ഭാഗം 2
വിദ്യാഭ്യാസം എന്ന പ്രശ്നത്തിലാണ് ദേവാസുരത്തിന്റെ ഒരു തലം വികസിക്കുന്നതെന്നു കാണാം. വിദ്യാർഥികളെന്ന നിലയിൽ ഭാനുമതിയെയും സഹോദരിയെയും സിനിമയുടെ കേന്ദ്രത്തിൽതന്നെ വച്ചിട്ടുണ്ട്. ഭാനുമതി വിദ്യാഭ്യാസത്തിന്റെ ഒരുഘട്ടം തഞ്ചാവൂരിൽ പോയി പൂർത്തിയാക്കിയശേഷം വരുന്നിടത്താണ് സിനിമയിലെ ഒരു വഴിത്തിരിവ് ആരംഭിക്കുന്നതെന്നു പറയാം. എന്നാൽ വിദ്യാഭ്യാസം വേണ്ടവിധത്തിൽ പൂർത്തീകരിക്കാനാവാത്ത രണ്ടാണുങ്ങളും ഇവിടെയുണ്ട്, ഗൾഫിൽപോയി പണക്കാരനായ വീരാൻകുട്ടിയും നാടുവിട്ട് മദ്രാസിൽപോയ അച്യുതനും. വീരാൻകട്ടിയുടെ വിദ്യാഭ്യാസത്തിന്റെ സൂചനകളൊന്നും സിനിമയിലില്ല. ദാരിദ്ര്യംനിറഞ്ഞ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നു പറയുന്നുണ്ട്. അപ്പോൾ ഗൾഫിൽപോയതിന്റെ ഒരു കാരണം മെച്ചപ്പെട്ട വിദ്യഭ്യാസം ലഭിക്കാത്തതുമാകും. അച്യുതൻ നാടുവിട്ടു എന്നതിൽനിന്ന് അയാൾക്കും വേണ്ടത്ര വിദ്യാഭ്യാസം കിട്ടിയില്ലെന്നൂഹിക്കാം. ഈ നാടുവിടലും ഗൾഫും 1980- 90 കളിലെ മലയാളിചെറുപ്പക്കാരിൽ വ്യാപകമായിരുന്നുവെന്നും കാണാം. ആ ചരിത്രത്തിന്റെ അബോധമാണ് ഇവിടെവരുന്ന അച്യുതനും വീരാൻകുട്ടിയും അടയാളപ്പെടുത്തുന്നത്. ഗതിയില്ലാഞ്ഞ് നാടുവിട്ടവർ പണക്കാരായി തിരികെയെത്തി തങ്ങളുടെ ഭൂതകാലത്തോട് പ്രതികാരം ചെയ്യുന്നതാണ് ഇവിടെ സംഭവിക്കുന്ന കഥയെന്നു കാണാം.
ആധുനികവിദ്യാഭ്യാസം: വിവാഹത്തിനും കരിയറിനുമിടയിൽ
കേരളീയ ആധുനികതയിൽ സ്ത്രീവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. മിഷനറിമാരും മറ്റും സ്കൂളുകളാരംഭിച്ചതുതന്നെ പെൺസ്കൂളും ആൺസ്കൂളും എന്ന വിഭജനത്തിലാണ്. പെൺകുട്ടികൾക്ക് ആ സ്കൂളുകളിൽ ഗാർഹികതയുമായി ബന്ധപ്പെട്ട പ്രത്യേകതരം വിദ്യാഭ്യാസം നല്കപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ സ്ത്രീസാക്ഷരതയും മറ്റും വളരെയയുർന്നു. അപ്പോഴും വീടിന്റെ ശുശ്രൂഷകയെന്ന നിലയിലുളള സ്ഥാനമേ നവോത്ഥാനത്തിലൂടെ സ്ത്രീകൾക്കു ലഭിച്ചുള്ളൂ. പുരുഷനാണ് വീടിന്റെ പരിപാലാനാർഥം സാമ്പത്തികപദവികളൊക്കെ നല്കപ്പെട്ടതും ജോലികിട്ടേണ്ട ഉത്തരവാദിത്വമൊക്കെ കല്പിച്ചു നല്കപ്പെട്ടതും. സ്ത്രീകളെ പഠിപ്പിക്കേണ്ടത് വീടുനോക്കാനാണെന്നായിരുന്നു ആദ്യകാലത്തെ പ്രവണത. എന്നാൽ ഇതൊക്കെ മറികടന്ന് നിരവധി സ്ത്രീകൾ ഗവേഷണം പോലുള്ള വിദ്യാഭ്യാസത്തിന്റെ ഉന്നതലങ്ങളിലേക്കു പോകുന്നതുകാണാം. ഇ. കെ. ജാനകിയമ്മാൾ, മേരി പുന്നൻ ലൂക്കോസ്, അന്നാ ചാണ്ടി തുടങ്ങി നിരവധി സ്ത്രീകൾ ഗവേഷണത്തിലും ഉദ്യോഗതലത്തിലും ശ്രദ്ധേയമായ വ്യക്തിത്വങ്ങളാകുന്നുണ്ട്. വിദ്യാഭ്യാസം വിവാഹത്തിനും കുടുംബം നോക്കാനുമല്ലെന്നും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽതന്നെ സ്ത്രീകൾ പറഞ്ഞിരുന്നു. എന്നാൽ ഭൂരിഭാഗം ആളുകളും സ്ത്രീക്ക് വിവാഹത്തിനുള്ള ഇടവേളയാണ് വിദ്യാഭ്യാസം എന്നാണ് വിശ്വസിച്ചിരുന്നത്.
നവോത്ഥാനം ശക്തമാകുന്ന 1940 കളിലൊക്കെ നഴ്സിംഗ് മേഖലയിലേക്ക് സ്ത്രീകൾ പ്രവേശിക്കുകയും അതുവഴി വിദേശത്തേക്കു പോകുന്നതും കാണാം. ഇത് 1980 കൾക്കു ശേഷം വ്യാപകമാകുന്നു. പെൺകുട്ടികളെ പഠിപ്പിച്ചാൽ വിദേശത്തേക്ക് അയയ്ക്കാമെന്നും അതിലൂടെ കുടുംബത്തിന്റെ സാമ്പത്തികഭാരം ലഘൂകരിക്കാമെന്നുമുള്ള ചിന്ത ഇക്കാലത്തു ശക്തപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായി നേഴ്സിംഗ്ജോലി വലിയ സാധ്യതയായി ഉയരുകയും അതു ലക്ഷ്യമിട്ട് വീടുവരെ പണയംവച്ച് ലോണെടുത്ത് പെൺകുട്ടികളെ പഠിപ്പിക്കുന്ന രീതി വ്യാപകമാകുകയും ചെയ്യുന്നു. വിദ്യാഭ്യാസവായ്പയെന്നത് കേരളത്തിൽ വ്യാപകമാകുന്നത് ഇക്കാലത്താണ്. ഇങ്ങനെ പഠിച്ച് നേഴ്സായി ഗൾഫിലും മറ്റും പോയി സാമ്പത്തികമായി രക്ഷപെട്ടവരുടെ അനുഭവങ്ങളാണ് പിന്നീട് മിക്കവർക്കും പ്രേരണയാകുന്നതും തുടർച്ചകളുണ്ടാകുന്നതും. ഇതിന്റെ അബോധത്തിലാണ് ഭാനുമതിയെ വിടുപണയംവച്ചും പഠിപ്പിക്കാൻ അപ്പുമാഷെ പ്രേരിപ്പിക്കുന്നത്.
