ഇന്ത്യയിലെ ജാതിവ്യവസ്ഥ ശ്രേണീകൃതമായ അസമത്വമാണെന്ന് നിർവ്വചിച്ചത് ഡോ. ബി ആർ അംബേദ്കർ ആണ്. ഒരു വശത്ത് ദേശീയപ്രസ്ഥാനം ശക്തിയാർജ്ജിക്കുന്നു. മറുവശത്ത് ജാതി ഉന്മൂലനം സാധ്യമാകാതെ സ്വാതന്ത്ര്യലബ്ധിയിൽ അർത്ഥമില്ല എന്നു തിരിച്ചറിഞ്ഞ് ഇന്ത്യയിൽ പ്രവർത്തിച്ചവരും ജന്മിത്തമാണ് അവസാനിക്കേണ്ടത് എന്ന് വാദിച്ചവരും കമ്മ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളിലൂടെ വർഗ്ഗസമരമാണ് അനിവാര്യമെന്നുകണ്ടവരും മിഷനറി പ്രവർത്തനങ്ങളിലൂടെ പള്ളിയും പള്ളിക്കൂടവും വിമോചനത്തിലേക്ക് നയിക്കുമെന്നു കരുതിയിരുന്നവരും തങ്ങളാലാകും വിധം പ്രവർത്തിച്ചുപോന്നു. ആ കാലഘട്ടത്തിലെ ഏതാണ്ട് ഒരു നാല് പതിറ്റാണ്ടാണ് ശ്രീനാഥ് ശങ്കരൻകുട്ടിയുടെ പതമ്പ് എന്ന നോവലിൻ്റെ പശ്ചാത്തലം. യേശുദാസനായി മാറിയ ചിന്നൻ എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന നോവൽ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനം മുതലുള്ള ചരിത്രത്തെ ഉപജീവിക്കുന്നു. പ്രധാനമായും കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റത്തെയും നവോത്ഥാന പോരാളികളെയും അതേപടി പകർത്തുന്ന നോവൽ മുഖ്യകഥാപാത്രത്തിൻ്റെ വീക്ഷണകോണിലൂടെയാണ് ഈ ഘട്ടത്തിലെ ചില സന്ദർഭങ്ങളിലേക്ക് ആഖ്യാനത്തിൻ്റെ സൂക്ഷ്മദർശിനിയെ ഫോക്കസ് ചെയ്യുന്നത്.

ഉത്തരാധുനികത ചരിത്രത്തിൻ്റെ പുനർവായനകളിലും ബദൽചരിത്രനിർമ്മിതികളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി വന്ന നിരവധി വിമതവായനകൾക്കുശേഷം സാഹിത്യവും ചരിത്രവും തമ്മിലുള്ള ബന്ധം അഥവാ കൊടുക്കൽവാങ്ങൽ ഒരു പടികൂടി കടക്കുന്നത് ഇവിടെക്കാണാം. ഉത്തരാധുനികതയുടെ വിസ്ഫോടനാത്മകമായ ചിന്തയും തിരസ്കാരശ്രമങ്ങളും സാംസ്കാരിക സന്ദേഹങ്ങളുമല്ല നാമിവിടെ കാണുന്നത്. ഒരാശയത്തിന്റെ ആവിഷ്കാരത്തെ മുറുകെപ്പിടിച്ചുകൊണ്ട്, തുടർച്ചകളെ റദ്ദു ചെയ്യാതെ, സ്ഥലകാലസങ്കോചത്തിനുള്ള സാധ്യതയെ അനുവദിക്കാതെ, എന്നാൽ മുഖ്യധാരാ ചരിത്രത്തിന്റെ വസ്തുനിഷ്ഠതയിൽ ഊന്നാതെയുമാണ് ഈ നോവൽ മുന്നോട്ടുപോകുന്നത്. സാഹിത്യവും വ്യക്തിയും ചരിത്രവും സമഗ്രമായിനിൽക്കുന്ന സന്ദർഭങ്ങളെയാണ് നോവൽ മുഖ്യമായും അടയാളപ്പെടുത്തുന്നത്. ദളിതരുടെ ജീവിതം ആവിഷ്കരിക്കുമ്പോൾ കേവല ദൃശ്യത മാത്രം നൽകി സ്വത്വങ്ങളുടെ കദനകഥയെ ‘അനുഭൂതി’യായി വികസിപ്പിക്കുന്ന രചനകളിൽനിന്ന് വ്യത്യസ്തമായി അപകർഷതയുടെയും വേദനയുടെയും കുറ്റിയിൽക്കിടന്നു കറങ്ങുന്നവരായല്ല കർത്തൃത്വവും നിർവ്വാഹകത്വവുമുള്ള