ലളിതാംബിക അന്തര്‍ജനത്തിന്റെ ‘പ്രസാദം’ എന്ന കഥ കേരളത്തിലെ സാമൂഹികനവോത്ഥാന പ്രസ്ഥാനങ്ങളുടെ ആത്മീയചരിത്രത്തി്‌ന്റെ വിവിധമാനങ്ങളെ സൂക്ഷ്മമായി പകര്‍ത്തിയ ഒരു ആഖ്യാനമാണ്. സാമൂഹികപരിഷ്‌കാരങ്ങളുടെ പുറംകാഴ്ചകളെയല്ല കഥ കാണുന്നത്. അവയുടെ അകത്തളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വികാരവ്യവസ്ഥകളെ, വ്യക്തിജീവിതങ്ങളില്‍ സംഭവിക്കുന്ന മുറിവുകളെയും ക്ഷയങ്ങളെയും കഥ കേന്ദ്രവിഷയമാക്കുന്നു. ‘പ്രസാദം’ ഒരു വ്യക്തിയുടെ കഥ പറയുമ്പോഴും ക്രമേണ ഒരു കാലഘട്ടത്തിന്റെ ആത്മപരിശോധനയായി വികസിക്കുന്നു. കഥയുടെ തുടക്കത്തില്‍ സാമൂഹികപരിവര്‍ത്തനത്തിന്റെ ഉന്മേഷഭരിതമായ ഒരു ഘട്ടം നമുക്കു കാണാന്‍ കഴിയുന്നു. ആചാരങ്ങളെ വെല്ലുവിളിച്ച് വെളിച്ചത്തിലേക്കു തലപൊക്കി നില്‍ക്കുന്ന ഒരു സ്ത്രീയുടെ രൂപം പ്രത്യക്ഷമാകുന്നു. ”ആരും ഓര്‍ക്കുക പോലും ചെയ്യാതിരുന്ന ഒരു ദര്‍ശന”മായിരുന്നു അത്. അത് ഒരു സ്ത്രീയുടെ വ്യക്തിത്വത്തിന്റെ പ്രകാശനമായിരുന്നില്ല. ശതാബ്ദങ്ങളായി അകത്തളങ്ങളില്‍ അടച്ചുവെച്ചിരുന്ന സ്‌ത്രൈണസത്തയുടെ പൊതുമണ്ഡലത്തിലെ സാന്നിദ്ധ്യമായിരുന്നു. സമൂഹം അതിനെ ആവേശത്തോടെയും വിസ്മയത്തോടെയും സ്വീകരിച്ചു.

ലളിതാംബിക അന്തര്‍ജനത്തിന്റെ ആഖ്യാനം ഈ ആവേശത്തിന്റെ മേല്‍പ്പരപ്പിനെ എഴുതാന്‍ ലക്ഷ്യമാക്കുന്നില്ല. ഒരു സാമൂഹികപ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥസ്വഭാവം അതിന്റെ ആരംഭശൂരതയിലല്ല, ദീര്‍ഘകാലശക്തിയിലാണ് പരിശോധിക്കപ്പെടേണ്ടത്. ഈ പരിശോധന പ്രസ്ഥാനതലത്തിലെന്ന പോലെ അതിന്റെ നേതൃത്വത്തിലുള്ള വ്യക്തികളുടെ തലത്തിലും സംഭവിക്കുന്നു. സാമൂഹികമായത് പലതും പ്രകാശിതമാകുന്നത് വ്യക്തിതലത്തിലാണ്. തുടക്കത്തില്‍ പ്രചോദനമായിരുന്ന വ്യക്തികള്‍ പിന്നീട് ഭാരമായി മാറുന്നു. സമൂഹം കൈയ്യടിച്ച് ആദരിച്ച വ്യക്തികളെ സംശയത്തോടെ കാണാന്‍ തുടങ്ങുന്നു. വിപ്ലവപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഈ പ്രവണത ആവര്‍ത്തിച്ചെന്നോണം കാണാം. പുതിയ ആശയങ്ങള്‍ ആദ്യം വിസ്മയം സൃഷ്ടിക്കുന്നു, തുടര്‍ന്ന് ഭയവും സന്ദേഹവും ജനിപ്പിക്കുന്നു. പിന്നെ, അവയെ തളര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. ”അവരോട് സഹകരിച്ചവര്‍ ഭ്രഷ്ടരായപ്പോള്‍ ആ ഭ്രഷ്ട് മാന്യമായ” കാലമുണ്ടായിരുന്നു. നവോത്ഥാനത്തിന്റെ ആരംഭഘട്ടത്തില്‍ പുതിയ ആശയത്തോടൊപ്പം നില്‍ക്കുന്നത് സാമൂഹികമരണത്തിനോട് തുല്യമായിരുന്നെങ്കിലും പിന്നീട് അതേ ഭ്രഷ്ടു തന്നെ ബഹുമതിയായി മാറുന്ന ഘട്ടവുമുണ്ട്. പക്ഷേ, ആശങ്കകളുടെയും സന്ദേഹങ്ങളുടെയും പിന്‍മടക്കത്തിന്റെയും ഒരു ഘട്ടം പിന്നാലെ വരുന്നുണ്ട്. സമൂഹത്തിന്റെ മൂല്യങ്ങള്‍ എത്ര വേഗത്തില്‍ തിരിഞ്ഞുമറിയുന്നു!
കഥയിലെ നായികയ്ക്കു നേരിടേണ്ടി വരുന്ന അപവാദങ്ങള്‍ രാഷ്ട്രീയവിമര്‍ശനങ്ങള്‍ മാത്രമല്ല; അവ വ്യക്തിപരമായ അപമാനങ്ങളുമാണ്. കുടുംബബന്ധങ്ങള്‍ തകരുന്നു. അമ്മ മകളുടെ മുഖം കാണാന്‍ വിസമ്മതിക്കുന്നു. അവളുടെ ഭര്‍ത്താവിന്റെ സാന്നിദ്ധ്യം ക്ഷേത്രശുദ്ധിയെ ബാധിക്കുന്നതായി ചിത്രീകരിക്കപ്പെടുന്നു. ഇപ്പോള്‍, സമൂഹം ആശയത്തോടു പ്രതികരിക്കാതെ അതിന്റെ കടന്നുവരവിനെ അന്ധമായി ചെറുക്കുന്നു. യാഥാസ്ഥിതികത്വത്തിന്റെയും വ്യവസ്ഥാപിതത്വത്തിന്റെയും അധീശപ്രവര്‍ത്തനത്തിന്റെ വ്യത്യസ്തമായ ഒരു മാതൃകയാണിത്. ആശയത്തെ ആശയം കൊണ്ടു സ്വീകരിക്കുകയല്ല, പുത്തന്‍ ആശയവാഹകരുടെ ശരീരത്തോടും ബന്ധങ്ങളോടും ആത്മാഭിമാനത്തോടും പ്രതികാരം ചെയ്യുന്നതിനാണ് അത് ശ്രമിക്കുന്നത്. അന്തര്‍ജ്ജനത്തിന്റെ എഴുത്തിന്റെ കരുത്ത് ഇവിടെ വിലാപസ്വരത്തില്‍ എഴുതാതിരിക്കുന്നതാണ് കാണേണ്ടത്. കഥയിലെ നായിക ഒരിക്കലും സ്വയം രക്തസാക്ഷിയായി അവതരിപ്പിക്കുന്നില്ല. അതീവ ശാന്തതയോടെയും സമചിത്തതയോടെയും അവള്‍ അതിനോട് പ്രതികരിക്കുന്നു. ”എന്റെ സമുദായത്തിനുവേണ്ടി എന്റെ സഹോദരിമാര്‍ക്കുവേണ്ടി എന്തും ത്യജിക്കുവാന്‍ ഞാന്‍ തയ്യാറാണ്” എന്ന വാക്കുകള്‍ ആത്മാര്‍പ്പണത്തിന്റെ പ്രഖ്യാപനമാണ്. എന്നാല്‍, ഈ ആത്മാര്‍പ്പണത്തിന്റെ മൂല്യം തന്നെ പിന്നീടു ചോദ്യം ചെയ്യപ്പെടുന്നതാണ് നാം കാണുന്നത്. സാമൂഹികപ്രവര്‍ത്തകര്‍ക്ക് ഒടുവില്‍ ലഭിക്കുന്നത് എന്താണ്? പ്രശംസകളോ? നന്ദിയോ? മറവിയോ? ”നന്ദി പോലും നാണംകെട്ട ഒരു പദം” എന്ന വാക്കുകള്‍ ശ്രദ്ധിക്കുക! യഥാര്‍ത്ഥ സാമൂഹികസേവനം പ്രതിഫലം പ്രതീക്ഷിക്കുന്നതല്ല. സമൂഹം പലപ്പോഴും വിപ്ലവകാരികളെ നന്ദിയുടെ പേരില്‍ കീഴ്‌പ്പെടുത്തുന്നു. അവരുടെ ത്യാഗങ്ങള്‍ സ്വാഭാവികമായ കടമകളായിരുന്നു!
