എഴുത്തുകാര്‍ ബാല്യത്തില്‍ നിന്ന് പുറത്തുകടന്നവരാണെങ്കിലും അവര്‍ നിരന്തരം ബാല്യത്തിലേക്കു മടങ്ങിപ്പോകുന്നുണ്ട്. ബാല്യം മനുഷ്യന്റെ ആദ്യപ്രപഞ്ചമാണല്ലോ? ആദ്യ ഭയം, സന്തോഷം, നഷ്ടം, വിസ്മയം എല്ലാം അവിടെയാണ്. ബാല്യം നഷ്ടപ്പെട്ട് മുതിരുന്ന കുട്ടിയുടെ പരിവര്‍ത്തനഘട്ടംനിര്‍ദോഷതയില്‍ നിന്ന് അറിവിലേക്കും സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്കും വിസ്മയത്തില്‍ നിന്ന് ആത്മബോധത്തിലേക്കുമുള്ള യാത്രയാണ്. ആത്മബോധത്തിന്റെ ഉദയം ഒരേസമയം വിമോചനവും ഭാരവുമായി മാറിത്തീരുന്നു. അത് സമയബോധത്തിന്റെ മാറ്റവുമാണ്. മുതിരുന്നതോടെ ബാല്യത്തില്‍ ശാശ്വതമെന്നു തോന്നിയ അനുഭവങ്ങള്‍ മാഞ്ഞുപോകുന്നു. മനുഷ്യന്‍ കാലത്തിന്റെ തടവുകാരനാണെന്ന് അറിയുന്നു. നിഷ്‌കളങ്കതയില്‍ നിന്ന് സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ കഠിനതയിലേക്കുള്ള യാത്രയാണത്. മുതിര്‍ന്നവരുടെ ലോകം നീതിപൂര്‍ണ്ണമോ സ്‌നേഹപൂര്‍ണ്ണമോ അല്ലെന്ന തിരിച്ചറിവു കൂടിയാണ് ബാല്യത്തിന്റെ മരണം. കെ എ സെബാസ്റ്റ്യന്‍ ‘തങ്കം’ എന്ന കഥയില്‍ ആഖ്യാതാവായ കുട്ടിയുടെ ബാല്യത്തിന്റെ മരണം എഴുതുന്നു. ഈ കഥയുടെ കേന്ദ്രത്തില്‍ പൊടിയനും അമ്മാമ്മയും തമ്മിലുള്ള അപൂര്‍വ്വബന്ധം കാണാം. ഒരു കുട്ടിയുടെ ലോകദര്‍ശനം എങ്ങനെ രൂപംകൊള്ളുന്നു, ഭാഷ എങ്ങനെ യാഥാര്‍ത്ഥ്യത്തെ മാറ്റിയെഴുതുന്നു, മരണം എങ്ങനെ ജീവിതത്തിന്റെ കേന്ദ്രാനുഭവമായി മാറുന്നു, ബാല്യം എങ്ങനെ അവസാനിക്കുന്നു എന്നിങ്ങനെ സങ്കീര്‍ണമായ ചില വിഷയങ്ങളെ അവതരിപ്പിക്കുന്ന ഒരു കഥാഖ്യാനമാണിത്.

വീട്ടില്‍ എല്ലാവര്‍ക്കും ചെറിയാച്ചനായ കഥാപാത്രത്തെ അമ്മാമ്മ മാത്രം പൊടിയന്‍ എന്നു വിളിക്കുന്നു. ഈ പേരുവിളിയില്‍ അവരുടെ ബന്ധത്തിന്റെ സവിശേഷത നാം അറിയുന്നു. അമ്മാമ്മയും പൊടിയനും തമ്മിലുള്ള ബന്ധം അകന്നു നില്‍ക്കുന്ന രണ്ടു തലമുറകളുടെ ബന്ധത്തിനപ്പുറം രണ്ടു ഭാവനാലോകങ്ങള്‍ തമ്മിലുള്ള സഖ്യമാണ്. മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയാത്ത ലോകങ്ങള്‍ ഇരുവര്‍ക്കും കാണാന്‍ കഴിയുന്നു. പൊടിയന്റെ തലയില്‍ നിന്നും പേന്‍ നീക്കം ചെയ്യുന്നത് അമ്മാമ്മയുടെ കൈകളില്‍ കുരുക്ഷേത്രയുദ്ധമാണ്. കുട്ടിയുടെ തല യുദ്ധഭൂമിയും പേനുകള്‍ കൗരവരും അമ്മാമ്മ ഭീമനും ആകുന്നു. കുട്ടിയുടെ ലോകത്തില്‍ യാഥാര്‍ത്ഥ്യത്തിനും ഭാവനയ്ക്കും ഇടയില്‍ അതിരുകളില്ല. അമ്മാമ്മ ഈ ഭാവനാലോകത്തെ അംഗീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. പൊടിയന് അമ്മാമ്മ സാധാരണ അമ്മാമ്മയോ വെറും കൂട്ടുകാരിയോ അല്ല.
