Skip to main content

സത്യത്തിന്റെ ഇരുവശങ്ങളിൽ നിന്ന്

ഒരു സമൂഹത്തിന്റെ ആരോഗ്യത്തെ അളക്കാൻ പല മാനദണ്ഡങ്ങളുണ്ട്. അതിന്റെ സാമ്പത്തിക വളർച്ച, ജനങ്ങളുടെ ജീവിതനിലവാരം, നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിന്റെ വ്യാപ്തി, എന്നിവയൊക്കെ അതിൽ ചിലതാണ്. അതിനൊപ്പമോ അതിനുപരിയായോ നിൽക്കുന്ന ഒന്നാണ്  അധികാരത്തോട്, അതായത് അധികാരത്തിലിരിക്കുന്നവരോട്, ചോദ്യം ചോദിക്കാൻ സമൂഹത്തിനെത്രത്തോളം സ്വാതന്ത്ര്യമുണ്ട് എന്നത്. അങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ടവരാണ് പത്രപ്രവർത്തകർ.

ഒരു ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ പരിശോധിക്കുക,  ഒരു സ്ഥാപനത്തിന്റെ മറച്ചുവെച്ച ഇടപാടുകൾ പുറത്തുകൊണ്ടുവരിക, കാണാതായ ഒരാളുടെ കുടുംബത്തിന്റെ വേദന രേഖപ്പെടുത്തുക, അധികാരത്തിന്റെ ഔദ്യോഗിക രേഖകളിൽ ഇടം ലഭിക്കാത്ത  മനുഷ്യരുടെ  കഥകൾ  ലോകത്തിനു മുന്നിലെത്തിക്കുക, എന്നിങ്ങനെ ചിലതിലൊതുങ്ങുന്നതാണ് പത്രപ്രവർത്തരുടെ  ജോലി എന്നു തോന്നുന്നവരുണ്ടാകാം.  പക്ഷേ മാധ്യമ പ്രവർത്തനം എന്ന ജോലിക്ക് പുറകിൽ ഒരു വലിയ മനുഷ്യധാർമികതയുണ്ട്.  മനുഷ്യരെ മറക്കാതിരിക്കുക, സത്യത്തെ മറവിയിൽ പോകാനനുവദിക്കാതിരിക്കുക, എന്ന ധാർമികത.

ഇന്ത്യയിലെ സിദ്ധാർഥ് വരദരാജനും മെക്സിക്കോയിലെ മാർസെല തുരാതിയും ഈ ധാർമിക ഉത്തരവാദിത്വത്തിന്റെ രണ്ടു വ്യത്യസ്ത രൂപങ്ങളാണ്. രണ്ടു രാജ്യങ്ങൾ. രണ്ടു ഭാഷകൾ. രണ്ടു വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ. എന്നാലവരുടെ പത്രപ്രവർത്തനത്തിന്റെ ഹൃദയത്തിൽ ഒരേ ചോദ്യം നിലകൊള്ളുന്നു.  അധികാരവും ഭയവും സൃഷ്ടിക്കുന്ന നിശ്ശബ്ദതയ്ക്കിടയിൽ സത്യത്തിനെങ്ങനെ ശബ്ദം നൽകാം, എന്ന ചോദ്യം.

File:El Mundo logo.svg - Wikimedia Commons

2026 സെപ്റ്റംബർ 9-ന് സ്പെയിനിലെ പ്രമുഖ പത്രമായ EL MUNDO പ്രഖ്യാപിച്ച ഇരുപത്തിനാലാമത് അന്താരാഷ്ട്ര പത്രപ്രവർത്തന പുരസ്കാരങ്ങൾ ഈ രണ്ടു പത്രപ്രവർത്തകരെയും ആദരിച്ചു. സിദ്ധാർഥ് വരദരാജന് പത്രസ്വാതന്ത്ര്യത്തിനുള്ള പുരസ്കാരവും, മാർസെല തുരാതിക്ക് മികച്ച പത്രപ്രവർത്തനത്തിനുള്ള പുരസ്കാരവും ലഭിച്ചു. 2027 ഫെബ്രുവരിയിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക. രാഷ്ട്രീയവും കുറ്റകൃത്യശക്തികളും സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾക്കിടയിലും സ്വതന്ത്ര പത്രപ്രവർത്തനം തുടരുന്ന രണ്ടു പേരെയാണ് പുരസ്കാരങ്ങൾ അംഗീകരിക്കുന്നതെന്ന് EL MUNDO യുടെ ജൂറി വ്യക്തമാക്കി.

ഇത് രണ്ടു വ്യക്തികളുടെ നേട്ടത്തെ മാത്രമാദരിക്കുന്ന ഒരു പുരസ്കാരമല്ല. പത്രപ്രവർത്തനം എന്തിനുവേണ്ടിയാണ് എന്ന അടിസ്ഥാന ചോദ്യത്തിലേക്കുള്ള ഒരു തിരിച്ചുനോട്ടം കൂടിയാണ്.

About – Siddharth Varadarajan
Siddharth Varadarajan

സിദ്ധാർഥ് വരദരാജന്റെ പത്രപ്രവർത്തനജീവിതം ഇന്ത്യയിലെ പരമ്പരാഗത പത്രപ്രവർത്തനത്തിൽ നിന്ന് ഡിജിറ്റൽ സ്വതന്ത്ര മാധ്യമത്തിലേക്കുള്ള  മാറ്റത്തിന്റെ ഭാഗമാണ്.   1965-ൽ ജനിച്ച വരദരാജൻ The Times of India-യിലാണ് പത്ര പ്രവർത്തനമാരംഭിക്കുന്നത്.  പിന്നീട്  The Hindu-വിന്റെ എഡിറ്ററായി. 2015-ൽ അദ്ദേഹം സിദ്ധാർഥ് ഭാട്ടിയ,  എം. കെ. വേണു എന്നിവർക്കൊപ്പം The Wire സ്ഥാപിച്ചു. അങ്ങനെ ഒരു പരമ്പരാഗത പത്രത്തിന്റെ എഡിറ്ററായിരുന്ന ഒരാൾ സ്വതന്ത്ര ഡിജിറ്റൽ മാധ്യമത്തിന്റെ സ്ഥാപക എഡിറ്ററായി മാറി.

ഡിജിറ്റൽ മാധ്യമ രംഗം എന്നത്   ഇന്ത്യൻ മാധ്യമലോകം കടന്നുപോകുന്ന വലിയ പരിവർത്തനത്തിന്റെ അടയാളം കൂടിയാണ്. വാർത്തയുടെ പുതിയ വേദിയായി ഇന്റർനെറ്റ്  മാറിക്കൊണ്ടിരുന്ന കാലത്തായിരുന്നു The Wire ന്റെ സ്ഥാപനം.  പരമ്പരാഗത മാധ്യമസ്ഥാപനങ്ങളുടെ വലുപ്പത്തിനും സാമ്പത്തിക ശക്തിക്കുമെതിരെ ചെറിയ സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളുയർന്നുവന്നു. അവയുടെ പ്രധാന ശക്തി വലിയ അടിസ്ഥാനസൗകര്യങ്ങളായിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു.

AQ Top 5 Latin American Journalists: Marcela Turati - Americas Quarterly
Marcela Turati

The Wire രാഷ്ട്രീയം, ഭരണകൂടം, സാമൂഹിക അസമത്വം, ജാതി, മതം, കശ്മീർ, മനുഷ്യാവകാശങ്ങൾ, സാമ്പത്തിക നയങ്ങൾ, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ വിമർശനാത്മക റിപ്പോർട്ടിംഗിനും വിശകലനത്തിനും ഇടം നൽകി.

India news: 'The Wire' to conduct review of articles related to Meta, and nine other top stories

EL MUNDOയുടെ പുരസ്കാര പ്രഖ്യാപനത്തിൽ, വരദരാജന്റെ പ്രവർത്തനം പ്രത്യേകിച്ച് അധികാരത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന പത്രപ്രവർത്തനവുമായി ബന്ധിപ്പിക്കപ്പെടുന്നു എന്നു നിരീക്ഷിച്ചിരിക്കുന്നു. ഒരു ദശാബ്ദത്തിലേറെയായി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനിടെ അദ്ദേഹം നിയമപരവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾ നേരിട്ടതായും പറയുന്നു.

ഇവിടെ പത്രപ്രവർത്തനത്തിന്റെ ഒരു അടിസ്ഥാനതത്വം ഓർക്കേണ്ടതുണ്ട്. പത്രപ്രവർത്തകനെന്നാൽ  അർത്ഥം  സർക്കാരിന്റെ ശത്രു എന്നല്ല. അയാൾ  സർക്കാരിന്റെ വക്താവുമല്ല.  അവരുടെ   പ്രധാന ഉത്തരവാദിത്വം പൊതുജനത്തോടാണ്.  സർക്കാർ നല്ലൊരു തീരുമാനമെടുത്താൽ അത്  റിപ്പോർട്ട് ചെയ്യണം. സർക്കാർ തെറ്റായ അവകാശവാദം ഉന്നയിച്ചാൽ  പരിശോധിക്കണം. ഒരു പ്രതിപക്ഷ പാർട്ടി തെറ്റായ വിവരം നൽകുകയാണെങ്കിൽ അതു ചോദ്യം ചെയ്യണം.

സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ അർത്ഥം ഏതെങ്കിലും ഒരു രാഷ്ട്രീയ പക്ഷത്തെ പിന്തുണയ്ക്കുക എന്നതല്ല.   അധികാരത്തെ പൊതുപരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ്.   അധികാരത്തോട് ചോദ്യം ചോദിക്കുക എന്നത് പലപ്പോഴും എളുപ്പമല്ല.

വാർത്ത പ്രസിദ്ധീകരിക്കുന്നതോടെ  പത്രപ്രവർത്തകന്റെ ജോലി അവസാനിക്കുന്നില്ല. അതിനുശേഷം നിയമപരമായ പരാതികൾ വരാം. പോലീസ് അന്വേഷണമുണ്ടാകാം. ഓൺലൈൻ ആക്രമണങ്ങളുണ്ടാകാം. സാമ്പത്തിക സമ്മർദ്ദമുണ്ടാകാം. സാമൂഹികമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാകാം.

The Wire-നും വരദരാജനും വിവിധ ഘട്ടങ്ങളിൽ നിയമപരമായ പരാതികളും പോലീസ് നടപടികളും നേരിടേണ്ടി വന്നതായി പത്രസ്വാതന്ത്ര്യ സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ അസമിൽ The Wire-നും വരദരാജനുമെതിരെ അവരുടെ ചില റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടായതായി Reporters Without Borders രേഖപ്പെടുത്തിയിരുന്നു.

2022-ൽ The Wire ഒരു റിപ്പോർട്ട് പിൻവലിച്ച സംഭവവും ശ്രദ്ധേയമാണ്. റിപ്പോർട്ടിനായി ഉപയോഗിച്ച തെളിവുകൾ വ്യാജമായി നിർമ്മിക്കപ്പെട്ടതാണെന്ന് പിന്നീട് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം റിപ്പോർട്ട് പിൻവലിക്കുകയും ബന്ധപ്പെട്ട ഗവേഷകനെതിരെ പരാതി നൽകുകയും ചെയ്തു.

