Skip to main content

ആത്മാന്വേഷണത്തിന്റെ നിമിഷങ്ങൾ

നിമിഷാ സജയൻ എന്ന പ്രഗത്ഭയായ മലയാളി അഭിനേത്രിയുടെ സാന്നിധ്യമായിരുന്നു ‘ബബിതാ സിംഗ് റിപ്പോർട്ടിങ്’ എന്ന സിനിമ കാണാനുള്ള പ്രേരണ. കൈകാര്യം ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളെയും അതീവ ശ്രദ്ധയോടെ സമീപിക്കാറുള്ള നിമിഷയുടെ അഭിനയപാടവം മലയാളികൾക്ക് സുപരിചിതമാണ്. എന്നിട്ടും സമീപകാലത്തായി മലയാള സിനിമയിലെ അവരുടെ തിരോധാനം ചിലരെങ്കിലും നിരീക്ഷിച്ചിട്ടുണ്ടാവണം. കഴിവുള്ള കലാകാരന്മാരുടെ ബാഹുല്യം ഇതിനൊരു നിമിത്തമായിരുന്നിരിക്കാം. പക്ഷേ, ആ അഭിനേത്രിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഇതര ഭാഷകളിലുള്ള നല്ല അവസരങ്ങളായിരിക്കാം പ്രധാന കാരണം.

തമിഴ്, മറാഠി, ഹിന്ദി ചലച്ചിത്ര മേഖലകളിൽ നിമിഷയ്ക്ക് ഒന്നിനൊന്ന് മികച്ച വേഷങ്ങൾ ലഭിക്കുന്നുണ്ട്. പാട്ടും ഡാൻസുമൊക്കെയുള്ള അന്യഭാഷാ തട്ടുപൊളിപ്പൻ സിനിമകളിൽ മലയാളി നടിമാർ കാട്ടുന്ന പ്രകടനം പണ്ടേ പ്രസിദ്ധമാണ്. പക്ഷെ നിമിഷയെത്തേടിയെത്തുന്ന കഥാപാത്രങ്ങൾ അപൂർവവും അഭിനയകലയെ ഗൗരവമായി പരിഗണിക്കുന്ന ഏതൊരു കലാകാരിയും കൊതിക്കുന്നവയുമാണ്. ഉദാഹരണത്തിന് അവർ കൈകാര്യം ചെയ്ത രണ്ട് വെബ് സീരീസ് കഥാപാത്രങ്ങളും (POACHER , DABBA CARTEL) അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് അനുവാചക മനസിനെ സ്പർശിക്കുന്നവയായിരുന്നു. നിമിഷാ സജയൻ പങ്ക് വെയ്ക്കാറുള്ള സാമൂഹിക നിലപാടുകൾ കൂടി അവരുടെ കലാപ്രപഞ്ചവുമായി ചേർത്ത് വെച്ച് വായിക്കുമ്പോൾ ആ കലാകാരി സഞ്ചരിക്കുന്ന പാതയെക്കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്ക് കിട്ടുന്നു.

ഒരു യുവാവിന്റെ ദൂരൂഹമായ മരണവും അതിൻറെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ്, നിമിഷ ഒരു പോലീസ് കോൺസ്റ്റബിളിന്റെ കഥാപാത്രമായെത്തുന്ന ‘ബബിത സിംഗ് റിപ്പോർട്ടിങ്’ എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നുമൊക്കെ നിരന്തരം ബോഡിഷെയ്മിങ് ഏറ്റുവാങ്ങേണ്ടി വരുന്ന കഥാപാത്രമായി മാറുവാൻ പതിനാല് കിലോയോളം ശരീരഭാരം വർദ്ധിപ്പിച്ചാണ് നിമിഷ, സംവിധായികയായ അംബികാ പണ്ഡിറ്റിൻറെ മുന്നിലെത്തുന്നത്. വെറുമൊരു കുറ്റാന്വേഷണ കഥയേയല്ല ഈ ചിത്രം. അത്തരം ജോണറിൽപ്പെട്ട ഒരു ചിത്രമായി ഇതിനെ പരിഗണിച്ച് നിരാശയോടെ അവതരിപ്പിക്കപ്പെട്ട ചില റിവ്യൂകൾ കാണാനും ഇടയായി. ഉത്തരേന്ത്യയിലെ ഒരു ചെറുപട്ടണത്തിൻറെ ഭൂമികയിൽ അരങ്ങറുന്ന കുറെ മനുഷ്യരുടെ-സമൂഹത്തിന്റെ ചില നിമിഷങ്ങളാണ് ഈ ചിത്രത്തിന്റെ ക്യാമറ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നത്. അതിലൂടെ ഒരു ആധുനിക ഇന്ത്യൻസ്ത്രീ, തൻറെ അസ്തിത്വം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു അധ്യായമായും ഇതിന്റെ ശിൽപ്പത്തെ നിരീക്ഷിക്കാം.

