Skip to main content

എം. പി. പരമേശ്വരൻ – ഓർമ്മയും വിയോജിപ്പും

എം. പി. പരമേശ്വരനെ അനുസ്മരിക്കുക എന്നത് ഒരു വ്യക്തിയെ മാത്രം ഓർമ്മിക്കുക എന്നല്ല; കേരളത്തിന്റെ ഇടതുപക്ഷ ചിന്തയുടെ ഒരു നിർണായക ഘട്ടത്തോട് സംവദിക്കുക കൂടിയാണ്. ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു എം.പി. പരമേശ്വരൻ.

M.P. Parameswaran, renowned nuclear scientist and Marxist theorist, dies at 92 - The Hindu
എം.പി. പരമേശ്വരൻ

പരമേശ്വരന്റെ ചിന്തയിൽ ഏറ്റവും ശക്തമായി പ്രത്യക്ഷപ്പെടുന്നത് ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യ വിമോചനത്തിന്റെ പ്രധാന ഉപകരണങ്ങളാകുമെന്ന പ്രതീക്ഷയാണ്. എന്നാൽ മാർക്സിസ്റ്റ് വിമർശനം ഇവിടെ ഒരു അടിസ്ഥാന ചോദ്യം ഉയർത്തുന്നു. ശാസ്ത്രം ആരുടെ ഉടമസ്ഥതയിലാണ്? സാങ്കേതികവിദ്യ ആരുടെ താൽപര്യമാണ് സേവിക്കുന്നത്? ഉൽപ്പാദനശക്തികളുടെ വളർച്ചയെ നിർണയിക്കുന്നത് ഏത് വർഗബന്ധങ്ങളാണ്?

ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം, ‘നാലാം ലോക സിദ്ധാന്തം’ എന്ന പരി കല്പന മുന്നോട്ടുവച്ച് മാർക്സിസത്തിലേക്ക് മുതലാളിത്തത്തിന്റെ കൈവഴികൾ വെട്ടുന്ന എഴുത്തിലും ചിന്തകളിലും ആണ് ഏർപ്പെട്ടത്.

അദ്ദേഹത്തിൻ്റെ ‘നാലാം ലോകം’ വർഗ്ഗസമരത്തെ മറികടക്കാനുള്ള സ്വപ്നമോ, അതോ മൂലധനത്തിന്റെ വർഗ്ഗസ്വഭാവത്തെ മറച്ചുവയ്ക്കുന്ന സുന്ദരമായ തിരശ്ശീലയോ എന്ന ചോദ്യം അവശേഷിപ്പിച്ചാണ് അദ്ദേഹം കാല യവനികക്ക് പുറകിൽ മറഞ്ഞത്.

Kalaharanamillatha swapnangal - കാലഹരണമില്ലാത്ത ...

വർഗ്ഗത്തെ ‘സമൂഹം’ കൊണ്ട് മാറ്റിവയ്ക്കുന്ന അപകടവും മൂലധനത്തെ തകർക്കാത്ത, ബദൽ മൂലധനത്തിന് മനുഷ്യ മുഖം നൽകുന്ന ആശയശാസ്ത്രവുമാണ് അദ്ദേഹം വ്യാഖ്യാനിച്ച് സ്ഥാപിക്കാൻ ശ്രമിച്ച നാലാം ലോക സിദ്ധാന്തം. മാർക്സിസ്റ്റ്, ഗാന്ധിയൻ, പരിസ്ഥിതിവാദി, ഫെമിനിസ്റ്റ്, മനുഷ്യാവകാശ ചിന്തകൾ എന്നിവയെ ഒരു പൊതു വേദിയിൽ കൂട്ടിച്ചേർക്കാൻ നാലാം ലോക സിദ്ധാന്തത്തിലൂടെ ശ്രമിച്ചു എന്നത് പരമേശ്വരന്റെ മഹത്തായ കർത്തവ്യമായാണ് കവി ഗോപികൃഷ്ണനെ പോലെയുള്ളവർ ദൃശ്യ മാധ്യമങ്ങളിലൂടെ അനുസ്മരിക്കുന്നതായി കണ്ടത്.

