Skip to main content

കല്പവൃക്ഷം രൂപകമാകുമ്പോള്‍

മനുഷ്യവിമോചനവാഗ്ദാനം നല്‍കിയ കമ്മ്യൂണിസ്റ്റുപ്രസ്ഥാനം എത്രയോ മനുഷ്യര്‍ക്ക് കല്പവൃക്ഷമായിരുന്നു. സമത്വത്തിന്റെയും സാമൂഹികനീതിയുടെയും പ്രതീക്ഷ, ത്യാഗങ്ങളുടെ ചരിത്രം, തൊഴിലാളിവര്‍ഗ്ഗവിമോചനത്തിന്റെ സ്വപ്നം എന്നിവയെല്ലാം ഉയര്‍ത്തിപ്പിടിക്കുകയും നിറവേറ്റുകയും ചെയ്യുന്ന ഭൂമിയിലെ മഹത്തായ സാന്നിദ്ധ്യമായിരുന്നു അത്. എം.സുകുമാരന്റെ ‘കല്പവൃക്ഷത്തിന്റെ ഇല’ എന്ന കഥാശീര്‍ഷകത്തിലെ ആദ്യവാക്ക് രാഷ്ട്രീയവും ദാര്‍ശനികവുമായ ഈ അര്‍ത്ഥത്തെ ലക്ഷ്യമാക്കുന്നതാണ്. കഥയുടെ മുഴുവന്‍ ആശയഘടനയും കല്പവൃക്ഷം എന്ന രൂപകത്തെ സാധൂകരിക്കുന്നു. കഥയിലെ നായകകഥാപാത്രം ആ വൃക്ഷത്തിന്റെ ഇലയാണ്. അതിന്റെ ചെറിയൊരു ഭാഗം. അയാള്‍ ഈ വൃക്ഷത്തിന്റെ ജീവധാര വഹിക്കുന്ന ഇലയല്ല. പാര്‍ട്ടിയുടെ വിപ്ലവാത്മകമായ ചരിത്രത്തില്‍ നിന്നും ലഭിച്ച സാമൂഹികമൂലധനം സൗകര്യങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും ശൃംഖലയാക്കി മാറ്റിയിരിക്കുന്നയാളാണ് കഥയിലെ ആഖ്യാതാവും നായകനുമായി പ്രത്യക്ഷപ്പെടുന്നത്. ഈ രാഷ്ട്രീയവ്യംഗ്യത്തിലാണ് കഥ പ്രസക്തമാകുന്നത്.

Remembering Malayalam writer M Sukumaran a year after his passing

 

കഥയില്‍ രാഷ്ട്രീയത്തേക്കാളും ശക്തമായി പ്രവര്‍ത്തിക്കുന്നത് ദൈനംദിനജീവിതത്തിലെ ചെറുചലനങ്ങളാണെന്ന പ്രതീതിയില്‍ നാം പെട്ടേക്കാം. ”തികച്ചും നിസ്സാരവും ബാലിശവും എന്ന് മറ്റുള്ളവര്‍ക്കു തോന്നിയേക്കാവുന്ന ഒരു പ്രശ്നം” – കുഞ്ഞിന്റെ കരച്ചിലാണ് പ്രശ്നം – എന്നു തോന്നിയേക്കാമെങ്കിലും കുഞ്ഞിന്റെ കരച്ചിലടക്കുന്നതിന്നിടയില്‍ പുതിയ വര്‍ഗ്ഗബന്ധങ്ങളുടെയും അധികാരത്തിന്റെയും രാഷ്ട്രീയവൈരുദ്ധ്യങ്ങളുടെയും ആഴങ്ങള്‍ തെളിഞ്ഞുവരുന്നു. കഥയുടെ തുടക്കത്തില്‍ കുഞ്ഞിന്റെ കരച്ചില്‍ നായകന്റെ ആത്മസംതൃപ്തിയെയും സാമൂഹികമായ മുഖാവരണങ്ങളെയും തകര്‍ക്കുന്ന ശല്യസാന്നിദ്ധ്യമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത അയാളുടെ അവസ്ഥയെ തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയത്തെ ചേര്‍ത്തുനിര്‍ത്താനാകാത്ത പാര്‍ട്ടിനേതൃത്വത്തിന്റെ പരാജയത്തോടു ചേര്‍ത്തുവായിക്കാവുന്നതുമാണ്. ഒരു ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗകുടുംബത്തില്‍ നിന്നും; ഡോക്ടര്‍ നമ്പൂതിരിയുടെ കൂടുംബത്തില്‍ നിന്നും, ലഭിക്കുന്ന പരിലാളനകളിലാണ് കുഞ്ഞിന്റെ കരച്ചിലടങ്ങുന്നത്. ഇത് കഥാനായകന്റെ ഗൃഹത്തിലെ അസൗകര്യത്തിന്റെ കഥയല്ല, തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മദ്ധ്യവര്‍ഗ്ഗവല്‍ക്കരണത്തെ കുറിച്ചുള്ള ദുഃഖഭരിതമായ രാഷ്ട്രീയ വിചാരണയാണെന്ന് പെട്ടെന്നു നാം ഗ്രഹിക്കുന്നു. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വര്‍ഗ്ഗപരമായ ദിശാമാറ്റത്തെയും സാമൂഹികരൂപാന്തരത്തെയും സൂക്ഷ്മമായി വെളിപ്പെടുത്തുന്ന സാമൂഹികരേഖയായി കഥ മാറുന്നു.

