Skip to main content

മഴയും മലയാളിയും – ഒരു ഇടശ്ശേരിക്കാഴ്ച

കേരളത്തില്‍ പ്രളയസമാനസ്ഥിതിയുണ്ടാക്കുന്ന മഴയെ കാലാവസ്ഥ വിദഗ്ദ്ധര്‍ വിവരിക്കുന്നത് ഹ്രസ്വസമയത്തിനുളില്‍ പെയ്യുന്ന അതിതീവ്രമഴ എന്നാണ്. മഴപെയ്യുമ്പോള്‍ അതിതീവ്രമായിരിക്കുകയും അതേസമയം ആകെ മണ്‍സൂണ്‍ കാലത്തു ലഭിക്കുന്ന മഴയേക്കാള്‍ കുറവായിരിക്കുകയും ചെയ്യുന്നു. ഒരു ചെറിയ സമയത്തിനുള്ളില്‍ പെയ്യുന്ന മഴയും തന്‍നിമിത്തമുണ്ടാകുന്ന ഫ്‌ലാഷ് ഫ്‌ലഡുമാണ് വര്‍ത്തമാനത്തിലെ മഴയുടെ സ്വഭാവമെങ്കില്‍ മുമ്പ് സാധാരണയായി മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന നേരിയതോ മിതമായതോ ആയ മഴയാണ് പെയ്യ്തുകൊണ്ടിരുന്നത്. ആഗോളതാപനത്തിന്റെ പ്രത്യാഘാതമായാണ് ഈ മാറ്റത്തെ കാലാവസ്ഥ വിദഗ്ദ്ധര്‍ വിശദീകരിക്കുന്നത്.

മലയാളിക്ക് മഴ അപരിചിതമായ ഒരു അനുഭവമല്ല. നേരിയതോ ശക്തിയായതോ ആയ മഴ നമ്മുടെ ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്നതാണ്. മഴ ഒരു മധ്യവര്‍ഗ കാല്പനികതയായി സംസ്‌കാരിക ഉത്പന്നങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്.. 2018 ലെ പ്രളയത്തോടെയാണ് മഴയെക്കുറിച്ചുള്ള കാല്പനിക മനോഭാവത്തിനു കനത്ത ആഘാതമേറ്റത് കേരളത്തിലെ സമ്പന്നമധ്യവര്‍ഗം സുരക്ഷിതമായി മഴയും ജോണ്‍സണ്‍ മാഷിന്റെ പാട്ടും ആസ്വദിച്ചനുഭവിച്ചു പാര്‍ത്തിരുന്ന റെസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍ വരെ വെള്ളത്തിനിടിയിലായി. പുഴയുടെ സാമീപ്യം തേടി കാല്പനികവിചാരങ്ങളുമായി പുഴയോരങ്ങളില്‍ വീടുവെച്ചവര്‍ക്കും പണികിട്ടി. മഴയെക്കുറിച്ചുള്ള വെപ്രാളമായി തുടര്‍ന്നങ്ങോട്ടുള്ള ഓരോ മണ്‍സൂണ്‍ സീസണും. ആഗസ്ത് മാസത്തോടെയാണ് മലയാളി മധ്യവര്‍ഗങ്ങള്‍ക്ക് മഴയെക്കുറിച്ചുള്ള ആന്തല്‍ തുടങ്ങുന്നത്. പണ്ട് മഴ മാനത്തുനിന്നുമുള്ള കാല്പനിക ഉതിര്‍മണികളായിരുന്നുവെങ്കില്‍ മഴ നടുക്കുന്ന പേമാരിയുടെ ദുസ്വപ്നമായി. കാല്പനികതയില്‍ നിന്നും പതുക്കെ പിന്‍വാങ്ങി പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്ക് മലയാളി ഉണരുകയുണ്ടായി. മണ്‍സൂണ്‍ കഴിയുന്നതോടെ അത് മറന്നുപോകുമെങ്കിലും തോരാതെ പെയ്യുന്ന മഴയും പെട്ടെന്നുള്ള കനത്ത മഴയുമൊക്കെ ഭീതിജനകമായ അനുഭവമായി.

3 people dead, thousands displaced in Kerala Monsoon rains; red alert  sounded in two Kerala districts as rains intensify | India News - The  Indian Express

കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കേരളത്തിലെ അനാസൂത്രിതമായ നഗരവല്‍ക്കരണവും മണ്‍സൂണ്‍ മഴ പ്രളയ സ്വരൂപമാര്‍ജ്ജിക്കുന്നതിനു കാരണമാണ്. കൂറ്റന്‍ കെട്ടിടങ്ങളും നഗരങ്ങളിലെ തോടുകളും മറ്റു ജലം ഒഴുകി പോകാനുമുള്ള സ്രോതസ്സുകളെല്ലാം തന്നെ വന്‍കിട കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാര്‍ തീറെഴുതിക്കൊടുത്തതാണ്. നഗരപ്രദേശങ്ങള്‍ പെട്ടെന്ന് തന്നെ വെള്ളത്തിനടിയിലാകുന്നതിനു കാരണം കാലാവസ്ഥ വ്യതിയാനം ഭൗമിക പ്രതിഭാസം മാത്രമല്ല മനുഷ്യരുടെ പ്രകൃതിവിരുദ്ധമായ ഭാവനശൂന്യ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെകൂടി ഉപലബ്ധിയാണെന്നുള്ള തിരിച്ചറിവ് വൈകിയാണെങ്കിലും മലയാളിക്കുണ്ട് കാല്പനിക രാത്രിമഴയില്‍ നിന്നും മഴയുടെ നാനാര്‍ത്ഥങ്ങളില്‍ നിന്നും വ്യതിരിക്തമായിമഴ സൃഷ്ടിക്കുന്ന ഭീതിതമായ അനുഭവം നമ്മുടെ കവിതകളിലും കഥകളിലും ഇനി ആലേഖനം ചെയ്യപ്പെട്ടേക്കും. ദുഖത്തിന്റെ തോരാമഴയാനുഭവമായും ഇനി ഒരുപക്ഷെ മഴയെക്കുറിച്ചെഴുതാന്‍ കഴിഞ്ഞെന്നു വരില്ല. മഴയുടെ പ്രഹരങ്ങള്‍ അനേക ഭാവങ്ങളില്‍ ഭാഷയില്‍ രേഖപ്പെടുത്തുമ്പോഴും മാധ്യമഭാഷ തലക്കെട്ടുകളില്‍ സ്ഥിരമായി കാണുന്ന ‘ദുരിതപെയ്ത്തു’ എന്നവിധം രേഖപ്പെടുത്തുന്നതിനെക്കുറിച്ചല്ല പറയുന്നത്. അതിജീവനത്തിന്റെതായ ഒരു ചലനാത്മക ഭാഷ കണ്ടെത്തേണ്ടിവരും.

കാല്പനികത എന്ന പദമാണ് ഇത്രയും കുറിച്ചതില്‍ കൂടുതലായും ഉപയോഗിച്ചത്. എന്നാല്‍ കാല്പനിക ഭാവത്തോട് നീരസം പ്രകടിപ്പിക്കുന്ന പരുപരുത്ത യാഥാര്‍ഥ്യത്തിന്റെ അനുഭവം കവിതയുടെ അനുഭവലോകത്തിലേക്ക് കൊണ്ടുവന്ന ഇടശ്ശേരി മഴയെക്കുറിച്ചു എഴുതിയത് സത്യത്തില്‍ ആശ്വാസജനകമാണ്. കാലാവസ്ഥ വ്യതിയാനമോ ആന്ത്രോപോസീനോ ഒരു ആലോചനപോലുമാകാത്ത ഒരു കാലത്തില്‍ മഴയെ ഇടശ്ശേരി കവിതയാക്കിയത് അദ്ദേഹത്തിനുശേഷം വരുന്ന എത്രയോ മലയാളികളുടെ തലമുറയെ സമാശ്വസിപ്പിക്കാനാണെന്നു അനുഭവപ്പെടും. ഇടശ്ശേരിയുടെ ‘മലയാളി’ എന്ന കവിതയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇടശ്ശേരിയുടെ ഈ കവിത മാത്രമല്ല പല കവിതകളും നമ്മള്‍ ജീവിക്കുന്ന കാലത്തിനുള്ള Reassurance കളാണ്. അത്തരത്തിലുള്ള ഒരു Reassurance നല്‍കുന്ന ഒരേസമയം മഴക്കാലകവിതയും മലയാളിക്ക് രാഷ്ട്രീയ ആത്മവിശ്വാസം പകരുന്നതുമായ കവിതയാണ് ‘മലയാളി’. ഇടശ്ശേരി 1974 -ല്‍മരണപ്പെട്ടു. ഈയുള്ളവന്‍ ജനിച്ചപ്പോഴേക്കും മഹാകവി വിടപ്പറഞ്ഞിരുന്നു. ‘മലയാളി’ എന്ന കവിത എഴുതിയ വര്‍ഷം ഇടശ്ശേരി കവിതകളുടെ സമാഹാരത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും അമ്പതുകള്‍ക്ക് മുമ്പാണെന്നു ഗണിക്കാം.

Mahakavi Edasseri Govindan Nair
ഇടശ്ശേരി ഗോവിന്ദൻ നായർ

മഴയുടെ പ്രചണ്ഡഭാവം താമസിക്കുന്ന ഫ്‌ലാറ്റിനു പുറത്തു തകര്‍ക്കുമ്പോള്‍ ഇതിലെ ആദ്യ വരി ആശ്വാസകരമാണ്. കാലാവസ്ഥ വ്യതിയാനം നമ്മുടെ ഭീതിതമായ അനുഭവമാകുന്നതിനു മുമ്പ് എഴുതപ്പെട്ടതാണല്ലോ ഈ കവിത എന്നാണ് അതിനുള്ള പ്രധാന കാരണം. മാത്രമല്ല, അന്നത്തെ സാമൂഹിക ജീവിതത്തില്‍ ആധുനികത ഒരു അതിശയ ആശയമായി പടര്‍ന്നുക്കയറുന്ന സമയവുമാണ്. ആധുനികത സമം വികസനം എന്നാണല്ലോ പ്രമാണം. വികസനം എന്നാല്‍ മനുഷ്യ നിര്‍മിതികള്‍ എന്നാണ് വിവക്ഷ. ‘കുറ്റിപ്പുറം പാല’ ത്തിലെ ആധുനികത ഒരു സാമൂഹിക ജീവിതത്തിന്റെ മുന്നേറ്റത്തിന്റെ വിശ്വാസമായി അന്നത്തെ പുത്തന്‍ തലമുറകള്‍ ഉള്‍ക്കൊണ്ടു തുടങ്ങുന്ന സമയമാണ്. സവര്‍ണ്ണ തറവാടുകളില്‍ സര്‍പ്പക്കാവ് എന്ന പൊന്തക്കാട് കുടുമ അറക്കുന്നപോലെ എല്ലാം വെട്ടിക്കളയുന്ന കാലമാണ്. വെട്ടിവെളുപ്പിക്കുന്തോറുമുള്ള വെളിച്ചത്തിന്റെ വേലിയേറ്റം കണ്ട വൈലോപ്പിള്ളിക്ക് ഉത്സാഹമായിരുന്നു. എന്നാല്‍ നിയൊക്ളാസിസ്റ്റെന്ന് പ്രസ്ഥാനവാദക്കാര്‍ വര്‍ഗീകരിക്കുന്ന ഇടശ്ശേരി പുരോഗമനത്തെ ആശ്ലേഷിക്കുമ്പോഴും സന്ദേഹിയാണ്. അതുകൊണ്ടു ചുമ്മാ കണ്ടതൊക്കെ പെരുപ്പിച്ചു പറയലല്ല പകരം അല്പം കരുതലോടെ ഒന്നാലോചിച്ചു സന്ദേഹിച്ചു പറയുന്നതാണ് ഇടശ്ശേരിയുടെ യഥാതഥബോധം. ഇങ്ങനെയുള്ള വിമര്‍ശനാത്മക യാഥാര്‍ഥ്യബോധത്തോടെയായതുകൊണ്ടു ഇടശ്ശേരിയുടെ അലങ്കാരങ്ങളും വര്‍ണ്ണനകളും നമ്മുക്ക് വിശ്വാസയോഗ്യമാകും.

