീയുടെ മുടി പലപ്പോഴും കാമചൈതന്യത്തിന്റെ സജീവരൂപകമാണ്. അഴിച്ചിട്ട മുടി വികാരവിമോചനത്തെയും കാമാതുരതയെയും സൂചിപ്പിക്കുന്ന കല്‍പ്പനയായി പല പാട്ടുകളിലും ആവര്‍ത്തിക്കുന്നതു കാണാം. പല തെയ്യാചാരങ്ങളിലും ഭഗവതിയുടെ അഴിച്ചിട്ട മുടി ക്രോധത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്. തെയ്യപാരമ്പര്യത്തില്‍ ദേവിയുടെ വിടര്‍ന്ന മുടി നിയന്ത്രണാതീതമായ ആദിശക്തിയുടെ രൂപമായി വരുന്നുണ്ട്. കഥയില്‍ ലളിതയുടെ മുടി തെയ്യരൂപത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുന്നത് ഈ സാംസ്‌കാരികസ്മൃതികളുമായുള്ള ബന്ധത്തിലൂടെയാണ്. സാറാ ജോസഫ് ഈ സാംസ്‌കാരിക പ്രതീകത്തെ സ്ത്രീവിമോചനത്തിന്റെ രാഷ്ട്രീയഭാഷയാക്കി മാറ്റുന്നു.
ലളിതയുടെ പരിവര്‍ത്തനം കഥയുടെ ഗഹനമായ പ്രതീകാത്മകതയെ കാണിക്കുന്നതാണ്. അവള്‍ മുടിത്തെയ്യമായി മാറുന്ന ഘട്ടത്തില്‍ തലമുടി ദൈവികതയുടെ ഭാഷ കൈവരിക്കുന്നു. ഭഗവതിയുടെ രൂപവുമായി ലളിതയെ ബന്ധിപ്പിക്കുന്നതിലൂടെ കഥ സ്ത്രീശരീരത്തെ ദൈവശക്തിയുടെ ആലയമായി പുനര്‍നിര്‍വ്വചിക്കുകയാണ്. അബോധമനസ്സില്‍ അമര്‍ത്തിവെക്കപ്പെട്ടതെല്ലാം മിത്തുകളുടെയും ആചാരങ്ങളുടെയും ഭാഷയിലൂടെ തിരിച്ചുവരുന്നു. ലളിതയുടെ തലമുടി ഇവിടെ വ്യക്തിപരമായ അലങ്കാരമെന്ന നിലയെ കടന്ന് ആദിശക്തിയുടെ രൂപമാകുന്നു. അവളുടെ ചുവന്ന വസ്ത്രം, ചിലമ്പ്, ചിതറിയ മുടി, തെയ്യരൂപം എന്നിവ സ്ത്രീശരീരത്തില്‍ ദമിതമാക്കി അമര്‍ത്തപ്പെട്ടിരുന്ന ഊര്‍ജ്ജത്തെ വിസ്‌ഫോടനാത്മകമായി തിരിച്ചെടുക്കുന്നതായി കാണിക്കുന്നു. കഥാന്ത്യത്തില്‍ ലളിത വിമോചനമൂര്‍ത്തിയായി മാറുമ്പോള്‍ അത് ഒരു സ്ത്രീയുടെ വ്യക്തിപരമായ കലാപം മാത്രമല്ലാതാകുകയും ചരിത്രപരമായി നിയന്ത്രിക്കപ്പെട്ട സ്ത്രീശരീരത്തിന്റെ അബോധപ്രതികാരമാകുകയും ചെയ്യുന്നു. ലളിതയുടെ പരിവര്‍ത്തനം ദേവിസങ്കല്‍പ്പത്തിലേക്കുള്ള ഉയര്‍ച്ചയായി മാറുന്നു. അവള്‍ ചുവന്ന പട്ടുടുക്കുന്നു, ചിലമ്പണിയുന്നു, മുടിയഴിച്ചിടുന്നു, മുടിത്തെയ്യമായി രൂപാന്തരപ്പെടുന്നു. സാറാജോസഫിന്റെ ആഖ്യാനം തലമുടിയെ ഒരു ജൈവഘടകമെന്ന നിലയില്‍ നിന്നുയര്‍ത്തി സ്ത്രീയുടെ സ്വത്വസമരരാഷ്ട്രീയപ്രതീകമാക്കി മാറ്റുന്നു. കഥാന്ത്യത്തില്‍ ലളിത ”കുരുതി തട്ടിയെറിഞ്ഞ്, ചിലമ്പെറിഞ്ഞുടച്ച്, മുടി വീശിയാടി” കാവിലിറങ്ങുന്ന ദൃശ്യം സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെട്ട ആത്മശക്തിയുടെ സ്‌ഫോടനത്മകമായ പ്രകടനമായിരിക്കുന്നു.