ഈ സംഭവം മറ്റൊരു പ്രധാന സത്യവുമോർമ്മിപ്പിക്കുന്നു. സ്വതന്ത്ര മാധ്യമം എന്നാൽ തെറ്റുപറ്റാത്ത മാധ്യമം എന്നല്ല. പത്രപ്രവർത്തനത്തിന്റെ വിശ്വാസ്യത വിമർശനാതീതമായിരിക്കുകയല്ല. പകരം, തെറ്റുകൾ സംഭവിക്കുമ്പോൾ അവ തിരിച്ചറിയാനും തിരുത്താനും ഉത്തരവാദിത്വം ഏറ്റെടുക്കാനും കഴിയുന്നതിലാണതിന്റെ ശക്തി.  അധികാരത്തെ ചോദ്യം ചെയ്യുന്നതിനൊപ്പം സ്വന്തം പത്രപ്രവർത്തനത്തെയും പരിശോധനയ്ക്ക് വിധേയമാക്കുന്ന ഒരു സംസ്കാരം അതുകൊണ്ടുതന്നെ അനിവാര്യമാണ്.

The Wire നെ ഒരു വാർത്താ വെബ്സൈറ്റ് മാത്രമായി കാണാൻ കഴിയില്ല. ഇന്ത്യയിലെ മാധ്യമപരിസ്ഥിതിയിൽ സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങൾക്ക് ലഭിച്ച പുതിയ സാധ്യതകളുടെ ഒരു പ്രതീകമായി വേണം അതിനെ കാണാൻ. വലിയ ടെലിവിഷൻ ശൃംഖലകൾക്കും വൻകിട പത്രസ്ഥാപനങ്ങൾക്കും  പുറത്തും ഗൗരവമുള്ള പത്രപ്രവർത്തനം നടത്താനാകുമെന്ന് അത് തെളിയിക്കുന്നു.

വരദരാജന് ലഭിച്ച EL MUNDOയുടെ പത്രസ്വാതന്ത്ര്യ പുരസ്കാരം അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിഗത ജീവിതത്തെക്കാൾ വലിയ അർത്ഥം വഹിക്കുന്നു.  അത് ഒരു പത്രപ്രവർത്തകന്റെ ധൈര്യത്തെ മാത്രമല്ല, സ്വതന്ത്ര മാധ്യമസ്ഥാപനങ്ങൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയെയും ചൂണ്ടിക്കാണിക്കുന്നു.  വരദരാജൻ തന്നെ ഈ പുരസ്കാരം The Wire-നും ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവർത്തനത്തിനും പ്രോത്സാഹനമാകുമെന്ന് പറഞ്ഞിട്ടുണ്ട്.

സിദ്ധാർഥ് വരദരാജന്റെ പത്രപ്രവർത്തനം അധികാരത്തിന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നതാണെങ്കിൽ, മാർസെല തുരാതിയുടേത്  അക്രമങ്ങൾക്ക് മുന്നിലും പുറകിലുമുള്ള  മനുഷ്യരൂപങ്ങളെ  രേഖപ്പെടുത്തുന്നതാണ്.

മെക്സിക്കോയിലെ മയക്കുമരുന്ന് സംഘർഷം, സംഘടിത കുറ്റകൃത്യങ്ങൾ, കാണാതാകുന്ന മനുഷ്യർ, കുടിയേറ്റക്കാരുടെ ദുരന്തങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, ശിക്ഷിക്കപ്പെടാത്ത കുറ്റങ്ങൾ എന്നിങ്ങനെ  അവരുടെ ദീർഘകാല അന്വേഷണങ്ങളുടെ പ്രധാന വിഷയങ്ങൾ നീളുന്നു.

El colectivo mexicano Periodistas de a Pie, premio Julio Anguita Parrado | Cultura | EL PAÍS

മെക്സിക്കൻ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ പ്രത്യേക ശ്രദ്ധ നേടിയ തുരാതി Reforma, Proceso തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. 2006-ൽ Periodistas de a Pie എന്ന പത്രപ്രവർത്തക ശൃംഖലയുടെ സഹസ്ഥാപകയായി. പിന്നീട് അന്വേഷണാത്മക പത്രപ്രവർത്തനത്തിനായുള്ള Quinto Elemento Lab-ന്റെ സഹസ്ഥാപകയായി. അവരുടെ പ്രവർത്തനത്തിന്റെ പ്രത്യേകത ഒരു വാർത്തയുടെ തൽക്ഷണപ്രാധാന്യത്തിനപ്പുറത്തേക്ക്  പോകുന്നു എന്നതാണ്.  ഒരു കൊലപാതകം നടന്നാൽ, ആരാണ് കൊല്ലപ്പെട്ടത്;  ഒരു മനുഷ്യൻ കാണാതായാൽ, അയാൾ എവിടെയാണ്; ഒരു മൃതദേഹം കണ്ടെത്തിയാൽ, അതാരുടേതാണ്; ഒരു കുടുംബം വർഷങ്ങളോളം കാത്തിരിക്കുകയാണെങ്കിൽ ആ കാത്തിരിപ്പിനു  സാക്ഷിയാകാൻ ആരുണ്ട്; എന്നിങ്ങനെയുള്ള അനേകം ചോദ്യങ്ങളാണ് തുരാതിയുടെ പത്രപ്രവർത്തനത്തെ മുന്നോട്ട് നയിക്കുന്നത്.

