Skip to main content

ചിന്ന ചിന്ന ആസൈ

വര്‍ഷ വാസുദേവിന്റെ ആദ്യ ചിത്രമായ ചിന്ന ചിന്ന ആസൈ മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയെ ക്യാമറാകണ്ണിലൂടെ ഒപ്പിയെടുക്കാനുള്ള പരിശ്രമമാണ്. അതിലവര്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഞാനീ ലേഖനം തുടങ്ങട്ടെ. ഭാരതത്തിലെ അതിപ്രാചീന നഗരങ്ങളിലൊന്നായ വാരണാസിയുടെ പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ അര്‍ഥം തേടുകയാണ് സിനിമ. പ്രാഥമികമായി രണ്ടു വ്യക്തികളുടെ കൂടിച്ചേരലിന്റെ കഥയാണ് സിനിമ പറയുന്നതെങ്കിലും സിനിമ മുന്നോട്ട് പോകുന്നത് ജീവിതമെന്ന പ്രഹേളികയെ അനാവരണം ചെയ്യാനാണ്.പകല്‍ മുഴുവന്‍ ഓടിത്തളര്‍ന്ന് നിശബ്ദമായ വാരണാസി രാത്രികളില്‍ ഹിമവാന്റെ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞു അനക്കമറ്റുകിടക്കുന്ന ബോട്ടുകളും വള്ളങ്ങളും മരണത്തെ ആഘോഷിക്കുന്ന വാരണാസിയുടെ അടയാളമായും ഉയര്‍ന്നും താഴ്ന്നും തുടരുന്ന മനുഷ്യജീവിതത്തിന്റെ അടയാളമായും വായിക്കാവുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ തുടര്‍ച്ചയായി വരുന്നുണ്ട്. വാരണാസിയുടെ സ്വാഭാവികമായ തിരക്കുകളും ബഹളങ്ങളും കൃത്യമായി മറച്ചുവെച്ചാണ് സംവിധായിക സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. സിനിമ നമ്മെ അനുഭവിപ്പിക്കുന്ന വൈകാരികതകളെ ഒരൊറ്റ അപസ്വരം കൊണ്ടുപോലും ഇല്ലാതാക്കാന്‍ സംവിധായിക ആഗ്രഹിക്കുന്നില്ല. മരണത്തിന്റെ തണുപ്പും നിശബ്ദതയും ജീവിതത്തിന്റെ ചൂടും ഉണര്‍വ്വും കാണികളിലേക്ക് പകരാന്‍ ഈ സിനിമയിലെ ഓരോ ഫ്രെയിമിനും കഴിയുന്നുണ്ട്. സിനിമയുടെ കഥയ്ക്കും സംവിധായിക സൃഷ്ടിക്കുന്ന ഫ്രെയിമുകള്‍ക്കും അപ്പുറത്തേക്ക് പടര്‍ന്നു പന്തലിക്കാന്‍ ഇന്ദ്രന്‍സിനും മധുഷാക്കും കഴിഞ്ഞിട്ടുണ്ട്. സ്വപ്നതുല്യമായ നിമിഷങ്ങളുടെ അതീന്ദ്രിയപരതയെ അഭിനയിപ്പിച്ച് ഫലിപ്പിക്കുകയെന്നത് എത്രയും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒന്ന് പാളിയാല്‍ കൈവിട്ടുപോകുന്ന രംഗങ്ങള്‍ അത്രയ്ക്കും തന്മയത്വത്തോടെ അഭിനയിപ്പിച്ച് ഫലിപ്പിച്ച ഇന്ദ്രന്‍സും മധുഷായും തന്നെയാണ് ഈ സിനിമയെ കാഴ്ചക്കാരുടെ ഹൃദയത്തില്‍ ഉറപ്പിക്കുന്നത്. സംവിധായിക ആഗ്രഹിച്ചതിനും അപ്പുറത്തേക്ക് കഥയേയും കഥാപാത്രങ്ങളേയും കൊണ്ടുപോകാന്‍ ഇന്ദ്രന്‍സിന്റെയും മധുഷായുടേയും അഭിനയത്തിന് കഴിഞ്ഞിട്ടുണ്ട്.