പൊടിയന്റെ അമ്മാമ്മയ്ക്ക് അവരുടേതു മാത്രമായ ഒരു നിഘണ്ടുവുണ്ട്. ഭാഷയുടെ സ്വകാര്യപ്രപഞ്ചമാണത്. ആരും കണ്ടിട്ടില്ലെങ്കിലും അതിന്റെ സാന്നിദ്ധ്യം എല്ലാവരും അനുഭവിക്കുന്ന അത്ഭുതമാണ്. കഥയില്‍ ഒരു പുസ്തകത്തേക്കാളും അര്‍ത്ഥം അതു കൈവരിക്കുന്നു. ഭാഷയുടെ മേല്‍ അമ്മാമ്മയുടെ അധികാരത്തിന്റെ പ്രതീകമായി അത് മാറുന്നു. അമ്മാമ്മ ഉപയോഗിക്കുന്ന വാക്കുകള്‍ സമൂഹത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. സുവര്‍ണ്ണകാലത്തിനു പകരം രേചനകാലം, ക്രിസ്മസിനു പകരം നത്താല്‍, യോനിക്കു പകരം പള്ളത്തി, അവസാനത്തിനു പകരം കടശ്ശി എന്നിങ്ങനെ അമ്മാമ്മ ഉപയോഗിക്കുന്ന ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയായി കാണുന്നില്ല. അവര്‍ ലോകത്തെ സ്വന്തം വാക്കുകളിലൂടെ പുനര്‍നിര്‍മ്മിക്കുന്നു. ഈ നിഘണ്ടു അമ്മാമ്മയുടെ ജീവിതദര്‍ശനത്തിന്റെ സൂചകമാണ്. ഭാഷയിലൂടെ ലോകത്തെ സ്വന്തമാക്കുന്ന ഒരു സ്ത്രീയുടെ പ്രതിരോധവുമാണത്. അവര്‍ സ്വാനുഭവങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നു. കഥയിലെ അമ്മാമ്മ ഭാഷയുടെ കേവലം ഉപയോക്താവാകാതെ സ്രഷ്ടാവ് കൂടിയാകുന്നു.
അവള്‍ ജീവിതത്തിന് അസാധാരണമായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നവളാണ്. ‘ദൈവത്തെ വിശ്വസിക്കാന്‍ കൊള്ളില്ല. ദൈവം കടംവാങ്ങിയ നക്ഷത്രങ്ങള്‍ ഇതേവരെ എനിക്ക് തിരിച്ചു തന്നിട്ടില്ല’ എന്ന അവരുടെ വാക്കുകളില്‍ വലിയ തത്ത്വചിന്തയുടെ മിന്നലാട്ടങ്ങളുണ്ട്. ഇവിടെ ദൈവം സര്‍വ്വശക്തനായ സ്രഷ്ടാവല്ല. കടംവാങ്ങലുകാരനാണ്. നക്ഷത്രങ്ങള്‍ വെറും അലങ്കാരവസ്തുക്കളോ ആകാശതാരകങ്ങളോ അല്ല. ജീവിതത്തിന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും ഓര്‍മ്മകളും ഭാവനകളും ചേര്‍ന്ന സാംസ്‌കാരികസമ്പത്താണ്. അമ്മാമ്മയുടെ ജീവിതത്തില്‍ വിശ്വാസവും സന്ദേഹവും ഒരുമിച്ചു നിലകൊള്ളുന്നു. ഏറ്റവും സമതുലിതമായ നിലയാണത്. അവര്‍ ദൈവത്തെ നിഷേധിക്കുന്നില്ല. എന്നാല്‍ ദൈവത്തോട് ചോദ്യം ചോദിക്കുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ സമതലത്തിലേക്കു കൊണ്ടുവരുന്നു. അമ്മാമ്മ വിശ്വാസിനി മാത്രമല്ല, സ്വാനുഭവങ്ങളിലൂടെ ദൈവവുമായി സംവദിക്കുന്ന സ്വതന്ത്രവ്യക്തിത്വമാണ്.