ഇടശ്ശേരിയുടെ ‘മലയാളി’ എന്ന കവിത ആരംഭിക്കുന്നത് കേരളത്തിന്റെ പ്രമാദമായ പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഒരു ഉഗ്രന്‍ ഘട്ടത്തിലാണ്. നേര്‍ത്ത വിഷാദാത്മകമായ ഒരു മഴ ചൊരിയിലല്ല, പിന്നെയോ:

തുമ്പിക്കൈ വണ്ണത്തില്‍പ്പേമഴ പെയ്യട്ടെ

വിജൃംഭിക്കും കാളാമ്പുവാഹം

ചീറ്റിയടിക്കും കൊടുംകാറ്റില്‍ വന്മര-

ക്കൂട്ടം പതിക്കട്ടെ നീളെ,

ദുര്‍മദ്ദശക്തികളൊക്കെയിളക്കിയിട്ടു

കുത്തിമറിഞ്ഞു വന്നോട്ടെ,

അപ്പോഴാണുത്സവ, മാപ്പോഴാണുത്സാഹ,-

മപ്പോഴദമ്യനീ മര്‍ത്യന്‍.

കൂറ്റന്‍ കൊടുമുടി നട്ട വിത്താണിവന്‍

ക്രൂരക്കൊടുന്തിരയിങ്കല്‍!

അമ്പോ അമ്പോ! കൊടുമഴയെ പേടിക്കേണ്ടവരല്ല മലയാളികള്‍. അന്നത്തെ മഴയെപ്പറ്റി ഇടശ്ശേരി വിശദീകരിക്കുന്നത് നോക്കുക. തുമ്പികൈ വണ്ണത്തിലാണ് മഴ പെയ്യ്തിറങ്ങുന്നത്. വെറും പെയ്ത്തല്ല. കൊടുങ്കാറ്റിന്റെ അട്ടഹാസവുമുണ്ട്. ഇടിവെട്ടിനെക്കുറിച്ചുപറയാത്തതുകൊണ്ടു ഇത് തുലാം മാസത്തിലെ മഴയല്ല. ദുര്‍മദ്ദശക്തികളെയൊക്കെ ഇളക്കിവിട്ടു കുതിച്ചുവരുന്ന മഴപ്രവാഹം കര്‍ക്കിടകം-ചിങ്ങത്തിലെ മഴ തന്നെ. മലയാളിയുടെ പടിഞ്ഞാറന്‍ കാലവര്‍ഷം. മലയാളിക്ക് ഇതൊരു ഭീതിജനകമായ അനുഭവമല്ല മറിച്ചു ഉത്സാഹത്തിന്റെയും ഉത്സവത്തിന്റെയും അരങ്ങേറ്റമാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്നതാണ് ഇടശ്ശേരിയുടെ മലയാളിയും മഴയുമായുള്ള ഐക്യത്തിന്റെ വര്‍ണ്ണന. മലയാളിക്ക് പേടിക്കാനെന്തിരിക്കുന്നു? കൂറ്റന്‍ കൊടുമുടി നട്ട വിത്താണവന്‍. മാത്രമോ? ക്രൂര കൊടും തിര എന്നാല്‍ ഇളകിമറയുന്ന കടലിന്റെയും സന്തതിയാണ് മലയാളി. മലയും അലകടലും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് മലയാളിയുടെ പ്രകൃതം.അങ്ങനെയുളള ഒരു ജനതതി കൊടുംമഴ കണ്ടു പേടിക്കുകയോ.

