ലിയോ ടോള്‍സ്റ്റോയ് മലയാളിക്ക് അപരിചിതനല്ല. വിശ്വ സാഹിത്യത്തിലെ സമുന്നതനായ ഈ എഴുത്തുകാരന് മലയാളത്തില്‍ പലവിധത്തില്‍ മൊഴിമാറ്റങ്ങളും പുനരാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഇടപ്പള്ളി കരുണാകരമേനോന്‍ ‘യുദ്ധവും സമാധാനവും’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ ജീവചരിത്രവും, ഏറ്റവും പുതിയതായി സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ നോവലും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തിലെ ടോള്‍സ്റ്റോയ് ശേഖരത്തിലേക്ക് ഏറ്റവും പുതിയ സംഭാവനയാണ് ‘യുദ്ധവും സമാധാനവും ഒരു ചിന്താ കാവ്യം’ എന്ന പേരില്‍ ടോള്‍സ്റ്റോയിയുടെ ബൃഹദ്‌നോവലിലെ തിളക്കമാര്‍ന്ന ചില നിമിഷങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ജി ഹരികൃഷ്ണന്‍ ഒരുക്കിയ കാവ്യാഞ്ജലി. വിശ്വ സാഹിത്യത്തിലെ ഒരു ക്ലാസിക് കൃതി, മലയാളത്തിലെന്നല്ല ഏതെങ്കിലും ലോകഭാഷയില്‍, ദീര്‍ഘകാവ്യമായി വരുന്നത് ഒരുപക്ഷേ ഇതാദ്യമാകും.

നോവലെന്നോ കഥയെന്നോ ഇതിഹാസമെന്നോ കൃത്യമായി ഇഴപിരിക്കാനാവാത്ത കൃതിയാണ് ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’. ഒരു പ്രധാന കഥാതന്തുവോ നായകനെയോ നായികയെയോ അധികരിച്ചുള്ള കഥനമോ അതിലില്ല. 1805-ലെയും 1812-ലെയും നെപ്പോളിയന്‍ ആക്രമണങ്ങളും അതിനിടയിലുള്ള ഇടവേളയും ചേര്‍ന്ന കാലത്തെ മോസ്‌കോ നഗരമാണ് പശ്ചാത്തലം. നെപ്പോളിയനും ജനറല്‍ കുറ്റുസോവുമടക്കം നിരവധി ചരിത്ര വ്യക്തിത്വങ്ങള്‍ ഇതില്‍ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. അഞ്ഞൂറില്‍ പരം കഥാപാത്രങ്ങള്‍, പല കുടുംബങ്ങള്‍, അവര്‍ക്കിടയിലെ ആഘോഷങ്ങള്‍, നൃത്തങ്ങള്‍, വിരുന്നുകള്‍, തര്‍ക്കങ്ങള്‍, സ്വത്ത് ഭാഗം വെക്കല്‍, പ്രണയം, കാമം, ജനനം, മരണം എല്ലാം കടന്നു വരുന്നുണ്ട്. ഇതിനിടയില്‍ ചരിത്രത്തെ ചലിപ്പിക്കുന്നതെന്തെന്ന സന്ദേഹവുമായി നോവലിസ്റ്റ് തന്നെ ദീര്‍ഘമായി ആത്മഗതവും നടത്തുന്നുണ്ട് – നിരൂപകരുടെ അഭിപ്രായത്തില്‍ ടോള്‍സ്റ്റോയിയുടെ സുവിശേഷ പ്രസംഗങ്ങള്‍. പുസ്തകം പുറത്തു വന്നപ്പോള്‍ ഇതെന്തു തരം കഥ എന്ന് ലോകം അത്ഭുതപ്പെട്ടു. ‘ഇത് തുന്നിക്കൂട്ടിയ സഞ്ചി പോലെ ഒരു ഭീകരന്‍’, എന്ന് ഹെന്റി ജെയിംസ്. ഇത് കഥയോ നോവലോ അല്ല, എനിക്ക് പറയാനുള്ളത് എനിക്ക് പറയേണ്ട രീതിയില്‍ ഞാന്‍ പറഞ്ഞു വെച്ചിരിക്കുന്നതാണെന്ന് ടോള്‍സ്റ്റോയിയും.