WOW Cinemas

ആഗ്രഹിക്കുന്ന ഒരു ജീവിതത്തിലേക്ക് നമ്മള്‍ എത്തിച്ചേരുമ്പോള്‍ അതിനി ഒരു നിമിഷത്തേക്ക് മാത്രമായുസുള്ളതാണെങ്കില്‍ പോലും നമ്മളത് ആഘോഷിക്കുമല്ലോ. അത്തരമൊരു ആഘോഷമാണീ സിനിമ. അപരിചിതത്വം നല്‍കുന്ന പേടികള്‍, അസ്വസ്ഥതകള്‍, അതുണ്ടാക്കുന്ന അവ്യക്തകള്‍, മെല്ലെമെല്ലെ അതിനെയൊക്കെ മറികടന്നുകൊണ്ട് ഹൃദയങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന കൊച്ചുകൊച്ചു സന്തോഷങ്ങള്‍ വേവലാതികള്‍ ആശങ്കകള്‍ ഒക്കെയാണീ സിനിമ. തിരക്കുള്ള ഒരു ലോകത്തില്‍ സംസാരിക്കാനോ ആരെയും കേള്‍ക്കാനോ സമയമില്ലാതെ ഓടുന്ന മനുഷ്യരോട് ഒരല്‍പ്പം ശാന്തരായിരുന്നു സംസാരിക്കൂ എന്നാണ് സിനിമ പറയുന്നത്. കാഴ്ചകള്‍ മാത്രമല്ല കൊച്ചുകൊച്ചു സംഭാഷണങ്ങള്‍ കൂടിയാണീ സിനിമ.
തീര്‍ത്തും അപരിചിതരായ രണ്ടുപേര്‍ വാരാണസിയില്‍ വെച്ച് കണ്ടു മുട്ടുകയും പരസ്പരം തിരിച്ചറിയുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ ഒറ്റ വരിയില്‍ പറഞ്ഞാല്‍. രണ്ടു പേരുടെയും മനസ്സുകളിലെ ശൂന്യതകളിലേക്ക് അവര്‍ പോലുമറിയാതെ പരസ്പരം കടന്നുകയറി ആ ശൂന്യതകളെ വൈകാരികമായി നിറയ്ക്കുന്നതിന്റെ മാധുര്യമാണ് സിനിമ കാണികള്‍ക്ക് നല്‍കുന്നത്. സ്‌നേഹവും കരുതലും എങ്ങനെയാണ് ആളുകളുടെ ശൂന്യമായ കണ്ണുകളില്‍ തിളക്കത്തെ തിരിച്ചുകൊണ്ടുവരുന്നത്, ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ പതിന്മടങ്ങ് കൂട്ടുന്നത് എന്നൊക്കെയാണ് സിനിമ പറയുന്നത്.