Babita Singh Reporting OTT review: A character study posing as a police  procedural

ഉത്തരേന്ത്യയിലെ ജാതിവ്യവസ്ഥയെ അതിശക്തമായി വിമർശിച്ചത് കൊണ്ട് ഭരണകൂടം നിരോധിച്ച ‘സന്തോഷ്’ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ ഘടനയുമായി ‘ബബിത’യ്ക്ക് ചില സമാനതകളുണ്ട്. ഇരുചിത്രങ്ങളിലെയും മുഖ്യ കഥാപാത്രം ഒരു വനിതാ കോൺസ്റ്റബിളാണ്. തങ്ങളുടെ പരിധിയിൽ അരങ്ങേറുന്ന ദുരൂഹ മരണങ്ങൾ ഇരുവരുടെയും ഉറക്കം കെടുത്തുന്നുണ്ട്. പക്ഷേ, ഇന്ത്യൻ ജാതി വ്യവസ്ഥയുടെ കൊടും ക്രൂരതകളിലേക്ക് ‘സന്തോഷ്’ ആഴ്ന്നിറങ്ങിച്ചെല്ലുമ്പോൾ, ‘ബബിത’ കുടുംബ ബന്ധങ്ങൾ, ആൺ-പെൺ സൗഹൃദം, ഇന്നും പിന്തുടരുന്ന മാമൂലുകൾ, ഭർതൃഭവനത്തിലും തൊഴിലിടങ്ങളിലും സ്ത്രീക്ക് നേരിടേണ്ടി വരുന്ന സമസ്യകൾ എന്നിവയെക്കുറിച്ചൊക്കെ വാചാലയാകുന്നു.

Prime Video: Babita Singh Reporting

നിയതമായൊരു കഥയില്ല ‘ബബിത’യ്ക്ക്. നിരവധി കഥാപാത്രങ്ങളിലൂടെ അവരുടെ മാനസിക ലോകങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരു തിരക്കഥാ രൂപരേഖയാണ് ചിത്രത്തിന്റേത്. സാമൂഹ്യപ്രാധാന്യമുള്ള ഒരു പ്രമേയമായി നിലനിൽക്കെത്തന്നെ കഥാപാത്രങ്ങളുടെ ഉള്ളറകളിലേക്കും ഇറങ്ങിച്ചെല്ലുന്നുണ്ട് സംവിധായിക. ആത്മവിശ്വാസം കുറഞ്ഞ, സാഹചര്യങ്ങളോട് പോരാടാൻ അറച്ചു നിൽക്കുന്ന കഥാനായികയെയാണ് നാം ചിത്രാദ്യത്തിൽ കാണുന്നതെങ്കിൽ, തന്റെ സസ്പെഷൻ കാലയളവിന് ശേഷം ഡൽഹിയിലെ പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തുന്ന ബബിതാ സിംഗ് തീർത്തും പക്വമതിയായ ഒരു പോലീസ് ഓഫീസറാണ്. സസ്പെൻഷൻ കാലത്ത് സ്വദേശത്തേക്കുള്ള അവളുടെ യാത്രയും ഏറ്റവും പ്രിയ സുഹൃത്തായ ബൻസിയുടെ മരണവും ഒടുവിൽ താൻ ഒരു ഗർഭവതിയാണെന്നുള്ള തിരിച്ചറിവുമെല്ലാം ബബിതയുടെ മാനസിക പരിപാകപ്പെടലിൻറെ ഹേതുവായാണ് അംബികാ പണ്ഡിറ്റ് എന്ന സംവിധായിക ഒരുക്കിയിരിക്കുന്നത്.

സുഹൃത്തായ ബൻസിയുടെ മരണവുമായി ബന്ധപ്പെട്ട് ബബിതാ സിംഗ് അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ, തൊഴിലിടത്തിൽ നേരിടേണ്ടി വരുന്ന അവസരവാദം, ഭർത്താവിൽ നിന്നും ഭർതൃഗൃഹത്തിൽ നിന്നും ഏൽക്കേണ്ടി വരുന്ന വീർപ്പുമുട്ടലുകൾ എന്നിവ വിദഗ്ധമായി പ്രകടമാക്കുന്നു നിമിഷാ സജയൻ. അവരെ സംബന്ധിച്ചിടത്തോളം തന്റെ കലാസപര്യയിൽ ഒരു നാഴികക്കലാണ് ‘ബബിതാ സിംഗ് റിപ്പോർട്ടിങ് ‘ എന്ന ഈ ഹിന്ദി ചലച്ചിത്രം.
രൺജിത് രഘുപതി

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.

No related posts found.