ജാതിശരീരങ്ങളിൽനിന്ന് പൗരശരീരങ്ങളിലേക്ക് സഞ്ചരിക്കുന്നവരായാണ് നോവൽ ദളിതരെയും മറ്റു കീഴാളജനവിഭാഗങ്ങളെയും ആവിഷ്കരിച്ചിരിക്കുന്നത്. അത്തരത്തിൽ കീഴാളജനവിഭാഗങ്ങളെ ഇന്നോളം ആവിഷ്കരിച്ചിട്ടുള്ള ധാരാളം സാഹിത്യസന്ദർഭങ്ങളെ നോവൽ ഓർമ്മിപ്പിക്കുകയും ചെയുന്നു. ചിന്നൻ യേശുദാസനെന്ന പേര് സ്വീകരിക്കുന്ന സന്ദർഭം സരസ്വതീവിജയത്തിൽ മരത്തൻ യേശുദാസനാകുന്നതിനെ ഓർമ്മിപ്പിക്കുന്നു. ചിന്നനും മറ്റുപല കഥാപാത്രങ്ങളും കടന്നുപോകുന്ന അനുഭവങ്ങൾ സി. അയ്യപ്പൻ കഥകളെയും അനുസ്മരിപ്പിക്കുന്നു. പതമ്പ് എന്ന നോവലിൽ പുലയൻ തീണ്ടാൻ പാടില്ലാത്ത വഴിയിൽ പ്രവേശിച്ചതിന് ഉയർന്ന ജാതിപ്രമാണിമാർ തല്ലിക്കൊന്ന അച്ഛനെയും അതിനു പ്രതികാരം ചെയ്യാൻ തുനിഞ്ഞ് അന്നു രാത്രിതന്നെ ജീവൻ വെടിഞ്ഞ അമ്മയെയും വേർപിരിഞ്ഞ് ചിന്നൻ എന്ന ബാലൻ കൊച്ചിരാജ്യത്തുനിന്ന് തിരുവിതാംകൂർ ലക്ഷ്യമാക്കി പലായനം ചെയ്യുന്നു. ഇറ്റാമൻ വൈദ്യരും സെബാനുമെല്ലാം ചിന്നന് താല്കാലികാഭയ (വൈദ്യർ വിദ്യാഭ്യാസവും നൽകുന്നുണ്ട്) മാകുന്നുണ്ടെങ്കിലും ചിന്നൻ്റെ ജീവിതത്തെ മാറ്റിമറിക്കുന്നത് ആസ്ക്വിത്ത് സായിപ്പും സിഎംഎസ് കോളേജിലെ വിദ്യാഭ്യാസവുമാണ്. സായിപ്പിനടുത്തെത്തിയ ശേഷമാണ് ചിന്നൻ മതം മാറി യേശുദാസനാകുന്നതും സഭാ സെക്രട്ടറി സ്ഥാനം വരെ എത്തുന്നതും. എന്നാൽ പിന്നീട് അയാൾക്കുണ്ടാവുന്ന പല അനുഭവങ്ങളും തിരിച്ചറിവുകളും നിരവധി സന്ദർഭങ്ങളിൽ അയാൾക്ക് സ്വയം ചിന്നനായി, പുലയനായി പരിചയപ്പെടുത്തിയാൽ മതിയെന്ന തോന്നലുണ്ടാക്കുന്നുണ്ട്. എങ്കിലും ടി. കെ.സി വടുതലയുടെ കഥയിലെപ്പോലെ “അച്ചണ്ട വെന്തീഞ്ഞ ഇന്നാ” എന്ന് ചിന്നൻ അതിനെ ഉപേക്ഷിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം വായനക്കാർക്കു തോന്നാവുന്നതാണ്. എന്നാൽ മിഷനറി പ്രവർത്തനം കേവലം പ്രേഷിത പ്രവർത്തനമായല്ല ചിന്നനെ സ്വാധീനിച്ചത്. അത് അദ്ദേഹത്തെ വിദ്യാസമ്പന്നനാക്കിയെന്നു മാത്രമല്ല വിമർശനാത്മക ചിന്തയും യുക്തിസഹമായ വിശകലനപാടവവുമുള്ള ഒരാളാക്കി മാറ്റി. ആ അടിത്തറയാണ് അയ്യങ്കാളിയുടെയും ഗാന്ധിയുടെയും രാമസ്വാമി നായ്ക്കരുടെയും സഹോദരൻ അയ്യപ്പൻ്റെയും ബാരിസ്റ്റർ ജോർജ് ജോസഫിൻ്റെയും ശിങ്കാരവേലു ചെട്ടിയാരുടെയും ഫിലിപ്പ് സ്പ്രാറ്റിൻ്റെയും ബിഷപ്പ് അസറിയയുടെയും മുന്നിലും തൻ്റെ നിലപാടുകളോടെത്തന്നെ നിൽക്കാൻ ബലം നൽകിയതെന്ന യേശുദാസൻ്റെ തിരിച്ചറിവു നോവലിൻ്റെ വീക്ഷണമായിത്തന്നെ മാറുന്നു. അതുകൊണ്ടാണ് അവസാനഘട്ടത്തിൽ ദൈവശാസ്ത്രത്തെയും യുക്തിവാദത്തെയും സമാന്തരങ്ങളായ റെയിൽപ്പാളങ്ങളായും യേശുദാസന് തോന്നുന്നതും.