നായികയുടെ കറുത്ത, നിബിഡമായിരുന്ന തലമുടി മുപ്പത്തിമൂന്നു വയസ്സായപ്പോഴേക്കും നരച്ചിരിക്കുന്നു. ശരീരം ക്ഷയിച്ചിരിക്കുന്നു. എന്നാല്‍ ആ വെളുത്ത മുടികള്‍ക്കിടയില്‍ ഇപ്പോഴും ”ചുവന്ന ചെത്തിപ്പൂക്കള്‍” തിളങ്ങുന്നു. കഥയുടെ മുഴുവന്‍ അര്‍ത്ഥത്തെയും പ്രതീകാത്മകതയിലേക്ക് ഉയര്‍ത്തുന്ന സന്ദര്‍ഭമാണിത്. ചെത്തിപ്പൂവ് വെറും അലങ്കാരമല്ല; ഒരു കാലത്ത് ജ്വലിച്ചുനിന്ന ഒരു ജീവിതത്തിന്റെ അവശേഷിക്കുന്ന ചുവപ്പാണത്. തീ കെടുത്തിയാലും ചാരത്തിനടിയില്‍ അവശേഷിക്കുന്ന ചൂടുപോലെ, ആ സ്ത്രീയുടെ ഉള്ളിലെ ആത്മസമര്‍പ്പണം ഇപ്പോഴും ഇല്ലാതായിട്ടില്ല. ”സേവിക്കുകയായിരുന്നു ഇതുവരെ… അതിന്റെ പ്രസാദങ്ങള്‍ ഇതാ ശിരസാ വഹിക്കുന്നു” എന്ന വാക്യത്തില്‍ സങ്കീര്‍ണ്ണമായ ഒരു ദര്‍ശനമുണ്ട്. ഇവിടെ ‘പ്രസാദം’ എന്ന പദത്തിന് ഇരട്ട അര്‍ത്ഥമുണ്ട്. ഒരു വശത്ത് അത് സേവനത്തിന്റെ പ്രതിഫലമായ വേദനകളാണ്; മറുവശത്ത് അത് ആത്മീയസ്വീകാരവുമാണ്. ജീവിതം നല്‍കിയ മുറിവുകളെ പോലും ഒരു പ്രസാദമായി അവള്‍ സ്വീകരിച്ചിരിക്കുന്നു. കഥ തീക്ഷ്ണമായ നിശ്ശബ്ദതയിലാണ് അവസാനിക്കുന്നത്. ലളിതാംബിക അന്തര്‍ജ്ജനം പിന്നീടെഴുതിയ ‘അഗ്‌നിസാക്ഷി’ എന്ന നോവലിന്റെ പ്രവേശികയായി ഈ കഥ വായിക്കപ്പെടുന്നത് യാദൃച്ഛികമല്ല. ”പ്രസാദം” എന്ന കഥയിലെ നായികയില്‍ ദേവീബഹന്റെ പ്രാഗ് രൂപം കാണാമെന്ന നിരീക്ഷണം സാഹിതീയമായി പ്രസക്തമാണ്. യൗവനത്തില്‍ സമൂഹപരിഷ്‌കരണത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയും പിന്നീട് അതില്‍ നിന്നും പിന്‍വാങ്ങി ആത്മീയമായ ഏകാന്തതയിലേക്കു നീങ്ങുകയും ചെയ്യുന്ന സ്ത്രീയുടെ രൂപം രണ്ടിടത്തും പ്രത്യക്ഷമാകുന്നു. ‘അഗ്‌നിസാക്ഷി’യില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ രൂപത്തില്‍ ഇതു വികസിക്കുന്നുണ്ട്.