ചില ആളുകള്‍, ചില സംഭവങ്ങള്‍, ചില നിമിഷങ്ങള്‍, ചില വാക്കുകള്‍ നമ്മളെത്തന്നെ മാറ്റിത്തീര്‍ക്കുന്നതോ പുതുക്കിപ്പണിയുന്നതോ ആയി തോന്നാറില്ലേ. ചിലതിലൂടെ കടന്നുപോയാല്‍ പിന്നെ നമുക്ക് പഴയ വ്യക്തിത്വത്തിലേക്ക് തിരിച്ചുപോകുക എളുപ്പമല്ല. നമ്മളെത്തന്നെ നഷ്ടപ്പെടുന്ന ഒരതീന്ദ്രിയമായ അനുഭൂതിയാണ് ഈ സിനിമ സമ്മാനിക്കുന്നത്. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യരായി നമ്മള്‍ ജീവിക്കണം എന്നൊരു ചിന്ത നമ്മുടെ ഉള്ളില്‍ മൊട്ടിടും. വാരണാസിയിലെ ഒരു ചായക്കടക്കാരന്‍ എന്താണ് തന്റെ ജീവിതമെന്ന് പറയുന്ന ഒരു രംഗമുണ്ട് സിനിമയില്‍. രാത്രിയും നിലാവും ഗംഗയുടെ തണുപ്പും ഇളം കാറ്റും പിന്നെ എന്റെ കയ്യിലെ ഈ ചാരായവും ആണെന്റെ ജീവിതമെന്ന് പറയുമ്പോള്‍ ചാരായത്തെ നമ്മള്‍ തേടുന്ന സന്തോഷവും സുഖവുമായി കരുതിയാല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക മാത്രമാണ് ജീവിതമെന്ന വലിയ സത്യമാണ് ചായക്കടക്കാരന്‍ നമ്മളോട് പങ്കുവയ്ക്കുന്നത്.

ഏതാനും മിനുട്ടുകള്‍ മാത്രം സിനിമയിലുള്ള വിഷ്ണു അഗസ്ത്യ അസാധ്യമായ അഭിനയ ശേഷിയിലൂടെ കാണികളില്‍ കണ്ണീര്‍ പടര്‍ത്തുന്നുണ്ട്. പേരില്ലാത്ത ആ കഥാപാത്രത്തിന്റെ വേദന സാര്‍വ്വലൌകീകമായ മനുഷ്യാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. നമുക്ക് വേണ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോഴുള്ള വേദന അത് വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ പറഞ്ഞറിയിക്കാന്‍ കഴിയില്ല എന്നാണ് ആ കഥാപാത്രം സൂചിപ്പിക്കുന്നത്. വാരണാസിയില്‍ ഒരു ചൊല്ലുണ്ട്. അവിടെ വന്നവര്‍ മടങ്ങുമ്പോള്‍ അവര്‍ക്ക് ഏറ്റവും പ്രീയപ്പെട്ട എന്തെങ്കിലും അവിടെ ഉപേക്ഷിച്ചു മടങ്ങുമെന്ന്. ഒരാള്‍ക്ക് ഏറ്റവും പ്രീയപ്പെട്ടത് അവരുടെ ഈഗോ അല്ലാതെ മറ്റെന്താണ്. നിര്‍ത്താതെ കത്തുന്ന ചിതകളുടെ ചൂടില്‍ പൊട്ടിയമരുന്ന അസ്ഥികളുടെ ശബ്ദം ജീവിതത്തിന്റെ നശ്വരതയെ കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ നമ്മെ അനുഭവിപ്പിക്കുമ്പോള്‍ വാരണാസി വിട്ട് തിരികെപോകുമ്പോള്‍ നമ്മുടെ അഹങ്കാരമല്ലാതെ മറ്റെന്താണ് നമുക്കവിടെ ഉപേക്ഷിക്കാന്‍ പ്രീയതരമായുള്ളത്.