കേൾക്കുമ്പോൾ വിശാലമാണെന്ന് തോന്നാം. എന്നാൽ തൊഴിലാളിയും മുതലാളിയും ഒരേ “പൗരസമൂഹത്തിന്റെ” അംഗങ്ങളാണ് എന്ന അറു പിന്തിരിപ്പനും അപകടകരവുമായ ‘വിശാല വീക്ഷണ’മാണ് ഇതിന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്നത് എന്ന് കൂടുതൽ പരിശോധിക്കുമ്പോൾ മനസ്സിലാകും.

എം പി പരമേശ്വരൻ തന്റെ നാലാം ലോക ശാസ്ത്രത്തിൽ ആവശ്യവും (need) ദുരാവശ്യവും (greed) തമ്മിലുള്ള വൈരുദ്ധ്യം അവതരിപ്പിക്കുന്നുണ്ട്. വ്യാവസായിക ഉത്പാദനത്തിന്റെയും കാർഷിക ഉത്പാദനത്തിന്റെയും ബൃഹത് മാതൃകകൾ ആവശ്യമില്ല, അത് ‘ദുരാവശ്യ’മാണ് എന്നാണ് പരമേശ്വരൻ പറയുന്നത്. അതായത് വൻകിട പദ്ധതികൾ ആവശ്യമില്ല, അത് ദുരാവശ്യമാണ്. അതിൻ്റെ സ്ഥാനത്ത് ചെറുകിട യൂണിറ്റുകൾ മതിയാകും. എന്നുവച്ചാൽ ഇന്ത്യയിലെ അതിവിപുലമായ ഉരുക്കു നിർമ്മാണശാലകൾ ദുരാവശ്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

കൃത്യമായി പറഞ്ഞാൽ ഇന്ത്യ എന്ന ദേശ രാഷ്ട്രം ദുരാവശ്യമാണെന്നും, അതിന്റെ സ്ഥാനത്ത് ഗ്രാമസഭകൾ മതിയാവുമെന്നും അർത്ഥം. ഇതാണ് നാലാം ലോക ശാസ്ത്രത്തിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്ന നിലപാട്. അതുകൊണ്ട് രാഷ്ട്രം ഉടഞ്ഞു ചിതറി ഗ്രാമസഭകളായി തീരണം എന്നാണ് എം പി പരമേശ്വരൻ വാദിക്കുന്നത്.
ഇങ്ങനെ പരമേശ്വരൻ വാദിക്കുന്നത് ലോകബാങ്ക് സൈദ്ധാന്തികർ ആവിഷ്കരിച്ച സാമൂഹ്യ മൂലധന രൂപങ്ങളുടെ മൈക്രോ ലെവൽ ഓർഗനൈസേഷനുക(micro level organisations) ളുടെ സിദ്ധാന്തത്തെ മുൻനിർത്തിയാണ്. ഭരണകൂടത്തിന് പകരം ഹ്രസ്വതല സങ്കേതങ്ങൾ, അല്ലെങ്കിൽ പ്രാചീന മാതൃകയിലുള്ള ഗ്രാമസഭകൾ ഉണ്ടായി വരണം എന്നാണ് പരമേശ്വരൻ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഭാഷയിൽ പറയാൻ ശ്രമിച്ചത്.

About Author P Parameswaran

രാഷ്ട്രം ഹ്രസ്വ ഐഡന്റിറ്റികൾ ആയി തീരണം എന്നാണ് ഇതിൻ്റെ അർത്ഥം. ആഗോളീകരണ വിരുദ്ധ സമരത്തിനായി യുഎസ് ഭരണകൂടത്തിന്റെ ചെലവിൽ, ജഫ്രി എപ്സ്റ്റീനോടൊപ്പം പോലും ലോകസഞ്ചാരം നടത്തുന്ന നോം ചോംസ്കിയും ഇതുതന്നെയാണ് പറയുന്നത് എന്നത് ചേർത്തുവെച്ചു വായിച്ചാൽ ഇതിൻ്റെ ഉള്ളടക്കം മനസ്സിലാകും.

