അവൾ വിളിക്കുമ്പോഴേല്ലാം
ഞാൻ മയിലിനെ തീറ്റിക്കുന്ന
തിരക്കിലായിരിക്കും!
മയിൽ എന്ത് തിന്നുന്നെന്നോ
അതിന് പ്രിയപ്പെട്ട തീറ്റ എന്തെന്നെന്നോ
എനിക്കറിയില്ല!
ഞാൻ അതിനെ തീറ്റ തേടാൻ വിടുന്നു
എന്ന് മാത്രം ഞാനും അവളും അറിയുന്നു,
(ഒരിക്കൽപ്പോലും കൂട്ടിൽ അടയ്ക്കപ്പെട്ടിട്ടില്ലാത്ത,
കാലിൽ കുരുക്ക് മുറുകാത്ത
മയിൽ ഇത്
അറിയുന്നുണ്ടോ എന്തോ!)
ഇടയ്ക്കെല്ലാം ചെറിയ പാമ്പുകളെ
കൊത്തി
എനിക്ക് കൊണ്ടിട്ടു തരുമ്പോൾ
“മ്മ് മാങ്ങ ഇട്ട് വച്ചോ ” എന്ന് സാവിത്രിയേച്ചിയോട് മുരളുന്ന
തലേക്കെട്ടുകാരൻ
ഗോപാലേട്ടന്റെ ഭാവമായിരിക്കും
മയിലിന്.
“ദേശീയ പക്ഷിയായ നീ ഒരു ശുദ്ധ പച്ചക്കറിയൻ ആവേണ്ടത് ഭാരതീയ സാംസ്കാരിക പുണ്യ ചിന്തകളുടെ വളർച്ചക്ക് അത്യാവശ്യമാണെന്ന്” ഞാൻ ഇടക്കിടക്ക് മയിലിനോട് ഘോഷണം ചെയ്യാറുണ്ട്,
അപ്പോഴെല്ലാം ചെറിയ പാമ്പിൻ കുഞ്ഞിനെ
എനിക്ക് എറിഞ്ഞു തന്നിട്ട്
“വേണമെങ്കിൽ പൊരിച്ചടിച്ചോ “എന്ന ഭാവത്തിലത് നടന്നകലും.
എനിക്ക് മുമ്പിൽ ഒരിക്കലും
ആടിയിട്ടില്ലാത്ത,
പീലികൾ പൊഴിച്ചിട്ടില്ലാത്ത
“ആ പക്ഷി
വെറുമൊരു കാക്കയോ കുയിലോ ആയിരിക്കാം,നിന്നെ മയിൽ എന്ന് പറ്റിക്കുന്നതായിരിക്കാം” എന്നവൾ രാവിലെ വിളിച്ചപ്പോൾ പൊട്ടിച്ചിരിച്ചിരുന്നു.
ചുമരിൽ തൂക്കിയ
മുരുകന്റെ ചിത്രം നോക്കി
“വലുതാവുമ്പോൾ എനിക്ക് മയിലിടയൻ ആകണം”എന്ന് പറയുമ്പോഴേല്ലാം
കാലിലെ ചങ്ങല കുലുക്കി
പൊട്ടിച്ചിരിച്ചു അപ്പാപ്പൻ പറയും
“എന്റെ പാരമ്പര്യം നിനക്ക് മാത്രമേ കിട്ടിയുള്ളൂ കുട്ടീ”എന്ന്.
***
കവിപരിചയം :

രാഗേഷ്
ഫേസ്ബുക്കിൽ മാത്രം എഴുതുന്നു. കവിത, ചെറുകഥ, കുറിപ്പുകൾ അങ്ങനെ ഉള്ള എഴുത്തുകൾ ആണ് പഥ്യം. സ്ഥലം തൃശ്ശൂർ ഗുരുവായൂർ അടുത്തുള്ള ചേറ്റുവ. കാലങ്ങൾ ആയി ഒരു പ്രവാസിയാണ്. ഒരു ഫയർ and സേഫ്റ്റി കമ്പനി യിൽ മെക്കാനിക്കൽ ഡിസൈനർ ആയി വർക്ക് ചെയ്യുന്നു. ലോകം മുഴുവൻ പൂക്കളെയും പുഴകളെയും മഴയെയും വർണിച്ചു എഴുതുന്ന മനുഷ്യരെക്കൊണ്ട് നിറയണം എന്ന് സ്വപ്നം കാണുന്നു







No Comments yet!