ഇങ്ങനെയൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും യുദ്ധവും സമാധാനവും എന്ന കൃതിയില്‍ ജീവിതമുണ്ട്. റഷ്യയിലെ മാത്രമല്ല, എല്ലായിടത്തെയും മനുഷ്യരുടെ ജീവിതം. നമുക്ക് ചിരപരിചിതരായ മനുഷ്യര്‍, ഒരിക്കല്‍ പരിചയപ്പെട്ടാല്‍ എക്കാലവും നാമോര്‍ക്കുന്ന, നാം നമ്മെയെന്നപോലെത്തന്നെ അറിയുന്ന മനുഷ്യര്‍. ‘ഒരു മാത്രയിലുടയുമീ വാഴ് വിന്‍ പൊരുളന്വേഷിക്കുന്ന’വര്‍. ‘ഈ പ്രപഞ്ചത്തില്‍ എന്തോ സത്യമുണ്ട്’ എന്ന് വിശ്വസിക്കുന്നവര്‍. ‘ജീവിതലക്ഷ്യം, പുരുഷാര്‍ത്ഥങ്ങള്‍, ലോക നിയമങ്ങള്‍’ തേടി നടക്കുന്ന അവധൂതര്‍. ‘ഒരു നിമിഷത്തെ കീര്‍ത്തിക്ക് ജയത്തിന്,/ ഒരിക്കലുമറിയാത്തവരുടെ സ്‌നേഹത്തിന്,/ സ്വയം ബലിയര്‍പ്പിക്കാന്‍’ മടിയില്ലാത്തവര്‍. ‘ലെയ്ത്തിന്റെ കറങ്ങും ചക്രങ്ങള്‍ പോലെ’ ചിട്ടയായി ജീവിക്കുന്ന പരിശ്രമികള്‍. ജീവിതം തുളുമ്പുന്ന, ‘മുറി നിറഞ്ഞ്/ മനം നിറഞ്ഞ്/ നൃത്തമാടുന്ന’, ‘പാടുമ്പോള്‍ പാട്ട് തന്നെയായി മാറുന്ന’, നതാഷ. ഇങ്ങനെ പലവിധ മനുഷ്യരിലൂടെ ടോള്‍സ്റ്റോയ് വായനക്കാരെ കൊണ്ടുപോകുന്നു. ടോള്‍സ്റ്റോയിയുടെ കൃതികളില്‍ നാം അവരെക്കുറിച്ച് വായിക്കുകയല്ല, നാം അവരായിത്തന്നെ മാറുകയാണ്. ”ടോള്‍സ്റ്റോയിയുടെ ലോകം, ഹോമറിന്റേതു പോലെ ഓരോ നിമിഷവും നമ്മുടേതു തന്നെയാണ്. നാമതിലേക്ക് പ്രവേശിക്കുകയല്ല, നാം അവിടെത്തന്നെയാണ്.” എന്ന് റേച്ചല്‍ ബെസ്പലോഫ് പറഞ്ഞതായി കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
”അറിയുന്നെന്റെയോരോ വാക്കും വിറയും നീ/ അറിയുന്നോരോ നോട്ടവും ചലനവും/ അറിയുന്നൊരു പേശിയറിയാതെ പിടയുന്നതും / പറയാതെ പോകുന്നതും പറയാന്‍ തുടങ്ങുന്നതും” എന്ന മട്ടില്‍ സര്‍വ്വവും അറിയുന്ന ദൈവത്തെ പോലെ ഓരോ കഥാപാത്രത്തിന്റെയും ആത്മാവിന്റെ ആഴങ്ങളിലേക്ക് ടോള്‍സ്റ്റോയ് വായനക്കാരനെ ആനയിക്കുകയാണ്. ആ കണ്ണുകള്‍ കാണാത്തതായി ഒന്നുമില്ല; ആ പേനക്ക് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്തതായും. ‘മൊഴികള്‍ക്കപ്പുറം മിഴികളില്‍ തെളിയുന്ന വെട്ടം’ പോലും ടോള്‍സ്റ്റോയ് കണ്ടുപിടിച്ചുകളയും. ഒരു പെണ്‍കുട്ടിയുടെ ആദ്യ ചുംബനം, ഒരു ചെറുപ്പക്കാരന്റെ ആദ്യ പ്രണയം, ഒരു കുഞ്ഞു പിറക്കുന്നതും ഒരു വൃദ്ധന്‍ മരിക്കുന്നതും, മഹായുദ്ധവും ‘ദിവസജീവിത വഴിയിലെയതിപരിചിത കാഴ്ചകളും’ ഒന്നുപോലെ നമുക്ക് മുന്‍പില്‍ ഇതള്‍ വിരിയുന്നു. വിശാലവും സൂക്ഷ്മവുമായ ആ ജീവിതക്കാഴ്ചക്ക് മുന്‍പില്‍ മഹാസമുദ്രത്തിനു മുന്‍പിലെന്ന പോലെ, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പര്‍വതനിരകള്‍ക്ക് മുന്‍പിലെന്ന പോലെ, ഒരു മഹാശക്തിക്കു മുന്‍പില്‍ പെടുന്ന വായനക്കാരന്‍ അലിഞ്ഞില്ലാതാകുന്നു. അവനുമാ പ്രപഞ്ചത്തിന്റെ ഭാഗമായിത്തീരുന്നു.

