മിത്തുകളെ ചരിത്രമാക്കുന്ന ഇരുണ്ടകാലത്ത് അവൾക്ക് ഒറ്റയ്ക്കാവുക സാദ്ധ്യമല്ലായിരുന്നു. അതുകൊണ്ടു തന്നെ അതിരുകൾ ഇല്ലാത്ത ആകാശം പോലെ അവൾ മനസ്സിനെ പരുവപ്പെടുത്തിയിരുന്നു. മത ഗ്രന്ഥങ്ങളുടെയും ചരിത്ര പുസ്തകളുടെയും പിടിച്ച് വലിയിൽ നിന്ന് കുതറിമാറി അവൾ ഇപ്പോൾ നടക്കുകയാണ്, രാത്രിയുടെ എല്ലാ ഭീകരതയും അവളെ പിന്തുടരുന്നുണ്ട്, സുപരിചിതമായ വഴിയിലൂടെ എന്ന പോലെ അവൾ എല്ലാം മറന്ന് ഇപ്പോൾ ഓടുകയാണ്.
ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ പാതി മയക്കത്തിൽ സ്വപ്നത്തിലെന്ന പോലെ ഒഴുകി തുടങ്ങുകയും അതിവേഗം തിരമാലകൾ പാറക്കെട്ടിൽ തല്ലി തകരും പോലെ ചിതറി പോകുകയും ചെയ്ത, ഒരു ഗ്രാമത്തെ ഒന്നിച്ച് ഒഴുക്കി കൊണ്ടുവന്ന ചാലിയാറിന്റെ ആഴങ്ങളിൽ പ്രിയപ്പെട്ടവൻ ഒളിച്ചിരിക്കുന്നുണ്ടോ? ഉണ്ടാകും എന്നവൾ സ്വയം ആശ്വസിക്കുകയാണ്. അതെ ഇപ്പോൾ നിവർത്തിയുളളൂ. ഇരുട്ടിനെ വകഞ്ഞ് മാറ്റിയുള്ള ആ നടത്തത്തിൽ പ്രതീക്ഷയുടെ വേഗം കാണാം !.
വാർത്താവതാരകന്റെ കമന്ററിയിൽ ഓരോ മനുഷ്യരും പലതായി ചിതറിയ അരോചകമായ വാക്കുകൾ അവളെ അസ്വസ്ഥയാക്കികൊണ്ടിരുന്നു. ഇരുട്ട് മാത്രം അവളുടെ മനോനില തെറ്റാതെ ഒപ്പമിരിക്കുന്നു, കാതുകളിൽ കടലിരമ്പം പ്രതിധ്വനിക്കുന്നു.
ഒടുവിൽ പ്രതീക്ഷയുടെ വെളിച്ചം അവളുടെ കയ്യിൽ കിട്ടി,……തന്റെ എല്ലാമായ സഖാവിന്റെ കൈപുസ്തകം , ! ഒരിക്കൽ ഞാനത്കണ്ടിട്ടുണ്ട് എന്റെ കൺപീലികൾ പകർത്തി വരച്ച്, ചെറുതായി എന്നെ നോക്കി പുസ്തകം മറച്ച് പിടിച്ച നേരം. ഓരോ പേജിലും ഒരുപാട് സ്വപ്നങ്ങൾ തുന്നിചേർത്ത് മനോഹരമാക്കിയതാണ് ആ പുസ്തകം. കാലം പോകെ എന്റെ സ്വപ്നങ്ങളും മയിൽപീലി പോലെഅതിൽ ഇടം പിടിച്ചത് ഓർക്കുമ്പോൾ സഖാവിന്റെ സംവേദനക്ഷമത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
മനോഹരമായ വാക്കുകൾ ഒരായിരം അർത്ഥത്തോടെ നമ്മോട് സംവദിക്കുന്നത്. മനുഷ്യ സൃഷ്ടിയുടെ സ്വർഗ്ഗങ്ങളെ കടന്നാക്രമിക്കുന്നത്, മാനവികതയിലേയ്ക്കുള്ള പടവുകൾ വെട്ടി തെളിയിക്കുന്നത്. അധികാര വർഗ്ഗം ചൂഴ്ന്നെടുത്ത കണ്ണുകളുടെ, തകർത്തു കളഞ്ഞ മനുഷ്യരുടെ, ഒഴുകി പോയ ഗ്രാമങ്ങളുടെ നീണ്ട ഡോക്യുമെന്റ്.
