അവസാന മ്യൂസിയത്തിൻ്റെ
അടിവേരും അവരിളക്കി.
ആയുധങ്ങൾക്കുമപ്പുറത്തേക്ക്
തെറിച്ചു വീണ
വക്കുപൊട്ടിയ മൺപാത്രം
അവൾ സൂക്ഷിച്ചു വെച്ചു.
മൺപാത്രങ്ങളുടെ
ചരിത്രം അവൾ
പഠിക്കുന്നതിനുമുന്നെ
അവർ മായ്ചിരുന്നു.
ആയുധങ്ങൾക്കും മുന്നെ
പിറന്ന മൺപാത്രത്തിൽ
ഭക്ഷണം കഴിക്കുന്ന
ഒരമ്മയെ അവൾ
സ്വപ്നം കണ്ടു.
അദ്ധ്യാപകരെല്ലാം
ഗുരുക്കളായി
ചരിത്രപാഠപുസ്തകം പോലെ
വേഷം മാറി.
കയ്യിലെ ചരടും
നെറ്റിയിലെ രക്തക്കറയും
ഒരമ്മ പെറ്റ മക്കളെ പോലെ.
ഒരിക്കലും പഠിപ്പിക്കാത്ത
തൻ്റെ മൺപാത്രത്തെ പറ്റി
ചോദിച്ചപ്പോഴാണ്
അവളുടെ ആധാർ
അവർ ചോദിച്ചത്.
അഭയാർത്ഥി കേന്ദ്രത്തിലെ
നീണ്ടവരിയിൽ
ഉടഞ്ഞ് തീരാത്ത
മൺപാത്രം
അവൾ അടിവസ്ത്രത്തിൽ
ഒളിപ്പിച്ചു.
***







No Comments yet!