എന്‍. പ്രഭാകരന്‍ രചിച്ച ‘നിലാവില്‍ ഒരു വഴി’ എന്ന കഥയെ സ്വപ്നാടനസമാനമായ ഒരു രാത്രിസഞ്ചാരത്തിന്റെ വിവരണം പോലെ തോന്നുന്നുണ്ടോ? കഥയുടെ ഈ ഉപരിതലത്തിന്നടിയില്‍ നാം ജീവിക്കുന്ന ലോകത്തിലെ രാഷ്ട്രീയാധികാരത്തിന്റെ മനഃശാസ്ത്രവും മൂല്യത്തകര്‍ച്ചയും ആത്മവഞ്ചനയും എഴുതപ്പെട്ടിരിക്കുന്നു. ആഖ്യാനത്തിന്റെ തുടക്കം തന്നെ കഥയുടെ ഭാവമണ്ഡലത്തെ കുറിച്ച് മുന്നേക്കൂട്ടി അറിവു നല്‍കുന്നു.”നിലാവുള്ള രാത്രികള്‍ ഇക്കാലത്തും യാഥാര്‍ത്ഥ്യം തന്നെയാണ്. ഉണര്‍ന്നിരിക്കുന്നവരില്‍ ഒരുതരം ഉന്മാദം വിതറുന്ന”ത്. ഈ വാക്യത്തിലെ നിലാവ് പ്രകൃതിദൃശ്യമല്ലെന്നും മനുഷ്യന്റെ അബോധമനസ്സിനെ ഉണര്‍ത്തുന്നതും മറച്ചുവെച്ച ആഗ്രഹങ്ങളെയും മോഹങ്ങളെയും ഭ്രാന്തുകളെയും പുറത്തുകൊണ്ടുവരുന്ന ശക്തിയാണെന്നും പെട്ടെന്നു തന്നെ നാം ഗ്രഹിക്കുന്നു. നിലാവിന്റെ ശോഭയില്‍ കഥയില്‍ നിന്നും യുക്തിയുടെ അതിര്‍ത്തികള്‍ ലയിച്ചു മറഞ്ഞുപോകുന്നു. എങ്കിലും അതിന്റെ ഗുണസാന്നിദ്ധ്യം നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നുവരുന്ന സംഭവങ്ങളെ യാഥാര്‍ത്ഥ്യത്തിന്റെയും ഭ്രമത്തിന്റെയും ഇടയില്‍ പ്രതിഷ്ഠിക്കുന്നതിന് കഥാകാരന് ഇത് ആവശ്യമായിരുന്നു. യുക്തിയുടെ പരോക്ഷസാന്നിദ്ധ്യം ഭവധര്‍മ്മകമായി നിലകൊള്ളുന്നു.

എന്നാല്‍, താന്‍ ‘നിലാവിന്റെ ഭ്രാന്തിന്’ ഇരയായിട്ടില്ലെന്ന് ആഖ്യാതാവ് തുടക്കത്തില്‍ തന്നെ പറയുന്നു. ‘ഒരു ശരാശരി മനുഷ്യന്റെ സമചിത്തതയോടെ’ താന്‍ സംസാരിച്ചിരുന്നുവെന്നാണ് അയാള്‍ അവകാശപ്പെടുന്നത്. പക്ഷേ, ആഖ്യാനം മുന്നോട്ടു നീങ്ങുമ്പോള്‍ ഈ അവകാശവാദം പരിഹാസ്യമായി മാറുന്നുണ്ട്. കഥയുടെ ഓരോ ഘട്ടത്തിലും അയാള്‍ കൂടുതല്‍ കൂടുതല്‍ ഭ്രമത്തിന്റെയും ആത്മവഞ്ചനയുടെയും പിടിയിലാകുകയാണ്. ഭ്രമബാധിതനായ മനുഷ്യന്‍ സമചിത്തനാണെന്നു കരുതുന്ന അവസ്ഥയെ കഥാകാരന്‍ അവതരിപ്പിക്കുന്നു. സമകാലത്തെ രാഷ്ട്രീയക്കാരനെ എഴുതാന്‍ ഉതകുന്ന രൂപകമാണിത്. അബോധത്തെ കുറിച്ചുള്ള മനഃശാസ്ത്രസമീപനങ്ങളുടെ ആഖ്യാനമായി പ്രഭാകരന്‍ എഴുതിയ കഥയെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവുമാണിത്. താന്‍ സമചിത്തനാണെന്ന ആഖ്യാതാവിന്റെ വാക്കുകള്‍ സ്വന്തം ഭ്രമാവസ്ഥ മറച്ചുവയ്ക്കാനുള്ള പ്രതിരോധസംവിധാനമാകാം. ഫ്രോയ്ഡ് സൂചിപ്പിക്കുന്ന ആത്മന്യായീകരണത്തിന്റെ പ്രക്രിയ ഇവിടെ കാണാം. നിലാവിലൂടെ അയാള്‍ നടത്തുന്ന യാത്ര പുറംലോകത്തിലൂടെയുള്ള സഞ്ചാരത്തേക്കാള്‍ അബോധത്തിന്റെ ഇരുണ്ട ഇടനാഴികളിലൂടെയുള്ള യാത്രയായി മാറുന്നു. കഥയുടെ ജീവചരിത്രാത്മകസ്വഭാവവും പ്രധാനമാണ്. എന്നാല്‍, തീര്‍ത്തും ജീവചരിത്രമാണെന്നു പറയാവുന്ന ആഖ്യാനമല്ല. ജീവിതാനുഭവങ്ങളെ ഭാവനയുടെ പരീക്ഷണശാലയിലെ രാസപ്രക്രിയയിലൂടെ പരിവര്‍ത്തനത്തിനു വിധേയമാക്കിയിരിക്കുന്നു. യാഥാര്‍ത്ഥ്യവും സ്വപ്നവും, വ്യക്തിപരതയും സാമൂഹികതയും, സ്മൃതിയും പ്രതീകവും തമ്മിലുള്ള അതിര്‍ത്തികള്‍ കഥയില്‍ നിരന്തരം മാറിമറിയുന്നു.
ആഖ്യാതാവ് ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുനില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ്. കഥയുടെ തുടക്കത്തില്‍ സുഹൃത്തിനോടൊപ്പം വിജയാഹ്ളാദം പങ്കിട്ട് അയാള്‍ സുഹൃത്തിന്റെ വീട്ടിലാണ്. ആ വീടും അവിടത്തെ സംഭാഷണങ്ങളും പൂര്‍ണമായും സാധാരണജീവിതത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ്. കേടായ ടിവികള്‍ നന്നാക്കുന്ന സുഹൃത്ത് രാഷ്ട്രീയത്തിലോ സാഹിത്യത്തിലോ ശേഷികള്‍ പ്രകടിപ്പിച്ചിട്ടില്ലാത്ത’നന്മനിറഞ്ഞവ’നാണ്. അധികാരലോകത്തിന്റെ കുരുക്കുകളിലേക്കു കടന്നിട്ടില്ലാത്ത ഒരു സാധാരണമനുഷ്യന്‍. അവന്റെ ജീവിതത്തിലെ ലാളിത്യവും ആത്മശാന്തിയും ആഖ്യാതാവിനു പിന്നീടു സംഭവിക്കുന്ന മാനസികവിഘടനത്തിനു വിരുദ്ധപശ്ചാത്തലമായി മാറുന്നുണ്ട്. ആഖ്യാതാവിന്റെ ദൃഷ്ടിയില്‍ മിനിസ്‌കര്‍ട്ട് ധരിച്ച പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെടുന്ന രണ്ടു കുട്ടികളുടെ അമ്മയായ സുഹൃത്തിന്റെ സഹോദരി കാലത്തെ തകര്‍ക്കുന്ന സ്മൃതിയുടെയും ഭൂതകാലത്തിലെ പ്രണയത്തിന്റെയും സൂചനകളായി കഥയില്‍ വരുന്നു.
