Skip to main content

ദളിത് പാന്തേഴ്‌സ് – സ്ഥാപകരുടെ പോരാട്ടങ്ങള്‍ക്കപ്പുറം

അര്‍ജുന്‍ ദാംഗ്ലെയുടെ ”ദളിത് പാന്തര്‍ : ദ ട്രൂത്ത് അണ്ടര്‍ലൈന്‍ഡ്” എന്ന പുസ്തകത്തിന്റെ വായന.

ഒരു മിന്നല്‍ പിളര്‍പ്പുപോലെ ദളിത് പാന്തേഴ്‌സ് മിന്നിമറിഞ്ഞിട്ട് അരനൂറ്റാണ്ടായിരിക്കുന്നു. എന്നിരുന്നാലും ദളിതുകളുടെ, പ്രത്യേകിച്ചും യുവാക്കളുടെ, രാഷ്ട്രീയ ഭാവനയ്ക്ക് മുകളില്‍ അതിന്നും അനതിരസാധാരണമായ ഒരു സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ദളിത് പാന്തേഴ്‌സ് എന്ന പേരു കേള്‍ക്കുമ്പോഴേ സമരവീര്യവും ധിക്കാരവും സാംസ്‌കാരിക കലാപവും ഓര്‍മ്മയിലെത്തുന്നു. തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയവാഗ്ദാനം ഓര്‍മ്മയിലെത്തുന്നു. കേവലം രണ്ടു വര്‍ഷം മാത്രമേ നിലനില്പുണ്ടായുള്ളു എങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇത്രയും ദീര്‍ഘമായ പ്രതീകശക്തി കൈവരിച്ച സംഘടനകള്‍ വിരളമാകും. ഒരു സംഘടനയെന്നതിലുപരി ഇന്ന് പാന്തേഴ്‌സ് പുനര്‍സന്ദര്‍ശനങ്ങള്‍ക്കുള്ള സാധ്യതയാണ്.

ആ സാധ്യതയിലേക്കുള്ള സുപ്രധാനമായൊരു ഇടപെടലാണ് അര്‍ജുന്‍ ദാംഗ്‌ളെയുടെ ഈ പുസ്തകം. പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മറാഠി ഭാഷയിലെ ഏറ്റവും പ്രമുഖരായ ദളിത് എഴുത്തുകാരിലൊരാളുമായ ദാംഗ്‌ളെ, പാന്തേഴ്‌സിനകത്തുനിന്നുള്ള സാക്ഷിയുടെ നിലപാടില്‍ നിന്നുകൊണ്ട് പാന്തേഴ്‌സിന്റെ ജനനവും വളര്‍ച്ചയും തകര്‍ച്ചയും വിവരിക്കുന്നു.

ജെ. വി. പവാര്‍

ഈ ഗ്രന്ഥത്തിനു പ്രേരണയായതെന്തെന്നും വ്യക്തമാണ്. അംബേദ്കറാനന്തര ദളിത് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങളിലൂടെ സ്ഥാപകാംഗങ്ങളിലൊരാളായ ജെ. വി. പവാര്‍ പാന്തേഴ്‌സിന്റെ പാരമ്പര്യത്തിന്മേല്‍ മറ്റൊരു അവകാശവാദം ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയാണ്, വലിയൊരളവില്‍, ഈ പുസ്തകം. വസ്തുതകളെ വളച്ചൊടിച്ചുവെന്നു താന്‍ കരുതുന്ന വിവരണങ്ങള്‍ തിരുത്തുകയും ചരിത്രരേഖ വീണ്ടെടുക്കുകയും ചെയ്യുകയാണ് ദാംഗ്‌ളെയുടെ ലക്ഷ്യം. ഈ രണ്ട് ആഖ്യാനങ്ങളും ഇപ്പോള്‍ ഇംഗ്ലീഷില്‍ ലഭ്യമായതോടെ, ഒരുകാലത്ത് മറാഠി വായനക്കാരില്‍ മാത്രം ഒതുങ്ങിയിരുന്ന സംവാദം വിശാലമായ വായനാലോകത്തിനായി തുറന്നിടപ്പെട്ടിരിക്കുന്നു.
ഓര്‍മ്മക്കുറിപ്പെന്ന നിലയിലും ചരിത്ര രേഖയെന്ന നിലയിലും ഈ പുസ്തകം വിജയമാണ്. വിശദാംശങ്ങളുടെ സമൃദ്ധിയോടെ, വ്യക്തിത്വങ്ങളെയും ആശയസംവാദങ്ങളെയും സംഘടനാപരമായ തീരുമാനങ്ങളെയും ആന്തരിക വൈരുദ്ധ്യങ്ങളെയും ഒരു സഹയാത്രികന്റെ സാക്ഷ്യബലത്തോടെ ഇവിടെ പുനര്‍നിമ്മിച്ചിരിക്കുന്നു. ആ കാലഘട്ടത്തെ പരിചയമില്ലാത്ത വായനക്കാര്‍ക്ക്, അംബേദ്കറാനന്തര ദളിത് രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ അദ്ധ്യായങ്ങളിലൊന്നിലേക്കുള്ള അപൂര്‍വമായൊരു പ്രവേശനകവാടമാണ് ഈ ഗ്രന്ഥം. അല്ലാത്തവര്‍ക്ക്, അസാധാരണമായ ഒരു രാഷ്ട്രീയ നിമിഷത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ത്തുന്ന സ്മൃതിഗ്രന്ഥവും.
ആ രാഷ്ട്രീയ നിമിഷത്തിന്റെ പ്രാധാന്യം പ്രത്യേകം ഊന്നിപ്പറയേണ്ടതുണ്ട്. 1972-ല്‍ മഹാരാഷ്ട്രയില്‍ ദളിത് പാന്തേഴ്‌സ് രൂപംകൊള്ളുമ്പോള്‍, അത് വെറുമൊരു പുതിയ സംഘടനയുടെ ഉദയമായിരുന്നില്ല. ഡോ. ബി. ആര്‍. അംബേദ്കറുടെ നിര്യാണശേഷം പടര്‍ന്ന രാഷ്ട്രീയ നിരാശയുടെ മണ്ണിലായിരുന്നു അതിന്റെ ജനനം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം 1957-ല്‍ രൂപംകൊണ്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിഘടനം ആ നിരാശയെ കൂടുതല്‍ ആഴത്തിലാക്കി. അതോടൊപ്പം ആധുനിക ദളിത് സാഹിത്യം സൃഷ്ടിച്ച സാംസ്‌കാരിക നവോത്ഥാനം എന്ന മറ്റൊരു ഉണര്‍വും അരങ്ങേറുന്നുണ്ടായിരുന്നു. അംബേദ്കറുടെ വിമോചനദര്‍ശനത്തില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട, അമേരിക്കയിലെ കറുത്തവര്‍ഗ്ഗ സാഹിത്യപ്രസ്ഥാനത്തില്‍നിന്ന് പ്രചോദനം നേടിയ ഒരു പുതുതലമുറ ദളിത് എഴുത്തുകാര്‍, മുന്‍കാല സാഹിത്യത്തിന്റെ പരിഷ്‌കരണവാദ ഭാഷയെ നിരാകരിച്ചു. ജീവിതാനുഭവത്തിന്റെ അഗ്‌നിയില്‍ ജന്മം കൊണ്ട, പ്രതിരോധത്തിന്റെ ഭാഷ ശ്വസിക്കുന്ന ഒരു സാഹിത്യത്തെയാണ് അവര്‍ തെരഞ്ഞെടുത്തത്.

Dadasaheb Gaikwad with Dr. Babasaheb Ambedkar
Dadasaheb Gaikwad with Dr. Babasaheb Ambedkar

അതുകൊണ്ടുതന്നെ, പ്രസ്ഥാനം തന്റെ പേരും അതിന്റെ സമരപ്രതീകങ്ങളിലേറെയും അമേരിക്കയിലെ ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയില്‍നിന്നാണ് സ്വീകരിച്ചത്. അമേരിക്കയിലെ വംശീയ വിവേചനത്തിന്റെയും ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെയും ചരിത്രങ്ങളും പശ്ചാത്തലങ്ങളും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെങ്കിലും, ഇരു പ്രസ്ഥാനങ്ങളും ഒരേ ആത്മാവിനെയാണു തൊട്ടുണര്‍ത്തിയത്. അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം. സാംസ്‌കാരിക ആത്മപ്രഖ്യാപനം. ചരിത്രം നിശ്ശബ്ദരാക്കിയ സമൂഹങ്ങളുടെ ശാക്തീകരണം. ദളിത് പാന്തേഴ്‌സ് വളരെ വേഗം മറ്റൊരു രാഷ്ട്രീയ സംഘടന എന്ന അതിരുകള്‍ മറികടന്നു. അത് ഒരു തലമുറ ദളിത് യുവാക്കളുടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു. ദളിത് സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ജീവന്‍ പകര്‍ന്നു. അപേക്ഷയുടെ ഭാഷയില്‍നിന്ന് പ്രതിരോധത്തിന്റെ ഭാഷയിലേക്ക് ദളിത് രാഷ്ട്രീയത്തെ അത് നയിച്ചു. സംഘടന ദീര്‍ഘായുസ്സുള്ളതൊന്നുമായിരുന്നില്ലെങ്കിലും അതിന്റെ രാഷ്ട്രീയ സാംസ്‌കാരിക പാരമ്പര്യം അങ്ങനെയായില്ല.

