പ്രശസ്ത പാഴ്‌സി തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ മാസ്റ്റര്‍ അലി ബക്‌സിന്റെയും നടിയും നര്‍ത്തകിയുമായ ഇഖ്ബാല്‍ ബീഗത്തിന്റെയും മകളായി മഹ്ജബീന്‍ ബാനോ ജനിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നു ഈ പെണ്‍കുട്ടി ഹിന്ദി സിനിമയിലെ നായികാ സങ്കല്‍പ്പങ്ങളെ തിരുത്തി കുറിക്കുന്ന നായികയാകുമെന്ന്. മഹ്ജബീന്‍ ബാനോ പിന്നീട് ബേബി മീനയായി അതിനു ശേഷം ‘മീനാകുമാരിയായി.’ നായകന്റെ നിഴല്‍ മാത്രമായി ഒതുങ്ങി പോകുന്ന നായികയായിരുന്നു അത് വരെ ഹിന്ദി സിനിമയിലുണ്ടായിരുന്നത്. മീനാകുമാരി തന്റെ കഥാപാത്രങ്ങളിലൂടെ സാമൂഹിക അടിച്ചമര്‍ത്തലും വ്യക്തിപരമായ വൈകാരിക സംഘര്‍ഷങ്ങളും നേരിടുന്ന സ്ത്രീകളെ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. അത് കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മീനാകുമാരി എന്ന നടിയുടെ സ്ഥാനത്തെ വെറുമൊരു ‘ട്രാജഡി ക്വീന്‍’ എന്ന പദവി നല്‍കി കൊണ്ട് മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ല.
മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ (1939-1972) തൊണ്ണൂറോളം സിനിമകളില്‍ അവര്‍ അഭിനയിച്ചു. മികച്ച നടിക്കുള്ള നാല് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ അവര്‍ നേടി (ബൈജു ബാവ്ര, പരിണീത, സാഹിബ് ബീബി ഔര്‍ ഗുലാം, കാജല്‍ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനായിരുന്നു അവാര്‍ഡുകള്‍ ലഭിച്ചത്). ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ബൈജു ബാവ്ര എന്ന ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തിനായിരുന്നു അവര്‍ക്ക് അവാര്‍ഡ് ലഭിച്ചത്. (1954- മുതലാണ് ഫിലിം ഫെയര്‍ അവാര്‍ഡ് നല്‍കാന്‍ ആരംഭിക്കുന്നത്)
ജീവിതത്തിന്റെ തുടക്ക കാലത്ത് മീനാകുമാരിയുടെ കുടുംബം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ബോംബെ ദാദറിലെ ഇടുങ്ങിയ ഒരു ചാളിലായിരുന്നു മീനാകുമാരിയും കുടുംബവും ആദ്യം താമസിച്ചിരുന്നത്. മീനാകുമാരിയുള്‍പ്പടെ, മൂന്ന് പെണ്‍കുട്ടികളായിരുന്നു അലി ബക്‌സിന്‍ – ഇഖ്ബാല്‍ ബീഗം ദമ്പതികള്‍ക്കുണ്ടായിരുന്നത്. ഖുര്‍ഷീദ് ജൂനിയര്‍ (മൂത്ത സഹോദരി) മാധുരി (ഇളയ സഹോദരി) എന്നിവര്‍ക്കിടയിലായിരുന്നു മീനാകുമാരി. സിനിമയിലെ ബാല വേഷങ്ങള്‍ ലഭിക്കാന്‍ ഖുര്‍ഷീദിനെയും കൊണ്ട് അലി ബക്‌സ് സ്റ്റുഡിയോയില്‍ നിന്ന് സ്റ്റുഡിയോയിലേക്ക് പാഞ്ഞു. ഖുര്‍ഷീദിന് ചെറിയ വേഷങ്ങള്‍ കിട്ടി തുടങ്ങിയപ്പോള്‍ അലി ബക്‌സ് തന്റെ നാലു വയസ്സുള്ള മഹ്ജബീന്‍ ബാനോയെന്ന (മീനാകുമാരി ) രണ്ടാമത്തെ മകളെയും സിനിമ മേഖലയിലേക്ക് ഇറക്കി വിടാന്‍ തീരുമാനിച്ചു. തന്റെ രണ്ടു മക്കളേയും കൂട്ടി കൊണ്ട് അലി ബക്‌സ് ചെല്ലാത്ത ഫിലിം സ്റ്റുഡിയോസ് ബോംബയില്‍ ഉണ്ടായ യിരുന്നിരിക്കില്ല. പതിയെ മീനാകുമാരിക്ക് ബാലവേഷങ്ങള്‍ ലഭിച്ചു തുടങ്ങി. കുടുംബം സാമ്പത്തികമായി പതിയെ കരകയറാന്‍ തുടങ്ങി. പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നതിന് അലി ബക്‌സിന് താത്പ്പര്യമുണ്ടായിരുന്നില്ല. മൂന്നാമത്തെ പെണ്‍കുട്ടിയേയും സിനിമയില്‍ അഭിനയിപ്പിക്കാന്‍ അലി ബക്‌സ് ശ്രമിച്ചു. കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായുള്ള ഒരു വരുമാന സ്രോതസ്സായെ അത്തരത്തിലൊരു സാഹചര്യത്തില്‍ കുട്ടികളെ അലിക്ക് കാണാന്‍ കഴിഞ്ഞുള്ളൂ. അത് കൊണ്ട് മീനാകുമാരിക്ക് ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. സ്വകാര്യമായി പല അധ്യാപകരെയും വച്ച് അലി ബക്‌സ് മീനാകുമാരിയെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. സ്റ്റുഡിയോയില്‍ നിന്ന് ലഭിക്കുന്ന ഇടവേളകളില്‍ അവര്‍ പുസ്തകം വായിക്കാന്‍ വിനിയോഗിച്ചു. കുറച്ചു കാലം കഴിഞ്ഞാല്‍ മറ്റു കുട്ടികളെ പോലെ സ്‌കൂളില്‍ പോയി പഠിക്കാമെന്ന് കരുതിയെങ്കിലും ആ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
നാലാം വയസ്സില്‍ വലിയ ഒരു സംഘത്തിനിടയില്‍ വലിയ ക്യാമറയ്ക്ക് മുന്നില്‍ കണ്ണ് മിഴിച്ച് നില്‍ക്കാന്‍ തുടങ്ങിയ കുട്ടിക്ക് പതുക്കെ അഭിനയത്തോട് പ്രത്യേക താത്പര്യമുണ്ടായി തുടങ്ങി. നിര്‍മ്മാതാവും സംവിധായകനുമായ വിജയ് ഭട്ടിന്റെ ലെതര്‍ ഫേസ് (1939) എന്ന ചിത്രത്തിലൂടെയയാണ് ബാലതാരമായി മീനാകുമാരി ശ്രദ്ധിക്കപ്പെടുന്നത്. ഒമ്പതാം വയസ്സില്‍ ബഹന്‍ (1941) ചിത്രത്തിലെ ”തോറെ കജ്‌റാ ലഗാവൂണ്‍ മോരി റാണി” എന്ന ഗാനം ആലപിച്ചതോടു കൂടി പിന്നണി ഗായികയായും മീനാകുമാരി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദുനിയാ ഏക് സറായ് (1946), പിയാ ഘര്‍ ആജാ (1948) തുടങ്ങിയ ചിത്രങ്ങളിലും മീനാകുമാരി പിന്നണി ഗായികയായി തിളങ്ങി. സാമ്പത്തികപരമായി അല്‍പ്പം മെച്ചപ്പെട്ടപ്പോള്‍ അലി ബക്‌സും കുടുംബവും ബാന്ദ്രയിലേക്ക് താമസം മാറി.
