ഒരിക്കൽ…
കടൽത്തിരകളുടെ മീതെ, അലകളുടെ താളത്തിൽ,
ഇരുണ്ട വനങ്ങളുടെ നിഗൂഢതകൾക്കു മുകളിലൂടെ,
മലഞ്ചെരിവുകളുടെ വളവുകളിലൂടെയും,
താഴ്വരകളുടെ അരികുകളെ തഴുകിയും,
നെൽച്ചെടികളുടെ കതിരുകളെ തലോടിയും
എത്രയെത്ര വഴികളിലൂടെഞാൻ പെയ്തിറങ്ങിയിരുന്നു!
ആകാശം മുഴുവൻമഴവില്ലുകളെ വാരിവിതറി ആനന്ദത്തിൽ മതിമറന്നിരുന്നപ്പോൾ,
തുറന്ന കണ്ണുകളെല്ലാം അത്ഭുതത്തോടെ ആ ഏഴുനിറങ്ങൾ എണ്ണിനോക്കി—
എണ്ണമറ്റ കൈകൾആകാശത്തേക്കുയർന്നു.
ഒരാൾ മണ്ണിന്റെ മണം നെഞ്ചോടുചേർത്തു.
മറ്റൊരാൾആർദ്രതയുടെ മൃദുസ്പർശം തൊട്ടറിഞ്ഞു.
മറ്റൊരാൾ ഭൂമിക്കൊരു സമ്മാനമായി
താൻ വന്നിറങ്ങിയതാണെനന്നു കരുതി മുട്ടുകുത്തി നിന്നു.
പെയ്തിറങ്ങിയ മേഘത്തിന് ഒഴുകിപ്പോകാൻ വഴിയുണ്ടായിരുന്നിടത്തോളം
ഞാനൊരിക്കലും വഴി തെറ്റിയില്ല.
ഞാൻ ആരുടെയും വഴികൾ കവർന്നില്ല, തടഞ്ഞില്ല.
നടക്കാൻ പഠിക്കുന്ന കുഞ്ഞിന്റെ പാദങ്ങളെപ്പോലെ ഞാൻ മുന്നോട്ടു മാത്രം നടന്നു.
കളകളമൊഴുകുന്ന ഒരു ജീവൻ നദിയായി,
പച്ചപ്പണിഞ്ഞ ഒരു ജീവന്റെ വയലായി,
വേഗത്തിൽ ഒഴുകി…
ഒടുവിൽ കടലുമായുള്ള സംഗമത്തിന്റെ
മഹത്തായ നിമിഷത്തിനരികിലെത്തിയപ്പോൾ
ഞാനൊന്നു നിന്നു.
പിന്നോട്ടു തിരിഞ്ഞുനോക്കി.
എന്നെ ഒഴുകാൻ അനുവദിച്ച എല്ലാ വഴികൾക്കും നന്ദിയോടെ തല കുനിച്ചു.
അതൊരു പഴയ ഋതുവിന്റെ വൈഭവമായിരുന്നു.
ഒഴുക്കിന്റെ സൗന്ദര്യം.
ഇപ്പോൾ…
ഒഴുകാൻഒരു തുള്ളി ഇടം പോലുമില്ലാത്ത, ആകാശം മുട്ടുന്ന കെട്ടിടങ്ങൾക്കിടയിൽ,
ഒരു പിടി മണ്ണുപോലുമില്ലാത്ത സിമന്റ് പാതകളിൽ,
ചലിക്കാനാവാതെ തിങ്ങി നിറഞ്ഞ നൂറായിരം ആധുനിക വാഹനങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന ഒരു ഗൂഗിൾ മാപ്പുപോലെ ഞാൻ വഴിതെറ്റി നിൽക്കുന്നു.
തെക്കുപടിഞ്ഞാറൻ മേഘങ്ങളിൽ മഴയുടെ ആദ്യത്തുള്ളി വീഴുമ്പോൾ പുളകം കൊള്ളേണ്ടിയിരുന്ന കണ്ണുകൾ ഇപ്പോൾ എഞ്ചിനുള്ളിലേക്ക് കയറുന്ന വെള്ളത്തെക്കുറിച്ചുള്ള ഭയത്തിൽ വിറയ്ക്കുന്നു.
ജനൽ താഴ്ത്തി ആകാശത്തെ തൊടേണ്ടിയിരുന്ന കൈകൾ നിസ്സഹായമായി സ്റ്റിയറിങ്ങിൽ ഇടിച്ചുകൊണ്ടിരിക്കുന്നു.
‘പെയ്യരുതേ…’എന്ന് പ്രാർത്ഥിക്കുന്ന മനുഷ്യരെ ക്കാണുമ്പോഴെല്ലാം എന്റെ ഹൃദയം വേദനകൊണ്ടു നനഞ്ഞു കുതിരുന്നു.
അങ്ങനെ…
ഭൂമിയുടെ അടിത്തട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന വിഭവങ്ങൾക്കായി ബുൾഡോസറുകൾ പുരാതന വനങ്ങളെ തല്ലിത്തകർത്തപ്പോൾ,
വൈദ്യുതി ഉണ്ടാക്കാൻ മലയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഡൈനാമൈറ്റുകൾ പൊട്ടിച്ച് പ്രകൃതിയുടെ നെഞ്ച്തുരന്നപ്പോൾ,
കയറ്റിറക്കങ്ങളും വളവും തിരിവുകളും നിറഞ്ഞ ഇടുങ്ങിയ വഴികളിൽ എന്നെ നിങ്ങൾതടവിലാക്കിയപ്പോൾ…
പിന്നോട്ടു മടങ്ങാനാകാതെ, നിന്നിരുന്നിടത്ത് നിശ്ചലമായി നിൽക്കാനാകാതെ,
എന്നെത്തന്നെ നിയന്ത്രിക്കാനാകാതെ,
ഞാൻ പെട്ടെന്നൊരു പ്രളയമായി പൊട്ടിയൊഴുകി.