Quinto Elemento Lab | LinkedIn

തുരാതിയുടെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണപ്രവർത്തനങ്ങളിൽ ഒന്നാണ് മെക്സിക്കോയിലെ ടമൗലിപാസ് സംസ്ഥാനത്തിലെ  സാൻ ഫെർണാണ്ടോ കൂട്ടക്കൊലയെക്കുറിച്ചു നടന്ന ദീർഘകാല അന്വേഷണം. 2010-ൽ സാൻ ഫെർണാണ്ടോയിൽ 72 കുടിയേറ്റക്കാരെ കൊലപ്പെടുത്തിയ സംഭവം ലോകശ്രദ്ധ നേടി. അമേരിക്കയിലേക്ക് മെച്ചപ്പെട്ട ജീവിതം തേടി യാത്ര ചെയ്തവരായിരുന്നു കൊല്ലപ്പെട്ടവരിൽ പലരും. പിന്നീട് ആ പ്രദേശത്ത് നിരവധി രഹസ്യ കുഴിമാടങ്ങൾ കണ്ടെത്തി.  193 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കും എന്നാണപ്പോൾ അനുമാണിക്കപ്പെട്ടത്.

എന്നാൽ അതിനെക്കുറിച്ചുള്ള തുരാതിയുടെ അന്വേഷണത്തിന്റെ പ്രാധാന്യം മരണസംഖ്യയിൽ മാത്രം ഒതുങ്ങി നിന്നില്ല. കൊല്ലപ്പെട്ട ആ 193 പേർ ആരായിരുന്നു? അവരുടെ വീടുകൾ എവിടെയായിരുന്നു? അവരെ കാത്തിരുന്നവർ ആരായിരുന്നു? അവർക്ക് എന്താണ് സംഭവിച്ചതെന്നറിയാൻ വർഷങ്ങളോളം ശ്രമിച്ച കുടുംബങ്ങളെങ്ങനെ ജീവിച്ചു എന്നിങ്ങനെ പലതും അവരന്വേഷിച്ചു. ഒരു മനുഷ്യന്റെ മരണം ഒരു അക്കമായി മാത്രം ചുരുങ്ങുമ്പോൾ അയാളുടെ ജീവിതം അപ്രത്യക്ഷമാകുന്നു.  തുരാതി അത്തരം  ജീവിതങ്ങളെ വീണ്ടും ദൃശ്യമാക്കി.

2023-ൽ പ്രസിദ്ധീകരിച്ച അവരുടെ പുസ്തകം San Fernando: ultima parada ഈ ദീർഘകാല അന്വേഷണത്തിന്റെ ഫലമാണ്. ഈ കൃതിയിൽ ഇരകളുടെയും കുടുംബങ്ങളുടെയും സാക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ശബ്ദങ്ങൾ ഇടകലർന്ന  ഒരു ബഹുസ്വര ചരിത്രം നമുക്ക് കാണാനാകും. അതൊരു  വാർത്തയുടെ വിപുലീകരണം മാത്രമല്ല.  സമൂഹത്തിനേറ്റ മുറിവിന്റെ രേഖയാണ്.

San Fernando. Última parada: Viaje al crimen autorizado en Tamaulipas (Premio Javier Valdez Cárdenas) (Spanish Edition) by Turati, Marcela - Amazon.ae

തുരാതിയുടെ സാൻ ഫെർണാണ്ടോ അന്വേഷണത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്  അത് ഓർമ്മയുടെ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു എന്നതാണ്. ഇത്തരം  സംഭവങ്ങളിൽ പൊതുവേ  സമൂഹത്തിൽ മരണത്തിനു പുറകെയെത്തുന്ന  മറ്റൊരു അപകടമുണ്ട്;  മറവി.

ഒരു കൂട്ടക്കൊല നടക്കുന്നു. കുറച്ച് ദിവസം അത് വാർത്തകളിൽ  നിറഞ്ഞു നിൽക്കുന്നു. പിന്നെ പുതിയ വാർത്തകൾ വരുന്നു. പഴയ സംഭവം അപ്രത്യക്ഷമാകുന്നു. എന്നാൽ ഇരകളുടെ കുടുംബങ്ങൾക്കതൊരിക്കലും പഴയ വാർത്തയാകുന്നില്ല. അവരുടെ ജീവിതം ആ പഴയ ദിവസത്തിൽ തന്നെ നിൽക്കുന്നു. അതുകൊണ്ട് തുരാതിയുടെ പത്രപ്രവർത്തനം വാർത്തയെ ഓർമ്മയാക്കി മാറ്റുന്നു.  മായാത്ത ഓർമ്മയായി.

സാൻ ഫെർണാണ്ടോയിലെ കുഴിമാടങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അനേകം മൃതദേഹങ്ങൾ കണ്ടെത്തിയ അവസ്ഥ നേരിൽ കണ്ടതായി തുരാതി പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ആ അനുഭവം അവരെ ആഴത്തിൽ ബാധിച്ചു. പത്രപ്രവർത്തകയായി അവിടെ പോകുക എന്നത് ഒരു ജോലിയായിരുന്നു. എന്നാൽ അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷം ആ സംഭവത്തെക്കുറിച്ച് വർഷങ്ങളോളം അന്വേഷിക്കുന്നത് ഒരു ധാർമിക ഉത്തരവാദിത്വമായി മാറി. മനുഷ്യാവകാശ പത്രപ്രവർത്തനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്,  ഇരയെ വെറും ഇരയായി മാത്രം കാണാതിരിക്കുക.  ഒരു മനുഷ്യൻ കൊല്ലപ്പെട്ടു എന്നു  പറയുക എളുപ്പമാണ്.  പക്ഷേ കൊല്ലപ്പെട്ടത്  ആരായിരുന്നു എന്നന്വേഷിക്കുക അത്ര എളുപ്പമല്ല. കൊല്ലപ്പെട്ട വ്യക്തിയുടെ സ്വപ്നങ്ങൾ എന്തൊക്കെയായിരുന്നു? അവരുടെ കുട്ടികൾ? ആ വ്യക്തി എന്തിനാണ് യാത്ര ചെയ്തത്?  അവസാനമായി ആരോടാണ് സംസാരിച്ചത്?  കുടുംബം ഇന്നും ആ വ്യക്തിയെ കാത്തിരിക്കുകയാണോ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് പത്രപ്രവർത്തനത്തെ മനുഷ്യചരിത്രമാക്കി മാറ്റുന്നത്.