![]()
തുടര്‍ന്ന് ചെറുതും വലുതുമായ വേഷങ്ങള്‍ക്കൊടുവില്‍ തന്റെ പതിമൂന്നാം വയസ്സില്‍ മീനാകുമാരിക്ക് ആദ്യത്തെ നായികാ വേഷം ലഭിച്ചു. ബച്ചോന്‍ കാ ഖേല്‍ (1946) എന്ന ചിത്രത്തിലായിരുന്നു അത്. 1952 – ല്‍ പുറത്തിറങ്ങിയ ബൈജു ബാവ്ര എന്ന ചിത്രത്തിലെ ഗൗരി എന്ന വേഷമാണ് മീനാകുമാരിയുടെ കരിയറിലെ തുടര്‍ന്നുള്ള വളര്‍ച്ചക്ക് സഹായകമായത്. ഈ ചിത്രത്തിലൂടെ അവര്‍ താരപദവി നേടി. പരിണീത (1953) എന്ന ചിത്രത്തിലെ ലളിത എന്ന കഥാപാത്രത്തെയും അവര്‍ അനശ്വരമാക്കി. പിന്നീട് പുറത്തിറങ്ങിയ ദായ്‌റ (1953) ആസാദ് (1955) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെയും അവര്‍ അവിസ്മരണീയമാക്കി.അവരുടെ സ്വഭാവിക അഭിനയശൈലി, കണ്ണുകളിലൂടെ വികാരം പ്രകടിപ്പിക്കാനുള്ള കഴിവ് എന്നിവ അന്നത്തെ പ്രധാന സംവിധായകരുടെ ശ്രദ്ധയില്‍പെടാന്‍ തുടങ്ങി. 1960-കളില്‍ ഫ്‌ലവര്‍ പ്രിന്റ് സാരി, ബനാറസി സാരി എന്നിവ ധരിച്ച് അവര്‍ അത്തരം സാരികളെ ജനകീയമാക്കി. മനോഹരമായി ഉടുത്ത സാരിക്കൊപ്പം വിങ്ഗ്ഡ് ഐലൈനര്‍, വലിയ ബിന്ദി, വശത്തേക്ക് ഒതുക്കിയ നെറ്റിമുടി എന്നിവ ചേര്‍ന്ന തനതായ ഒരു സൗന്ദര്യം അവര്‍ക്കുണ്ടായിരുന്നു. ഇന്ത്യയിലെ യുവാക്കളുടെ മനസ്സില്‍ അവര്‍ ഇടം പിടിച്ചു, യുവതികള്‍ അവരുടെ വസ്ത്ര ധാരണ രീതിയും ഹെയര്‍ സ്‌റ്റൈലും അനുകരിക്കാന്‍ തുടങ്ങി.

പ്രശസ്തിയും, സാമ്പത്തിക വളര്‍ച്ചയും ഉണ്ടായെങ്കിലും മീനാകുമാരിക്ക് വ്യക്തി സ്വാതന്ത്ര്യമില്ലായിരുന്നു. പിതാവായ അലി ബക്‌സിന്റെ സാമ്പത്തിക ആഗ്രഹങ്ങള്‍ക്കനുസരിച്ചായിരുന്നു അവരുടെ സിനിമകള്‍. ഇത് ഇന്ത്യയി െസ്ത്രീ സ്വാതന്ത്ര്യത്തെ അവഗണിക്കുന്നതിന്റെ നേര്‍ ചിത്രമായിരുന്നു. സ്വന്തം തീരുമാനമെടുക്കാന്‍ ശേഷിയുള്ള പ്രായമെത്തിയിട്ടും പിതാവ് മീനാകുമാരിയെ സ്വതന്ത്രയാക്കിയിരുന്നില്ല. പിതാവിന്റെ സാമ്പത്തികമായ അത്യാഗ്രഹങ്ങളില്‍ അവര്‍ക്ക് നല്ല റോളുകള്‍ അടക്കം നഷ്ടപ്പെട്ടിട്ടുണ്ട്.