അടിത്തട്ടിൽപ്പോലും ജാതി, മത-ജാതി-ഉപജാതി വേർതിരിവുകളോടെയാണ്, അവിടെയും വീണ്ടും അസ്പൃശ്യതയുണ്ടെന്ന തിരിച്ചറിവാണ് തുടക്കത്തിൽ സൂചിപ്പിച്ച ശ്രേണീകൃത അസമത്വം എന്ന നിർവ്വചനത്തെ യേശുദാസനു മുന്നിൽ നീറുന്ന അനുഭവമാക്കുന്നതും. ഈ സങ്കീർണ്ണതയോടാണ് നിരന്തരം പോരാടേണ്ടത് എന്ന യാഥാർത്ഥ്യം ജാതിവ്യവസ്ഥയുടെ സ്രഷ്ടാക്കൾ ഇന്ത്യയെ തള്ളിയിട്ടത് എത്ര വലിയ ഒരു അഴിയാക്കുരുക്കിലേക്കാണ് എന്ന് നോവൽ ഓർമ്മിപ്പിക്കുന്നു.
ഭൂവുടമസ്ഥതയും വിഭവാധികാരവും തന്നെയാണ് ജാതിവ്യവസ്ഥയെ തകർക്കാനുള്ള ഉപാധികളെന്ന വസ്തുത പ്രവർത്തനതലത്തിലെത്തിക്കുന്ന ഉദാഹരണങ്ങൾ ഇവിടുത്തെ നവോത്ഥാന പ്രസ്ഥാനത്തിലെ സംഭവവികാസങ്ങളേക്കാൾ തെളിച്ചത്തോടെ നോവൽ അവതരിപ്പിക്കുന്നു. വൈക്കം സത്യാഗ്രഹത്തിനായി വരുന്ന പെരിയാർ അക്ഷരവിലാസം സ്കൂൾ സന്ദർശിക്കുന്ന സംഭവത്തെ കൂടുതൽ ഉയർത്തിക്കാട്ടുകയും തോട്ടിത്തൊഴിലാളികൾക്കായി ട്രേഡ് യൂണിയനും പുലയർക്കായും ലത്തീൻ കത്തോലിക്കർക്കായും സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതും വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നതിലൂടെ നോവൽ നിർവ്വഹിക്കുന്ന ദൗത്യവും ഈ ഉപാധികളെ ഇന്നും ഉയർത്തിക്കാട്ടേണ്ടതുണ്ട് എന്ന ബോധ്യത്തിൽനിന്നാണ് എന്ന് കരുതേണ്ടിവരും. അതിനാൽത്തന്നെ ഈ നോവൽ ചരിത്ര – രാഷ്ട്രീയ വായനകൾ ആവശ്യപ്പെടുന്ന ഒന്നാണ്. നെൽക്കറ്റ മെതിച്ച ശേഷം ജന്മിക്കായി പതിമൂന്നും പതിന്നാലും പൊലിയളന്നാൽ വർഷം മുഴുവൻ പറമ്പിൽ പണിയെടുത്തയാൾക്ക് വെറും ഒരു പതമ്പളക്കുന്ന സാഹചര്യത്തിൽനിന്ന് സംഘം ചേർന്നു പണിയെടുത്ത് ഓരോ സംഘാംഗങ്ങൾക്കും പൊലിയളക്കുന്ന നിലയിലേക്കുള്ള മാറ്റം, ജന്മിയുടെ കുടിയാന്മാർ മാത്രമായിരുന്നവർ പതമ്പിനായല്ലാതെ പൊലിവളക്കാൻ വരി നിൽക്കുന്നത് വിപ്ലവാത്മകതയാണ്. ചരിത്രത്തിൻ്റെ ബലത്തോടെ നടത്തേണ്ട പ്രത്യയശാസ്ത്രവായനയിൽ മാത്രം തെളിയുന്ന സൂചനകൾ കണ്ടെടുക്കുമ്പോഴാണ് ഈ നോവലിൻ്റെ ഗൗരവം വ്യക്തമാവുന്നത്.
പതമ്പ്
രചന : ശ്രീനാഥ് ശങ്കരന്കുട്ടി
പ്രസാധനം : മാതൃഭൂമി ബുക്സ്
വില : 400 രൂപ







No Comments yet!