നോവലിന്റെ കവിതാരൂപമല്ല ജി ഹരികൃഷ്ണന്റെ ദീര്‍ഘകാവ്യം. പകരം മൂലകൃതിയില്‍ കവിയെ സ്പര്‍ശിച്ച, ചിന്തിപ്പിച്ച, തരളിതനാക്കിയ ഉള്‍ക്കാഴ്ചകളുടെയും വെളിപാടുകളുടെയും നിമിഷങ്ങളുടെയും കാവ്യാവിഷ്‌കാരമാണിത്. അവതാരികയില്‍ കവയത്രി ശ്രീമതി വിഎം ഗിരിജ എഴുതിയതുപോലെ, ”അതിബൃഹത്തായ വലിയ ഒരു വൃക്ഷമാണ് ‘യുദ്ധവും സമാധാനവും’. വിദൂര വ്യോമം പോലും മറച്ച് പരന്നു നില്‍ക്കുന്നു അത്. അതിന്റെ മധുരക്കനിയാണ് ഹരികൃഷ്ണന്‍ നമുക്ക് നല്‍കുന്നത്.”
ടോള്‍സ്റ്റോയിയുടെ നോവലിന് ഏതെങ്കിലും തരത്തിലുള്ള ഘടന നല്‍കുക ദുഷ്‌കരമാണ്. ദൃശ്യങ്ങളുടെ വിദൂരക്കാഴ്ചകളിലേക്കും ക്ലോസപ്പ് ഷോട്ടുകളിലേക്കും മാറിമാറി പരിചയസമ്പന്നനായ ഒരു സിനിമാ സംവിധായകനെ പോലെ അനായാസം വായനക്കാരനെ കൊണ്ടുപോകും ടോള്‍സ്റ്റോയ് . കഥയും പശ്ചാത്തലവും വീക്ഷണവും മാറിമറിഞ്ഞു കൊണ്ടിരിക്കും. യുദ്ധ രംഗങ്ങളുടെ ആകാശക്കാഴ്ചകളും ഓരോ പട്ടാളക്കാരന്റെയും മനോഗതവും ഒരേപോലെ കൈകാര്യം ചെയ്യുന്ന കൃതിയാണിത്. അതിനെ കവിതയാക്കുമ്പോള്‍ നോവലിസ്റ്റിന്റെ വിശാലമായ കാന്‍വാസ് കവിക്ക് ലഭ്യമല്ല. മുന്നൂറ്റിയറുപത് പേജുകളുള്ള സാമാന്യം ദീര്‍ഘമായ ഈ കാവ്യരൂപം മലയാളത്തില്‍ വളരെ വലുതാണെങ്കിലും ആയിരത്തി നാനൂറ് പുറങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നോവലിനെയപേക്ഷിച്ച് വളരെ ചെറുതാണ്. തിരഞ്ഞെടുത്ത ഏതാനും ചില കഥാപാത്രങ്ങളിലേക്ക്, അവരുടെ നിമിഷങ്ങളിലേക്ക്, കേന്ദ്രീകരിച്ചു കൊണ്ടാണ് കവി ഈ പരിമിതിയെ മറികടക്കുന്നത്.