അപ്പുമാഷിനോട് ജോലിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് വരുന്നിടത്താണ് സിനിമയിൽ ഭാനുമതിയെ ആദ്യം കാണിക്കുന്നത്. എന്നാൽ താൻ ജോലിക്കല്ല ശ്രമിക്കേണ്ടതെന്നും കൂടുതൽ പഠിച്ച് വലിയൊരു നർത്തകിയാവുകയാണ് വേണ്ടതെന്നുമാണ് അയാൾ പറയുന്നത്. തഞ്ചാവൂരിൽ അഞ്ചുവർഷത്തെ പഠനം കഴിഞ്ഞാണ് ഭാനുമതി നാട്ടിലേക്കു വരുന്നത്. കലാമണ്ഡലത്തിലോ മറ്റോ ജോലിക്കു നോക്കാതെ വീണ്ടുംപഠിക്കാനാണ് മാഷ് മകളോട് പറയുന്നത്. ജോലിക്കായിരുന്നുവെങ്കിൽ തന്നെ ടി. ടി. സിക്ക് വിടുമായിരുന്നുവെന്നും അയാൾ പറയുന്നുണ്ട്. മലയാളത്തിൽ ഈ പറച്ചിൽ തീർത്തും വ്യത്യസ്തമായ ഒന്നാണെന്നു പറയാം. വീടുപണയംവച്ചാണ് ഭാനുമതിയെ പഠിപ്പിക്കുന്നത്. ജപ്തിയിലിരിക്കുന്ന വീടും മറ്റും വീണ്ടെടുക്കാൻ പണമാണ് വേണ്ടത്. അതിന് ഭാനുമതിയുടെ ജോലി മതിയാവും. എന്നാൽ മകൾ ഉദ്യോഗത്തിനല്ല പോകേണ്ടത് മറിച്ച് കലയിലെ തുടർപഠനത്തിനാണെന്നാണ് അയാളുടെ വാദം. സ്ത്രീകൾ പഠിച്ച് ജോലിനേടി വിവാഹം ചെയ്യുകയോ കുടുംബംനോക്കുകയോ ചെയ്യണമെന്നാണ് പൊതുവിൽ മലയാളത്തിലെ സാഹിത്യ- സിനിമാ ആഖ്യാനങ്ങളുടെ ഇതിവൃത്തരീതി. എന്നാലിവിടെ പഠനം തുടർപ്രക്രിയയായിക്കാണുന്ന, കുടുംബവും ജോലിയുമല്ല പ്രധാനമെന്നു പറയുന്നു. ജനപ്രിയസിനിമയിൽ ഇത്തരം ആശയങ്ങൾ കടന്നുവരുന്നത് ശ്രദ്ധിക്കേണ്ടതാണ്. ആധുനികത നല്കിയ സ്ത്രീവിദ്യഭ്യാസമെന്ന ആശയത്തിന്റെ മുന്നോട്ടുപോക്കാണ് ഈ മാറ്റമെന്നു പറയാം. അക്കാദമിക് മികവും ഗവേഷണവും ജീവിതത്തിന്റെ ഭാഗമാകണം എന്നു പറയുന്ന ഒരു നിരീക്ഷണമാണ് അപ്പുമാഷുടെ ഈ സംസാരം.

പെൺശാപങ്ങളുടെ വ്യത്യസ്ത വഴികൾ
ദേവാസുരത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവ് ഭാനുമതിയുടെ പ്രതിജ്ഞയും (ശാപം) അതുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന സംഘർഷങ്ങളുമാണ്. പാട്ടുപുരയുടെ ഉദ്ഘാടനത്തിനായി നൃത്തം ചെയ്യാനായി ക്ഷണിക്കപ്പെട്ട തന്നെ തറവാടിന്റെ പൂമുഖത്തിട്ട് നൃത്തം ചെയ്യിച്ച നീലകണ്ഠനോടുള്ള വെറുപ്പ് അവൾ പ്രകടിപ്പിക്കുന്നത് ഇനി നൃത്തംചെയ്യില്ല എന്ന തീരുമാനത്തോടെ ചിലങ്ക വലിച്ചെറിഞ്ഞാണ്. വേദനയോടുകൂടി എടുത്ത ഈ തീരുമാനം തീരുമാനത്തെ ഒരു ശാപം എന്ന നിലയിലാണ് നീലകണ്ഠന്റെ കാര്യസ്ഥനായ വാര്യർ കാണുന്നത്. ഇത്തരത്തിലുള്ള പ്രതിജ്ഞകളും അഥവാ ശാപങ്ങളും കേരളത്തിന്റെ സാംസ്കാരികചരിത്രത്തിലും സാഹിത്യത്തിലും നിരന്തരം കടന്നുവരുന്ന ഒന്നാണെന്ന് കാണാം. 