ദൈവം കടംവാങ്ങിയ നക്ഷത്രങ്ങള്‍ ഇതേവരെ എനിക്ക് തിരിച്ചു തന്നിട്ടില്ല എന്ന വാക്യം അതിശയകരമായ ആഴമുള്ളതാണെന്നു പറഞ്ഞല്ലോ? ഇവിടെ ദൈവം മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. അമ്മാമ്മയുടെ ദൈവം അധികാരകേന്ദ്രമായ ദൈവമല്ല. മനുഷ്യജീവിതവുമായി നിരന്തരം ഇടപെടുന്ന, മനുഷ്യരില്‍ നിന്നും എടുത്തുകൊണ്ടുപോകുന്ന ദൈവമാണ്. കാലവും യൗവനവും സ്വപ്നങ്ങളും ആരോഗ്യവും ദൈവം മനുഷ്യനില്‍ നിന്നും എടുക്കുന്നു. അവസാനം ജീവനും എടുക്കുന്നു. അമ്മാമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവം നിരന്തരം ‘കടം വാങ്ങുകയാണ്’. അമ്മാമ്മയുടെ പരാതിയില്‍ കവിത തുളുമ്പുന്നു. ദൈവം നീതിമാനാണോയെന്ന കാര്യത്തില്‍ അമ്മാമ്മയ്ക്കു സംശയമുണ്ടെന്നു തോന്നും. എന്നാല്‍ അവര്‍ ദൈവത്തെ ഉപേക്ഷിക്കുന്നില്ല. ദൈവത്തെക്കുറിച്ച് യഥാര്‍ത്ഥ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നവര്‍ക്കാണ് യഥാര്‍ത്ഥ വിശ്വാസവും ഉണ്ടാകുന്നതെന്നു കരുതുന്ന ദൈവചിന്തകന്മാരുണ്ടാകുമല്ലോ? കഥയിലെ ദൈവം ഭാവനയുടെ പങ്കാളിയാണ്.
അമ്മാമ്മ വീട്ടില്‍ തൂക്കിയ നക്ഷത്രം ആകാശത്തിലേക്ക് ഉയര്‍ന്നുപോകുന്ന സംഭവം യാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ അസാധ്യവും കഥയുടെ ഭാവനാത്മകയാഥാര്‍ഥ്യത്തില്‍ തികച്ചും സ്വാഭാവികവുമാണ്. നക്ഷത്രം ഒരു പ്രതീകമാണ്. അത് അമ്മാമ്മയുടെ സ്വപ്നങ്ങളുടെയും സൃഷ്ടിപരതയുടെയും ജീവിതാനന്ദത്തിന്റെയും രൂപകമാണ്. പിന്നീട് വിമാനം, കപ്പല്‍, മത്തങ്ങ, എട്ടുകാലന്‍, പതിനാറുകാലന്‍ എന്നിവയും നക്ഷത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്നു. ഇവയെല്ലാം ആ ജീവിതത്തിന്റെ ഭാവനാസൃഷ്ടികളാണ്. ജീവിതത്തിലുടനീളം അവര്‍ സൃഷ്ടിച്ച സൗന്ദര്യത്തിന്റെ രൂപങ്ങള്‍. മരണം അടുത്തുവരുമ്പോള്‍ അവയെല്ലാം ഒരിക്കല്‍ക്കൂടി പ്രത്യക്ഷപ്പെടുന്നു. ഈ ദൃശ്യവിവരണങ്ങള്‍ മിത്തും ഓര്‍മ്മയും ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിരുകള്‍ മായ്ച്ചുകളയുന്നു.