അംബേദ്കറൈറ്റ് ഭാവനയില്‍ പാന്തേഴ്‌സ് ഇത്രയേറെ പ്രതീകാത്മകമായ സ്ഥാനം കൈവരിച്ചതുകൊണ്ടാണ് ദാംഗ്‌ളെയുടെ പുസ്തകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചരിത്രസംഭവങ്ങളുടെ പുനര്‍നിര്‍മാണത്തെക്കാള്‍ വലിയ പ്രസക്തി നേടുന്നത്. പുസ്തകം, അതു നേരിട്ട് ഉന്നയിക്കുന്ന ചോദ്യങ്ങളെക്കാള്‍ വലിയൊരു ചോദ്യം അവശേഷിപ്പിക്കുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചരിത്രം അതിന്റെ നേതാക്കളുടെ വ്യക്തിത്വങ്ങളിലൂടെ മാത്രം മതിയായ രീതിയില്‍ വിശദീകരിക്കാനാകുമോ എന്നാണാ ചോദ്യം.

Setu 🌉 सेतु: Arjun Dangle in Conversation with Jaydeep Sarangi and Angana Dutta
Arjun Dangle

പുസ്തകത്തിലുടനീളം പാന്തേഴ്‌സ് അതിവേഗം ജ്വലിച്ചുയര്‍ന്നതും അതിലും വേഗത്തില്‍ തകര്‍ന്നടിഞ്ഞതും അതിന്റെ നേതാക്കളുടെ സ്വഭാവങ്ങളുമായി ചേര്‍ത്തു വച്ചിരിക്കുന്നു. അസാധാരണ പാടവവും ആകര്‍ഷണ ശക്തിയുമുള്ള യുവാക്കളാണാ പ്രസ്ഥാനം പടുത്തുയര്‍ത്തിയത്. അവരൊന്നിച്ചു നിന്ന് മഹാരാഷ്ട്രയെ ആവേശഭരിതമാക്കി. പിന്നീട് അവര്‍ക്കിടയില്‍ പരസ്പര സംശയങ്ങള്‍ പെരുകി. ഒടുവില്‍, തങ്ങള്‍ക്കൊപ്പം പ്രസ്ഥാനത്തെയും തകര്‍ച്ചയിലേക്ക് വലിച്ചിഴച്ചു.

വ്യക്തിപരമായ വൈരങ്ങളും അധികാരമത്സരങ്ങളും തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നവയാണ്. എന്നാല്‍ പാന്തേഴ്‌സിന്റെ ഉദയത്തെയോ തകര്‍ച്ചയെയോ അവകൊണ്ട് മാത്രം വിശദീകരിക്കാനാവില്ല. അംബേദ്കറാനന്തര രാഷ്ട്രീയത്തില്‍നിന്ന് പരിഹരിക്കപ്പെടാതെ കൈമാറിയ സൈദ്ധാന്തികവും സംഘടനാപരവുമായ വൈരുദ്ധ്യങ്ങളെയാണ് ഈ പ്രസ്ഥാനം പാരമ്പര്യമായി ഏറ്റുവാങ്ങിയത്. എത്ര അസാമാന്യമായ വ്യക്തിത്വങ്ങള്‍ നേതൃത്വം നല്‍കിയാലും ആ കുരുക്കുകളെ അഴിച്ചെടുക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ, ദാംഗ്‌ളെയുടെ പുസ്തകം വിലപ്പെട്ടതാകുന്നത് അത് പറയുന്ന കാര്യങ്ങള്‍കൊണ്ടു മാത്രമല്ല, അപ്രതീക്ഷിതമായി നമ്മുടെ മുന്നില്‍ തുറന്നിടുന്ന ആഴമേറിയ ചോദ്യങ്ങള്‍കൊണ്ടും കൂടിയാണ്.

* * *

ഈ വിഷയത്തോടുള്ള എന്റെ താല്‍പര്യം കേവലം അക്കാദമികമല്ല. അക്കാലത്ത് പാന്തേഴ്‌സിന്റെ പ്രധാന ആസ്ഥാനമായിരുന്ന സിദ്ധാര്‍ത്ഥ് വിഹാറിലാണ് ഞാന്‍ താമസിച്ചിരുന്നത്. പ്രസ്ഥാനം സൃഷ്ടിച്ച ആവേശം വളരെ അടുത്തുനിന്ന് കാണാന്‍ എനിക്കായി. ഈ വിവരണത്തില്‍ പ്രത്യക്ഷപ്പെടുന്ന പലരെയും നേരില്‍ പരിചയപ്പെടാനും കഴിഞ്ഞു. വിരോധാഭാസമെന്നു പറയട്ടെ, ആ പരിചയങ്ങള്‍ എന്നെ സംഘടനയില്‍ ചേരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. എങ്കിലും മഹാരാഷ്ട്ര വിട്ട് ബിഹാറിലെ ബറൗണി എണ്ണശുദ്ധീകരണശാലയിലേക്ക് പോകുന്നതുവരെ ഞാന്‍ സാമ്പത്തികമായി പാന്തേഴ്‌സിനെ പിന്തുണച്ചിരുന്നു. അതിനുശേഷവും പ്രസ്ഥാനത്തിന്റെ യാത്ര ഞാന്‍ സൂക്ഷ്മമായി പിന്തുടര്‍ന്നു. ആന്തരിക ഭിന്നതകള്‍ ക്രമേണ പിളര്‍പ്പുകളായി മാറുന്നതും, ഒടുവില്‍ അംബേദ്കറൈറ്റ് സംഘടനകളെ ദീര്‍ഘകാലമായി പിന്തുടരുന്ന പതിവ് വിഘടനത്തിലേക്ക് വഴിമാറുന്നതും നിരാശയോടെ കണ്ടുനിന്നു. അന്നൊക്കെ, അല്‍പം നിന്ദാപരമായിത്തന്നെ പാന്തേഴ്‌സിനെ ഞാന്‍ ഒരു മിന്നല്‍ പിണര്‍ കണക്കേ ക്ഷണനേരത്തേക്കു മാത്രം പ്രത്യക്ഷപ്പെടുന്നതെന്ന നിലയില്‍ തള്ളിക്കളഞ്ഞിരുന്നു. രാഷ്ട്രീയാകാശത്ത് ഒരു നിമിഷത്തേക്കൊരു വെളിച്ചം വാരി വിതറി മാഞ്ഞുപോയ മിന്നല്‍പിണര്‍. എന്നാല്‍ ചരിത്രം പാന്തേഴ്‌സിനെ വ്യത്യസ്തമായാണു വിലയിരുത്തിയത്.

അത്യന്തം സങ്കീര്‍ണമായ ഒരു സന്ധിയിലാണ് ദളിത് പാന്തേഴ്‌സിന്റെ ജനനം. അംബേദ്കറുടെ നിര്യാണത്തിനുശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വിഘടിച്ചതോടെ അംബേദ്കറൈറ്റ് ചിന്താസരണിയുടെ നേതൃത്വത്തില്‍ ഗുരുതരമായ പ്രതിസന്ധി ഉടലെടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകേണ്ടിയിരുന്ന സംഘടന, ആഭ്യന്തര വിഭാഗീയതയിലും പാര്‍ലമെന്ററി അവസരവാദത്തിലും മുങ്ങിത്താണു. പ്രസക്തി നഷ്ടപ്പെട്ടു.
വിദ്യാഭ്യാസം നേടിയ ദളിത് യുവാക്കളുടെ ഒരു തലമുറ അങ്ങനെ രാഷ്ട്രീയമായി അനാഥരായി. ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങള്‍ ഉണ്ടായിട്ടും ജാതി അതിക്രമങ്ങള്‍ക്ക് അറുതിയായില്ല. അതേസമയം ലോകമെമ്പാടും കൊളോണിയല്‍ വിരുദ്ധ സമരങ്ങളും കറുത്തവര്‍ഗ്ഗ വിമോചന പ്രസ്ഥാനങ്ങളും അറുപതുകളുടെ ഒടുവിലുണ്ടായ തീവ്ര രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രതിഷേധത്തിന്റെ ഭാഷയെ തന്നെ മാറ്റിമറിച്ചുകൊണ്ടിരുന്നു. ഈ ചരിത്രശക്തികളുടെ സംഗമത്തില്‍നിന്നാണ് ദളിത് പാന്തേഴ്‌സ് ഉയര്‍ന്നുവന്നത്. അതിന്റെ സ്ഥാപകരായ ഏതാനും വ്യക്തികളുടെ ഇച്ഛാശക്തിയില്‍നിന്ന് മാത്രം ജനിച്ച പ്രസ്ഥാനമായിരുന്നില്ല അത്.