ജീവിതത്തിന്റെ പൊരുളന്വേഷിച്ച് നടക്കുന്ന പിയര്‍, കഠിനാധ്വാനിയും ഉല്‍ക്കര്‍ഷേച്ഛുവുമായ ആന്ദ്രെ, സദാ നിറഞ്ഞുതുളുമ്പുന്ന നതാഷ, ചിന്താമഗ്‌നയായ മരിയ, പട്ടാള ജീവിതവും വേട്ടയും ഇഷ്ടപ്പെടുന്ന നിക്കോളാസ്, ചെറുപ്രായത്തിലെ യുദ്ധത്തിന് ഇറങ്ങി പൊലിഞ്ഞു പോകുന്ന പെറ്റിയ, വലുതാകുമ്പോള്‍ തന്റേതായ വീരകൃത്യങ്ങള്‍ സ്വപ്നം കാണുന്ന നിക്കോളാങ്കെ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് കവിത വികസിക്കുന്നത്. ഇവരുടെ ജീവിതത്തിലെ പ്രത്യേക നിമിഷങ്ങളും അവര്‍ക്ക് മറ്റുള്ളവരുമായുള്ള ബന്ധവും കവിതക്ക് വിഷയമാകുന്നു.
മരണത്തിന്റെ കവി എന്നൊരു വിളിപ്പേരുണ്ട് ടോള്‍സ്റ്റോയ് ക്ക്. മരണം വിവരിക്കാനും വിശദീകരിക്കാനും അനുഭവിപ്പിക്കാനും ടോള്‍സ്റ്റോയിയെ കവച്ചു വെയ്ക്കാന്‍ വിശ്വ സാഹിത്യത്തില്‍ ആരുമുണ്ടാവാനിടയില്ല. ജീവിതത്തിന്റെ നശ്വരതയെ, അതിന്റെ അര്‍ത്ഥത്തെ കുറിച്ച് സദാ അന്വേഷിച്ചുകൊണ്ടിരുന്ന ടോള്‍സ്റ്റോയ് ക്ക് മരണം അതോടൊപ്പം ചേര്‍ന്നു പോകുന്ന ഒരു ഇഷ്ട വിഷയമായിരുന്നു. ‘ഇവാന്‍ ഇല്ലിച്ചിന്റെ മരണം’, ‘മൂന്നു മരണങ്ങള്‍’, ‘യജമാനനും ഭൃത്യനും’ എന്നിങ്ങനെ മരണം കേന്ദ്ര കഥാപാത്രമായി വരുന്ന അനവധി കഥകളും നോവല്ലകളും ടോള്‍സ്റ്റോയിയുടെതായുണ്ട്. ‘അന്ന കരിനീന’യില്‍, ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പേ തുടങ്ങി അവരുടെ അവസാന നിമിഷം വരെ അന്നയുടെ വികാരവിചാരങ്ങളിലൂടെ വായനക്കാരനെ കൊണ്ടുപോകുന്നുണ്ട് ടോള്‍സ്റ്റോയ്. ജീവിതത്തില്‍ സകല പ്രതീക്ഷകളും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മാനസിക വ്യാപാരങ്ങളെ എത്ര വിശ്വസനീയമായാണ് അദ്ദേഹം എഴുതി ഫലിപ്പിച്ചിരിക്കുന്നത്! ട്രെയിനിനടിയില്‍പ്പെടുന്ന അവരുടെ അവസാന നിമിഷങ്ങള്‍ ഇത്ര കൃത്യമായി അവതരിപ്പിക്കാന്‍ ആ നിമിഷത്തിലേക്ക് പരകായ പ്രവേശം ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.
ടോള്‍സ്റ്റോയിയുടെ കൃതികളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ കടന്നുവരുന്നത് ‘യുദ്ധവും സമാധാനവും’ എന്ന കൃതിയില്‍ തന്നെയാവണം. പ്രായമായി മരിക്കുന്ന കൗണ്ട് ബസുക്കൊവു മുതല്‍ വളരും മുന്‍പേ യുദ്ധഭൂമിയില്‍ കൊഴിഞ്ഞു പോകുന്ന പെറ്റിയ വരെ പലവിധ മരണങ്ങള്‍ നമുക്കു മുന്‍പിലവതരിപ്പിക്കുന്നു ടോള്‍സ്റ്റോയ്. ഓരോ മരണവും ഓരോ തിരിച്ചറിവാണ്. ഓസ്റ്റര്‍ലിറ്റ്‌സിലെ ഏറ്റുമുട്ടലില്‍ കൊടിമരവുമായി അലറിയോടുന്ന ആന്ദ്രേ തലക്കടിയേറ്റ് താഴെ വീണ് താന്‍ മരിച്ചെന്നു തന്നെ കരുതുന്നു. മലര്‍ന്നടിച്ചു വീണു കിടക്കുമ്പോഴാണ് യുദ്ധഭൂമിക്ക് മീതെ, മനുഷ്യന്റെ എല്ലാ നിസ്സാരമായ പരിഗണനകള്‍ക്കും പിടിവാശികള്‍ക്കും മീതെ, മേഘങ്ങള്‍ ഒഴുകുന്ന ആകാശം ആന്ദ്രേ കാണുന്നത്. ‘ഓസ്റ്റര്‍ലിറ്റ്‌സിലെ ആകാശം’ എന്ന കവിത ഇങ്ങനെ അവസാനിക്കുന്നു: ”കണ്ണു നിറയെ ഉത്തുംഗമാകാശം/ ഒഴുകുന്നതിമന്ദം മേഘങ്ങള്‍ / മൂകം ശാന്തം / അനന്തം / ഇല്ലവിടലര്‍ച്ചകള്‍ / അര്‍ത്ഥമറിയാത്ത പാച്ചില്‍ രണം / ഒഴുകുന്നതിമന്ദമാ മേഘങ്ങള്‍ / കണ്ടതില്ലെന്തിതുവരെ / ഞാനീ ഗംഭീരഗഗനം? / ഒന്നുമി,ല്ലൊന്നുമില്ല / ഒരു മൗനം മാത്രം / ഒരു നിര്‍വൃതി മാത്രം”. മനുഷ്യന്റെ പരിഗണനകളുടെ നിസ്സാരത തിരിച്ചറിയുന്ന നിമിഷമാണ് ഇവിടെ മരണം.