”പ്രസാദം” അതിന്റെ രാഷ്ട്രീയത്തിലും മാനുഷികസത്യത്തിലും തിളങ്ങുന്നു. എല്ലാ വിപ്ലവങ്ങളും ഒടുവില്‍ ചില മനുഷ്യരുടെ ശരീരങ്ങളിലും മനസ്സുകളിലും മുറിവുകളായിത്തീരുന്നു എന്ന തിരിച്ചറിവാണ് കഥയുടെ ഹൃദയം. സമൂഹങ്ങള്‍ ആഘോഷിക്കുന്ന പുരോഗമനങ്ങളുടെ അടിയില്‍ മറന്നുപോയ ചില മുഖങ്ങള്‍ ഉണ്ടാകും. യഥാര്‍ത്ഥ ചരിത്രസ്രഷ്ടാക്കള്‍. അന്തര്‍ജ്ജനം ആ മറവിയുടെ ഇരുട്ടില്‍ നിന്നും ഒരു മുഖത്തെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. ഒരു സമൂഹത്തിന്റെ നവോത്ഥാനശക്തി എങ്ങനെ ക്ഷയിക്കുന്നു എന്ന ചരിത്ര-മാനസിക പ്രക്രിയയാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ആഖ്യാനം അനാവരണം ചെയ്യുന്നത്. ആദര്‍ശനിഷ്ഠയോടെ രംഗത്തിറങ്ങുന്നവര്‍ ക്ഷീണിതരായി പിന്‍വാങ്ങുകയും ചിലപ്പോള്‍ പഴയ സാമൂഹികഘടനകളിലേക്കു മടങ്ങിപ്പോകുകയും ചെയ്യുമ്പോള്‍, പുതിയ ശക്തികള്‍ മൂല്യാധിഷ്ഠിതമായി അതിനെ മുന്നോട്ടു നയിക്കാന്‍ കെല്‍പ്പ് പ്രകടമാക്കാതിരിക്കുമ്പോള്‍ സമൂഹത്തിന്റെ മൂല്യബോധത്തിലും അതു പതിയുന്നു. കഥയിലെ നായികയുടെ ജീവിതം ഈ പ്രതിസന്ധിയുടെ രൂപകമാണ്. പ്രസ്ഥാനങ്ങളുടെ തുടക്കത്തില്‍ ജനങ്ങള്‍ വികാരപരമായി ഉണരുന്നു. ആ വികാരം ദീര്‍ഘകാല സാമൂഹികഉത്തരവാദിത്തമായി വളരുന്നില്ല. ആവേശത്തിന്റെ കാലം അവസാനിക്കുമ്പോള്‍ പിന്തുണ ക്ഷയിക്കുന്നു. മൂല്യങ്ങളും ആദര്‍ശവും ഒറ്റപ്പെടുന്ന ഘട്ടമാണിത്. സാമൂഹികപ്രവര്‍ത്തകര്‍ പരാജയപ്പെടുന്നത് എല്ലായ്‌പ്പോഴും അവരുടെ ആശയങ്ങളുടെ ദൗര്‍ബല്യം കൊണ്ടല്ല; പലപ്പോഴും മനുഷ്യജീവിതത്തിന്റെ പരിമിതികളാണ് അവരെ തളര്‍ത്തുന്നത്. കുടുംബബന്ധങ്ങള്‍ തകരുന്നു, സാമ്പത്തിക-മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉയരുന്നു, സഹപ്രവര്‍ത്തകരില്‍ ഭിന്നതകള്‍ ഉണ്ടാകുന്നു, പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ അധികാരമത്സരങ്ങള്‍ ആരംഭിക്കുന്നു. ആദര്‍ശം ഒരുവശത്തും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മറുവശത്തുമായി വലിക്കുമ്പോള്‍ പലരും ചില ഘട്ടങ്ങളില്‍ ക്ഷീണത്തിലേക്കും നിരാശയിലേക്കും വഴുതിപ്പോകുന്നു. കഥയിലെ നായികയുടെ നരച്ച മുടിയും ക്ഷയിച്ച ശരീരവും വാര്‍ദ്ധക്യത്തിന്റെ അടയാളമല്ല; നിരന്തരമായ സാമൂഹികസംഘര്‍ഷങ്ങളിലൂടെ ശരീരത്തില്‍ മുദ്രണം ചെയ്യപ്പെട്ട ചരിത്രമാണത്.