ദളിത് പാന്തേഴ്‌സിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കാന്‍ കുറച്ചുകൂടി പുറകിലേക്കു നടക്കണം. ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ അംബേദ്കര്‍ ഒരു യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. ഏറെ പോരാടി നേടിയെടുത്ത ഭരണഘടനാപരമായ സംരക്ഷണങ്ങള്‍ പ്രധാനമായും പ്രയോജനം ചെയ്യുക വിദ്യാഭ്യാസം നേടിയ നഗരവാസികളായ ദളിതരുടെ താരതമ്യേന ചെറിയൊരു വിഭാഗത്തിനായിരിക്കും. എന്നാല്‍ ദളിതരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളിലായിരുന്നു. ഭൂമിയില്ലാത്ത കര്‍ഷികത്തൊഴിലാളികളായിരുന്നു. സാമ്പത്തിക ആശ്രിതത്വത്തിന്റെ ചങ്ങലകളില്‍ കുടുങ്ങിയവരായിരുന്നു. ഭരണഘടന വിഭാവനം ചെയ്ത തുല്യതകൊണ്ട് മാത്രം ആ ബന്ധനങ്ങള്‍ അഴിഞ്ഞുവീഴില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് അദ്ദേഹത്തെ ഭൂമിക്കുവേണ്ടിയുള്ള സമരത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പ്രാതിനിധ്യ രാഷ്ട്രീയത്തില്‍നിന്ന് ഭൗതികമായ സാമൂഹികമാറ്റത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള നിര്‍ണായക ചുവടുമാറ്റമായി അത്. പിന്നീട് അരങ്ങേറിയ ഭൂസമരങ്ങള്‍ ആ ചിന്തയുടെ തുടര്‍ച്ചയായിരുന്നു. 1953-ലെ മറാത്ത് വാഡാ സമരം അംബേദ്കറുടെ തന്നെ പ്രേരണയില്‍ ആരംഭിച്ചതാണ്. 1956-ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം ദാദാസാഹേബ് ഗെയ്ക്വാഡ് ആ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് അനുഭാവിയെന്ന് മുദ്രകുത്താന്‍ അന്നേ ശ്രമങ്ങളുണ്ടായി. പില്‍ക്കാലത്ത് നാംധേവ് ധസലിനു മീതെയും അതേ ആരോപണമുണ്ടായി. എന്നാല്‍ ആ ആരോപണങ്ങള്‍ക്കൊന്നും വഴങ്ങാതെ, കമ്മ്യൂണിസ്റ്റുകളുമായി കൈകോര്‍ത്തുകൊണ്ട് ഗെയ്ക്വാഡ് 1959-ല്‍ ചരിത്രപ്രസിദ്ധമായ ഭൂസത്യാഗ്രഹത്തിന് നേതൃത്വം നല്‍കി. ഒടുവില്‍ സര്‍ക്കാരിനെ സുപ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാക്കി.

Buy Dalit Panther । Arjun Dangle । दलित पँथर ...

ആ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമായില്ല. അതോടെ സമരം കൂടുതല്‍ വ്യാപിച്ചു. 1964-65-ല്‍ അത് രാജ്യവ്യാപക സത്യാഗ്രഹമായി വളര്‍ന്നു. ഭരണഘടനാപരമായ അവകാശവാദങ്ങളില്‍ മാത്രം ഒതുങ്ങാത്ത, ഭൂമി, ഉപജീവനം എന്നിവയെ കേന്ദ്രീകരിച്ചാല്‍, ദളിത് രാഷ്ട്രീയം എത്ര വിപുലമായ ജനകീയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ആ സമരം തെളിയിച്ചു. അതു കോണ്‍ഗ്രസിനെ ഭയപ്പെടുത്തി. അതിന്റെ മറുപടി നേരിട്ടുള്ള അടിച്ചമര്‍ത്തലായിരുന്നില്ല. സ്വാംശീകരണമായിരുന്നു. സ്വതന്ത്ര ദളിത് രാഷ്ട്രീയത്തിന്റെ സ്ഥാപനപരമായ അടിത്തറകളെ പതുക്കെ സ്വാംശീകരിച്ച് ദുര്‍ബലമാക്കുകയും ഒടുവില്‍ ശിഥിലമാക്കുകയും ചെയ്യുന്ന ഒരു തന്ത്രം.
അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ഒരു അടിസ്ഥാന സംഘര്‍ഷത്തെ അവ വെളിച്ചത്തുകൊണ്ടുവരുന്നു എന്നതിനാല്‍ ഈ സമരങ്ങള്‍ ഇന്നും പ്രസക്തമാണ്. ദളിത് രാഷ്ട്രീയം ഭൂമി, തൊഴില്‍, സമ്പത്തിന്റെ പുനര്‍വിതരണം എന്നിവയിലേക്കു തിരിഞ്ഞ ഓരോ ഘട്ടത്തിലും അതിന് വിശാലമായ സാമൂഹിക മാനങ്ങള്‍ കൈവന്നു. അടിച്ചമര്‍ത്തപ്പെട്ട വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പുതിയ ഐക്യങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതകളും അത് തുറന്നുകൊടുത്തു. എന്നാല്‍ അത്തരം സാമ്പത്തിക സമരങ്ങളെ അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ ഉള്ളില്‍ത്തന്നെയുള്ളവരില്‍ പലരും പലപ്പോഴും സംശയത്തോടെയാണ് വീക്ഷിച്ചത്. അത് കമ്മ്യൂണിസ്റ്റുകളുടെ ഭൂമികയാണ്, ദളിത് രാഷ്ട്രീയത്തിന്റെതല്ല എന്നായിരുന്നു അവരുടെ വീക്ഷണം. ക്രമേണ, അന്തസ്സിനും സ്വാഭിമാനത്തിനും വേണ്ടിയുള്ള രാഷ്ട്രീയം, ഭൗതികമായ സാമൂഹിക പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയത്തെ മറയ്ക്കാന്‍ തുടങ്ങി.

Articles By Rahul Kosambi | The Wire: The Wire News India, Latest News,News from India, Politics, External Affairs, Science, Economics, Gender and Culture
Rahul Kosambi

ഈ സന്ദര്‍ഭത്തില്‍ പുസ്തകത്തില്‍ (പേജ് 231) ഉദ്ധരിക്കുന്ന രാഹുല്‍ കോസാംബിയുടെ നിരീക്ഷണം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. സ്റ്റോക്ലി കാര്‍മൈക്കലിന്റെ നേതൃത്വകാലത്തിനുശേഷം ഒരു ദശാബ്ദത്തിനുള്ളില്‍ ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിക്ക് അതിന്റെ സമരക്ഷമതയുടെ വലിയൊരു ഭാഗം നഷ്ടപ്പെട്ടുവെന്നാണ് കോസാംബി ചൂണ്ടിക്കാണിക്കുന്നത്. ആ താരതമ്യം അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. എങ്കിലും അത് നമ്മെ ഒരു പ്രധാന സത്യത്തിലേക്കാണ് നയിക്കുന്നുണ്ട്. വിഭാഗീയതയും ആശയജഡതയും ഒരു പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെ വിഴുങ്ങിത്തുടങ്ങുമ്പോള്‍, അതിന്റെ പരിവര്‍ത്തനശേഷി ക്രമേണ ക്ഷയിച്ചുപോകും എന്നാണത്.