പതിനെട്ടാം വയസ്സില്‍ കമല്‍ അമ്രോഹി എന്ന സംവിധായകനെ പരിചയപ്പെട്ടത് അവരുടെ ജീവിതത്തിന്റെ പതനമാകുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. പതിയെ അവര്‍ തമ്മില്‍ ഇഷ്ടത്തിലായി. പിതാവ് വിവാഹത്തിന് സമ്മതിക്കില്ല എന്ന് ഉറപ്പുള്ളതു കൊണ്ട് അവര്‍ രഹസ്യമായി വിവാഹം കഴിച്ചു ( ഫെബ്രുവരി 14, 1952). ഏതാനും മാസം കുടുംബത്തിന്റെ കൂടെ തന്നെ അവര്‍ താമസിച്ചു. കമല്‍ അമ്രോഹിയെ രഹസ്യമായി സന്ദര്‍ശിച്ചു കൊണ്ടിരുന്നു. ഒരു ദിവസം പിതാവ് ഇതറിഞ്ഞ് ചോദ്യം ചെയ്തപ്പോള്‍ കമല്‍ അമ്രോഹിയുടെ കൂടെ ജീവിക്കാനാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ് അവര്‍ സ്വന്തം വീട് വിട്ടിറങ്ങി. അവരുടെ ജീവിതത്തിലെ സ്വന്തമായി എടുത്ത ഏറ്റവും വലിയ ഒരു തീരുമാനമായിരുന്നു അത്. വീട് വിട്ടിറങ്ങിയെങ്കിലും ഉദാരമതിയായ അവര്‍ കുടുംബത്തെ മരണം വരെ സാമ്പത്തികമായി സഹായിക്കാന്‍ ശ്രമിച്ചിരുന്നു. എങ്കിലും പിതാവും മകളും തമ്മിലുള്ള ബന്ധത്തില്‍ ഇതോടെ വിള്ളലുകള്‍ വീണു.
കമല്‍ അമ്രോഹി രചനയും സംവിധാനവും നിര്‍വഹിച്ച ദായ്‌റ (1953) എന്ന ചിത്രത്തില്‍ മീനാകുമാരി അഭിനയിച്ചിരുന്നു. സാമ്പത്തികമായി ചിത്രം വിജയിച്ചില്ല. എങ്കിലും പ്രണയം, മനുഷ്യവികാരങ്ങള്‍, സാമൂഹിക വ്യവസ്ഥകള്‍ എന്നിവയുടെ സങ്കീര്‍ണതകളെ ആവിഷ്‌കരിച്ച ഈ ചിത്രം അക്കാലത്തെ വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവമായിരുന്നു. പിതാവിന്റെ നിഴലില്‍ നിന്ന് മാറി സ്വന്തമായി സിനിമയുടെയും മറ്റും തീരുമാനമെടുക്കുന്നതില്‍ സന്തോഷിച്ചിരുന്ന മീനാകുമാരിക്ക് മേല്‍ പതിയെ കമല്‍ അമ്രോഹിയുടെ തന്റെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യക്തി ജീവിതത്തിലും, അഭിനയ ജീവിതത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ അമ്രോഹി ഏര്‍പ്പെടുത്താന്‍ തുടങ്ങി. പിതാവിന്റെ നിയന്ത്രണങ്ങളെക്കാള്‍ ഭീകരമായിരുന്നു കമല്‍ അമ്രോഹിയുടെ നിയന്ത്രണങ്ങള്‍.
ഇതിനിടയില്‍ മീനാകുമാരിയുടെ അമ്മയായ ഇഖ്ബാല്‍ ബീഗം മരണപ്പെട്ടതും അവരെ മാനസികമായി തകര്‍ക്കുന്നു. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ കവിതാരചനക്ക് ശ്രമിക്കുന്നുണ്ട്. നാസ് എന്ന തൂലികാനാമത്തിലായയിരുന്നു അവര്‍ കവിതയെഴുതിയത്. (സുഹൃത്തും കവിയുമായ ഗുല്‍സാര്‍ അവ പിന്നീട് ‘Tanha Chand’ എന്ന പേരില്‍ മരണാനന്തരം പ്രസിദ്ധീകരിച്ചു ).

കമല്‍ അമ്രോഹിയുടെയും മീനാകുമാരിയുടെയും സ്വപ്നസംരംഭമായ പാകീസ (Pakeezah) എന്ന ചിത്രം 1950 കളുടെ മധ്യത്തില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഈ ചിത്രം നീണ്ടു പോകുകയാണ് ഉണ്ടായത്. ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന് ഉറപ്പായതോടു കൂടി 1964 – ല്‍ മീനാകുമാരിയും കമല്‍ അമ്രോഹിയും വേര്‍പിരിഞ്ഞു.