തുരാതിയുടെ പ്രവർത്തനത്തിൽ ഈ മനുഷ്യകേന്ദ്രിത സമീപനം വ്യക്തമാണ്. സംഘടിത കുറ്റകൃത്യത്തിന്റെ കണക്കുകൾക്കപ്പുറം അതിന്റെ ആഘാതം മനുഷ്യജീവിതങ്ങളിൽ എങ്ങനെ പതിക്കുന്നു എന്നതുകൂടിയാണവർ രേഖപ്പെടുത്തുന്നത്. മനുഷ്യാവകാശം, സാമൂഹിക പ്രസ്ഥാനങ്ങൾ, കുടിയേറ്റം, കാണാതായവർ എന്നിവ അവരുടെ ദീർഘകാല വിഷയങ്ങളായി തുടരുന്നു.

തുരാതിയുടെ പ്രാധാന്യം അവർ എഴുതിയ റിപ്പോർട്ടുകളിൽ മാത്രം ഒതുങ്ങുന്നില്ല.  Periodistas de a Pie വഴി അവർ പത്രപ്രവർത്തകരുടെ സഹകരണവും സുരക്ഷയും പരിശീലനവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തു. Quinto Elemento Lab വഴി അന്വേഷണാത്മക പത്രപ്രവർത്തനത്തിന് പിന്തുണ നൽകുന്ന ഒരു സ്ഥാപനപരമായ ഇടവും അവർ നിർമ്മിച്ചു.

ഇത് പ്രധാനപ്പെട്ട മാറ്റമാണ്. ഒരു മാധ്യമപ്രവർത്തകൻ/മാധ്യമ പ്രവർത്തക  ഒരു നല്ല റിപ്പോർട്ട് എഴുതുന്നു. അത് വായിക്കുന്നവർക്കറിവു  ലഭിക്കുന്നു. എന്നാലവർ   മറ്റൊരു പത്രപ്രവർത്തകനെ/പ്രവർത്തകയെ  പരിശീലിപ്പിച്ചാലോ? അതൊരു നല്ല റിപ്പോർട്ട് മാത്രമല്ല നൽകുക.  അത്  അനേകം നല്ല  റിപ്പോർട്ടുകളുടെ സാധ്യതയാണ് സൃഷ്ടിക്കുന്നത്.  അതിനാൽ തുരാതിയുടെ ഏറ്റവും വലിയ പാരമ്പര്യം  അവരുടെ എഴുത്തുകളാണെന്ന്, അവർ  ചെയ്ത മാധ്യമ പ്രവർത്തനമാണെന്ന്,  മാത്രം കാണേണ്ടതില്ല. അവർ വളർത്തിയെടുക്കുന്ന പത്രപ്രവർത്തകരിലും അന്വേഷണ ശൃംഖലകളിലും അത് നിലനിൽക്കും.

അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അപകടം തുരാതിയുടെ സ്വന്തം ജീവിതത്തിലും പ്രത്യക്ഷമായി.  സാൻ ഫെർണാണ്ടോ അന്വേഷണവുമായി ബന്ധപ്പെട്ട് തുരാതി, അന്വേഷണത്തിനും നിയമവിരുദ്ധ നിരീക്ഷണത്തിനും ഇരയായതായി അവരുടെ സഹപ്രവർത്തക സ്ഥാപനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ൽ അവരുടെ ഫോൺ നിരീക്ഷിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുറത്തുവന്നപ്പോൾ പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അതിനെതിരെ പ്രതികരിച്ചു.

ഇവിടെ ഒരു വിചിത്രമായ വൈരുധ്യമുണ്ട്.  ഒരു പത്രപ്രവർത്തക കുറ്റകൃത്യം അന്വേഷിക്കുന്നു. അവർ  ആരെയാണ് അന്വേഷിക്കുന്നതെന്നറിയാൻ അധികാരികൾ അവരെ  നിരീക്ഷിക്കുന്നു.  അപ്പോൾ കുറ്റകൃത്യത്തെ അന്വേഷിക്കുന്ന പത്രപ്രവർത്തകയെ നിരീക്ഷിക്കേണ്ട സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നൊരു ചോദ്യം വരുന്നു. ഈ ചോദ്യം തന്നെയാണ് പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്നത്.

വരദരാജന്റെയും തുരാതിയുടെയും പ്രവർത്തനങ്ങളെ ഒരേ മാതൃകയിൽ കാണാൻ കഴിയില്ല.