Stokely Carmichael | Biography, Civil Rights Movement, Black Power ...
Stokely Carmichael

ദളിത് പാന്തേഴ്‌സ് എന്നത് ആ വലയത്തെ ഭേദിച്ചിറങ്ങാനുള്ള ശക്തമായ ശ്രമമായിരുന്നു. അപമാനത്തെക്കുറിച്ചും അന്തസ്സിനെക്കുറിച്ചും മാത്രമല്ല അവര്‍ സംസാരിച്ചത്, ചൂഷണത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും കൂടിയാണ്. ഭരണഘടന അനുവദിച്ച ഇടത്തിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതിനെക്കുറിച്ചല്ല സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്നതിനെക്കുറിച്ചായിരുന്നു അവരുടെ സ്വപ്നം. അവരുടെ ഭാഷ അപേക്ഷയുടേതായിരുന്നില്ല. ഏറ്റുമുട്ടലിന്റേതായിരുന്നു. യാചനയുടേതായിരുന്നില്ല. പ്രതിരോധത്തിന്റേതായിരുന്നു.
ഹൃസ്വകാലത്തേക്കെങ്കിലും, അംബേദ്കറുടെ നിര്യാണത്തിനുശേഷം ദളിത് രാഷ്ട്രീയം അതിനെ തളച്ചിട്ടിരുന്ന ഇടുങ്ങിയ വലയത്തില്‍നിന്നതിനു പുറത്തേക്കു കടക്കാന്‍ കഴിയുമെന്ന തോന്നലുണ്ടാക്കി. പാന്തേഴ്‌സിന്റെ മാനിഫസ്റ്റൊ അതിന്റെ ബൗദ്ധിക ധീരതകൊണ്ട് ശ്രദ്ധേയമായിരുന്നു. ‘ദളിത്’ എന്ന ആശയത്തെ അത് വിപുലീകരിച്ചു. ജാതിയാലും വര്‍ഗ്ഗത്താലും അധികാരബന്ധങ്ങളാലും ചൂഷണം ചെയ്യപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും ആ നിര്‍വചനത്തിനുള്ളില്‍ ഉള്‍പ്പെടുത്തി. അംബേദ്കറുടെ ചിന്തയും മാര്‍ക്‌സിസവും ജാതിവിരുദ്ധ തീവ്രരാഷ്ട്രീയവും മൂന്നാംലോക വിമോചനസമരങ്ങളും അതില്‍ പരസ്പരം ഒന്നുചേര്‍ന്നു. വിമോചനത്തിന്റെ അംബേദ്കറൈറ്റ് കാതല്‍ ഉപേക്ഷിക്കാതെ അതിന്റെ പരമ്പരാഗത രാഷ്ട്രീയ പരിമിതികള്‍ അതിജീവിക്കാനുള്ള ശ്രമമായിരുന്നു അത്. പുതിയൊരു ചരിത്രസന്ധിക്കനുസരിച്ച് ദളിത് രാഷ്ട്രീയത്തെ പുനര്‍വിചിന്തനം ചെയ്യാനുള്ള ആദ്യത്തെ ഗൗരവപൂര്‍ണ സംരംഭം.

ആ സംരംഭം പൂര്‍ത്തിയായില്ല, തകര്‍ന്നു, എന്നത് ചരിത്ര സത്യം. അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം വ്യക്തികളുടെ സ്വഭാവത്തിലോ പരസ്പരബന്ധങ്ങളിലോ മാത്രം തളച്ചിടാനാകുന്നതല്ല. അതിലൊതുക്കാവുന്നതല്ല.

* * *

For Dhasal | Beyond Business - Expert Views - Business Standard
Namdeo dhasal

പ്രസ്ഥാനത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള ദാംഗ്‌ളെയുടെ വിവരണം പ്രധാനമായും രാജാ ധാലെയുടെയും നാംദേവ് ധസലിന്റെയും വ്യക്തിത്വങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അഹങ്കാരം. പരസ്പര അവിശ്വാസം. സ്വേച്ഛാധിപത്യ പ്രവണതകള്‍ എന്നിവയിലേക്ക്. ആ വിലയിരുത്തലില്‍ സത്യത്തിന്റെ അംശമുണ്ട്.

Full article: “We stood up against the establishment”: An interview with Raja Dhale
Raja dhale

സാധനയില്‍ പ്രസിദ്ധീകരിച്ച തീക്ഷ്ണമായ ലേഖനത്തിലൂടെയാണ് രാജാ ധാലെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നത്. ദേശീയപതാകയുടെ അപമാനമെന്ന ആരോപണത്തില്‍ കത്തിപ്പൊള്ളിക്കൊണ്ടിരുന്ന സമൂഹം, ദളിത് സ്ത്രീകളുടെ അന്തസ്സ് ദിനംപ്രതി ചവിട്ടിമെതിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുന്നതിലെ കാപട്യമാണ് ആ ലേഖനം തുറന്നുകാട്ടിയത്. മറ്റൊരു ധ്രുവമായിരുന്നു നാംദേവ് ധസല്‍. തൊഴിലാളിവര്‍ഗ്ഗ ദളിതന്റെ അനുഭവങ്ങളില്‍നിന്ന് രൂപംകൊണ്ട കവിയായിരുന്നു അദ്ദേഹം. ‘ഗോല്‍പീഠ’യിലൂടെ അദ്ദേഹം മറാഠി കവിതയെ തന്നെ മാറ്റിമറിച്ചു. മുംബൈയുടെ അധോലോകത്തെ നഗ്‌നമായ യാഥാര്‍ഥ്യത്തോടെ ആവിഷ്‌കരിച്ച ആ കൃതി ആധുനിക ഇന്ത്യന്‍ കവിതയിലെ ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിന്റെ വരവറിയിച്ചു. പ്രശസ്തി ഇരുവര്‍ക്കും വളരെ പെട്ടെന്നാണ് വന്നെത്തിയത്. അത്ര വേഗത്തില്‍ കൈവന്ന അംഗീകാരം, പ്രശസ്തി, സ്വന്തം പ്രാധാന്യത്തെക്കുറിച്ച് അതിരുകടന്ന ഒരു ബോധം അവരില്‍ വളര്‍ത്തിയിരിക്കാം എന്നതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ ഈ വിശദീകരണം ചോദ്യത്തിന് ഉത്തരമാകുന്നില്ല. പകരം ചോദ്യത്തിന്റെ തീക്ഷ്ണത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സമത്വത്തിനും വിമോചനത്തിനുമായി ജനിച്ച സംഘടനകളെ വ്യക്തിത്വസംഘര്‍ഷങ്ങള്‍ ഇത്രയും കൃത്യമായി തകര്‍ത്തുകളയുന്നത് എന്തുകൊണ്ട്? ശ്രേണീബദ്ധമായ അധികാരഘടനകളെ ചോദ്യം ചെയ്യാനായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍, അതേ ശ്രേണീബദ്ധതയെ സ്വന്തം ഉള്ളില്‍ വീണ്ടും വീണ്ടും പുനരാവിഷ്‌കരിക്കുന്നത് എന്തുകൊണ്ട്?

The Cell and the Soul: A Prison Memoir: Anand Teltumbde: Bloomsbury India - Bloomsbury
Anand Teltumbde

ഉത്തരം വ്യക്തിഗത മനഃശാസ്ത്രത്തിലല്ല. നമ്മുടെ രാഷ്ട്രീയസംസ്‌കാരത്തിലാണ്. വ്യക്തികേന്ദ്രീകൃതമായ അധികാരത്തിന്റെ ഒരു ദീര്‍ഘചരിത്രമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പാരമ്പര്യം. നൂറ്റാണ്ടുകളോളം അധികാരം മുകളില്‍നിന്ന് താഴേക്കാണ് ഒഴുകിയത്. അനുസരണ താഴെനിന്ന് മുകളിലേക്കും. ജനാധിപത്യസ്ഥാപനങ്ങള്‍ ഭരണഘടനയെ മാറ്റിമറിച്ചു. പക്ഷേ തലമുറകളായി ശീലിച്ച വിധേയത്വത്തിന്റെ സംസ്‌കാരത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ അവയ്ക്കായില്ല. ജനാധിപത്യപൗരത്വം ഇന്നും ഒരു പഴയ സാമൂഹിക മനോഭാവത്തിന്റെ മീതെയാണ് പതിഞ്ഞുകിടക്കുന്നത്. ആ മനോഭാവത്തില്‍ അധികാരം ഒരു സ്ഥാപനത്തിന്റേതല്ല. വ്യക്തിയുടേതാണ്.
ഇതിനെ ‘രാജാ-പ്രജാ സിന്‍ഡ്രോം’ എന്നു വിളിക്കാം. നേതാക്കള്‍ സ്വയം ഒരു കൂട്ടായ്മയുടെ പ്രതിനിധികളാണു തങ്ങള്‍ എന്ന നിലയില്‍ കാണുന്നില്ല. പകരം ആ കൂട്ടായ്മയുടെ മൂര്‍ത്തരൂപമാണെന്നു കരുതാന്‍ തുടങ്ങുന്നു. അനുയായികളും സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തകരായി വളരുന്നില്ല. നേതാവിനോടുള്ള കൂറാണ് അവരുടെ പ്രധാന രാഷ്ട്രീയധര്‍മമായി മാറുന്നത്. സംഘടനയെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തം ക്രമേണ പിന്തള്ളപ്പെടുന്നു. പൊതുസമൂഹത്തിന്റെ ആരാധന നേതാവിന്റെ അസാധാരണത്വബോധത്തെ പോഷിപ്പിക്കുന്നു. നേതാവ് തന്റെ പ്രത്യേക അധികാരം കൂടുതല്‍ ഉറപ്പിക്കുന്നു. അനുയായികളുടെ ആശ്രിതത്വത്തിനതോടെ ആഴം വര്‍ദ്ധിക്കുന്നു. പതിയെ, സംഘടന എന്നാല്‍ ആ വ്യക്തി എന്ന നിലയുണ്ടാകുന്നു. സംഘടന വ്യക്തിയില്‍ ലയിച്ചുചേരുന്നു. നേതാവിനെ വിമര്‍ശിക്കുന്നത് പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതായി, വഞ്ചിക്കുന്നതായി കരുതപ്പെടാനാരംഭിക്കുന്നു.
ഈ പ്രതിഭാസം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആശയപരമായ അതിരുകള്‍ കടന്ന് വ്യാപിച്ചു കിടക്കുന്നുണ്ട്. ദേശീയവാദ പാര്‍ട്ടികള്‍, സോഷ്യലിസ്റ്റ് സംഘടനകള്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍, പ്രാദേശിക രാഷ്ട്രീയ മുന്നേറ്റങ്ങള്‍ എന്നിങ്ങനെ ഒന്നിനും ഇതില്‍നിന്ന് പൂര്‍ണ മോചനമില്ല. എന്നാല്‍ ആധിപത്യവര്‍ഗങ്ങളുടെ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളെയും വിമോചനപ്രസ്ഥാനങ്ങളെയും ഈ പ്രതിഭാസം ഒരേപോലെയല്ല ബാധിക്കുന്നത്.