മഴയുടെ അപ്രവചനീയതയാണ് മലയാളി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. കാലാവസ്ഥ മാറ്റവുമായി ഇതും ബന്ധപ്പെട്ടിട്ടിരിക്കുന്നു. മഴയുടെ ഈ സ്വഭാവമാറ്റം നമ്മുക്ക് ഇന്ന് കൂടുതലായി അനുഭവവേദ്യമാകുന്നുണ്ടെങ്കിലും കാലാവസ്ഥയിലെ മാറ്റം ഒരു ഹ്രസ്വകാലംകൊണ്ട് സംഭവിക്കുന്നതല്ല. ഭൗമപ്രകൃതിയിലെ ഏതൊരു മാറ്റവും സഹസ്രാബ്ദങ്ങളുടെ സൃഷ്ടിയാണെങ്കില്‍ മഴയുടെ ഈ സ്വഭാവഘടനയിലെ പരിണിതികള്‍ ദശബ്ദങ്ങളുടെയെങ്കിലും ഫലമാണ്. നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പോലും മാറ്റത്തിന്റെ കൃത്യമായ സൂചനകള്‍ എത്രയോ സംവത്സരങ്ങളായി മലയാളിക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല ആഗോളമായി തന്നെ കാലാവസ്ഥ മാറ്റത്തിന്റെ ആഘാതങ്ങള്‍ പരിസ്ഥിതിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ചുട്ടുപൊള്ളുന്ന യൂറോപ്പും വെള്ളപ്പൊക്കത്തില്‍ മുങ്ങുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളുമെല്ലാം പരസ്പരബന്ധിതമായ പ്രകൃതിക്ഷോഭങ്ങളാണ്.

മഴയുടെ വരവിലും പോക്കിലുമുള്ള ഈ മാറ്റങ്ങള്‍ എവിടെയും ഉണ്ടെന്നും തികച്ചും പുതുതായി പ്രതിഭാസമല്ലെന്നും പറഞ്ഞുക്കൊണ്ടു മഴ സൃഷ്ടിക്കുന്ന ദുരിതങ്ങളെ സാമാന്യവല്ക്കരിക്കുകയല്ല. കഴിഞ്ഞൊരു നൂറ്റാണ്ടിനുള്ളില്‍ മനുഷ്യ നിര്‍മിതികളുടെ പാകപ്പിഴവുകളാണ് കൂടുതലായും പാരിസ്ഥിതിക ആഘാതമായി അനുഭവപ്പെടുന്നുണ്ട്. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്തി കൂറ്റന്‍ സമുച്ഛയങ്ങള്‍ പണിതപ്പോള്‍ പ്രകൃതിയുടെ സഹജമായ ജൈവവ്യവസ്ഥയായി പ്രകൃതി സ്വയം സിദ്ധമായി സൃഷ്ടിച്ച ആവാസവ്യവസ്ഥയെ ഇല്ലാതാക്കിക്കൊണ്ടാണ് മനുഷ്യര്‍ സ്വന്തം നിലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പൊക്കിയത്. മൂലധനത്തിന്റെ സമഗ്രാധികാരവും അധിനിവേശങ്ങളുമാണ് ഇതിനു കാരണമായത്. ആന്ത്രോപോസീന്‍ (Anthropocene) എന്നതിനെ ക്യാപിറ്റലോസീന്‍ (Capitalocene) എന്ന് വിളിക്കുന്നത് അതുകൊണ്ടാണല്ലോ.

മഴയിലെ ഗതിമാറ്റങ്ങള്‍ നരവംശം പിന്തുടര്‍ന്ന വികസന മാതൃകകളുടെ നിരാകണമെന്നിരിക്കെ നമ്മള്‍ അത് മനസ്സിലാക്കുമ്പോഴും അതിനെ മറികടക്കാന്‍ നമ്മുക്കാകുന്നില്ല. മഴ മാറിയാല്‍ നമ്മള്‍ സംഭവിച്ചതെല്ലാം മറക്കുന്നു. നമ്മള്‍ പുനര്‍കാല്പനികരാകുന്നു. വികസനകാല്പനികത എന്നു വേണം ഇതിനെ മനസ്സിലാക്കാന്‍.

ഇടശ്ശേരിയുടെ കവിതയില്‍ മഴ മലയാളിയുടെ സ്വഭാവസവിശേഷതയോടെ ചേര്‍ത്താണ് പ്രതിപാദിക്കപ്പെടുന്നത്. മലയാളിക്ക് ആത്മവിശ്വാസം പകരുക എന്നൊരുദ്ദേശം കൂടി ഇടശ്ശേരിക്കുണ്ടെന്നു നേരത്തെ വിശദീകരിച്ചുവല്ലോ. മഴ മാറി ആകാശം വെളുത്താല്‍ മലയാളി തന്റെ സ്വഭാവത്തിന്റെ മറ്റൊരു ഭാവം പ്രകടമാക്കുമെന്നാണ് ഇടശ്ശേരി കവിതയുടെ അടുത്തവരികളില്‍ വരച്ചിടുന്നത്:

കാര്‍മുകില്‍ മായ്വേ തുമ്പക്കുടങ്ങളില്‍-

ക്കാമ്യമാം പുഞ്ചിരി ചുഴ്‌കെ,

മഞ്ഞക്കിളികളെത്താലോലമാട്ടുന്ന

കുഞ്ഞിളം കാറ്റും ചിരിക്കെ,

ഉണ്ണികള്‍ക്കോണമാ,ണുന്മിഷദ്രാഗകള്‍

പെണ്ണുങ്ങള്‍ പാടികളിക്കും

പാഴിടിയുണ്ടാക്കുമുദ്ബാഹുവായ് നിന്ന-

പ്പോഴുമിസ്സാഹസ ശീലന്‍!