രണ്ടു പേര്‍ക്കിടയിലെ സ്‌നേഹവും സൌഹൃദവും കരുതലും കരുണയും സിനിമയില്‍ പൂത്തുവിടരുമ്പോഴും നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെ ക്രൌര്യതകളിലേക്കും സിനിമ പോകുന്നുണ്ട്. ക്യാമറ, സംഗീതം, സംവിധാനം, സംഭാഷണം, അഭിനയം ഒക്കെ ഒന്നിനൊന്നു പരസ്പരപൂരിതമായി നില്‍ക്കുന്ന ചിന്ന ചിന്ന ആസൈ ഒരു മികച്ച സിനിമാനുഭാവമാണ്. വലിയ ബഹളങ്ങളൊന്നുമില്ലാതെ, അവരവരിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്നീ സിനിമയിലുണ്ട്. മനസ്സിന്റെ താളം തെറ്റുക എന്നൊരു പ്രയോഗം മലയാളത്തിലുണ്ടല്ലോ. സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിന്റെ താളം തെറ്റുകയല്ല തെറ്റിക്കുകയാണ് പലപ്പോഴും സംഭവിക്കുന്നതെന്ന് കാണാം. നമുക്ക് ചുറ്റുമുള്ളവര്‍ നമ്മളെ തിരിച്ചറിയാതെ പോകുകയും അവരില്‍ നിന്നും നമുക്ക് ശാന്തിയും സമാധാനവും കിട്ടാതെ പോകുകയും ചെയ്യുമ്പോഴാണ് ഒരാളുടെ മനസ്സ് അയാള്‍ക്ക് കൈവിട്ടുപോകുന്നത്. ഭ്രാന്തുള്ളവരും കൂടി ചേര്‍ന്നതായിരുന്നു നമ്മുടെ കുടുംബങ്ങള്‍. ഭ്രാന്തന്മാരെ പ്രത്യേകം അടച്ചുപൂട്ടി കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് ആധുനീക മനുഷ്യരുടെ ഒരു വൈകൃതമാണെന്ന് ഫൂക്കോ പറയുമ്പോള്‍ അന്യരെ മനസിലാക്കാനുള്ള നമ്മുടെ മടിയുടെ പാരമ്യത്തില്‍ അവര്‍ക്കിവിടെ ജീവിക്കാനുള്ള അവകാശം പോലുമില്ലെന്ന് നമ്മള്‍ പറയുമ്പോഴാണ് ഭ്രാന്താശുപത്രിയും പൌരത്വ ക്ലിനിക്കുകളും വരുന്നത്. നായികയുടെ ശൂന്യമായ കണ്ണുകള്‍, ദൂരേക്ക് ലക്ഷ്യമില്ലാതെ നോക്കുന്ന കണ്ണുകള്‍, ഒന്നും സംസരിക്കാനില്ലാതെ ചലനമറ്റ നാവ്, എങ്ങോട്ടും പോകാനില്ലാതെ നിശ്ചലമായ കാലുകള്‍ സിനിമ മുന്നോട്ട് പോക പോകെ അവരുടെ കണ്ണുകള്‍ തിളക്കമുള്ളതും, നാവുകള്‍ അവരുടെ ഓര്‍മ്മകളെ പിഴുതെടുത്ത് കൊണ്ടുവരികയും, കൂടുതല്‍ ഇടങ്ങളിലേക്ക് എത്താനുള്ള ആഗ്രഹത്തോടെ അവരുടെ കാലുകള്‍ ചലിക്കുകയും ചെയ്യുമ്പോള്‍ ഓര്‍ക്കുക അവരെ തിരിച്ചറിയുന്ന അവരോട് ഐക്യപ്പെടുന്ന അവര്‍ക്ക് അവരായി ജീവിക്കാന്‍ കഴിയുന്ന ഒരിടം അവര്‍ക്ക് മുന്‍പില്‍ ഉണ്ടാകുന്നു എന്നാണ്. നമുക്ക് നമ്മളായി ജീവിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭ്രാന്ത് പോലും നമ്മളെ വിട്ട് പോകും. മനസ്സ് സൌഖ്യം കൊണ്ട് നിറയും. ഭ്രാന്ത് വിടരുമ്പോള്‍ ശൂന്യമാകുന്ന കണ്ണുകളില്‍ സൌഖ്യം വിരിയിക്കുന്ന മഴവില്ലുകളെയാണ് ചിന്ന ചിന്ന ആസൈ സ്‌ക്രീനില്‍ കാണിച്ചു തരുന്നത്.