അവൾ വല്ലാതെ അസ്വസ്ഥയായി, ശ്വാസം നിലയ്ക്കുന്നതുപോലെ, വെളിച്ചം കെട്ടു പോകുന്നതു പോലെ, അപ്പോൾ യഥാർത്ഥത്തിൽ അവർ മയക്കത്തിലാണ്, എന്തൊക്കയോ ചെയ്യണം എന്ന ബോധം അവളെ ഉണർത്താന്‍ ശ്രമിക്കുന്നുണ്ട്. സഖാവെ എനിക്ക് ജീവിക്കണം എന്ന് ആരോ അവളോട് ഉറക്കെ പറയുന്നുണ്ട്. എല്ലാ അതിരുകളും തകർത്ത് ഈ മഹാസാഗരത്തിൽ ഒലിചെത്തി അവർ ഒന്നായി തീർന്നിരിക്കുന്നു, ഇന്നലെ വരെ പലദേശക്കാർ പല ഭാഷയിൽ സംസാരിച്ചിരുന്നവർ പലതരത്തിൽ ഭക്ഷണംകഴിച്ചവർ, മതവും ജാതിയും രാജ്യവും പറഞ്ഞ് കലഹിച്ചവർ ഇതാ ഇവിടെ ഒന്നായിരിക്കുന്നു.
ഒന്നായി തീരാൻ മരണം വരെ കാത്തിരിക്കണം എന്ന നിയമം മനുഷ്യത്വ വിരുദ്ധമാണ്, മനുഷ്യൻ ഇത്ര മോശമായതെന്തേ, ? അവൾ കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് ആണ്ടുപോയ്ക്കൊണ്ടിരുന്നു, വെളിച്ചു മാത്രമല്ല ശ്വാസവും ഇല്ലാതാവുന്ന വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോൾ.
ഒരു വടവൃക്ഷത്തിന്റെ വേരുകൾ പെരുമ്പാമ്പ് ഇരയെ വരിഞ്ഞ് മുറുക്കുന്നതു പോലെ അവളെ ചുറ്റിവരിയുന്നുണ്ട്. പെട്ടെന്ന് അവർ ആകാംക്ഷയിലായി അവൾ സൂക്ഷിച്ച് നോക്കി ഒരു വെള്ളരിപ്രാവ് ആ ഇരുട്ടിനെ ഭേദിച്ച് പറന്നു വരുന്നു, അവൾ വീണ്ടും അസ്വസ്ഥയായി അതിന്റെ കഴുത്തിൽ മനുഷ്യനെ തിന്നുന്ന പശുവിന്റെ ചിത്രം തൂങ്ങിക്കിടന്നിരുന്നു. വീണ്ടും വീണ്ടും ഒരു പാട് പ്രാവുകൾ ആകാശത്തേക്ക് പറന്നുയരുന്നു. മറ്റൊരു പ്രാവിന്റെ കൊക്കിൽ സ്റ്റാച്ചു ഓഫ് ലിബർട്ടിക്ക് കീഴെ ഒരമ്മ മനുഷ്യ മൃഗങ്ങളാൽ പിച്ചിചീന്തപ്പെട്ട കുഞ്ഞിനെ ഉയർത്തി പിടിച്ച് പൊട്ടിക്കരയുന്ന ചിത്രം തൂങ്ങി കിടക്കുന്നു. പ്രതീക്ഷയുടെ അകലം കൂടി വരികയും ഇരുട്ട് ഭീകരത പ്രകടമാക്കുകയും ചെയ്യുന്നതായി അവൾ തിരിച്ചറിഞ്ഞു.
തന്റെ പ്രിയപ്പെട്ട സഖാവിന്റെ കോരിത്തരിപ്പിക്കുന്ന വാക്കുകൾ, പ്രതീക്ഷയുടെ വാചാലമായ സംസാരങ്ങൾ വരച്ച് വെച്ച യാഥാർത്യങ്ങളിൽ നിന്ന് അവൾ തിരിച്ചറിയാൻ തുടങ്ങി.
ഒന്നിച്ചിരുന്ന് നെയ്തു കൂട്ടിയ മനോഹാര്യത പാഴായി പോകുമോ ! എല്ലാം വെറുതെയായിരുന്നോ?
ഒരു നിമിഷം അതിരുകൾ എല്ലാം മാഞ്ഞുപോയ മഹാ സാഗരത്തിൽ ആകാശത്തോട് ചേർന്ന് ഒരു പൊട്ട് പോലെ വെള്ളിടി വെളിച്ചം. അവളുടെ കണ്ണുകളിൽ നിന്ന് ഇരുട്ടുമായുന്നു. ശ്വാസം നിയന്ത്രണത്തിലാവുന്നു. കറുത്ത തൂവലുകളും ചുവന്ന കണ്ണുകളുമുള്ള ഒരു പ്രാവ് അതിന്റെ കൂർത്ത കൊക്കുകൾ ഹിംസയുടെ പ്രതീകങ്ങളെ കൊത്തി പറക്കുന്നു, കാൽനഖം കൊണ്ട് അതിരുകൾ മായ്ച്ചു കളയുന്നു.
*****
No Comments yet!