സമൂഹത്തിലെ ആദര്‍ശരൂപങ്ങള്‍ പിന്നോട്ടു പോകുമ്പോള്‍ സമൂഹം തെറ്റായ സന്ദേശത്തെ ഉള്‍ക്കൊള്ളാം: അവസാനം എല്ലാം പഴയപടിയാകുമെന്ന നിരാശാഭാവത്തിലേക്കു നിപതിച്ചേക്കാം. ഇപ്പോള്‍, വ്യവസ്ഥാപിതത്വം വീണ്ടും ശക്തമാകുന്നു. സമൂഹത്തെ സ്വാധീനിക്കുന്ന മദ്ധ്യവര്‍ഗത്തിന് മാറ്റത്തേക്കാള്‍ സുരക്ഷിതത്വം പ്രധാനമാകുന്നു. മാറ്റത്തിനുവേണ്ടി ജീവന്‍ മുറുക്കി പോരാടിയവര്‍ പഴയ രീതികളിലേക്കു മടങ്ങിയതായി കാണുമ്പോള്‍ ജനത പഴയ വ്യവസ്ഥകളുടെ അനിവാര്യതയില്‍ വീണ്ടും വിശ്വസിക്കാന്‍ തുടങ്ങുന്നു. വിപ്ലവപ്രസ്ഥാനങ്ങളിലെ ദാരുണമായ വൈരുദ്ധ്യമാണിത്. ആരംഭത്തിലെ ജ്വാല സമൂഹത്തെ ഉണര്‍ത്തുന്നു. ആ ജ്വാല സ്ഥൈര്യമുള്ള മൂല്യക്രമമായി മാറിയില്ലെങ്കില്‍, അവശേഷിക്കുന്നത് ക്ഷീണവും ചാരവുമാണ്. ”കത്തിയത് കത്തി, കരിഞ്ഞത് കരിഞ്ഞു” എന്ന വാക്കുകള്‍ ഈ ചിന്തകളുടെ സൂചനകളെ വഹിക്കുന്നു.
ലളിതാംബിക അന്തര്‍ജ്ജനം ചരിത്രസത്യം പറയുന്നു: വിപ്ലവം വിജയിക്കണമെങ്കില്‍ അതിന്റെ ആശയങ്ങള്‍ വ്യക്തികളില്‍ ഒതുങ്ങി നില്‍ക്കരുത്. അവ സമൂഹത്തിന്റെ സ്ഥാപനങ്ങളിലും സംസ്‌കാരത്തിലും ദൈനംദിന ബോധത്തിലും ഉറയ്ക്കണം. അല്ലെങ്കില്‍, അത് മഹാവ്യക്തികളുടെ ആത്മത്യാഗങ്ങളായി മാത്രം ശേഷിക്കും. ഗാന്ധിജിയുടെയും മറ്റും വ്യക്തിചരിത്രത്തില്‍ ഇതു കാണാം. ഗാന്ധിജി സ്വാതന്ത്ര്യസമരത്തെ ഒരു നൈതികപ്രസ്ഥാനമാക്കാന്‍ ശ്രമിച്ചു. അധികാരക്കൈമാറ്റത്തിനു ശേഷം രാഷ്ട്രീയസംവിധാനം അധികാരകേന്ദ്രിതമായി മാറിയപ്പോള്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പലതും പുറംചട്ടയായി ചുരുങ്ങി. വ്യക്തികള്‍ തുടങ്ങുന്ന വിപ്ലവങ്ങള്‍ സമൂഹം അതിന്റെ ദൈനംദിനജീവിതത്തില്‍ ഉള്‍ക്കൊള്ളാത്ത പക്ഷം പഴയ ശക്തികള്‍ വീണ്ടും ഉയര്‍ന്നുവരും.