ലോലഹൃദയാണ് പോലും മലയാളിയുടെ .മഴയൊഴിഞ്ഞു കാര്‍മേഘം വാനം വിട്ടാല്‍ പിന്നെ ആഘോഷപുലരിയായി. ആകെ ഉത്സവാന്തരീക്ഷം. കളിയും ക്രീഡയുടെയും ആനന്ദമാണ്. മഴയെ സാഹസികമായി നേരിട്ടതിനുശേഷം പിന്നെ മല്ലു പുരുഷന് പിടിച്ചുനില്‍ക്കാന്‍ ഇടിയുടെ സ്വഭാവമൊക്കെ അനുകരിക്കണം എന്ന പ്രശ്‌നമേയുള്ളൂ. പെണ്ണുങ്ങളും ആഹ്‌ളാദത്തിലാണ്. അതിനോടൊത്തു പിടിച്ചുനില്‍ക്കാന്‍ സാഹസികഭാവപ്രകടനമല്ലാതെ മറ്റൊന്നുമില്ല മല്ലു പുരുഷന്റെയടുത്തു. ‘തേങ്ങ’ എന്നാണത്രെ മല്ലു ആണുങ്ങളെ ഉത്തരേന്ത്യന്‍ സര്‍വകലാശാല കാമ്പസുകളില്‍ മുമ്പൊക്കെ വിളിച്ചിരുന്നത്. പഴയ കഥയാണ്. പുറത്തേക്ക് മെതിയാത്ത പ്രാകൃതമായി പ്രകടമാകുന്ന മലയാളി പുരുഷന്‍ സ്വത്വ സംരക്ഷണം നടത്തുന്നത് ഈ മസ്സില്‍പിടിത്തത്തിലൂടെയാണ്. അല്ലാത്ത പക്ഷം വമ്പിച്ച സ്വത്വ നഷ്ടമാണ് സംഭവിക്കുക എന്നാണ്.

എന്നാലോ ഉള്‍ലോലനായ ഇയാള്‍ പ്രണയങ്ങളില്‍ അങ്ങേയറ്റം ചപലനാവുകയും ഉള്ളം ആസ്വാദ്യവുമാക്കുന്നു. ഈ വിരുദ്ധഭാവത്തെ പ്രകൃതിയോട് ഇണക്കിയാണ് ഇടശ്ശേരി വിവരിക്കുന്നത്. മഴപെയ്തത്തു ക്കഴിഞ്ഞാല്‍ പിന്നെ മഴയുടെ നൊസ്റ്റാല്‍ജിയായി മലയാളിക്ക്. നൊസ്റ്റാള്‍ജിയ നൊസ്റ്റാലര്‍ജിയുമാണ് (nostallergy) മലയാളി മനോഭാവങ്ങളില്‍. പ്രളയത്തെ നേരിട്ട സാമൂഹിക സാഹസങ്ങളൊക്ക അയവിറക്കാനും വീരസ്യം പറയാനുമുള്ള സമയമാണ്. മാത്രമല്ല, അടുത്ത പരിപാടി പുനര്‍നിര്‍മിതിയാണ്. ചര്‍ച്ചകളും സിമ്പോസിയങ്ങളും കര്‍മ്മപരിപാടികളും കഴിഞ്ഞു പറ്റുമെങ്കില്‍ വിദേശത്തു പോയി മഴക്കാലത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചുള്ള വിദഗ്ധ പഠനവും. നദിക്ക് ഒരു മുറി എന്ന വീമ്പന്‍ പഠനപരിഹാരങ്ങളുമാണ് അടുത്തപരിപാടികളില്‍ മുഖ്യ ഇനം. കുറച്ചുകാലത്തേക്കുള്ള ഈ വീമ്പടിയുമായി ഭരണപക്ഷക്കാരും അതിനെ പൊളിക്കാനായി എതിര്‍പക്ഷക്കാരും. മലയാളികള്‍ ബഹുഭൂരിപക്ഷവും പ്രളയക്കെടുതിക്കുശേഷം വീടുകളിലേക്ക് തിരിച്ചെത്തി കക്ഷിയുദ്ധത്തിന് ഗാലറിയിലിരുന്നു നിശ്ശബ്ധ സാക്ഷികളാകാന്‍ തയ്യാറാണ്. മലയാളിയുടെ ആഘോഷങ്ങളില്‍ കക്ഷിപോര് ഒരു വിനോദമാണ്. മാധ്യമങ്ങള്‍ക്കറിയാം അതെങ്ങനെ മലയാളിയുടെ മനസ്സിനിണങ്ങും വിധം കൊഴുപ്പിക്കണമെന്ന്.

മഴയുടെ വാഴ്ത്തും അതുമായി ബന്ധപ്പെടുത്തി മലയാളിയെ അടയാളപ്പെടുത്തിയതിനുശേഷം ഇടശ്ശേരി തന്റെ കാഴ്ചപ്പാടില്‍ എന്താണ് മലയാളിയുടെ തനിപ്രകൃതം എന്നാണ് വിവരിക്കുന്നത്. സാമൂഹ്യമായ അടിച്ചമര്‍ത്തലുകളെയും ജാതി മര്‍ദനങ്ങളക്കെതിരെ പോരാടി ജയിച്ചൊരു ആധുനിക മലയാളിയാകണം ഇടശ്ശേരി ഇവിടെ പ്രതിപാദിക്കുന്ന മലയാളി. അങ്ങനെ ചിന്തിക്കാനുള്ള കാരണം ഫ്യുഡല്‍ പെരുംആജ്ഞകളെ തൃണവല്‍ഗണിക്കുന്ന ഒരു മലയാളിയെയാണ് ഇടശ്ശേരിയുടെ വാങ്മയത്തില്‍ കാണുക:

തല്ലും തടവും കളിയ്‌ക്കെടുപ്പോര്‍ക്കൊരു

പുല്ലാണ് ജീവിതമെങ്കില്‍

പുല്ലിലും പുല്ലാണധീശഹസ്തത്തിലെ

‘കൊല്ലും കൊലയ്ക്കു’മുള്ള ചട്ടം

ജീവിതത്തെയും അതിന്റെ ക്ലേശങ്ങളെയും പുല്ലുപോലെ കരുതുന്ന മലയാളിയ്ക്ക് കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരുടെ നിയമങ്ങളും തീട്ടൂരങ്ങളും വെറും പുല്ല്. മെക്കെട്ടുകയറി ഭരിക്കാന്‍ വരുന്നവരെ എവിടെ നിര്‍ത്തണമെന്ന് മലയാളിക്ക് അറിയാം എന്ന് സാരം. ദാര്‍ഷ്ട്യവും അധികാരപ്രമത്തയും കൈയില്‍വെച്ചാല്‍ മതിയെന്ന്. ഫ്യുഡല്‍ സാമൂഹിക ഘടനയോടും ജന്മികളോടും പോരാടിയവരുടെയുള്ളില്‍ അതിനെ അനുകരിക്കുന്ന ഒരു സാമൂഹിക പ്രക്രിയ അധികാരരാഷ്ട്രീയത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് സംശയിക്കണം. പഴയ ജന്മി തമ്പുരാന്റെ ഭാഷയും ഭാവവുമാണ് കേരളത്തിലെ ആധുനിക അധികാരികള്‍ക്ക്. ഇത് ഇടശ്ശേരിയുടെ കാലത്തേക്കാള്‍ ജനാധിപത്യം എത്രയോ പുരോഗമിച്ച നമ്മുടെ കാലത്തും അനുഭവവേദ്യമാകുന്ന യാഥാര്‍ഥ്യമാണ്. ഇടശ്ശേരിയുടെ കാലത്തില്‍ ഫ്യുഡല്‍ സാമൂഹിക ഘടന അകത്തു നിന്നും പുറത്തും നിന്നും തകര്‍ന്നുക്കൊണ്ടിരിക്കുന്ന കാലമാണ്. അതിന്റെ ആദ്യ ഒരു ഘട്ടമായിരുന്നുവതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ ഈ കവിത വായിക്കുന്ന വേളയില്‍ ഫ്യുഡല്‍ സാമൂഹിക ഘടന ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. അതേസമയം,, പുനര്‍ഫ്യുഡലീകരണം സാമൂഹിക ജീവിതത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. ഇടശ്ശേരിയുടെ കാലത്തില്ലാതിരുന്ന ഫ്‌ലക്‌സ് പോലുള്ള പരിസ്ഥിതി വിനാശകരമായ വസ്തുക്കളിലൂടെയും മറ്റുമാണ് പുനര്‍ഫ്യുഡലീകരണം മലയാളിക്ക് നേരെ മോന്തായം കാട്ടുന്നത്. അവിടെയാണ് ഇടശ്ശേരി വിവരിക്കുന്ന മലയാളി പ്രകൃതി മലയാളിക്ക് മാത്രമല്ല ജനാധിപത്യത്തിനു തന്നെ ആശ്വാസകരമാകുന്നത്. ഇടശ്ശേരിയുടെ വരികള്‍ ഇങ്ങനെയാണ്:

കൂര്‍പ്പിച്ചു നോക്കേണ്ട, വിസ്തരിച്ചിട്ടൊന്നു

കൂകുവാനാണ് വട്ടം

ഉദ്ധതനാകേണ്ടവന്‍ കുനിയുന്നുണ്ടെങ്കില്‍-

ച്ചെത്തിലെ കല്ലുകള്‍ വരുവാന്‍

അരാജകവാദിയായ മലയാളി എന്നൊരു രാഷ്ട്രീയ ലേഖനം കെ പി അപ്പന്‍ എഴുതിയിട്ടുണ്ട്. സ്വതേ അരാഷ്ട്രീയവാദിയായ കെ പി അപ്പന്‍ മലയാളിയുടെ വോട്ടിങ് രീതിയെക്കുറിച്ചു നടത്തിയ നീരിക്ഷണമാണ് അരാജകവാദി എന്ന നിലയ്ക്കുള്ള മലയാളി സര്‍ക്കാരുകളെ താഴെ ഇറക്കിയും അധികാരത്തിലേറ്റിയുമുള്ള രാഷ്ട്രീയ പ്രതികരണരീതിയെക്കുറിച്ചു. അപ്പന്‍ സാറിന് കാണാന്‍ പറ്റിയില്ലെങ്കിലും അങ്ങനെയല്ലാതെയും മലയാളി വോട്ടു ചെയ്തിട്ടുണ്ട്. അത് കണ്ടിട്ട് ചില മാധ്യമങ്ങളെങ്കിലും മലയാളിയുടെ ഈ ‘അരാജക’ പ്രകൃതിയില്‍ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നു നീരിക്ഷിക്കാന്‍ തുടങ്ങിയതും അത്തരം പ്രവചനങ്ങളെ തെറ്റിച്ചുകൊണ്ട് വീണ്ടും മലയാളി തന്റെ രാഷ്ട്രീയ നിലപാട് ഉഗ്രശേഷി തിരുത്തലോടെ പ്രകടമാക്കി, തിരഞ്ഞെടുപ്പില്‍. ഇടശ്ശേരി ഇതിനെ വിളിക്കുക: മാര്‍ക്കട പ്രകൃതി എന്നാണ്. ഒരിടത്തു തങ്ങിനില്‍ക്കില്ല എന്നു തന്നെ. മലയാളി കുനിയുകയാണെങ്കില്‍ തെറ്റിദ്ധരിക്കേണ്ട അധികാരത്തിന്റെ മുമ്പില്‍ താഴുകയല്ല പകരം കാലിനു നൊന്തലുണ്ടാക്കുന്ന ച്ചെത്തികല്ലുകള്‍ പെറുക്കി കളയാനാണ് എന്നും ഇടശ്ശേരി സ്തുതിക്കുന്നുണ്ട്.