ഏറ്റവും സമയമെടുത്ത് വിവരിക്കുന്ന മരണം ആന്ദ്രേയുടെ രണ്ടാം മരണമാണ്. ഏതാണ്ട് മുപ്പത് പേജുകളോളം നീളും മരണത്തെ മുന്നില്‍ കാണുന്ന ആന്ദ്രേയുടെ അവസാനനിമിഷങ്ങള്‍. ‘വാതില്‍’ എന്ന കവിതയില്‍ അത് ഇങ്ങനെ വരുന്നു:
”അടഞ്ഞ വാതിലിന്‍ / മറുപുറം / നില്‍ക്കുന്നു / അത്- / അതിബലം / തള്ളി മുറുകി വലയുന്നു / അടഞ്ഞ പാളികള്‍ – / ഇഴഞ്ഞിഴഞ്ഞു ഞാന്‍ / കൈ തൊടുന്നു വാതിലില്‍- / അകന്നു പാതിയില്‍ പലകകള്‍ – / തള്ളിപ്പിടിയ്ക്കുന്നു ഞാന്‍ / .. / പടികടന്നകം തണുപ്പായെത്തുന്നു / അത് – / മരിക്കുന്നു ഞാന്‍ / ശ്വാസം പിടഞ്ഞ് / വെള്ളത്തിനടിയില്‍നിന്നുമങ്ങുയരെ / വെള്ളിവെളിച്ചത്തിന്‍ നേര്‍ക്ക് / കൈകാല്‍ പിടഞ്ഞ് / പൊങ്ങിയുയര്‍ന്നുയര്‍ന്ന് / മേല്‍പ്പരപ്പിലാര്‍ത്തിയിലൊരുനിറ / പ്രാണന്‍ വലിക്കുന്നു / ഉണരുന്നു ഞാന്‍ -‘. ഇവിടെ മരണം പുതിയൊരു ഉണര്‍വ്വായി വരുന്നു.