1993 ഇറങ്ങുന്ന മണിച്ചിത്രത്താഴ് എന്ന സിനിമയിലും ഇതേപോലെ ശാപവും പ്രതിജ്ഞയും കാണുന്നുണ്ട്. മാടമ്പള്ളി തറവാട്ടിലേക്ക് നാഗവല്ലിയെ കൊണ്ടുവരുന്ന ശങ്കരൻ തമ്പി എന്ന ക്രൂരനായ ജന്മി മറ്റൊരാളെ നാഗവല്ലി സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ വെട്ടിക്കൊല്ലന്നു. കൊല്ലപ്പെട്ട നാഗവല്ലി യക്ഷിയായ എത്തി ദുർഗാഷ്ടമി നാളിൽ എങ്ങനെയും കാരണവരെ വധിക്കുമെന്ന് പ്രതിജ്ഞചെയ്യുന്നു. ആ പ്രതിജ്ഞ പാലിക്കാനാണ് അവൾ ഗംഗയിലൂടെ ശ്രമിക്കുന്നതും. ഒരേ കാലഘട്ടത്തിൽ ഇറങ്ങിയ രണ്ടു ‘തറവാടിത്ത’ സിനിമകളിൽ സ്ത്രീകളുടെ ശാപം അഥവാ പ്രതിജ്ഞ സവിശേഷമായി കടന്നുവരുന്നത് ശ്രദ്ധിക്കേണ്ടതാണ്. ദേവാസുരവും മണിച്ചിത്രത്താഴും തമ്മിൽ ഇക്കാര്യത്തിൽ കാണുന്ന സാദൃശ്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
| ദേവാസുരം | മണിച്ചിത്രത്താഴ് |
| നായർ തറവാട് | നായർ തറവാട് |
| നൃത്തപഠനം തഞ്ചാവൂർ | തഞ്ചാവൂർകാരി, നർത്തകി |
| ചിലങ്ക നായിക, നൃത്തം | നൃത്തക്കാരി, ചിലങ്ക |
| കരുത്തുറ്റ പുരുഷന്മാരാൽ അപമാനം | ഭർത്താവിനാൽ കൊല്ലപ്പെടുന്നു |
| നൃത്തംചെയ്യില്ലെന്ന് പ്രതിജ്ഞ | ഭർത്താവിനെകൊല്ലുമെന്നു പ്രതിജ്ഞ |
| ശപിച്ച പുരുഷനെ ഇഷ്ടപ്പെടുന്നു | ഗംഗയുടെ ജീവിതം ശരിയാവുന്നു |
ശാപത്തിന്റെ ആധുനികസന്ദർഭം
മലയാളസാഹിത്യത്തിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട ശാപകഥ കാളിദാസന്റെ ശാകുന്തളം കഥയിലേതാണ്. ആ ശാപത്തിന്റെ ഭാഗമായി ശകുന്തളയ്ക്ക് തന്റെ വിവാഹജീവിതമാണ് നഷ്ടമാകുന്നത്. ഇതേപോലെ മലയാളത്തിൽ വ്യാപകമായി വായനയ്ക്കു വിധയമായിട്ടുള്ള ശാപകഥയാണ് അഹല്യാശാപം. ഭർത്താവായ മുനിയിൽ നിന്ന് ശാപംകിട്ടുന്ന അഹല്യയ്ക്ക് ശാപമോക്ഷം കിട്ടുന്നത് ശ്രീരാമനിൽനിന്നാണ്. ഇവിടെയെല്ലാം സ്ത്രീപുരുഷ ബന്ധത്തിലെ പ്രണയവും കുടുംബബന്ധങ്ങളിലെ അസ്വാരസ്യവും ഒക്കെ അബോധ പ്രേരണയായി കിടക്കുന്നത് കാണാം. ശാപമേല്ക്കുന്ന ദുർബലസ്വത്വങ്ങളെന്നതിൽനിന്ന് ശപിക്കുന്നവരിലേക്ക് ഈ സിനിമകൾ സ്ത്രീകളെ മാറ്റുന്നു. ദേവാസുരത്തിലെയും മണിച്ചിത്രത്താഴിലെയും പ്രതിജ്ഞകൾ സ്ത്രീകളാണ് എടുക്കുന്നതെന്നുള്ളതാണ് പ്രത്യേകത. പുരുഷന്റെ ശാപമേറ്റ് അപകടത്തിൽപ്പെടുന്ന സ്ത്രീകളുടെ കഥയിൽനിന്ന് സ്ത്രീകളുടെ ശാപത്താൽ അപകടത്തിലേക്കുപെടുന്ന കരുത്തരായ പുരുഷന്മാരുടെ കഥയാണ് ഈ സിനിമകളിൽ കാണുന്നത്. ഭാനുമതിയുടെ ശാപം കാരണം നീലകണ്ഠൻ പ്രതിസന്ധിയിലാവുന്നു, നാഗവല്ലിയുടെ ശാപത്താൽ ശങ്കരൻ തമ്പിയും. ഇത്തരം ശാപകഥകളുടെ മിത്തിക് കഥ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണെന്നു പറയാം. ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിലൂടെ നീളം ഓരോ കാലഘട്ടത്തിലും പലതരത്തിലുള്ള ശാപകഥകളുണ്ടായിരുന്നു എന്നുള്ളതാണ് വസ്തുത.