ആഖ്യാതാവിന്റെ നിലാവിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ രാഷ്ട്രീയജീവിതത്തിന്റെ വിവരണങ്ങളിലേക്കു കടക്കുന്നതോടെ അയാള്‍ അടിച്ചമര്‍ത്തിയിരുന്ന വികാരങ്ങളും താല്‍പ്പര്യങ്ങളും മുകളിലേക്ക് പൊന്തിവരുന്നു. ചൈനീസ് ഗാനം കഥയിലെ ആഖ്യാതാവിന്റെ ഭ്രമാത്മകമായ സ്ഥിതിയെ കാണിക്കുന്ന ആദ്യത്തെ സന്ദര്‍ഭമാണ്. ആര്‍ക്കും അറിയാത്ത ഭാഷയിലെ ഗാനം അയാള്‍ക്കു മനസ്സിലാകുന്നു. ഗാനം കേള്‍ക്കുന്ന ആഖ്യാനകാരന്‍ ഫൂക്കിയാനിലെ പഴത്തോട്ടങ്ങള്‍ വരെ കാണുന്നുണ്ട്. അയാളുടെ മനസ്സില്‍ യാഥാര്‍ത്ഥ്യത്തിന്റെ അതിരുകള്‍ ഇടിഞ്ഞു തുടങ്ങുന്നതിന്റെ സൂചനയാണിത്. കഥ രാഷ്ട്രീയത്തിന്റെ മേഖലയിലേക്ക് നിര്‍ണായകമായി പ്രവേശിക്കുന്നത് ഇതിനു ശേഷമാണ്.

ആഖ്യാതാവിന്റെ മനസ്സില്‍ നിന്നും ദാമു എന്ന രാഷ്ട്രീയക്കാരനെ വായനക്കാര്‍ പരിചയപ്പെടുന്നു. രാഷ്ട്രീയത്തിന്റെ അപചയത്തെ ദാമു പ്രതിനിധീകരിക്കുന്നു. പൊതുവഴിയിലേക്കു മതില്‍ നീക്കിക്കെട്ടുന്നവന്‍, ഭൂമിക്കച്ചവടക്കാരന്‍, ഇടനിലക്കാരന്‍, വോട്ടുബാങ്ക് മാനേജര്‍, പാര്‍ട്ടിയെ നിയന്ത്രിക്കുന്ന അദൃശ്യകേന്ദ്രം. ഗ്രാംഷിയുടെ ജൈവരാഷ്ട്രീയമനുഷ്യസങ്കല്‍പ്പനത്തിന്റെ വിചിത്രവിപരീതം പോലെ അയാള്‍. ധൈഷണികതയോ നൈതികതയോ ഇല്ല. ദാമു പൊതുവഴി കയ്യേറുന്നത് അയാളുടെ ഭൂമിയിടപാടുകളുടെ ചിത്രണം മാത്രമല്ല, പൊതുസമൂഹത്തിന്റെ വഴികള്‍ സ്വകാര്യലാഭത്തിനായി കൈയേറപ്പെടുന്നതിന്റെ രാഷ്ട്രീയരൂപകം കൂടിയാണത്. പൊതുവഴികള്‍ അടഞ്ഞു കൊണ്ടിരിക്കുന്നു. മതിലുകള്‍ പൊതുവഴിയെ അടയ്ക്കുന്നത് കഥയില്‍ പല ഭാഗങ്ങളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. പൊതുമണ്ഡലം ശുഷ്‌കമാകുന്നതിന്റെ പ്രതീകാത്മകസൂചനകള്‍ പോലെ. മനുഷ്യര്‍ക്കു സഞ്ചരിക്കാനുള്ള വഴികള്‍ ചുരുങ്ങുന്നു. കഥയിലെ വഴി ഭൗതികമായി നിലനില്‍ക്കുന്നുവെങ്കിലും അതിന്റെ അര്‍ത്ഥം നിരന്തരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ മുന്നിലുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ വഴികള്‍ അടഞ്ഞുപോകുകയാണ്. തുടക്കത്തില്‍, ദാമുവിനെ എതിര്‍ക്കണമെന്നാണ് ആഖ്യാതാവിനു തോന്നുന്നത്. പാര്‍ട്ടിയിലെ സാത്വികന്മാരുടെ പിന്തുണ കിട്ടുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ എല്ലാവരും സാത്വികര്‍ അല്ലെന്നും താമസികരോ രാജസികരോ പാര്‍ട്ടിയില്‍ കാര്യമായുണ്ടെന്നും കരുതണം. സാത്വികരോടുള്ള അടുപ്പം അയാളില്‍ മൂല്യരാഷ്ട്രീയം ഇനിയും ബാക്കിയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. കഥയുടെ തുടര്‍ച്ചയില്‍ ഈ നിലപാട് പാടേ തകരുന്നു. ആശ്രമം, യോഗിനിയമ്മ, വോട്ടുബാങ്ക്, പിയാന്ദ്രെ എന്ന ആയുധവ്യാപാരി, അധികാരബന്ധങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളിലൂടെ രാഷ്ട്രീയത്തിലെ നൈതികപതനം വിവൃതമാകുന്നു.