നവദേശ രാഷ്ട്രങ്ങളെ കുറിച്ചുള്ള ഇവരുടെ സിദ്ധാന്തം ആകട്ടെ ചരിത്രത്തോടുള്ള അവഹേളനമാണ്. ദേശ രാഷ്ട്രങ്ങൾക്ക് ഒരു സാമ്രാജ്യത്വ വിരുദ്ധ ഉല്പത്തി പരിസരമുണ്ട് എന്ന വസ്തുത ഇവർ വിസ്മരിക്കുകയാണ്.
ആധുനിക ദേശ രാഷ്ട്രം എന്നത് ഒരു പൊതു മതനിരപേക്ഷ പൈതൃകത്താൽ സംയോജിക്കപ്പെടുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ അനുഭവഘടനയാണ്. അങ്ങനെയൊരു അനുഭവ ഘടനയിൽ ഉൾപിരിവുകൾ ഉണ്ടെങ്കിൽ പോലും പൊതു രാഷ്ട്രീയ പൈതൃകത്തിന്റെ ഒരു ചരട് അവയെ ഐക്യപ്പെടുത്തുന്നുണ്ട്.
ഈ ഐക്യത്തെ തകർക്കുക എന്നതാണ് ഈ നാലാം ലോക ജനകീയ ആസൂത്രണത്തിന്റെ ലക്ഷ്യം.
സാമ്രാജ്യത്വം ഒരു രാഷ്ട്രീയ അതിക്രമമാണ്. അതിനെതിരെ നടന്ന സംഘാത്മക പോരാട്ടത്തിൽ നിന്നാണ് ഇന്ത്യയെ പോലെ ആധുനിക ദേശ രാഷ്ട്രങ്ങൾ രൂപപ്പെട്ടത്. നൂറുകണക്കിന് നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഇന്ത്യ കൊളോണിയലിസത്തിനെതിരെ ഉള്ള പോരാട്ടത്തിലൂടെയാണ് ആധുനിക ദേശ രാഷ്ട്രമായി മാറിയത്.

മുതലാളിത്തത്തിന്റെ ഏറ്റവും അപകടകരമായ രൂപം അത് സ്വയം “മുതലാളിത്തം” എന്ന് പ്രഖ്യാപിക്കുന്ന രൂപമല്ല എന്നതാണ്. സ്വന്തം വർഗ്ഗസ്വഭാവം മറച്ച് മാനുഷികത, ജനാധിപത്യം, പരിസ്ഥിതി, പങ്കാളിത്തം, പ്രാദേശികത, സ്വയം പര്യാപ്തത എന്നിവയുടെ ഭാഷ സംസാരിക്കുന്ന മുതലാളിത്തമാണ് കൂടുതൽ അപകടകരം. നാലാം ലോകം എന്ന ആ കോളറയിലേക്ക് നമ്മുടെ കേരളത്തെ ആനയിക്കുകയായിരുന്നു പരമേശ്വരൻ.

വികേന്ദ്രീകരണം വേണം — പക്ഷേ മൂലധനാധിപത്യത്തിന്റെ വികേന്ദ്രീകരണം മാത്രം അല്ല.
പങ്കാളിത്ത ജനാധിപത്യം വേണം — പക്ഷേ സാമ്പത്തിക അധികാരം ജനങ്ങളിൽ നിന്ന് വേർപെട്ടുനിൽക്കുന്ന പങ്കാളിത്തം അല്ല. പരിസ്ഥിതി നീതി വേണം — പക്ഷേ ചൂഷണത്തിന്റെ വർഗ്ഗബന്ധം മറച്ചുവയ്ക്കുന്ന പരിസ്ഥിതിവാദം അല്ല. മനുഷ്യ വിമോചനം വേണം — പക്ഷേ വർഗ്ഗവിമോചനത്തെ മറികടന്നുകൊണ്ടുള്ള അമൂർത്തമായ മനുഷ്യവാദം അല്ല.