കൊളോണിയലിസത്തിലൂടെ കേരളത്തിന്റെ ആധുനികത രൂപപ്പെടുന്ന ഘട്ടത്തിൽ, 1850നു ശേഷം മലയാളത്തിൽ ഏറ്റവുമധികം വിവർത്തനം ചെയ്യപ്പെടുകയും പലരൂപത്തിൽ വായനകൾക്കു വിധേയമാകുകകയും ചെയ്യുന്ന കൃതികളിലൊന്ന് അഭിജ്ഞാന ശാകുന്തളമെന്ന കാളിദാസനാടകമാണെന്നു കാണാം. 1850 മുതൽ 1950 വരെയുള്ള നൂറുവർഷത്തിനിടയിൽ 30ലേറെ വിവർത്തനങ്ങളാണ് ഇതിനുണ്ടാകുന്നത്. എ ആർ, കേരളവർമ്മ, വള്ളത്തോൾ, ആറ്റൂർ തുടങ്ങി ഒട്ടുമിക്ക പ്രഗൽഭരും ശാകുന്തളം വിവർത്തനം ചെയ്യാൻ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. ഇതിൽ പത്തോളം നിവർത്തനങ്ങൾ നിരന്തരം പ്രസിദ്ധീകരിക്കപ്പെടുകയും പാഠപുസ്തകങ്ങളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിൽ എ ആറിന്റെ വിവർത്തനമാണ് പാഠപുസ്തകങ്ങളുടെയും മറ്റും ഏറെ പ്രഖ്യാതമായതും. ശാകുന്തളത്തിന്റെ ഈ വിവർത്തനം കാലഘട്ടത്തിലെ ആധുനികതാപരമായ മാറ്റങ്ങളോടും കേരളസമൂഹത്തിൽ നടന്ന അത്തരം പരിവർത്തനങ്ങളോടും കണ്ണു ചേർക്കപ്പെടുന്നതായാണ് പലരും നിരീക്ഷിക്കുന്നത്. മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേക്ക് മാറി അണുകുടുംബം രൂപംകൊള്ളുന്നതാണ് കേരളത്തിലെ ആധുനികതയിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു പരിവർത്തനം. സ്ത്രീയുടെ സാമൂഹ്യപദവിയിൽ മാറ്റമുണ്ടാവുകയും അണുകുടുംബത്തിലെ കുടുംബിനി എന്ന നിലയിലേക്കുള്ള ഇവിടെ സംഭവിച്ചത്. മരുമക്കത്തായത്തിൽ സ്ത്രീയുടെ ലൈംഗികതയ്ക്ക് തുറവിയുണ്ടായിരുന്നുവെന്നുള്ള വാദങ്ങളുണ്ട്. എന്നാൽ ആധുനികതയും സ്ത്രീയുടെ കാമനകളെ കുടുംബത്തിനുള്ളിലെ ഒരു ബന്ധത്തിനകത്തേക്ക് ഒതുക്കി. അതൊടൊപ്പം സ്ത്രീയുടെ വീടെന്നത് ഭർത്താവിന്റെ വീടാകുന്നു. ഭർത്താവിന്റെ വീട്ടിൽ അനുസരണയുള്ള സ്ത്രീയായി കഴിയുക എന്നുള്ള പാഠമാണ് ശകുന്തളയുടെ ആവിഷ്കാരത്തിലൂടെ ഉണ്ടായതെന്നു കാണാം. സ്ത്രീയുടെ അശ്രദ്ധ കൊണ്ടാണ് ശാപം ഉണ്ടായതെന്നും അതിനെ തുടർന്നുണ്ടായ അവളുടെ മറ്റൊരു അശ്രദ്ധയാണ് മോതിരം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും അതുകൊണ്ടാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് അവൾ ആട്ടിയിറക്കപ്പെട്ടതെന്നും സ്വാഭാവികമായി ഉറപ്പിക്കുന്നു. അതുകൊണ്ട് സ്ത്രീക്ക് നല്ല ശ്രദ്ധ ഉണ്ടായിരിക്കണമെന്നും ബഹുമാനിക്കേണ്ട പുരുഷന്മാരെ ബഹുമാനിക്കണം എന്നുമുള്ള പാഠങ്ങൾ ഇതിലൂടെ ആവർത്തിക്കപ്പെട്ടു.
ദുർവാസാവിന്റെ ശാപം കിട്ടുന്ന ശകുന്തളയുടെ കഥയിൽ പലതരത്തിലുള്ള വായനകളുണ്ടായിട്ടുണ്ട്. ഫ്യൂഡൽകാലഘട്ടത്തിലെ ഈ കഥയിൽ രാജാധികാരത്തെ ന്യായീകരിക്കാനും രാജാവായ ദുഷന്തനെ രക്ഷപ്പെടുത്താനുമാണ് ശാപം കൊണ്ടുവന്നത് എന്നാണ് പലരും നിരീക്ഷിക്കുന്നത്. മലയാളത്തിൽ നിരൂപണം ചെയ്ത മുണ്ടശ്ശേരി ഒരു പടികൂടികടന്ന് എഴുത്തുകാരനായ കാളിദാസൻ ഒരു രാജഭക്തനായ രാജാവിന്റെ കുറ്റത്തെ മറച്ചുപിടിക്കാൻ രാജാവിനെ വെള്ളപൂശിയെന്നാണ് നിരൂപിച്ചത്. എഴുത്തെന്നു പറയുന്നത് ഓരോ കാലഘട്ടത്തിലെയും അധികാരങ്ങളിലൂടെ സംഭവിക്കുന്ന പ്രയോഗമാണ് എന്നുള്ളതാണ് ഇതിലൂടെ മുണ്ടശ്ശേരി പറഞ്ഞുവയ്ക്കുന്നത്. രാജാധികാരവും ആധുനിക ഭരണകൂട അധികാരവും സാഹിത്യകൃതി കൃതികളുടെ മേൽ നിരന്തരം ഇടപെടുന്നുണ്ട് എന്നുള്ളത് ചരിത്രത്തിൽ കാണാനാവും. രാജാധികാരം എഴുത്തുകാരന്റെ മേൽഭയമായി മാറുകയും രാജാധികാരത്തിന്റെ തെറ്റിനെ മുടിവെക്കാൻ അയാൾ നിർബന്ധിതരാവുകയും ചെയ്തു എന്നാണ് സൂചിപ്പിക്കുന്നത്.