അമ്മാമ്മ മരണം മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്ന ചോദ്യം കൗതുകകരമാണ്. മഴയും തണുപ്പുമുള്ള ദിവസത്തില്‍ നിര്‍ബന്ധപൂര്‍വം കുളിക്കാനുള്ള തീരുമാനത്തില്‍ അത് സാധാരണമായ കുളിയ്ക്കുള്ള തീരുമാനമായി തോന്നുന്നില്ല. ഒരു തയ്യാറെടുപ്പിന്റെ സ്വഭാവം അതിനുണ്ട്. ശരീരത്തിനുള്ളില്‍ എന്തോ മാറുന്നുണ്ട്, ജീവിതത്തിന്റെ കടശ്ശി അടുത്തെത്തിയെന്ന അവ്യക്തബോധം അമ്മാമ്മയ്ക്ക് ഉണ്ടായിരുന്നിരിക്കാം. അമ്മാമ്മ ഭയപ്പെടുന്നില്ല. പരിഭ്രാന്തിപ്പെടുന്നില്ല. ‘ഞാന്‍ നിന്നെ വിട്ട് എവിടെ പോകാനാ’ എന്ന് മകളെ ആശ്വസിപ്പിക്കുന്നു. മരണത്തെ ജീവിതത്തിന്റെ തുടര്‍ച്ചയായി കാണുന്ന ഒരാളുടെ ഭാഷയാണത്. അമ്മാമ്മ മരണം അറിഞ്ഞിരുന്നു എന്നു പറയുന്നതിനേക്കാളും മരണത്തെ സ്വീകരിച്ചു എന്നു പറയുന്നതാകാം കൃത്യം.
അമ്മാമ്മയുടെ മരണത്തില്‍ വൈകാരികനാടകമില്ല. ഭയമില്ല. നിലവിളികളില്ല. മരണത്തെ ജീവിതത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയെന്നോണം പരിചരിക്കപ്പെടുന്നു. അദൃശ്യനായ ഒരാള്‍ ചമ്മട്ടി ചുഴറ്റി അടിക്കുന്ന രൂപകത്തിലൂടെ മരണത്തിന്റെ ആഗമനം എഴുതപ്പെടുന്നു. ശരീരം പതിയെ ക്ഷയിക്കുന്നു. ഭംഗികള്‍ ഓരോന്നായി കെട്ടുപോകുന്നു. ‘ഭംഗിയും ശോഭയും ഉള്ള തുമ്പിച്ചിറകുകള്‍ പോയ പുഴുവിനെ പോലെ’യാകുന്നു. മരണം ശരീരത്തിന്റെ തകര്‍ച്ചയാണ്. എന്നാല്‍ അതോടൊപ്പം ‘തേജസ്വിയായ ഒരാള്‍’ ശരീരം വിട്ട് പറന്നുപോകുന്നതുമാണ്. മരണം രൂപാന്തരമാണ്. മറ്റുള്ളവര്‍ മരണം കാണുമ്പോള്‍ പൊടിയന്‍ അമ്മാമ്മയുടെ രൂപാന്തരം കാണുന്നു. അവന്‍ വീണ്ടും ചിറയിലേക്ക് പോകുന്നു. അവിടെ നക്ഷത്രങ്ങള്‍ നിലകൊള്ളുന്നു. പിന്നെ അവ കത്തിനശിക്കുന്നു. ഈ ദൃശ്യം അത്യന്തം പ്രതീകാത്മകമാണ്. അമ്മാമ്മയുടെ ജീവിതത്തെ പ്രകാശിപ്പിച്ച ഭാവനകളും കഥകളും സൗന്ദര്യങ്ങളും അവളോടൊപ്പം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവയുടെ ഓര്‍മ്മ അവശേഷിക്കുന്നു. കഥയുടെ ഏറ്റവും ശക്തമായ വാക്യം അവസാനഭാഗത്താണ്. ‘അന്നാണ് തുമ്പികള്‍ ചിരിക്കുകയും വാഴകള്‍ മുല കൊടുക്കുകയും പാലപൂത്തതു കാണാന്‍ ചീവീടുകള്‍ കുന്നിന്‍ മുകളിലേക്ക് പറന്നു ചെല്ലുകയും ചെയ്യുന്ന എന്റെ കുട്ടിക്കാലം അവസാനിച്ചത്.’ പൊടിയന് അമ്മാമ്മ എന്തായിരുന്നുവെന്ന് ഇപ്പോള്‍ വായനക്കാര്‍ പൂര്‍ണ്ണമായും തിരിച്ചറിയുന്നു. കുട്ടിക്കാലം അത്ഭുതങ്ങളുടെ കാലമാണ്. തുമ്പികള്‍ ചിരിക്കുകയും വാഴകള്‍ മുല കൊടുക്കുകയും നക്ഷത്രങ്ങള്‍ നിലത്തിറങ്ങുകയും ചെയ്യുന്ന കാലം. പൊടിയന്റെ കുട്ടിക്കാലത്തിന് അമ്മാമ്മയായിരുന്നു കുട്ട്. പൊടിയനെ ഭാവനയുടെ ഭാഷ പഠിപ്പിച്ചിരുന്നത് അമ്മാമ്മയായിരുന്നു. ലോകത്തെ മനക്കണ്ണിലൂടെ കാണാന്‍ പരിശീലിപ്പിച്ചിരുന്നത് അമ്മാമ്മയായിരുന്നു. അമ്മാമ്മയുടെ മരണത്തോടെ ആ ലോകവും ഭാവനയുടെ യുഗവും തകര്‍ന്നുപോകുന്നു.