ആധിപത്യവര്‍ഗങ്ങളുടെ സംഘടനകളെ ഒരുമിച്ചുനിര്‍ത്തുന്ന ഒരു ആന്തരിക ശക്തിയുണ്ട്. നിലവിലുള്ള സാമൂഹികക്രമം നിലനിര്‍ത്തേണ്ടതാണെന്ന ഭൗതിക താല്‍പര്യം, രക്ഷാധികാരത്തിന്റെ വലയം, ഭരണകൂടത്തിന്റെ ശക്തി, തലമുറകളായി കെട്ടിപ്പടുത്ത പ്രത്യേകാവകാശങ്ങളുടെ ശൃംഖല, എന്നിവയെല്ലാം ഒന്നു ചേര്‍ന്ന് അവയെ ഉറച്ചുപിടിപ്പിക്കുന്ന, വേറിടാതെ നിര്‍ത്തുന്ന പശയാകുന്നു. ആഭ്യന്തര വൈരങ്ങള്‍ രൂക്ഷമായാലും സംഘടന തകരാറിലാകാറില്ല. കാരണം, നേതാക്കളെക്കാള്‍, ആഴത്തില്‍ കിടക്കുന്ന പൊതുതാല്‍പര്യങ്ങളാണ് അതിന്റെ യഥാര്‍ത്ഥ അടിത്തറ. അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രസ്ഥാനങ്ങള്‍ക്ക് അത്തരമൊരു പശയില്ല. അവയുടെ ഐക്യം സ്വയം രൂപപ്പെടുകയില്ല. ജനാധിപത്യപരമായ സംഘടനാരൂപങ്ങള്‍കൊണ്ടും വ്യക്തമായ ആശയദിശകൊണ്ടും പങ്കിട്ട രാഷ്ട്രീയലക്ഷ്യങ്ങള്‍കൊണ്ടും അതിനെ ബോധപൂര്‍വം നിര്‍മ്മിക്കേണ്ടിവരും. ഈ അടിത്തറകള്‍ ദുര്‍ബലമാകുമ്പോള്‍ വ്യക്തിപരമായ വൈരങ്ങള്‍ പെട്ടെന്നുതന്നെ സംഘടനാപരമായ പ്രതിസന്ധികളായി മാറുന്നു. നേതൃത്വം വ്യക്തികേന്ദ്രീകൃതമാകുന്നു. വിഭാഗീയത പടരുന്നു. വിഘടനം ഒരു ആകസ്മിക അപകടമല്ലാതാകുന്നു. സംഘടനയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഘടനാപരമായ പ്രവണതയായി അത് രൂപംകൊള്ളുന്നു.
ഈ വെളിച്ചത്തില്‍ നോക്കുമ്പോള്‍, ദളിത് പാന്തേഴ്‌സിന്റെ പ്രതിസന്ധി അടിസ്ഥാനപരമായി രാജാ ധാലെയെയോ നാംദേവ് ധസലിനെയോ കുറിച്ചുള്ളതായിരുന്നില്ല. അവര്‍ വേദിയില്‍ നിന്ന കഥാപാത്രങ്ങള്‍ മാത്രമായിരുന്നു. തിരശ്ശീലയ്ക്കു പിന്നില്‍ നടന്നുകൊണ്ടിരുന്നത് അതിലും ആഴമുള്ള ഒരു ഘടനാപരമായ നാടകമായിരുന്നു. എത്ര അസാധാരണമായ വ്യക്തിത്വങ്ങളായിരുന്നാലും, എത്ര അപൂര്‍വമായ പ്രതിഭയുണ്ടായിരുന്നാലും, ആ നാടകം മാറ്റിയെഴുതാന്‍ അവര്‍ക്കൊറ്റയ്ക്കാകുമായിരുന്നില്ല.

* * *

ആ നാടകത്തിന് മറ്റൊരു വശവുമുണ്ടായിരുന്നു. അതും അത്രതന്നെ പ്രാധാന്യമുള്ളത്. ഈ പുസ്തകം ആ പ്രശ്‌നത്തെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ അതിനെ നേരിട്ട് അഭിമുഖീകരിക്കുന്നില്ല. അംബേദ്കറാനന്തര രാഷ്ട്രീയത്തില്‍ അംബേദ്കറിനുള്ള വിചിത്രവും സങ്കീര്‍ണവുമായ സ്ഥാനമാണ് അത്.
അംബേദ്കറൈറ്റ് പ്രസ്ഥാനത്തിലെ മിക്കവാറും എല്ലാ നിര്‍ണായക പിളര്‍പ്പുകളും അംബേദ്കറോടുള്ള വിശ്വസ്തതയുടെ പേരിലാണ് ന്യായീകരിക്കപ്പെട്ടത്. ബി. സി. കാംബ്ലെയും ദാദാസാഹേബ് ഗെയ്ക്വാഡും തമ്മിലുള്ള സംഘര്‍ഷം, കമ്മ്യൂണിസ്റ്റ് സ്വാധീനത്തില്‍നിന്ന് അംബേദ്കറുടെ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. ഒരു തലമുറയ്ക്കുശേഷം ധാലെയും ധസലും തമ്മിലുണ്ടായ സംഘര്‍ഷവും ഏതാണ്ട് അതേ ഭാഷയിലാണ് വിശദീകരിക്കപ്പെട്ടത്.

ഈ മാതൃക ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ വിഭാഗീയ തര്‍ക്കവും ഒരു ദാര്‍ശനിക തര്‍ക്കമായി മാറുന്നു. അംബേദ്കറുടെ ചിന്തയുടെ യഥാര്‍ത്ഥ അവകാശി ആരാണ് എന്ന ചോദ്യമാണ് എല്ലാറ്റിനെയും വിഴുങ്ങുന്നത്. ആദ്യത്തില്‍ സംഘര്‍ഷത്തിന് കാരണമായിരുന്ന രാഷ്ട്രീയപ്രശ്‌നം ക്രമേണ പുറകിലേക്ക് നീങ്ങുന്നു. അതിന്റെ സ്ഥാനത്ത് ആശയശുദ്ധിയെക്കുറിച്ചുള്ള പരസ്പര അവകാശവാദങ്ങള്‍ കടന്നുവരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനുവേണ്ടി നിലകൊള്ളുന്ന രണ്ട് പാരമ്പര്യങ്ങള്‍, അംബേദ്കറൈറ്റ് ചിന്തയും മാര്‍ക്‌സിസ്റ്റ് ചിന്തയും, അവയുടെ ലക്ഷ്യങ്ങള്‍ എത്രത്തോളം പരസ്പരപൂരകമാണെന്നും അവയുടെ പൊതുശത്രു എത്ര വ്യക്തമായി തിരിച്ചറിയാവുന്നതാണെന്നും നമുക്കറിയാമെങ്കിലും, പരസ്പരവിരുദ്ധങ്ങളായി അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം അംബേദ്കറുടെ ബൗദ്ധിക പാരമ്പര്യത്തെ അടച്ചുപൂട്ടപ്പെട്ട ഒരു ആശയസംഹിതയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രശ്‌നത്തിന്റെ വേരുകള്‍. അംബേദ്കര്‍ ഒരു സമ്പൂര്‍ണ സിദ്ധാന്തഗ്രന്ഥം എഴുതിവെച്ചിട്ടില്ല. അദ്ദേഹത്തിന്റേതായി അങ്ങനെയൊരു ക്ലിപ്ത സിദ്ധാന്ത സമ്പൂര്‍ണ്ണതയുമില്ല. ചരിത്രം മാറുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ ചിന്തയും മാറിക്കൊണ്ടിരുന്നു. അദ്ദേഹത്തെ ഉദാരവാദത്തിന്റെ ചട്ടക്കൂട്ടിലും ഫേബിയന്‍ സോഷ്യലിസത്തിലും ഭരണഘടനാവാദത്തിലും ബുദ്ധദര്‍ശനത്തിലും പ്രായോഗികതത്വചിന്തയിലുമെല്ലാം സ്ഥാപിക്കാന്‍ പണ്ഡിതര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിശേഷണങ്ങളൊന്നും അദ്ദേഹത്തിന്റെ ബൗദ്ധികലോകത്തിന്റെ വിശാലതയെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നില്ല. അദ്ദേഹത്തിന്റെ രചനകളെ പരസ്പരം ബന്ധിപ്പിച്ചിരുന്നത് ഒരു സിദ്ധാന്തത്തോടുള്ള അന്ധമായ കൂറായിരുന്നില്ല, മറിച്ച്, നിരന്തരമായ വിമര്‍ശനാത്മക അന്വേഷണം തന്നെയായിരുന്നു.

ജോണ്‍ ഡ്യൂവിയുടെ പ്രായോഗികതത്ത്വചിന്ത അംബേദ്കറുടെ ബൗദ്ധിക ലോകത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ചരിത്രത്തിന്റെ അനിവാര്യഗതിയെ മുന്‍കൂട്ടി വെളിപ്പെടുത്താമെന്ന് അവകാശപ്പെടുന്ന മഹാസിദ്ധാന്തങ്ങളെയും, തെളിവുകള്‍ക്കതീതമായ പരമസത്യങ്ങളെയും അദ്ദേഹം നിരാകരിച്ചു. ഒരു ആശയത്തിന്റെ മൂല്യം അതിന്റെ പ്രായോഗിക ഫലങ്ങളാലാണ് അദ്ദേഹം അളന്നത്. അനുഭവങ്ങള്‍ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍, സാമൂഹിക സ്ഥാപനങ്ങളെയും രാഷ്ട്രീയ ക്രമങ്ങളെയും പുനഃപരിശോധിക്കാനും മാറ്റിയെഴുതാനും അദ്ദേഹം മടിച്ചില്ല. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും അദ്ദേഹത്തിന് അചഞ്ചലമായ ധാര്‍മ്മിക പ്രതിബദ്ധതകളായിരുന്നു. എന്നാല്‍ അവ സാക്ഷാത്കരിക്കാന്‍ വേണ്ട സ്ഥാപനരൂപങ്ങള്‍ക്ക് ഒരിക്കലും അന്തിമമായില്ല. അവ തിരുത്തപ്പെടേണ്ടതും പരീക്ഷിക്കപ്പെടേണ്ടതും പുനര്‍നിര്‍മ്മിക്കപ്പെടേണ്ടതുമുണ്ട്. അംബേദ്കര്‍ നമുക്കു കൈമാറിയത് ഒരു പൂര്‍ത്തിയായ സിദ്ധാന്തഗ്രന്ഥമായിരുന്നില്ല. അന്വേഷണത്തിന്റെ ഒരു രീതിയായിരുന്നു. ജനാധിപത്യത്തിന്റെ ഒരു മനോഭാവമായിരുന്നു. ധാര്‍മ്മിക ദിശാബോധമായിരുന്നു. താന്‍ ഒരിക്കലും നേരിടാത്ത ചരിത്രസാഹചര്യങ്ങളില്‍ യാന്ത്രികമായി പ്രയോഗിക്കേണ്ട ഒരു മാനിഫസ്റ്റോയല്ല അത്.

സ്വന്തം പാരമ്പര്യത്തെ മതഗ്രന്ഥമെന്നതുപോലെ ക്ലിപ്തമാക്കി ഉപയോഗിക്കപ്പെടുന്നതിലെ അപകടം അംബേദ്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു. റാനഡെ, ഗാന്ധി ആന്‍ഡ് ജിന്ന എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം നായകപൂജയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഹാനായ ഒരു ചിന്തകനെ പിന്തുടരുക എന്നത്, അദ്ദേഹം പറഞ്ഞ ഓരോ നിഗമനവും ശാശ്വതസത്യമാണെന്ന് അംഗീകരിക്കലല്ലെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ഓരോ തലമുറയും മുന്‍തലമുറയുടെ നേട്ടങ്ങളെ ഏറ്റുവാങ്ങുന്നത് അവയെ അതേപടി വിശുദ്ധമാക്കി സൂക്ഷിക്കാനല്ല. അതിനെ അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ്.

ഫേബിയന്‍ പാരമ്പര്യത്തില്‍നിന്ന് അദ്ദേഹം സ്വീകരിച്ച വിദ്യാഭ്യാസം നേടുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക എന്ന മുദ്രാവാക്യം അത്തരം ബൗദ്ധിക സ്വാതന്ത്ര്യത്തെ തന്നെയാണ് കണക്കിലെടുത്തിരുന്നത്. വിദ്യാഭ്യാസം എന്നത് വിമര്‍ശനബുദ്ധിയെ വളര്‍ത്തലാണ്, വിധേയരായ ശിഷ്യരെ സൃഷ്ടിക്കലല്ല. പ്രക്ഷോഭം എന്നത് അനീതിയെ ചോദ്യം ചെയ്യലാണ്, പാരമ്പര്യമായി കിട്ടിയ സൂത്രവാക്യങ്ങള്‍ ആവര്‍ത്തിക്കലല്ല. സംഘടന എന്നത് ബോധവല്‍ക്കരിക്കപ്പെട്ട പൗരന്മാരുടെ കൂട്ടായ പ്രവര്‍ത്തനമാണ്, വ്യക്തിപൂജയോ വ്യക്തി പ്രഭാവമുള്ള നേതാവിനോടുള്ള അനുസരണമോ അല്ല. ഇതിലെ വിരോധാഭാസം അതീവ മൂര്‍ച്ചയുള്ളതാണ്. അംബേദ്കറോടുള്ള സമ്പൂര്‍ണ വിശ്വസ്തത പ്രഖ്യാപിക്കുന്നവരില്‍ പലരും, ജനാധിപത്യവുമായി പൊരുത്തപ്പെടാത്തതും അംബേദ്കര്‍ ശക്തമായി എതിര്‍ത്തതുമായ അതേ നായകപൂജ തന്നെയാണ് പലപ്പോഴും ആചരിക്കുന്നത്. ഓരോ സമകാലിക പ്രശ്‌നത്തിന്റെയും അവസാന വാക്കായി അംബേദ്കറെ എടുത്തു കാണിക്കുന്ന നിമിഷം, രാഷ്ട്രീയം പിന്നോട്ടു മാറുന്നു. പകരം ഗ്രന്ഥവ്യാഖ്യാനങ്ങള്‍ കടന്നുവരുന്നു.
ഇന്നത്തെ സാഹചര്യങ്ങള്‍ എന്താണ് ആവശ്യപ്പെടുന്നതെന്ന് ചോദിക്കുന്നതിനുപകരം, അംബേദ്കര്‍ തന്റെ മരണശേഷം പതിറ്റാണ്ടുകള്‍ക്കിപ്പുറം ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളെക്കുറിച്ച് എന്ത് പറഞ്ഞേനെയെന്ന് സംഘടനകള്‍ അന്വേഷിക്കുന്നു. സമകാലിക രാഷ്ട്രീയവിധിനിര്‍ണയം, ഭൂതകാലഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തെ ആശ്രയിച്ച തടവുകാരനാകുന്നു. അംബേദ്കര്‍ സ്വയം ജീവിതത്തിലുടനീളം അഭ്യസിക്കുകയും തന്റെ അനുയായികളില്‍നിന്ന് ആവശ്യപ്പെടുകയും ചെയ്ത സ്വതന്ത്രമായ വിമര്‍ശനബുദ്ധി, ക്രമേണ പിന്നോട്ടു നീങ്ങുന്നു. അതിന്റെ സ്ഥാനത്ത് ആശയശുദ്ധിയുടെ ഏകാധിപത്യാവകാശത്തിനുവേണ്ടിയുള്ള മത്സരമാണ് കടന്നുവരുന്നത്.
ദളിത് രാഷ്ട്രീയം അതിന്റെ പരിവര്‍ത്തനശേഷി വീണ്ടെടുക്കണമെങ്കില്‍, സ്വയം തീര്‍ത്ത ആശയബന്ധനങ്ങളില്‍നിന്ന് മോചിതമാകേണ്ടതുണ്ട്. സിദ്ധാന്തമായി ഉറച്ചുപോയ അംബേദ്കറിസത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയേണ്ടതുണ്ട്. അംബേദ്കറോടുള്ള ഏറ്റവും വലിയ ആദരവ് അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ആവര്‍ത്തിക്കുന്നതിലല്ല. നിര്‍ഭയമായി ചിന്തിക്കുക, വിട്ടുവീഴ്ചയില്ലാതെ ചോദ്യം ചെയ്യുക, സ്വന്തം കാലത്തിന്റെ വെല്ലുവിളികള്‍ക്ക് സര്‍ഗാത്മകമായി മറുപടി നല്‍കുക, എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ അന്വേഷണരീതിയെ പിന്തുടരുന്നതിലാണ്. അങ്ങനെയാകുമ്പോഴേ അദ്ദേഹത്തെ പിന്തുടരുകയാകുകയുള്ളൂ.

