ഫെലിക്സ് ഹാര്‍ട്ട് ലാബിന്റേയും ഏണസ്റ്റ് ഹെമിംഗ് വേയുടേയും ജോര്‍ജ്ജ് ഓര്വെല്ലിന്റേയും പാരീസ് നഗരത്തേക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായനക്കാരെ ഒരു മഹാനഗരത്തിന്റെ വ്യത്യസ്ത ഭാവതലങ്ങളിലേയ്ക്ക് കൊണ്ടുചെന്നെത്തിയ്ക്കുന്നു.

ഫെലിക്സ് ഹാര്‍ട്ട് ലാബിന്റെ _ ‘ക്ലൌഡ്സ് ഓവര്‍ പാരീസ് ‘ (Clouds Over Paris) എന്ന പുസ്തകം പാരീസ് നഗരത്തില്‍ ജര്‍മ്മന്‍ നാസി അധിനിവേശ കാലത്ത് അദ്ദേഹം കണ്ട കാഴ്ചകളാണ്. 1940-1941 കാലഘട്ടത്തില്‍ അധിനിവേശ പാരീസിലെ ഒരു ജര്‍മ്മന്‍ ഉദ്യോഗസ്ഥനും ചരിത്രകാരനുമായിരുന്നു കേവലം 31 വയസ്സു മാത്രമുണ്ടായിരുന്ന ഹാര്ട്ട്ലാബ് (രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായപ്പോള്‍ എവിടെയാണ് എന്നുള്ളതിന് ഒരു തെളിവു പോലും അവശേഷിപ്പിയ്ക്കാതെ ബര്‍ലിനില്‍ നിന്ന് അദ്ദേഹം അപ്രത്യക്ഷനായി). അദ്ദേഹത്തിന്റെ ക്ലാസ്സിക് പുസ്തകത്തിലെ പാരീസ് നഗര കുറിപ്പുകള്‍ പലഭാഗങ്ങളിലും കവിതയോട് താദാത്മ്യം പ്രാപിക്കുന്നു. പാരീസ് മഹാനഗരത്തിന്റെ വാസ്തുവിദ്യയും യുദ്ധം തളര്‍ത്തിയ ജനജീവിതവും നാസി പട്ടാളക്കാരും, കാലാവസ്ഥയും സീന്‍ നദിയും പ്രകൃതിയും എല്ലാറ്റിനുമുപരി നഗരത്തെ ആവരണം ചെയ്ത ഹിറ്റ്ലറുടെ അദൃശ്യമായ സാന്നിദ്ധ്യവും പാരീസിനു പുറത്തുള്ള ഒരാളുടെ നിരീക്ഷണങ്ങളിലൂടെ പകര്ത്തപ്പെട്ടിരിയ്ക്കുന്നു. പാരീസിനു പുറത്തു നിന്നുള്ളയാളായി ജര്‍മ്മന്‍ അധിനിവേശത്തിന് കീഴില്‍ ശ്വാസം പിടിച്ചു നില്ക്കുന്ന ഒരു നഗരത്തിന്റെ വികാരം എങ്ങനെയാണെന്ന് അദ്ദേഹം കാണുന്നു. സംഭാഷണങ്ങളോ, സൌഹൃദങ്ങളോ ഇല്ലാതെ ഒരുതരം ഗംഭീരമായ പ്രേതദര്‍ശനം പോലെയാണ് ഹാര്ട്ടലാബ് പാരീസ് നഗരത്തെ കാണുന്നത്.