കഥാനായകന്‍ സെക്രട്ടറിയേറ്റില്‍ സ്റ്റെനോഗ്രാഫറായി പ്രവൃത്തിയെടുക്കുന്നയാളാണ്. സെക്രട്ടറിയേറ്റുമായും അധികാരകേന്ദ്രങ്ങളുമായും ഉള്ള ബന്ധം അദ്ദേഹത്തിന് അസാധാരണമായ സാമൂഹികപ്രാധാന്യം നല്‍കുന്നു. ഈ പ്രാധാന്യമാണ് കഥയിലെ ചന്ദ്രശേഖരന്‍ നായര്‍, ഡോക്ടര്‍ നമ്പൂതിരി എന്നീ മദ്ധ്യവര്‍ഗ്ഗ, ഉപരിവര്‍ഗ്ഗസാന്നിദ്ധ്യങ്ങളെ അദ്ദേഹത്തോട് അടുപ്പിക്കുന്നത്. അവര്‍ക്ക് അദ്ദേഹം ഒരു സുഹൃത്തു മാത്രമല്ല; അധികാരത്തിലേക്കുള്ള ഒരു പാലമാണ്. ചന്ദ്രശേഖരന്‍ നായര്‍ക്ക് സ്‌കൂട്ടറിന്റെ തവണ കുടിശ്ശിക സംബന്ധിച്ച നോട്ടീസ് വൈകിക്കണമെന്നുണ്ട്. ഡോക്ടര്‍ നമ്പൂതിരിക്ക് സ്ഥലംമാറ്റം ഒഴിവാക്കണമെന്നുണ്ട്. ഇവ രണ്ടും സ്വകാര്യമായ ആവശ്യങ്ങളാണ്. പാര്‍ട്ടിബന്ധങ്ങളും ഭരണസംവിധാനത്തിലെ പരിചയങ്ങളും ഉപയോഗിച്ച് ഇവ പരിഹരിച്ചു നല്‍കാമെന്ന് കഥാനായകന്‍ ഉറപ്പുനല്‍കുന്നു. ”ശരിയാക്കാം”, ”അന്വേഷിച്ചു പറയാം” എന്നീ വാക്കുകള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും വളരെ സ്വാഭാവികമായി പുറത്തുവരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഇടത്തരം ഉദ്യോഗസ്ഥന്റെ ഈ സാമൂഹികശക്തിയെ വേലായുധന്റെ സാന്നിദ്ധ്യത്തോട് ചേര്‍ത്തുവയ്ക്കണം. വേലായുധന്‍ കര്‍ഷകത്തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ജീവിതം സമര്‍പ്പിച്ചയാളാണ്. ലോക്കപ്പ് മുറികള്‍ക്കും പോലീസിന്റെ ബൂട്ടുകള്‍ക്കും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെയും വിപ്ലവവീര്യത്തെയും തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍, അദ്ദേഹം ശ്വാസംമുട്ടി കിടക്കുന്ന ഒരു ക്ഷീണിതശരീരമാണ്. എം സുകുമാരന്‍ നിര്‍മ്മിക്കുന്ന ഈ രാഷ്ട്രീയപ്രതീകം ശക്തമാണ്. പാര്‍ട്ടിയുടെ ചരിത്രം ചുമന്ന ശരീരം ഇപ്പോള്‍ രോഗബാധിതവും ഉപേക്ഷിക്കപ്പെട്ടതുമാണ്. പാര്‍ട്ടി വളര്‍ന്നു. സ്വാധീനം വര്‍ദ്ധിച്ചു. ഭരണകൂടബന്ധങ്ങള്‍ ശക്തമായി. അതിന്റെ അടിത്തറയായ തൊഴിലാളിവര്‍ഗ്ഗം ക്ഷയിച്ചുപോയി. വേലായുധന്റെ ശ്വാസം വലിക്കുന്ന ശബ്ദം, ശ്വാസംമുട്ടുന്ന വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ശബ്ദമാണ്. നായകന്‍ വേലായുധനെ പൂര്‍ണ്ണമായി അവഗണിക്കുന്നില്ല. അദ്ദേഹം ഡോക്ടറില്‍ നിന്ന് സാമ്പിള്‍ ഗുളികകള്‍ നേടി വേലായുധനു കൊടുക്കുന്നു. ഈ സഹായം മാനുഷികകാരുണ്യത്തിന്റെ തലത്തില്‍ നിലകൊള്ളുന്നതാണ്. രാഷ്ട്രീയമായ ഉത്തരവാദിത്തത്തിന്റെ തലത്തിലല്ല. എന്നാല്‍, ചന്ദ്രശേഖരന്‍ നായര്‍ക്കും നമ്പൂതിരിക്കും നല്‍കുന്ന സഹായങ്ങള്‍ അധികാരബന്ധങ്ങളുടെ ആത്മാര്‍ത്ഥതയോടെയാണ്. ഈ വ്യത്യാസം കഥയുടെ കേന്ദ്രരാഷ്ട്രീയവിമര്‍ശനമാണ്. തൊഴിലാളിവര്‍ഗ്ഗത്തെ പാര്‍ട്ടി സഹായം ചെയ്യേണ്ടവരായി കാണാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ മദ്ധ്യവര്‍ഗ്ഗത്തെ പാര്‍ട്ടി കൂട്ടാളികളായി കാണുന്നു.