ഇന്ന് ദളിത് രാഷ്ട്രീയം നേരിടുന്നത് അംബേദ്കര്‍ ജീവിച്ച ലോകത്തെയല്ല. ആഗോളവത്കരിക്കപ്പെട്ട മുതലാളിത്തം, ഡിജിറ്റല്‍ നിരീക്ഷണസംവിധാനങ്ങള്‍, കൃത്രിമബുദ്ധി, യന്ത്രവല്‍ക്കരണത്തിന്റെ പുതിയ ഘട്ടങ്ങള്‍, പാരിസ്ഥിതിക പ്രതിസന്ധി, നവഉദാര സമ്പദ് വ്യവസ്ഥയുടെ ഉള്ളില്‍ രൂപംകൊണ്ടുകൊണ്ടിരിക്കുന്ന ജാതിയുടെ പുതിയ ഘടനകള്‍ എന്നിങ്ങനെ പലതും ജനാധിപത്യസമരത്തിന്റെ ഭൂപടം അടിമുടി മാറ്റിമറിച്ചിരിക്കുന്നു. അമ്പതുകളുടെ കാലത്ത് ജീവിച്ചിരുന്ന ഒരു രാഷ്ട്രീയചിന്തകനും ഈ രൂപാന്തരങ്ങളെ പൂര്‍ണമായി മുന്‍കൂട്ടി കാണാനാകുമായിരുന്നില്ല.
അതുകൊണ്ട് അംബേദ്കറുടെ പ്രസക്തി ഈ പുതിയ യാഥാര്‍ഥ്യങ്ങള്‍ക്കുള്ള തയ്യാറായ ഉത്തരങ്ങള്‍ നല്‍കുന്നതിലല്ല, അവയെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചതിലാണ്; ബൗദ്ധിക ധൈര്യത്തോടെ, അനുഭവാധിഷ്ഠിത അന്വേഷണത്തോടെ, ജനാധിപത്യഭാവനയുടെ വിശാലതയോടെ. അതുകൊണ്ടുതന്നെ അംബേദ്കറോട് വിശ്വസ്തരായി തുടരുക എന്നത്, സിദ്ധാന്തമെന്ന നിലയില്‍ മരവിച്ചിരിക്കുന്ന അംബേദ്കറിസത്തെ അതിജീവിക്കാനുള്ള സന്നദ്ധത കൂടിയാണ്. അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവ് വീണ്ടും അതുതന്നെ, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ തന്നെ, ആവര്‍ത്തിക്കുകയല്ല. പകരം അദ്ദേഹത്തിന്റെ രീതിയെ പിന്തുടരുക, നിര്‍ഭയമായി ചിന്തിക്കുക, നിരന്തരം ചോദ്യം ചെയ്യുക, സ്വന്തം കാലത്തിന്റെ വെല്ലുവിളികള്‍ക്ക് സൃഷ്ടിപരമായ ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതാണ്.

ഈ വീക്ഷണത്തില്‍നിന്ന് നോക്കുമ്പോള്‍, അംബേദ്കറാനന്തര സംഘടനകളുടെ ആവര്‍ത്തിച്ചുള്ള വിഘടനങ്ങളുടെ കാരണം കൂടുതല്‍ വ്യക്തമാകുന്നു. വ്യക്തിപരമായ വൈരങ്ങള്‍ അവയില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല. പക്ഷേ അവ വിനാശകരമായ ശക്തി കൈവരിക്കുന്നത് മറ്റുചില കാരണങ്ങള്‍കൊണ്ടാണ്. ജനാധിപത്യപരമായ സംഘടനാരൂപങ്ങള്‍ വേണ്ടത്ര വളര്‍ന്നിട്ടില്ലാത്തതുകൊണ്ടും ആശയപരമായ സംവാദങ്ങള്‍ വീണ്ടും വീണ്ടും ആശയശുദ്ധിയെക്കുറിച്ചുള്ള തര്‍ക്കങ്ങളായി ചുരുങ്ങിപ്പോകുന്നതുകൊണ്ടുമാണ്. രാഷ്ട്രീയ സാധുത സമകാലിക യാഥാര്‍ഥ്യത്തെ വിശകലനം ചെയ്യാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള കഴിവില്‍ നിന്നല്ലാതെ അധികാരത്തോടുള്ള അടുപ്പത്തില്‍ നിന്ന് അളക്കപ്പെടുന്നതുകൊണ്ടാണ്.
അതിനാല്‍ ഈ പ്രതിസന്ധി അടിസ്ഥാനപരമായി ഏതാനും വ്യക്തികളുടെ പ്രശ്‌നമല്ല. അത് രാഷ്ട്രീയസിദ്ധാന്തത്തിന്റേതാണ്. സംഘടനാരൂപത്തിന്റെ പ്രതിസന്ധിയാണ്. ജനാധിപത്യസംസ്‌കാരത്തിന്റെ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി പാന്തേഴ്‌സ് സൃഷ്ടിച്ചതല്ല. അതിനെ അവര്‍ പാരമ്പര്യമായി ഏറ്റുവാങ്ങുകയായിരുന്നു. അസാധാരണമായ ഊര്‍ജവും ഭാവനയുമുണ്ടായിരുന്നിട്ടും അതിനെ അതിജീവിക്കാന്‍ അവര്‍ക്കായില്ല.

* * *

No photo description available.
Maya Pandit

ഈ വീക്ഷണത്തില്‍നിന്നു നോക്കുമ്പോഴാണ് ദളിത് പാന്തേഴ്‌സിന്റെ ദുരന്തം അതിന്റെ യഥാര്‍ഥ അളവില്‍ തെളിഞ്ഞുവരുന്നത്. അസാധാരണമായ കഴിവുള്ള ഏതാനും വ്യക്തികള്‍ തമ്മില്‍ കലഹിച്ചതുകൊണ്ടല്ല ആ പ്രസ്ഥാനം പരാജയപ്പെട്ടത്. തങ്ങള്‍ പാരമ്പര്യമായി ഏറ്റുവാങ്ങിയ സൈദ്ധാന്തികവും സംഘടനാപരവുമായ വൈരുദ്ധ്യങ്ങളെ പൂര്‍ണമായി പരിഹരിക്കാതെ ഒരു വിപ്ലവരാഷ്ട്രീയം പടുത്തുയര്‍ത്താന്‍ അവര്‍ ശ്രമിച്ചതുകൊണ്ടാണത് ഇടറിപ്പോയത്. അംബേദ്കറിനുശേഷം ദളിത് രാഷ്ട്രീയത്തെ പുനര്‍വിചിന്തനം ചെയ്യാനുള്ള ഏറ്റവും ധീരമായ സംരംഭങ്ങളിലൊന്നായിരുന്നു പാന്തേഴ്‌സിന്റെ മാനിഫസ്റ്റൊ. എന്നാല്‍ ആശയങ്ങളുടെ ധീരത മാത്രം മതിയാകില്ല. അവയ്ക്ക് ജീവന്‍ നല്‍കുന്ന സംഘടനാരൂപങ്ങളും ആവശ്യമാണ്. വ്യക്തിപ്രഭാവം കലാപത്തിന് തീകൊളുത്താന്‍ സഹായിച്ചേക്കും. എന്നാല്‍ ജനാധിപത്യസ്ഥാപനങ്ങളുടെ പകരമാകില്ലത്. ക്രോധം അടിച്ചമര്‍ത്തപ്പെട്ടവരെ അണിനിരത്തും. പക്ഷേ ഒരു രാഷ്ട്രീയപദ്ധതിയെ ദീര്‍ഘകാലം മുന്നോട്ടുകൊണ്ടുപോകാന്‍ അതു മാത്രം മതിയാകില്ല.