Director Varsha Vasudev on what went into the making of her debut movie, 'Chinna  Chinna Aasai' - The Hindu
വര്‍ഷ വാസുദേവ് – സംവിധായിക

ആദ്യമായി സ്റ്റേജില്‍ കയറുമ്പോള്‍ ആളുകള്‍ക്ക് ഉണ്ടാകുന്ന പേടിയോ ഇടര്‍ച്ചയോ വര്‍ഷ വാസുദേവില്‍ കാണുന്നില്ല. സിനിമയ്ക്കുള്ളില്‍ കാണികള്‍ അനുഭവിക്കുന്ന സൌഖ്യം സംവിധായികയുടെ കരവിരുതിന്റെ കൂടി സാക്ഷ്യമാണ്. എക്കാലവും ഓര്‍ത്ത് വയ്ക്കാന്‍ കഴിയുന്ന മികച്ച സിനിമാനുഭാവമാണ് വര്‍ഷ വാസുദേവ് നമുക്ക് നല്‍കുന്നത്. കഥാപാത്രത്തിന്റെ വൈകാരികമായ മാറ്റങ്ങളെ ഏറ്റവും സൂക്ഷ്മ ചലനങ്ങളിലൂടെ കാണികളിലേക്ക് പകരാന്‍ മധുഷാക്ക് കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി അടക്കിപ്പിടിച്ച ശരീര ചലനങ്ങളെ അവയുണ്ടാക്കുന്ന വൈകാരിക വിക്ഷോഭങ്ങളെ രാത്രിയുടെ നിശബ്ദതയില്‍ ഗംഗാനദിയുടെ തീരത്തെ തണുത്തുറഞ്ഞ സ്‌നാനഘട്ടിന്റെ തറയില്‍ വിമോചിപ്പിക്കുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ആ സമയത്ത് അവര്‍ അനുഭവിക്കുന്ന സന്തോഷവും ആഹ്ലാദവും ഏതെങ്കിലുമൊക്കെ രീതിയില്‍ നമ്മളില്‍ ഉണ്ടാകുമ്പോഴാണ് ഭ്രാന്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കാതെ നമുക്ക് ജീവിക്കാന്‍ കഴിയുന്നത്. മലയാളിയുടെ സവര്‍ണ്ണമായ ശരീരബോധം കൊണ്ട് സൃഷ്ടിച്ച അഴകളവുകള്‍ക്ക് പുറത്തിരുത്തിയ ഇന്ദ്രന്‍സ് ആകാശം മുട്ടുന്ന തനിക്ക് ചുറ്റുമുള്ള ലോകത്തിനു മുഴുവന്‍ സ്‌നേഹവും കരുതലും വൈകാരികത്തണലും കൊടുക്കുന്ന ഒരു വന്മരമായി ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. യാഥാര്‍ത്ഥ്യവും ഭാവനയും വേര്‍തിരിക്കാന്‍ കഴിയാത്ത ഒരു ഭാവലോകത്തെയാണ് സിനിമയില്‍ വര്‍ഷ വാസുദേവ് സാധ്യമാക്കിയിരിക്കുന്നത്. ജാഫര്‍ സാദിഖ് അഭിനയിച്ചു ഫലിപ്പിച്ച ബൊഹീമിയന്‍ ജീവിതാവസ്ഥ ഒന്നിനോടും മമതയില്ലാതെ എന്നാല്‍ എല്ലാത്തിനോടും മമതയോടെ ജീവിക്കുകയെന്ന തത്വശാസ്ത്രത്തെ വെളിപ്പെടുത്തുന്നു.