വരദരാജന്റെ പ്രധാന മേഖല രാഷ്ട്രീയ അധികാരത്തെയും ഭരണനടപടികളെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള റിപ്പോർട്ടിംഗാണ്.  തുരാതിയുടേതാകട്ടെ  സംഘടിത കുറ്റകൃത്യം, കാണാതായവർ, മനുഷ്യാവകാശ ലംഘനങ്ങൾ, കുടിയേറ്റക്കാരുടെ ദുരന്തങ്ങൾ, ഇരകളുടെ ജീവിതം എന്നിവയും. എന്നാൽ അവരെ ബന്ധിപ്പിക്കുന്ന ഒരു  ചരടുണ്ട്. അധികാരത്തിന് സൗകര്യപ്രദമായ കഥ മാത്രം പറയാൻ അവർ തയ്യാറല്ല എന്ന ചരട്.  ആ അധികാരം രാഷ്ട്രീയമായിരിക്കാം.  ഭരണകൂടമായിരിക്കാം.  കുറ്റകൃത്യസംഘടനയായിരിക്കാം. അല്ലെങ്കിൽ ഒരു വലിയ സ്ഥാപനമായിരിക്കാം. പത്രപ്രവർത്തനത്തിന്റെ ജോലി അധികാരത്തിന്റെ സ്വഭാവം നോക്കി മാറുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് EL MUNDO യുടെ പുരസ്കാരം പ്രത്യേക പ്രാധാന്യം നേടുന്നത്. 2026-ലെ പുരസ്കാര പ്രഖ്യാപനത്തിൽ, രണ്ടു ഭൂഖണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഈ രണ്ടു പത്രപ്രവർത്തകരെയും ഒരേ ധാർമിക പാരമ്പര്യത്തിന്റെ ഭാഗമായി ജൂറി അവതരിപ്പിച്ചു.

വരദരാജനു ലഭിച്ചത്  പത്രസ്വാതന്ത്ര്യത്തിനുള്ള പുരസ്കാരമാണ്.  തുരാതിക്കാകട്ടെ  മികച്ച പത്ര പ്രവർത്തനത്തിനുള്ളതും.  ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം തന്നെ അവരുടെ പ്രവർത്തനത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു.  വരദരാജന്റെ പുരസ്കാരം സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള അവകാശത്തെ മുൻനിർത്തുന്നു.  തുരാതിയുടേത്  ദീർഘകാല അന്വേഷണത്തിലൂടെ മനുഷ്യരുടെ മറഞ്ഞുപോയ കഥകൾ പുറത്തുകൊണ്ടുവരുന്ന പ്രവർത്തനത്തെ മുൻനിർത്തുന്നു.  പക്ഷേ ഈ രണ്ടു വഴികളും ഒടുവിൽ ഒരേ സ്ഥലത്തേക്കാണെത്തിച്ചേരുന്നത്.  പൊതുജനത്തിന്റെ അറിയാനുള്ള അവകാശം എന്നിടത്തേക്ക്.

പത്രപ്രവർത്തനത്തിന് എളുപ്പമുള്ള കാലത്തല്ല ഇവർക്ക് ഈ പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്.  ഇന്ന് വാർത്തകൾ മിനിറ്റുകൾക്കുള്ളിൽ ലോകമെമ്പാടുമെത്തുന്നു. പക്ഷേ  വേഗം കൂടുമ്പോൾ പരിശോധനയ്ക്ക് ലഭിക്കുന്ന സമയം കുറയുന്നു. സാമൂഹികമാധ്യമങ്ങൾ അഭിപ്രായവും വാർത്തയും തമ്മിലുള്ള അതിർത്തി മങ്ങിക്കുന്നു. കൃത്രിമ ചിത്രങ്ങളും കൃത്രിമ ശബ്ദങ്ങളും വ്യാജ രേഖകളും യഥാർത്ഥ വാർത്തകളെപ്പോലെ പ്രചരിക്കുന്നു. രാഷ്ട്രീയ പ്രചാരണവും വാർത്തയും പലപ്പോഴും തമ്മിൽ കലരുന്നു.  ഈ സാഹചര്യത്തിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മൂല്യം കുറയുകയല്ല.  അതിന്റെ ആവശ്യകത കൂടുകയാണ്.

വരദരാജന്റെ മുന്നിലുള്ള വലിയ വെല്ലുവിളി ഒരു സ്വതന്ത്ര ഡിജിറ്റൽ മാധ്യമസ്ഥാപനത്തെ സാമ്പത്തികമായും സ്ഥാപനപരമായും നിലനിർത്തുക എന്നതാണ്.  തുരാതിയുടെ മുന്നിലുള്ള വെല്ലുവിളി അപകടകരമായ സാഹചര്യങ്ങളിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തെ അടുത്ത തലമുറയിലേക്ക് കൈമാറുകയും കാണാതായവരുടെയും അക്രമത്തിന്റെ ഇരകളുടെയും കഥകൾ രേഖപ്പെടുത്തുകയും ചെയ്യുക എന്നതും.

എന്തിനാണിത്തരം പത്രപ്രവർത്തനം എന്ന ചോദ്യം ചിലരിലെങ്കിലും വന്നേക്കാം. ഒരമ്മയുടെ കണ്ണുകളിലേക്ക് നോക്കി, ‘എവിടെവച്ചാണ് നിങ്ങളുടെ മകനെ / മകളെ   കാണാതായത്’ എന്ന് ചോദിക്കാൻ; ഒരു കുടുംബത്തിന്റെ നിശ്ശബ്ദത മനസ്സിലാക്കാൻ; ഒരു അധികാരിയുടെ വാക്കുകൾക്ക് പിന്നിലുള്ള രേഖ തേടാൻ;  ഒരു ഗ്രാമത്തിൽ എല്ലാവരും ഭയന്ന് മിണ്ടാതിരിക്കുമ്പോൾ ഒരാളുടെ വാതിൽക്കൽ വീണ്ടും മുട്ടാനൊക്കെ മനുഷ്യധൈര്യം വേണം.  അതിനിത്തരം പത്രപ്രവർത്തനം സഹായിക്കും, ചിലപ്പോൾ അനിവാര്യവുമാകും.