മഹാനഗരത്തിലെ അന്തേവാസികളുടെ ദൈനംദിന ജീവിതത്തിന്റെ നടുവില്‍ നിന്നു കൊണ്ട് ഹെമിംഗ് വേയുടെ ‘എ മൂവിയബിള് ഫീസ്റ്റ് ‘ (A Moveable Feast) എന്ന 1920 കളിലെ പാരീസ് നഗരജീവിതത്തെക്കുറിച്ച് വിശാലമായ ക്യാന്‍വാസില്‍ എഴുതിയ രീതിയല്ല ഹാര്‍ട്ട് ലാബ് ഈ പുസ്തകത്തില്‍ സ്വീകരിച്ചിരിയ്ക്കുന്നത്. ഒരു പ്രവാസിയുടെ മാറി നിന്ന് നഗരത്തെ കാണല്‍ ആണ് ഹാര്‍ട്ട് ലാബിന്റെ പുസ്തകം എന്ന് പറയാം. നഗരത്തെ ഇഷ്ടപ്പെടുന്നുവെങ്കിലും ഒരു ഫ്രഞ്ച് പൗരനേപ്പോലെ ആ നഗരം തന്നെ ഉള്‍ക്കൊള്ളുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിയ്ക്കാം.
രണ്ടു വാദങ്ങള്‍ നഗരങ്ങളേക്കുറിച്ച് എഴുതുന്ന അനുഭവക്കുറിപ്പുകളേക്കുറിച്ച് ഉണ്ടെന്നു പറയാം.അതില്‍ ആദ്യത്തേതു പ്രകാരം ഒരു നഗരപുസ്തകം മഹത്തരമാകുന്നത് അവിടുത്തെ വാസ്തുവിദ്യ നന്നായി വിവരിച്ചതുകൊണ്ടല്ല, മറിച്ച് നഗരശ്വസനക്രിയ നേരിട്ടനുഭവിച്ചതിന്റെ പരിചയം കൊണ്ടാണ് എന്നതാണ്. നഗരത്തിലെ മനുഷ്യ പരിതസ്ഥിതിയെ കാണിക്കുമ്പോള്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. ഉദാഹരണത്തിന് നഗരത്തിലെ തര്‍ക്കങ്ങള്‍ നടക്കുന്ന കഫേകള്‍, ദാരിദ്ര്യം, ഗോസിപ്പുകള്‍, ദുഃഖങ്ങളും സുഖങ്ങളും, സൗഹൃദങ്ങള്‍ പങ്കു വയ്ക്കപ്പെടുന്ന സായാഹ്ന സമ്മേളനങ്ങള്‍ ഒക്കെ നഗരത്തിന്റെ സജീവതയുടെ സൂചകങ്ങളാണ്. കെട്ടിടങ്ങള്‍ സ്റ്റേജ് സെറ്റുകള്‍ മാത്രമാകുമ്പോള്‍ ആളുകള്‍ അവയെ തിയേറ്ററുകളാക്കുന്നു. ഈ വാദ പ്രകാരം നോക്കുമ്പോള്‍ ഹെമിംഗ് വേയുടെ പാരീസ് അനുഭവ പുസ്തകം ഏറ്റവും മികച്ചതാണ്, കാരണം വ്യക്തി ബന്ധങ്ങളിലൂടെയാണ് (സ്കോട്ട് ഫിറ്റ്സ് ജെറാള്‍ഡ്, ഗെര്‍ട്രൂഡ് സ്റ്റെയ്ന്, സില്‍വിയ പ്ലാത്ത്, എസ്രാ പൗണ്ട് തുടങ്ങിയവരുമായി) പാരീസ് മഹാനഗരം ഹെമിംഗ് വേയുടെ പുസ്തകത്തിലൂടെ വായനക്കാരുടെ മുന്നിലെത്തുന്നത്. എന്നാല്‍ രണ്ടാമത്തേതില്‍ നഗരത്തെ ഒരു സ്പെസിമനേപ്പോലെ സമീപിയ്ക്കുന്ന തരത്തിലുള്ള രീതിയാണുള്ളത്. മനഃപൂര്‍വ്വമുള്ള ഒരു ഒഴിഞ്ഞു മാറലല്ലെങ്കില് ഭാരതീയ ചിന്ത പ്രകാരമുള്ള ‘detached attachment’ ആണത്.