ഉള്‍ക്കടമാകേണ്ട ഭാവം, പ്രതികാര

മാര്‍ക്കടവാസമാ രൂപം!

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ഒരിടത്തു തന്നെ നിലക്കൊള്ളുമെന്നു അധികാരികള്‍ പ്രതീക്ഷിച്ചിരുന്ന തുടരധികാരം മലയാളി തനിക്ക് കിട്ടിയ അടുത്ത അവസരത്തില്‍ അമിതാധികാരത്തിന്റെ ഹുങ്കിനെ പുല്ലുപോലെ പറിച്ചറിഞ്ഞു, പ്രതികാരവഞ്ഛയോടെ. അതുകൊണ്ട് അധികാര രാഷ്ട്രീയത്തിനു വിധേയപ്പെടുമെന്ന പ്രതീക്ഷയില്‍ മലയാളിയെ അങ്ങനെ നമ്പേണ്ട എന്നാണ് ഇടശ്ശേരി ദീര്‍ഘദര്‍ശനം ചെയ്യുന്നത്. ഇത് എക്കാലത്തിലും ഏതൊരു രാഷ്ട്രീയകക്ഷിക്കും, ഭരണാധികാരിക്കും. സര്‍ക്കാരിനും ബാധകമായ കാര്യമാണ്. സമീപകാല മഴപ്പോലെ അപ്രവചനീയവുമാണ്!

തുടര്‍ന്നുള്ള വരികള്‍ മലയാളിക്ക് ആത്മവിശ്വാസദായകമാണെങ്കിലും തീര്‍ത്തും അതിശയോക്തിപരമാണ്. അത്രയ്ക്ക് അതിശയോക്തി വേണ്ടിയിരുന്നോ എന്ന് തോന്നിപോകും വായിച്ചാല്‍. എങ്കിലും ഇടശ്ശേരി വര്‍ണ്ണിക്കുന്നത് മലയാളി എന്ന ആദര്‍ശാത്മക വ്യക്തിത്വത്തെയാണ്. ആദര്‍ശാത്മകത യാഥാര്‍ഥ്യവുമായി എപ്പോഴുമൊരു മല്‍പ്പിടുത്തത്തിലാണല്ലോ ഇടശ്ശേരി. വിധേയനല്ലാത്ത മലയാളിയെ കൊമ്പനാന എന്നാണ് ഇടശ്ശേരി വിശേഷിപ്പിക്കുന്നത്. അത്തരം രൂപകലാവണ്യമുള്ള മലയാളിയെ തളയ്ക്കാന്‍ കറ്റക്കയറുകള്‍ പോരാ എന്നാണ്. എങ്കിലും അയാളെ വലിച്ചുമുറുക്കാം- എങ്ങനെ? തിരഞ്ഞെടോപ്പിനോടനുബന്ധിച്ചു സാമ്പ്രദായിക രാഷ്ട്രീയക്കാര്‍ പ്രയോഗിക്കുന്ന തന്ത്രം തന്നെ. അയാളുടെ ലോലലോല മനസ്സിനെ ബന്ധിക്കുക, പട്ടുനൂല്‍പ്പോലുള്ള മൃദുവാക്കുകളാല്‍. മര്‍ക്കടനായ മലയാളിയെ വീഴ്ത്താനും ഇതാണൊരു മാര്‍ഗം.

കെട്ടിയിടേണമോ താങ്കള്‍ക്കീയാനയെ?

കറ്റക്കയറുകള്‍ പോരാ

മുറ്റും മൃദുലമാം പൂങ്കരള്‍ നൂറ്റൊരു

പട്ടുന്നൂലെങ്കിലോ പറ്റും.

കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമായി ബന്ധപ്പെടുത്തി മലയാളിയുടെ സ്വത്വം വര്‍ണ്ണിച്ചതിനുശേഷം ഇടശ്ശേരി മലയാളിയുടെ പ്രകൃത രൂപീകരണത്തെ അമ്മദേവതസങ്കല്പവുമായി ബന്ധപ്പെടുത്തുന്നുണ്ട്. നാടോടി ഹൈന്ദവതയുടെ ഭക്തിസങ്കല്പത്തിനകത്തു നിന്നാണ് മലയാളിയുടെ പ്രകൃതത്തെ വര്‍ണ്ണിക്കുന്നത്. പി കുഞ്ഞിരാമന്‍ നായരുടെ ഭക്തിസങ്കല്പങ്ങളുമായി ഒരുവേള സാദൃശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും, കേരളീയമായ ദേവതസങ്കല്പവുമായാണ് ഇടശ്ശേരിയുടെ മലയാളി വര്‍ണ്ണയ്ക്ക് ആത്മബന്ധം. അത് മുഖ്യധാരാ ഹൈന്ദവഭക്തിയുടെ വ്യുല്‍പനമല്ല. കാളിസങ്കല്പമാണ് മലയാളിയുടെ സ്വത്വം നിര്‍ണയത്തിന് ഇടശ്ശേരി കൂട്ടുപിടിക്കുന്നത്. ഭദ്രകാളി ദേവതാസങ്കല്പത്തിന്റെ പ്രാചീനമായ വിശ്വാസത്തിലധിഷ്ഠിതമാണ്. പ്രകൃതിയുടെ ഉര്‍വരതയും അതേസമയം ക്ഷോഭമൂര്‍ത്തിയായുള്ള രൗദ്രതാണ്ഢവും സമ്മേളിതമാണ് കാളിയുടെ സങ്കല്പത്തില്‍. പ്രകൃതി തന്നെയാണ് കാളിസങ്കല്പത്തില്‍ രൂഢമൂലമാകുന്നത്. മലയാളിയുടെ സ്വത്വത്തിന്റെ ഈ സവിശേഷതയെക്കുറിച്ചു ഇടശ്ശേരി വര്‍ണ്ണിക്കുന്നത് ഇങ്ങനെ:

മാറിലമ്മിഞ്ഞയും കൈയില്‍ക്കൊടും കൊല-

വാളുമെഴുമൊരു മൂര്‍ത്തി

കാവിലുണ്ടെങ്കിലുമില്ലെങ്കിലും ശരി

മേവിടുന്നുണ്ടയാള്‍ക്കുള്ളില്‍.

അജ്ഞേയവാദിയാണ് (agnostic) കവി. കാളി സങ്കല്പം കവിക്ക് സ്വീകാര്യമാണ് പക്ഷെ പോതിച്ചി കാവിലുണ്ടോ ഇല്ലയോ എന്ന് നിനച്ചുപറയാന്‍ വയ്യ! ഈ കാളി സങ്കല്പത്തിലെ ദ്വിമുഖ സ്വഭാവം അയാള്‍ക്കുള്ളില്‍ സന്നിഹിതമാണ്. അതില്‍ ഇടശ്ശേരിക്ക് തീര്‍ച്ചയുണ്ട്. അമ്മിഞ്ഞയും കൊടുംവാളും -സൃഷ്ടിയും സംഹാരവും ഒരേനിലയ്ക്കാണ് ഉള്ളില്‍ കുടികൊള്ളുന്നത്. ഈ മലയാളിയെ സൂക്ഷിക്കണം അല്ലെങ്കില്‍ കാര്യമായി താനെന്ന ഗൗനിക്കണം. ജന്മിത്വവാഴ്ച്ച പോയി ജനാധിപത്യം വന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.ഇതു പുത്തന്‍ അധികാരികള്‍ മനസ്സിലാക്കിക്കൊള്ളണം. കാരണം, ഈ ദ്വിഭാവമുള്ള മലയാളി എന്തും സഹിക്കുന്നതിനു ഒരു പരിധിയുണ്ട്. അത് കഴിഞ്ഞാല്‍ പിന്നെ രൗദ്രമൂര്‍ത്തിയാണ്. സംഹരിച്ചേ അടങ്ങൂ. എന്നാല്‍ ശാന്തതയിലോ പ്രസാദാത്മകമാണ് മലയാളിയുടെ സമീപനം.

Monsoon In Kerala: A Brief Guide To Help You Plan A Trip – Iris Holidays

ഇടശ്ശേരി കവിതകളിലേക്ക് മടങ്ങുകയെന്നാല്‍ മലയാളിയുടെ സമന്വയ (symbiotic) സാംസ്‌കാരിക ഉറവുകളെ തിരിച്ചറിയുക എന്നാണ്. പൊന്നാനിയുടെ സാംസ്‌കാരിക അനുഭവങ്ങളെ ഉര്‍വരമാക്കിയ ഈ സാംസ്‌കാരിക ഉറവകള്‍ മലയാളിയുടെ അനുഭവലോകത്തെയും സമൃദ്ധമാക്കാന്‍ പര്യാപ്തമാണ്. ഇടശ്ശേരി കവിതകളിലെ ഈ അന്തര്‍ധാര പരസ്പരാശ്രിതമായ മലയാളി കളുടെ ജീവിതത്തിന്റെ സാംസ്‌കാരിക ഉറവകളാണ്. അതു സംരക്ഷിക്കപ്പെടേണ്ടതാണ്. എന്നാലോ വിവാദാസ്പദമായ ലാക്ഷണിക വായനയിലൂടെ കൃതാര്‍ത്ഥമായ മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിന്റെ നീരുറവകളെ വറ്റിക്കുകയും ചെയ്യാം. മലയാളിയുടെ ആധുനികമായ സ്വത്വകാംക്ഷയില്‍ ഭൂപ്രകൃതിയും അതിന്റെ ഉപലബ്ധികളായ സാംസ്‌കാരികാനുഭവങ്ങളും അതില്‍ നിന്നും ആവിര്‍ഭവിക്കുന്ന ആത്മവിശ്വാസവും ഉണര്‍വിന്റെ പുതുലോകദര്‍ശനമാകുന്നു. മലയാളിയുടെ മഴയുടെ സാംസ്‌കാരിക അനുഭവത്തെ ഇടശ്ശേരി പ്രകാശമാനമാക്കുന്നുതോടൊപ്പം പ്രതിബന്ധങ്ങളെ നേരിടാനുള്ള സ്ഥൈര്യവും പ്രദാനം ചെയ്യുന്നുവെത്രെ.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.