കാജല്‍ (1965), ഫൂല്‍ ഔര്‍ പത്ഥര്‍ (1966), ബഹു ബേഗം (1967) എന്നീ മികച്ച ചിത്രങ്ങള്‍ അവരുടേതായി പുറത്ത് വന്നു. മികച്ച നടി എന്ന നിലയില്‍ അറിയപ്പെടുമ്പോഴും അവര്‍ കൂടുതല്‍ ഏകാന്തതയിലേക്ക് വഴുതി വീഴുകയായിരുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി അവര്‍ മദ്യത്തില്‍ അഭയം തേടി. പിന്നീട് ഉറക്കം വരാനായി അടക്കം അവര്‍ക്ക് മദ്യം വേണ്ടി വരുന്ന അവസ്ഥയിലേക്കെത്തുന്നു. 1960-കളുടെ അവസാനത്തോടെ ആദായനികുതി റിട്ടേണുകളിലെ ക്രമക്കേടുകളെ തുടര്‍ന്ന് ഏകദേശം 8.5 ലക്ഷം നികുതിക്കുടിശ്ശികയുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതായും, തുടര്‍ന്ന് അവരുടെ സ്വത്തുക്കളും ചില വ്യക്തിഗത വസ്തുക്കളും വകുപ്പിന്റെ നിയന്ത്രണത്തിലായതായും ചില നിരൂപകര്‍ രേഖപ്പെടുത്തുന്നു.
ഇതെല്ലാം അനുഭവിച്ചതിനെ തുടര്‍ന്ന് കടുത്ത മദ്യപാനിയായ അവര്‍ക്ക് ലിവര്‍ സിറോസിസ് രോഗം സ്ഥിരീകരിക്കുന്നു. ഡോക്ടര്‍ മാരുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് വീണ്ടും അവര്‍ മദ്യപിച്ചു. ക്രമേണ അവരുടെ സൗന്ദര്യം ക്ഷയിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ചന്ദന്‍ കാ പാല്‍ന (1967), മജ്‌ലി ദീദി (1967), അഭിലാഷ (1968), ബഹാരോന്‍ കി മന്‍സില്‍ (1968), ജവാബ് (1970), സാത് ഫേരേ (1970), മേറെ അപ്‌നേ (1971), ദുഷ്മന്‍ (1971), ഗോമതി കെ കിനാരേ (1972) എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനയിക്കുന്നുണ്ട്.
പിന്നീട് സിനിമ ഉപേക്ഷിക്കപ്പെടുമെന്ന അവസ്ഥയിലെത്തിയ കമല്‍ അമ്രോഹി പാകീസ പൂര്‍ത്തീകരിക്കാന്‍ സഹായിക്കണമെന്ന് മീനാകുമാരിയോട് ആവശ്യപ്പെട്ടു. കടുത്ത രോഗബാധിതരായിരുന്നെങ്കിലും നല്ല മനസ്സിന് ഉടമയായ അവര്‍ അതിന് സമ്മതിച്ചു. വ്യക്തിജീവിതത്തില്‍ അകന്നിരുന്നെങ്കിലും, കലയോടുള്ള പ്രതിബദ്ധതയാണ് അവരെ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ പാകീസയുടെ ചിത്രീകരണം നടന്നു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരിയായ നായികയുടെ അവസ്ഥ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അവരുടെ ആരോഗ്യം ക്ഷയിച്ചിരുന്നെങ്കിലും കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. പാകീസയുടെ ചിത്രീകരണം പൂര്‍ത്തിയായി. അങ്ങനെ നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1972-ല്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടു. പാകീസയുടെ റിലീസിനു ശേഷം രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു മീനാകുമാരി. ഏതാനും ആഴ്ചകള്‍ക്ക് ശേഷം അവര്‍ മരണപ്പെട്ടു. അവരുടെ അവസാനത്തെ ആഗ്രഹത്തിനായി പ്രകൃതി സമയം നല്‍കിയത് പോലെയായിരുന്നു പാകീസ ചിത്രത്തിലെ അഭിനയം.