ശകുന്തളം പോലുള്ള കഥകളിൽ പുരുഷനാണ് ശാപം നൽകുന്നതെന്നതെങ്കിൽ ദേവാസുരത്തിലും മണിച്ചിത്രത്താഴിലും സ്ത്രീയാണ് പ്രതിജ്ഞ എടുക്കുന്നതും പുരുഷനെതിരെ ശാപം ഉന്നയിക്കുന്നതും. പുരുഷന്റെ ശാപത്തിന് വിധേയയായ സ്ത്രീയിൽ നിന്ന് അധികാരത്തോടുകൂടി തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാനും കഴിയുന്ന പുതിയ സ്ത്രീയാണ് പുതിയ കാലത്തിലേതെന്ന് തെളിയിക്കുന്നു. തിഭീകരമായ അപമാനത്താൽ പെട്ടെന്നുണ്ടായ ഒരു പ്രകോപനത്തിന്റെ ഭാഗമായി എടുത്ത നിലപാടാണ് ആ ശപഥം. പിന്നീട് നീലകണ്ഠൻ മാപ്പപേക്ഷിക്കുകയും നൃത്തത്തിലേക്ക് മടങ്ങി വരികയും ചെയ്യണമെന്ന് വീട്ടിൽ വന്നു പറയുമ്പോൾ അവൾ വീണ്ടും തീരുമാനം പറയുന്നത്, അത് നീലകണ്ഠന്റെ മരണശേഷം മാത്രമായിരിക്കും എന്നാണ്. എന്നാൽ ആ തിരുമാനത്തിൽ അവൾക്ക് മനമാറ്റമുണ്ടാവുകയും മരണം സംഭവിക്കരുതെന്ന് അമ്പലത്തിൽ പോയി പ്രാർഥിക്കുകയും ചെയ്യുന്നു. അതായത് ശാപമെടുത്ത തീരുമാനത്തിൽ ഉച്ചുനില്ക്കാനവൾക്കു കഴിയുന്നില്ല. എന്നുമാത്രമല്ല പിന്നീട് നീലകണ്ഠന് അപകടമുണ്ടായപ്പോൾ അവൾക്ക് കുറ്റബോധം തോന്നുകയും ചെയ്യുന്നു.
ശാപവും കുറ്റബോധവും
പുരാണകഥകളിൽ ശാപത്തിനൊപ്പം അതിന്റെ വിടുതലും അല്ലെങ്കിൽ പ്രായശ്ചിത്തവും ഉണ്ടായിരിക്കും. ശാകുന്തളം കഥയിൽ എന്തെങ്കിലും അടയാളം കാണിച്ചാൽ മതിയെന്നായിരുന്നു ശാപനിവൃത്തി ലഭിച്ചത്. എന്നാൽ പുതിയകഥകളിൽ ശാപമോചനമില്ല മറിച്ച് ശപിക്കുന്നവർക്ക് സ്വയം കുറ്രബോധം തോന്നിത്തുടങ്ങുന്നു. ഭാനുമതിക്ക് കുറ്റബോധം തോന്നിത്തുടങ്ങുകയും അവൾ അതിന് പ്രായശ്ചിത്തം പല രൂപത്തിൽ ചെയ്യുകയും ചെയ്യുന്നു. അവൾക്കു തോന്നിയ കുറ്റബോധമാണ് അവൾ പിന്നീട് നീലകണ്ഠനിലേക്ക് അടുക്കാൻ ഇടയാക്കുന്നത്. തന്റെ തീരുമാനമാണ് അയാളുടെ ജീവന്റെ അപകടം എന്ന് മനസ്സിലാക്കുമ്പോൾ അതിൽനിന്ന് തോന്നിയ കുറ്റബോധത്തിൽ നിന്ന് അയാളോടുള്ള പ്രണയത്തിലേക്ക് ഭാനുമതി പതുക്കെ അടുക്കുന്നു. വീട്ടിൽ അച്ഛൻ വിലക്കിയിട്ടും മംഗലശ്ശേരിയിലേക്ക് പോവുകയും ചികിത്സയിൽ കഴിയുന്ന അയാളെ നിരന്തരം കാണുകയും സംസാരിക്കുകയും ചെയ്യുന്നു. പ്രതിജ്ഞയിൽനിന്ന് പതുക്കെ കീഴടക്കത്തിലേക്കും പ്രണയത്തിലേക്കും ഭാനുമതി സഞ്ചരിക്കുന്നു. ഉറച്ചതീരുമാനങ്ങളെടുത്തശേഷം അതിൽ കുറ്റബോധം തോന്നിപ്പിച്ച് പിന്തിരിപ്പിക്കുകയാണ് പുരുഷാധിപത്യത്തിന്റെ തന്ത്രം. വിധി, വിശ്വാസം പോലുള്ള വാക്കുകൾ ഇതിനാണ് ഉപയോഗിക്കുന്നത്. ഈഭാഗത്ത് ഒരിക്കൽ ഭാനുമതി പറയുന്നുണ്ട്, വലിയമോഹങ്ങളൊന്നും തനിക്കില്ലെന്നും നൃത്തത്തോടുള്ള താത്പര്യം കുറഞ്ഞെന്നും. തന്റെ ജീവിതത്തിലെ വലിയമോഹത്തെ അവൾ കുഴിച്ചുമൂടുന്നതിനു കാരണം ആ ശാപമാണെന്നു സിനിമ പറയുന്നു. നൃത്തക്കാരിയാവുക, കൂടുതൽ പഠിക്കുക തുടങ്ങിയവ ഉപേക്ഷിച്ച് പ്രണയിനിയാവാനും വിവാഹിതയാവാനുമാണ് അവളാഗ്രഹിക്കുന്നത്.
