Skip to main content

മീമ്പെടച്ചിലുകൾ

ഭൂതകാലമെന്ന കായലിലേക്ക്
ഉയരെയകലെ അസാധ്യ-
മൊരാംഗിളിൽ നിന്ന്
ബ്ലാക്ക് & വൈറ്റിൽ
ചലനചിത്രത്തിലേത്പോലെ
ഓർമ്മകളുടെ ഇറക്കവലിവ്.

ഒഴുക്കേറും ജലോപരിതം,
മുറിഞ്ഞ ചാന്ദ്രചാരുതപോലെ
ചെറുവഞ്ചി കുതിക്കുന്നെതിരെ.
രണ്ടു പേരുണ്ടതിൽ,
അണിയത്തുമമരത്തുമായി.

മെരുങ്ങാത്തയേതോ ആദിമ-
മൃഗത്തിൻ നിഴൽപോലെ മരവഞ്ചി.
അമരത്ത്, കുട്ടിത്തം വിടാത്തൊരുവൻ.
നേർത്ത പിച്ചളച്ചുറ്റിട്ട പങ്കായത്തിനാൽ
ജലത്തെ കുത്തിപ്പിളർത്തി
മുകളിലേക്കുയർത്തുന്നു നുരമാലകൾ

ഉപ്പുകാറ്റിൻ ഗതിവേഗമളന്ന്
നിശ്ശബ്ദ ജലപ്രവാഹത്തിലേക്ക്
പ്രതീക്ഷകളുടെചുറ്റു-
കളഴിഞ്ഞെട്ടുമുഴം വീശുവല.
വായുവിൽ, ജലഗതിയിൽ
വർത്തുളം തീർത്തെറിയു-
ന്നണിയത്തെയാൾ.

സ്വപ്‌നജാലത്തിൻ കൺകെട്ടിൽ.
കൗമാരകൈയ്യിൽ തെറ്റുന്നമരം;
ഒറ്റത്തെറിയുടെ ചാട്ട മൂളുന്നമരത്ത്.
എത്ര വേഗേനയാണ് മരമൃഗമതിൻ്റെ
വിധേയത്വത്തിലക്കടിമപ്പെടുന്നത്

വലക്കഞ്ഞാണം കുരുക്കിക്കെട്ടിയ
വഞ്ചിപ്പടിയിൽ നിന്നുമയാൾ
ദീർഘശ്വാസമുള്ളിലേയ്ക്കെടുത്ത്
ജലവേധിയായൊരസ്‌ത്രമായി
അഗാധതയിലേക്ക് പരിണാമപ്പെടുന്നു.

ദീർഘനിമിഷങ്ങൾക്കിപ്പുറം
നിവർന്നു പൊങ്ങിയ കൈകളിൽ
ശ്വാസബന്ധനത്തിൻ്റെ
വിറയലുമായി ഒറ്റമീൻ
വഞ്ചിപ്പള്ളയിലേക്ക്.
കർമ്മത്താൽ ജലജന്മമായൊരു
നീർനായയെന്നോർമ്മിപ്പിക്കുന്നയാൾ.

വഞ്ചിപ്പള്ളയിൽ
ചെകിളപ്പൂവുകൾ വിടർത്തി
നിറയെ മീനുകൾ,
ശ്വാസഗതിയേറിയും കുറഞ്ഞും
പ്രാണനെയിറുകേ ചേർക്കാനുള്ള
ആക്രാന്തപ്പിടച്ചിലുകൾ.

വിറഭരിതമായൊരു
ഇന്നലെകളിലേയ്ക്ക്
ക്യാമറയുടെ ക്ലോസപ്പ് ഷോട്ട്.

വഞ്ചിപള്ള പോലൊരു കിടക്ക,
നിറയെ ചെമന്ന
ചെകിളപ്പൂവുകൾ വിടർന്ന
ശരീരവുമായൊരാൾ.

വെള്ളത്തിനു മുകളിലെ
മീമ്പെടച്ചിലുകൾ
ആഴങ്ങളിലച്ഛൻ്റെ
നെഞ്ചകം തകരുന്ന
കമ്പനങ്ങളായിരുന്നോ?

അsപടലം പ്രകമ്പിതമാവുന്നല്ലോ;
വെളളത്തിൻ്റെ ഉടഞ്ഞ കണ്ണാടിച്ചില്ലുകളിൽ
ചിതറിപ്പിടയുകയാണാകാശവും ഞാനും.

ഓർമ്മകളുടെ കായലിൽ നിന്ന്
ഇനിയും മെരുക്കാനാവാത്ത
ഈ വഞ്ചി എങ്ങനെ
ഞാൻ കരയിലേയ്ക്കടുപ്പിക്കും.!

***

കവിപരിചയം :

വിനോദ്കുമാർ കടമക്കുടി

എറണാകുളം ജില്ലയിൽ കടമക്കുടി എന്ന ദ്വീപിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ പങ്കുവയ്ക്കാറുണ്ട്. ചില വാരികകളിലും, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No Comments yet!

Your Email address will not be published.