കല്‍പവൃക്ഷത്തിന്റെ ഇല - Azhimukham

കഥയിലെ ജാതി-വര്‍ഗ്ഗബന്ധങ്ങളും പ്രധാനമാണ്. വേലായുധന്‍ ചരിത്രപരമായി ചൂഷണത്തിനും അവഗണനയ്ക്കും ഇരയായ പുലയസമൂഹത്തിന്റെ പ്രതിനിധിയാണ്. മറുവശത്ത്, ഡോക്ടര്‍ നമ്പൂതിരിയും ചന്ദ്രശേഖരന്‍നായരും ഉന്നതജാതി പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ജാതിവിരുദ്ധരാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചെങ്കിലും യാഥാര്‍ത്ഥ്യത്തില്‍ അതിന്റെ നേതൃത്വവും സ്വാധീനകേന്ദ്രങ്ങളും മദ്ധ്യ,ഉപരിവര്‍ഗ്ഗജാതികളുടെ കൈകളിലേക്കു നീങ്ങിയിരിക്കുന്നുവെന്ന വിമര്‍ശം ഇവിടെ വായിച്ചെടുക്കാം. ഡോക്ടര്‍ നമ്പൂതിരി പാര്‍ട്ടിക്കു ലെവി നല്‍കുന്ന അംഗമാണ്. അദ്ദേഹം നേതാക്കള്‍ക്കു ചികിത്സ നല്‍കുന്നു, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ ബഹുമതി നേടുന്നു. പാര്‍ട്ടിക്കായി ജീവിതം ചെലവഴിച്ച വേലായുധന്‍ മരുന്നിനായി കാത്തിരിക്കേണ്ടിവരുന്നു. ഈ വൈരുദ്ധ്യം സുകുമാരന്റെ ആഖ്യാനത്തെ വര്‍ഗ്ഗ,വര്‍ണ്ണവിമര്‍ശമാക്കി മാറ്റുന്നു.