ഭയവും പേടിയും കുറ്റബോധവും സൃഷ്ടിക്കുന്നതിലൂടെയാണ് താൻപോരിമയുള്ള സ്ത്രീ കഥാപാത്രങ്ങളെയെല്ലാം ദുർബല കഥാപാത്രങ്ങളാക്കി മലയാളസിനിമയും സാഹിത്യവും മാറ്റിയതെന്ന് കാണാം. ഉന്നതവിദ്യാഭ്യാസമുള്ള ഭാനുമതിക്കു് തനിക്കു നേരെയുണ്ടായ അപമാനത്തിന്റെ ആഴം മനസിലാക്കാവുന്നില്ലെന്നു വരുന്നിടത്താണ് പ്രശ്നങ്ങൾ വ്യക്തമാകുന്നത്. തന്റെ കരിയറിലും കലയിലും അഭിമാനം തോന്നിയിരുന്ന ഭാനുമതി ഇപ്പോൾ കൂടുതൽ ചിന്തിക്കുന്നത് നീലകണ്ഠനുമായുള്ള വിവാഹത്തെക്കുറിച്ചാണെന്നത് ശ്രദ്ധിക്കണം. കരിയറിന്റെ ഉന്നതഭാവങ്ങളെ സ്വപ്നംകാണാനാവാതെ സ്ത്രീകളെ പിന്നാക്കം നടത്തുന്നത് വിവാഹം, പ്രണയം എന്നീ സ്ഥാപനങ്ങളാണെന്നു കാണാം.
ഉയർന്നവിദ്യാഭ്യാസം കിട്ടാതെ നാടുവിട്ട ആണുങ്ങൾ തൊഴിലുചെയ്ത് പണംനേടി സമ്പന്നരായി നാട്ടിലെത്തി പുതിയ സാമൂഹികപദവികൾ സൃഷ്ടിക്കുമ്പോൾ, വീടുപണയംവച്ച് ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകൾ തങ്ങളുടെ വിദ്യാഭ്യാസത്തിന് സാധ്യതകൾ കാണാതെ വിവാഹത്തിലേക്ക് ഒതുങ്ങുന്നു. ഇത്തരം ഒതുങ്ങലുകളാണ് ശാപമായും പ്രതിജ്ഞയായും കുറ്റബോധമായും കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. ഓരോകാലത്തും നടക്കുന്ന ലിംഗ- ജാതി സംഘർഷങ്ങളെ സവിശേഷമായി മാറ്റിത്തീർക്കുന്ന ഉപകരണങ്ങളാണിവ. തൊണ്ണൂറുകളിൽ സംഭവിക്കന്ന ആഗോളീകരണ- സ്വകാര്യവല്കരണ നയങ്ങളും വ്യാപകമാകുന്ന പ്രവാസവും ശാപത്തിന്റെയും കുറ്റബോധത്തിന്റെയും ചരിത്രത്തെ മായിച്ചുകളയുന്നുണ്ടെന്നും കാണാം.
(തുടരും…)
Yacob Thomas
Assistamt Professor, KKTM Govt. Collge, Kodungallur, Writes for periodicals. Interested in film studies and cultural studies.







No Comments yet!