ഇതിനൊന്നും വിശദീകരണങ്ങളും ഉത്തരങ്ങളും നൽകാതെ, എം. പി. പരമേശ്വരന്റെ “നാലാം ലോകം” ഒരു നല്ല ലോകത്തെക്കുറിച്ചുള്ള അയഥാർത്ഥവും വ്യാജവുമായ സ്വപ്നം സൃഷ്ടിക്കുകയായിരുന്നു. ആ വ്യാജ നിർമ്മിതമായ നല്ല ലോകത്തിലേക്ക് നമ്മൾ പോകുന്നത് ഏത് വർഗ്ഗത്തിന്റെ ശക്തിയിലൂടെയാണ്? ഏത് വർഗ്ഗബന്ധങ്ങളെ തകർത്തുകൊണ്ടാണ്?

ഇവിടെയാണ് “നാലാം ലോകം” എന്ന ആശയത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ദൗർബല്യം ആരംഭിക്കുന്നത്. മുതലാളിത്തം മോശമായി പ്രവർത്തിക്കുന്നതിനാൽ മാത്രം മുതലാളിത്തം ആകുന്നതല്ല. മറിച്ച്
തൊഴിലാളിയുടെ അധ്വാനശേഷിയെ ചരക്കാക്കി, ഉൽപ്പാദനോപാധികളുടെ ഉടമസ്ഥതയെ സ്വകാര്യ അധികാരമാക്കി, അധികമൂല്യം കൈയടക്കുന്ന വർഗ്ഗബന്ധമാണ് അതിന്റെ ഉള്ളടക്കം.

അതിനാൽ ഉപഭോഗം കുറച്ചാൽ മാത്രം മൂലധനം അപ്രത്യക്ഷമാകില്ല. ഗ്രാമ സഭകൾ ശക്തിപ്പെടുത്തിയാൽ മാത്രം വർഗ്ഗാധിപത്യം തകരില്ല. വികേന്ദ്രീകരണം നടപ്പാക്കിയാൽ മാത്രം മൂലധനത്തിന്റെ ഉടമസ്ഥത ഇല്ലാതാകില്ല.
വർഗ്ഗ വിരോധം യാഥാർത്ഥ്യമായി നിലനിൽക്കുമ്പോൾ, “സഹകരണം” എങ്ങനെ അതിനെ മറികടക്കും എന്ന ചോദ്യത്തിന് എം പി പരമേശ്വരന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.

മാർക്സിസ്റ്റ് സമീപനത്തിൽ തൊഴിലാളിയും മൂലധനവും തമ്മിലുള്ള താൽപര്യവ്യത്യാസം ഒരു നൈതിക പ്രശ്നമല്ല; അത് ഉൽപ്പാദനബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ഘടനാപരമായ വൈരുദ്ധ്യമാണ്.
അതിനെ “സഹകരണം” കൊണ്ട് മാത്രം പരിഹരിക്കാമെന്ന പ്രതീക്ഷ യൂട്ടോപ്യൻ സോഷ്യലിസത്തിലേക്ക് (utopian socialism) വഴുതിപ്പോകാനുള്ള സാധ്യതയുണ്ടെന്നാണ് വിമർശനം. ഈ വിമർശനം നാലാം ലോകത്തിൻ്റെ “സംഘർഷരഹിതമായ ആദർശ സമൂഹം” പോലുള്ള സങ്കൽപ്പങ്ങളോടും ബന്ധപ്പെട്ടിരുന്നു.

KSSP Books Catalog

മുതലാളിത്തത്തെ “തിരുത്തി” മനുഷ്യ സൗഹൃദമാക്കാമെന്ന പ്രതീക്ഷ, മുതലാളിത്തത്തെ പൂർണമായി ഇല്ലാതാക്കുന്നതിനു പകരം, അതിനെ മനുഷ്യ സൗഹൃദവും സുസ്ഥിരവുമായ രീതിയിലേക്ക് തിരുത്തി കൊണ്ടുവരാൻ ശ്രമിക്കുക തുടങ്ങിയ ആശയവാദങ്ങളാണ് എം പി പരമേശ്വരന്റെ
നാലാം ലോക സിദ്ധാന്തത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുക. മുതലാളിത്തത്തിൻ്റെ ചൂഷണം അതിൻ്റെ ‘തെറ്റായ ഉപയോഗത്തിൻ്റെ’ ഫലമാണോ, അതോ ഉൽപ്പാദനബന്ധങ്ങളുടെ ഘടനാപരമായ ഫലമാണോ?