സിനിമയുടെ അന്ത്യം അങ്ങനെയായത് സംവിധായികയുടെയോ കഥാകൃത്തിന്റെയൊ ഭാവനയുടെ പരിമിതിക്കപ്പുറം നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഒരു പരിമിതിയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇത്തരം മനുഷ്യരെ എവിടെ കൊണ്ടിടും എന്നൊരു സാമൂഹ്യ അസ്തിത്വ പ്രശ്‌നമുണ്ടല്ലോ. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ജാതി സങ്കരം കൊണ്ടുവരുമെന്ന സമൂഹ്യഭീതിയിലാണ് സതി നിലനില്‍ക്കുന്നതെന്ന അംബേദ്കറുടെ യുക്തി ഇന്നും പ്രസക്തമാണ്. അസ്വസ്ഥമായ മനസ്സുകളെ സൌഖ്യത്തിലേക്ക് നയിക്കാനുള്ള ആന്തരീക ഊര്‍ജ്ജ സ്രോതസ്സുകളെ ഉണര്‍ത്താനുള്ള ദിവ്യൌഷധമാണ് ഈ സിനിമ. പകലത്തെ നിര്‍ത്താതെയുള്ള ഓട്ടം കഴിഞ്ഞ് ഗംഗാ തീരത്ത് രാത്രിയുടെ തണുപ്പില്‍ കരയോട് ചേര്‍ന്ന് കിടക്കുന്ന ഒരു വലിയ ബോട്ട് ഇടയ്ക്കിടെ സിനിമയില്‍ വരുന്നുണ്ട്. പിറ്റേന്നത്തെ ഓട്ടങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജം പുനരുല്‍പ്പാദിപ്പിക്കുന്ന ഇടവേളയാണല്ലോ ആ ബോട്ടിന് ഓരോ രാത്രിയും. നാളേയ്ക്ക് വേണ്ടി ജീവിക്കാനുള്ള ഊര്‍ജ്ജം നമുക്ക് നല്‍കുന്ന ഒരു ചെറു ഇടവേളയാണ് ചിന്ന ചിന്ന ആസൈ നല്‍കുന്നത്. സിനിമയില്‍ ഇടയ്‌ക്കൊന്ന് കണ്ടു മറയുന്ന മുക്തിഭവന്‍ ഒരു സൂചകമാണ്. മരണത്തിലൂടെ മാത്രം കണ്ടെത്താന്‍ കഴിയുന്ന അലൌകീകമായ സൌഖ്യത്തെ ജീവിക്കുമ്പോള്‍ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന വലിയ പാഠമാണ് ചിന്ന ചിന്ന ആസൈ നമുക്ക് കാണിച്ചു തരുന്നത്. നമ്മുടെ ശരീരം തന്നെ മുക്തിഭവനായി മാറ്റാന്‍ ജീവിതംകൊണ്ടു സാധിക്കും എന്നാണ് സിനിമ നമ്മളോട് പറയുന്നത്. ജീവിതത്തിന്റെ അന്ത്യത്തില്‍ സംഭവിക്കുന്നതല്ല മുക്തി ജീവിതം തന്നെ മുക്തിയായി മാറ്റണം എന്ന ഉയര്‍ന്ന മൂല്യമാണ് സിനിമ പങ്കു വയ്ക്കുന്നത്.അഹങ്കാരം വെടിയുമ്പോള്‍ നമുക്ക് ചുറ്റും ആനന്ദം നിറയും. രണ്ടു പേര്‍ ഒന്നാകുമ്പോള്‍ വാരണാസിയുടെ ചിരപുരാതന ശരീരത്തില്‍ ഉണ്ടാകുന്ന രോമാഞ്ചമാണ് ചിന്ന ചിന്ന ആസൈ. കണ്ടു തന്നെ, അതും തീയേറ്ററില്‍ തന്നെ കണ്ടാസ്വദിക്കേണ്ട സിനിമയാണിത്. ഗംഗയുടെ ആഴവും വാരണാസിയുടെ പഴമയും ജീവിതങ്ങളുടെ നശ്വരതയെ മറികടക്കുന്ന വൈകാരിക നിമിഷങ്ങളുടെ തീവ്രതയും നല്‍കാന്‍ മൊബൈലുകളുടെ കൊച്ചു സ്‌ക്രീനുകള്‍ക്കാവില്ല. ചില സിനിമകളുടെ കാണല്‍ തന്നെ രാഷ്ട്രീയമാണ്. ഇത് അത്തരമൊരു സിനിമയാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.