സ്ത്രീയുടെ മുടിയെ ചുറ്റിപ്പറ്റിയുള്ള ലൈംഗികസൂചനകളെയും പുരുഷാധിപത്യത്തിന്റെ കീഴടക്കല്‍ രാഷ്ട്രീയത്തെയും മതത്തിന്റെ ശരീരവിരുദ്ധതയെയും ദേവീസങ്കല്‍പ്പത്തിന്റെ വിമോചനാത്മകതയെയും ചേര്‍ത്തുവയ്ക്കുന്ന ബഹുതലാഖ്യാനമാണ് സാറാജോസഫ് എഴുതിയത്. തലമുടി സൗന്ദര്യത്തിന്റെ ചിഹ്നത്തില്‍ നിന്ന് പ്രതിരോധത്തിന്റെ ഭാഷയായി മാറുന്നു. പുരുഷാധിപത്യം ദമിതമാക്കാന്‍ ശ്രമിച്ചത് അതിനെതിരായ കലാപത്തിന്റെ പതാകയായി ഉയരുന്നു. സ്ത്രീശരീരത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച ചരിത്രത്തോട് സാഹിതീയഭാഷയിലുള്ള മറുപടിയുമാണിത്. മലയാളത്തിലെ കഥാസാഹിത്യത്തില്‍ സ്ത്രീയുടെ ശരീരഭാഷയെ ഇത്ര സാന്ദ്രമായ പ്രതീകാത്മകതയോടെ അവതരിപ്പിച്ച മറ്റൊരു കഥ വിരളമാണ്.
കഥയുടെ ശ്രദ്ധേയമായ ഘടകം അതിന്റെ ആഖ്യാനശൈലിയാണ്. സാറാജോസഫ് യാഥാര്‍ത്ഥ്യവും മിത്തും തമ്മിലുള്ള അതിര്‍ത്തികളെ നിരന്തരം അപ്രത്യക്ഷമാക്കിക്കൊണ്ടാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ലളിതയുടെ മുടി യാഥാര്‍ത്ഥ്യത്തിന്റെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടല്ല വളരുന്നത്; അത് സ്വപ്നത്തിന്റെയും പേടിയുടെയും ജനകീയസ്മൃതിയുടെയും ദൈവികഭാവനയുടെയും ഇടയിലൂടെ വളര്‍ന്നുപടരുന്നു. കഥ സാമൂഹികയാഥാര്‍ത്ഥ്യത്തെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന ആഖ്യാനമല്ലെന്നു പറയേണ്ടുന്ന പ്രകരണമാണിത്. കഥയില്‍ മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ സ്വഭാവമുള്ള ഒരു സാംസ്‌കാരികഭാഷ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, കഥയിലെ അസാധാരണസംഭവങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നില്ല. സമൂഹം അതിനെ വിശ്വാസക്രമത്തിനുള്ളില്‍ ഉള്‍ക്കൊള്ളുന്നു. ലളിതയുടെ മുടി പാമ്പുകളായി വളരുന്നതും അവള്‍തെയ്യരൂപത്തിലേക്ക് മാറുന്നതും ഗ്രാമീണസാംസ്‌കാരിക ബോധത്തിന്റെ പരിധിക്കുള്ളില്‍ സംഭവിക്കുന്നതാണ്. കഥയിലെ അത്ഭുതം മറ്റൊരു സാംസ്‌കാരികയാഥാര്‍ത്ഥ്യമാണ്.