കുഞ്ഞിന്റെ സാന്നിദ്ധ്യം കഥയ്ക്ക് സവിശേഷമായ പ്രതീകാത്മകത നല്‍കുന്ന സന്ദര്‍ഭങ്ങളുണ്ട്. വേലായുധന്റെ ഭാര്യ കല്യാണി നീട്ടുന്ന കളിപ്പാട്ടം – കല്ല് നിറച്ച ഒരു പൗഡര്‍ ടിന്‍ – അവള്‍ തട്ടിത്തെറിപ്പിക്കുന്നു. ഡോക്ടര്‍ നമ്പൂതിരിയുടെ വീട്ടില്‍ നിന്നും കിട്ടുന്ന വിമാനക്കളിപ്പാട്ടം അവളെ ആഹ്ലാദിപ്പിക്കുന്നു. ഇത് കുഞ്ഞിന്റെ ഇഷ്ടക്കേടിന്റെ പ്രശ്നമായല്ല കഥയില്‍ വരുന്നത്. മദ്ധ്യവര്‍ഗ്ഗസംസ്‌കാരത്തിന്റെ ആകര്‍ഷണം അടുത്ത തലമുറയിലേക്കു പകരുന്ന പ്രക്രിയയുടെ സൂചനയായി കഥയില്‍ ഇതു പ്രത്യക്ഷമാകുന്നു. സുകുമാരന്‍ വളരെ നിശ്ശബ്ദമായെഴുതുന്ന ഈ സന്ദര്‍ഭത്തിന്റെ രാഷ്ട്രീയധ്വനികള്‍ ഗഹനമാണ്. വര്‍ഗ്ഗബോധത്തിന്റെ ക്ഷയം കുടുംബത്തിനകത്തും ആഴത്തില്‍ സംഭവിച്ചിരിക്കുന്നതായി സൂചിപ്പിക്കുന്നു. മദ്ധ്യവര്‍ഗ്ഗവല്‍ക്കരണം സാമ്പത്തികതലത്തില്‍ മാത്രമല്ല, അത് സാംസ്‌കാരികവുമാണ്.

ആത്മവിമര്‍ശനപരമെന്നു പുറമേക്കു തോന്നുന്ന നായകന്റെ സംഭാഷണങ്ങളും ഇതേ സ്ഥിതിയെ ആവിഷ്‌കരിക്കുന്നതാണ്. പ്രാദേശികസഖാക്കളോടുള്ള സംഭാഷണത്തില്‍ അദ്ദേഹം പാര്‍ട്ടിയുടെ മദ്ധ്യവര്‍ഗ്ഗവല്‍ക്കരണത്തെ ശക്തമായി വിമര്‍ശിക്കുന്നു. ”അടിസ്ഥാനവര്‍ഗ്ഗം നമ്മില്‍ നിന്നും അകന്നു തുടങ്ങിയില്ലേ?” എന്നു ചോദിക്കുന്നു. ”സ്വയം വിമര്‍ശനം അസ്തമിച്ചു” എന്നു പറയുന്നു. എന്നാല്‍ അതേ സമയം അയാളുടെ ജീവിതം ഇതേ കാര്യങ്ങളുടെ തെളിവുകളാല്‍ നിറഞ്ഞിരിക്കുന്നു. കഥയിലെ ഏറ്റവും വലിയ വൈരുദ്ധ്യം നായകന്റെ ഉള്ളിലാണ് പ്രവര്‍ത്തിക്കുന്നത്.
സ്വയംവിമര്‍ശനം നടിക്കുന്ന അയാള്‍ ആത്മവഞ്ചകനാണ്. മദ്ധ്യവര്‍ഗ്ഗവല്‍ക്കരണത്തെ വിമര്‍ശിക്കുന്ന അദ്ദേഹം തന്നെ ആ രൂപാന്തരത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ്. നായകനെ കഥാകാരന്‍ ഒരു വില്ലനായി ചിത്രീകരിക്കുന്നില്ല. രാഷ്ട്രീയമായി ആത്മബോധമുള്ള, സാമൂഹികമായി അതേ വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്ന മദ്ധ്യവര്‍ഗമനുഷ്യനായി ചിത്രീകരിക്കുന്നു. രാഷ്ട്രീയ മുദ്രാവാക്യങ്ങളില്ലാതെ, ദൈനംദിനജീവിതത്തിലെ ചെറിയ സംഭവങ്ങള്‍ കൊണ്ടാണ് എം സുകുമാരന്‍ കഥയില്‍ രാഷ്ട്രീയം പറയുന്നത്. കുഞ്ഞിന്റെ കരച്ചില്‍, റോഡരികിലെ സംഭാഷണങ്ങള്‍, സ്‌കൂട്ടര്‍ യാത്ര, പാര്‍ട്ടി ഫണ്ട് രസീത് തുടങ്ങിയവയെല്ലാം ചേര്‍ന്ന് ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നു.