ഉൽപ്പാദനോപാധികളുടെ ഉടമസ്ഥത എങ്ങനെ മാറും? മൂലധനത്തിൻ്റെ അധികാരം എങ്ങനെ ഇല്ലാതാകും?
വർഗ്ഗഘടന എങ്ങനെ തകരും? രാജ്യത്തിൻ്റെ വർഗ്ഗസ്വഭാവം എങ്ങനെ മാറും? ഇവയ്ക്ക് വ്യക്തമായ സാമ്പത്തിക-രാഷ്ട്രീയ ഘടന നാലാം ലോക സങ്കൽപ്പത്തിൽ കാണാനില്ലായിരുന്നു. സാമ്പത്തിക – വർഗ്ഗ ബന്ധങ്ങൾ, ഭരണകൂടത്തിൻ്റെ സ്വഭാവം, ഉൽപ്പാദന ബന്ധങ്ങൾ, രാഷ്ട്രീയ ജനാധിപത്യം തുടങ്ങിയ മാർക്സിസ്റ്റ് രാഷ്ട്രീയ-സാമ്പത്തിക ചോദ്യങ്ങളെ പൂർണ്ണമായും അവഗണിക്കുകയായിരുന്നു പരമേശ്വരൻ.
മനുഷ്യനന്മയെക്കുറിച്ച് സംസാരിക്കുന്നത് തെറ്റല്ല; പക്ഷേ മനുഷ്യനന്മയെ തടയുന്ന സാമൂഹിക ഘടനയെ—മൂലധനത്തിൻ്റെ ഉടമസ്ഥതയും വർഗ്ഗാധിപത്യവും—വിശകലനം ചെയ്യാതെ ചില നൈതിക നരേറ്റിവുകൾ ഉണ്ടാക്കി
ശാസ്ത്രീയ സോഷ്യലിസ്റ്റ് സാധ്യതകളെ ദുർബലപ്പെടുത്തുകയാണ് ചെയ്തത്.

ചുരുക്കത്തിൽ എം പി പരമേശ്വരന്റെ നാലാം ലോകത്തിൻ്റെ അന്തിമ ഫലം മുതലാളിത്തത്തിന്റെ അടിസ്ഥാനബന്ധങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു ആശയപരമായ ഇടപെടലായി പ്രവർത്തിക്കുകയായിരുന്നു. ഫ്യൂഡൽ സോഷ്യലിസത്തിന് വിപരീതമായി അതിൻ്റെ പ്രേതാത്മാവും ആധുനിക മുതലാളിത്തവും തമ്മിൽ ഒരു സഖ്യം രൂപപ്പെടുത്തുകയും ഫ്യൂഡലിസത്തിന്റെ വംശീയ സ്മൃതികളിൽ നിന്ന് സമത്വവാദത്തിന്റെ ഒരു പ്രതീതി രൂപപ്പെടുത്തി അതിനെ കമ്മ്യൂണിസത്തിലേക്ക് നടപ്പാതയാക്കി തീർക്കാൻ മുതലാളിത്തം ശ്രമിക്കുകയും ചെയ്യുമ്പോൾ, അതിനുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ആശയവാദം ആയിരുന്നു എം പി പരമേശ്വരൻ മുന്നോട്ടുവച്ചത്.

മുതലാളിത്തം ഇന്ന് പഴയ രൂപത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്നില്ല. അത് ക്ഷേമരാഷ്ട്രമായും വരും. ഹരിത സമ്പദ്‌വ്യവസ്ഥയായും വരും. സാമൂഹിക സംരംഭമായും വരും. CSR ആയും NGOകളുടെ ഭാഷയിലും വരും. “പങ്കാളിത്തം” എന്ന ജനാധിപത്യ വാക്കിലും “സുസ്ഥിര വികസനം” എന്ന പരിസ്ഥിതി വാക്കിലും വരും.