സ്ത്രീകളുടെ വികാരവിസ്‌ഫോടനങ്ങളെ സമൂഹം പലപ്പോഴും ഭ്രാന്തെന്നോ ബാധയെന്നോ വിശേഷിപ്പിക്കാറുണ്ട്. പുരുഷാധിപത്യസമൂഹത്തിന് അസ്വാരസ്യം സൃഷ്ടിക്കുന്ന സ്ത്രീസ്വരങ്ങള്‍ അസാധാരണമെന്ന നിലയിലേക്കു നീക്കപ്പെടുന്നു. ലളിതയുടെ അനുഭവങ്ങളും ഇതേ രീതിയിലാണ് വായിക്കപ്പെടുന്നത്. അവളെ മനസ്സിലാക്കാതെ ചികിത്സിക്കാനോ നിയന്ത്രിക്കാനോ ശുദ്ധീകരിക്കാനോ ശ്രമിക്കുന്നു. സ്ത്രീയുടെ ഉള്ളറകളെ കേള്‍ക്കാന്‍ വിസമ്മതിക്കുന്ന സമൂഹം അവളെ ബാധയേറ്റവളായി മുദ്രകുത്തുന്നു. ലളിതയുടെ ചിരി കഥയില്‍ ആവര്‍ത്തിച്ചു വരുന്ന ചിഹ്നമാണ്. കഥയിലെ പുരുഷന്മാര്‍ ഭയക്കുന്നത് അവളുടെ മുടിയെ മാത്രമല്ല, ചിരിയെയും കൂടിയാണ്. ആ ചിരി അനുസരണത്തിന്റെ ഭാഷയല്ല. അത് സാമൂഹികക്രമത്തെ പരിഹസിക്കുന്ന ശബ്ദമാണ്. അതിനു സ്‌ഫോടനശേഷിയുണ്ട്. രാഷ്ട്രീയപ്രാധാന്യമുള്ള ശബ്ദരൂപകമായി അത് മാറിത്തീരുന്നു.
ആധുനികസാമൂഹികക്രമം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സ്ത്രീശരീരം പ്രകൃതിയുടെ നിയന്ത്രിക്കാനാവാത്ത ശക്തികളുമായി ഐക്യപ്പെടുന്നതിന്റെ സൂചനകള്‍ കഥ നല്‍കുന്നു. പാമ്പ്, കാവ്, തെയ്യം, ചുവപ്പ്, മണ്ണ്, രക്തം, മരങ്ങള്‍, ഇരുട്ട് തുടങ്ങിയ പ്രതീകങ്ങള്‍ പ്രകൃതിയുമായി ബന്ധപ്പെട്ട ആദിമസ്മൃതികളെ ഉണര്‍ത്തുന്നു. കഥ സ്ത്രീയെ സംസ്‌കാരത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അടച്ചിടാതെ പ്രകൃതിയുടെ പ്രാചീനശക്തികളുമായി ബന്ധിപ്പിക്കുന്നു. ലളിതയുടെ രൂപാന്തരം മനുഷ്യസംസ്‌കാരത്തിന്റെ ക്രമീകരണങ്ങളില്‍നിന്ന് ആദിമപ്രകൃതിയിലേക്കുള്ള മടക്കയാത്രപോലെ ആയിത്തീരുന്നു. ഇത് ധനാത്മകപ്രവണതയാണോയെന്ന് സന്ദേഹിക്കണം. കേരളത്തിന്റെ തെയ്യാചാരങ്ങളില്‍ താഴ്ന്ന ജാതിക്കാരുടെയും അവഗണിക്കപ്പെട്ട സമൂഹങ്ങളുടെയും ദൈവികവല്‍ക്കരണമാണ് പലപ്പോഴും സംഭവിക്കുന്നത്. സാധാരണജീവിതത്തില്‍ അപമാനിക്കപ്പെട്ടവന്‍ തെയ്യമായി മാറുന്ന നിമിഷത്തില്‍ അധികാരത്തിന്റെ കേന്ദ്രത്തിലേക്ക് ഉയരുന്നു. ഈ വ്യാഖ്യാനം മുടിത്തെയ്യമാകുന്ന ലളിതയെ പെണ്ണിന്റെയും കീഴാളന്റെയും സ്വത്വങ്ങളുടെ ഐക്യത്തെ പരോക്ഷം പ്രഖ്യാപിക്കുന്നവളാക്കി മാറ്റുന്നുണ്ട്.