റിലീസ് ചെയ്ത സമയത്തില്‍ പാകീസയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും മീനാകുമാരിയുടെ മരണത്തെ തുടര്‍ന്ന് അവരുടെ അവസാനത്തെ സിനിമ എന്ന നിലയില്‍ പ്രേക്ഷക ശ്രദ്ധ അതിന് ലഭിച്ചു. തുടര്‍ന്ന് വാണിജ്യപരമായി വലിയ രീതിയില്‍ വിജയിക്കുകയും ചെയ്തു. ഇന്ന് പാകീസ ഇന്ത്യന്‍ ചലച്ചിത്രങ്ങളിലെ ക്ലാസിക്കുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 1972 മാര്‍ച്ച് 31- ന് മുംബൈയിലെ സെന്റ് എലിസബത്ത് നഴ്‌സിംഗ് ഹോമില്‍ വച്ചാണ് മീനാകുമാരി അന്തരിക്കുന്നത്. മരണാനന്തരം മൃതദേഹം വിട്ടുകിട്ടാനാവശ്യമായ 3500 രൂപ പോലും അവരുടെ ബാങ്ക് അക്കൗണ്ടില്‍ ഇല്ലായിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പറയുന്നു.
സ്വാതന്ത്ര്യമായി പറക്കാന്‍ ആഗ്രഹിച്ച വര്‍ണശബളയായ ഒരു പക്ഷിയെ കൂട്ടിലടക്കാനുള്ള ശ്രമം പോലെയായിരുന്നു മീനാകുമാരിയുടെ ജീവിതത്തില്‍ ചിലര്‍ അവരോട് കാണിച്ചത്. ഒരുപാട് മികച്ച വേഷങ്ങളും ശക്തമായ കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ കഴിയുമായിരുന്ന ഒരു അസാധാരണ അഭിനേത്രിയായിരുന്നു അവര്‍. എന്നാല്‍ അവരുടെ അഭിനയമികവിന്റെ പകുതിപോലും ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ ഭാഗ്യമുണ്ടായില്ല എന്നു പറയേണ്ടിവരും. ട്രാജഡി ക്വീന്‍ എന്ന ഒറ്റ വിശേഷണത്തില്‍ അവരെ ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. ഇന്ത്യന്‍ സിനിമയിലെ നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അവര്‍ എന്നും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കലാകാരികളില്‍ ഒരാളായി നിലകൊള്ളുക തന്നെ ചെയ്യും.
***
റഫറന്‍സ്
- https://www.manoramaonline.com/style/she/2026/04/30/meena-kumari-biography-bollywood-tragedy-queen.html
2) https://timesofindia.indiatimes.com/entertainment/hindi/bollywood/news/did-you-know-meena-kumaris-family-didnt-even-have-rs-3500-to-pay-at-the-hospital-after-the-actress-passed-away/articleshow/102333833.cms
3) https://indianexpress.com/article/entertainment/bollywood/meena-kumari-indias-tragedy-queen-who-died-penniless-at-38-was-lost-to-alcohol-and-heartbreak-9486670/
4) https://timesofindia.indiatimes.com/entertainment/hindi/bollywood/news/meena-kumaris-childhood-perished-on-film-sets-treated-as-meal-ticket-by-her-family-i-thought-i-would-go-to-the-studio-/articleshow/123043154.cms
5) https://en.wikipedia.org/wiki/Meena_Kumari
6) https://www.moneycontrol.com/entertainment/when-meena-kumari-spent-her-last-days-alone-with-only-her-diary-for-company-in-which-she-wrote-her-world-article-13540536.html
7) https://www.lokmat.com/filmy/bollywood/meena-kumari-death-anniversary-the-untold-love-story-of-dharmendra-and-meena-kumari-in-marathi-a590/
8) https://grihalakshmi.mathrubhumi.com/cinema/story-of-indian-cinema-s-tragedy-queen-meena-kumari-34dbdb36
9) https://malayalam.news18.com/news/film/movies-lesser-known-facts-about-meena-kumari-on-her-birth-anniversary-mm-547392.html
ലേഖക പരിചയം :

ഉബൈദ് പി. ബി.
മലയാളത്തിൽ സിനിമയും കായികവും ആസ്പദമാക്കി എഴുതുന്നു. ട്രൂ കോപ്പി തിങ്ക് വെബ്സീൻ, ചെണ്ട ഓൺലൈൻ, ജ്ഞാനഭാഷ മൾട്ടി ഡിസിപ്ലിനറി ഓൺലൈൻ ജേർണൽ, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിൽ ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി, മലപ്പുറം സെന്ററിൽ ബി.എഡ്. രണ്ടാം വർഷ വിദ്യാർത്ഥിയാണ്







No Comments yet!