മരണത്തെപ്പോലെ തന്നെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ് യുദ്ധവും നായാട്ടും പാട്ടും നൃത്തവും കൊയ്ത്തും തര്‍ക്കവും ആഘോഷങ്ങളുമെല്ലാം. കലയുടെ ധര്‍മ്മം വികാരങ്ങളെ അനുവാചകനിലേക്ക് സന്നിവേശിപ്പിക്കുകയാണ് എന്ന് വിശ്വസിച്ചു ടോള്‍സ്റ്റോയ്. അതിനാല്‍ തന്നെ മനുഷ്യ വ്യവഹാരങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന് നിസ്സാരമായിരുന്നില്ല. പ്രധാന കഥയുമായി പ്രത്യേകിച്ചൊന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെങ്കില്‍ പോലും അത്തരം വിശദാംശങ്ങള്‍ ഒരിക്കലും ടോള്‍സ്റ്റോയ് ഒഴിവാക്കിയില്ല. ജീവിതത്തെ സൂചിപ്പിക്കുന്നതെല്ലാം വലിയൊരു ലഹരിയോടെ അദ്ദേഹം എഴുതി ഫലിപ്പിച്ചു. നായാട്ട് ഇഷ്ടപ്പെട്ട നിക്കോളായി ഒത്തു വന്ന ഒരു പ്രഭാതത്തില്‍ നായാട്ടിനായി പുറപ്പെടുന്നതും വലിയ സംഘത്തോടത്ത് വേട്ടയാടുന്നതും ഒടുവിലൊരു മൂപ്പന്‍ ചെന്നായയെ പിടിച്ചെടുക്കുന്നതും ടോള്‍സ്റ്റോയ് വളരെ വിശദമായിത്തന്നെ നോവലില്‍ എഴുതിയിരിക്കുന്നു. ഹരികൃഷ്ണന്റെ വരികളില്‍ ഈ നായാട്ട് ഇങ്ങനെയാണ്: ”ശരത്കാല മഴയില്‍ കുതിര്‍ന്ന മണ്ണ്/ പൊതിയുന്ന പുലര്‍ മഞ്ഞ്/ കാലി കുളമ്പേറ്റ ശീതകാല കതിര്‍ക്കുറ്റികളുടെ തവിട്ട് / കുതിര ഗോതമ്പു ചെടികളുടെ ചോപ്പ്.” എല്ലാം നിക്കോളായിയെ ഓര്‍മ്മിപ്പിക്കുന്നു- ശിശിരമെത്തിയിരിക്കുന്നു. വേട്ടക്ക് ഏറ്റവും നല്ല സമയം. ”ചുര മാന്തുന്നെനിക്കുളളില്‍ / നനഞ്ഞു നില്‍ക്കും പുലരിയും / കുതി കൊള്ളും നായ്ക്കളും/ .. ചേര്‍ന്നുയിര്‍പ്പിക്കും വേട്ടച്ചൂര്”, എന്ന് അയാളിലെ വേട്ടക്കാരന്‍ ഉണരുന്നു. വൈകാതെ തന്നെ വലിയൊരു വേട്ടസംഘം കാട്ടിലേക്കു പുറപ്പെടുകയായി. നൂറ്റിമുപ്പത് നായ്ക്കള്‍ നിലത്ത്, ഇരുപത് വേട്ടക്കാര്‍ കുതിരപ്പുറത്ത്. ”ഉയരുന്നു വേട്ടക്കുരവകള്‍ / ഉയരുന്നു മീതേ ദാനിലോയുടെ കൂവല്‍ / മുഴങ്ങുന്നിപ്പോള്‍ തുളച്ചുകേറുന്നിപ്പോള്‍ / നിറയുന്നു കാട് മുഴുവനിപ്പോള്‍ / കവിഞ്ഞു പരക്കുന്നു പുല്‍മേട്ടിലൂടിപ്പോള്‍”, വേട്ടച്ചൂര് കാടും പുല്‍മേടുകളും കടന്നു വായനക്കാരിലേക്കും പടരും. വേട്ടകഴിഞ്ഞ് പിടിയിലായ ചെന്നായയുടെ നോട്ടം – ‘നോക്കുന്നൊരു കാടെന്നെ നോക്കുന്ന പോല്‍”- വരെ നമുക്ക് കാണാം, കഥയിലും കവിതയിലും.
വേട്ടയെത്തുടര്‍ന്ന് വിശാലമായ വിരുന്നുണ്ട്: ”രസക്കൂണുകള്‍ പരന്നിരുണ്ട കേക്കുകള്‍/ മധുരവീഞ്ഞുകള്‍/ ചറം നിറഞ്ഞ തേന്‍കൂട് തുണ്ടുകള്‍/ നുരയ്ക്കും തേന്‍ ചാരായം/ .. / പന്നിത്തുടയിറച്ചി, യിപ്പോള്‍ വറുത്ത കോഴി”. മറ്റൊരു സന്ദര്‍ഭത്തില്‍ ഒരുഗ്രന്‍ സംഗീത സായാഹ്നത്തിന്റെ രംഗമുണ്ട്. അവിടെ നതാഷ പാടുന്നു: ”അതീത ഭദ്രഗുണമായ് / അറിയാത്ത ബലമായ് / അകമനീയ ലോലതയായ് / അതിലൊന്നും മാറ്റാനാവാത്ത സ്വരമായ് / പാടുന്നവള്‍ പാട്ട് തന്നെയായ്!” ആര്‍ക്കു സാധിക്കും ആ സംഗീതം കേള്‍ക്കാതിരിക്കാന്‍! ”എങ്ങനെ കമ്പനം കൊള്ളുന്നാ സ്വരം / എങ്ങനെ തൊടുന്നെന്നുണ്മയിലാ ശ്രുതി!” എന്നു പറയാതിരിക്കാന്‍!