സാറാജോസഫിന്റെ കഥയുടെ ഭാഷ പലപ്പോഴും ലളിതയുടെ ശരീരത്തെ പോലെ തന്നെ പെരുമാറുന്നു. വാക്യങ്ങള്‍ നിയന്ത്രിതമായ യുക്തിയുടെ പാതയിലൂടെ മാത്രം സഞ്ചരിക്കുന്നില്ല. അവ വിസ്‌ഫോടനാത്മകമായി വ്യാപിക്കുന്നു. ചില ഇടങ്ങളില്‍ ഭാഷ കവിതയാകുന്നു, ചിലയിടങ്ങളില്‍ മന്ത്രോച്ചാരണമാകുന്നു, ചിലപ്പോള്‍ ഭ്രാന്തിന്റെ ശബ്ദങ്ങളുടെ ഒഴുക്കിന്റെ പ്രതീതി നിര്‍മ്മിക്കുന്നു. ഇത് കഥയുടെ ഉള്ളടക്കവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതാണ്. ലളിതയുടെ അനുഭവങ്ങളെ സാധാരണ യുക്തിഭാഷകൊണ്ട് മാത്രം വിവരിക്കാനാവില്ലല്ലോ? കഥയിലെ പുരുഷകഥാപാത്രങ്ങള്‍ വ്യക്തിപരമായി ക്രൂരരായതുകൊണ്ടല്ല ലളിതയെ നിയന്ത്രിക്കുന്നത്. നിലനില്‍ക്കുന്ന സാമൂഹികക്രമത്തില്‍ അവര്‍ അങ്ങനെ രൂപപ്പെട്ടിരിക്കുന്നു. അച്ഛനും ഏട്ടനും സനാതനനും ഒരേ സാമൂഹികഭീതിയുടെ വാഹകരാണ്. കഥ വൈയ്യക്തികതലത്തിലെ ദുഷ്ടതയെക്കുറിച്ചല്ല; പുരുഷാധിപത്യ സമൂഹത്തിന്റെ ആഴത്തിലുള്ള ഘടനകളെക്കുറിച്ചാണ്. സ്ത്രീയുടെ ഉള്ളിനെ ആവേശിക്കുന്ന ശക്തിയെ പൊതുബോധം ബാധയായി കാണുമ്പോള്‍ കഥ അതിനെ ദൈവികതയായി പുനര്‍വായിക്കുന്നു. ഈ സ്ഥാനാന്തരത്വം രാഷ്ട്രീയപരമാണ്. സ്ത്രീയുടെ വികാരങ്ങളും ക്രോധവും ഭ്രാന്തും ഇവിടെ വിമോചനത്തിന്റെ സാദ്ധ്യതകളാണ്. കഥയിലെ ചുവപ്പുനിറത്തിന്റെ പ്രതീകാത്മകതയും പ്രധാനമാണ്. സ്ത്രീയുടെ രതിയും പ്രതികാരവും ഒരേ ദേഹത്തില്‍ ഒന്നിച്ചു ജ്വലിക്കുന്ന പ്രതീകമായി അതു മാറുന്നു. ‘മുടിത്തെയ്യമുറയുന്നു’ സ്ത്രീവിമോചനത്തെ ലളിതമായ മോചനകഥയായി അവതരിപ്പിക്കുന്നില്ല. ലളിതയുടെ പരിവര്‍ത്തനം വേദനാജനകവും ഭീതിജനകവും അഗ്‌നിസ്വഭാവമുള്ളതുമാണ്. കഥ വായനക്കാരെ ആശ്വസിപ്പിക്കുന്നില്ല, അസ്വസ്ഥരാക്കുന്നു.







No Comments yet!