പ്രസിദ്ധ ഇംപ്രഷനിസ്റ്റ് ആര്‍ട്ടിസ്റ്റ് റെനോയറുടെ ‘The Luncheon of the Boating Party’ എന്ന പ്രശസ്ത ചിത്രത്തിലെ ബോട്ടിംഗ് പാര്‍ട്ടിക്കാരുടെ തീനും കുടിയും മാറി നിന്നു വീക്ഷിയ്ക്കുന്ന ബോട്ടുടമസ്ഥനെപ്പോലെ ഒരു അന്യനായി നഗരത്തെ വിവരിയ്ക്കുന്ന രീതിയാണത്.

വാന്‍ഗോഗിന്റെ ‘Night Sky’ (നൈറ്റ് സ്കൈ) എന്ന പ്രശസ്ത ചിത്രത്തെപ്പോലെയോ മറ്റൊരു ഇംപ്രഷനിസ്റ്റ് ചിത്രകാരനായ എദ്വേര്ദ് മാനേയുടെ ‘A Bar at the Folies-Bergère’ എന്ന ചിത്രത്തിലെ ബാര്‍ മെയ്ഡിന്റെ അവസ്ഥയെപ്പോലയോ ആണത്. ഹാര്‍ട്ട് ലാബിന്റെ പാരീസ് വിവരണം ഈ രണ്ടാമത്തെ രീതി അവലംബിയ്ക്കുന്നു. യുദ്ധവും നാസി അധിനിവേശവും പ്രസരിപ്പും ഊര്‍ജ്ജവും ഊറ്റിക്കളഞ്ഞ പാരീസ് നഗരമായിരുന്നതു കൊണ്ടാകാം ഒരന്യദേശക്കാരനായി പാരീസില്‍ കഴിയേണ്ടിവന്ന ഹാര്‍ട്ട് ലാബ് ഈ രീതി പിന്തുടര്ന്നത് രണ്ടു രീതികള്‍ക്കും ഒരേ പോലെ പ്രാധാന്യമുണ്ടെന്നതിനാല്‍ ഹെമിംഗ് വേയുടെ പുസ്തകമാണോ ഹാര്‍ട്ട് ലാബിന്റെ പുസ്തകമാണോ മികച്ചതെന്ന ചോദ്യത്തിന് പ്രസക്തിയില്ല.

പാരീസ് നഗരത്തിലെ പരമദരിദ്രരുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന വായിക്കുന്ന മൂന്നാമത്തെ പുസ്തകമാണ് മനോഹരമായ വായനയ്ക്ക് അവസരം തന്ന ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ ‘Down and Out in Paris and London ‘ എന്ന പുസ്തകം.

1933-ല്‍ പ്രസിദ്ധീകരിച്ച ഈ അനുഭവക്കുറിപ്പ് രണ്ട് മഹാനഗരങ്ങളായ പാരീസിലും ലണ്ടനിലും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ജീവിച്ച ഓര്‍വെല്ലിന്റെ അര്‍ദ്ധ-ആത്മകഥാപരമായ വിവരണമാണ്. പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനു പോലും മാര്‍ഗ്ഗമില്ലാതെ വലഞ്ഞ അദ്ദേഹത്തിന് ഒടുവില്‍ പാരീസില്‍ ഹോട്ടല്‍ അടുക്കളകളില്‍ തുച്ഛമായ വേതനത്തില്‍ ദിവസവും കഠിനമായ ജോലി ചെയ്യേണ്ടി വന്നു. ഓര്‍വെല്ലിന്റെ ചങ്ങാതി റഷ്യാക്കാരനായ ബോറിസ് എന്ന യുവാവ് വായനക്കാരെ വളരെയധികം ആകര്‍ഷിക്കും. കഠിനമായ ദാരിദ്യത്തിലും തൊഴിലില്ലായ്മയിലും ശുഭപ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ബോറിസ് ദാരിദ്ര്യത്തെ ഒരു സാഹസികതയാക്കി മാറ്റുന്നു. മഹാനഗരങ്ങളിലെ ദരിദ്രരുടെ ‘അനാഥത്വത്തിന്റെ സാമ്പത്തിക ശാസ്ത്രവും സാമൂഹ്യശാസ്ത്രവും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന ഗ്രന്ഥമായി ‘ ഈ പുസ്തകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.







No Comments yet!