നൃത്തവും സംഗീതവും വിരുന്നും നായാട്ടുമായി സമാധാനത്തിന്റെ നാളുകള്‍ അതിവേഗം കടന്നുപോകുന്നതിനിടെ, നെപ്പോളിയന്റെ ആക്രമണത്തിന് മുന്നോടിയായി 1811ല്‍ ഒരു ധൂമകേതു റഷ്യയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലോകാവസാനത്തിന്റെ മുന്നറിയിപ്പായാണ് ഈ ധൂമകേതുവിനെ അവര്‍ കണ്ടത്. സംഘര്‍ഷഭരിതമായ ഒരു രാത്രി താരങ്ങള്‍ക്കിടയില്‍ തിളങ്ങിനിന്ന ഈ ധൂമകേതു, മോസ്‌കോയിലെ ഒരു രാത്രിയില്‍ പിയറിന്റെ ശ്രദ്ധയില്‍പ്പെടുന്നു. ”ചുറ്റും ചിതറി നിറഞ്ഞ ചെറു താരകള്‍ക്കിടയില്‍/ വെള്ളിത്തിളങ്ങി നീണ്ടുയര്‍ന്നൊളി പരത്തുന്ന / വലിയ നക്ഷത്ര വാല്‍”. ”അതിവിദൂര സ്ഥലികളനുവൃത്ത പാതയില്‍ / അയുത വേഗം താണ്ടിയിവിടെയംബരം / മുറിച്ചെരിയും ശരമായ് / ഇരവുകാടിന്‍ ജ്വാലയായ് / ഇരുട്ട് തിളക്കി വാലുയര്‍ത്തി / കൂട്ടരപ്പം കളിക്കുകോപ്പിടും / നിറന്ന നിന്‍ രൂപം” – തനിക്ക് പ്രിയപ്പെട്ടവളുടെ രൂപമാണ് ഈ കാഴ്ച അയാളെ ഓര്‍മിപ്പിക്കുന്നത്.
തുറന്ന യുദ്ധത്തിന്റെ ഏറ്റവും മികച്ച എഴുത്തുകാരനാണ് ടോള്‍സ്റ്റോയ് എന്ന് ഇറ്റാലോ കാല്‍വിനോ പറയുന്നുണ്ട്. പിയറിന്റെ, നിക്കോളായുടെ, മരിയയുടെ, ആന്ദ്രേയുടെ യുദ്ധക്കാഴ്ചകള്‍ അതിന്റെ എല്ലാ ഭാസുരതയോടെയും സംഹാരശക്തിയോടെയും കൂടെ പകര്‍ത്തിയിരിക്കുന്നു ഹരികൃഷ്ണന്‍. യുദ്ധമുഖത്ത് കൂടിയുള്ള യാത്രയില്‍ കുന്നുകള്‍, താഴ് വാരങ്ങള്‍, ഗ്രാമങ്ങള്‍ എവിടെയും ‘മുന്‍പിന്‍ ഇടത്തു വലത് / എങ്ങും പട്ടാളനിരകള്‍’. ‘വെള്ളത്തില്‍ മഞ്ഞുതുള്ളികളില്‍ / ബയണറ്റുകളില്‍ / തിളങ്ങുന്ന പുലരൊളി’. ‘മരങ്ങള്‍ക്ക് മേല്‍ പാടങ്ങള്‍ക്കു മേല്‍ / കുന്നിന്‍പുറങ്ങളില്‍ / ഒറ്റയ്ക്ക് കൂട്ടായി / ഇടക്ക് തുടര്‍ച്ചയായ്’, ‘വീര്‍ക്കുന്ന പരക്കുന്ന / പീരങ്കി വെടിപുക’. ഇവയ്ക്കിടയിലൂടെ ‘ആസുരം ലോകത്തിന്‍ വ്യാളി മുഖം’ ദര്‍ശിക്കുന്ന പിയര്‍ യുദ്ധത്തിന്റെ ബീഭത്സതയും അതിന്റെ അര്‍ത്ഥശൂന്യതയും വായനക്കാരന് മുന്നില്‍ തുറന്നുകാട്ടുന്നു. എത്ര യുദ്ധം ചെയ്തു നശിച്ചാലും മനുഷ്യന്‍ യുദ്ധം ചെയ്തു കൊണ്ടേയിരിക്കുന്നു. ഓരോ കാലഘട്ടത്തിലും ലഭിക്കാവുന്നതും സൃഷ്ടിക്കാവുന്നതുമായ എല്ലാമെടുത്ത് അവന്‍ നശീകരണത്തിനായി ഇറങ്ങിപ്പുറപ്പെടുന്നു. യുദ്ധത്തിന്റെ ലഹരിയും അതിന്റെ ഭീകരതയും പട്ടാള ക്യാമ്പുകളിലും മുറിവേറ്റവരുടെ കൂടാരങ്ങളിലും കത്തിച്ചാമ്പലായ നഗരത്തിലും ശവങ്ങള്‍ വീണു കിടക്കുന്ന ഗ്രാമങ്ങളിലും നിന്ന് ടോള്‍സ്റ്റോയ് വരച്ചു കാണിക്കുമ്പോള്‍ അതൊട്ടും വെള്ളം ചേര്‍ക്കാതെ, വീര്യം ചോരാതെ കവിതയിലേക്ക് പകര്‍ത്തിയിട്ടുണ്ട്.