പാന്തേഴ്‌സ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ കൃത്യമായിരുന്നു. ജാതിയെയും വര്‍ഗ്ഗത്തെയും കുറിച്ചെങ്ങനെ, ഒന്നിനെ മറ്റൊന്നിന് കീഴ്‌പ്പെടുത്താതെ, ഒന്നിച്ചു ചിന്തിക്കാം? തീവ്രസമരത്തെയും ജനാധിപത്യസംഘടനയെയും എങ്ങനെ യോജിപ്പിക്കാം? ജാതിയടിച്ചമര്‍ത്തലിനെതിരെ എന്ന പ്രത്യേകത നഷ്ടപ്പെടുത്താതെ, വിശാലമായ വിമോചനരാഷ്ട്രീയത്തിന്റെ കേന്ദ്രമായി എങ്ങനെ വളരാം? രാഷ്ട്രീയ സ്വാതന്ത്ര്യം കൈവിടാതെ എങ്ങനെ സഖ്യങ്ങള്‍ രൂപപ്പെടുത്താം? അവര്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷേ ഉത്തരങ്ങള്‍ കണ്ടെത്തിയില്ല. ഇന്നും അവയ്ക്ക് പൂര്‍ണമായ ഉത്തരങ്ങളില്ല. സമകാലിക ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ജനാധിപത്യപ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്താന്‍ നടത്തുന്ന എല്ലാ ഗൗരവപൂര്‍ണ ശ്രമങ്ങളെയും ഈ ചോദ്യങ്ങള്‍ ഇന്നും പിന്തുടരുന്നു.
ദാംഗ്‌ളെയുടെ പുസ്തകം ഏറ്റവും അപൂര്‍ണമാകുന്നത് ഇവിടെയാണ്. പ്രശ്‌നം അടിസ്ഥാനപരമായി ഘടനാപരമായിരുന്നിട്ടും വിശദീകരണം വ്യക്തികളില്‍ കേന്ദ്രീകരിച്ചുതന്നെ തുടരുന്നു. വ്യക്തിപരമായ വൈരങ്ങള്‍ തകര്‍ച്ചയെ വേഗത്തിലാക്കിയെന്നത് സത്യമാണ്. എന്നാല്‍ ആ തകര്‍ച്ചയെ ഇത്രയേറെ അനിവാര്യമാക്കിയ സാഹചര്യങ്ങള്‍, ധാലെയും ധസലും കണ്ടുമുട്ടുന്നതിനും ഏറെ മുമ്പ് അംബേദ്കറാനന്തര രാഷ്ട്രീയത്തിന്റെ ഉള്ളില്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. അതുകൊണ്ട് കൂടുതല്‍ സമഗ്രമായ ഒരു വിലയിരുത്തല്‍ ആവശ്യമാണ്. ജീവചരിത്രങ്ങളില്‍നിന്ന് രാഷ്ട്രീയസിദ്ധാന്തത്തിലേക്കുള്ള ഒരു യാത്ര ആവശ്യമാണ്. നേതാക്കളുടെ മനഃശാസ്ത്രത്തില്‍നിന്ന് പ്രസ്ഥാനങ്ങളുടെ സാമൂഹികശാസ്ത്രത്തിലേക്കുള്ള ഒരു നീക്കം ആവശ്യമാണ്. സംഘടനയുടെ ചരിത്രത്തില്‍നിന്ന് ആ പാരമ്പര്യത്തിന്റെ പരിഹരിക്കപ്പെടാത്ത അടിസ്ഥാനപ്രശ്‌നങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്.

വിരോധാഭാസമെന്നു പറയട്ടെ, ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തിയും ഇവിടെയാണ്. അരനൂറ്റാണ്ടായി അടഞ്ഞുകിടന്ന വിവാദങ്ങള്‍ വീണ്ടും തുറക്കുന്നതിനിടെ, അതിലും വലിയ ചില ചോദ്യങ്ങള്‍ക്കാണ് അത് അബദ്ധത്തില്‍ വാതില്‍ തുറക്കുന്നത്. വളരെക്കാലമായി നാം ചോദിക്കാതെ മാറ്റിവെച്ചിരുന്നവ.
അംബേദ്കറാനന്തര രാഷ്ട്രീയം എന്തുകൊണ്ടാണ് ദീര്‍ഘായുസ്സുള്ള ജനാധിപത്യസംഘടനകള്‍ പടുത്തുയര്‍ത്തുന്നതില്‍ വീണ്ടും വീണ്ടും പരാജയപ്പെടുന്നത്? ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ എന്തുകൊണ്ടാണ് ഇത്രയും കൃത്യമായി സംഘടനാപിളര്‍പ്പുകളിലേക്കു വഴിമാറുന്നത്? അംബേദ്കറുടെ ജീവിതം മാതൃകയാക്കിയ വിമര്‍ശനാത്മക ചിന്തയെ മാറ്റിനിര്‍ത്തി, അദ്ദേഹത്തോടുള്ള വിശ്വസ്തതയുടെ ഭാഷ എന്തുകൊണ്ടാണ് ഇത്രയേറെ പ്രബലമായത്? ഒരുകാലത്ത് പാന്തേഴ്‌സിനെ ഒരു പുതിയ ചരിത്രത്തിന്റെ ഉദയസൂചനയായി തോന്നിപ്പിച്ച ആ ബൗദ്ധിക വിശാലതയും സംഘടനാപരമായ സര്‍ഗാത്മകതയും സാമൂഹിക പരിവര്‍ത്തനത്തിനുള്ള ധീരമായ അഭിലാഷവും ദളിത് രാഷ്ട്രീയത്തിനെങ്ങനെ വീണ്ടെടുക്കാനാകും? ഈ ചോദ്യങ്ങള്‍ ഇന്നും ഉത്തരമില്ലാതെ കിടക്കുന്നു എന്നതിലേറെ അവയില്‍ പലതും ഇന്നുവരെ യഥാര്‍ത്ഥത്തില്‍ ചോദിക്കപ്പെട്ടിട്ടുപോലുമില്ല. അതുപോലെതന്നെ, പാന്തേഴ്‌സ് എന്ന പദ്ധതിയും അതിന്റെ ഏറ്റവും ആഴമുള്ള അര്‍ത്ഥത്തില്‍ ഇന്നും അപൂര്‍ണമാണ്. ദളിത് പാന്തേഴ്‌സിന്റെ പാരമ്പര്യം അതിന്റെ സംഘടനാജീവിതത്തിന്റെ ഹ്രസ്വതയിലല്ല. സ്ഥാപകരെ ചുറ്റിപ്പറ്റിയ തര്‍ക്കങ്ങളുടെ ദീര്‍ഘായുസ്സിലുമല്ല.ഒരു നിമിഷത്തേക്കെങ്കിലും അത് നമ്മുടെ മുന്നില്‍ തുറന്നുകാട്ടിയ ചരിത്രചക്രവാളത്തിലാണ്. അന്തസ്സിനെയും ഭൗതിക വിമോചനത്തെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചൊരു രാഷ്ട്രീയം. ജാതിനിര്‍മാര്‍ജനത്തെയും വിശാലമായ സാമൂഹിക പരിവര്‍ത്തനത്തെയും കൂട്ടിയിണക്കാന്‍ ശ്രമിച്ചൊരു രാഷ്ട്രീയം. അംബേദ്കറുടെ ജനാധിപത്യപരമായ തീവ്രദര്‍ശനത്തെയും ലോകത്തെ എല്ലാ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പോരാട്ടങ്ങളെയും പരസ്പരം സംഭാഷണത്തിലിരുത്താന്‍ ശ്രമിച്ചൊരു രാഷ്ട്രീയം.

ആ ചക്രവാളം ഇന്നും ദൂരെയാണ്. ദാംഗ്‌ളെയുടെ ഈ പുസ്തകം ഒരു പുതിയ തലമുറയെ പാന്തേഴ്‌സിന്റെ ചരിത്രം വീണ്ടും വായിക്കാന്‍ മാത്രമല്ല, അവര്‍ നമുക്കു കൈമാറിപ്പോയ, ഇന്നും പൂര്‍ത്തിയാകാത്ത സൈദ്ധാന്തികവും സംഘടനാപരവുമായ ചോദ്യങ്ങളിലേക്കും വീണ്ടും തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍, സ്ഥാപകരുടെ പരസ്പരതര്‍ക്കങ്ങള്‍ക്കൊരു തീര്‍പ്പുകല്‍പ്പിക്കുന്നതിനെക്കാള്‍ എത്രയോ വലിയൊരു ദൗത്യമാണ് അത് നിര്‍വഹിച്ചിട്ടുണ്ടാവുക. കാരണം, ഏറ്റവും പ്രധാനപ്പെട്ട ചരിത്രം എഴുതിക്കഴിഞ്ഞതല്ല, ഇനിയും എഴുതപ്പെടാനിരിക്കുന്നതാണ്.

(എഴുത്തുകാരനും പൗരാവകാശ പ്രവര്‍ത്തകനുമാണ് ആനന്ദ് ടെല്‍തുംബ്ദെ )

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.