കഥ നേരിട്ട് പറയാത്ത ചില കാര്യങ്ങള്‍ അതിന്റെ സൂചനകളില്‍ നിന്ന് വായിച്ചെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ‘ദൈവം കടംവാങ്ങിയ നക്ഷത്രങ്ങള്‍ ഇതേവരെ എനിക്ക് തിരിച്ചു തന്നിട്ടില്ല’ എന്ന അമ്മാമ്മയുടെ വാക്കുകള്‍ ക്രിസ്മസ് നക്ഷത്രങ്ങളെ കുറിച്ചുള്ള പരാമര്‍ശമായി മാത്രം വായിക്കേണ്ടതല്ല. കഥയുടെ അവസാനം ആ നക്ഷത്രങ്ങള്‍ ജീവിതത്തില്‍ ആഗ്രഹിച്ചിട്ടും ലഭിക്കാതെ പോയ പല കാര്യങ്ങളുടെയും രൂപകമായി മാറുന്നതു കാണാം. നഷ്ടപ്പെട്ട സ്വപ്നങ്ങള്‍, പൂര്‍ത്തിയാകാത്ത മോഹങ്ങള്‍, തിരികെ കിട്ടാത്ത സന്തോഷങ്ങള്‍, ഒരുപക്ഷേ, നീട്ടിക്കിട്ടണം എന്നാഗ്രഹിച്ച ആയുസ്സും അതില്‍ ഉള്‍പ്പെടാം. കഥാന്ത്യത്തില്‍ പൊടിയന്‍ കാണുന്ന നക്ഷത്രങ്ങള്‍ വെറും അലങ്കാരനക്ഷത്രങ്ങളല്ല. അമ്മാമ്മയുടെ ജീവിതത്തില്‍ നിന്ന് ദൈവം അപഹരിച്ചെടുത്തതാണത്. നക്ഷത്രം ഇവിടെ നക്ഷത്രമല്ല, ജീവിതത്തിന്റെ പ്രകാശമാണ്.
അമ്മാമ്മ മരിക്കുന്ന നിമിഷം പൊടിയന്‍ ആദ്യമായി ഒരു വലിയ നഷ്ടം അനുഭവിക്കുന്നു. ആദ്യമായി മരണത്തെ മനസ്സിലാക്കുന്ന നിമിഷം കുട്ടിയില്‍ ദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യം ജനിക്കുന്നു. അവന്‍ മുതിരുന്നു. അവന്റെ ബാല്യം അവസാനിക്കുന്നു. കഥയ്ക്ക് ‘തങ്കം’ എന്നാണ് ശീര്‍ഷകം. അമ്മാമ്മയുടെ പേര് തങ്കം എന്നായിരുന്നോ? കഥയിലെ അമ്മാമ്മ തന്നെയാണ് തങ്കം. അമ്മാമ്മയുടെ നിഘണ്ടുവാണ് തങ്കം. പൊടിയന്റെ ലോകത്തെ തങ്കമാക്കി മാറ്റിയ ശക്തിയാണ് അമ്മാമ്മ. പൊടിയന്റെ ഓര്‍മ്മയില്‍ എന്നും പ്രകാശിക്കുന്ന അപൂര്‍വ്വമായ ആ സാന്നിദ്ധ്യമാണ് തങ്കം. മനുഷ്യജീവിതത്തില്‍ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാലം തന്നെയാണ് തങ്കം. കെ എ സെബാസ്റ്റ്യന്‍ എഴുതിയ കഥയില്‍ പല തങ്കത്തിളക്കങ്ങള്‍!
തങ്കം
രചന : കെ.എ. സെബാസ്റ്റിയന്‍
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 115 രൂപ







No Comments yet!