നായകന്‍ കുളിമുറിയിലായിരിക്കുമ്പോള്‍ ഭാര്യ ശാന്താമണി വന്ന് വേലായുധന്റെ കാര്യം ചോദിക്കുന്നു. മരുന്ന് എങ്ങനെ കഴിക്കണമെന്ന് വിശദമായി പറഞ്ഞു കൊടുക്കുന്നതിനിടയില്‍ തല തോര്‍ത്താന്‍ അല്‍പ്പം വൈകിപ്പോയ അയാള്‍ * ”ശിരസ്സില്‍ വെള്ളം നിന്നാല്‍ പെട്ടെന്ന് ജലദോഷം പിടിക്കുന്ന ശരീരപ്രകൃതമാണ് എന്റേത്” എന്ന വാചകം ആത്മഗതമായിപറയുന്നു. ഏറെ രാഷ്ട്രീയസൂചനകളുള്ള വാക്കുകളാണിത്. മദ്ധ്യവര്‍ഗ്ഗസുരക്ഷാബോധം നിയന്ത്രിക്കുന്ന മനുഷ്യനെ സുകുമാരന്‍ അയാളുടെ അബോധത്തില്‍ നിന്നുള്ള വാക്കുകള്‍ കൊണ്ട് എഴുതുന്നു. എം. സുകുമാരന്‍ ചരിത്രത്തിന്റെ ദിശയെ നിശ്ശബ്ദമായി രേഖപ്പെടുത്തുന്നു. ‘കല്പവൃക്ഷത്തിന്റെ ഇല’ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള വിമര്‍ശനത്തിന്റെയും ഒപ്പം തന്നെ ആത്മവിമര്‍ശനത്തിന്റെയും രേഖയാണ്.

ഒരുകാലത്ത് തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയത്തിനായി രൂപപ്പെട്ട പ്രസ്ഥാനം മദ്ധ്യവര്‍ഗ്ഗജീവിതത്തിന്റെ സുരക്ഷാകവചമായി പ്രവര്‍ത്തിക്കുന്നു. കഥയിലെ മദ്ധ്യവര്‍ഗ്ഗ കഥാപാത്രങ്ങള്‍ പാര്‍ട്ടിയെ ഒരു പ്രത്യയശാസ്ത്രപ്രസ്ഥാനമായി സമീപിക്കുന്നില്ല. പാര്‍ട്ടിബന്ധം മദ്ധ്യവര്‍ഗ്ഗത്തിന് അവരുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. സ്വകാര്യ ചികിത്സയില്‍ നിന്നുള്ള വലിയ വരുമാനത്തിന്റെ ഒരു പങ്ക് ലെവിയായി നല്‍കുന്ന ഡോക്ടര്‍ സ്വകാര്യചികിത്സ നിലനിര്‍ത്തുന്നതിനാണ് സ്ഥലംമാറ്റം ഒഴിവാക്കാന്‍ പാര്‍ട്ടിബന്ധങ്ങള്‍ ഉപയോഗിക്കുന്നത്. പാര്‍ട്ടിക്കു നല്‍കിയ പണത്തിനു പ്രതിഫലമായി സംരക്ഷണവും സ്വാധീനവും അയാള്‍ ഉറപ്പിക്കുന്നു. ഉപയോഗമാത്രവാദത്തില്‍ നില്‍ക്കുന്നവര്‍ പാര്‍ട്ടിയില്‍ കടന്നുകൂടിയിരിക്കുന്നു.

പാര്‍ട്ടി ഫണ്ട് പോലും ഉപരിവര്‍ഗ്ഗത്തിന്റെ ശുദ്ധമല്ലാത്ത പണത്തില്‍ നിന്നാണ് വരുന്നത്. പാര്‍ട്ടിലെവി എന്ന ആശയം വിപ്ലവത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ അടയാളമായിരുന്നു. തൊഴിലാളികളും കര്‍ഷകരും അടിസ്ഥാനജനവിഭാഗങ്ങളും അവരുടെ ചെറിയ വരുമാനത്തില്‍ നിന്ന് പ്രസ്ഥാനത്തിനു സംഭാവന നല്‍കുന്ന ആത്മത്യാഗത്തിന്റെ രാഷ്ട്രീയമായിരുന്നു, അത്. ഇവിടെ, ലെവി നല്‍കുന്നത് പ്രധാനമായും സമ്പന്നരും ഇടത്തരക്കാരുമാണ്. പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറ മാറിയതായി കഥ സൂചിപ്പിക്കുന്നു. പാര്‍ട്ടിയുടെ വര്‍ഗ്ഗാടിത്തറ മാറിയെന്ന സമ്മതപ്രസ്താവന ലോക്കല്‍ സെക്രട്ടറിയുടേതായി തന്നെ കഥയില്‍ വായിക്കാം. ഇപ്പോള്‍, ഇടത്തരക്കാരെ പോലും ആവശ്യമില്ലാത്ത രീതിയില്‍ വലിയ മുതലാളിമാരില്‍ നീന്നും ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലക്ഷകണക്കിനു രൂപ സംഭാവന കൈപ്പറ്റുന്നു! ഈ മാറ്റം സ്വാഭാവികമായി രാഷ്ട്രീയ സ്വഭാവത്തെയും മാറ്റുന്നു.