കുപ്പുസ്വാമിയുടെ ആശ്രമം ആത്മീയതയുടെ മുഖംമൂടിയണിഞ്ഞ ഒരു അധികാരകേന്ദ്രമാണ്. വ്യഭിചാരവും കൊലപാതകവും നടന്ന ആശ്രമത്തെ ഒരു വോട്ടുബാങ്കായി ദാമു കാണുന്നു. യോഗിനിയമ്മ ആത്മീയതയുടെ മറവില്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സാമൂഹികശക്തികളുടെ പ്രതീകമാണ്. അവളുടെ അനുഗ്രഹത്തിനു മുമ്പില്‍ ആഖ്യാതാവിനു ഭയം തോന്നുന്നു. യോഗിനിയമ്മയുടെ പിന്നാലെ നടക്കുന്ന മദ്ധ്യവയസ്‌കന്‍ കുള്ളന്‍ ആയിരിക്കുന്നുവെന്നും അയാള്‍ക്ക് നിലത്തിഴയുന്ന നീണ്ട വാല്‍ ഉണ്ടെന്നുമുള്ള വിവരണങ്ങള്‍ ആശ്രമം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിധേയന്മാരെ സൂചിപ്പിക്കുന്നു. അധികാരകേന്ദ്രങ്ങള്‍ക്കു ചുറ്റുമുള്ള മനുഷ്യര്‍ ക്രമേണ വ്യക്തിത്വം നഷ്ടപ്പെട്ട അനുബന്ധജീവികളായി മാറുന്നു. അധികാരം മനുഷ്യമനസ്സില്‍ പ്രവര്‍ത്തിക്കുന്ന രീതി ഇതാണ്. അത് ആദ്യം യാഥാര്‍ത്ഥ്യബോധത്തെ തകര്‍ക്കുന്നു.
രാഷ്ട്രീയത്തിലെ ബ്രോക്കര്‍മാര്‍, യോഗിനിയമ്മമാരുടെ അനുഗ്രഹം തേടുന്ന രാഷ്ട്രീയക്കാരന്‍, തുടര്‍ന്ന് പിയാന്ദ്രെ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നു. അമേരിക്കന്‍ ആയുധക്കമ്പനിയുടെ ഏജന്റായ അയാള്‍ ആഗോളമൂലധനശക്തിയുടെ പ്രതീകമാണ്. ആഖ്യാനകാരന്‍ കവിതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പിയാന്ദ്രെ അത് സൗഹൃദത്തോടെ അംഗീകരിക്കുന്നു. അത്യന്തം പരിഹാസജന്യമായ ദൃശ്യവിവരണമാണത്. കവിതയെ കുറിച്ചാണെങ്കിലും ആയുധവ്യാപാരിയുടെ വാക്കാണ് പ്രധാനം! ആയുധവ്യാപാരിയും കവിതയും തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഇല്ലാത്ത ലോകം! മൂലധനം കവിതയെയും സംസ്‌കാരത്തെയും കൂടി അതിന്റെ സംവിധാനത്തിലേക്കു വലിച്ചെടുത്തു നിര്‍വീര്യമാക്കുന്ന സ്ഥിതിയുണ്ട്. പിയാന്ദ്രെ ആഖ്യാതാവിനെ മതിലിനപ്പുറം കടത്തുന്നു. ഒരു ഗൂഢപദ്ധതി പൂര്‍ണ്ണമായിരിക്കുന്നുവോയെന്ന് സന്ദേഹിക്കാം! ആഗോളമൂലധനവും അഴിമതിയും ചേര്‍ന്ന് രാഷ്ട്രീയനേതാവിനെ പുതിയ വിജയത്തിന്റെ ലോകത്തേക്കു കൊണ്ടുപോകുന്നതിന്റെ ഈ ചിത്രണം അതിലളിതമായ പ്രക്രിയയായി എഴുതപ്പെട്ടിരിക്കുന്നു. തുടര്‍ന്ന്, ആഖ്യാതാവിനുണ്ടാകുന്ന മാറ്റം കൂടുതല്‍ ശ്രദ്ധിക്കണം. നേരത്തെ ദാമുവിനെ എതിര്‍ക്കാന്‍ തയ്യാറായിരുന്ന അയാള്‍ ഇപ്പോള്‍ തെങ്ങിന്‍തോപ്പ് സ്വന്തമാക്കാനുള്ള മോഹത്തില്‍ മുഴുകുന്നവനാണ്. അധികാരവും ഭൂമിയും പണവും സൗകര്യവും അടങ്ങിയ ഒരു പുതിയ സ്വപ്നം അയാളെ കീഴടക്കുന്നു. ആഗോളമൂലധനശക്തികള്‍ പുതിയ വിജയത്തിന്റെ ലോകത്തേക്കു കൊണ്ടുപോകുന്നതോടെ അയാളുടെ രാഷ്ട്രീയത്തിന്റെ അപചയം കൂടുതല്‍ നന്നായി തെളിഞ്ഞുവരുന്നു. മൂല്യങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. സ്വാര്‍ത്ഥതയുടെ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നു. അഴിമതി ആദ്യം ധാര്‍മ്മികതയുടെ തകര്‍ച്ചയായല്ല, ആത്മന്യായീകരണമായി ആരംഭിക്കുന്നു. രാഷ്ട്രീയമൂല്യങ്ങളെ എന്നപോലെ മാനുഷികമൂല്യങ്ങളും ഉപേക്ഷിക്കപ്പെടും. വേഗത്തില്‍ ഉപേക്ഷിക്കപ്പെടുന്നത് പ്രണയമാണ്. സുഹൃത്തിന്റെ സഹോദരി തുറന്നു പറയുന്നു: ”നീ എന്നെ മറക്കരുതായിരുന്നു.” പക്ഷേ ആഖ്യാനകാരന്‍ അവളെ തള്ളിമാറ്റുന്നു. പ്രണയത്തോടുള്ള പൊതുബോധത്തിന്റെ പരിഹാസം അയാള്‍ക്കു താങ്ങാനാവുന്നില്ല. ഈ പ്രണയനിഷേധം രാഷ്ട്രീയമനുഷ്യന്റെ ആത്മനിഷേധവുമാണ്. പ്രണയത്തെ നിഷേധിക്കുന്നവന്‍ അഗാധതയിലേക്ക് നിപതിക്കുന്നു. ആത്മീയവും നൈതികവുമായ തകര്‍ച്ചയാണത്. ”മരിച്ചവരുടെ ലോകത്ത് നിന്നാണ് നീ വന്നത്” എന്ന വാക്യം മൂല്യബോധം മരിച്ച ലോകത്തെയാകണം സൂചിപ്പിക്കുന്നത്.

അതിസങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ആഖ്യാനത്തിനു ശേഷം ”ഈ വഴി അത്രയും എന്നെ പിന്തുടര്‍ന്നെത്തിയ ഏതെങ്കിലും ഒരു വായനക്കാരന്‍ ഉണ്ടാകും” എന്ന വാക്യം കഥയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നു. എഴുത്തുകാരന്‍ കഥയ്ക്കുള്ളില്‍ നേരിട്ടിടപെടുന്ന ഭാഗമാണിത്. കഥാകാരന്‍ ആ വായനക്കാരന് ഒരു വത്തക്ക നല്‍കുന്നതായി എഴുതിയിരിക്കുന്നു. ഇത്രയും ഇരുട്ടിനുശേഷം കഥാകാരന് വായനക്കാര്‍ക്കു നല്‍കാനുള്ളത് ഈ വത്തക്ക മാത്രമാണ്. അതില്‍ ”സ്വര്‍ണവിത്തുകളോ അത്ഭുതങ്ങളോ ഇല്ല”; ജീവന്റെ ലളിതമായ മധുരം മാത്രം. വത്തയ്ക്ക സാഹിത്യത്തിന്റെ തന്നെ രൂപകമാകാം. സാഹിത്യം മനുഷ്യനെ രക്ഷിക്കുമെന്ന വലിയ അവകാശവാദമില്ല. മനുഷ്യന്റെ ഈ ക്ഷീണത്തിലും ചെറിയ ജീവരസം നല്‍കാന്‍ സാഹിത്യത്തിന് കഴിയും എന്ന വിശ്വാസം മാത്രമാണത്. കഥ വായനക്കാരനു നല്‍കുന്ന അനുഭവം വലിയ സിദ്ധാന്തമോ അത്ഭുതമോ അല്ല. അതീതമായ അര്‍ത്ഥങ്ങള്‍ തേടി കഥ വായിക്കുന്നവരോട് ജീവിതത്തിലേക്കു മടങ്ങിവരാന്‍ നിര്‍ദ്ദേശിക്കുന്നതുമാകാം. സാഹിതീയാഖ്യാനങ്ങള്‍ അതിഭൗതികതയിലേക്കു നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ അവയെ ജീവിതത്തിലേക്കു പുനരാനയിക്കാന്‍ ശ്രമിച്ച ഒരു തലമുറയായിരുന്നല്ലോ പ്രഭാകരന്റേത്. രാഷ്ട്രീയവും അധികാരവും മനുഷ്യനെ നൃശംസതയിലാഴ്ത്തുമ്പോള്‍ സാഹിത്യത്തിനു നല്‍കാന്‍ കഴിയുന്നത് പൂര്‍ണ്ണമോചനമല്ല, മനുഷ്യത്വത്തിന്റെ മധുരമാര്‍ന്ന ചെറിയ രുചി മാത്രം. ആധുനികാനന്തരസങ്കേതത്തെ സ്വീകരിക്കുന്ന കഥ അതിന്റെ ലളിതഭാഷ്യങ്ങളില്‍ വായിക്കണമെന്നു നിര്‍ദ്ദേശിക്കുന്നതാകാം. ഉത്തരാധുനികത ആഖ്യാനപാരമ്പര്യങ്ങളെ നിരാകരിക്കുന്നില്ല. എല്ലാം ആഖ്യാനങ്ങളാണെന്നു പറയുകയാണ് ഉത്തരാധുനികത ചെയ്തത്. അതോടൊപ്പം ബൃഹത് ആഖ്യാനങ്ങളുടെ സമഗ്രതയെ കുറിച്ചുള്ള അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്തു. സമഗ്രതയെ കുറിച്ചുള്ള ആധുനികതയുടെ ധാരണകള്‍ മിഥ്യയാണെന്നു പറഞ്ഞു. അധികാരം, മൂലധനം, രാഷ്ട്രീയം, മോചനം എന്നിങ്ങനെ വലിയ ആഖ്യാനങ്ങള്‍ക്കു ശേഷം കഥാകാരന്‍ നല്‍കുന്നത് ഒരു സാധാരണ വത്തക്കയാണ്. മനുഷ്യനെ രക്ഷിക്കുന്ന ബൃഹത്ആഖ്യാനങ്ങളിലോ മഹാപദ്ധതികളിലോ കഥാകാരന്‍ വിശ്വാസമര്‍പ്പിക്കുന്നില്ലെന്ന നിലപാടായും ഇതു വായിക്കപ്പെടുന്നു. ജീവിതത്തിന്റെ ചെറുരുചികളിലാണ് കഥാകൃത്ത് വിശ്വാസമര്‍പ്പിക്കുന്നത്. വത്തക്ക സാധാരണജീവിതത്തിന്റെ പുനരുദ്ധാരണമാണ്. അതിവായനകളിലേക്കു പോകേണ്ടതില്ല. ലളിതമായ സത്യം ഗ്രഹിക്കുക! വത്തക്ക ഭ്രമാത്മകമായ അധികാരലോകത്തിന്റെ എതിര്‍പ്രതീകവുമാകാം.







No Comments yet!