ഒരു സമൂഹത്തിന് ഓർമ്മയില്ലെങ്കിൽ അതിന്റെ ചരിത്രം മറ്റുള്ളവരെഴുതും. അധികാരികൾ അവരുടെ ചരിത്രമെഴുതും. വിജയിച്ചവർ അവരുടെ ചരിത്രമെഴുതും. ശക്തരായവർ അവരുടെ ചരിത്രമെഴുതും. എന്നാൽ പത്രപ്രവർത്തനം മറ്റൊരു ചരിത്രവും സൂക്ഷിക്കുന്നു.  അവിടെ കാണാതായ മനുഷ്യരുണ്ട്.   കുടിയേറ്റക്കാരുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുണ്ട്.  ചോദ്യം ചെയ്തവരുണ്ട്. അധികാരത്തിന്റെ ഔദ്യോഗിക രേഖയിൽ ഇടം കിട്ടാത്ത സാക്ഷികളുണ്ട്.

മാർസെല തുരാതിയുടെ സാൻ ഫെർണാണ്ടോ അന്വേഷണം അതിന്റെ ശക്തമായ ഉദാഹരണമാണ്. സിദ്ധാർഥ് വരദരാജന്റെ പത്രപ്രവർത്തനം അതിന്റെ മറ്റൊരു രൂപമാണ്. പത്രപ്രവർത്തനം ലോകത്തെ ഉടൻ മാറ്റുന്നില്ല. ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചാൽ ഒരു സർക്കാർ ഉടൻ മാറണമെന്നില്ല.  ഒരു അന്വേഷണത്തിന് ശേഷം എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണമെന്നില്ല.  ഒരു കുടുംബത്തിന് ഉടൻ നീതി ലഭിക്കണമെന്നുമില്ല.  എങ്കിലും ഒരു നല്ല റിപ്പോർട്ട് മറ്റൊരു കാര്യം ചെയ്യുന്നു.  അത് മറവിക്കെതിരെ സാക്ഷ്യം നൽകുന്നു. ഒരു മനുഷ്യൻ കൊല്ലപ്പെട്ടുവെന്ന് ലോകം മറക്കാതിരിക്കാനത് സഹായിക്കുന്നു.  ഒരു അധികാരം എന്താണ് ചെയ്തതെന്ന് രേഖപ്പെടുത്തുന്നു.  ഒരു കുടുംബം നീതി ആവശ്യപ്പെട്ടുവെന്നത്  ചരിത്രത്തിൽ സൂക്ഷിക്കുന്നു. ഒരു പത്രപ്രവർത്തകൻ ഭയത്തിനിടയിലും ചോദ്യം ചോദിച്ചുവെന്ന് തെളിയിക്കുന്നു.  അതാണ് പത്രപ്രവർത്തനത്തിന്റെ ഏറ്റവും ആഴത്തിലുള്ള മനുഷ്യപ്രാധാന്യം.

സിദ്ധാർഥ് വരദരാജനും മാർസെല തുരാതിയും ഇനി ചെയ്യുന്ന പ്രവർത്തനം അവരുടെ വ്യക്തിഗത പത്രപ്രവർത്തനജീവിതത്തിന്റെ അടുത്ത അധ്യായം മാത്രമായിരിക്കില്ല.   അത് അടുത്ത തലമുറയിലെ പത്രപ്രവർത്തകരെയും സ്വാധീനിക്കും.   വരദരാജന്റെ പ്രവർത്തനം സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഒരു സ്ഥാപനപരമായ മാതൃകയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടർച്ച നൽകും. തുരാതിയുടേത് അന്വേഷണാത്മക പത്രപ്രവർത്തനത്തെ മനുഷ്യാവകാശ പ്രവർത്തനവുമായി ബന്ധിപ്പിക്കുന്ന വഴികളെ കൂടുതൽ ശക്തിപ്പെടുത്തും. പ്രത്യേകിച്ച് തുരാതിയുടെ പ്രവർത്തനത്തിൽ കാണുന്ന സഹകരണ മാതൃക ഭാവിയിൽ കൂടുതൽ പ്രധാനമാകും. ഒരു പത്രപ്രവർത്തകൻ ഒറ്റയ്ക്ക് എല്ലാം ചെയ്യേണ്ട കാലം കഴിഞ്ഞു. ഡാറ്റാ പത്രപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ, അഭിഭാഷകർ, ഗവേഷകർ, പ്രാദേശിക റിപ്പോർട്ടർമാർ, മനുഷ്യാവകാശ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയെല്ലാവരും ചേർന്ന് നടത്തുന്ന അന്വേഷണങ്ങളാണ് കൂടുതൽ ശക്തമാകുക.  ഇത് പത്രപ്രവർത്തനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു പ്രധാന സൂചനയാണ്.  ഒറ്റപ്പെട്ട ധീരനായ പത്രപ്രവർത്തകനേക്കാൾ സുരക്ഷിതമായ സഹകരണ ശൃംഖലകളാണ് ഭാവിയിലെ അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ശക്തി.