നായകന്‍ നിരന്തരം പ്രയോഗിക്കുന്ന വാക്കുകള്‍ – അടിസ്ഥാനവര്‍ഗ്ഗം, ട്രേഡ് യൂണിയന്‍, സോഷ്യലിസം തുടങ്ങിയ പദാവലികളുടെ സാമൂഹിക ഉള്ളടക്കം മാറിയിരിക്കുന്നു. വിപ്ലവപദാവലികള്‍ മദ്ധ്യവര്‍ഗ്ഗജീവിതത്തിന്റെ അലങ്കാരങ്ങളായി മാറിയിരിക്കുന്നു. പാര്‍ട്ടി ഇനി ചരിത്രം മാറ്റാനുള്ള വൃക്ഷമല്ല; വ്യക്തിജീവിതം സുഗമമാക്കാനുള്ള കല്പവൃക്ഷമാണ്. ജോലി നേടാന്‍, ട്രാന്‍സ്ഫര്‍ ഒഴിവാക്കാന്‍, നോട്ടീസ് വൈകിപ്പിക്കാന്‍, പ്രമോഷന്‍ ഉറപ്പാക്കാന്‍, സാമൂഹികബഹുമതി നേടാന്‍, അധികാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാന്‍ ഉപയോഗിക്കപ്പെടുന്ന കല്പവൃക്ഷം. അതിന്റെ തണലില്‍ വിശ്രമിക്കുന്നത് മദ്ധ്യവര്‍ഗ്ഗമാണ്. തൊഴിലാളിവര്‍ഗ്ഗത്തെ ഉപേക്ഷിച്ച് മദ്ധ്യവര്‍ഗ്ഗസൗകര്യങ്ങളിലേക്കു നീങ്ങുന്ന പ്രസ്ഥാനം ആത്മാവിനെ നഷ്ടപ്പെടുത്തുന്നു എന്ന മുന്നറിയിപ്പാണ് സുകുമാരന്‍ ഈ കഥയിലൂടെ നല്‍കുന്നത്.

റോസാ ലക്സംബര്‍ഗ് ബോള്‍ഷെവിക്രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു: പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നാല്‍ വിപ്ലവത്തിന്റെ ആത്മാവ് ബ്യൂറോക്രസിയില്‍ ശ്വാസംമുട്ടുമെന്ന്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ സജീവ പങ്കാളിത്തം ഇല്ലാതാകുമ്പോള്‍ പാര്‍ട്ടി ഒരു ജീവിക്കുന്ന പ്രസ്ഥാനമല്ലാതെ ഭരണയന്ത്രമാകുമെന്ന്. ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് വികസിത സമൂഹങ്ങളിലെ വിപ്ലവശക്തികള്‍ എങ്ങനെ ഉപഭോഗത്തിന്റെ സംസ്‌കാരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉപഭോഗവ്യവസ്ഥയുടെ ഭാഗമാകുമ്പോള്‍ തൊഴിലാളിവര്‍ഗ്ഗത്തില്‍ പോലും വിമര്‍ശാത്മകബോധം ക്ഷയിക്കുന്നു. മിലോവന്‍ ജിലാസിന്റെ വിശകലനത്തില്‍ പാര്‍ട്ടി നേതൃത്വം ഒരു പുതിയ ‘ചുവന്ന’ബൂര്‍ഷ്വാസിയായി മാറുന്നുണ്ട്. ‘കല്‍പ്പവൃക്ഷത്തിന്റെ ഇല’ – ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ ചരിത്രം നല്‍കിയ അറിവുകള്‍ കേരളീയജീവിതത്തിന്റെ അനുഭവബോദ്ധ്യങ്ങളുമായി ചേര്‍ന്ന് കഥാഖ്യാനമായി ഉരുവം കൊണ്ടതാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.