Skip to main content

ഷാപ്പളിയൻസ്

യുദ്ധക്കൊമ്പുകളുമായി
കോർക്കുന്നരാഷ്ട്രങ്ങളേക്കാൾ
പവിത്രവും പരിശുദ്ധവുമാണ്
ഒരു മദ്യഷാപ്പ്.

ആയുധങ്ങളുടെ
ഭ്രാന്തൻമൂർച്ചയ്ക്കു മേൽ
രണ്ടു തുള്ളിയിറ്റിക്കുക.
അയഞ്ഞയഞ്ഞവ കുഴയട്ടെ.
രക്തമൂർഛകളിൽ
ഉദ്ധരിക്കാതിരിക്കട്ടെ!

കോപം കടിച്ചമർത്തി
തികട്ടിയും ഇറുമ്മിയും
സഹിക്കുന്നതിനേക്കാൾ
എത്രയെളുപ്പമാണ്
ഒരു പൈന്റടിച്ച്
സാധാരണീകരിക്കൽ.

ആയുധപ്പുരകളെല്ലാം
മദ്യഷാപ്പുകളാക്കി മാറ്റുക.
മിസൈലുകളിൽ
വെടിമരുന്നിനു പകരം
ലഹരിമരുന്നു മതി.
പെഗാസസ്ക്കൊതികളിൽ
ഒരു പെഗ്ഗൊഴിക്കൂ.

ആറ്റംബോംബിൽ
നാലുപെഗ്ഗൊഴിക്കുക.
അടിച്ചുപൂസായി
നിർവീര്യമാകട്ടെ.
ബോംബുവർജനമാദ്യം.

അഗ്നിപർവ്വതം പോലെയാണ് ചിലർ
കോപത്തിന്റെ വെടിയുപ്പുനിറച്ചവർ.
എരിയുന്ന ലാവയ്ക്കു മേൽ
പച്ചമദ്യമൊഴിക്കുക.
ഫയർ എഞ്ചിനിൽ
ഒരു ബിവറേജ് ഷാപ്പ്
നിറച്ചാൽ പോരളിയാ.

ഉപ്പിന്റെ ചാക്കുഭാരങ്ങളും പേറി
കടൽ
തിരകളായ് തിളയ്ക്കുന്നു.
തിരകൾക്കെന്ത് ക്ഷമാപർവ്വം?
ദൂരെ, മാനത്ത്
ഭാരരഹിതമായിപ്പറക്കുന്ന
മേഘലഹരികൾ.
കടൽ ഫിറ്റായപ്പോഴാകണം
മേഘങ്ങൾ പൊന്തിപ്പുറപ്പെട്ടത്.

അറുബോറൻ യുദ്ധലോകത്തെ
നന്നാക്കുന്നതിനേക്കാൾ ഭേദം
സ്വയം നന്നാകാതിരിക്കലാണ്
കാമ്യവും കമനീയവും.
നട്ടെല്ല് , മദ്യഷാപ്പിൽ
ഇത്തിരിനേരം പണയംവയ്ക്കുക.

കൂഴച്ചക്കയ്ക്കെന്ത് നട്ടെല്ല്?
കൊഴകൊഴാ കൊയഞ്ഞും
കുഴകുഴാ കുയഞ്ഞും
ആടിയാടി
ദാ കിടക്കുന്നു
റബ്ബറൈസ്ഡ്
ഓടക്കിടക്കയിൽ.

കുപ്പിയുടെ അടപ്പ്
വേദഗ്രന്ഥം തുറക്കുംപോലെ തുറന്നു.
ഷാപ്പളിയാ,
ലേശംകൂടി വീശളിയാ!

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.