എങ്കിലും, ‘പ്രസാദം’ നിരാശയുടെ കഥയല്ല പറയുന്നത്. ലളിതാംബിക അന്തര്‍ജ്ജനം മാനവികവ്യവഹാരങ്ങളുടെ യാഥാര്‍ത്ഥ്യവും സത്യവും ഗ്രഹിച്ചവളെ പോലെ എഴുതുന്നു: എല്ലാ വിപ്ലവങ്ങളും ഉടനടി വിജയിക്കണമെന്നില്ല; എന്നാല്‍, അവ മനുഷ്യബോധത്തില്‍ ചില അക്ഷയപ്രതീകങ്ങളെ സൃഷ്ടിക്കുന്നുണ്ട്. കഥയിലെ നായിക ക്ഷേത്രമുറ്റത്തേക്ക് മടങ്ങിയെത്തിയാലും അവള്‍ പഴയ സ്ത്രീയല്ല. അവളുടെ ശരീരം ക്ഷയിച്ചെങ്കിലും അവളുടെ അനുഭവം ചരിത്രമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് ചെത്തിപ്പൂക്കളുടെ ചുവപ്പ് ഇപ്പോഴും അവളുടെ നരച്ച മുടിക്കിടയില്‍ തിളങ്ങുന്നത്. അണഞ്ഞുവെന്നു തോന്നിപ്പിക്കുന്ന ജ്വാലയുടെ അവശേഷിക്കുന്ന തീപ്പൊരി തന്നെയാണത്. ലളിതാംബികയുടെ ദൃഷ്ടിയില്‍ സാമൂഹികമാറ്റം നേരിയ നേര്‍രേഖയിലൂടെയുള്ള മുന്നേറ്റമല്ല. അതില്‍ മുന്നേറ്റവും പിന്‍വാങ്ങലും ഉണ്ട്. ഉന്മേഷവും ക്ഷയവും ഉണ്ട്. മനുഷ്യരുടെ ദൗര്‍ബല്യങ്ങളും അതില്‍ ഇടപെടും. അതിനാല്‍ ആദര്‍ശങ്ങളുടെ മൂല്യം ഇല്ലാതാകുന്നില്ല. ആദര്‍ശപഥങ്ങള്‍ എത്ര ദുഷ്‌കരമാണെന്നു കൂടി കഥ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
‘അഗ്നിസാക്ഷി’യിലെ ദേവീബഹനെയും ‘പ്രസാദ’ത്തിലെ നായികയെയും ഒരുമിച്ചു വായിക്കുമ്പോള്‍, ലളിതാംബിക അന്തര്‍ജ്ജനം അന്വേഷിക്കുന്നത് സാമൂഹികപരിഷ്‌കാരത്തിന്റെ രാഷ്ട്രീയപ്രശ്‌നം മാത്രമല്ലെന്നു കാണാം. മനുഷ്യന്‍ എന്തുകൊണ്ട് ഒരു ഘട്ടത്തില്‍ വിപ്ലവത്തിന്റെ പാതയില്‍ നിന്ന് ആത്മീയതയിലേക്കോ പാരമ്പര്യത്തിലേക്കോ തിരിഞ്ഞുനോക്കുന്നു എന്ന അസ്തിത്വപരമെന്നു പറയേണ്ടുന്ന ചോദ്യവും അവരെ അലട്ടുന്നു. മടങ്ങിപ്പോക്ക് ഒരൊറ്റ കാരണത്തിന്റെ ഫലമല്ല. അതില്‍ ആത്മീയമായ ശൂന്യതാബോധത്തിന്റെയും സാമൂഹികമായ ഏകാന്തതയുടെയും മാനസികക്ഷീണത്തിന്റെയും ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യര്‍ ബന്ധങ്ങള്‍ക്കുള്ളിലും ഓര്‍മ്മകള്‍ക്കുള്ളിലും വിശ്വാസങ്ങളിലും കൂടി ജീവിക്കുന്നവരാണ്. പഴയ വ്യവസ്ഥകളെ ബൗദ്ധികമായി തള്ളിപ്പറഞ്ഞതിനു