ടോള്‍സ്റ്റോയിയുടെ കഥ മലയാള കവിതയിലേക്ക് രൂപമാറ്റം വരുത്തുന്നതല്ല ഈ കവിതകളില്‍ നാം കാണുന്നത്. കടുത്ത പ്രതിസന്ധികളിലും നിത്യജീവിതത്തിലും മനുഷ്യനെയും അവന്റെ പ്രവൃത്തികളിലെ മഹത്വത്തെയും അല്‍പത്വത്തെയും ഒരുപോലെ സൂക്ഷ്മമായി വരച്ചു കാട്ടിയ ഒരു മഹാ നോവലിനെ അത്രയൊന്നും വ്യത്യസ്തമല്ലാത്ത പുതിയകാലത്ത് പുനര്‍വായനക്ക് വിധേയമാക്കുകയാണ് ഇവിടെ. റഷ്യന്‍ നോവലിന്റെ മലയാളീകരണമല്ല ഇത്, മറിച്ച് മലയാള കവിതയിലും മലയാള മണ്ണിലും കാലുറപ്പിച്ചു നില്‍ക്കുന്ന കവി, വിഷ്ണു സഹസ്രനാമം, നാരായണഗുരു, ചുള്ളിക്കാട് , ചങ്ങമ്പുഴ തുടങ്ങി മലയാളിക്ക് പരിചിതമായ പല സ്രോതസ്സുകളില്‍ നിന്നും വെള്ളവും ലവണങ്ങളും വലിച്ചെടുക്കുന്ന കവി, തന്റെ ടോള്‍സ്റ്റോയ് വായനാനുഭവം പകര്‍ത്താന്‍ ശ്രമിക്കുകയാണ്. ‘യുദ്ധവും സമാധാനവും’ പോലൊരു കൃതിയെ അതിന്റെ വന്യതയും അതിലടങ്ങിയിരിക്കുന്ന ജീവിതത്വരയും ചോരാതെ പകര്‍ത്തിയെടുക്കുക ശ്രമകരമായ ഒരു ദൗത്യമാണ്. അതേറ്റെടുക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തത് വഴി മലയാള ഭാഷയെയും നമ്മുടെ വായനയെയും കൂടുതല്‍ സമ്പുഷ്ടമാക്കിയിരിക്കുന്നു ഈ ചിന്താകാവ്യം.
ഈ ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്ന കവിതാശകലങ്ങളെല്ലാം ‘യുദ്ധവും സമാധാനവും ഒരു ചിന്താ കാവ്യ’ത്തില്‍ നിന്നുമാണ്.
ലേഖകപരിചയം :

ഡോ. ഷാജഹാന്‍ ടി.കെ.
കര്‍ണ്ണാടകയിലെ സൂരത്കല്‍ എന്‍. ഐ. ടി. യില്‍ ഫിസിക്സ് അധ്യാപകന്‍, എഴുത്തുകാരൻ, പ്രഭാഷകന്‍. Slipbox Manifesto എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യുദ്ധവും സമാധാനവും – ഒരു ചിന്താ കാവ്യം
രചന : ജി.ഹരികൃഷ്ണന്‍
പ്രസാധനം : ഇന്‍സൈറ്റ് പബ്ലിക്ക
വില : 540 രൂപ







No Comments yet!