അതിനാൽ മുതലാളിത്തവിരുദ്ധമെന്ന് കേൾക്കുന്നതെല്ലാം മുതലാളിത്ത വിരുദ്ധമല്ല. ഇതാണ് നാലാം ലോകത്തിന്റെ മുന്നിൽ ഉയർത്തേണ്ട ഏറ്റവും കഠിനമായ മാർക്സിസ്റ്റ് കണ്ണാടി. ഒരു സിദ്ധാന്തം മുതലാളിത്തത്തെ ശപിക്കുന്നുണ്ടോ എന്നതല്ല ചോദ്യം. അത് മൂലധനത്തിന്റെ ഉടമസ്ഥതയെ ആക്രമിക്കുന്നുണ്ടോ എന്നുള്ളതാണ്.
അത് വിപണിയെ വിമർശിക്കുന്നുണ്ടോ എന്നതല്ല ചോദ്യം, അധ്വാനശക്തി എന്ന ചരക്കിന്റെ സാമൂഹിക നിലയെ മാറ്റുന്നുണ്ടോ എന്നതാണ്. അത് അസമത്വത്തെ അപലപിക്കുന്നുണ്ടോ എന്നതല്ല; അധികമൂല്യം കൈയടക്കുന്ന വർഗ്ഗത്തെ രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നുണ്ടോ എന്നതാണ്. അത് ജനാധിപത്യത്തെ പുകഴ്ത്തുന്നുണ്ടോ എന്നതല്ല, തൊഴിലാളിവർഗ്ഗത്തിന് ഉൽപ്പാദനത്തിലും അധികാരത്തിലും നിയന്ത്രണം കൊണ്ടുവരുന്നുണ്ടോ എന്നുള്ളതാണ്. അത് ‘പുതിയ ലോകം’ സ്വപ്നം കാണുന്നുണ്ടോ എന്നതല്ല ചോദ്യം. ആ പുതിയ ലോകത്തിലേക്കുള്ള വർഗ്ഗസമരത്തിന്റെ ചരിത്രപാത എന്താണെന്ന് നിശ്ചയിക്കാൻ കഴിയുന്നുണ്ടോ എന്നുള്ളതാണ്.

Buy Fourth World Thoughts about Socialism for the Twenty First ...

ഈ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലെങ്കിൽ, “നാലാം ലോകം” നാലാമത്തെ ലോകമല്ല; മുതലാളിത്തത്തിന്റെ ഉള്ളിൽ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഒരു ‘ബദൽ ഭാവന’ മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥത, വർഗ്ഗബന്ധം, മൂലധനത്തിന്റെ നിയന്ത്രണം, തൊഴിലാളിയുടെ അധികാരം തുടങ്ങിയ ചോദ്യങ്ങൾക്ക് പകരം “ശരിയായ പദ്ധതി”, “ശാസ്ത്രീയ ആസൂത്രണം”, “ജനപങ്കാളിത്തം” എന്നിങ്ങനെയുള്ള അമൂർത്ത കൽപ്പനകൾ ഉപയോഗിച്ചാണ് എം പി പരമേശ്വരൻ വിശദീകരണം നടത്താൻ ശ്രമിച്ചത്.

എന്തായാലും പരമേശ്വരൻ കേരളത്തിന്റെ പൊതു ചിന്തയിൽ ഇടപെട്ടത് ഒരു സാധാരണ ബുദ്ധിജീവിയായല്ല. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം, ജനാധിപത്യം, ആസൂത്രണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം ശക്തമായ സാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുറിച്ചുള്ള അനുസ്മരണങ്ങളിൽ
അദ്ദേഹത്തിൻ്റെ എഴുത്തുകൾ പഠനങ്ങൾ വീണ്ടും വായിക്കപ്പെടേണ്ടതുണ്ട്…

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.