ശേഷവും മാനസികമായി വേര്‍പ്പെടുക അസാദ്ധ്യമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. ദേവീബഹനെ നോക്കൂ – പഴയ ആചാരങ്ങളുടെ അന്ധമായ ഭക്തിയിലേക്കല്ല അവര്‍ മടങ്ങുന്നത്. ദേവീബഹന്റെ ആത്മീയത യാഥാസ്ഥിതികതയുടെ പുനരാഗമനവുമല്ല. എന്നാല്‍, അതില്‍ പിന്‍മാറ്റമുണ്ടു താനും. അവരുടെ മാറ്റത്തില്‍ ഒരു അന്വേഷണത്തിന്റെ ലക്ഷണങ്ങള്‍ ചിലരെങ്കിലും ആരോപിക്കും. ലളിതാംബിക അന്തര്‍ജ്ജനം വിപ്ലവത്തിനും ആത്മീയതക്കുമിടയില്‍ സംഘര്‍ഷങ്ങളുടെ അന്തരീക്ഷം നിര്‍മ്മിക്കുന്നില്ല. രണ്ടിനുമിടയിലെ അപൂര്‍ണ്ണതകളെ കാണിക്കുന്നു. വിപ്ലവജീവിതത്തിന്റെ നടുവിലും മനുഷ്യാത്മാവിന്റെ മറ്റൊരു വിശപ്പിനെ അവള്‍ തിരിച്ചറിയുന്നു. പല വിപ്ലവകാരികളും ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ആന്തരികമായ ശാന്തിയെ അന്വേഷിക്കുന്നു. ആദര്‍ശത്തിനു വേണ്ടി ജീവിക്കുകയെന്നത് സ്വന്തം വ്യക്തിത്വത്തെ നിഷേധിക്കുന്ന അവസ്ഥയിലേക്കു നീങ്ങുന്നുവെങ്കില്‍ മറ്റു ലോകങ്ങളെ മനുഷ്യര്‍ അന്വേഷിക്കും. ‘അഗ്നിസാക്ഷി’യില്‍ നിന്നുള്ള ഈ വാക്യങ്ങള്‍ വായിക്കുക. ”ആവേശം ഒരു കൊടുങ്കാറ്റായാണല്ലോ ചൂഴ്ന്നടിച്ചത്. പുരോഗതിയുടെ പാതയില്‍ മടിച്ചുനിന്ന കുറേ മരങ്ങള്‍ വീണു. വീടുകള്‍ തകര്‍ന്നു. വഴി ഒരുങ്ങി. വിപ്ലവം അതിന്റെ ചിറകുകളില്‍ വഹിച്ച് കുറെ ജീവിതങ്ങളെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. പക്ഷേ, ഒരു കൊടുങ്കാറ്റിനും സ്ഥിരമായി നില്‍ക്കാന്‍ കഴിയില്ലെന്ന തത്ത്വം ദുഃഖത്തോടെ മനസ്സിലാക്കുന്നു. വന്നതുപോലെ വേഗത്തിലായിരുന്നു വല്യവെള്ളത്തിന്റെ വലിച്ചില്‍ ആരംഭിച്ചതും” വ്യവസ്ഥാപിതമായി മാറിത്തീരുന്ന വ്യവഹാരങ്ങളെല്ലാം അപചയത്തിനു വിധേയമാകുന്നുവെന്ന മാനവപ്രകൃതിയുടെ നിയമത്തെയും ലളിതാംബിക അന്തര്‍ജ്ജനം നോവലിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിരുന്നു. ‘പ്രസാദം’ എന്ന കഥയെയും ഏതെങ്കിലും ഒരൊറ്റ പ്രശ്‌നത്തിന്റെയോ ദുഃഖത്തിന്റെയോ ആവിഷ്‌കാരമായി കാണേണ്ടതില്ല!







No Comments yet!