അത്യാവശ്യമായി എന്തെങ്കിലും പറയണമെങ്കിലോ
ഏതെങ്കിലും വാക്ക് പാലിക്കണമെങ്കിലോ
അവരെ വിളിച്ചറിയിക്കണമെങ്കിലോ
അവർക്ക് എന്തെങ്കിലും സഹായം ചെയ്യണമെങ്കിലോ
അവരെ തിരികെ വിളിക്കണമെങ്കിലോ അപ്പോഴെല്ലാം
ഞാൻ ഒരുപാട് വൈകിക്കാറുണ്ട്
പ്രിയപ്പെട്ടവർക്ക് ആശ്വാസമേകണമെങ്കിലോ
പഴയ ഇടവഴിയിലൂടെ
ആരെയെങ്കിലും കാണാൻ പോകണമെങ്കിലോ
അപ്പോഴെല്ലാം ഞാൻ ഒരുപാട് വൈകിക്കാറുണ്ട്,.
പല കാലങ്ങളിലൂടെ യാത്രപോകുമ്പോൾ
ആരോടെങ്കിലും മനസ്സ്
പങ്കുവെയ്ക്കണമെങ്കിലോ
ആരെയെങ്കിലും ഓർത്തുവയ്ക്കണമെങ്കിലോ
ആരെയെങ്കിലും വിസ്മരിക്കണമെങ്കിലോ
അപ്പോഴെല്ലാം ഞാൻ
ഒരുപാട് വൈകിക്കാറുണ്ട്.
ആരെയെങ്കിലും മരണത്തിനുമുൻപ്
ഏതെങ്കിലും ദുഃഖത്തിൽനിന്ന്
കരകയറ്റണമെങ്കിലോ
വാസ്തവം മറ്റൊന്നായിരുന്നു
എന്ന് പോയിപ്പറയണമെങ്കിലോ
അപ്പോഴും ഞാൻ
ഒരുപാട് വൈകിക്കാറുണ്ട്.
***
കവി പരിചയം :
മുനീർ നിയാസി
പ്രസിദ്ധനായ ഉറുദു പഞ്ചാബി കവി. ബ്രിട്ടീഷ് ഇന്ത്യയിലെ ഹോഷിയർപുരിലെ പഷ്ത്തൂൻ കുടുംബത്തിൽ ജനനം. ഇന്ത്യാ വിഭജനശേഷം പാകിസ്താനിലേക്കു പോയി. നിരവധി സിനിമാ ഗാനങ്ങളും ഗസലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ജീവിതകാലം 1923–2006.
വിവര്‍ത്തക പരിചയം :

മിനി അനാമിക
മിനി അനാമിക എന്ന പേരില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍നിന്നും മലയാളത്തിലേക്ക് കവിതകളുടെ മൊഴിമാറ്റം നടത്തുന്നു. നവമാധ്യമങ്ങളിലും മാസികകളിലും കവിതകള്‍ എഴുതുന്നു. ഹൈദരാബാദില്‍ താമസം.







No Comments yet!