കുത്തിയൊഴുകി… കലങ്ങി… കലഹമുണ്ടാക്കി.
നിങ്ങളുടെ വീടുകളിലേക്ക് നിങ്ങളുടെ നഗരങ്ങളിലേക്ക്
നിങ്ങളുടെ ജീവിതങ്ങളിലേക്ക്
ഞാൻ ദുരന്തമായി കയറിയെത്തി.
ഒരു പ്രകൃതിദുരന്തമായി മാറി നിൽക്കേണ്ടി വന്നത് എനിക്കു തന്നെ അപമാനം.
എനിക്കുതന്നെ വേദന.
ഞങ്ങളുടെ ഋതുക്കളുടെ രൂപവും ഭാവവും സത്തയും…
നിങ്ങളുടെ അശാസ്ത്രീയമായ വികസനത്തിന്റെ ചാക്കിൽ കെട്ടി‘വികസനം’ എന്ന പേരുള്ള തട്ടിൻമുകളിലേക്ക് നിങ്ങൾ കയറ്റിവെച്ചു.
ഞങ്ങളുടെ ഒഴുക്കും ഞങ്ങളുടെ ഗതിയും ഞങ്ങളുടെ സ്വഭാവവും മാറ്റിമറിച്ചത് നിങ്ങളാണ്.
പക്ഷേ…
സ്വയം മാറാൻ കഴിയാതെ ‘ഞങ്ങൾ മാറിപ്പോയി’ എന്ന് നിങ്ങളിപ്പോൾ ഞങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നു.
ഇതൊന്നും നിങ്ങൾക്ക് പുതിയ കാര്യമല്ലല്ലോ…
ബാധിതനെത്തന്നെ കുറ്റപത്രമെഴുതി പ്രതിയുടെ സ്ഥാനത്ത്നിർത്തുന്നത്.
***
കവി പരിചയം :
കുപ്പിലി പദ്മ
എഴുത്തുകാരി, മാധ്യമപ്രവർത്തക, കോളമിസ്റ്റ്. പ്രശസ്തമായ ഒരു ദിനപത്രത്തിൽ പത്ത് വർഷക്കാലം തുടർച്ചയായി പ്രസിദ്ധീകരിച്ച ‘മൈതാനം’ എന്ന പ്രതിവാര പംക്തിയിലൂടെ സമകാലിക ജീവിതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് കുപ്പിലി പദ്മ നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളും തെലുങ്ക് വായനക്കാർക്കിടയിൽ ഏറെ ശ്രദ്ധേയമാണ്.
നാല് ചെറുകഥാ സമാഹാരങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള കുപ്പിലി പദ്മ, 158-ലധികം ചെറുകഥകൾ രചിച്ചിട്ടുണ്ട്. ഒൻപത് ചെറുകഥാ സമാഹാരങ്ങൾ, മൂന്ന് നോവലുകൾ, രണ്ട് സർഗാത്മക ഗദ്യസമാഹാരങ്ങൾ, ഒരു കവിതാസമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ കഥകളുടെ ഒരു സമാഹാരം ഇംഗ്ലീഷിൽ ‘ശാലഭഞ്ജിക ആൻഡ് അദർ സ്റ്റോറീസ്’ (Salabhanjika and Other Stories) എന്ന പേരിലും, കന്നഡയിലും തമിഴിലും ‘ഇൻസ്റ്റന്റ് ലൈഫ്’ (Instant Life) എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൗമാരപ്രായത്തിലെ സംഘർഷങ്ങളും ആശയക്കുഴപ്പങ്ങളും, ഉപഭോക്തൃസംസ്കാരം, ആഗോളവത്കരണം, ഏകാകിനികളായ സ്ത്രീകളുടെ ജീവിതം, ‘മീ ടൂ’ പ്രസ്ഥാനം തുടങ്ങിയ സമകാലിക വിഷയങ്ങളാണ് അവരുടെ കഥകളിൽ പ്രധാനമായും പ്രതിഫലിക്കുന്നത്. വിവിധ രൂപങ്ങളിലുള്ള പുരുഷാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന ശക്തമായ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് അവരുടെ രചനകളിലെ പ്രത്യേകത. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സ്വാതന്ത്ര്യത്തിനായി പോരാടുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും ജീവിതസാഹചര്യങ്ങളും അവരുടെ രചനകൾ തുറന്നുകാട്ടുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലെ എഴുത്തുകാരുടെ ശ്രദ്ധയും അവരുടെ കൃതികൾ നേടിയിട്ടുണ്ട്.
കുപ്പിലി പദ്മയ്ക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങളിൽ ആന്ധ്രപ്രദേശ് സർക്കാരിന്റെ സാഹിത്യ പുരസ്കാരം, കെ. എൻ. വൈ. പതഞ്ജലി സാഹിതി പുരസ്കാരം, മധുനാപന്തുല മധുശ്രീ കഥാ പുരസ്കാരം, ചാസോ അവാർഡ്, തെലുഗു സർവകലാശാലയുടെ മികച്ച എഴുത്തുകാരിക്കുള്ള പുരസ്കാരം, കഥാകോകില പുരസ്കാരം, രംഗവല്ലി മെമ്മോറിയൽ ട്രസ്റ്റ് അവാർഡ് എന്നിവ ഉൾപ്പെടുന്നു.
തെലുഗില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം :
ഇമ്മാനുവല്‍ മെറ്റ്ല്‍സ്
Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist.
Write in Telugu English and Malayalam.







nice