സിദ്ധാർഥ് വരദരാജനും മാർസെല തുരാതിയും രണ്ടു വ്യത്യസ്ത ഭൂമിശാസ്ത്രങ്ങളിൽ നിന്നാണ് വരുന്നത്.   ഒരാളുടെ മുന്നിൽ ജനാധിപത്യത്തിലെ അധികാരബന്ധങ്ങളാണ്.  മറ്റൊരാളുടെ മുന്നിൽ മയക്കുമരുന്ന് സംഘർഷവും കാണാതാകുന്ന മനുഷ്യരും കൂട്ടക്കൊലകളും.  ഒരാൾ ഡിജിറ്റൽ മാധ്യമത്തിലൂടെ അധികാരത്തെ ചോദ്യം ചെയ്യുന്നു.  മറ്റൊരാൾ ഗ്രാമങ്ങളിലേക്കും കുടുംബങ്ങളിലേക്കും കുറ്റകൃത്യത്തിന്റെ ഇരുണ്ട ഇടങ്ങളിലേക്കും ഇറങ്ങിച്ചെന്ന് മനുഷ്യരുടെ കഥകൾ ശേഖരിക്കുന്നു.  എന്നാൽ അവരുടെ പത്രപ്രവർത്തനത്തെ ഒരുമിച്ച് വായിക്കുമ്പോൾ ഒരു വലിയ ചിത്രം തെളിയുന്നു.  പത്രപ്രവർത്തനം എന്നത് അധികാരത്തോട് എതിർപ്പ് പ്രകടിപ്പിക്കുക എന്നതല്ല. അധികാരത്തിന്റെ ഇരുട്ടിൽ മനുഷ്യന്റെ അവകാശം ദൃശ്യമാക്കുക എന്നതാണ്.  അത് സർക്കാരിനെതിരായ പ്രവർത്തനമല്ല.  മനുഷ്യർക്കുവേണ്ടിയുള്ള പ്രവർത്തനമാണ്.

ഒരു സമൂഹത്തിന് വാർത്തകൾ ആവശ്യമുള്ളതെന്തുകൊണ്ടാണ്? അറിയാൻ. ചോദ്യം ചെയ്യാൻ. തെളിവ് ആവശ്യപ്പെടാൻ. വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കാൻ. തെറ്റുകൾ തിരിച്ചറിയാൻ.  അനീതിയെ മറക്കാതിരിക്കാൻ. ചരിത്രത്തെ ഒരേയൊരു അധികാരത്തിന്റെ ശബ്ദമായി മാറുന്നതിൽ നിന്ന് തടയാൻ. അതിനാലാണ് സ്വതന്ത്ര പത്രപ്രവർത്തനം ഒരു മാധ്യമപ്രവർത്തകന്റെ തൊഴിൽ അവകാശം മാത്രമല്ലാത്തത്. അത് പൊതുസമൂഹത്തിന്റെ ജീവിക്കാനുള്ള ഒരു അവകാശമാകുന്നത്.  സിദ്ധാർഥ് വരദരാജന് ലഭിച്ച പത്രസ്വാതന്ത്ര്യ പുരസ്കാരം അതിനെ ഓർമ്മിപ്പിക്കുന്നു. മാർസെല തുരാതിക്ക് ലഭിച്ച മികച്ച പത്രപ്രവർത്തനത്തിനുള്ള പുരസ്കാരം അതിനെ മറ്റൊരു ഭാഷയിൽ ആവർത്തിക്കുന്നു.

സത്യം എല്ലായ്പ്പോഴും ശക്തമായ ശബ്ദത്തിൽ, ഉച്ചത്തിൽ,   സംസാരിക്കണമെന്നില്ല. ചിലപ്പോൾ അത് ഒരു ചെറിയ വാർത്തയായി വരും. ഒരു രേഖയായി വരും. ഒരു കുടുംബത്തിന്റെ മൊഴിയായി വരും. ഒരു പത്രപ്രവർത്തകന്റെ കുറിപ്പുപുസ്തകത്തിൽ എഴുതപ്പെട്ട ഒരു പേരായി വരും. പക്ഷേ അത് രേഖപ്പെടുത്തിയിരിക്കണം. കാരണം ഇന്ന് മറച്ചുവെച്ച ഒരു സത്യം നാളെയൊരു സമൂഹത്തിന്റെ ചരിത്രമായി മാറാം. ഇന്ന് ശബ്ദമില്ലാത്ത ഒരു മനുഷ്യന്റെ കഥ നാളെ നീതിയുടെ രേഖയാകാം. ഇന്ന് ചോദിക്കപ്പെടുന്ന ഒരു ചോദ്യം നാളെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഒരു സാക്ഷ്യമായി മാറാം.

അതിനാൽ സിദ്ധാർഥ് വരദരാജനും മാർസെല തുരാതിയും ആദരിക്കപ്പെടുന്നത് അവരുടെ ഭൂതകാല പ്രവർത്തനങ്ങൾക്കുവേണ്ടി മാത്രമല്ല. ചോദ്യം ചെയ്യാനും അന്വേഷിക്കാനും രേഖപ്പെടുത്താനും മറക്കാതിരിക്കാനും കഴിയുന്ന ഒരു ഭാവി പത്രപ്രവർത്തനത്തിനുള്ള സാധ്യതകളെ അവർ പ്രതിനിധീകരിക്കുന്നതിനാലാണ്. അധികാരം മാറും. സാങ്കേതികവിദ്യ മാറും.  മാധ്യമങ്ങളുടെ രൂപം മാറും. വാർത്ത വായിക്കുന്ന രീതിയും മാറും.  പക്ഷേ മനുഷ്യന് സത്യം അറിയാനുള്ള ആവശ്യം മാറുകയില്ല.  അതുകൊണ്ടുതന്നെ, സത്യത്തെ തേടുന്ന പത്രപ്രവർത്തനവും അവസാനിക്കുകയില്ല.  ഇരുട്ട് എത്ര കനത്താലും, ഒരാൾ രേഖപ്പെടുത്തുന്ന സത്യം ഒരു ചെറിയ വെളിച്ചമായി തുടരും.   ആ വെളിച്ചത്തെ  സംരക്ഷിക്കുക എന്നത് പത്രപ്രവർത്തകരുടെ മാത്രം ഉത്തരവാദിത്വമല്ല.  മനുഷ്യരാശിയുടെ ഉത്തരവാദിത്വമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.